Skip to main content

ചെകുത്താനതിന്റെ പോഞ്ചോ എന്ന കുപ്പായം എങ്ങനെ, എവിടെ, നഷ്ടപ്പെട്ടു

‘അതാണു കാര്യം സുഹൃത്തേ. എനിക്കെന്റെ തല നഷ്ടപ്പെട്ടു. വന്യയായ ഒരു കോവര്‍ക്കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു ഞാന്‍. അതിന്റെ പാദാധാങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ ഞാത്തിയിട്ടിരിക്കുകയായിരുന്നു. പോഞ്ചൊ എന്ന കുപ്പായം നഷ്ടപ്പെട്ട ചെകുത്താന്റെ നാട്ടില്‍ നിന്നു വന്നവളാണവള്‍.”

തന്റെ യുവത്വത്തിലെ സാഹസങ്ങളില്‍ ഒന്ന് എന്റെ സുഹൃത്തായ ഡോണ്‍ അഡെയോഡാറ്റൊ ഡെ ല മെന്റിറോള അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. കേണല്‍ സന്‍ഹ്വേനയ്‌ക്കൊപ്പം രാജാവിനു വേണ്ടി ആയുധമെടുത്തവരില്‍ ഒരാളാണ് ഡോണ്‍ അഡെയോഡാറ്റൊ. ഇന്നും അയാള്‍ കാംക്ഷിക്കുന്നത് ഫെര്‍ണാണ്ടൊ ഏഴാമന്റെ പിതൃനിര്‍വിശേഷമായ ഭരണരീതിയാണ്, അല്ലാതെ റിപബ്‌ളിക്കന്‍ സര്‍ക്കാരുകളല്ല. അത് സിദ്ധാന്തത്തിലായാലും പ്രയോഗത്തിലായാലും അങ്ങനെയാണ്. ഈ ബലഹീനത അഥവാ സ്വഭാവത്തിലെ സവിശേഷത ഒഴിച്ചു നിര്‍ത്തിയാല്‍ എന്റെ സുഹൃത്തായ ഡോണ്‍ അഡെയോഡാറ്റൊ തീര്‍ത്തും വിലയേറിയ ഒരു ആഭരണം തന്നെയാണ്. ലീമയിലെ സ്ത്രീകളുമൊത്ത് ബൊളീവാര്‍ നടത്തുന്ന വിഷയലമ്പടത്തത്തെക്കുറിച്ച് അയാളോളം അറിവുള്ളവര്‍ ആരുമുണ്ടാകില്ല. അതുപോലെ രാജാക്കന്മാരുടെ നഗരത്തില്‍ പണ്ടുണ്ടായിട്ടുള്ള കിംവതന്തികളുടെ ഓരോ അദ്ധ്യയാവും ഖണ്ഡികയും ഉദ്ധരിക്കാനാകുന്ന മറ്റൊരു വ്യക്തിയുമുണ്ടാകില്ല. സത്യസന്ധമായി അയാള്‍ കാര്യങ്ങള്‍ വിവരിക്കും. അതു വിവരിക്കുമ്പോള്‍ അക്കാര്യങ്ങളില്‍ കാണിക്കുന്ന പരിചയം അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. എനിക്കാകട്ടെ മരിച്ചുമണ്ണടിഞ്ഞ് മണ്ണില്‍ നിന്ന് ഡെയ്‌സിപൂക്കളെ ഉയര്‍ത്തിവിടുരുന്നവരുടെ ജീവിതകഥകള്‍ അറിയുന്നതിനൊരിക്കലും അടങ്ങാത്ത ജിജ്ഞാസയും ദാഹവുമുണ്ട്. അതിനാല്‍ ഉടുപ്പിന്റെ കുപ്പായം പോലെ ഞാന്‍ അയാള്‍ക്കൊപ്പമുണ്ടാകും. ഡോണ്‍ അഡെയോഡാറ്റൊ തന്റെ നാക്കിന്റെ കെട്ടഴിക്കുമ്പോള്‍ ഒപ്പമുണ്ടാകും.

”എവിടെ വച്ച് എങ്ങനെയാണാ ചെകുത്താനു തന്റെ പോഞ്ചൊ നഷ്ടമായത്?”

ഞാന്‍ അയാളോട് ചോദിച്ചു.

