ഒരു സിനിമ നമ്മളിലേക്ക് ഇരച്ചുകയറാൻ പല കാരണങ്ങളുണ്ടാകാം. ചിലപ്പോൾ ഒരു നോട്ടം, ഒരു ഡയലോഗ്, ഒരു വിഷ്വൽ, ഒരു ശബ്ദം, അല്ലെങ്കിൽ ഒരു ബി.ജി.എം. സിനിമയെ പല തരത്തിലുള്ള ഫ്രാഗ്മെന്റുകളിലൂടെ ആസ്വദിക്കാനാകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഒരു ഒരു ഒറ്റ ഷോട്ടിലൂടെ വായിക്കാം. അതുകൊണ്ടുതന്നെ സിനിമയെ കഥ, സംവിധാനം, തിരക്കഥ എന്നിങ്ങനെ മാത്രം ചുരുക്കി വായിക്കുന്ന ഹോൾസെയിൽ വിലയിരുത്തലുകൾ കാണുമ്പോൾ ചിലപ്പോൾ ചിരി വരാറുണ്ട്. ഒരു സിനിമയ്ക്കുള്ളിൽ തന്നെ പല സിനിമകളും ഒളിഞ്ഞുകിടക്കാം.

ഇതെല്ലാം പറയാൻ കാരണം ഐ വാസ് എ സ്‌ട്രേഞ്ചർ എന്ന സിനിമയിലെ സ്മഗ്ലറായ മർവാന്റെ മകൻ സിനിമയുടെ അവസാനത്തിൽ കടലിലേക്ക് നോക്കി നിൽക്കുന്ന ആ ഒറ്റ ഷോട്ടാണ്. അടുത്ത കാലത്തൊന്നും ആ ഷോട്ട് എന്നെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് ഡോളറുകൾ വീട്ടിലെ മരപ്പടിക്കടിയിൽ അവശേഷിപ്പിച്ചിട്ടാണ് മർവാൻ മരിക്കുന്നത്. പക്ഷേ ആ ബാലന്റെ നിൽപ്പ്!. അത് മനുഷ്യസമൂഹത്തോട് തന്നെ തിരിഞ്ഞുനിൽക്കുന്ന ഒരു അനാഥത്വത്തിന്റെ നിൽപ്പാണ്.
സിറിയൻ ആഭ്യന്തര യുദ്ധത്തിന് ശേഷം രൂപപ്പെട്ട അഭയാർത്ഥി പ്രതിസന്ധിയെ മുതലെടുത്ത് ജീവിക്കുന്ന ആഫ്രിക്കൻ വംശജനായ ഒരു സ്മഗ്ലറായാണ് മർവാനെ സിനിമ അവതരിപ്പിക്കുന്നത്. രോഗിയായ ഒരു മകൻ മാത്രമാണ് അയാളുടെ യഥാർത്ഥ സമ്പത്ത്. യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് തുർക്കിയിലെത്തുന്ന മനുഷ്യരെ കടൽവഴി ഗ്രീസിലേക്ക് എത്തിക്കുന്ന അധോലോക ശൃംഖലയിലെ ഒരു കണ്ണിയാണ് മർവാൻ. ജീവൻ രക്ഷിക്കാൻ ഓടുന്ന മനുഷ്യരുടെ പ്രതീക്ഷകളാണ് അയാളുടെ ബിസിനസ്. അവിടെയാണ് മനുഷ്യർ നിർമ്മിച്ചുവെച്ചിട്ടുള്ള മൊറാലിറ്റികളും നല്ല ജീവിതത്തിന്റെ തത്വശാസ്ത്രങ്ങളും നോൺ വയലൻസും എല്ലാം തകർന്നുവീഴുന്നത്. വധശിക്ഷകളുടെയും തോക്കിൻകുഴലുകളുടെയും ബോംബാക്രമണങ്ങളുടെയും ഇടയിലൂടെ ജീവൻ മാത്രം രക്ഷിക്കാനായി ഓടുന്ന മനുഷ്യരുടെ മുന്നിൽ, സുരക്ഷിതമായ ജീവിതങ്ങളിൽ രൂപപ്പെട്ട എല്ലാ ധാർമ്മിക പ്രഭാഷണങ്ങളും അർഥശൂന്യമാകുന്നു. അവിടെ മനുഷ്യന് ആദ്യം വേണ്ടത് ജീവിച്ചിരിക്കുക എന്നതാണ്.

