Skip to main content

രോഹിത് വെമൂലയ്ക്കും നിധിന്‍ രാജിനുമിടയിലെ ദൂരമില്ലായ്മ

2016 ജനുവരിയിലാണ് രോഹിത് വെമൂല മരിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കുന്ന സമയത്താണ് രോഹിത് ആത്മഹത്യ ചെയ്യുന്നത്. കേരളത്തിലെ നിധിന്‍ രാജിന്റെ ആത്മഹത്യയുടെ വെളിച്ചത്തില്‍ രോഹിത് വെമൂലയെ ഓര്‍ത്തെടുക്കുകയാണ് ഈ ലേഖനം.

Rohith Vemula - Wikipedia
Rohith Vemula

രോഹിത് വെമൂലയുടെ മരണത്തോടുള്ള ഭരണകേന്ദ്രങ്ങളുടെ നിലപാടുകള്‍ നോക്കിയാല്‍ എങ്ങനെയാണ് ജാതി ഭരണസിരാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണാം. ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകും; അതില്‍ നിന്നും ഒരാള്‍ ജാതി പീഡനം കൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്തത് എന്ന് വേര്‍തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളൊന്നുമില്ല എന്നതായിരുന്നു ഒരു വാദം. മറ്റൊന്ന് രോഹിത് വെലൂലയുടെ ജാതിയെ തന്നെ നിഷേധിക്കുന്ന തരത്തില്‍ അദ്ദേഹം പട്ടികജാതിക്കാരന്‍ അല്ലെന്ന വാദമായിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിരവധി പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ഒടുവിലുണ്ടായ നിധിന്‍ രാജിന്റെ മരണം നോക്കിയാല്‍ അതില്‍ ലോണ്‍ ആപ്പിനെ പരിചയാക്കിക്കൊണ്ട് വിഷയത്തിനകത്തെ ജാതിയെ മറയ്ക്കാന്‍ ശ്രമിച്ചത് നമ്മള്‍ കണ്ടതാണ്. മറ്റൊന്ന് കുറ്റാരോപിതനായ അദ്ധ്യാപകന്‍ തന്നെ പട്ടികജാതിക്കാരന്‍ ആണെന്ന വ്യാജമായ കാര്യം പ്രചരിപ്പിച്ചതാണ്.

How many more student lives must be lost to campus harassment before the  @pinarayivijayan government wakes up and acts to make Keralam's colleges  safe? The tragic suicide of Nithin Raj at Anjarakandy
Nithin Raj

പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ മുന്‍പിലേക്ക് എത്തുന്ന ഏറ്റവും മുഖ്യമായ കാര്യം അത്തരം ആത്മഹത്യകള്‍ക്കകത്തുള്ള ജാതിപീഡനനങ്ങളെ നീതിപീഠങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന തെളിവുകളായി നിരത്താന്‍ കഴിയുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്. ജാതി വിവേചനം രൂക്ഷമായ പല ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനോ അവരുമായി ബൌദ്ധികമായ വിനിമയങ്ങളില്‍ ഏര്‍പ്പെടാനോ മുന്നാക്ക സമുദായങ്ങളില്‍ പെട്ട അധ്യാപകര്‍ തയ്യാറാകുന്നില്ല. പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികളെ സ്‌റാഫ് റൂമില്‍ പോലും കയറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇത്തരമൊരു പരാതി ആരെങ്കിലും ഉന്നയിച്ചാല്‍ ”സ്റ്റാഫ് റൂമിന്റെ മുന്‍പില്‍ പട്ടികജാതിക്കാര്‍ക്ക് പ്രവേശനമില്ല” എന്നെഴുതി വെച്ചിട്ടുണ്ടോ, അല്ലെങ്കില്‍ ഞാന്‍ പട്ടികജാതിക്കാരോട് മിണ്ടില്ല എന്ന് പറഞ്ഞിട്ടുണ്ടോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ബ്രോഷറില്‍ അങ്ങനെ എഴുതിവെച്ചിട്ടുണ്ടോയെന്ന എതിര്‍ ചോദ്യങ്ങളാവും കുറ്റാരോപിതരായ ആളുകളും സ്ഥാപനങ്ങളും ഉയര്‍ത്തുക. തീര്‍ച്ചയായും ഇങ്ങനെയൊന്നും പ്രത്യക്ഷത്തില്‍ ഉണ്ടാവില്ല. ആ നിലയ്ക്ക് ജാതി വിവേചനം അനുഭവിക്കുന്ന ആളുകള്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുക. ജാത്യാനുഭാവങ്ങളെ നിയമവ്യവസ്ഥ സ്വീകരിക്കുന്ന തെളിവുകളാക്കി എങ്ങനെ മാറ്റും എന്നതാണ് ജാതിവിവേചന പരാതികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.