”എന്താണിത്! നീ കവിതയെഴുതുന്നവനല്ലേ. ചരിത്രകാരനും കഥയെഴുത്തുകാരനുമാണെന്നു നടിക്കുന്നവനുമല്ലേ. പല വര്‍ത്തമാനപത്രങ്ങളിലും നീ എഴുതിയതെല്ലാം അച്ചടിച്ചു വന്നിട്ടുണ്ടല്ലോ. നീ ഒരു കോണ്‍ഗ്രസുകാരനായിരുന്നു. എന്നിട്ടും രണ്ടു വയസ്സുള്ള കുട്ടികള്‍ക്കറിയുന്നതുപോലും അറിയില്ല എന്നു പറയുന്നോ? `രാജ്യത്തിന്റെ ജനനത്തിനു` ശേഷം ഇതാണിപ്പോള്‍ ഇവിടത്തെ സാഹിത്യത്തിന്റെ അവസ്ഥ. ഉണക്കയിലകളും പതിരും. കാക്കപ്പൊന്ന്, അല്ലാതൊന്നുമില്ല.”

”എന്നോട് ക്ഷമിക്കണേ ഡോണ്‍ അഡെയോഡാറ്റൊ. ഞാന്‍ എന്റെ അറിവില്ലായ്മ തുറന്നു സമ്മതിക്കുന്നു. താങ്കള്‍ പറഞ്ഞു തരണം എന്നും അഭ്യര്‍ത്ഥിക്കുന്നു. അറിയാത്തവര്‍ക്ക് ജ്ഞാനം പകര്‍ന്ന് കൊടുക്കുക എന്നത് കൃസ്തീയ തത്ത്വസംഹിതയുടെ ഭാഗമാണല്ലോ.”

എന്റെ വിനീതത്വം അയാളുടെ പൊങ്ങച്ചത്തിനുതകുന്നതായി. അയാള്‍ ഒരു സിഗരറ്റിനു തീ കൊടുത്ത് ചാരുകസേരയില്‍ നിവര്‍ന്ന് കിടന്നു. എന്നിട്ട് താഴെപ്പറയുന്ന കഥയിലേക്ക് പ്രവേശിച്ചു. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ യേശുവോ ശിഷ്യഗണങ്ങളോ ആന്ദെസ് മുറിച്ചു കടക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിട്ടില്ല. (എന്നാല്‍ സെയ്ന്റ് തോമസ് അമേരിക്കയില്‍ സുവിശേഷങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ജ്ഞാനികളായ ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.) അതുപോലെ അക്കാലത്ത് ടെലിഗ്രാഫ് സംവിധാനമൊന്നുമില്ലായിരുന്നു എന്നും നിങ്ങള്‍ക്കറിയാം. ടെലിഗ്രാഫ്, ആവിക്കപ്പല്‍, പ്രിന്റിങ്ങ് പ്രസ് എന്നിവയൊന്നുമില്ലായിരുന്നു എന്ന്. എന്നാല്‍ ഇതെല്ലാം തത്കാലത്തേക്ക് മറന്നേക്കൂ. ഞാന്‍ കഥയിലേക്ക് കടക്കാം. ഞാന്‍ കേട്ടതെങ്ങനെയാണോ അതുപോലെ പറയാം.

1

നമ്മുടെ പ്രഭുവായ യേശു ക്രിസ്തു ഒരു കഴുതയുടെ പുറത്ത് ലോകസഞ്ചാരം നടത്തി അന്ധനു കാഴ്ച നല്‍കിയും, മുടന്തന്റെ മുടന്തു നേരെയാക്കിയും നടന്നിരുന്ന കാലം. അദ്ദേഹം അങ്ങു ദൂരെവരെ മണലല്ലാതെ മറ്റൊന്നും കാണാത്ത ഒരിടത്തെത്തി. അതില്‍ അവിടവിടെ ഒരു പനമരം തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം. അതിലൊന്നിന്റ തണലില്‍ ഈ ദിവ്യനായ ഗുരുനാഥന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്കൊപ്പം വിശ്രമിച്ചു. ശിഷ്യഗണങ്ങളാകട്ടെ അവരറിയാതെയെന്നപോലെ അവരുടെ സഞ്ചികളില്‍ ഈന്തപ്പഴം പെറുക്കി നിറച്ചു.
മുന്നില്‍ അനന്തമായി നീളുന്ന മണലാരണ്യമായിരുന്നു. ദൈവത്തിനെ പോലെ ആദിയും അന്തവുമില്ലാത്തത്. ഇരുട്ടായിത്തുടങ്ങിയിരുന്നു. നക്ഷത്രങ്ങള്‍ അലങ്കരിച്ച ആകാശത്തിനു കീഴെ അന്തിയുറങ്ങേണ്ടി വരിക എന്നതിന്റെ വിഷമം യാത്രക്കാരിലുണ്ടായിരുന്നു. അവരങ്ങനെ അതിനെക്കുറിച്ചോര്‍ത്ത് വിഷമിച്ചുകൊണ്ടിരിക്കെ അവസാനത്തെ സൂര്യരശ്മി ഒരു നിഴല്‍ ചിത്രം പോലെ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു.
യേശു കൈകള്‍ സന്ദര്‍ശകനെ കൂടുതല്‍ നന്നായി കാണാനെന്നതുപോലെ കണ്ണിനു മുകളില്‍ വച്ചു.

