Skip to main content

രണ്ടര നൂറ്റാണ്ട്‌; ചാപിള്ളയായ യുഎസ്‌ സ്വാതന്ത്ര്യ പ്രഖ്യാപനം

അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചതിന്റെ 250-‐ാം വാർഷികം 2026 ജൂലൈ നാല്‌ മുതൽ ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിച്ചുവരികയാണ്. സമത്വം, സ്വാതന്ത്ര്യം, ജീവൻ, സന്തോഷത്തിനായുള്ള അന്വേഷണം എന്നിവയെക്കുറിച്ചായിരുന്നു പ്രഖ്യാപനം. ഭൂമിയിലെ നന്മയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും വലിയ ശക്തി തങ്ങളാണെന്ന മട്ടിൽ ഭരണവർഗം ഇപ്പോഴും ആ വാക്കുകൾ ആവർത്തിക്കുന്നു. പക്ഷേ ലോകത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സംബന്ധിച്ച്‌ അവകാശവാദങ്ങൾ പൊള്ളയായ വാചാടോപങ്ങൾ മാത്രം. 1776 ജൂലൈ 19-ന് കോൺഗ്രസ് അവതരിപ്പിക്കാൻ നിർദ്ദേശിച്ച രേഖയിലെ 13 ഐക്യനാടുകളുടെ ഏകകണ്ഠമായ പ്രഖ്യാപനം അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക രേഖയായി. ജൂലൈ നാലിന് ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സ്റ്റേറ്റ് ഹൗസിൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ചു. പിന്നീടത്‌ ഇൻഡിപെൻഡൻസ് ഹാൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പങ്കെടുത്ത പ്രതിനിധികൾ രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർ എന്നാണറിയപ്പെട്ടത്‌. 13 കോളനികൾ ബ്രിട്ടീഷ് ഭരണത്തിന് വിധേയമല്ലാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായി സ്വയം കണക്കാക്കിയതിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രചാരത്തിലുള്ളതും പുനഃപ്രസിദ്ധീകരിക്കപ്പെട്ടതും സ്വാധീനമുള്ളതുമായ രേഖകളിൽ ഒന്നായി മാറിയതിന്റെയും കാരണം പ്രഖ്യാപനം വിശദീകരിക്കുന്നു. 1776 ജൂൺ 11-ന് രേഖ തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും ജോൺ ആഡംസ്‌, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, റോബർട്ട് ആർ. ലിവിങ്‌സ്‌റ്റൺ, റോജർ ഷെർമാൻ എന്നിങ്ങനെ അഞ്ചുപേരെ കോൺഗ്രസ് നിയമിച്ചു. യഥാർഥ കരട് തയ്യാറാക്കാൻ ജെഫേഴ്സണെ ചുമതലപ്പെടുത്താൻ ആഡംസാണ്‌ കമ്മിറ്റിയെ പ്രേരിപ്പിച്ചത്‌, തുടർന്ന് കോൺഗ്രസ് ചില തിരുത്തലുകൾ വരുത്തി. ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ മേലങ്കി ധരിച്ച് കിരീടമണിഞ്ഞ സ്ത്രീയുടെ ഭീമാകാരമായ നിയോക്ലാസിക്കൽ ശില്പമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. ( ഫ്രാൻസിലെ ജനങ്ങളിൽനിന്ന് അമേരിക്കയ്ക്ക് ഉപഹാരമായി ലഭിച്ച ചെമ്പ് പൊതിഞ്ഞ പ്രതിമയുടെ രൂപകൽപ്പന ഫ്രഞ്ച് ശില്പി ഫ്രെഡറിക് അഗസ്റ്റെ ബർത്തോൾഡിയുടേത്‌. അതിന്റെ ലോഹ ചട്ടക്കൂട്‌ നിർമിച്ചതാവട്ടെ ഗുസ്താവ് ഈഫൽ. 1886 ഒക്ടോബർ 28 ന് അത്‌ രാജ്യത്തിന്‌ സമർപ്പിച്ചു.

സ്‌റ്റാച്യു ഓഫ്‌ ലിബർടി

തദ്ദേശീയരെ കുടിയൊഴിപ്പിച്ചതിന്റെയും ഉന്മൂലനം ചെയ്തതിന്റെയും അടിത്തറ

അമേരിക്കൻ ഐക്യനാടുകളുടെ യഥാർഥ ചരിത്രം കേവലം സ്വാതന്ത്ര്യത്തിന്റേതല്ല. അത് അടിമത്തം, വംശഹത്യ, കൊള്ളയടിക്കൽ, സൈനികാക്രമണം, അട്ടിമറികൾ, ഉപരോധങ്ങൾ, അധിനിവേശങ്ങൾ, സാമ്രാജ്യത്വാധിപത്യം തുടങ്ങിയവയുടേതുകൂടിയാണ്‌. തുടക്കം മുതൽ തദ്ദേശീയരെ കുടിയൊഴിപ്പിച്ചതിന്റെയും ഉന്മൂലനം ചെയ്തതിന്റെയും അടിത്തറയിലാണത്‌ പടുത്തുയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ ഭാഷയുടെ നിറം ഭൂമിപിടിച്ചെടുത്ത സമൂഹങ്ങൾ നശിപ്പിച്ച തദ്ദേശീയ ജനതയുടെ രക്തത്തിന്റേതായിരുന്നു. വിമോചകൻ എന്ന നിലയിലുള്ള എബ്രഹാം ലിങ്കന്റെ പ്രശസ്തമായ പ്രതിച്ഛായയ്ക്ക്പോലും അതിക്രൂങ്ങളായ ആ അക്രമങ്ങൾ മായ്ച്ചുകളയാനാവില്ല. ആഫ്രിക്കൻ അടിമത്തത്തിന്റെ വാണിജ്യവൽക്കരണ വ്യാപനത്തിലും അമേരിക്ക പ്രധാന ശക്തിയായി മാറി. കോടിക്കണക്കിന് കറുത്തവർഗക്കാരെ വാങ്ങുകയും വിൽക്കുകയും പീഡിപ്പിക്കുകയും സമ്പത്ത് കെട്ടിപ്പടുക്കാൻ നിർബന്ധിതരാക്കുകയുമുണ്ടായി. പതുക്കെ അതേ സാമ്രാജ്യത്വ യുക്തി വെളിയിലേക്കും പടർത്തി. ഫിലിപ്പൈൻസ് മുതൽ പ്യൂർട്ടോ റിക്കോ വരെ, ലാറ്റിനമേരിക്ക മുതൽ പസഫിക് വരെ. അധിനിവേശം, സാമ്പത്തിക നിയന്ത്രണം, സൈനിക ഇടപെടൽ, രാഷ്ട്രീയ കൃത്രിമങ്ങൾ എന്നിവയിലൂടെ അധികാരം പ്രയോഗിച്ചു. ലാറ്റിനമേരിക്കയെ പിൻമുറ്റമാക്കി. സർക്കാരുകളെ അസ്ഥിരപ്പെടുത്തി. ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തി. സമ്പദ്‌വ്യവസ്ഥകളെ ശ്വാസംമുട്ടിച്ചു. 20‐ാം നൂറ്റാണ്ടിൽ മുതലാളിത്തം സാമ്രാജ്യത്വമായി രൂപാന്തരപ്പെട്ടപ്പോൾ അതിന്റെ നായക സ്ഥാനത്തേക്ക്‌ ഉയർന്നുവന്നു. സ്വന്തം ഹീനതാൽപ്പര്യങ്ങൾക്ക് ഭീഷണിയായ ഇടങ്ങളിലെല്ലാം ജനാധിപത്യം തകർത്ത്‌ സ്വയം സംരക്ഷകരായി അവതരിച്ചു. രണ്ടാം ലോക യുദ്ധത്തിന്റെ അവസാന ദിനങ്ങളിൽ ജപ്പാനിൽ രണ്ട് അണുബോംബുകൾ വർഷിച്ചു. 1945 ആഗസ്‌ത്‌ ആറിന്‌ ലിറ്റിൽ ബോയ് എന്ന യുറേനിയം ബോംബ് ഹിരോഷിമയിലും ആഗസ്‌ത്‌ ഒമ്പതിന് നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന പ്ലൂട്ടോണിയം ഇംപ്ലോഷൻ ബോംബും സ്ഫോടനം നടത്തി. ഇരു ആക്രമണവും മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനക കുറ്റകൃത്യമായി അടയാളപ്പെടുത്തപ്പെട്ടു. രണ്ടാം ലോക യുദ്ധാനന്തരം നവകോളനിയൽ ആധിപത്യത്തിന്റെ പരമോന്നത സംഘാടകരായി യുഎസ്‌ മാറി. വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങി നിരവധി രാജ്യങ്ങളെ കടന്നാക്രമിച്ചു. സൈനിക അധിനിവേശങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ഉപരോധങ്ങൾ, ഭരണമാറ്റങ്ങൾ, പ്രോക്സി യുദ്ധങ്ങൾ, രഹസ്യ നീക്കങ്ങൾ എന്നിവ കോടിക്കണക്കിന് മനുഷ്യരെ വധിക്കുന്നു. സ്വന്തം അധികാര സംരക്ഷണത്തിന്‌ യുഎൻ സംവിധാനത്തെയും ആഗോള സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്ഥാപനങ്ങളെയും ഉപയോഗിക്കുമ്പോഴും അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിച്ചു. ഇന്ന് ആ നടപടികൾ പശ്ചിമേഷ്യയിലും അശാന്തി വിതയ്‌ക്കുന്നു. മേഖലയിലെ സൈനിക താവളമായി ഇസ്രയേലിനെ നിലനിർത്തുകയുമാണ്‌. പലസ്തീനികൾ അധിനിവേശവും വർണവിവേചനവും പലായനവും പട്ടിണിയും വംശഹത്യയും നേരിടുമ്പോഴും സയണിസ്റ്റ് ഭരണകൂടത്തെ ആയുധമണിയിക്കുകയും ധനസഹായം നൽകുകയും സംരക്ഷിക്കുകയും രാഷ്ട്രീയമായി കവചമൊരുക്കുകയും ചെയ്യുന്നു. യുഎസ്-‐ഇസ്രയേൽ അച്ചുതണ്ട് അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളിൽനിന്ന് ഏറെക്കുറെ മുക്തമായി തുടരുന്നുമുണ്ട്‌.