രോഹിത് വെമൂലയുടെ ആത്മഹത്യാക്കുറിപ്പിലെ ആദ്യവാചകം ”നിങ്ങളിത് വായിക്കുമ്പോള്‍ ഞാനീ ഭൂമിയിലുണ്ടാവില്ല” എന്നായിരുന്നു. മരണത്തെ സ്വീകരിക്കാനുള്ള ഒരാളുടെ ഉറച്ചബോധ്യത്തേക്കാള്‍ ആ വാക്കുകളില്‍ തെളിഞ്ഞു നിന്നത് സ്വയം മരിക്കുകയെന്ന ഒരു തിരഞ്ഞെടുപ്പ് രോഹിത് എടുത്തുവെന്നതാണ്. അയാളുടെ വഴികളില്‍ എവിടെങ്കിലും പതിയിരുന്ന് പെട്ടന്ന് ആക്രമിച്ച മരണത്തെ രോഹിത് സ്വീകരിക്കുകയായിരുന്നില്ല മറിച്ച് മരിക്കുകയെന്ന തീരുമാനം അയാളുടെ ഹൃദയത്തില്‍ നിന്നുമുണ്ടാകുകയായിരുന്നു. സ്വയം മരിക്കുകയെന്നത് അയാളുടെ തിരഞ്ഞെടുപ്പായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ ഒരിടമായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയെ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നില്ലല്ലോ രോഹിത് അവിടെ പഠിക്കാന്‍ എത്തിയത്. ആ നിലയ്ക്ക് സ്വയം മരിക്കുകയെന്നത് രോഹിത് വെമൂലയുടെ ജീവിതലക്ഷ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ 2016 ജനുവരി 17 ന് മരണത്തിലേക്ക് നടന്നപ്പോള്‍ അദ്ധേഹത്തെ ആനയിക്കാന്‍ സ്ഥാപനതലത്തിലും സാമൂഹ്യതലത്തിലുമുള്ള ജാതിവിവേചനങ്ങളുടെ വലിയൊരു നിരതന്നെ കൂടെയുണ്ടായിരുന്നു. അവരുടെ ആര്‍പ്പു വിളികള്‍ക്കും കയ്യടികള്‍ക്കും മുന്‍പിലാണ് രോഹിത് വെമൂല ആത്മഹത്യ ചെയ്യുന്നത്. ആര്‍പ്പുവിളികളും കയ്യടികളും മുന്നിട്ടു നില്‍ക്കുമ്പോള്‍ ആത്മഹത്യകള്‍ പോലും ഒരാഘോഷമായി തെറ്റിദ്ധരിക്കുന്നത്ര സമൂഹം ജാതിവിവേചനങ്ങളോട് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നു എന്നതാണ് വാസ്തവം. ജാതി വിവേചനങ്ങളോട് ഇത്രമേല്‍ സംവേദനക്ഷമതയില്ലായ്മ പുലര്‍ത്തുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ എങ്ങനെയാണ് ഒരാളുടെ ജാത്യാനുഭവത്തെ ഒരു തെളിവാക്കി മാറ്റാന്‍ അയാള്‍ക്ക് കഴിയുകയെന്ന വെല്ലുവിളി ഒരു വശത്തും നിരന്തരം അനുഭവിക്കുന്ന ജാതിവിവേചനങ്ങളുടെ വേദന മറുവശത്തും പെരുകുമ്പോഴാണ് ഒരാള്‍ ”നിങ്ങളീക്കത്ത് വായിക്കുമ്പോള്‍ ഞാനീ ഭൂമിയിലുണ്ടാവില്ല” എന്നെഴുതുന്നത്.