”അവിടെ ഒരു പട്ടണം കാണുന്നു. നിനക്ക് ഭൂമിശാസ്ത്രവും ഗതാഗതനിയന്ത്രണവുമറിയാമല്ലോ പത്രോസേ. അതേതു പട്ടണമാണെന്നു പറയാമോ?”

തനിക്കു ലഭിച്ച അഭിനന്ദനത്തില്‍ തൃപ്തനായി പത്രോസ് തന്റെ ചുണ്ടൊന്നു നക്കി.

”അത് ഐക എന്ന പട്ടണമാണ് പ്രഭോ?”

അപ്പോസ്തലന്മാരെല്ലാം അവരുടെ കഴുതകളെ തിരഞ്ഞു. അവയെ തൊഴിച്ച് എഴുന്നേല്പിച്ചു. സംഘം ആ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പട്ടണത്തിനു പുറത്തെത്തിയപ്പോള്‍ അവര്‍ സ്വയമൊന്നു സുന്ദരരാകാന്‍ തീരുമാനിച്ചു. മീശയിലും കൃതാവിലും ജൂദായിലെ ലേപനം തേച്ചു. പാദരക്ഷകളുടെ വള്ളികള്‍ മുറുക്കി. ളോഹയിലേയും മറ്റു വസ്ത്രങ്ങളിലേയും പൊടിയൊക്കെ തട്ടിക്കളഞ്ഞു. അതിനു ശേഷം അവര്‍ തുടര്‍ യാത്രയ്ക്ക് തയ്യാറായി. അതിനു മൂമ്പ് തന്റെ ഇഷ്ട അപ്പോസ്തലനു യേശുവിന്റെ ഒരു ഉപദേശം ലഭിച്ചു.

”ഒരു കാര്യം ഓര്‍ത്തിരിക്കണം പത്രോസേ. അവിടെയെത്തിയാല്‍ ഒരു കാരണവശാലും നീ കോപാകുലനായി മനുഷ്യരുടെ ചെവിയറുത്തിടരുത്. നിന്റെ മുന്‍ കോപം പലപ്പോഴും നമ്മെ വൈഷമ്യങ്ങളിലെത്തിച്ചിട്ടുണ്ട്.”

അപ്പോസ്തലന്‍ അതു കേട്ട് ലജ്ജിച്ചു. കണ്ണിന്റെ വെള്ളപോലെ വിളറി വെളുത്തു. അയാള്‍ കരുണയുള്ളവനും പശ്ചാത്തപിക്കുന്നവനുമായി അപ്പോള്‍ കണ്ടു എന്നാരും പറയില്ല. ഐകയിലെ ജനങ്ങള്‍ അവര്‍ക്കായി ചുവന്ന പരവതാനി വിരിച്ചു എന്നു തന്നെ പറയാം. പട്ടണവാസികളുടെ വിശിഷ്ടരായ അതിഥികളായിരുന്നു അവര്‍. അവര്‍ക്ക് യാത്ര തുടരണമെന്നുണ്ടായിരുന്നു എങ്കിലും അവരെ തങ്ങളുടെ അന്നത്തെ അതിഥികളാക്കാന്‍ പട്ടണവാസികള്‍ക്ക് കാരണങ്ങള്‍ അനേകമുണ്ടായിരുന്നു. ഒരാഴ്ചത്തോളം പട്ടണവാസികള്‍ അവരുടെ സാന്നിദ്ധ്യം ആഘോഷമാക്കി. അതിനാല്‍ തുടര്‍ യാത്രയ്‌ക്കൊരുങ്ങാന്‍ അവര്‍ക്ക് ഒരാഴ്ചയെടുത്തു.

