പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ വിയുടെ ആഴ്ച പംക്തി തുടരുന്നു…
നുറുങ്ങുകൾ ‐ 26

കവി, ഫിക്ഷനെഴുത്തുകാരൻ, നാടകരചയിതാവ്, വിവർത്തകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, പത്രപ്രവർത്തകൻ തുടങ്ങി ബഹുമുഖ മേഖലകളിൽ തിളങ്ങിയ ആക്ടിവിസ്റ്റ് കൂടിയായിരുന്നു പി ലങ്കേഷ് എന്നറിയപ്പെട്ട പാല്യാട ലങ്കേശപ്പ. കർണാടകയിലെ ശിവമൊഗയിലെ കൊണഗവള്ളിയിലാണ് ജനനം. ബെംഗളൂരുവിലെ സെൻട്രൽ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷം മൈസൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് എംഎ പൂർത്തിയാക്കി. 1980-ൽ ബംഗലൂരു സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസർ പദവി രാജിവെച്ച് ലങ്കേഷ് പത്രികെ ടാബ്ലോയിഡ് ആരംഭിച്ചു, അത് കന്നഡ സംസ്കാരത്തെയും രാഷ്ട്രീയത്തെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആദ്യ കൃതി ‘കറെയ നീരനു കരഗെ ചെല്ലി’ (1963) ചെറുകഥാ സമാഹാരം. ബിരുകു (ദി ഫിഷർ), മുസ്സൻജേയ കഥാപ്രസംഗ (സന്ധ്യയിൽ ഒരു കഥ), അക്ക (സഹോദരി) നോവലുകളും. ടി പ്രസന്നന ഗൃഹസ്താശ്രമം ( ദി ഹൗസ്ഹോൾഡർ-ഹുഡ് ഓഫ് ടി പ്രസന്ന), സംക്രാന്തി ( വിപ്ലവം), നന്ന ടാങ്കിഗൊണ്ടു ഗണ്ടു കോടി (എന്റെ സഹോദരിക്ക് ഒരു വരൻ) തുടങ്ങിയവ നാടകങ്ങൾ. ചെറുകഥാസമാഹാരങ്ങൾ: ഉമാപതിയ സ്കോളർഷിപ്പ് യാത്ര (ഉമാപതിയുടെ സ്കോളർഷിപ്പ് യാത്ര), കല്ലു കരഗുവ സമയ (കല്ല് ഉരുകുമ്പോൾ) പാപട ഹൂഗാലു. ഫ്രഞ്ച് കവിയും ഉപന്യാസകാരനും കലാ നിരൂപകനുമായിരുന്ന ചാൾസ് – പിയറി ബോഡ്ലെയറുടെ ലെസ് ഫ്ള്യൂർസ് ഡു മാലൂസ്, മാട്ടൂസ് ഡ്യൂ മാലൂസ്, പുരാതന ഗ്രീസിലെ ദുരന്തനാടകകൃത്തുക്കളിൽ പ്രധാനിയായ സോഫോക്കിൾസിന്റെ ആന്റിഗൺ, ഈഡിപ്പസ് റെക്സ് തുടങ്ങിയവ പരിഭാഷപ്പെടുത്തി. ഈഡിപ്പസ് റെക്സിന്റെ രംഗാവതരണത്തിൽ ലങ്കേഷ് മറ്റൊരു പ്രശസ്ത നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡിനെ പ്രധാന വേഷത്തിൽ അവതരിപ്പിച്ചത് കന്നഡ നാടകവേദിയിൽ വലിയ ചർച്ചയായി. 1997- ൽ പ്രസിദ്ധീകരിച്ച ഹുലിമാവിന മാര (പുളിച്ച മാവ് മരം) ആത്മകഥയും സുപ്രസിദ്ധം. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘ദി സോർ മാംഗോ ട്രീ’ സമാഹാരത്തിൽ ആത്മകഥയിൽ നിന്നുള്ള ചില ഭാഗങ്ങളുണ്ട്. ശീർഷകം പ്രതീകാത്മകമാണ്; വിട്ടുവീഴ്ചയില്ലാത്തതും പലപ്പോഴും പരുഷവുമായ തന്റെ സ്വഭാവത്തെ ലങ്കേഷ് പഴകിയതും പുളിച്ചതുമായ മാമ്പഴത്തോട് താരതമ്യം ചെയ്തു. സ്വന്തം ജീവിതം പ്രതിഫലിപ്പിക്കുന്ന വളർച്ചയുടെ നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് ആത്മകഥ ക്രമീകരിച്ചത്: ദി സീഡ്: ഷിമോഗ ജില്ലയിലെ കൊണഗവള്ളി ഗ്രാമത്തിൽ ജനിച്ച തന്റെ ബാല്യകാലാനുഭവങ്ങൾ. ദി സപ്ലിങ്: കൗമാരം, ആദ്യനാളുകളിലെ വിദ്യാഭ്യാസം, പ്രായപൂർത്തിയിലേക്കുള്ള മാറ്റം എന്നിവ വിശദമായി പ്രതിപാദിക്കുന്നു. ദി പ്ലാന്റ്: മുതിർന്ന ശേഷമുള്ള ജീവിതം, ഇംഗ്ലീഷ് പ്രൊഫസർ എന്ന നിലയിലെ അക്കാദമിക് ജീവിതം, സാഹിത്യത്തിലേക്കും ചലച്ചിത്രനിർമാണത്തിലേക്കുമുള്ള ചുവടുവെപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ദി ട്രീ: ജീവിതത്തിലെ അവസാന കാൽ നൂറ്റാണ്ടിന്റെ പിന്നോട്ടുള്ള ചിത്രം, പ്രത്യയശാസ്ത്ര മാറ്റങ്ങൾ, ലങ്കേഷ് പത്രികെ സ്ഥാപകൻ എന്ന നിലയിലുള്ള പാരമ്പര്യം എന്നിവ.
സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും നേരെ ഒരുപോലെ പ്രയോഗിച്ച തൂലിക
ലങ്കേഷിന് എഴുത്ത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമായിരുന്നു. ധാർമിക സത്യസന്ധതയിലേക്ക് വരുമ്പോൾ തൂലിക സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും നേരെ ഒരുപോലെ പ്രയോഗിച്ചു. എഴുപതുകളുടെ അന്ത്യത്തിൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലഘട്ടം കാഴ്ചപ്പാടിൽ സമൂല മാറ്റം വരുത്തി. ലങ്കേഷ് പത്രികെ പ്രകാശനം എഴുത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ സൂചനയും നൽകി. സുഹൃത്തുക്കളായ സ്നേഹലതാറെഡ്ഡിയെയും പട്ടാഭിരാമറെഡ്ഡിയെയും കാരാഗൃഹത്തിൽ തള്ളി. കൊടിയമർദ്ദനത്തെ തുടർന്ന് ജയിൽ വിമോചിതയായ സ്നേഹലത 1977 ജനുവരി 20 ന് മരിച്ചു. നടിയും നാടകകാരിയും ചലച്ചിത്ര നിർമാതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന അവർ കവിയും ഗണിതശാസ്ത്രജ്ഞനും സംവിധായകനുമായ പട്ടാഭിരാമ റെഡ്ഡിയെയാണ് വിവാഹം ചെയ്തത്. ചെന്നൈയിലെ മദ്രാസ് പ്ലെയേഴ്സ്, ബംഗലൂരുവിലെ അഭിനയ തുടങ്ങിയ അമച്വർ നാടക ട്രൂപ്പുകളുടെ സഹസ്ഥാപകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദിച്ചതിന് 1976 മെയ് രണ്ടിന് സ്ഫോടകവസ്തു നിർമാണ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് മിസ) പ്രകാരം അറസ്റ്റ് ചെയ്തു. ബംഗലൂരു സെൻട്രൽ ജയിലിൽ എട്ട് മാസത്തോളം വിചാരണയില്ലാതെ തടവിൽ കഴിഞ്ഞ സ്നേഹലത ഏകാന്തതടവ്, ശാരീരിക‐മാനസിക പീഡനം, വിട്ടുമാറാത്ത ആസ്ത്മയ്ക്ക് മതിയായ വൈദ്യസഹായം നിഷേധിക്കൽ എന്നിവയ്ക്കെതിരെ നിരാഹാര സമരങ്ങളിലൂടെ പ്രതിഷേധിക്കുകയുണ്ടായി. ജയിൽവാസം കാരണം വഷളായ ശ്വാസകോശ അണുബാധയെ തുടർന്ന് മരണത്തിന് അഞ്ച് ദിവസം മുമ്പുമാത്രമാണ് പരോൾ അനുവദിച്ചത്.