അടിച്ചമർത്തപ്പെട്ടവർ ഉടൻ കൃത്യമായ ചോദ്യമുയർത്തണം

സാമ്രാജ്യത്വ നിർദ്ദേശങ്ങൾക്ക് കീഴടങ്ങാൻ വിസമ്മതിക്കുന്ന ഇറാനും മറ്റ് രാജ്യങ്ങൾക്കുമെതിരായ ഭീഷണികളിലും ആക്രമണങ്ങളിലും സമാന കടന്നുകയറ്റം കാണാം. അതിനാൽ അമേരിക്കൻ ഭരണവർഗം സ്വാതന്ത്ര്യത്തിന്റെ രണ്ടര നൂറ്റാണ്ട്‌ ആഘോഷിക്കുകയും സമത്വം, സമാധാനം, ജനാധിപത്യം എന്നിവയെക്കുറിച്ച് വീണ്ടും പുലമ്പുകയും ചെയ്യുമ്പോൾ അടിച്ചമർത്തപ്പെട്ടവർ ഉടൻ കൃത്യമായ ചോദ്യമുയർത്തേണ്ടതുണ്ട്‌. ആർക്കാണ് സ്വാതന്ത്ര്യം,സമത്വം, സമാധാനം,ജനാധിപത്യം? ലോകജനതയെ സംബന്ധിച്ച്‌ സാമ്രാജ്യത്വമെന്നാൽ സ്വാതന്ത്ര്യമായിരുന്നില്ല. അതർത്ഥമാക്കിയത് യുദ്ധങ്ങളും അധിനിവേശങ്ങളും ഉപരോധങ്ങളും അട്ടിമറികളും വംശഹത്യയും രാഷ്ട്രങ്ങളുടെ നാശവും വിഭവ കൊള്ളയും. നവ-ഫാസിസ്റ്റ് പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ ജനപ്രിയമാക്കിയ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവും റാലി മുദ്രാവാക്യവുമാണ് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ‐ MAGA). 2016 ലെ പ്രചാരണത്തിൽ നിന്ന് ഉത്ഭവിച്ച അതിൽ “അമേരിക്ക ഫസ്റ്റ്”’ എന്ന പ്രത്യയശാസ്ത്രവും ഉൾക്കൊള്ളുന്നു. സാമ്പത്തിക സംരക്ഷണവാദം, കർശന കുടിയേറ്റ നയങ്ങൾ, രാഷ്ട്രീയ സ്ഥാപനങ്ങളോടും മുഖ്യധാരാ മാധ്യമങ്ങളോമുള്ള ഏറ്റുമുട്ടൽ സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു മാഗ. അമേരിക്ക ഫസ്റ്റ് സിദ്ധാന്തത്തിന്‌ കീഴിൽ കൂടുതൽ ആക്രമണോത്സുകവും അഹങ്കാരിയും അപകടകാരിയുമായി മാറി. അതേസമയം അതിന്റെ ഏകധ്രുവ ആധിപത്യം ദുർബലമാകുന്നതിനും ലോകം സാക്ഷ്യം വഹിക്കുകയാണ്. പഴയ പാശ്ചാത്യ സാമ്രാജ്യത്വ ചേരിക്ക് കെട്ടുറപ്പ് നഷ്ടപ്പെടുന്നു. ബഹുധ്രുവ ലോകമാണ്‌ ഉയർന്നുവരുന്നത്‌. തനതായ സവിശേഷതകളുള്ള ചൈന സാമ്പത്തിക രംഗത്ത് യുഎസിനെ വെല്ലുവിളിക്കുകയും മറ്റ് മേഖലകളിലേക്ക്‌ സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സാമ്രാജ്യത്വത്തിനുള്ളിലെ വൈരുധ്യങ്ങൾ ആഴത്തിലുള്ളതായി. ട്രംപിസം കേവലം ശക്തിയുടെ ലക്ഷണം മാത്രമല്ല. അത് ജീർണതയുടേതുകൂടിയാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചോദ്യങ്ങളിലൊന്ന് അടിമ വിമോചനപ്പോരാളിയും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ഫ്രഡറിക് ഡഗ്ളസ്സ് ഉന്നയിക്കുകയുണ്ടായി: അമേരിക്കൻ അടിമയ്ക്ക് നിങ്ങളുടെ ജൂലൈ നാല് എന്താണ്? 1852- ജൂലൈ അഞ്ചിന്‌ അദ്ദേഹം ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ നടത്തിയ പ്രസംഗം കോടിക്കണക്കിന് കറുത്തവർഗക്കാർ ഇപ്പോഴും അടിമകളായിരിന്ന രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ വെല്ലുവിളിച്ചു. ആ ആശയം നിരാകരിക്കാതിരുന്ന ഡഗ്ലസ് അമേരിക്കയുടെ സ്ഥാപക വാഗ്ദാനങ്ങൾക്കും യാഥാർഥ്യത്തിനും ഇടയിലെ വിടവ് പരിശോധിക്കാൻ തയ്യാറായി. അഭിമാനം, ആഘോഷം, ദേശീയ സ്വത്വം എന്നിവയായിരുന്നു പലർക്കും സ്വാതന്ത്ര്യദിനം. അടിമകൾക്ക് അത് വേദന, ഒഴിവാക്കൽ, പൂർണമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയാണെന്നും തുറന്നുകാട്ടി. വെടിക്കെട്ടിനും കൊടികൾക്കും അപ്പുറത്തേക്ക് നോക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതിനാൽ ആ പ്രസംഗം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നു. സത്യം പറയുക, കഠിനമായ ചരിത്രത്തെ അഭിമുഖീകരിക്കുക, എല്ലാ ജൂലൈയിലും ആഘോഷിക്കുന്ന മൂല്യങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ചോദിക്കുക എന്നിവയും ദേശസ്‌നേഹത്തിന്റെ അർഥമാണെന്ന് ഓർമിപ്പിക്കുന്നുണ്ട്‌. അമേരിക്കൻ കാപട്യം തുറന്നുകാട്ടി സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാഷ്ട്രം ഒരേസമയം കോടിക്കണക്കിന് കറുത്തവർഗക്കാരെ ക്രൂരമായി അടിമകളാക്കാൻ അനുവദിച്ചതെങ്ങനെയെന്ന് ആരായുകയും ചെയ്‌തു.സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ഉദാത്ത തത്വങ്ങൾ ഡഗ്ലസ് അംഗീകരിച്ചു, പക്ഷേ ആദർശങ്ങൾ എല്ലാവർക്കും ബാധകമാക്കുന്നതിൽ പരാജയപ്പെട്ടതിന് സർക്കാരിനെ കുറ്റപ്പെടുത്തി. അടിമകൾക്ക് അവധിക്കാലത്തിന്റെ ആഡംബരവും പ്രഖ്യാപിത സ്വാതന്ത്ര്യവും അനീതിയുടെയും ക്രൂരതയുടെയും ദിനമാണെന്നും തുറന്നടിച്ചു.