അക്കാലത്തെ ഏറ്റവും മികച്ച് ബ്രാണ്ട് വീഞ്ഞ് വെള്ളം പോലെ ഒഴുകി. അതില്‍ ഏലില്യാസ്, ബോസ യ ഫല്‍കോനി എന്നിവയൊക്കെയുണ്ടായിരുന്നു. ആ എട്ടു ദിവസങ്ങളില്‍ ഐക സ്വര്‍ഗ്ഗതുല്യമായി. ഡോക്ടര്‍മാര്‍ക്ക് ജോലിയില്ലാതായി, മരുന്നുകടകളില്‍ കച്ചവടമില്ലാതായി. ആര്‍ക്കും പല്ലുവേദന വന്നില്ല. അഞ്ചാം പനിയുടെ ഏറ്റവും ചെറിയ വകഭേധം പോലും പ്രത്യക്ഷപ്പെട്ടില്ല.

നോട്ടറികളുടെ പേനകള്‍ക്ക് തുരുമ്പു കയറി. കാരണം അക്കാലത്ത് അവര്‍ക്ക് മുന്നില്‍ ഒരു പരാതി പോലും വന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകളുണ്ടായില്ല. അമ്മായിയമ്മ മരുമകള്‍ പോരുകള്‍ പ്രസിദ്ധങ്ങളാണെങ്കിലും അക്കാലത്തതുമുണ്ടായില്ല. സത്യമായും അതൊരു അത്ഭുതമായിരുന്നു. അമ്മായിയമ്മ മരുമകള്‍ പോരിന്റെ വിഷം പോലും ഇല്ലാതാകുന്ന മഹാത്ഭുതം.

സര്‍വ്വലോകങ്ങളിലും ഏറ്റവും നന്മനിറഞ്ഞതെന്തോ അതാണപ്പോള്‍ ഐകയില്‍ താമസിക്കുന്നത്. ആ പട്ടണത്തില്‍ അതിനാല്‍ ശാന്തിയും സന്തോഷവും നിറഞ്ഞാടി.

ഐകയിലെ സ്ത്രീകളുടെ കരുണ, വശ്യത, സൗന്ദര്യം എന്നിവ സെയ്ന്റ് ജോണിനെക്കൊണ്ട് കവിതയെഴുതിപ്പിച്ചു. അത് അന്നു തന്നെ എല്‍ കൊമേര്‍സിയോ, നാഷ്യോനല്‍, പാട്രിയ എന്നീ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഒരു മദ്യ ചഷകത്തില്‍ നിന്നടുത്തതിലേക്ക് നീങ്ങുന്നതിനിടയില്‍ ഐക പട്ടണവാസികള്‍ കവിയായ അപ്പോസ്തലനെക്കൊണ്ട് വെളിപാടുപുസ്തകമെഴുതാമെന്ന് സമ്മതിപ്പിച്ചു.

പിണ്ടാറിന്റെ കവിതപോലെ, അനശ്വരം
വിവേകത്തിന്റെ കമ്മിയുണ്ടെങ്കിലും, പ്രതിഭ വെട്ടിത്തിളങ്ങുന്നത്?
എന്നാണതിനെക്കുറിച്ച് എന്റെ ഒരു സുഹൃത്തു പറഞ്ഞത്.
അങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊന്നായി എട്ടാം ദിവസത്തിന്റെ അവസാനമെത്തി. അപ്പോഴാണ് പ്രഭുവിനൊരു ടെലിഗ്രാം ലഭിക്കുന്നത്. അദ്ദേഹമുടന്‍ ജറുസലേമിലേക്കു മടങ്ങിയില്ലെങ്കില്‍ നല്ല ശമരിയക്കാരായ സ്ത്രീകള്‍ മഗ്ദലന മറിയയുടെ മുടിയെല്ലാം പിഴുതെടുക്കും എന്നും ആ സ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ അവന്റെ പാത തടയാന്‍ അവര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അതിലുണ്ടായിരുന്നു.

”പത്രോസെ, നമുക്ക് ഒരാത്മാവുപോലുമറിയാതെ നാളെ ഇവിടെ നിന്ന് യാത്രതിരിക്കണം. അതിനു വേണ്ട ഏര്‍പ്പാടുകള്‍ നീ യുക്തം പോലെ ചെയ്യണം. ചിലപ്പോഴൊക്കെ നമുക്ക് ഫ്രഞ്ച് ലീവ് അതായത് അനുമതിയില്ലാത്ത അവുധി എടുക്കേണ്ടി വരും.”

പത്രോസ് പദ്ധതികള്‍ തയ്യാറാക്കി. മറ്റുള്ളവരെ അറിയിച്ചു. നേരം വെളുക്കും മുമ്പേ അതിഥികള്‍ അവരുറങ്ങിയിരുന്ന വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി.