ഒരു പതിറ്റാണ്ട് ഗദ്യരചനയിൽ ഉറച്ചുനിന്ന് അത് ഇഷ്ട മാധ്യമമാക്കുകയും ചെയ്തു ലങ്കേഷ്. കന്നഡ ദിനപത്രം പ്രജാവാണിയിൽ സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആഴ്ച പംക്തി എഴുതാനും അവസരം ലഭിച്ചു. കോൺഗ്രസ് നേതാക്കളായ എസ് ബംഗാരപ്പയെ “ബാം’ എന്നും ആർ ഗുണ്ടു റാവുവിനെ “ഗം’ എന്നും വിശേഷിപ്പിച്ചതുപോലുള്ള തനത് ശൈലി അതിനെ ജനപ്രിയമായി. എന്നാൽ കോൺഗ്രസ് സർക്കാരിന്റെ, പ്രത്യേകിച്ച് ബംഗാരപ്പയുടെ സമ്മർദ്ദം കാരണം മാനേജ്മെന്റ് പെട്ടെന്ന് പംക്തി നിർത്തലാക്കി. അതിൽ രോഷാകുലനായതിനാലാണ് അദ്ദേഹത്തെ ലങ്കേഷ് പത്രികെ ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്ന സംസാരമുണ്ടായി. നാൽപ്പതിലേറെ കൃതികൾ രചിച്ച് രണ്ട് തലമുറകളിലെ കന്നഡ എഴുത്തുകാരിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. 10000 പേജുകളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ കൃതികളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ‘ഡാർക്ക് എർത്ത്: എ ലങ്കേഷ് റീഡർ’ എഡിറ്റ് ചെയ്ത ഡോ. നടരാജ് ഹുലിയാർ നിരീക്ഷിച്ചത്, ആ രചനകൾ വായിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ഊർജവും ജീവിതത്തിന്റെ ചൈതന്യവും അവയിലൂടെ ഒഴുകുന്നത് അനുഭവിക്കാൻ കഴിയുമെന്നാണ്.

ആദ്യം സംവിധാനം ചെയ്ത സിനിമ പല്ലവി
എലിന്ദലോ ബന്ദവരു കല്ലു മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് (1980),കരഗുവ സമയ മട്ടു ഇതാര കഥകൾ (1993) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ്, കർണാടക സാഹിത്യ അക്കാദമി ഓണററി അവാർഡ് (1986), ബി എച്ച് ശ്രീധര പ്രശസ്തി, കർണാടക രാജ്യ നാടക അക്കാദമി പ്രശസ്തി, ആര്യഭട സാഹിത്യ പ്രശസ്തി തുടങ്ങിയ അംഗീകാരങ്ങൾ ലങ്കേഷിനെ തേടിയെത്തി. പല്ലവിയാണ് ആദ്യം സംവിധാനംചെയ്ത സിനിമ (1976). അനുരൂപ (1978), ഖണ്ഡവിടേകോ മാംസാവിടെക്കോ (1979), എലിന്ദാലോ ബന്ദവരു (1980) എന്നിവ മറ്റു സംരംഭങ്ങൾ. സാമൂഹിക പ്രവർത്തകനും കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന കൊണ്ടജ്ജി മോഹൻ എലിന്ദാലോ ബന്ദവരുവുമായി ബന്ധപ്പെട്ടിരുന്നു. സിനിമാ നിർമാണത്തെ കുറിച്ച് അദ്ദേഹം അനുസ്മരിച്ചത് വിചിത്രമായ യാദൃച്ഛികത കാരണമാണ് ഞാൻ ലങ്കേഷുമായി ബന്ധപ്പെടുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം സാംസ്കാരിക മേഖലയിലേക്കും സിനിമയിലേക്കും പ്രവേശിച്ചു. അത് ഡിഎംകെയെ അധികാരത്തിലെത്താൻ സഹായിച്ചതോടെ സിപിഐ എമ്മും ആ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നുള്ള അഭിഭാഷകൻ ജയപാല മേനോനായിരുന്നു ചിത്രത്തിന്റെ നിർമാണ ചുമതല. എസ്എഫ്ഐയുമായി ബന്ധപ്പെട്ടതിനാൽ 1980-ൽ നവശക്തി ഫിലിംസിന്റെ മാനേജിങ് ഡയരക്ടർ സ്ഥാനത്തേക്ക് ഞാൻ സ്വാഭാവികമായും എത്തി. ദേശീയ അവാർഡ് ജേതാവായ പല്ലവിയുടെ സംവിധായകൻ ലങ്കേഷ് ചിത്രം സംവിധാനം ചെയ്യണമെന്ന് മേനോന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. 1976-ൽ റിലീസായ ചലച്ചിത്രം സ്ത്രീയുടെ കണ്ണിലൂടെ വികസിച്ചതാണ്. ജീവിതം നഷ്ടപ്പെടുന്ന പുരുഷനും വിജയിക്കുന്ന സ്ത്രീയും തമ്മിലെ ബന്ധത്തിന്റെ കഥയാണത്. അദ്ദേഹത്തിന്റെ ബിരുകു നോവൽ ആസ്പദമാക്കിയ അതിൽ വിമല നായിഡുവും ടി എൻ സീതാറാമും പ്രധാന കഥാപാത്രങ്ങളായി. പല്ലവി മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടി: രണ്ടാമത്തെ മികച്ച ചിത്രം, മികച്ച കന്നഡ ചിത്രം, മികച്ച സംവിധായകൻ. സംവിധായകൻ (ലങ്കേഷ്), സംഗീതം ( രാജീവ് താരാനാഥ് ), തിരക്കഥ, സംഭാഷണം (ലങ്കേഷ്) എന്നിങ്ങനെ കർണാടക സംസ്ഥാന അവാർഡുകളും. അനുരൂപയ്ക്ക് വേണ്ടി എഴുതിയ നീനിരുവുഡു നിജവദരു ഗാനം അക്കാലത്തെ യുവഹൃദയങ്ങൾ കീഴടക്കി. കെമ്പടവോ, കറിയവ്ന ഗുഡിതാവ, എല്ലിട്ടേ ഇല്ലിതാനക എന്നിവ ലങ്കേഷ് എഴുതിയ മികച്ച ഗാനങ്ങളാണ്. പേരുകേട്ട ചലച്ചിത്ര ‐ നാടക നടൻകൂടിയായിരുന്നു ലങ്കേഷ്. വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സമാന്തര സിനിമയിൽ ശാശ്വത സ്വാധീനം ചെലുത്തി. ആ ധാരയിൽ ക്ലാസിക്കായ പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത യു ആർ അനന്തമൂർത്തിയുടെ സംസ്കാര (1970)യിലെ യാഥാസ്ഥിതിക പാരമ്പര്യങ്ങൾക്ക് വഴങ്ങാത്ത ബ്രാഹ്മണനായ നാറാണപ്പയെ ഒരിക്കലും മറക്കാനാവില്ല. സ്നേഹലത റെഡ്ഡി ചന്ദ്രിയെയും ഗിരീഷ് കർണാട് പ്രാണേഷ് ആചാര്യയെയും അതരിപ്പിച്ചു. പല്ലവിയിൽ ജഗന്നാഥനായും ലങ്കേഷ് അഭിനയിച്ചു.
പരസ്യങ്ങളില്ലാതെ ഇറക്കി ചരിത്രമായ ലങ്കേഷ് പത്രികെ
1980 മുതൽ 2000-ൽ മരിക്കുംവരെ ലങ്കേഷ് പത്രികെയുടെ എഡിറ്ററായിരുന്നു. സോഷ്യലിസ്റ്റും ലോഹ്യവാദിയുമായ അദ്ദേഹം മതനിരപേക്ഷാശയങ്ങൾക്കും ജാതിവിരുദ്ധമായ ഹിന്ദുത്വ വിമർശനങ്ങൾക്കും പ്രശസ്തൻ. ലങ്കേഷ് പത്രികെ ആരംഭിക്കുംമുമ്പ് അദ്ദേഹവും സുഹൃത്തുക്കളായ കെ പി പൂർണചന്ദ്ര തേജസ്വി, പ്രൊഫ. കെ രാമദാസ് എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ഇതിഹാസ എഴുത്തുകാരൻ കുവെമ്പുവിന്റെ മകൻ തേജസ്വി ശാസ്ത്രം, പരിസ്ഥിതിവാദം, തത്ത്വചിന്ത എന്നിവയിലേക്ക് ആഴത്തിൽ ആകർഷിക്കപ്പെട്ടു. മുഖ്യധാരാ സാഹിത്യത്തിൽ നിന്ന് മാറി ബന്ദയ (പുരോഗമന) പ്രസ്ഥാനത്തിന്റെ തേരാളിയായി. സോഷ്യലിസ്റ്റ് ധാരയായ കർണാടക പ്രഗതിരംഗ വേദികെയ്ക്ക് വോട്ട് ചെയ്യാൻ ജനങ്ങളെ സജ്ജമാക്കുകയുണ്ടായി. അറിയപ്പെടുന്ന അക്കാദമിക്, വാഗ്മിയായിരുന്ന രാംദാസ് കർഷക, ദളിത് പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ ജാതിരഹിത യുക്തിവാദിയായിരുന്നു. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും പ്രസംഗങ്ങളും പതിറ്റാണ്ടുകളായി യുവ എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ആഴത്തിൽ സ്വാധീനിച്ചു. വിദൂര ഗ്രാമങ്ങൾ താണ്ടിയ യാത്ര ദരിദ്രരുടെയും ദളിതരുടെയും മുസ്ലിങ്ങളുടെയും ദുരവസ്ഥയിലേക്ക് കണ്ണുകൾ തുറപ്പിക്കുകയും എഴുത്തുകാരനും ബുദ്ധിജീവിയുമെന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 1950 കളിലും 60 കളിലും മൈസൂരിൽ സമകാലികരായിരുന്ന മൂവരും യു ആർ അനന്തമൂർത്തി, ഗിരീഷ് കർണാട്, രാജീവ് താരാനാഥ് തുടങ്ങിയ സാഹിത്യ പ്രതിഭകളോടൊപ്പം പതിവായി ഇടപഴകി. പരമ്പരാഗത സ്ഥാപനങ്ങളെയും സാഹിത്യത്തെയും വെല്ലുവിളിച്ച പുരോഗമന ചിന്തകരുടെ സ്വാധീന വലയം അവർ രൂപപ്പെടുത്തി. പരസ്യങ്ങളില്ലാതെയാണ് ലങ്കേഷ് പത്രിക ഇറക്കിയത്. അതൊരു വ്യത്യസ്ത ചരിത്രം. മഹാത്മാഗാന്ധി പ്രസിദ്ധീകരിച്ചിരുന്ന ഹരിജൻ പത്രത്തിന്റെ മാതൃകയിൽ ആരംഭിച്ച വാരിക ഇന്നും തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നു. നിരവധി പുതിയ എഴുത്തുകാരെ കന്നഡ സാഹിത്യ രംഗത്തിന് പരിചയപ്പെടുത്തി. ബി ടി ലളിത നായിക്, വൈദേഹി ബി എം റഷീദ്, സാറാ അബൂബക്കർ, ബാനു മുഷ്താഖ് തുടങ്ങിയവർ പിന്നീട് മികച്ച അംഗീകാരങ്ങൾ നേടി. സംസ്ഥാനമാകെ സഞ്ചരിച്ച് വാർത്തകൾ ശേഖരിച്ച ലങ്കേഷിന്റെ രീതി രാജ്യത്താദ്യമായി ഗ്രാമീണ റിപ്പോർട്ടിങ്ങിന്റെ തുടക്കമായി. പട്ടിണിയ്ക്കായിരുന്നു പ്രഥമ പരിഗണന. സർക്കാരിന്റെ കെടുകാര്യസ്ഥതകളും ഉദ്യോഗസ്ഥ അഴിമതികളും നിരന്തരം ചോദ്യം ചെയ്തു.