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ

യുഎസിനെ സ്നേഹിക്കാനാവില്ല മുതലാളിത്തത്തെ വെറുക്കാതെ

മുതലാളിത്തത്തെ വെറുക്കാതെ ആർക്കും അമേരിക്കയെ സ്നേഹിക്കാനാവില്ല. സോഷ്യലിസ്റ്റുകാർ അമേരിക്കയെ വെറുക്കുന്നുവെന്ന് പതിവായി ആരോപിക്കപ്പെടുന്നു. എന്നാൽ ദാരിദ്ര്യത്തിലും നിരാശയിലും നിലനിർത്തുന്ന രാഷ്ട്രീയ വ്യവസ്ഥകളെ എതിർക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അമേരിക്കയെയും അവിടുത്തെ ജനങ്ങളെയും യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയില്ല. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (ഡിഎസ്‌എ) വിദ്വേഷ ഗ്രൂപ്പാണ്, അവർ വെറുക്കുന്നത് അമേരിക്കയെയാണെന്ന് നാഷണൽ റിവ്യൂ ആരോപിക്കുന്നു. 2026 ജനുവരി ഒന്ന്‌ മുതൽ ന്യൂയോർക്ക് സിറ്റി മേയറായി സേവനമനുഷ്ഠിച്ചുവരുന്ന, നഗരത്തിലെ ആദ്യ മുസ്ലിം ഭരണാധികാരിയെന്ന ചരിത്രനേട്ടത്തിലെത്തിയ സൊഹ്‌റാൻ മംദാനി അമേരിക്കയെ വെറുക്കുന്നുവെന്നാണ്‌ സെനറ്റർ ടെഡ് ക്രൂസിന്റെ കടന്നാക്രമണം. ഇടതുപക്ഷക്കാർ പൊതുവിൽ അങ്ങനെയാണെന്ന ആരോപണം ഉന്നയിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്? ഗവൺമെന്റ് നയങ്ങൾ തുറന്നുകാട്ടുന്നതിനാലാണ്‌ ഈ ചാപ്പയടി. വിവേചനരഹിതമായ അക്രമത്തിന് യുഎസ് ഉത്തരവാദിയാണോയെന്നത് വസ്തുതാപരമായ ചോദ്യമാണ്, അതാകട്ടെ അനിഷേധ്യ സത്യവും. അക്രമത്തിൽ ആർക്കെങ്കിലും ദേഷ്യവും വെറുപ്പും തോന്നിയാൽ അതെങ്ങനെയാണ് അമേരിക്കയെ മൊത്തത്തിൽ ബാധിക്കുന്ന വിധിയാവുക? വാഷിങ്‌ടൺ ഡിസിയിൽനിന്ന്‌ നയപരമായ തീരുമാനങ്ങൾ എടുക്കുന്ന രാഷ്ട്രീയ വരേണ്യവർഗത്തിന്റെ പര്യായമാണ്‌ യുഎസ്‌. മറ്റൊരു വിധത്തിൽനോക്കിയാൽ അമേരിക്കയെ സ്നേഹിക്കുന്നതിന് ആ രാജ്യത്തെയും ജനങ്ങളെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്നതുമായി ഒരു ബന്ധവുമില്ല. കൂറുകാണിക്കാൻ പശ്ചിമേഷ്യയിലെ തികച്ചും വ്യത്യസ്തമായ രാജ്യത്തെ പിന്തുണയ്ക്കണം, അത് ഹീനമായ യുദ്ധക്കുറ്റകൃത്യങ്ങളും വർണവിവേചനവും നടത്തുമ്പോൾ പോലും. ന്യൂയോർക്ക്‌ പ്രൈമറി ജയിച്ച ഡിഎസ്എ സ്ഥാനാർഥി ഡാരിയലിസ അവില ഷെവലിയർ ജയിലുകൾ നിർത്തലാക്കുന്നതിനെ അംഗീകരിച്ചതും ഭൂവുടമകളിൽനിന്ന് സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനെ പിന്തുണച്ചതും സ്വത്തവകാശങ്ങളോടുള്ള അവഹേളനം കാരണം അമേരിക്കയെ വെറുക്കുന്നുവെന്ന ശകാരമുയർത്തി. ഭൂവുടമകളെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അമേരിക്കയെ വെറുക്കണം. ഗാസയിലെ വംശഹത്യയെ എതിർക്കുന്നെങ്കിൽ ഇസ്രയേൽ യുഎസിന്റെ സഖ്യകക്ഷിയാണെന്ന്‌ ഉറപ്പിച്ചു പറയേണ്ടതുമുണ്ട്‌. അങ്ങനെയായാൽ അമേരിക്കയെ വ്യക്തമായി വെറുക്കുന്നതിൽ എന്താണ്‌ അപാകത. അതിനാൽ ദേശസ്‌നേഹത്തെക്കുറിച്ചുള്ള പഴയ ആശയങ്ങളിലേക്ക് പിൻവാങ്ങുകയാണ് ഭരണവർഗം. വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡെമോക്രാറ്റുകൾ വ്യവസ്ഥയിൽ അതിയായി അഭിമാനിക്കണമെന്നാണ്‌ ഊന്നൽ. മധ്യവർഗത്തെ പുനർനിർമിക്കേണ്ടത്‌ പ്രധാനം, പക്ഷേ മുതലാളിത്തം ഉപേക്ഷിച്ച്‌ അത് ചെയ്യാനാവില്ല. ആ സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ കഠിനാധ്വാനത്തിന് പ്രതിഫലം നൽകാനും ഓരോ പൗരനും അവസരം വികസിപ്പിക്കാനും കഴിയൂ. നമ്മുടെ രാജ്യം വിദേശത്ത് തെറ്റുകൾ വരുത്തിയിട്ടുണ്ട്.ദശലക്ഷക്കണക്കിന് വിയറ്റ്നാമീസ്, ഇറാഖി, പലസ്തീൻകാർ അതിന്‌ തെളിവാണ്‌. എന്നാൽ ദേശസ്നേഹം അമേരിക്ക നന്മയ്ക്കുള്ള ശക്തിയാണെന്ന് അംഗീകരിക്കുകയാണ്‌. തദ്ദേശീയരുടെ വംശഹത്യ മുതൽ ചാറ്റൽ അടിമത്തം, ജിം ക്രോ, ഹിരോഷിമ, മൈ ലായ്, കുണ്ടുസ്, ഗാസ എന്നിവ വരെ നടന്ന കുറ്റകൃത്യങ്ങളുടെ പട്ടികയ്ക്ക് ഏറെ പ്രാധാന്യം നൽകരുത്‌. അവ അംഗീകരിക്കാൻ കഴിയും, നിങ്ങൾ അമേരിക്കയെക്കുറിച്ച് അഭിമാനിക്കണം, ഒരിക്കലും ലജ്ജിക്കരുത്‌. അമേരിക്ക എന്നാൽ മുതലാളിത്തം എന്നാണ്‌. സ്വകാര്യ ബിസിനസ്സ്, ഉടമസ്ഥാവകാശം, ലാഭം തേടൽ എന്നിവയുടെ സംവിധാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ അമേരിക്കൻ വിരുദ്ധനായിരിക്കണമെന്നും കൂട്ടിച്ചേർക്കുകയുമുണ്ടായി. ദേശീയ മനോഭാവം സൗമ്യമായ അനുസരണത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ഏറ്റവും വൃത്തികെട്ട പാപങ്ങളെ അവഗണിക്കുകയോ കുറച്ചുകാണുകയോ ചെയ്യുക, നിലവിലെ സാമ്പത്തിക സ്ഥിതിയെ പ്രതിരോധിക്കുക, ജൂലൈ നാലിന് 250-‐ാം ജന്മദിനത്തിൽ അമേരിക്കയെ സ്നേഹിക്കുകയെന്നതിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ മറ്റൊരു മികച്ച മാർഗമാണ്‌ പരിഗണിക്കേണ്ടത്‌.

കാൾ മാർക്‌സ്‌

അവർ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നത്‌ എന്താണ്

അമേരിക്കയെ സ്നേഹിക്കുന്നുവെന്ന പൊങ്ങച്ച പ്രസ്താവനകൾ കേൾക്കുമ്പോൾ എപ്പോഴും ചോദിക്കണം: അവർ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക എന്താണ്, ജനങ്ങളോ, സർക്കാരോ, ഭരണഘടനയോ, മുതലാളിത്തമോ? ചില ർ കരുതുന്നത് അത് മുതലാളിത്തമാണെന്നാണ്‌, ലോകമെമ്പാടുമുള്ള സൈനിക ശക്തിയുടെ പ്രൊജക്ഷനോ, അല്ലെങ്കിൽ രണ്ടും ഒരേസമയം ആണെന്നോ എന്ന മട്ടിലാണ്. പക്ഷേ അമേരിക്കൻ ജനതയ്‌ക്കു മാത്രമേ യോഗ്യതയുള്ളൂ. രാജ്യവും അതിലുള്ളതെല്ലാം പടുത്തുയർത്തിയത് സാധാരണ അമേരിക്കക്കാരാണ്, കിഴക്കൻ തീരത്തെ ന്യൂയോർക്ക് പട്ടണത്തിലെ അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ പടിഞ്ഞാറുള്ള ഗോൾഡൻ ഗേറ്റ് പാലം വരെ. രാജ്യം പ്രവർത്തിപ്പിക്കാൻ പലപ്പോഴും ക്രൂരമായ സാഹചര്യങ്ങളിൽ ദിവസവും ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾ. കഴിഞ്ഞ 250 വർഷത്തിനിടെ മിടുക്കരുടെ നീണ്ട പട്ടിക അവിശ്വസനീയമായ സാംസ്കാരിക നിധികൾ സൃഷ്ടിച്ചിട്ടുണ്ട്; വാൾട്ട് വിറ്റ്മാൻ മുതൽ ജെയ് -സെഡ് വരെയുള്ള കവികൾ, മെൽവില്ലെ മുതൽ മോറിസൺ വരെയുള്ള നോവലിസ്‌റ്റുകൾ, ന്യൂ ഓർലിയാൻസിന്റെ മാർഡി ഗ്രാസ്, എൽഎ ചിക്കാനോ സംസ്കാരം, ഹോളിവുഡ് ക്ലാസിക്കുകൾ, വുഡി ഗുത്രിയുടെ ബല്ലാഡുകൾ. 1930കളിലെ മഹാമാന്ദ്യം മുതൽ 9/11 തൊട്ട്‌ കോവിഡ്‌ വരെയും ദുരന്തങ്ങൾ നേരിടുകയും അവയെ മറികടക്കാൻ പരസ്പരം സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അമേരിക്കയെന്ന് അർത്ഥമാക്കുന്നത് ദി പീപ്പിൾ എന്നാണെങ്കിൽ അത് ശരിയാണ്: തീർച്ചയായും സ്നേഹത്തിനും പ്രശംസയ്ക്കും അർഹരാണവർ. അതിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. ഒന്നാമതായി അമേരിക്കയെ സ്നേഹിക്കുകയെന്നാൽ ജനാധിപത്യത്തിൽ അടിസ്ഥാനപരമായ വിശ്വാസം ഉണ്ടായിരിക്കുകയെന്നാണ്, കാരണം ആ ജനതയ്ക്ക് സ്വന്തം കാര്യങ്ങൾ തീരുമാനിക്കാൻ അവസരം ലഭിച്ചാൽ അടിസ്ഥാനപരമായി മാന്യമായ വിധികൾ എറ്റെടുക്കുമെന്ന് വിശ്വസികയാവാം. ജനാധിപത്യത്തെ വളച്ചൊടിക്കുകയും രാജ്യനിയന്ത്രണം ചുരുക്കം ചില കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് അധികാരത്തെയും സമ്പത്ത് അസമത്വത്തെയും എതിർക്കുക എന്നാണ് പ്രധാനം. അമേരിക്കക്കാരെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥ നിങ്ങൾ ആഗ്രഹിക്കണമെന്നും അതിനർത്ഥം.

