പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം, സങ്കീർണ്ണമായതാണെന്നു പറയുന്ന കവിതയാണ് ബൈജു നടരാജന്റെ “വാസന“. മഴയുള്ള രാത്രിയിൽ വഴിമുടക്കി നിൽക്കുന്ന മദയാനയിലൂടെയാണ് കവിത വികസിക്കുന്നത്. മനുഷ്യനീക്കത്തിന്റെ പ്രതീകമായ കാറിനുള്ളിലെ പ്രണയഗന്ധം ആന തിരിച്ചറിയുന്നു. ആ തിരിച്ചറിവിൽ ആന അവർക്കായി വഴിമാറിക്കൊടുക്കുന്നു. എന്നാൽ ഈ പ്രകൃതിസഹജമായ വാസനയും കരുണയും മറ്റൊരു ദുരന്തത്തിന് കാരണമാകുന്നു.

വഴിമാറി നിൽക്കുന്നതിനിടയിൽ ആനയുടെ കാൽക്കീഴിൽ ഇണത്തവളകൾ ഞെരിഞ്ഞമരുന്നു. കാറിലുള്ള മനുഷ്യരുടെ ജീവനും പ്രണയത്തിനും നൽകിയ വില സ്വന്തം വർഗ്ഗത്തിന്റെയോ പ്രകൃതിയുടെയോ നാശമായി മാറുന്നു. ആ നിമിഷം ആന അനുഭവിക്കുന്ന സങ്കടം പ്രകൃതിയുടെ തന്നെ സങ്കടമായി തീരുന്നു.സങ്കടം താങ്ങാനാവാതെ ആന ചിഹ്നംവിളിക്കുമ്പോൾ ചീവീടുകൾ പോലും നിശ്ശബ്ദമാകുന്നു. കവിത മുന്നോട്ടുവെക്കുന്ന ഈ ചിന്തകൾ ജീവജാലങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേക്ക് വഴിതുറക്കാൻ പോന്നതാണ്.
മൃഗങ്ങൾക്ക് വേദന അനുഭവിക്കാനുള്ള ശേഷിയുണ്ടെന്ന നിരീക്ഷണങ്ങളോട് ഈ കവിത അടുത്തുനിൽക്കുന്നു. ആനയുടെ ചിഹ്നംവിളി വെറും ഒച്ചയല്ല .അത് വേദനയുടെയും സങ്കടത്തിന്റെയും ആഴത്തിലുള്ള ആവിഷ്കാരമാണ്. മനുഷ്യനെപ്പോലെ തന്നെ മറ്റ് ജീവജാലങ്ങൾക്കും മാനസികവും ശാരീരികവുമായ വേദനകൾ അനുഭവിക്കാനാവുന്നുണ്ടെന്ന് കവിത വ്യക്തമാക്കുന്നു. തവളകളുടെ പൊലിയൽ ആനയിലുണ്ടാക്കുന്ന സങ്കടം ഈ ചിന്തയെ കൂടുതൽ ദൃഢമാക്കുന്നു. പ്രകൃതിയിലെ എല്ലാ ജീവികൾക്കും തുല്യമായ പരിഗണന വേണമെന്ന വാദത്തെ അത് പിന്തുണയ്ക്കുന്നു.
മനുഷ്യന്റെ ആനന്ദത്തിന് വേണ്ടി പ്രകൃതിയെയും മൃഗങ്ങളെയും ഉപയോഗിക്കുന്നതിനെതിരെയുള്ള ചിന്തകളും കവിതയിൽ അന്തർലീനമാണ്. കാറിലിരിക്കുന്ന മനുഷ്യരുടെ പ്രണയവും യാത്രയും ആനയെപ്പോലുള്ള വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെയാണ് തടസ്സപ്പെടുത്തുന്നത്. വഴിമാറിക്കൊടുക്കാൻ ആന നിർബന്ധിതമാകുന്നത് മനുഷ്യകേന്ദ്രീകൃതമായ ലോകത്തിന്റെ സമ്മർദ്ദം മൂലമാണ്. മൃഗങ്ങളെ കേവലം ഭോഗവസ്തുക്കളായോ മനുഷ്യന് താഴെയുള്ളവയായോ കാണുന്ന മനോഭാവത്തെ കവിത പരോക്ഷമായി വിമർശിക്കുന്നു. പ്രകൃതിയിലെ എല്ലാ ജീവികൾക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ അവകാശമുണ്ടെന്ന് കവിത ഓർമ്മിപ്പിക്കുന്നു.