ഹായ് ബാംഗ്ലൂർ, അഗ്നി തുടങ്ങിയ ടാബ്ലോയിഡുകൾക്കും പ്രേരണ
ലങ്കേഷിന്റെ മരണശേഷം പത്രികെ രണ്ടായി വിഭജിച്ചു, ഒന്ന് മകൾ ഗൗരി ലങ്കേഷും മറ്റേത് മകൻ ഇന്ദ്രജിത്ത് ലങ്കേഷും കൈകാര്യം ചെയ്തു. ലങ്കേഷിന്റെ മറ്റൊരു മകൾ ചലച്ചിത്ര സംവിധായിക കവിത ലങ്കേഷാണ്. ആദ്യത്തെ കന്നഡ ടാബ്ലോയിഡ് എന്ന നിലയിൽ ലങ്കേഷ് പത്രികെ സംസ്ഥാന രാഷ്ട്രീയത്തിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി. കുറ്റകൃത്യങ്ങളിലും രാഷ്ട്രീയ അഴിമതികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ഹായ് ബാംഗ്ലൂർ, അഗ്നി തുടങ്ങിയ ടാബ്ലോയിഡുകൾ സ്ഥാപിക്കുന്നതിലേക്കും അത് ചിലരെ നയിച്ചു. 1995 ൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ രവി ബെലഗെരെ, ആർ ടി വിറ്റലമൂർത്തി, മസൂരി, ജോഗി എന്നിവർ ചേർന്നാണ് ഹായ് ബാംഗ്ലൂർ സ്ഥാപിച്ചത്. അധോലോക വ്യാപ്തി, കുംഭകോണങ്ങളുടെ കാണാപ്പുറങ്ങൾ, അന്വേഷണാത്മക വെളിപ്പെടുത്തലുകൾ എന്നിവയുൾപ്പെടെയുള്ള സംവേദനാത്മക വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ആ ടാബ്ലോയിഡ് പ്രശസ്തമായി. ലവ് ലവികെ (ബന്ധങ്ങളെക്കുറിച്ച്), ബോട്ടം ഐറ്റം (പൊതു വ്യാഖ്യാനം), പാപ്പിഗല ലോകദള്ളി (അധോലോക കഥകൾ) തുടങ്ങിയ വിഭാഗങ്ങൾ വലിയ മട്ടിൽ വായനക്കാരെ നേടി. സ്ഥാപക എഡിറ്റർ രവി ബെലഗെരെയുടെ മരണശേഷം ഭാവന പ്രകാശനയുടെ കീഴിൽ പ്രസിദ്ധീകരണം തുടർന്നു. ആക്ടിവിസ്റ്റായി മാറിയ എഴുത്തുകാരനും നിരൂപകനുമായ അഗ്നി ശ്രീധർ സ്ഥാപിച്ച കന്നഡ വാരികയും ടാബ്ലോയിഡുമാണ് അഗ്നി. കന്നഡ ഭാഷയും പ്രാദേശിക സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം രൂപംകൊടുത്ത കരുണാട സേനയുടെ തത്ത്വചിന്തകൾ അതിൽ പ്രതിഫലിപ്പിച്ചു. കന്നഡ സാഹിത്യത്തിലും സിനിമയിലും അറിയപ്പെട്ട അഗ്നി ശ്രീധർ 1980 കളിലും 90 കളിലും കുപ്രസിദ്ധ മോബ് ബോസ് ആയുള്ള ജീവിതം ഉപേക്ഷിച്ച് പ്രശംസ നേടിയ നാടകരചയിതാവ്, തിരക്കഥാകൃത്ത് (പ്രത്യേകിച്ച് ഹിറ്റ് ചിത്രം ആ ദിനഗലു ), പത്രാധിപർ എന്നീ നിലകളിൽ സ്വയം പുനർനിർമിച്ചു. 2000 ജനുവരി 25 ന് ഹൃദയാഘാതത്താൽ മരിച്ചപ്പോൾ പി ലങ്കേഷിന് വയസ്സ് 64 മാത്രം.

സംഘപരിവാർ ഭീകരർ വധിച്ച ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷ്
കർണാടകയിലെ ആക്ടിവിസ്റ്റും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ 2017 സെപ്തംബർ അഞ്ചിന് ബംഗലൂരുവിൽ രാജരാജേശ്വരി നഗറിലെ വീടിന് പുറത്ത് സംഘപരിവാർ ഭീകരർ കൊലപ്പെടുത്തി. വലതുപക്ഷ ഹിന്ദു തീവ്രവാദത്തിനെതിരെ സംസാരിച്ചതിനും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രചാരണം നടത്തിയതിനും ജാതി വിവേചനത്തെ എതിർത്തതും കാരണമായിരുന്നു ജീവൻ കവർന്നത്. ബംഗലൂരുവിലെ ദി ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തകയായാണ് കരിയറിന്റെ തുടക്കം. പിന്നീട് ഭർത്താവ് ചിദാനന്ദ് രാജ്ഘട്ടയ്ക്കൊപ്പം ദില്ലിയിലേക്ക് മാറി. വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ വംശജനായ പംക്തികാരനായിരുന്നു അദ്ദേഹം. ബംഗലൂരു സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ച ‘ദി ഹോഴ്സ് ദാറ്റ് ഫ്ലൂ: ഹൗ ഇന്ത്യാസ് സിലിക്കൺ ഗുരുസ് സ്പ്രെഡ് ദെയർ വിങ്ങ്സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഗൗരിയുമായുള്ള ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു. ബാംഗ്ലൂരിലേക്ക് മടങ്ങി ഒമ്പത് വർഷം സൺഡേ മാസികയുടെ ലേഖികയായി അവർ. 2000-ൽ അച്ഛൻ മരിക്കുമ്പോൾ ദില്ലിയിൽ ഈനാടിന്റെ തെലുങ്ക് ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ഗൗരിയും ഇളയ സഹോദരൻ ഇന്ദ്രജിത്തും ലങ്കേഷ് പത്രികാ പ്രസാധകൻ മണിയെ സന്ദർശിച്ച് പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. അദ്ദേഹം ഇരുവരോടും യോജിച്ചില്ല. തുടർന്ന് പത്രികയുടെ എഡിറ്ററായി ചേച്ചി ചുമതലയേറ്റു, അനുജൻ ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്തു. 2001 മുതൽ പത്രത്തിന്റെ പ്രത്യയശാസ്ത്രം മുൻനിർത്തി ഇരുവരും അഭിപ്രായഭേദങ്ങളിലായി. 2005 ഫെബ്രുവരിയിൽ ഗൗരി അംഗീകരിച്ച പെലീസുകാർക്കെതിരായ നക്സലൈറ്റ് ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് വ്യത്യാസം പരസ്യമായത്. ഫെബ്രുവരി 13 ന് നക്സലുകളെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ഉടമയും പ്രസാധകനുമായിരുന്ന ഇന്ദ്രജിത്ത് വാർത്ത പിൻവലിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം പത്രസമ്മേളനം നടത്തി ഗൗരി നക്സലിസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചതിനെ തുടർന്ന് അവർ സ്വന്തം കന്നഡ വാരിക ഗൗരി ലങ്കേഷ് പത്രികെ ആരംഭിച്ചു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശക
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായ ഗൗരി ബാബ ബുദനഗിരിയിലെ സൂഫി ആരാധനാലയമായ ഗുരു ദത്താത്രേയ ദർഗ ഹിന്ദുവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ എതിർത്തു. മംഗലാപുരത്ത് വർഗീയ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ഹിന്ദുമതം സ്ത്രീകളെ രണ്ടാം തരം ജീവികളായി കണക്കാക്കുന്ന സമൂഹത്തിലെ ശ്രേണിക്രമ വ്യവസ്ഥയാണെന്ന് പ്രസ്താവിച്ചു. അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കായുള്ള സാമുദായിക ഐക്യമുന്നേറ്റമായ കോമു സൗഹാർദ വേദികെയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊണ്ടു. ഹിന്ദുത്വ രാഷ്ട്രീയം, വർഗീയത, ജാതി വിവേചനം എന്നിവയുടെ തുറന്ന വിമർശകയായിരുന്ന അവർ ഫാസിസ്റ്റ് ബ്രിഗേഡിനെ തുറന്നുകാട്ടാൻ തന്റെ പ്രസിദ്ധീകരണം ഉപയോഗിച്ചു, സമന്വയ മത ആരാധനാലയങ്ങളെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ തുടർച്ചയായി എഴുതി. പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ കരിയറിൽ ഗൗരി ഒട്ടേറെ നിയമപ്രശ്നങ്ങൾ നേരിട്ടു. ദക്ഷിണ കന്നഡ ജില്ലയിൽമാത്രം മൂന്ന് കേസുകൾ. 2008 ജനുവരി 23-ന് “ദരോദേഗിലഡ ബിജെപി ഗാലു’ എന്ന തലക്കെട്ടിലെ ലേഖനത്തിൽ ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, ഉമേഷ് ദുഷി, ശിവാനന്ദ് ഭട്ട്, വെങ്കിടേഷ് മേസ്ത്രി എന്നിവരെ വിമർശിക്കുകയുണ്ടായി. വീട്ടിൽ വെടിയേറ്റ് മരിച്ചത് ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. ഓഫീസിൽനിന്ന് മടങ്ങിയ ശേഷം പ്രധാന വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി എട്ടു മണിയോടെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് തോക്കുധാരികൾ ഏഴ് വെടിയുണ്ടകൾ പായിച്ചു. തലയിലും കഴുത്തിലും നെഞ്ചിലും ഉണ്ട തുളച്ചുകയറി തൽക്ഷണം മരിച്ചു. 2013 നും 2018 നും ഇടയിൽ ഹിന്ദുത്വ വിമർശകരെ ലക്ഷ്യമിട്ട് സനാതൻ സൻസ്ത ശ്രൃംഖലയുമായി ബന്ധപ്പെട്ട വലതുപക്ഷ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങൾ ഉൾപ്പെട്ട വിശാലമായ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ബിജെപി എംഎൽഎ ഡിഎൻ ജീവരാജിന്റെയും ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക്കിന്റെയും വിവാദ പ്രസ്താവനകൾ വ്യാപകമായി വിമർശിക്കപ്പെട്ടു.

ഗൗരിയെ സംസ്കരിക്കുമ്പോൾ താൻ ഒരു വിത്ത് നടുകയാണെന്നാണ് അടുത്ത സുഹൃത്തും നടനുമായ പ്രകാശ് രാജ് അഭിപ്രായപ്പെട്ടത്. 2018-ൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര ദാഭോൽക്കറുടെയും എംഎം കൽബുർഗിയുടെയും കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. 2018 സെപ്തംബറിൽ മഹാരാഷ്ട്ര എടിഎസ് രണ്ടു പേരെക്കൂടി പിടികൂടി. ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ആനന്ദ് പട്വർധൻ എഴുതി സംവിധാനം ചെയ്ത റീസൺ ഇംഗ്ലീഷ് ( ഹിന്ദിയിൽ വിവേക്) ഡോക്യുമെന്ററി മിനി-സീരീസിൽ ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങിയ യുക്തിവാദികളുടെ കൊലപാതകങ്ങൾക്കൊപ്പം ഗൗരി ലങ്കേഷിന്റെ വധവും ഉൾപ്പെടുത്തിയിട്ടുണ്ട്. സനാതൻ സൻസ്ത, അഭിനവ് ഭാരത് തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം മുതൽ സമകാലിക ഇന്ത്യയിലെ ചില സാമൂഹിക-‐രാഷ്ട്രീയ വിഷയങ്ങളിലേക്കുവരെ അത് ആഴ്ന്നിറങ്ങി. ഗോസംരക്ഷണത്തിന്റെ മറവിൽ മുസ്ലിങ്ങളെയും ദളിതരെ യും ലക്ഷ്യമിടുന്ന അതിദേശീയതയുടെ ഉയർച്ച സസൂക്ഷ്മം പരിശോധിക്കുകയും ചെയ്തു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പുനർനിർമിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായി മുഖ്യധാരയിൽ തീവ്ര ഹിന്ദു പ്രത്യയശാസ്ത്രങ്ങളുടെ ഏറിവരുന്ന സ്വീകാര്യതയും വിയോജിപ്പുകൾക്കെതിരായ അടിച്ചമർത്തലും എടുത്തുകാണിക്കുകയുമുണ്ടായി. സമാനമായി 2013 മുതൽ ദി ന്യൂയോർക്ക് ടൈംസിനുവേണ്ടി ദക്ഷിണേന്ത്യയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകനും ഉപന്യാസകാരനും നിരൂപകനുമായ റോളോ റോമിഗ് 2024-ൽ ‘ഐ ആം ഓൺ ദി ഹിറ്റ് ലിസ്റ്റ് എ ജേണലിസ്റ്റ്സ് മർഡർ ആൻഡ് ദി റൈസ് ഓഫ് ഓട്ടോക്രസി ഇൻ ഇന്ത്യ: മർഡർ ആൻഡ് മിത്ത് മേക്കിങ് – ഇൻ സൗത്ത് ഇന്ത്യ’ എന്ന കൃതി പ്രസിദ്ധീകരിച്ചു.

നീതിക്കുവേണ്ടി ഒരു പതിറ്റാണ്ടിനടുത്ത് കാത്തിരുന്ന് വിടപറഞ്ഞ അമ്മ ഇന്ദിര
മൂത്ത മകൾ ഗൗരിയുടെ വധക്കേസിൽ നീതിക്കുവേണ്ടി ഒരു പതിറ്റാണ്ടിനടുത്ത് കാത്തിരുന്ന് ഹതാശയായശേഷം ഗൗരിയുടെ അമ്മയും മുതിർന്ന സംരംഭകയും എഴുത്തുകാരിയുമായ ഇന്ദിരാ ലങ്കേഷ് 2026 ജൂൺ 15 ന് 83-‐ാം വയസ്സിൽ അന്ത്യശ്വാസം വലിച്ചിരിക്കയാണ്. മകളും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷിന്റെയും മകനും ചലച്ചിത്രകാരനും നടനുമായ ഇന്ദ്രജിത്ത് ലങ്കേഷിന്റെയും കുടുംബങ്ങൾ താമസിക്കുന്ന ബംഗലൂരു ഉത്തരഹള്ളി രാജാജിനഗറിലെ വസതിയിലായിരുന്നു മരണം. കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള സാഹിത്യ കുടുംബങ്ങളിലൊന്നെന്ന് നിസംശയം ഉറപ്പിക്കാവുന്ന ചരിത്രത്തിൽ ആഴത്തിൽ ഇഴചേർന്ന ആ ധീര വനിത ഭർത്താവിന്റെ പത്രത്തിന്റെ ഭരണം, വളർച്ച, പ്രസിദ്ധീകരണ ഉത്തരവാദിത്തങ്ങൾ എന്നിവ തിരശ്ശീലയ്ക്ക് പിന്നിൽ കൈകാര്യം ചെയ്തതിലൂടെയും അംഗീകരിക്കപ്പെട്ടു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പുലർച്ചെ ഉറക്കത്തിൽ സ്വച്ഛന്ദ മൃത്യു വരിക്കുകയായിരുന്നു. 1943 ജൂൺ രണ്ടിന് ഷിമോഗയിൽ ജനിച്ച ഇന്ദിര 1960 ലാണ് പി ലങ്കേഷിനെ വിവാഹംചെയ്തത്. പിന്നീട് ദമ്പതികൾ ബംഗലൂരുവിലേക്ക് മാറി, അവിടെ കുടുംബ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. ഭർത്താവ് അക്കാദമിക് രംഗം വിട്ട് ചലച്ചിത്രനിർമാണം, നാടകം, പത്രപ്രവർത്തനം എന്നിവയിലേക്ക് തിരിഞ്ഞപ്പോൾ ബിസിനസ്സിൽ മുൻ പരിചയമൊന്നുമില്ലാത്ത ഇന്ദിര വീട്ടിൽ നിന്ന് സാരികൾ വിറ്റ് കുടുംബത്തിന്റെ ഉപജീവനത്തിനായി സംഭാവന നൽകി. 