ഡൊണാൾഡ്‌ ട്രംപ്‌

ട്രംപും സൊഹ്‌റാൻ മംദാനിയും നടത്തിയ ദ്വന്ദ്വ പ്രസംഗങ്ങൾ

250-‐ാം വാർഷികത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക്‌ മേയർ സൊഹ്‌റാൻ മംദാനിയും നടത്തിയ ദ്വന്ദ്വ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. യുഎസ്‌ വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളാണ് അവർ. മംദാനിയുടെ പ്രസംഗം സ്വഭാവപരമായി ഊഷ്മളവും പ്രതീക്ഷ നൽകുന്നതുമായിരുന്നു, നൂറ്റാണ്ടുകളായി കുടിയേറ്റക്കാർക്ക് ഉഗാണ്ടയിൽനിന്ന് അവിടെയെത്തിയ സ്വന്തം കുടുംബത്തിന് ഉൾപ്പെടെ അമേരിക്ക ഒരു സങ്കേതമാണെന്ന് ഊന്നിപ്പറഞ്ഞു. അമേരിക്ക എന്താണ് അർഥമാക്കുന്നതെന്ന് നിർണയിക്കാൻ ഓരോരുത്തർക്കും പ്രത്യേക അധികാരമുണ്ടെന്നും അടിവരയിട്ടു. പലസ്തീനിൽ കുഞ്ഞുങ്ങൾ പട്ടിണി കിടക്കുമ്പോൾ ഒരു ട്രില്യണയർ പോലും ഉണ്ടാകരുതെന്നും പ്രഖ്യാപിച്ച്‌ ഗാസയിലെ അസമത്വത്തെയും മാനുഷിക പ്രതിസന്ധിയെയും കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തി. ദശലക്ഷക്കണക്കിന് ആളുകൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന സമൂഹത്തിൽ ശതകോടീശ്വരന്മാർ നിലനിൽക്കണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുകയും ചെയ്‌തു. നേർവിപരീതമായി മൗണ്ട് റഷ്മോറിൽ ട്രംപ് നടത്തിയ പ്രസംഗം കയ്പേറിയതും രോഷം നിറഞ്ഞതുമായി. കമ്യൂണിസ്റ്റ് ഭീഷണിയെ വിമർശിക്കുകയും നിങ്ങൾക്ക് കാൾ മാർക്സിനോട് വിശ്വസ്തത പുലർത്താം, അല്ലെങ്കിൽ അമേരിക്കയോട് കൂറുകാട്ടാം. രണ്ടിനും കഴിയില്ലെന്ന്‌ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ അമേരിക്കൻ യാഥാസ്ഥിതികരുടെ തലമുറകൾ മാർക്‌സിനെ പിശാചിന്റെ അവതാരമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അമേരിക്കയെ സ്നേഹിച്ചിരുന്നുവെന്നത്‌ വാസ്‌തവം.

സൊഹ്‌റാൻ മംദാനി

ലഘുലേഖകളിലൊന്നിൽ വ്യവസായ‐വ്യാപാര മേഖലകൾ കുതിപ്പിലേക്ക്‌ നയിച്ചതിന്റെ പേരിൽ ഏറ്റവും പുരോഗമനപരമായ രാജ്യമെന്ന്‌ വിശേഷിപ്പിച്ചു. സുരക്ഷിത അഭയസ്ഥാനമായി കണക്കാക്കി 1845-ൽ ടെക്സസിലേക്ക് മാറാനും മാർക്‌സ്‌ ആലോചിക്കുകയുണ്ടായി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തെയും താൽപ്പര്യത്തോടെ പിന്തുടർന്നു, ചരിത്രത്തിലെ മഹാനായ വിപ്ലവകാരികളിൽ ഒരാളായി പ്രശംസിച്ച്‌ എബ്രഹാം ലിങ്കണ്‌ കത്തയയ്‌ക്കുകയും ചെയ്‌തു. 1864 നവംബർ അവസാനത്തിൽ ഇന്റർനാഷണൽ വർക്കിങ്‌ മെൻസ്‌ അസോസിയേഷന്റെ (ഒന്നാം ഇന്റർനാഷണൽ) പേരിലെഴുതിയ അത്‌ അദ്ദേഹത്തിന്‌ ഔപചാരികമായി കൈമാറുകയും ജർമൻ സോഷ്യലിസ്റ്റ് പ്രസിദ്ധീകരണം ഡെർ സോസിയാൽ ഡെമോക്രാറ്റിൽ ആദ്യം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. 1865 ജനുവരി ഏഴിന് ബ്രിട്ടീഷ് ട്രേഡ് യൂണിയൻ ജേണൽ ദി ബീ-ഹൈവിൽ ഇംഗ്ലീഷ്‌ പരിഭാഷയും വന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരം മധ്യവർഗത്തിന് പുതുയുഗത്തിന് തുടക്കം കുറിച്ചപോലെ അടിമത്തവിരുദ്ധയുദ്ധം തൊഴിലാളിവർഗത്തിന് സമാന അവസ്ഥയുണ്ടാക്കുമെന്ന് യൂറോപ്യൻ തൊഴിലാളികൾക്ക് ഉറപ്പുണ്ട്. ബന്ധനത്തിലായ വംശത്തിന്റെ രക്ഷയ്ക്കും സാമൂഹിക ലോകത്തിന്റെ പുനർനിർമാണത്തിനുമുള്ള സമാനതകളില്ലാത്ത പോരാട്ടത്തിലൂടെ രാജ്യത്തെ നയിക്കാൻ തൊഴിലാളിവർഗത്തിന്റെ ഏകമനസ്കനായ പുത്രൻ എബ്രഹാം ലിങ്കൺ ചുമതലയേറ്റത് വരാനിരിക്കുന്ന സുവർണ കാലത്തിന്റെ യഥാർഥ സംഭവമായി കരുതുന്നുവെന്നത്‌ അമേരിക്കയെ വെറുത്തിരുന്ന ഒരാളുടെ വാക്കുകളല്ല. അക്കാര്യത്തിൽ ലിങ്കൺ ചിലപ്പോൾ മാർക്സിന്റേതിന് സമാനമായ വാക്കുകൾ എഴുതിയിട്ടുണ്ട്. മൂല്യത്തെക്കുറിച്ചുള്ള തൊഴിൽ സിദ്ധാന്തത്തോട് വളരെ അടുത്തുനിൽക്കുന്ന കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചു, 1861-ൽ കോൺഗ്രസിനുള്ള വാർഷിക സന്ദേശത്തിൽ പ്രസ്താവിച്ചത്‌ ഇങ്ങനെ: അധ്വാനം മൂലധനത്തിന് മുമ്പുള്ളതും അതിൽനിന്ന് സ്വതന്ത്രവുമാണ്. മൂലധനം അധ്വാനത്തിന്റെ ഫലം മാത്രം.അധ്വാനം ആദ്യം നിലനിന്നിരുന്നില്ലെങ്കിൽ ഒരിക്കലും നിലനിൽക്കില്ല. അധ്വാനം മൂലധനത്തെക്കാൾ ശ്രേഷ്ഠവും. അത്‌ ഏറെ ഉയർന്ന പരിഗണന അർഹിക്കുന്നു. ചാറ്റൽ അടിമത്തത്തോടുള്ള പൊതുവായ വെറുപ്പ്‌ അടിമത്തത്തെ വെറും ധാർമിക അതിക്രമമായിട്ടല്ല, മറിച്ച് അധ്വാനത്തിന്റെ അന്തസ്സിനു നേരെയുള്ള നേരിട്ടുള്ള കടന്നുകയറ്റമായിട്ടാണ് ഇരുവരും വീക്ഷിച്ചത്. ലിങ്കണെ സംബന്ധിച്ച്‌ യൂണിയന്റെ സംരക്ഷണവും അടിമത്ത നിർമാർജനവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആഭ്യന്തരയുദ്ധത്തെ പുരോഗമനപരവും വിപ്ലവകരവുമായ പോരാട്ടമായിട്ടാണ് മാർക്സ് കണ്ടത്‌, അടിമകളുടെ മോചനമാണ് എല്ലാ അധ്വാനിക്കുന്ന ജനങ്ങളുടെയും ഉന്നമനത്തിന് മുൻവ്യവസ്ഥയെന്നും പ്രസ്താവിച്ചു. അടിമത്തം നിർത്തലാക്കാനുള്ള ലിങ്കന്റെ പ്രതിബദ്ധതയെയും വിശാല തൊഴിലാളിവർഗത്തെയും മാർക്സ് പ്രശംസിക്കുകയുമുണ്ടായി. തൊഴിലാളികളുടെ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിച്ച്‌ ലിങ്കൺ അംബാസഡർ ചാൾസ് ഫ്രാൻസിസ് ആഡംസ് വഴി കത്തിന് ഔദ്യോഗികമായി മറുപടി നൽകി.