ആധുനിക മനുഷ്യന്റെ കടന്നുകയറ്റങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ തകിടംമറിക്കുന്നുവെന്ന് കവിത പറയുന്നു. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചം വന്യതയുടെ സ്വാഭാവികതയെ ഭേദിച്ചുകൊണ്ടാണ് കടന്നുവരുന്നത്. മനുഷ്യന്റെ സാന്നിധ്യം പ്രകൃതിയിൽ ഉണ്ടാക്കുന്ന ചലനങ്ങൾ മറ്റ് ജീവികളുടെ നാശത്തിന് കാരണമാകുന്നു. ഇണത്തവളകളുടെ നാശം പ്രകൃതിയിലെ വംശതുടർച്ചയ്ക്ക് ഏൽക്കുന്ന ആഘാതമാണ്. ഈ ആഘാതത്തിന്റെ ആഴം തിരിച്ചറിയാൻ മനുഷ്യന് കഴിയുന്നില്ലെങ്കിലും ആനയ്ക്ക് കഴിയുന്നുണ്ട്.
കവിതയിലെ ആന കേവലമൊരു മൃഗമല്ല, അത് ഉയർന്ന ബോധമുള്ള ഒരു പ്രകൃതിശക്തിയാണ്. അതുകൊണ്ടാണ് മനുഷ്യന്റെ വികാരങ്ങളെ മാനിക്കാനും സ്വന്തം പ്രവൃത്തിയുടെ ആഘാതത്തിൽ ദുഃഖിക്കാനും ആനയ്ക്ക് കഴിയുന്നത്. എന്നാൽ മനുഷ്യൻ ഈ കാരുണ്യം തിരിച്ചു കാണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ ജീവജാലങ്ങളുടെ വേദനകളെയും അവകാശങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ബൈജു നടരാജന്റെ കവിത ശക്തമായൊരു പശ്ചാത്തലമൊരുക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് ആനയുടെ ചിഹ്നംവിളി നമ്മെ ഗൗരവമായി ചിന്തിപ്പിക്കുന്നു.
ഗാരി സ്നൈഡറുടെ കവിതകളിൽ മൃഗങ്ങളുടെയും മനുഷ്യന്റെയും പരസ്പരബന്ധത്തെക്കുറിച്ചുള്ള സമാനമായ ചിന്തകൾ കാണാം. വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ വേദനയെയും അവയുടെ ജീവിക്കാനുള്ള അവകാശത്തെയും ഗാരി സ്നൈഡർ ചർച്ചചെയ്യുന്നുണ്ട്. മനുഷ്യന്റെ ആവശ്യങ്ങൾക്കായി മൃഗങ്ങളെ ഇരയാക്കുമ്പോൾ പ്രകൃതിയുടെ ആത്മാവാണ് നഷ്ടപ്പെടുന്നത്. “വാസന” എന്ന കവിതയിൽ വണ്ടിയുടെ വെളിച്ചം കണ്ട് വഴിമാറേണ്ടി വരുന്ന ആനയുടെ അവസ്ഥ ഇതിന് സമാനമാണ്. മനുഷ്യന്റെ സാന്നിധ്യം വന്യജീവികളുടെ സ്വതന്ത്രമായ നിലനിൽപ്പിന് ഭീഷണിയാകുന്നു എന്ന് രണ്ട് കവിതകളും വ്യക്തമാക്കുന്നു.