1979-ൽ ബംഗലൂരുവിലെ ഗാന്ധി ബസാറിൽ മയൂർ സിൽക്സ് ആൻഡ് ടെക്സ്റ്റൈൽസ് സ്ഥാപിച്ചു, അത് ഏറെ വിജയകരമായി. മകളുടെ കൊലപാതക ശേഷം അനുസ്മരണ പരിപാടികളിൽ പതിവായി സംസാരിക്കുകയും വർഗീയതയ്ക്കെതിരായ പൊതു പ്രചാരണങ്ങളിൽ പങ്കുചേരുകയും ചെയ്തു. വിചാരണയിലെ കാലതാമസത്തിൽ ആവർത്തിച്ച് നിരാശ പ്രകടിപ്പിച്ച ആ അമ്മ ഗൗരിയുടെ കൊലപാതകത്തിന്റെ ആഘാതത്തിൽനിന്ന് ഒരിക്കലും പൂർണമായി മുക്തയായില്ല. 2022 ഒക്ടോബർ ഏഴു മുതൽ ഒമ്പത് വരെ ബാംഗ്ലൂർ മേഖലയിൽ രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ മകൾ കവിത ലങ്കേഷിനൊപ്പം അവർ പങ്കെടുത്തു. ആധുനിക കന്നഡ സാഹിത്യത്തിലെ ചില നിർണായക വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഇഴചേർന്ന പൊതുജീവിതത്തിലെ ഏറിയ പങ്കും എളുപ്പമുള്ള നിർവചനത്തിന് അതീതമായ ഒരിടം ഇന്ദിര നേടിയെടുത്തു. കന്നഡ സാഹിത്യത്തിലെ പ്രധാന കൃതിയായി മാറിയ ഓർമക്കുറിപ്പിന്റെ രചയിതാവും സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള പത്രപ്രവർത്തന സംരംഭങ്ങളിലൊന്നിനെ നിലനിർത്താൻ സഹായിച്ച പ്രസാധകയുമായിരുന്നു അവർ. ലങ്കേഷ് അതിന്റെ പൊതുമുഖമായി മാറിയപ്പോൾ ഇന്ദിര പ്രസിദ്ധീകരണത്തിന്റെ ഭരണത്തിലും വളർച്ചയിലും പ്രസിദ്ധീകരണ പ്രവർത്തനങ്ങളിലും അടുത്ത പങ്കാളിയായി. ഗൗരി ലങ്കേഷ് പത്രികെയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ആത്മകഥാപരമായ കൃതി ‘ഹുളിമാവു മത്തു നാനു’ ( പുളിച്ച മാമ്പഴവും ഞാനും ) വിൽ സാഹിത്യ സംഭാവന ശാശ്വതമായി പ്രകടമായി. കന്നഡ സ്ത്രീകളുടെ ആത്മകഥാംശമുള്ള കൃതികളിൽ നാഴികക്കല്ലായി അത് കണക്കാക്കപ്പെടുന്നു. ലങ്കേഷ് എന്ന പേര് സാഹിത്യം, പത്രപ്രവർത്തനം, പൊതുസംവാദം എന്നിവയുടെ പര്യായമായി മാറിയപ്പോഴും ഇന്ദിര പലപ്പോഴും പൊതുജനശ്രദ്ധയിൽനിന്ന് അകന്നുനിന്നു.

അചഞ്ചല നിശ്ചയദാർഢ്യവും പതറാത്ത സഹനശക്തിയും
ലങ്കേഷ് പത്രികെയുടെ തുടക്കം മുതൽ ഭർത്താവിനൊപ്പം ഉറച്ചുനിൽക്കുകയും പ്രവർത്തനങ്ങളിൽ നിശബ്ദമായി നിർണായക പങ്ക് വഹിക്കുകയുമുണ്ടായി. ലങ്കേഷിനെ വ്യക്തിജീവിതത്തിൽ പിന്തുണച്ചതിന് പുറമേ പത്രത്തിന്റെ ഭരണം, വളർച്ച, ദൈംനംദിന ഉത്തരവാദിത്തങ്ങൾ എന്നിവ തിരശ്ശീലയ്ക്ക് പിന്നിൽ കൈകാര്യം ചെയ്തതിലൂടെയും അവർ അംഗീകരിക്കപ്പെട്ടു. എഴുത്ത്, ബിസിനസ്സ്, പുസ്തക പ്രസിദ്ധീകരണം എന്നിവയിലും പങ്കാളിയായിരുന്നു. അചഞ്ചല നിശ്ചയദാർഢ്യത്തോടും പതറാത്ത സഹനശക്തിയോടും കൂടി ജീവിച്ച ഇന്ദിര എല്ലാ സ്ത്രീകൾക്കും മാതൃകയായി മാറി. കാൻസർ ബാധിതയായിരുന്നെങ്കിലും പുസ്തക വായനയടക്കമുള്ള ശീലങ്ങളിലൂടെ രോഗത്തെയും അതിജീവിച്ചു. ലങ്കേഷുമായുള്ള ജീവിതത്തെക്കുറിച്ചുള്ള വ്യക്തിപരമായ പ്രതിഫലനമായി എഴുതിയ ഓർമക്കുറിപ്പ് അദ്ദേഹത്തിന്റെ ആത്മകഥ ‘ഹുളിമവിന മാര’യെ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ട്. മകൾ ഗൗരിയാണ് ഒരു ദിവസം ഓർമക്കുറിപ്പ് എഴുതാൻ ഇന്ദിരയോട് ആവശ്യപ്പെട്ടത്. പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി ലങ്കേഷുമൊത്തുള്ള എന്റെ ജീവിതം. ഞാനൊരു എഴുത്തുകാരിയല്ല, എനിക്ക് എഴുതാൻ അറിയില്ലെന്ന് പറഞ്ഞു. പക്ഷേ അവൾ വിടാൻ തയ്യാറായില്ല. മനസ്സിൽ വരുന്നതെന്തും തോന്നുന്ന ഭാഷയിൽ എഴുതാൻ പ്രോത്സാഹിപ്പിച്ചു. പ്രസിദ്ധീകരിക്കുംമുമ്പ് അത് മിനുസപ്പെടുത്തുമെന്ന് അവൾ പറഞ്ഞു. അദ്ദേഹം ജീവിതകഥയ്ക്ക് ഹുലിമാവിന മാറ ( പുളിച്ച മാമ്പഴ മരം ) എന്ന് പേരിട്ടിരുന്നു, അതിനാൽ ഞാൻ ‘ഹുളിമാവു മത്തു നാനു’ എഴുതാൻ തീരുമാനിച്ചു. ഞാൻ അദ്ദേഹവുമായി വിവാഹിതനാകുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്, ആ മരണത്തോടെ അവസാനിക്കുന്നു. പുസ്തകം എഴുതുമ്പോൾ ഞാൻ എന്നോടുതന്നെ സത്യസന്ധനുമായിരിക്കണമെന്ന് ഗൗരി ആഗ്രഹിച്ചു. സാമ്പത്തികമായും വ്യക്തിപരമായും ഉയർച്ചതാഴ്ചകൾ നിറഞ്ഞ ജീവിതമായിരുന്നു എന്റേത്. ദാമ്പത്യത്തിലെ എല്ലാ വികാരങ്ങളും അനുഭവിച്ചു, അങ്ങേയറ്റത്തെ സന്തോഷം മുതൽ സങ്കടം വരെ. ഭർത്താവിന്റെ കാര്യങ്ങൾ അറിഞ്ഞശേഷം ജീവിതം മാറി.അതുവരെ അദ്ദേഹത്തെ സ്നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞിരുന്നു, പക്ഷേ ശേഷം ഞങ്ങളുടെ വിവാഹത്തിൽ നിന്ന് പ്രണയം ഇല്ലാതായി. അവസാനം വരെ പരസ്പരം ബഹുമാനിച്ചു, എന്നാൽ സ്നേഹം നഷ്ടപ്പെട്ടു. വർഷങ്ങൾ പിന്നോട്ട് പോയപ്പോൾ സമ്മിശ്ര വികാരങ്ങളും സന്തോഷവും സങ്കടവും അനുഭവപ്പെടുകയുണ്ടായി. ഞാൻ കടന്നുപോയ കാര്യങ്ങൾ എഴുതി പലതവണ കരഞ്ഞു. ജീവിതത്തിൽ സംഭവിച്ചതെല്ലാം ഗൗരിക്ക് അറിയാമായിരുന്നു, എന്റെ മകൻ അന്ന് വളരെ ചെറുപ്പം. ഞാൻ എഴുതിയത് വായിച്ചപ്പോഴാണ് അവന് ഇത്രയധികം കാര്യങ്ങൾ മനസ്സിലായത്. ജീവിതത്തിൽ നിങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പുസ്തകത്തിൽ നിന്ന് മാത്രമാണ് മനസ്സിലായതെന്ന് മകൻ പറഞ്ഞു. ആ കഥ ഖണ്ഡഃശയാക്കിയ ശേഷം ഗൗരി അത് പുസ്തകമായി ഇറക്കി. ബംഗലൂരു ലിറ്ററേച്ചർ ഫെസ്റ്റിൽ ഞാൻ അതിൽ നിന്ന് കുറച്ച് അധ്യായങ്ങൾ വായിച്ചു. ഭർത്താവിനെയും ഗൗരിയെയും കുറിച്ചുള്ള അധ്യായങ്ങളാണ് തെരഞ്ഞെടുത്തത്. അവൾ കാരണമാണ് ജീവിതകഥ എഴുതിയത്, അല്ലെങ്കിൽ ആ ആശയം മനസ്സിൽ വരില്ലായിരുന്നു. എന്റെ പുസ്തകം വായിച്ചിരുന്നെങ്കിൽ ഭർത്താവ് എങ്ങനെ പ്രതികരിക്കുമായിരുന്നെന്ന് തിരക്കിയാൽ ‘മ്മ്യോ’ എന്നാവുമെന്നാണ് കരുതിയത്. തന്റെ ശ്രദ്ധനേടണമെങ്കിൽ അദ്ദേഹം എപ്പോഴും അങ്ങനെ പറയാറുണ്ടായിരുന്നുവെന്നാണ് ഇന്ദിരയുടെ മുഖവുര.