ഹോചിമിൻ

അത് ടോം സുവോസിയെപ്പോലുള്ള ലിബറലുകളെ പ്രകോപിപ്പിക്കുകയും അദ്ദേഹത്തെ അമേരിക്കൻ വിരുദ്ധനെന്ന് വിളിക്കുകയും ചെയ്‌തു. അപ്പോൾ ചരിത്രം തെളിയിക്കുന്നത് ട്രംപിനെയും സുവോസിയെയും പോലുള്ളവർ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രതിപക്ഷം വ്യാജമാണെന്നാണ്. ഹോചിമിനും അമേരിക്കയെ സ്നേഹിച്ചിരുന്നു, വനാന്തരങ്ങളിൽ ഗറില്ലാ യുദ്ധം നയിക്കുന്നതിന് വളരെ മുമ്പ് വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് നേതാവ് ന്യൂയോർക്ക് പട്ടണത്തിൽ താമസിക്കുകയുണ്ടായി. 1912 സെപ്‌തംബർ ഒക്ടോബർ മാസങ്ങളിൽ വാൻ ബാ എന്ന അപരനാമത്തിൽ ഹാർലെമിൽ താമസിച്ച് കൈത്തൊഴിലാളിയായും ബേക്കറായും ജോലി ചെയ്തു. പിന്നീട് ഫ്രാൻസിൽനിന്നുള്ള വിയറ്റ്നാമിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കാൻ ഇരുന്നപ്പോൾ പ്രചോദനത്തിന്‌ തിരിഞ്ഞത് അമേരിക്കൻ സ്ഥാപക പിതാക്കന്മാരിലേക്ക്‌. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; അവരുടെ സ്രഷ്ടാവ് ചില അനിഷേധ്യാവകാശങ്ങൾ നൽകിയിട്ടുണ്ട്; അവയിൽ ജീവിതം, സ്വാതന്ത്ര്യം, സന്തോഷം തേടൽ എന്നിവ ഉൾപ്പെടുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ആവേശമായതും. എട്ട്‌ ദശാബ്ദത്തിലേറെയായി ഫ്രഞ്ച് സാമ്രാജ്യത്വവാദികൾ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ മാനദണ്ഡങ്ങൾ ദുരുപയോഗം ചെയ്‌ത്‌ നമ്മുടെ പിതൃരാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും സഹപൗരരെ അടിച്ചമർത്തുകയും ചെയ്തു. അവർ മനുഷ്യത്വത്തിന്റെയും നീതിയുടെയും ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന പ്രഖ്യാപനത്തോടെ രാജ്യത്തിന്റെ വിപ്ലവ വാഗ്ദാനങ്ങളായ എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയും ഹോചിമിൻ വളരെ ഗൗരവമായി എടുത്തു. സൗഹൃദങ്ങൾ നിരസിച്ച് അമേരിക്ക ഫ്രഞ്ച് സാമ്രാജ്യത്തോടൊപ്പം നിന്നപ്പോൾ അദ്ദേഹം ഞെട്ടി, നിരാശനായി രാജ്യ സ്വാതന്ത്ര്യം ഉറപ്പാക്കാൻ പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിത യുദ്ധം നടത്തേണ്ടിയുംവന്നു.

എബ്രഹാം ലിങ്കൺ

വ്യവസ്ഥിതിയുമായി യുദ്ധത്തിലേർപ്പെട്ട ഏറ്റവും ഉന്നതരായ അമേരിക്കക്കാർ

ഏറ്റവും ഉന്നതരായ അമേരിക്കക്കാരിൽ ചിലർ ആ വ്യവസ്ഥിതി യുമായി യുദ്ധത്തിലേർപ്പെട്ടവരാണ്‌; ഫ്രെഡറിക് ഡഗ്ലസ്, ജോൺ ബ്രൗൺ, ഹാരിയറ്റ് ടബ്മാൻ, മോളി മാഗ്വേഴ്സ്, മദർ ജോൺസ്, ബിഗ് ബിൽ ഹേവുഡ്, യൂജിൻ ഡെബ്സ്, ഡോ. മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ, മാൽക്കം എക്സ്, ബാർബറ എഹ്രെൻറിച്ച്, അഫെനി ഷക്കൂർ , ഡാനിയേൽ എൽസ്ബർഗ്, ആരോൺ ബുഷ്നെൽ തുടങ്ങിയവർ. ഓരോരുത്തരും സഹ അമേരിക്കക്കാരോടുള്ള സ്നേഹത്താൽ നയിക്കപ്പെട്ടു, വ്യവസ്ഥിതി ദുരുപയോഗം ചെയ്യുമ്പോൾ ഒരു നിമിഷം പോലും നിശ്ചലമായി ഇരുന്നില്ല. ചിലർ സോഷ്യലിസ്റ്റുകാരോ അരാജകവാദികളോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആയിരുന്നു. ഭരണകൂടം അപലപിക്കുകയും അമേരിക്കൻ അല്ലാത്തവരെന്ന് വിളിക്കുകയും ചെയ്തു; ചിലർ ജയിലിലടയ്ക്കപ്പെടുകയോ വധിക്കപ്പെടുകയോ ഉണ്ടായി. എന്നാൽ കാലവും പിന്നോട്ടടികളും അവരാണ്‌ ശരിയെന്ന് തെളിയിച്ചു. അമേരിക്കയെ ജീവിക്കാൻ യോഗ്യമായ സ്ഥലമാക്കി മാറ്റിയത് അവരുടെ പരിശ്രമങ്ങളാണ്. രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയതിൽ എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോൾ എൽസ്ബർഗ്‌ രോഷാകുലനായി. ജീവിതകാലം മുഴുവൻ ദേശസ്നേഹിയായിരുന്നു.നമ്മൾ മോചിപ്പിച്ച സാമ്രാജ്യത്തിന്റെ നിയമങ്ങൾക്ക് കീഴിലാണെന്ന് അവർ കരുതുന്നു, അവിടെ ഉദ്യോഗസ്ഥർ രാജാവിന് സത്യപ്രതിജ്ഞ ചെയ്യുകയാണ്‌. രാജ്യം ശരിയോ തെറ്റോ എന്നല്ല മറിച്ച് അത്‌ – ശരിയായിരിക്കുമ്പോൾ, ശരിയായി സൂക്ഷിക്കുക; തെറ്റാകുമ്പോൾ, ശരിയാക്കുകയെന്നായിരുന്നു പ്രതികരണം.
അമേരിക്കയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ലക്ഷക്കണക്കിന് അയൽക്കാരെ കൊന്നൊടുക്കുന്ന ഓപിയോയിഡുകൾ കൊണ്ട് രാജ്യത്തെ നിറച്ച ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വെറുക്കണം; ജീവൻരക്ഷാ വൈദ്യസഹായം നിഷേധിക്കുന്ന ഇൻഷുറൻസ് കമ്പനികളെയും. പൂപ്പൽ നിറഞ്ഞ വൃത്തികെട്ട അപ്പാർട്ടുമെന്റുകൾക്ക് അമിത വാടക ഈടാക്കുന്ന, ഒരു ദിവസം വൈകിയാൽ അല്ലെങ്കിൽ ഒരു ഡോളർ കുറഞ്ഞാൽ തെരുവിലേക്ക് വലിച്ചെറിയുന്ന ഭൂവുടമകളെയും മരിക്കുമെന്ന ധാരണയോടെ അനന്തയുദ്ധത്തിന്‌ വാദിക്കുന്ന ആയുധ കമ്പനികളെയും യുവാക്കളെ ഉൽപ്പന്ന അടിമകളാക്കാൻ പുതിയ വഴികൾ സൃഷ്ടിക്കുന്ന ചൂതാട്ട കമ്പനികളെയും ജലവിതരണം വിഷലിപ്തമാക്കുകയും അന്തരീക്ഷത്തിൽ മാരക ചുഴലിക്കാറ്റുകളും കാട്ടുതീയും എത്തിക്കുന്ന എണ്ണക്കമ്പനികളെയും സ്‌നേഹിക്കരുത്‌. ഇറാനെക്കാളും വെനിസ്വേലയെക്കാളും അമേരിക്കയുടെയും ജനങ്ങളുടെയും ശത്രുക്കളാണവ. ട്രംപും ടോം സുവോസിയും അവരുടെ പ്രിയപ്പെട്ട പത്രപ്രവർത്തകരും അമേരിക്കയെ സ്നേഹിക്കുന്നില്ല. അവർ മുതലാളിത്തത്തെയാണ്‌ ചേർത്തുപിടിക്കുന്നത്‌. അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്യുംമുമ്പ് പലാന്റിറിന്റെ കരാറുകൾ ഉൾപ്പെടുന്ന ഹോംലാൻഡ് സെക്യൂരിറ്റി ബജറ്റുകളിൽ വോട്ട് ചെയ്യുമ്പോൾ പലാന്റിർ ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ കൂടുതലും അറിയപ്പെടുന്ന സുവോസി സ്വതന്ത്ര വിപണി ആസ്വദിക്കുന്നതിൽ അതിശയിക്കാനില്ല. സമീപകാല റിപ്പോർട്ടുകൾ പ്രകാരം ട്രംപ് 22,000 പ്രത്യേക സ്റ്റോക്ക് വ്യാപാരങ്ങൾ നടത്തി, 2025 ൽ മാത്രം 200 കോടി ഡോളറിലധികം വ്യക്തിഗത വരുമാനം. സാധാരണക്കാർ മാസം പലചരക്ക് സാധനങ്ങൾ വാങ്ങാൻ പാടുപെടുമ്പോൾ മുതലാളിത്ത അത്യാഗ്രഹത്തെ ചോദ്യം ചെയ്യുന്നത് നിങ്ങളെ അമേരിക്കൻ വിരുദ്ധനാക്കുന്നുവെന്ന് പറയുന്നവർക്ക് നിക്ഷിപ്ത താൽപ്പര്യമുണ്ട്. മുതലാളിത്തത്തോടുള്ള നേതാക്കളുടെ കൂറ് പ്രഖ്യാപിത തത്വങ്ങളെല്ലാം പ്രത്യേകിച്ച് നമ്മൾ അമേരിക്കയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുത്തുന്നവയെ വ്യാജമാക്കുന്നു. ഉദാഹരണത്തിന് സ്വാതന്ത്ര്യം, സമത്വം, നിയമവാഴ്ച തുടങ്ങിയവ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒന്നിലധികം ജോലികൾ ചെയ്യേണ്ടിവരുമ്പോൾ സ്വാതന്ത്ര്യം എന്നൊന്നില്ല, എല്ലാ ഉണർന്നിരിക്കുന്ന സമയവും നിങ്ങളുടെ തൊഴിലുടമയുടേതാണ്. മാലിന്യക്കൂമ്പാരങ്ങളിൽ ആളുകൾ ഭക്ഷണത്തിന്‌ അലയുമ്പോൾ സമത്വം എന്നൊന്നില്ല, ലോകത്തിലെ ആദ്യത്തെ ട്രില്യണയർ തലയ്ക്ക് മുകളിൽ സ്പേസ് എക്സ് റോക്കറ്റുകൾ വിക്ഷേപിക്കുന്നത് കാണാം. ക്രിപ്റ്റോ തട്ടിപ്പുകൾ മുതൽ എപ്സ്റ്റീന്റെ ദ്വീപിലേക്കുള്ള സന്ദർശനങ്ങൾ വരെ ശതകോടീശ്വരന്മാർക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയുന്നിടത്ത്‌ നിയമവാഴ്ച പുലരില്ല. ട്രംപിന്റെ പ്രസംഗത്തിന്റെ അർഥം വിപരീതമാക്കി സത്യമാക്കാൻ അമേരിക്കയുടെ വാഗ്ദാനത്തോടോ മുതലാളിത്തത്തിന്റെ യാഥാർഥ്യത്തോടോ വിശ്വസ്തത പുലർത്താം, എന്നാൽ രണ്ടും സാധ്യമല്ല.