പിറ്റേന്ന് പട്ടണത്തിന്റെ കൗണ്‍സില്‍ ഒരു പ്രണസംഗീതസദസ്സു സംഘടിപ്പിച്ച് അതിഥികളെ അത്ഭുതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. അവരെല്ലാം ഉണര്‍ന്ന് വസ്ത്രം ധരിച്ചു നോക്കിയപ്പോള്‍ അതിഥികളില്ല. എന്തു ചെയ്യണം എന്നവര്‍ക്കറിയാതെയായി. അവരുടെ അതിഥികള്‍ അപ്പോഴേക്കും ഹുവാകാചിന തടകവും കടന്ന് ചക്രവാളത്തില്‍ അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.

അന്നു മുതല്‍ ഹുവാകാചിന തടാകത്തിലെ വെള്ളത്തിനു സര്‍വ്വരോഗങ്ങളേയും ശമിപ്പിക്കാനുള്ള കഴിവുണ്ട്. സര്‍വ്വരോഗങ്ങളും എന്നതില്‍ നിന്നു പക്ഷേ കാട്ടുകുരങ്ങന്മാരുടെ കടി മാത്രം ഒഴിവാക്കപ്പെട്ടിരുന്നു.
പട്ടണം വിട്ട് നാഴികകള്‍ പിന്നിട്ടപ്പോള്‍ യേശു അവസാനമായി തിരിഞ്ഞു നോക്കി. എന്നിട്ട് ”ആ സ്ഥലത്തെ ഐക എന്നാണു വിളിക്കുന്നതെന്നല്ലേ പറഞ്ഞത് പത്രോസേ” എന്നു ചോദിച്ചു.
”അതെ സര്‍. ഐക.”
”എന്തൊരു നല്ല സ്ഥലമാണത്.”
തന്റെ വലതു കൈ ഉയര്‍ത്തി യേശു ആ സ്ഥലത്തെ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ അനുഗ്രഹിച്ചു.

2

ലീമയിലെ വര്‍ത്തമാന പത്രങ്ങളെല്ലാം തന്നെ ആ സന്ദര്‍ശകര്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വിശദാംശങ്ങള്‍ പുഷ്പാലംകൃതമായ വാക്കുകളാലും പൂങ്കുലകളാലും വര്‍ണ്ണിച്ചു. യൂറോപ്പിലേക്കുള്ള ആദ്യത്തെ തപാല്‍ ബോട്ട് വഴി ചെകുത്താനീ വിവരങ്ങളെല്ലാം ലഭ്യമായി.

അതു കേട്ട് കാചാനൊ അസൂയകൊണ്ട് ചുണ്ടു കടിച്ചു എന്നാണവര്‍ പറയുന്നത്. തെമ്മാടിയായ, പന്നിയുടെ മൂക്കുള്ള അവന്‍ ആശ്ചര്യപ്പെട്ടു.

”എന്തു നാശമാണത്! ഞാനും അവനെപ്പോലെ മികച്ചവനാണ്. ഇതു വല്ലാതെ ശല്യമാകുന്നു…..ആരും എന്നെ മറികടക്കരുത്.” എന്നാശ്ചര്യപ്പെട്ടു.

അയാളുടന്‍ തന്റെ സദസ്സിലെ പന്ത്രണ്ടംഗങ്ങളെ വിളിച്ചു. അവരോട് അപ്പോസ്തലന്മാരെപ്പോലെ വേഷം മാറാന്‍ ആവശ്യപ്പെട്ടു. കുകുഫൊയ്ക്ക് മെയ്ക്ക്-അപ്, മുഖം മിനുക്കല്‍ തുടങ്ങിയ കലകളില്‍ ഏതൊരു നടനേക്കാളും ഏതൊരു കാമവിലാസിനിയേക്കാളും പ്രാഗല്‍ഭ്യമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ യേശുവും അവന്റെ ശിഷ്യരും ധരിച്ചിരുന്ന വസ്ത്രങ്ങളെ വര്‍ണ്ണിക്കാന്‍ വിട്ടുപോയിരുന്നു. ആ ശപിക്കപ്പെട്ടവന്‍ തനിക്ക് ഈ വൈഷമ്യത്തെ ഏതെങ്കിലും യാത്രാപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മറികടക്കാനാകും എന്നു കരുതി. അതിനാല്‍ കൂടുതല്‍ ആലോചനകളില്ലാതെ അവനും സഖാക്കളും വലിയ ബൂട്ടുകള്‍ ധരിച്ചു. നാലു മൂലകളുള്ള കയ്യുറയില്ലാത്ത ഉടുപ്പ് തോളിലിട്ടു. ആ കുപ്പായത്തെയാണു പോഞ്ചൊ എന്നു വിളിക്കുന്നത്.

ഐകയിലെ അന്തേവാസികള്‍ ഈ സംഘം വരുന്നതു കണ്ടപ്പോള്‍ പ്രഭു തന്റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരോടൊപ്പം വീണ്ടും അവരെ സന്ദര്‍ശിക്കാനെത്തുകയാണെന്ന് കരുതി. അതിനായി വീടൊരുക്കാന്‍ അവരൊരുങ്ങി. ആ ആള്‍ദൈവം പിന്നെ പരാതിപ്പെടുകയില്ലെന്നും അങ്ങനെ തങ്ങളുടെ പട്ടണത്തിലെ സ്ഥിരതാമസക്കാരനാകും എന്നും അവര്‍ കരുതി.

അതുവരേക്കും ഐകയിലെ ജനങ്ങള്‍ സന്തോഷത്തോടെയാണു ജീവിച്ചിരുന്നത്. അത്യുത്തരമായ സന്തോഷത്തോടെ. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. നികുതി എതിര്‍പ്പില്ലാതെ കൊടുത്തുകൊണ്ടിരുന്നു. പ്രെസ്റ്റര്‍ ജോണാണോ മൂര്‍ മൂസയാണോ അധികാരത്തില്‍ എന്നതിനെയൊന്നും അവര്‍ ഗൗരവത്തിലെടുത്തില്ല. ഒരു വീട്ടില്‍ നിന്ന് അടുത്തതിലേക്ക് കിംവതന്തികള്‍ പരന്നില്ല, വൃഥാകഥകള്‍ മെനഞ്ഞു പരത്തിയില്ല. അവരുടെ ചിന്ത മുന്തിരിവള്ളികളുടെ കൃഷിയെക്കുറിച്ചായിരുന്നു. പരസ്പരം എങ്ങനെയൊക്കെ സഹായിക്കാനാകും എന്നതിനെക്കുറിച്ചായിരുന്നു. സന്തോഷം നുരഞ്ഞുപതഞ്ഞൊഴുകുന്ന ഒരു മണ്ണായിരുന്നു അത്. അതുകൊണ്ടു തന്നെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഐകയിലുള്ളവരോട് അസൂയയായിരുന്നു.
പക്ഷേ ആരെങ്കിലും സന്തോഷത്തോടെയിരിക്കുന്നതു കണ്ടാല്‍ പല്ലു ഞെരിക്കുന്നവനാണ് കരംപെമ്പെ. അക്കാഴ്ചകള്‍ അയാളെ കോപാകുലനാക്കും. അയാള്‍ അവിടെയെത്തിയ നിമിഷത്തില്‍ തന്നെ അവിലെ വാലുകുത്തി എല്ലാം നശിപ്പിക്കണം എന്നു തീരുമാനിച്ചു.

പൂക്കളെപ്പോലെ സുന്ദരനായ ഒരു യുവാവും ഹവ്വയെപ്പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനൊരുങ്ങുന്ന സമയത്താണ് എല്‍ കോര്‍നൂഡൊ ഐകയിലെത്തിയത്. പരസ്പരം നല്ല ചേര്‍ച്ചയുള്ള മിഥുനങ്ങളായിരുന്നു അവര്‍. അവരുടെ സ്വഭാവവും അങ്ങനെയായിരുന്നു. അതിനാല്‍ ദൈവത്തിന്റെ അനുഗ്രഹത്തോടെ ശാന്തിയോടെ ജീവിക്കും എന്നവര്‍ പരസ്പരം വാഗ്ദാനം ചെയ്തിരുന്നു.

”എന്നെ ക്ഷണിച്ചു വരുത്തുകയായിരുന്നെങ്കില്‍ കൂടി ഇതിലും നല്ല അവസരത്തില്‍ എത്താനാകില്ലായിരുന്നു” ചെകുത്താന്‍ മനസ്സില്‍ കരുതി. ”ശ്രുതിയില്ലാത്ത ഞങ്ങളുടെ പിയാനോകളുടെ രക്ഷാകര്‍ത്താവായ സെയ്ന്റ് ടെക്‌ളയാണെ ഇതു സത്യമാകുന്നു.”