സുധാകരൻ രാമന്തളിയുടെ വിവർത്തനം ‘പുളിമാവും ഞാനും’
ഇന്ദിരയുടെ ആത്മകഥയായ ‘ഹുളിമാവു മത്തു നാനു’കന്നഡയിൽനിന്ന് നേരിട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സുധാകരൻ രാമന്തളിയാണ്. 2021 ൽ കോട്ടയം ആസ്ഥാനമായ സാഹിത്യ പ്രവർത്തകസംഘം ‘ പുളിമാവും ഞാനും’ പുറത്തിറക്കി. സെലിബ്രിറ്റി ജീവിതത്തിന്റെ വിവിധ കയറ്റിറക്കങ്ങൾ ആ പുസ്തകത്തിൽ തുറന്നുകാട്ടിയിട്ടുണ്ട് അവർ. അതേസമയം മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സ്വയം തൊഴിൽ കണ്ടെത്തുകയും വീട്ടിൽ ആരംഭിച്ച സാരിക്കച്ചവടം കടയിലേക്ക് മാറ്റി കൂടുതൽ വലുതാക്കുകയും ചെയ്യുകയുമുണ്ടായി. മൊഴിമാറ്റത്തിനിടെ തനിക്കുണ്ടായ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഇന്ദിരയോട് സംസാരിച്ചുതന്നെ പരിഹരിച്ചു. അക്കാര്യത്തിൽ കവിതയും ഏറെ സഹകരിച്ചിരുന്നു. താൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ഗൗരിയുടെ കൊലപാതകം ആ അമ്മയെ നടുക്കി. ജീവിതത്തിലുടനീളം കഠിനവും ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ കടന്നുപോയ അവർക്ക് സങ്കടങ്ങൾ ഒതുക്കിവെച്ച് തന്റേതായ ജീവിതം കെട്ടിപ്പടുക്കാൻ സാധിച്ചു.

താൻ പരിചയപ്പെട്ട സ്ത്രീകളിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്ദിരയെന്നാണ് സുധാകരൻ രാമന്തളി പറഞ്ഞത്. ലങ്കേഷിന്റെ പരുക്കൻ വ്യക്തിത്വത്തിനും കുടുംബത്തിലെ ഉയർച്ച താഴ്ചകൾക്കും പിന്നിലെ ആർദ്രമായ മനസ്സിനെ പുസ്തകം വളരെ സത്യസന്ധതയോടെ വെളിപ്പെടുത്തി. സാഹിത്യ, മാധ്യമ, സിനിമാ രംഗങ്ങളിൽ അദ്ദേഹം കൈവരിച്ച വലിയ വിജയങ്ങൾ ഇന്ദിര നൽകിയ ഉറച്ച പിന്തുണയില്ലാതെ ഒരിക്കലും സാധ്യമാകുമായിരുന്നില്ല. കുടുംബഭാരം ചുമലിലേറ്റി പ്രതിസന്ധികൾ ധീരമായി നേരിട്ട അവർസ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എത്രത്തോളം പ്രധാനമാണെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചു. സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമാണം ഏതാണ്ട് പൂർത്തിയാകുംവരെ ഭർത്താവ് അറിഞ്ഞിരുന്നില്ലെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിൽ നിരന്തര വെല്ലുവിളികൾ നേരിടേണ്ടിവന്ന ഇന്ദിരയെ 2017-ൽ മൂത്ത മകൾ ഗൗരി ലങ്കേഷിന്റെ ദാരുണവധം അഗാധ ദുഃഖത്തിലാഴ്ത്തി. ആ തീരാനഷ്ടത്തിന്റെ ആഘാതത്തിൽനിന്ന് പൂർണമായി മുക്തയാവാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തോടുള്ള ശുഭാപ്തിവിശ്വാസം കൈവിട്ടിരുന്നില്ല അന്ത്യനാളുകൾ വരെ. പുസ്തകങ്ങളോടും വായനയോടുമുള്ള അടങ്ങാത്ത പ്രണയം ഉപേക്ഷിച്ചില്ല ഒരിക്കലും. കുടുംബം, ദാമ്പത്യം, കല, പ്രശസ്തി, സമൂഹം തുടങ്ങിയ നിലയിൽ ഒഴുകിപ്പരന്ന അസാധാരണ ഓർമകളിലൂടെ അവയുടെ മറുപുറം തേടി ആത്മകഥ. സ്വന്തം ജീവിതസംഘര്ഷങ്ങളെ ലളിത ഭാഷയില് നോക്കിയിരുന്ന എഴുത്ത് എക്കാലവും കൊത്തിവലിക്കും. ഇപ്പോഴും, ഞാൻ രാത്രിയിൽ ഗൗരിയുടെ സന്ദേശംതേടി എന്റെ മൊബൈൽ ഫോൺ ശ്രദ്ധിക്കും. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല; തിന്മയ്ക്കെതിരെ നീതിക്കുവേണ്ടി പോരാടിയെന്നുമാത്രം. അതിനാൽ ഒരു ദിവസം നീതി ലഭിക്കുമെന്ന് എനിക്കറിയാം. പത്രങ്ങളടക്കം എല്ലാ മാധ്യമങ്ങളോടും ഞാൻ അവളെക്കുറിച്ച് സംസാരിക്കുന്നു, അതിൽനിന്ന് എന്തെങ്കിലും നല്ലത് പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും കരുതുകയാണ്. എന്റെ ആദ്യത്തെ കുട്ടിയായ ഗൗരി പ്രായത്തിനുപരി ഏറെ പക്വതയുള്ളവളായിരുന്നു. രണ്ടാമത്തെ മകൾ കവിതയെ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ അവൾക്ക് വെറും മൂന്ന് വയസ്സ്. എന്നിട്ടും കാര്യങ്ങൾ നന്നായി മനസ്സിലായതിനാൽ പറഞ്ഞത്, അമ്മ നവജാത ശിശുവിന്റെ കൂടെയിരിക്കൂ; ഞാൻ മുത്തശ്ശിക്കൊപ്പം കിടക്കാം എന്നായിരുന്നു. വളരെ ശാന്ത ശീലമുള്ള കുട്ടിയായിരുന്ന അവൾ ഒരിക്കലും സഹോദരങ്ങളുമായി വഴക്കിട്ടതായി ഓർമയില്ല. മകൻ ഇന്ദ്രജിത്ത് ജനിക്കുമ്പോൾ അവൾക്ക് വയസ്സ് ഏഴ്. അവനെ മൂത്ത സഹോദരിയെപ്പോലെ പരിപാലിക്കാൻ അവൾ ഇഷ്ടപ്പെട്ടു. ഇളയവനായതിനാൽ വീട്ടിൽ അവനെ എല്ലാവരും ഏറ്റവും ലാളിച്ചു, എന്നിട്ടും അനുജനോട് അസൂയ തോന്നിയില്ല. സ്കൂളിലും കോളേജിലും അവൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, സൗഹൃദപരം മാത്രമല്ല, എല്ലാവരോടും വളരെ ദയാലുവുമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയമായപ്പോഴേക്കും ഗൗരി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വളരെയധികം ശബ്ദമുയർത്തുകയും സമത്വത്തിനായി എപ്പോഴും സംസാരിക്കുകയും ചെയ്തിരുന്നു. മൃദുഭാഷിയായ പെൺകുട്ടിയിൽ നിന്ന് ജാതി വിവേചനത്തിനും അനീതിക്കുമെതിരെ സമത്വത്തിനായി പോരാടുന്ന ശക്തയായ യുവതിയിലേക്കുള്ള പരിവർത്തനം എനിക്ക് വിശ്വസിക്കാനായില്ലെന്നും ഇന്ദിര ഓർത്തെടുത്തു.