B. R. Ambedkar - Wikipedia
B. R. Ambedkar

അംബേദ്കര്‍ മുന്നോട്ടുവെച്ച വിപ്ലവാത്മകമായ മുദ്രാവാക്യം ””Educate, Agitate and Organize’ എന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന് നാരായണഗുരു പറയുമ്പോള്‍ ഗുരുവും അംബേദ്കറും ഒരേപാതയിലാണ് സഞ്ചരിച്ചത്. കേവലം വിദ്യാഭ്യാസം നേടുക, ഒരു ജോലിയിലെത്തുക, മൂന്നുനേരം തിന്നുക, കൃത്യമായ ഇടവേളകളില്‍ ഉറങ്ങുക, ശൌചാലയത്തില്‍ ശരീരമാലിന്യങ്ങള്‍ നിക്ഷേപിക്കുക എന്നതായിരുന്നില്ല അംബേദ്കറും നാരായണഗുരുവും വിദ്യനേടുക എന്ന് പറഞ്ഞപ്പോള്‍ ഉദ്ധേശിച്ചത്. കറുത്ത ശരീരത്തെ വെളുപ്പിന്റെ സാംസ്‌കാരികമായ ഒരു മുഖംമൂടി വെച്ചുകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന കറുത്ത വംശജരുടെ ദയനീയതയെ പറ്റിയാണ് ഫ്രാന്‍സ് ഫനോന്‍ സംസാരിച്ചത്. കറുത്ത ശരീരങ്ങള്‍ക്കുള്ളില്‍ വെള്ളക്കാരന്റെ ബോധം പേറുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മനോവ്യാപരത്തെയാണ് ദു ബോയ്‌സ് Double Consciounsess എന്ന് വിളിച്ചത്. മുറ്റത്ത് കോലം വരച്ചുകൊണ്ടും നെറ്റിയില്‍ ബഹുനില കുറികളിട്ടും സസ്യഹാരികളായും ജാതിശ്രേണിയില്‍ ഉയരാന്‍ കഴിയുമെന്ന പിന്നാക്ക ജാതിയുക്തിയെ ആണ് എം എന്‍ ശ്രീനിവാസ് സംസ്‌കൃതവല്‍ക്കരണം അല്ലെങ്കില്‍ ആര്യവല്‍ക്കരണം എന്ന് വിളിച്ചത്. മുഖം വെളുപ്പിച്ചാല്‍ വെള്ളക്കാരന്‍ ആവില്ലെന്നും കുറി തൊട്ടാല്‍ ബ്രാഹ്‌മണര്‍ ആവില്ലെന്നും പറയുകയാണ് ഈ ചിന്തകര്‍ എല്ലാം. ബ്രാഹ്‌മണവല്‍ക്കരണമെന്നത് ജാതിയെന്ന ദുര്‍ഭൂതത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമാണ് എന്ന് ആളുകള്‍ കരുതുന്നു. സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് കാണാം ജാതിയുടെ യുക്തിയില്‍ തന്നെയാണ് സംസ്‌കൃതവല്‍ക്കരണവും നടക്കുന്നതെന്ന്. മുകളിലുള്ള ജാതികളോട് കൃത്യമായ അളവില്‍ വിധേയത്തം പുലര്‍ത്തുകയും തങ്ങള്‍ക്ക് താഴെ ചിലജാതികളെ നിര്‍മ്മിച്ചുകൊണ്ടാണ് ഇടജാതികള്‍ ബ്രാഹ്‌മണവല്‍ക്കരണം നടത്തുന്നത്. ബ്രാഹ്‌മണവല്‍ക്കരണത്തിലൂടെ തങ്ങളുടെ സമൂഹ്യനില ഉയര്‍ന്നതായി ചില ജാതികള്‍ സ്വയം കരുതുന്നു എന്നതിനപ്പുറം ജാതിയുടെ മൂല്യബോധത്തിനകത്ത് അവരുടെ സമൂഹ്യനില ഉയരുന്നില്ല എന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് ആളുകള്‍ ബ്രാഹ്‌മണവല്‍ക്കരണത്തില്‍ അഭിരമിക്കുന്നത്. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് രോഹിത് വെമൂല തന്റെ ആത്മഹത്യാക്കുറിപ്പില്‍ ”ഇന്ത്യയില്‍ ഒരാളുടെ മൂല്യം അയാളുടെ ജാതിയും വോട്ടും മാത്രമായി ചുരുങ്ങിപ്പോകുന്നു” എന്ന് എഴുതുന്നത്. ബ്രാഹ്‌മണവല്‍ക്കരണത്തിലൂടെ സാമൂഹ്യമായി സ്വയം ഉയര്‍ന്നു എന്ന് കരുതുന്നവര്‍ തങ്ങള്‍ ബ്രഹ്‌മത്തില്‍ എത്തിയതായി സങ്കല്‍പ്പിക്കുന്നു. മേലാള ജാതികളില്‍ നിന്നും ബഹുകാതമകലെയാണ് തങ്ങളുടെ സാമൂഹ്യപദവിയെന്ന് അനുഭവത്തിലൂടെ അറിഞ്ഞിട്ടും അതിനെ കണ്ടില്ലെന്ന് നടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ജാതി വിവേചനങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നില്ലെന്നും അതൊക്കെ പട്ടികജാതിക്കാര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട സംഗതികളല്ലെ എന്ന് ആളുകള്‍ കരുതുന്നു. ഈ ചിന്ത ഇന്ത്യ മുഴുവന്‍ വേരുപിടിച്ചത് കൊണ്ടാണ് രോഹിത് വെമൂലയെ പോലുള്ളവരുടെ ആത്മഹത്യകള്‍ ഒരു മാനവിക പ്രശ്‌നമായി ആളുകള്‍ കരുതാതെ അവയൊക്കെ കേവലം പട്ടികജാതി പ്രശ്‌നമായി കരുതി കണ്ടില്ലെന്ന് നടിക്കുന്നത്. ഈ വീക്ഷണ വ്യതിയാനമാണ് ഇന്ത്യയില്‍ ഇന്നും ജാതി വിവേചനം തുടരുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. സ്വയം അനുഭവിക്കുന്ന ജാതി വിവേചനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും സ്വയം ഒരു ജാതിവാദിയാകുകയും ചെയ്യുന്നതിനെയാണ് സംസ്‌കൃതവല്‍ക്കരണം എന്ന് പറയുന്നത്.
ജീവിക്കുന്നതിനേക്കാള്‍ സന്തോഷം മരിക്കുന്നതിലാണെന്ന് രോഹിത് വെമൂല പറഞ്ഞത് തത്വചിന്താപരമായിരുന്നില്ല. അതൊരു കാവ്യാത്മകമായ ഭാവനയുമായിരുന്നില്ല. എഴുമാസത്തെ സ്‌കോളര്‍ഷിപ്പ് കിട്ടാനുണ്ടെന്നും അത് കൃത്യമായി മേടിച്ച് ഒരു വീതം തനിക്ക് ജീവിക്കാന്‍ വേണ്ട പണം തന്നെ രാംജിക്ക് കൊടുക്കണമെന്നും ബാക്കി തന്റെ കുടുംബത്തിന് കൊടുക്കണമെന്നും രോഹിത് പറയുമ്പോള്‍ അതിലുള്ളത് ആത്മഹത്യയെ മഹത്വവല്‍ക്കരിക്കുന്ന ഒന്നുമല്ല മറിച്ച് വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരു ലോകത്തില്‍ രണ്ടുനേരവും മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ മനുഷ്യരുടെ നിലവിളികള്‍ മാത്രമാണ്. I am just empty എന്ന് രോഹിത് എഴുതുമ്പോള്‍ സമൂഹം ഓര്‍ക്കേണ്ടത് കുന്നോളം സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു ഹൃദയത്തോടെയാണ് അയാള്‍ മരണത്തിലേക്ക് നടന്നതെന്നാണ്. ആ ഹൃദയത്തെ ശൂന്യമാക്കിയ ജാത്യാനുഭാവങ്ങളെ, അയാളെ വെറുമൊരു പട്ടികജാതിക്കാരന്‍ മാത്രമാക്കിയ ഭരണകൂട നിസംഗതകളെ, നീ ഈ ലോകത്തില്‍ ജീവിക്കാനര്‍ഹതയില്ലാത്തവനാണ് എന്ന് ഉറക്കെയുറക്കെ പറഞ്ഞുപഠിപ്പിച്ച സാമൂഹ്യനിയന്ത്രണങ്ങളുടെ ക്രൂരതകളെ കണ്ടില്ലെന്ന് നടിച്ചാല്‍ മാത്രമേ വെമൂലയുടെ മരണം ഒരു പട്ടികജാതി പ്രശ്‌നം മാത്രമാണെന്ന് കരുതാന്‍ കഴിയൂ. ആ മരണമൊരു പട്ടികജാതി പ്രശ്‌നം പോലുമല്ലെന്ന് തെളിയിക്കാനാണ് ഭരണകൂടം ശ്രമിച്ചത് എന്നത് എത്രമേല്‍ നമ്മള്‍ ജാതി പ്രശ്‌നങ്ങളോട് മുഖം തിരിച്ചാണ് നില്‍ക്കുന്നതെന്ന് വെളിപ്പെടുത്തുന്നു.