എന്നാല്‍ അവരുടെ നിര്‍ഭാഗ്യമെന്നു പറയട്ടെ ആ യുവ മിഥുനങ്ങള്‍ അന്നു പ്രഭാതത്തില്‍ കുര്‍ബാന കൂടിയിരുന്നു. കുമ്പസാരിച്ചിരുന്നു. അതിനാല്‍ എല്‍ പാടൂഡൊ വച്ച കെണികളിലും പ്രലോഭനങ്ങളിലും അവര്‍ വീണില്ല.
സന്തുഷ്ടരായ ആ ദമ്പതികള്‍ക്കായി ഉയര്‍ത്തിയ ആദ്യ ടോസ്റ്റ് പക്ഷേ, സാധാരണ സംഭവിക്കുന്നതുപോലെ നമ്മുടെ കര്‍ത്താവിന്റെ സാന്നിദ്ധ്യമറിയിക്കുന്നതും അനുഗ്രഹം ലഭിക്കുന്നതുമാകുന്നതിനു പകരം, എല്ലാവരേയും ഉന്മത്തരാക്കി. അവരെല്ലാം വൈകാരികമായ, മര്യാദകെട്ട ചിത്തഭ്രമങ്ങളിലേര്‍പ്പെട്ടു.

തന്റെ അനുഭവജ്ഞാനമില്ലാത്ത കാലങ്ങളിലുള്ള ഡോണ്‍ ഹുവാന്‍ എന്ന ഒരു യുവാവ് വധുവിനെതിരെ ദുസ്സൂചനകളുള്ള, കുത്സിതമായ വാക്കുകള്‍ ഉപയോഗിക്കാനാരംഭിച്ചു. ഒരു മദ്ധ്യവയസ്‌ക വരനെ നോക്കി കണ്ണിറുക്കാനുമാരംഭിച്ചു. ആ വൃദ്ധ സത്യമായും കത്താനൊരുങ്ങി നില്‍ക്കുന്ന എണ്ണപോലെയായിരുന്നു. വരന്‍ തന്നെ ഇഷ്ടത്തോടെയൊന്നു നോക്കിയാല്‍, ആ നോട്ടത്തിന്റെ തീപ്പൊരി അവിടെ വലിയ അഗ്‌നിയ്ക്ക് തീ കൊളുത്തുമായിരുന്നു. എത്ര ഫയര്‍ എഞ്ചിനുകള്‍ വന്നാലും അണയ്ക്കാനാകാത്തതാകും ആ തീ. കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല.

വക്കീലന്മാരും നോട്ടറികളും അവരുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനായി ഒച്ചയിട്ടു തുടങ്ങി. ഡോക്ടര്‍മാരും മരുന്നു കടക്കാരും പങ്കുകച്ചവടത്തിലായി ആ കുത്തൊഴുക്കിനു ബലം കൊടുക്കാനൊരുങ്ങി. അമ്മായിയമ്മമാര്‍ തങ്ങളുടെ മരുമക്കളെ പ്രകോപിപ്പിക്കാനാരംഭിച്ചു. ഭാര്യമാര്‍ കൂടുതല്‍ ആഭരണങ്ങള്‍ക്കും പുതുവസ്ത്രങ്ങള്‍ക്കുമായി ചീറ്റാനും യാചിക്കാനും തുടങ്ങി. ചില മാന്യര്‍ കാമം നല്‍കുന്ന നേരമ്പോക്കുകളെക്കുറിച്ചും കാമത്തിനായി കൊതിക്കുന്ന നിമിഷങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. എല്ലാം സംഗ്രഹിക്കാനെന്നവണ്ണം പട്ടണം, അവിടെ തുമ്മുന്നതിനു പത്തു സെന്റ് നികുതിയീടാക്കണം എന്നാവശ്യപ്പെടാനാരംഭിച്ചു.

അരാജകത്വം അതിന്റെ എല്ലാവിധ ഭീകരതകളോടേയും നൃത്തം ചെയ്യാനാരംഭിച്ചു. നമ്മുടെ മുഖത്തെല്ലാം മൂക്കുണ്ടെന്നതുപോലെ ഇതിനു പുറകിലെല്ലാം എല്‍ റാബുദൊയായിരുന്നു എന്നതു സത്യമായിരുന്നു.
മണിക്കൂറുകള്‍ കടന്നുപോയപ്പോള്‍ വീഞ്ഞു കുടിക്കാനാരും ഗ്‌ളാസുകള്‍ ഉപയോഗിക്കാതായി. പകരം കുപ്പികള്‍ അപ്പാടെയവര്‍ കുടിച്ചു. വളരെ സ്വരം താഴ്ത്തി സംസാരിക്കുന്നവര്‍ പോലുമാ രാത്രിയില്‍ ഉച്ചത്തിലോരിയിടാനാരംഭിച്ചു.