ജീവൻ കൈയിൽ പിടിച്ച് ഓടുന്ന ഒരാളോട് തത്വശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാൻ എങ്ങനെ കഴിയും?
മർവാനും അതേ ലോകത്തിന്റെ ഭാഗമാണ്. രോഗിയായ മകനെയും കൂട്ടി ഒരിക്കൽ അമേരിക്കയിലേക്ക് രക്ഷപ്പെടാമെന്ന സ്വപ്നം അയാൾ കാണുന്നു. അഭയാർത്ഥി പ്രതിസന്ധിയെ അയാൾ തന്റെ ബിസിനസാക്കി മാറ്റുന്നു. ഡോളർ വാങ്ങുന്നു. ഇരുപത്തിയെട്ട് പേർക്ക് കയറേണ്ട ബോട്ടിൽ മുപ്പത്തിരണ്ട് പേരെ കുത്തിനിറക്കുന്നു. ഗ്രീസിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. പക്ഷേ അവർ അവിടെ എത്തുമോ എന്നതിന് ഒരു ഉറപ്പും നൽകുന്നില്ല. കാരുണ്യം കാണിക്കാത്തത് അയാളുടെ ക്രൂരത മാത്രമല്ല; ആ ലോകത്തിന്റെ ക്രൂര യാഥാർഥ്യവുമാണ്. കാരണം, അവിടെ മനുഷ്യരുടെ എല്ലാ പ്രത്യയശാസ്ത്രങ്ങളും നോൺ വയലൻസും മൊറാലിറ്റിയും ഫിലോസഫികളും കടൽത്തീരത്ത് ഒളിച്ചുകിടക്കുന്ന ഒരു ചെറിയ ബോട്ടിന്റെ മുന്നിൽ പുകയായി അപ്രത്യക്ഷമാകുന്നു. വയറുനിറച്ച് സുരക്ഷിതമായി ജീവിക്കുന്നവരുടെ ഒരു ആഡംബര പ്രവർത്തനമായി മൊറാലിറ്റിയും ഫിലോസഫിയും നോൺ വയലൻസും ചിലപ്പോൾ മാറുന്നതായി തോന്നിപ്പോകുന്നത് അത്തരം നിമിഷങ്ങളിലാണ്.
ഒടുവിൽ, അവസരം കിട്ടുമ്പോഴെല്ലാം തന്നെ “നിഗ്ഗർ” എന്ന് വിളിച്ച് അപമാനിക്കുന്ന പങ്കാളിയെ കടൽത്തീരത്ത് വെടിവെച്ച് കൊല്ലുകയും, അതേ സംഘർഷത്തിൽ മർവാനും വെടിയേറ്റ് വീഴുകയും ചെയ്യുന്നു. ആ വെടിയൊച്ചയ്ക്കും മരണത്തിനും ഇടയിൽ ഒരു ഡാർക്ക് സ്‌ക്രീനിൽ വീണ്ടും കേൾക്കുന്ന അച്ഛന്റെയും മകന്റെയും സംഭാഷണം ഉള്ളിലേക്ക് കുത്തിക്കയറുന്നു.
“പപ്പാ… എന്നെ വിട്ടുപോകരുത്…”
“ഇല്ല… നീ ഈ മരുന്ന് കുടിക്ക്. നമുക്ക് പിന്നെ ചിക്കാഗോയിലേക്ക് പോകാം…”
“ചിക്കാഗോയോ? അതെവിടെയാണ്?”
“അത് അമേരിക്കയിലാണ്…”
“അവിടെ എനിക്ക് സ്‌കൂളിൽ പോകാൻ പറ്റുമോ?”
“പറ്റും…”
“അവിടെ എനിക്ക് വേറെ കുട്ടികളുമായി കൂട്ടുകൂടാൻ പറ്റുമോ?”
“പറ്റും…”
അങ്ങനെ സ്വപ്നം നെയ്ത ആ കൊച്ചു ബാലനാണ് മർവാൻ വെടി ഏറ്റു മരിച്ചതിനു ശേഷം ഒരു ബാക് ഷോട്ടിൽ കടലിനെ നോക്കി നിൽക്കുന്നത്. സിനിമകൾ ചിലപ്പോൾ നമ്മളുടെ ഉള്ളുലക്കുന്നത് ഇങ്ങനെ കൂടെ ആണ് !







No Comments yet!