അദ്ദേഹം നിങ്ങളുടെ യജമാനരല്ല, നിങ്ങൾ അടിമയുമല്ല. ആ വിളി നിർത്തൂ
വീട്ടുവേലക്കാരി ബഹുമാനപൂർവം കൂലി സ്വീകരിക്കുമ്പോൾ ഗൗരി അവരോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെടും. നിങ്ങൾ പണം സമ്പാദിക്കാൻ ജോലി ചെയ്തു, അത് അവകാശമായി സ്വീകരിക്കൂവെന്ന് പറയുമായിരുന്നു. ഇന്ദിരയെ മാറ്റുന്നതിലും നിർണായക പങ്കുവഹിച്ചു. പത്രാധിപരും എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായ അന്തരിച്ച ഭർത്താവ് പി ലങ്കേഷിനെ അവർ യജമാനരു എന്നാണ് വിളിച്ചിരുന്നത്. ഒരു ദിവസം ആ മകൾ പറഞ്ഞു,അദ്ദേഹം നിങ്ങളുടെ യജമാനരുമല്ല, നിങ്ങൾ അടിമയുമല്ല. ആ വിളി നിർത്തൂ. ശേഷം നമ്മ മനേ വരു ( എന്റെ കുടുംബത്തിലെ പുരുഷൻ ) എന്ന് അഭിസംബോധന ചെയ്തു. അച്ഛനുമായി അടുപ്പത്തിലായിരുന്നെങ്കിലും അവർ ഇരുവരും വഴക്കിടുമ്പോൾ അവൾ എപ്പോഴും അമ്മയെ പിന്തുണച്ചു. അവൾ അച്ഛനോട് പറയുമായിരുന്നു, അമ്മ വളരെ കഠിനാധ്വാനം ചെയ്യുന്നു, കുടുംബം നന്നായി നോക്കുന്നുമുണ്ട്. അവരോട് ഒന്നും കഠിനമായി പറയരുത്. ഒരു മകളെക്കാളുപരി അവൾ ഇന്ദിരയെ പരിപാലിച്ചു, എപ്പോഴും ഒപ്പംനിന്നു. അച്ഛൻ അവളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്, വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ എപ്പോഴും ശുപാർശ ചെയ്യുമായിരുന്നു. അദ്ദേഹം സമ്മാനമായി പുസ്തകങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ, ആഭരണങ്ങളോ പാവകളോ വസ്ത്രങ്ങളോ അല്ലായിരുന്നു. ജന്മദിനങ്ങളിൽ കുട്ടികളെ കൊണ്ടുപോയി ആവശ്യമുള്ളത്ര പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. അക്ഷരങ്ങളോടുള്ള ഗൗരിയുടെ പ്രണയം അങ്ങനെയാണ് തുടങ്ങിയത്. സഹോദരങ്ങളെക്കാൾ വായനയിൽ അവൾ ആർത്തി കാണിച്ചു. അവൾ പാരീസിൽ പഠിക്കവെ ലങ്കേഷിന് പക്ഷാഘാതം പിടിപെട്ടു. എന്നാൽ അസ്വസ്ഥയാകുമെന്നും ഉടൻ തിരികെ പറക്കുമെന്നും അറിയാമായിരുന്നതിനാൽ ആ വാർത്ത അവളിൽ നിന്ന് മറച്ചുവച്ചു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ വിളിച്ചപ്പോൾ ഏതാണ്ട് സുഖം പ്രാപിച്ചു, ഒന്നും ആലോചിക്കാതെ ലങ്കേഷ് പറഞ്ഞു, ഇപ്പോൾ എനിക്ക് കുഴപ്പമില്ല. നീ വിഷമിക്കേണ്ട. അവൾ പരിഭ്രാന്തയായി സത്യം അറിയാൻ അമ്മയെ ശല്യപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയല്ലാതെ മറ്റ് മാർഗമില്ലാതായി. അപ്പോൾ അവൾ പറഞ്ഞു ഞാൻ ഇപ്പോൾ തന്നെ തിരിച്ചുവരും. അതിനാലാണ് അറിയിക്കാതിരുന്നതെന്നായി മറുപടി. ഭയമില്ലാതെ മുന്നോട്ട് പോകാൻ ഗൗരിയെ പ്രേരിപ്പിച്ചത് ലങ്കേഷാണ്. അദ്ദേഹം അത്തരത്തിലുള്ള ആളായിരുന്നു, അതിധീരനായ വ്യക്തി. തന്റെ പത്രമായ ലങ്കേഷ് പത്രിെകയ്ക്ക് വേണ്ടി രാഷ്ട്രീയക്കാരിൽ നിന്നടക്കം ആരിൽനിന്നും പരസ്യങ്ങൾ സ്വീകരിച്ചില്ല. ആരോടും കടപ്പെട്ടിരിക്കാൻ ആഗ്രഹിച്ചില്ലെന്നതും പ്രധാനം. അച്ഛന്റെ വിയോഗശേഷം പത്രം ഏറ്റെടുത്തപ്പോഴും ഗൗരി അതേ പാത പിന്തുടർന്നു. ബംഗലൂരു സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തിരുന്ന കാലത്ത് പൊതുസ്ഥലങ്ങളിൽ അഴിമതിയെക്കുറിച്ച് സംസാരിക്കുകയും സർക്കാരിനെ ശക്തമായ വാക്കുകളിൽ വിമർശിക്കുകയും ചെയ്യാറുണ്ടായിരുന്നു അദ്ദേഹം. ഗവൺമെന്റ് ഉദ്യോഗസ്ഥനെന്ന നിലയിൽ അങ്ങനെ സംസാരിക്കാൻ പാടില്ലാത്തതിനാൽ പ്രസംഗങ്ങളെക്കുറിച്ച് അധികൃതർ വിശദീകരണം തേടിയപ്പോൾ രാജിവച്ച് വീട്ടിലേക്ക് മടങ്ങി. ലങ്കേഷ് എപ്പോഴും അങ്ങനെയായിരുന്നു. — നിർഭയനും അനുരഞ്ജനമില്ലാത്തവനും. ഒരിക്കൽ എംഎൽഎയുടെ മകൻ കോപ്പിയടിക്കുന്നത് പിടികൂടി പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ആർക്കെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു; പോരാടിയത് അനീതിക്കെതിരെമാത്രം. 1980-ൽ യൂണിവേഴ്സിറ്റിയിലെ ജോലി രാജിവച്ച ശേഷമാണ് ലങ്കേഷ് പത്രികെ ആരംഭിച്ചത്. ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രബന്ധം വളരെ ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ അധികാരത്തിലുള്ളവർ ഭയപ്പെട്ടു. ഇന്ന് രാഷ്ട്രീയക്കാർ വളരെ ശക്തരായിരിക്കുന്നു, അവർ തങ്ങളെ ആക്രമിക്കുന്നവരെ നിശബ്ദരാക്കും. അന്ന് ഭീഷണികൾ ഇല്ലായിരുന്നുവെന്നല്ല; ഇന്ന് കാണുംപോലെയായിരുന്നില്ല അത്.