പാവം വധു, അനുഗ്രഹങ്ങളുടെ മേലാപ്പിലാകേണ്ടിയിരുന്നവള്‍, തീര്‍ത്തും പരവശയായി. അവളപ്പോള്‍ കുറുവടികളുമായി പരസ്പരം ആക്രമിച്ചുകൊണ്ടിരുന്ന രണ്ടു തെമ്മാടി സംഘത്തെ വേര്‍പ്പെടുത്താനുള്ള വെപ്രാളത്തിലായിരുന്നു.

”ചെകുത്താന്‍ അവരിലേക്ക് പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ടാണിതെല്ലാം”

അവള്‍ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു. അവളുടെ ആ അനുമാനം അത്ര അസ്ഥാനത്തല്ലായിരുന്നു. അതെല്ലാം കണ്ട് അവള്‍ ഉനാസ് ലാര്‍ഗാസിനരികിലെത്തി. അയാളുടെ പോഞ്ചൊയില്‍ പിടിച്ചു.

”പ്രഭോ അവര്‍ പരസ്പരം കൊല്ലുകയാണെന്ന് കാണുന്നില്ലേ?”

”അതിനെനിക്കെന്താ?”

എല്‍ ടിനോസൊ ചോദിച്ചു.

”ഞാന്‍ ഈ ഇടവകക്കാരനല്ല…അവര്‍ക്ക് കൂടുതല്‍ കരുത്തുണ്ടാകട്ടെ, കൊല്ലട്ടെ. അത് പുരോഹിതനും എനിക്കും നല്ലതായിരിക്കും. ഞാന്‍ കപ്പിയാരായിക്കോളാം.”

അയാള്‍ പറഞ്ഞതിന്റെ പൂര്‍ണ്ണ അര്‍ത്ഥം ആ പെണ്‍കുട്ടിയ്ക്കു മനസിലായില്ല. എങ്കിലും ”കര്‍ത്താവേ! പ്രഭു എന്തു കഠിനഹൃദയനാണ്. നിങ്ങള്‍ ചെകുത്താനാകാനാണു കൂടുതല്‍ സാധ്യത എന്നെന്റെ കുരിശു പറയുന്നു.” എന്നു പറഞ്ഞു. അവള്‍ അതിനൊപ്പം കുരിശു വരക്കുകയും ചെയ്തു.

അവളുടെ വിരലുകള്‍ കുരിശുവരയ്ക്കുന്നതും കണ്ടതും എല്‍ മാലിഗ്‌നൊ വാലില്‍ പടക്കം കെട്ടിവച്ച പട്ടിയെപ്പോലെ ഓട്ടമായി. പക്ഷേ അവളപ്പോഴും അയാളുടെ പോഞ്ചൊ വിട്ടിരുന്നില്ല. അതിന്റെ ദ്വാരത്തിലൂടെ അയാള്‍ കഴുത്തു വലിച്ചൂരി. നാലുമൂലകളുള്ള ആ മാര്‍ച്ചട്ട വധുവിന്റെ കൈകളിലുമായി.

എല്‍ പാറ്റണും അയാളുടെ സഹായികളും ആവിയായിപ്പോയി. എന്നാല്‍ അതിനു ശേഷം ആ ചെകുത്താന്‍ ഇടക്കിടെ തന്റെ പോഞ്ചൊയന്വേഷിച്ച് ഐകയിലെത്താറുണ്ട് എന്നാണു പറയപ്പെടുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ മദ്യപിക്കുന്നവരുടെ താളം തെറ്റുന്നു…


റിക്കാര്‍ഡൊ പാമ, പെറു
(1833-1919)

മാനുവല്‍ റിക്കാര്‍ഡൊ പാമ സോറിയാനോ എന്ന് മുഴുവന്‍ പേര്. എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഈ പണ്ഡിതന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ലാറ്റിന്‍ അമേരിക്കന്‍ സാംസ്‌കാരിക രംഗത്തെ അതുല്യനാമങ്ങളില്‍ ഒന്നായിരുന്നു. ആക്ഷേപഹാസ്യത്തോടെയുള്ള തന്റേതായ എഴുത്തുശൈലിയ്ക്ക് പ്രസിദ്ധനായിരുന്നു. അധിനിവേശകാല പെറുവില്‍ നിന്നുള്ളവരായിരുന്നു മിക്കവാറും ഇതിലെ ഇരകള്‍.


വിവ : സുരേഷ് എം.ജി

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.