മൃഗങ്ങൾക്ക് മനുഷ്യന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്ന ചിന്തയും ഈ കവിതകളിൽ കടന്നുവരുന്നുണ്ട്. കാറിനുള്ളിലെ പ്രണയത്തെ തിരിച്ചറിഞ്ഞ് വഴിമാറുന്ന ആനയുടെ ബോധതലം ഉയർന്ന ഒന്നാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഈ ആത്മീയമായ ആശയവിനിമയം ഗാരി സ്നൈഡറുടെ കവിതകളിലും പ്രമേയമാകുന്നുണ്ട്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഒരേ ജീവന്റെ കണ്ണികളാണെന്ന ചിന്തയാണ് രണ്ട് കവികളും പങ്കുവെക്കുന്നത്. എന്നാൽ മനുഷ്യൻ ഈ ബന്ധത്തെ തിരിച്ചറിയാതെ സ്വാർത്ഥമായി പെരുമാറുന്നു എന്നതാണ് സമകാലിക ദുരന്തം.

റോബർട്ട് മാക്ഫർലെനിന്റെ “The Lost Words” എന്ന കവിതാസമാഹാരം പ്രകൃതിയിലെ വിസ്മരിക്കപ്പെടുന്ന ജീവികളെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രകൃതിയിലെ ചെടികളുടെയും മൃഗങ്ങളുടെയും പേരുകൾ മനുഷ്യന്റെ ഭാഷയിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനെ കവി ഇതിൽ ചോദ്യം ചെയ്യുന്നു. മനുഷ്യൻ സ്വന്തം ലോകത്തു മാത്രം ജീവിക്കുമ്പോൾ പ്രകൃതിയിലെ മറ്റ് ജീവനുകൾക്ക് പ്രാധാന്യം നൽകാതാകുന്നു. “വാസന” എന്ന കവിതയിൽ ആനയുടെ കാൽക്കീഴിൽ ഇണത്തവളകൾ ചതഞ്ഞരയുന്നത് മനുഷ്യൻ അറിയുന്നതേയില്ല. ഈ അവഗണനയും പ്രകൃതിയുടെ നഷ്ടവുമാണ് കവിതകളുടെയും അന്തർധാര.
മനുഷ്യന്റെ കടന്നുകയറ്റം മൂലം പ്രകൃതിയിലുണ്ടാകുന്ന നിശ്ശബ്ദതയെക്കുറിച്ചും ഈ കവികൾ സംസാരിക്കുന്നുണ്ട്. ആനയുടെ സങ്കടം കണ്ട് ചീവീടുകൾ ഒച്ചയുണ്ടാക്കുന്നത് നിർത്തുന്ന ഭാഗം കവിതയിലെ ഏറ്റവും ദയനീയമായ രംഗമാണ്. പ്രകൃതിയുടെ ഈ നിശ്ശബ്ദത തന്നെയാണ് റോബർട്ട് മാക്ഫർലെനിന്റെ കവിതകളും ഓർമ്മിപ്പിക്കുന്നത്. ജീവജാലങ്ങളുടെ വംശനാശവും അവയുടെ വേദനയും പ്രകൃതിയെ മൂകമാക്കുന്നു. ഈ മൂകത മനുഷ്യ വംശത്തിന് തന്നെയുള്ള വലിയൊരു മുന്നറിയിപ്പായി മാറുകയാണ് ചെയ്യുന്നത്.