വിപ്ലവങ്ങളുടേതും അവയെ അപര്യാപ്തമാക്കുന്ന വൈരുധ്യങ്ങളുടേതും കൂടിയായ യുഎസ്‌ ചരിത്രം

അമേരിക്കൻ ചരിത്രം വിപ്ലവങ്ങളുടേതും അവയെ അപര്യാപ്തമാക്കുന്ന വൈരുധ്യങ്ങളുടേതും കൂടിയാണ്. സ്ഥാപകർ കൊളോണിയൽ വിരുദ്ധ പ്രക്ഷോഭം നടത്തുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്‌ പ്രഹരമേൽപ്പിക്കുകയും ചെയ്തിട്ട് 250 വർഷങ്ങൾ പിന്നിട്ടു. അത് ലോകമെമ്പാടും കേട്ടു. പക്ഷേ മനുഷ്യരെ സ്വത്തായി നിലനിർത്തണമെന്നും നിർബന്ധിച്ചു, ഉടൻ മറ്റ് സ്ഥലങ്ങളിൽ കോളനിവത്കരിക്കാൻ ഗൂഢാലോചന തുടങ്ങി, അതിനാൽ മറ്റൊരു വിപ്ലവം ആവശ്യമായി വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജോൺ ബ്രൗൺ കണ്ടെത്താൻ കഴിയുന്നത്ര അടിമകളെ കൊന്നൊടുക്കി, അതിന്റെ പേരിൽ സർക്കാർ അദ്ദേഹത്തെ വധിച്ചു; പിന്നീടുണ്ടായ ആഭ്യന്തര യുദ്ധം അദ്ദേഹം ശരിയാണെന്ന് തെളിയിക്കുകയും അന്ന് നിലനിന്ന അടിമത്തം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ അതുപോലും കറുത്ത അമേരിക്കക്കാർക്ക് സ്വാതന്ത്ര്യം നൽകിയില്ല, വേറൊരു പേരിൽ അടിച്ചമർത്തൽ തുടർന്നു. അതിനാൽ മറ്റൊരു വിപ്ലവം ആവശ്യമായി; പൗരാവകാശ പോരാട്ടം. ഇന്ന് എല്ലാ അമേരിക്കക്കാരും സാങ്കേതികമായി സ്വതന്ത്രരാണെന്ന അവസ്ഥയേയുള്ളൂ. പണമുള്ളവർക്ക് സ്വാതന്ത്ര്യം എന്നത് ഒരു യാഥാർഥ്യം മാത്രം. വീടില്ലാത്ത അവസ്ഥയും ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ മരണഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണ് ജീവിതങ്ങൾ. കിങ്‌ ജോർജ്‌ മടങ്ങിപ്പോയിട്ട്‌ രണ്ടര നൂറ്റാണ്ട്‌ പൂർത്തിയായി. പക്ഷേ ഇപ്പോഴും കിങ്‌ ക്യാപിറ്റലിന്റെ ആധിപത്യത്തിലാണ്. അതിനാൽ അദ്ദേഹത്തെ സിംഹാസനത്തിൽ നിന്ന് പറിച്ചെറിയേണ്ടത് ദേശസ്നേഹപരമായ കടമയാണെന്നതാണ്‌ വാസ്‌തവം. തലമുറകളായി പൗരത്വത്തിന്റെ പൂർണ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ അർത്ഥം വികസിപ്പിക്കാൻ പോരാടി. അതാണ് ഞാൻ ബഹുമാനിക്കുന്ന അമേരിക്കൻ ചെറുത്തുനിൽപ്പ്‌. കൊടികുത്തി വാഴുന്ന ദേശസ്‌നേഹത്തിന് ഒരിക്കലും വലിയ പ്രാധാന്യം നൽകിയിട്ടില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നു, ചിലർ അവയാൽ പ്രചോദിതരാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവും. എന്നാൽ ദേശസ്‌നേഹവുമായുള്ള എന്റെ ബന്ധം എപ്പോഴും സങ്കീർണമായിരുന്നു; പൂർവികരെ അടിമകളാക്കിയ, അധ്വാനം ചൂഷണംചെയ്ത, പൗരത്വം നിഷേധിച്ച, സ്വാതന്ത്ര്യം തേടിയതിന് ഭയപ്പെടുത്തിയ നാൾവഴികൾ മുഴുവൻ. പിന്നീട് ചരിത്രം ഒരു മുറിവല്ല, മറിച്ച് പരേഡ് പോലെ ആഘോഷിക്കാൻ പിൻഗാമികളോട് ആവശ്യപ്പെട്ട രാഷ്ട്രത്തെക്കുറിച്ച് വികാരാധീനനാകുന്നത് ബുദ്ധിമുട്ടാണ്. എളുപ്പത്തിൽ കൂറ് പ്രതിജ്ഞ ചെയ്യാൻപോലും കഴിയില്ല. എന്തിനോടാണ് കൂറ്? രണ്ട് രാഷ്ട്രങ്ങളോട് ‐ കറുത്ത വംശത്തോടും വെള്ളക്കാരോടും. ആരുടെ ദൈവത്തിന് കീഴിലാണ് വിഭജിക്കാവുന്നതും ചിലർക്ക് നീതി നൽകുന്നതും. ഹൃദയങ്ങൾക്ക് മുകളിൽ കൈകൾ വച്ച്‌ രാജ്യത്തെ പൂർണമായി വിവരിച്ചിട്ടില്ലാത്ത വാക്കുകൾ ചൊല്ലാൻ ആവശ്യപ്പെടുന്നു. കറുത്തവരുടെ ചരിത്രത്തിൽ സ്വതന്ത്രരുടെ നാട്, ധീരന്മാരുടെ നാട് എന്നും പലപ്പോഴും വായിക്കാറുണ്ട്, കള്ളന്മാരുടെ നാട്, അടിമകളുടെ നാട് എന്നൊക്കെ. അത് അപകർഷതാബോധമല്ല. ഓർമയാണെന്നാണ്‌ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും പംക്തികാരിയുമായ ജൂലിയാൻ മാൽവോക്സ് എഴുതിയത്‌.

