Skip to main content

ചെരിപ്പും പാദവും

1

പാദം
ഇപ്പോൾ ചെരുപ്പ് ധരിക്കാറില്ല.
ചെരിപ്പുകളൊക്കെ
പാദങ്ങളെ ധരിക്കുന്നു.

2

ചില പാദങ്ങളിൽ
ചെരുപ്പ് ഇല്ലായിരുന്നു
ചില ചെരുപ്പുകളിൽ
പാദമില്ലായിരുന്നു.
ചില പാദങ്ങൾ
സ്വയം ഇത്രയും ഹീനമെന്നു വിചാരിച്ചിരുന്നു
എന്തെന്നാൽ
ചെരുപ്പിനുള്ളിൽ കയറിപ്പറ്റാനുള്ള ധൈര്യം
അവയ്ക്കുണ്ടായിരുന്നില്ല.

3

ഓർക്കാപ്പുറത്ത്
ചില പാദങ്ങൾ
മഹത്വമാർന്നതും ശ്രേഷ്ഠവുമായി.
അവയ്ക് ചെരിപ്പുകൾ കിട്ടിയില്ല
കുറച്ചു ചെരിപ്പുകൾ വളരെ വലുതായിപ്പോയി
അവയ്ക്ക് പാദങ്ങൾ കിട്ടിയില്ല.

4

ചില പാദങ്ങൾ
വിയർത്തു കുളിച്ച്
നിരത്തിലൂടെ ഓടുന്നുണ്ടായിരുന്നു
ഓടി ഓടി തളർന്നപ്പോൾ
നിന്നിടത്ത് നിന്ന്
ഒരടിപോലും നീങ്ങിയിട്ടില്ലെന്നു
അവയ്ക്ക് മനസ്സിലായി.

5

ചില പാദങ്ങൾ ചിറക് മുളപ്പിച്ച്
ശൂന്യതയിൽ നിന്ന്
പറന്ന്‌ പൊങ്ങാൻ പഠിച്ചു
അവ
പൊടി നിറഞ്ഞ വഴികളിൽ
വല്ലപ്പോഴുമേ ഇറങ്ങിയുള്ളു.
ഏറ്റവുമധികം ചെരിപ്പുകൾ അടിഞ്ഞുകൂടിയതും
അവയുടെ അടുത്തായിരുന്നു.

***


കവിപരിചയം

ദുർഗാ പ്രസാദ് പാണ്ഡെ

1970 ൽ ഒഡീഷ്യയിലെ ബാരിപദയിൽ ജനനം. ഒഡിയയിലും ഇംഗ്ലീഷിലും എഴുതുന്ന ഒരു പ്രശസ്ത ദ്വിഭാഷാ കവിയും, വിവർത്തകനും, നിരൂപകനും. ഏകാന്തതയെയും മനുഷ്യപ്രകൃതിയെയും കുറിച്ചുള്ള ആഴത്തിലുള്ള പര്യവേക്ഷണത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ കൃതികൾ പ്രശസ്തമായ സാഹിത്യ ജേണലുകളിലും സമാഹാരങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴത്തിലുള്ള വൈകാരിക പ്രതിധ്വനിയും ആധുനിക ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണവും കൊണ്ട് വേറിട്ടുനിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകളും വിമർശനാത്മക ലേഖനങ്ങളും. അധികാര വ്യവസ്ഥിതികളെയും മണിപ്പൂർ സംഘർഷം ഉൾപ്പെടെയുള്ള സമകാലിക സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും അദ്ദേഹം തൻ്റെ കവിതകളിലൂടെ വിമർശിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഇംഗ്ലീഷ് കവികളിൽ ഒരാളായ ജയന്ത മഹാപാത്രയുടെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള മികച്ച ഗവേഷകനാണ് ദുർഗ്ഗ പ്രസാദ്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച Jayanta Mahapatra : A Reader എന്ന പുസ്തകം സമാഹരിച്ചതും എഡിറ്റ് ചെയ്തതും ഇദ്ദേഹമാണ്.
കവിതാ രംഗത്തെ സമഗ്ര സംഭാവനകൾക്കായി 2012-ൽ അദ്ദേഹത്തിന് വസന്ത് മുദുലി കവിതാ പുരസ്കാരം ലഭിച്ചു.2019-ൽ നടന്ന 39-ാമത് വേൾഡ് കോൺഗ്രസ് ഓഫ് പോയറ്റ്സിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ദുർഗാ പ്രസാദാണ്. ഇന്ത്യയിലെ പ്രമുഖ സാഹിത്യോത്സവമായ കലിംഗ ലിറ്റററി ഫെസ്റ്റിവലിൽ അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.


വിവര്‍ത്തക പരിചയം :

മിനി. പി എസ്.

മിനി അനാമിക എന്ന പേരിൽ എഴുതുന്നു. തിരുവനന്തപുരം സ്വദേശി. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം.

No Comments yet!

Your Email address will not be published.