ഈ കവിതകളെല്ലാം മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തെ ശക്തമായി എതിർക്കുന്നവയാണ്. പ്രകൃതിയിലെ എല്ലാ ജീവികൾക്കും തുല്യമായ അവകാശമുണ്ടെന്ന ചിന്തയാണ് ഇവയെല്ലാം മുന്നോട്ടുവെക്കുന്നത്. ഒരു ജീവിയുടെ നാശം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഈ കവിതകൾ കാട്ടിത്തരുന്നു. ബൈജു നടരാജന്റെ കവിത മുന്നോട്ടുവെച്ച ചിന്തകൾ ആഗോളതലത്തിൽ പ്രകൃതിസ്നേഹികളായ കവികൾ ഉയർത്തുന്ന ആശങ്കകളോട് ചേർന്നുനിൽക്കുന്നതാണ്. വന്യതയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണെന്ന് ഈ കവിതകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രകൃതിയുടെയും വന്യതയുടെയും മേലുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങൾ കേവലം ചില ജീവികളുടെ നാശത്തിൽ മാത്രം ഒതുങ്ങുന്നില്ല. അത് പ്രകൃതിയുടെ സഹജമായ ജൈവവ്യവസ്ഥയെയും ബന്ധങ്ങളെയും പൂർണ്ണമായി തകിടംമറിക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ച കവിതകളെല്ലാം മനുഷ്യന്റെ ഈ ആധിപത്യ മനോഭാവത്തെയാണ് വിവിധ തലങ്ങളിൽ തുറന്നുകാട്ടുന്നത്. ജീവജാലങ്ങളുടെ കൂട്ടായ നിലനിൽപ്പിനെക്കുറിച്ചുള്ള ഈ ചിന്തകളെ കൂടുതൽ ദാർശനികമായി സമീപിക്കാൻ ഫ്രഞ്ച് തത്ത്വചിന്തകനായ ഷീൽ ദെല്യൂസിന്റെ ചിന്തകൾക്ക് സാധിക്കും. വ്യക്തിഗതമായ നിലനിൽപ്പിനപ്പുറം ജീവികൾ തമ്മിലുള്ള കൂട്ടായ്മയെയാണ് അദ്ദേഹം പ്രാധാന്യത്തോടെ കാണുന്നത്.
ദെല്യൂസിന്റെ തത്ത്വചിന്തയിലെ “പാക് ബിഹേവിയർ” അഥവാ കൂട്ടായ പെരുമാറ്റം എന്ന ആശയം ഈ കവിതയുമായി ഏറെ ചേർന്നുനിൽക്കുന്നുണ്ട്. മൃഗങ്ങൾ ഒറ്റപ്പെട്ട ജീവികളായല്ല ജീവിക്കുന്നത്. കൂട്ടായ്മയുടെ ഭാഗമായാണ് പ്രകൃതിയിൽ ജീവിക്കുന്നത്. അവയുടെ വികാരങ്ങളും പ്രതികരണങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. “വാസന” എന്ന കവിതയിൽ ആനയുടെ ചിഹ്നംവിളി കേട്ട് ചീവീടുകൾ ഒച്ച നിർത്തുന്നത് ഈ കൂട്ടായ്മയുടെ വ്യക്തമായ ഉദാഹരണമാണ്. പ്രകൃതിയിലെ ഒരു ജീവിക്കുണ്ടാകുന്ന വേദന മറ്റ് ജീവികളെയും ബാധിക്കുന്നു എന്ന ദെല്യൂസിന്റെ ചിന്തയെ ഇത് അടിവരയിടുന്നു.
മനുഷ്യൻ ഈ പ്രകൃതിസഹജമായ കൂട്ടായ്മയെയും വന്യതയെയും തകർക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. കാറിലെത്തുന്ന മനുഷ്യൻ വന്യതയുടെ സ്വാഭാവികമായ പാതയെയും വന്യജീവികളുടെ കൂട്ടായ്മയെയും അസ്വസ്ഥമാക്കുന്നു. ആന കാറിന് വഴിമാറുമ്പോൾ അവിടെ പ്രകൃതിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയ്ക്കാണ് ഭംഗം വരുന്നത്. മൃഗങ്ങളുടെ പരസ്പരബന്ധിതമായ ലോകത്തിലേക്ക് മനുഷ്യന്റെ സ്വാർത്ഥത കടന്നുവരുമ്പോൾ ഉണ്ടാകുന്ന ദുരന്തമാണ് ഇണത്തവളകളുടെ നാശത്തിന് വഴിവെക്കുന്നത്. ദെല്യൂസ് വിഭാവനം ചെയ്ത കൂട്ടായ്മയുടെ തകർച്ചയാണ് കവിതയിൽ സംഭവിക്കുന്നത്.