വ്യംഗ്യവും സൂക്ഷ്മവുമായ ജാതി വിവേചനങ്ങളെ കൃത്യമായ തെളിവുകളായി പൊതുസമൂഹത്തിനു മുന്‍പിലോ കോടതികള്‍ക്ക് മുന്‍പിലോ അന്വേഷണ കമ്മീഷനുകള്‍ക്ക് മുന്‍പിലോ കൊണ്ടുവരാന്‍ കഴിയണമെന്നില്ല. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാമെന്നാണ് ഭരണകൂടവും പൊതുസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും ആലോചിക്കേണ്ടത്. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ ജീവന്‍ നമുക്ക് രക്ഷിക്കാന്‍ കഴിയുമായിരുന്നു. കുഞ്ഞ് നേരിടുന്ന ക്രൂരതകളെ പറ്റി അറിഞ്ഞ ആളുകളില്‍ ആരെങ്കിലും വിചാരിച്ചിരുന്നുവെങ്കില്‍ ആ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഇത് തന്നെയാണ് രോഹിത് വെമൂലമാരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആളുകള്‍ നേരിടുന്ന വ്യക്തിതലത്തിലും സ്ഥാപനതലത്തിലും നടക്കുന്ന ജാതി വിവേചനങ്ങളെ കണ്ടില്ലെന്ന് നടിക്കാതെ അവയെ അഭിസംബോധന ചെയ്യാനും പ്രശ്‌നപരിഹാരത്തിന് ഉടനടി നടപടികള്‍ കൈക്കൊള്ളുകയും ചെയ്താല്‍ എത്രയോ കൊലപാതകങ്ങളും ആത്മഹത്യകളും ഒഴിവാക്കാന്‍ കഴിയും. സംവരണത്തെ തങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്ന ഒന്നായിക്കാണുന്ന മുന്നാക്ക വിഭാഗക്കാരുടെ മനോഭാവവും, സംസ്‌കൃതവല്‍ക്കരണത്തിലൂടെ തങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ മറികടക്കാനുള്ള മധ്യമജാതികളുടെ വെമ്പലും ഒത്തുചേരുമ്പോള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന ജാതി വിവേചനങ്ങളോട് നിസ്സംഗത പുലര്‍ത്തുന്നതാണ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമെന്ന തലതിരിഞ്ഞ ചിന്താഗതി പിന്നാക്ക ജാതികള്‍ക്കിടയില്‍ ഉണ്ടെന്ന് കരുതേണ്ടി വരും. ഭാവനയില്‍ മാത്രമുള്ള ആര്‍ഷഭാരത സംസ്‌കാരത്തിലൂന്നിയ ഏകാശിലാത്മകമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാനുള്ള രാഷ്ട്രീയ -സാംസ്‌കാരിക ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ അതുമായി സന്ധിചേരാനുള്ള പിന്നാക്ക ജാതികളുടെ സന്നദ്ധത ഫലത്തില്‍ ജാതിവിവേചനങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.ജാതിമൂല്യങ്ങള്‍ വര്‍ത്തമാന ഇന്ത്യയില്‍ വളര്‍ന്നു പന്തലിക്കുന്നു എന്നതിനോടൊപ്പം ജാതി വാദങ്ങള്‍ക്ക് വലിയ തോതിലുള്ള സമ്മതി കൂടി ഉണ്ടാകുന്നു എന്നതാണ് കൂടുതല്‍ അപകടകരമായ സംഗതി. നിധിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായ ആളുകളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക എന്നത് കേവലം നിധിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നതിനപ്പുറം ജാതിക്കെതിരെ നിലകൊള്ളുന്ന ഒരു സമൂഹമായി നമ്മളെത്തന്നെ പുതുക്കിപ്പണിയാനുള്ള ഒന്നായിട്ടാവണം നമ്മള്‍ കരുതേണ്ടത്. ജാതി വിവേചനങ്ങള്‍ വ്യക്തിക്ക് എതിരായിടുള്ള ക്രൂരതകള്‍ മാത്രമല്ല അതൊരു സമൂഹത്തിനകത്തെ സാമൂഹ്യ വൈകൃതങ്ങളുടെ പ്രതിഫലനം കൂടിയാണ്. ജാതി വിവേചനം ഒരു സാമൂഹ്യ വൈകൃതമാണ്. ജാതി ഒരാളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്നതില്‍ സമൂഹത്തിന് ഒന്നും പറയാനില്ല എന്നാല്‍ ഒരാളുടെ ജാതികൊണ്ട് മറ്റൊരാളുടെ ജീവിതത്തെ ഇല്ലാതാക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ സമൂഹവും ഭരണകൂടവും ഇടപെടണം.

No Comments yet!

Your Email address will not be published.