ശ്രദ്ധാപൂർവം തയ്യാറാക്കിയ ദേശീയാഭിമാന പ്രകടനങ്ങൾ

അമേരിക്ക 250-‐ാം വാർഷികം ആഘോഷിക്കവെ വെടിക്കെട്ട്, ഘോഷയാത്രകൾ, പ്രസംഗങ്ങൾ, പതാക വീശലുകൾ, സംഗീതകച്ചേരികൾ, ശ്രദ്ധാപൂർവം തയ്യാറാക്കിയ ദേശീയാഭിമാന പ്രകടനങ്ങൾ എന്നിവ കാണാം. സ്വാതന്ത്ര്യം, ജനാധിപത്യം, ധൈര്യം, ത്യാഗം എന്നിവയെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടാകും. അടിമത്തം, തദ്ദേശീയരുടെ കുടിയിറക്കം, വംശീയ ഭീകരത, സ്ത്രീകളെ ഒഴിവാക്കൽ, കുടിയേറ്റക്കാർക്ക്‌ നേരെയുള്ള ചൂഷണം, രാജ്യത്തെ വാഗ്ദാനങ്ങളുടെ ഒരു ഭാഗം പാലിക്കാൻ നിർബന്ധിതരാക്കാൻ ആവശ്യമായ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടം എന്നിവ സംബന്ധിച്ച് വളരെ കുറച്ച് ചർച്ചകളേ ഉണ്ടാവുന്നുള്ളൂ. ദേശസ്നേഹ പ്രകടനത്തിന്റെ പ്രശ്‌നവും അതാണ്. വാഗ്ദാനലംഘനം അവഗണിച്ച്‌ വാഗ്ദാനം ആഘോഷിക്കാൻ അത് പലപ്പോഴും ആവശ്യപ്പെടുന്നു. 1776-ലെ സ്വാതന്ത്ര്യ പ്രഖ്യാപനം എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു, അടിമകളെ വാങ്ങുകയും വിൽക്കുകയും ചാട്ടവാറടിക്കുകയും ബലാത്സംഗം ചെയ്യുകയും കൂലി കൂടാതെ ജോലികളിൽ തളച്ചിടുകയും തുടർന്നപ്പോഴും ഭരണഘടനാ അടിമത്തം അവയ്‌ക്ക്‌ കാവൽനിന്നു. കറുത്തവർഗക്കാർ കൈവശം വയ്ക്കാൻ വിലക്കപ്പെട്ട സമ്പത്ത്. സ്ത്രീകളെ വോട്ടവകാശത്തിൽനിന്ന് ഒഴിവാക്കി. തദ്ദേശീയരെ മണ്ണിൽൽ നിന്ന് പുറന്തള്ളി. എന്നിട്ടും തലമുറതലമുറയായി ജനാധിപത്യത്തിന്റെ അർത്ഥം വികസിപ്പിക്കാൻ പോരാടിയ ജനങ്ങൾക്ക്‌ പൗരത്വത്തിന്റെ പൂർണ ആനുകൂല്യങ്ങൾ നിഷേധിച്ചു. കറുത്തവർഗക്കാർക്ക് ലളിതമായ ദേശസ്‌നേഹത്തിന്റെ ആഡംബരം ഒരിക്കലും ലഭിച്ചിട്ടില്ല. തിരിച്ച്‌ സ്വീകരിക്കാത്ത രാജ്യത്തെയാണ് സ്നേഹിച്ചത്. യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ചു, സ്ഥാപനങ്ങൾ നിർമിച്ചിട്ടുണ്ട്, നികുതി അടക്കുകയുമുണ്ടായി, കുട്ടികളെ വളർത്തി, സംസ്കാരം സമ്പന്നമാക്കിയിട്ടുമുണ്ട്, ജനാധിപത്യം ശക്തിപ്പെടുത്തി. എന്നിട്ടും അംഗീകാരത്തിന്റെയും നീതിയുടെയും ഓരോ ഇഞ്ചിനുംവേണ്ടി മല്ലിടേണ്ടിവന്നു. വിദേശത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടുകയും സ്വദേശത്ത് വംശീയ ഭീകരതയിലേക്ക് മടങ്ങുകയുംചെയ്ത കറുത്ത വർഗക്കാരായ സൈനികരെ പരിഗണിക്കുക. ചിലർ ഒന്നാം ലോക യുദ്ധത്തിൽ നിന്ന് അമേരിക്കൻ ആർമി വേഷം ധരിച്ച് മടങ്ങിയെത്തി, എന്നാൽ വെളുത്ത ജനക്കൂട്ടം യൂണിഫോം പൗരുഷത്വത്തിനും അന്തസ്സിനും പൗരത്വത്തിനും വേണ്ടിയുള്ള അവകാശവാദത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മനസ്സിലാക്കി മർദ്ദിക്കുകയോ അപമാനിക്കുകയോ തല്ലിക്കൊല്ലുകയോ ചെയ്തു. സേവനം അവരെ സംരക്ഷിച്ചില്ല. ദേശസ്‌നേഹം തുണച്ചില്ല. ത്യാഗം സുരക്ഷ ഉറപ്പുനൽകിയതുമില്ല. 1913-ൽ വാഷിങ്‌ടൺ ഡിസിയിൽ വനിതാ വോട്ടവകാശ ഘോഷയാത്ര നടന്നു. വോട്ട് സമ്മാനമല്ലെന്ന് കറുത്തവർഗക്കാരായ സ്ത്രീകൾ മനസ്സിലാക്കി. ആയുധവും പരിചയും ആവശ്യവുമായിരുന്നു. പത്തൊൻപതാം ഭേദഗതിക്ക് ശേഷവും കറുത്തവർഗ സ്ത്രീകളെ വംശീയ നിയമങ്ങളും വെളുത്ത വർഗക്കാരും നേരിട്ടു.

America is not ready for a major war, says a bipartisan commission

76 രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിൽ കുടുക്കി ലാഭംകൊയ്‌ത അമേരിക്ക

അനാവശ്യ യുദ്ധങ്ങളിലേക്ക്‌ കുടുക്കി അമേരിക്ക അമിത ലാഭം കൊയ്‌തത്‌ 76 രാജ്യങ്ങളിൽനിന്നാണ്‌. അഫ്ഗാനിസ്ഥാന്റെ ‘വിമോചന’ത്തിന് 16 വർഷത്തിലേറെയായിട്ടും ഭീകരതയ്‌ക്കെതിരായ യുദ്ധം ഇപ്പോഴും വിനാശകരമായ ആഗോള പ്രതിഭാസമാണ്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സങ്കീർണ സംഘർഷങ്ങൾ അവസാനിച്ചിട്ടില്ല; തുടരുകതന്നെയാണ്‌. – ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ യുദ്ധം പുതിയ ഭൂപടം നിർമിച്ചിരിക്കുന്നു. 2003ന്റെ തുടക്കത്തിൽ ഇറാഖ് അധിനിവേശത്തിനെതിരെ അമേരിക്കൻ നഗരങ്ങളിലെ തെരുവുകളിൽ ലക്ഷക്കണക്കിന് പ്രതിഷേധകർ പ്രത്യക്ഷപ്പെട്ടു. 2015-‐17 വർഷങ്ങളിലെ ഭീകരവിരുദ്ധ യുദ്ധത്തിൽ യുഎസ് സേനയുടെ വിന്യാസം, വിദേശ സേനകളെ പരിശീലിപ്പിക്കുന്നതിനുള്ള വിപുല പ്രവർത്തനങ്ങൾ, അവ സാധ്യമാക്കാൻ താവളങ്ങൾ, ആവശ്യമായ ഡ്രോണുകളും മറ്റ് വ്യോമാക്രമണങ്ങളും ‐ വാഷിങ്‌ടൺ ഇടപെടലുകൾ താറുമാറാക്കിയ 39 ശതമാനം രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, യെമൻ, സൊമാലിയ, ലിബിയ തുടങ്ങിയവയാണ്‌ പ്രധാനം. ഇത്തരം അധിനിവേശങ്ങൾ നികുതിദായകരുടെ ഡോളർ തിന്നുതീർക്കുന്നതിൽ ആർക്കും പരിഭവമില്ല. 2025 നവംബറിൽ പുറത്തിറങ്ങിയ പ്രത്യേക പഠനത്തിൽ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ ഭാവി ചെലവ് കൂടാതെ 5.6 ട്രിബൺ എത്തിയതായി കോസ്റ്റ് ഓഫ് വാർ പ്രോജക്റ്റ് കണക്കാക്കി. അടുത്തിടെയാണ് അതിലും അതിശയിപ്പിക്കുന്ന കണക്ക് ട്രംപ്‌ ട്വീറ്റ് ചെയ്തത്; മധ്യപൂർവ ദേശത്ത്‌ ഏഴ്‌ ട്രില്യൺ ഡോളർ പൊടിച്ച ശേഷം രാജ്യം പുനർനിർമിക്കാൻ തുടങ്ങേണ്ട സമയമാണിതെന്നായിരുന്നു വിശദീകരണം. നൂറ്റാണ്ടിന്റെ മധ്യത്തോടെ ദേശീയ കടത്തിലേക്ക് 7.9 ട്രില്യൺ പരിധിയിൽ കൂടുതൽ ചേരുമെന്നാണ്‌ കോസ്റ്റ്സ് ഓഫ് വാർ എസ്റ്റിമേറ്റിൽ വന്നിരിക്കുന്നത്‌. 16 വർഷമായി ട്രില്യൺ കണക്കിന് ഡോളർ വരുന്ന സങ്കീർണ സംഘർഷങ്ങൾക്ക് ധനസഹായം നൽകുന്ന അമേരിക്കൻ ജനതയ്ക്ക് വാഷിങ്‌ടൺ നടത്തിയ യുദ്ധത്തിന്റെ ഭൂപടംപോലും ഇല്ലായിരുന്നു. വിദേശനയം എന്ന് വിളിക്കപ്പെട്ടിരുന്നതിന്റെ മുൻനിരയിൽ – പലപ്പോഴും ഒരേയൊരു വശം – സൈന്യം നിൽക്കുന്ന യുഗത്തിലാണെന്നതാണ്‌. 2017 ൽ മാത്രം 149 രാജ്യങ്ങളിലേക്ക് സ്പെഷ്യൽ ഓപ്പറേഷൻസ് സേനയെ വിന്യസിച്ചു. പല സ്ഥലങ്ങളിലും എത്രയോ താവളങ്ങളുണ്ട്. ട്രംപ് ഭരണകാലത്ത് യുദ്ധച്ചെലവ് വർധിക്കുകയേയുള്ളൂ. ഏകകണ്ഠമായി പാസാക്കി അദ്ദേഹം ഒപ്പിട്ട ആദ്യ പെന്റഗൺ ബജറ്റ് 70000 കോടി ഡോളറിന്റെ അമ്പരപ്പിക്കുന്ന മൂല്യമുള്ളതാണ്. റഷ്യ, ചൈന, ഇറാൻ, വടക്കൻ കൊറിയ എന്നിവയെ ചൂണ്ടി മറൈൻ കോർപ്സ് കമാൻഡൻ്റ് ജനറൽ റോബർട്ട് നെല്ലർ നോർവേയിലെ യുഎസ് സൈനികരോട് ഭാവിയിൽ വൻ യുദ്ധം പ്രതീക്ഷിക്കണമെന്ന് പറയുകയുണ്ടായി. ന്യൂയോർക്ക് ടൈംസ്‌ റിപ്പോർട്ട് അനുസരിച്ച്‌ ആഭ്യന്തര സുരക്ഷാ വകുപ്പിലെ 2000 ജീവനക്കാർ ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങളിലേക്ക് വിന്യസിക്കപ്പെട്ടിട്ടുണ്ട്.