പ്രകൃതിയിലെ എല്ലാ ജീവികളും പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒരു ജീവിയുടെ വേദന മറ്റൊരു ജീവിയുടെ പ്രതികരണമായി മാറുന്ന ജൈവശൃംഖല അവിടെയുണ്ട്. എന്നാൽ മനുഷ്യൻ ഈ ശൃംഖലയ്ക്ക് പുറത്തുനിന്നുകൊണ്ട് അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. സ്വന്തം സുഖത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മനുഷ്യൻ മറ്റ് ജീവി ലോകത്തെ ഇല്ലാതാക്കുന്നു. പ്രകൃതിയിലെ ജൈവമായ കൂട്ടായ്മയെ തിരിച്ചറിയാൻ മനുഷ്യന് കഴിയുന്നില്ലെന്ന് കവിത വ്യക്തമാക്കുന്നു.
മനുഷ്യൻ എന്തിനാണ് സ്വയം രക്ഷിക്കാൻ മറ്റ് ജീവികളുടെ ജീവനും നീതിയും നിഷേധിക്കുന്നത് എന്ന ഗൗരവമേറിയ ചോദ്യമാണ് ബൈജു നടരാജന്റെ “വാസന” എന്ന കവിത ആത്യന്തികമായി ഉയർത്തുന്നത്. കാറിലിരിക്കുന്ന മനുഷ്യരുടെ സുരക്ഷിതത്വത്തിന് വേണ്ടി ആന വഴിമാറുമ്പോൾ തവളകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. മനുഷ്യകേന്ദ്രീകൃതമായ ഈ ലോകത്ത് മറ്റ് ജീവികളുടെ നീതി എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യന്റെ അതിജീവനവും വിനോദങ്ങളും മറ്റ് ജീവനുകളുടെ നാശത്തിന്മേലാണ് പടുത്തുയർത്തിയിരിക്കുന്നത്.
ഈ ചോദ്യം മനുഷ്യന്റെ ധാർമ്മികതയ്ക്ക് നേരെയാണ് ഉയരുന്നത്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയിലെ മറ്റ് ജീവനുകളെ ബലി നൽകാൻ മനുഷ്യന് യാതൊരു മടിയുമില്ല. പ്രകൃതിയിലെ ഏറ്റവും ദുർബലരായ ജീവികളുടെ നീതിപോലും ഇവിടെ നിഷേധിക്കപ്പെടുന്നു. ഈ അനീതിക്കെതിരെയുള്ള വന്യതയുടെ പ്രതിഷേധമാണ് ആനയുടെ ചിഹ്നംവിളിയായി മാറുന്നത്. മനുഷ്യൻ സ്വാർത്ഥത വെടിഞ്ഞ് പ്രകൃതിയോട് നീതി പുലർത്തേണ്ടതുണ്ടെന്ന് കവിത നമ്മെ ബോധ്യപ്പെടുത്തുന്നു.അത് മറ്റ് ജീവികളുടെ സമര പ്രഖ്യാപനത്തിലൂടെ അല്ലാതെ.
(ബൈജു നടരാജന്റെ”വാസന”എന്ന ഈ കവിത എനിക്ക് അയച്ചുതന്നത് സുഹൃത്ത് ദിലീപ് രാജാണ്.ഈ കവിത എന്റെ ശ്രദ്ധയിൽ പെടുത്തിയ ദിലീപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു)
വാസന
- ബൈജു നടരാജൻ
മഴപെയ്തു നിറഞ്ഞ
രാത്രിയിൽ
കട്ടിറമ്പിലെ റോഡിൽ
വഴിമുടക്കി നിന്ന
മദയാന
തുമ്പിക്കൈ നീട്ടി-
ഹെഡ്‌ലൈറ്റിട്ടു
പാഞ്ഞുവന്നൊരു
കാറിനുള്ളിലെ
കത്തും കാതൽ-മണത്തു
ഒഴിഞ്ഞുമാറിവച്ച
തന്റെ കാൽക്കീഴിൽ
ഇണത്തവളകൾ
ഞെരിഞ്ഞമർന്നതറിഞ്ഞു
പെരുകിവന്ന സങ്കടത്തെ
ചിന്നം വിളിച്ചു പറയുന്നതുകേട്ട്
ചീവീടുകൾ ഒച്ചയുണ്ടാക്കുന്നത്
നിർത്തി.
***







No Comments yet!