സാമ്രാജ്യത്വത്തിന്റെ കപട സദാചാരത്തെ നിരാകരിക്കണം

ഇത്തരം പശ്‌ചാത്തലങ്ങളിലാണ്‌ സാമ്രാജ്യത്വത്തിന്റെ കപട സദാചാരത്തെ നാം നിരാകരിക്കേണ്ടത്‌. സ്വാതന്ത്ര്യത്തിന്റെ ഭാഷയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുകയും വേണം. ശീതയുദ്ധം അവസാനിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൗമരാഷ്ട്രീയ മാറ്റങ്ങളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇറാൻ യുദ്ധം യുഎസ് ആധിപത്യമുള്ള ഏകധ്രുവ വ്യവസ്ഥയുടെ തകർച്ചയെ ത്വരിതപ്പെടുത്തി. 1820-ൽ ഓരോ ഡോളറിന്റെയും രണ്ട് സെന്റിൽ താഴെ മാത്രമാണ് അമേരിക്ക ഉൽപ്പാദിപ്പിച്ചത്. ഇന്ന് ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ വരുന്ന അവർ ലോകസമ്പത്തിന്റെ നാലിലൊന്ന് ഉത്പാദിപ്പിക്കുന്നു. തുടക്കം മുതലേ അമേരിക്ക ദുഷ്‌കര പരീക്ഷണമായിരുന്നു, വംശീയതയിലും ലിംഗവിവേചനത്തിലുമാണ്‌ വേരൂന്നിയത്‌. ചരിത്രം പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യം പാട്രിസ് ലുമുംബ മനസ്സിലാക്കി. അടിച്ചമർത്തൽ ചെറുക്കുന്നവരെ പലപ്പോഴും ഭീഷണിയായി മുദ്രകുത്തുന്നു. അടിമകളാവാൻ വിസമ്മതിച്ചതിനാലാണ് അവർ ഞങ്ങളെ കാട്ടാളന്മാരെന്ന് വിളിക്കുന്നത്. യഥാർഥത്തിൽ അതാരാണെന്ന് ചരിത്രം തീരുമാനിക്കും‐ ബെൽജിയൻ കൊളോണിയൽ ഭരണത്തിൽനിന്ന് കോംഗോയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് തന്റെ ജനങ്ങളെ അപകടകാരികളാക്കുമെന്ന ആശയം നിരാകരിക്കുകയും ചെയ്‌തു. പകരം ആധിപത്യം നിലനിർത്താൻ പോരാടുന്നവർക്ക് ധാർമിക ഉന്നതി അവകാശപ്പെടാമെന്ന ആഖ്യാനത്തെ വെല്ലുവിളിച്ചിട്ടുമുണ്ട്‌. കോംഗോയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായി മാസങ്ങൾക്കുള്ളിൽ ലുമുംബയെ അട്ടിമറിക്കുകയും ജയിലിലടയ്ക്കുകയും 1961- ജനുവരി 17ന്‌ വധിക്കുകയും ചെയ്തു.
അമേരിക്ക സ്വയം നശിപ്പിക്കുകയാണ്‌; അതിൽ അതിശയിക്കാനില്ലെന്നാണ്‌ കനേഡിയൻ നോവലിസ്റ്റും ഉപന്യാസകാരനും സാംസ്കാരിക നിരൂപകനുമായ സ്റ്റീഫൻ മാർഷെ നിരീക്ഷിച്ചത്‌. ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം എല്ലാം എങ്ങനെ വലിച്ചെറിഞ്ഞുവെന്ന് പണ്ഡിതർ ഒരു ദിവസംആേലോചിക്കുമെന്നുറപ്പ്‌. എന്നാൽ തുടക്കം മുതൽ പ്രതിസന്ധി നിലവിലുണ്ട്. സ്വാതന്ത്ര്യ പ്രഖ്യാപന വാർഷികം റിപ്പബ്ലിക്കിന് നാണക്കേടിന്റെ നിമിഷത്തിലാണ് എത്തിയത്‌. ഭ്രാന്തൻ രാജാവിനെ അട്ടിമറിക്കാൻ സ്ഥാപിതമായ അമേരിക്കൻ ഐക്യനാടുകൾ 250 വർഷങ്ങൾക്ക് ശേഷം സ്വന്തമായി ഭ്രാന്തൻ രാജാവിനെ തെരഞ്ഞെടുത്തു. അമേരിക്ക ജന്മദിന പാർടിയിൽ സ്വയം തീകൊളുത്തുകയാണ്. എന്റെ ‘ദി നെക്സ്റ്റ് സിവിൽ വാർ: ഡിസ്പാച്ചസ് ഫ്രം ദി അമേരിക്കൻ ഫ്യൂച്ചർ’(2022) എന്ന പുസ്തകത്തിനായി തകർച്ചയുടെ അടിസ്ഥാന കാരണങ്ങളും ഘടനകളും മനസ്സിലാക്കാൻ ശ്രമിച്ച്‌ നൂറുകണക്കിന് വിദഗ്ധരുമായി അഭിമുഖം നടത്തി. ഇടതു‐വലത്‌ തീവ്രവാദികളെ കണ്ടുമുട്ടി. ഇരുണ്ട പ്രഭാതം വരുന്നുവെന്ന് ഞാൻ വാദിച്ചു. എപ്പോഴാണ് ഇതെല്ലാം പിഴച്ചത്? ഞാൻ സംസാരിച്ച മിക്ക ഗവേഷകരും രാഷ്ട്രീയ തകർച്ചയ്ക്ക് കാരണമായത് 2008 ആണെന്നും സാമൂഹിക ചലനാത്മകത എന്ന സ്വപ്നത്തെ തളർത്തിയ സാമ്പത്തിക പ്രതിസന്ധിയാണെന്നും സൂചിപ്പിച്ചു. മറ്റു ചിലർ വരുമാന അസമത്വം ആദ്യം കുതിച്ചുയരുകയും സ്ഥാപനങ്ങളിലുള്ള വിശ്വാസം തകർന്നു തുടങ്ങുകയും ചെയ്ത 1980 ആണെന്നുമാണ്‌ എടുത്തിട്ടത്‌. പക്ഷേ അത് ട്രംപ് രണ്ടിന് മുമ്പായിരുന്നു. അദ്ദേഹം വീണ്ടും അധികാരമേറ്റ തുടക്കം മുതൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി ഉണ്ടെന്ന് വ്യക്തമായി.ജോർജ്‌ വാഷിങ്‌ടണിന്റെ വിടവാങ്ങൽ പ്രസംഗം അദ്ദേഹം സ്ഥാപിച്ച രാഷ്ട്രത്തെ നിലവിൽ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന അമിത പക്ഷപാതത്തെ അമ്പരപ്പിക്കുന്ന കൃത്യതയോടെ ചിലർ പ്രവചിച്ചു. നാശം ഭാഗധേയമാണെങ്കിൽ നാംതന്നെ അതിന്റെ രചയിതാവാവണം. സ്വതന്ത്ര മനുഷ്യരുടെ രാഷ്ട്രമെന്ന നിലയിൽ എല്ലായ്‌പ്പോഴും ജീവിക്കണം, അല്ലെങ്കിൽ ആത്മഹത്യയിലൂടെ മരിക്കണമെന്നായിരുന്നു എബ്രഹാം ലിങ്കന്റെ വാക്കുകൾ. ചരിത്രത്താൽ വലയപ്പെട്ട, നേരിടാനോ മറികടക്കാനോ കഴിയാത്ത ഭൂതകാലത്താൽ മൂടപ്പെട്ട രാജ്യമായി അമേരിക്ക പരിവർത്തിക്കപ്പെട്ടുവരികയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും അധഃപതിച്ചതിനാൽ അതിന്റെ അസാധാരണത്വത്തെക്കുറിച്ചുള്ള ബോധ്യം നിലനിർത്താനുള്ള വിധിക്കപ്പെട്ട അന്വേഷണത്തിൽ അത് മുമ്പെന്നത്തെക്കാളും കൂടുതൽ ഉത്ഭവത്തിലേക്ക് തിരിച്ചുപോയി.

വാഷിങ്‌ടൺ ഡിസിയിൽ നിയോ-ഫാസിസ്റ്റ് ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ട് കോൺഫെഡറേറ്റ് പതാകാ പരേഡ്

2026 ജൂലൈ നാലിന് വാഷിങ്‌ടൺ ഡിസിയിൽ നിയോ-ഫാസിസ്റ്റ് ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ട് കോൺഫെഡറേറ്റ് പതാകാ പരേഡ് നടത്തുകയുണ്ടായി. വെളുത്ത വംശ മേധാവിത്ത സംഘടനയിലെ നൂറുകണക്കിന് മുഖംമൂടി ധരിച്ച അംഗങ്ങൾ തലസ്ഥാനത്ത് മാർച്ച് ചെയ്‌ത്‌ മുദ്രാവാക്യം വിളിച്ചു. നിയോ-ഫാസിസ്റ്റ് വെള്ളക്കാരുടെ സംഘടനയായ പാട്രിയറ്റ് ഫ്രണ്ട്‌ സ്ഥാപകൻ തോമസ് റൂസോയാണ് സംഘത്തെ നയിച്ചത്‌. ‘ജീവിതം, സ്വാതന്ത്ര്യം, വിജയം’ എന്നും “അമേരിക്കയെ വീണ്ടെടുക്കൂ’എന്നും മുദ്രാവാക്യം വിളിച്ചതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. 2017-ൽ വിർജീനിയയിലെ ചാർലോട്ട്‌സ്‌വില്ലിൽ നടന്ന മാരകമായ യുണൈറ്റ് ദി റൈറ്റ് റാലിയെ തുടർന്നാണ് ഫ്രണ്ട് സ്ഥാപിതമായത്. വെള്ള മേധാവിത്ത സംഘടനകളുമായി ബന്ധപ്പെട്ടവരെ ട്രംപ് ഭരണകൂടം വ്യാപകമായി സ്വീകരിച്ചതോടെ വർഷങ്ങളായി നവ-ഫാസിസ്റ്റ് വിദ്വേഷ ഗ്രൂപ്പുകൾ കൂടുതൽ പ്രചാരത്തിലായി. 2022-ൽ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ചുള്ള ഒരു വിദഗ്ദ്ധൻ ഗാർഡിയനോട് പറഞ്ഞത്‌, പാട്രിയറ്റ് ഫ്രണ്ടിന്റെ ധനസ്രോതസും സമാഹരണ ശ്രമങ്ങളും മീഡിയ പ്രൊഡക്ഷൻ കമ്പനിയുടേതിന് സമാനമാണെന്നാണ്‌.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.