ചിദാനന്ദ് രാജ്ഘട്ടയുമായി കോളേജ് പഠനകാലത്തെ അടുപ്പത്തെ എതിർത്തു
കോളേജിൽ പഠിക്കുമ്പോൾ പ്രശസ്ത പത്രപ്രവർത്തകനും ദി ടൈംസ് ഓഫ് ഇന്ത്യയുടെ യുഎസ് ലേഖകനുമായ ചിദാനന്ദ് രാജ്ഘട്ടയുമായി ഗൗരി അടുപ്പത്തിലായി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ചതിനാൽ അമ്മ അതിനെ എതിർത്തു.എന്നിട്ടും അവൾ അവനോടൊപ്പം പുറത്തുപോകുന്നുണ്ടെന്ന് സുഹൃത്തുക്കളിൽ നിന്ന് മനസ്സിലാക്കി. ആ സമയത്ത് കുടുംബത്തിന് പരിചയമുള്ള യുവാവ് അവളെ കാണാൻ വന്നിരുന്നു. രാജ്ഘട്ടയുമായുള്ള ബന്ധം കൊണ്ടായിരിക്കാം മുടി വളരെ ചെറുതായി വെട്ടിയാണ് അവൾ അന്ന് വീട്ടിലേക്ക് വന്നത്. മുടി കുറവാണെങ്കിൽ അയാൾ തന്നെ നിരസിക്കുമെന്ന് കരുതി. മുടി ചുരുണ്ടിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്ന ഇന്ദിര അടിച്ചു. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി. പക്ഷേ അമ്മയ്ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. മകൾ അങ്ങനെയായിരുന്നു. ഒടുവിൽ രാജ്ഘട്ടയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. ഇരുവർക്കും അങ്ങനെയൊരു തീരുമാനമില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പിന് ശേഷമായിരുന്നു അത്. എന്തായാലും ബന്ധം വിജയിച്ചില്ല, അവർ വിവാഹമോചനം നേടി. പക്ഷേ സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഗൗരി ബാംഗ്ലൂരിൽ ജേണലിസം പഠിച്ചു, തുടർന്ന് ദില്ലിയിലേക്ക് മാറി. അവിടെ നിന്ന് ഒരു വർഷം പാരീസിൽ പഠിക്കാൻ സ്കോളർഷിപ്പ് ലഭിച്ചു. പത്രപ്രവർത്തകയായശേഷം അച്ഛനും മകളും കൂടുതൽ അടുപ്പത്തിലായി. അവൾ ദില്ലിയിൽനിന്ന് വിളിച്ച് തന്റെ എല്ലാ പ്രധാന അസൈൻമെന്റുകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു. ലങ്കേഷ് ജീവിതത്തിന്റെ അവസാന നിമിഷം വരെ ജോലി ചെയ്തു. ഒരു രാത്രി ആഴ്ചയിലെ പത്രികെ തയ്യാറാക്കി വീട്ടിലെത്തി ഉറങ്ങാൻ കിടന്നു, എന്നാൽ രാവിലെ എഴുന്നേറ്റില്ല. മരിക്കുമ്പോൾ അവൾ ദില്ലിയിൽ. പക്ഷേ ഒരാഴ്ച മുമ്പ് കാണാൻ വീട്ടിലുണ്ടായി. ആ വാർത്ത കേട്ട് അവൾ വളരെ ദുഃഖിതയായിരുന്നു. മരണം എല്ലാവർക്കും വലിയ ഞെട്ടലായി. ലങ്കേഷ് പത്രികെയിൽ ജോലി ചെയ്തിരുന്ന എല്ലാവരും അറിയാൻ ആഗ്രഹിച്ചത് പത്രം തുടരുമോ എന്നാണ്. ഗൗരിയും ഇന്ദ്രജിത്തും സംയുക്തമായി പത്രം നടത്താൻ തീരുമാനിച്ചു. ഗൗരിക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം അവളുടെ മാതൃഭാഷയായ കന്നഡയെക്കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു. ലങ്കേഷിന്റെ മൂന്ന് മക്കളും ഇംഗ്ലീഷിലാണ് പ്രാവീണ്യം നേടിയത്. പത്രം ഏറ്റെടുത്തശേഷം അവൾ കന്നഡ പഠിക്കുകയും ധാരാളം എഴുതാൻ തുടങ്ങുകയും ചെയ്തു. പത്രത്തിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന കഥകളുടെ തരത്തെച്ചൊല്ലി സഹോദരിയും സഹോദരനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ഇന്ദ്രജിത്തിൽ നിന്ന് വ്യത്യസ്തമായി ഗൗരി വളരെ ധീരയായിരുന്നു, അച്ഛനെപ്പോലെ എല്ലാ വിഷയങ്ങളിലും ആക്രമണാത്മകമായി ഇടപെടാൻ ആഗ്രഹിച്ചു, പക്ഷേ അവന് അത് രസിച്ചില്ല. മിതമായ, മൃദുവായ ശബ്ദമായിരുന്നു ഇഷ്ടം. പ്രശ്നം ഒതുക്കിത്തീർക്കാൻ ഇന്ദിര പരമാവധി ശ്രമിച്ചു, പക്ഷേ ആ സാഹചര്യം മുതലെടുത്ത് ചിലർ അവർക്കിടയിൽ വിടവ് തീർത്തു. ഒരുമിച്ച് കൊണ്ടുവരാൻ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അത് വളരെയധികം അസ്വസ്ഥയാക്കി. ഒരു ആശ്വാസം അവർ സഹോദരീ സഹോദരന്മാരായി വേർപിരിയാതെ, പ്രൊഫഷണലായി മാത്രമാണ് വേർപിരിഞ്ഞത്. ഇന്ദ്രജിത്ത് ലങ്കേഷ് പത്രികയിൽ ഉറച്ചുനിന്നപ്പോൾ ഗൗരി അവിടെ നിന്ന് പോയി ഗൗരി ലങ്കേഷ് പത്രിക ആരംഭിക്കുകയും അച്ഛന്റെ പ്രവർത്തന ശൈലി പിന്തുടരുകയും ചെയ്തുവെന്നാണ് ഇന്ദിര പറഞ്ഞത്.

എതിർപ്പുകളിൽ വലിയ ശബ്ദമുയർത്തി
കുടുംബമോ കുട്ടികളോ ഇല്ലാതിരുന്നതിനാൽ ഗൗരിയുടെ ജീവിതം അവളുടെ കടലാസ് ആയിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും അതിനായി സമർപ്പിച്ചു. കുട്ടികളുണ്ടായിരുന്നെങ്കിൽ വ്യത്യസ്തമായി പെരുമാറുമായിരുന്നുവെന്ന് തോന്നുന്നു. അവൾ പത്രപ്രവർത്തക മാത്രമായിരുന്നില്ല, ആക്ടിവിസ്റ്റ് കൂടിയായിരുന്നു. നക്സലൈറ്റുകളുമായി അടുത്തു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത് അതാണ്. ജാതി വിവേചനം, ഹിന്ദുത്വം, ബീഫ് രാഷ്ട്രീയം മുതലായവയ്ക്ക് അവൾ എതിരായിരുന്നു, മാത്രവുമല്ല എതിർപ്പുകളിൽ വലിയ ശബ്ദമുയർത്തി. ആ വിഷയങ്ങളിലെ ഇടപെടലിൽ ഞാൻ അൽപ്പം അസ്വസ്ഥയായിരുന്നു, എന്നാൽ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അവൾ ഏറ്റെടുത്ത ചില പ്രശ്നങ്ങൾ വളരെ ഗുരുതരങ്ങൾ, എന്തെങ്കിലും സംഭവിക്കുമെന്ന് അവൾക്കുപോലും അറിയാമായിരുന്നു; വാസ്തവത്തിൽ ഉപദ്രവിക്കാൻ ഇടയുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. ഏതെങ്കിലും രാഷ്ട്രീയ പാർടിക്കെതിരെ വളരെ ശക്തമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ കുറച്ച് ശാന്തമാക്കാനും ആക്രമണോത്സുകത കുറയ്ക്കാനും അവളോട് ആവശ്യപ്പെടുമായിരുന്നു. അവളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് എപ്പോഴും ആശങ്കയുണ്ടായിരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് എപ്പോഴും മുന്നറിയിപ്പുനൽകി. 2017 സെപ്തംബർ അഞ്ചിന് സന്ധ്യയ്ക്ക് ഏഴരയോടെ അയൽക്കാരനിൽ നിന്ന് എനിക്കൊരു കോൾ..അവൾ പറഞ്ഞു, നിങ്ങളുടെ മകൾ ഗേറ്റിന് മുന്നിൽ വീണിരിക്കുന്നു. ദയവായി വേഗം വരൂ. ഞാൻ പെലീസിനെ അറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീണം കാരണം അവൾ ബോധംകെട്ടു വീണതായിരിക്കുമെന്ന് ഞാൻ കരുതി.എന്റെ കൊച്ചുമകൾ ഇഷയും ഞാനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കവിത ബാഡ്മിന്റൺ കളിക്കാൻ പോയിരുന്നു. ഞങ്ങളുടെ യാത്രക്കിടെ എന്റെ സഹോദരൻ വിളിച്ച് പറഞ്ഞു, ഗൗരി ആക്രമിക്കപ്പെട്ടതായി ഞങ്ങൾ ടെലിവിഷനിൽ കാണുന്നു. ഒരാഴ്ച മുമ്പ് വീടിനടുത്ത് ചിലർ പതിയിരിക്കുന്നുണ്ടെന്ന് അവൾ എന്നോട് പറയുകയുണ്ടായി. പക്ഷേ അത് ലൈംഗികത്തൊഴിലാളികളാകാമെന്ന് അവൾ കരുതി. ഞങ്ങൾ എത്തി കാൽ മണിക്കൂറിനുള്ളിൽ അവിടം പൊലീസുകാരെയും ആളുകളെയും മാധ്യമങ്ങളെയും കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. തുടക്കത്തിൽ പൊലീസ് ഞങ്ങളെ അകത്തേക്ക് പോകാൻ അനുവദിച്ചില്ല. അപ്പോഴാണ് ഞാൻ ഗേറ്റിനടുത്ത് ഹെഡ്ലൈറ്റുകൾ ഓണാക്കി കാർ കാണുന്നത്. അതാ അവൾ നിലത്ത് മുഖം താഴ്ത്തി, കൈകൾ വിടർത്തി കിടക്കുന്നു.എന്റെ മകളുടെ ആ പ്രതിച്ഛായ ഒരിക്കലും മായ്ക്കാൻ കഴിയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവൾ ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിലേക്ക് മടങ്ങുന്നത്, രാത്രി 11 ഓടെ. എല്ലാ രാത്രിയിലും വീട്ടിലെത്തിയാൽ എനിക്ക് മെസ്സേജ് അയയ്ക്കും. കാരണം ഞാൻ വിഷമിക്കുമെന്നും സന്ദേശം ലഭിക്കുംവരെ ഉറങ്ങില്ലെന്നും അവൾക്കറിയാം. അതേ മകളിൽനിന്ന് ഇനി സന്ദേശങ്ങളൊന്നും ഉണ്ടാകില്ല. മരണശേഷം സോഷ്യൽ മീഡിയയിൽ പലരും മോശം ഭാഷയിൽ അവളെ അധിക്ഷേപിച്ചപ്പോഴാണ് എനിക്ക് വേദന തോന്നിയത്. ഇക്കാലത്ത് ആളുകൾ എന്തിനാണ് ഇത്രയധികം വെറുപ്പോടെ പെരുമാറുന്നതെന്ന് അറിയില്ല. അതേസമയം അജ്ഞാതരായ ധാരാളം ആളുകൾ അവളെ പിന്തുണച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തു. 2017 ഒക്ടോബർ 12-ന് ഒരു പൊതുയോഗം ഉണ്ടായിരുന്നു. അവരുടെ മരണത്തിൽ അനുശോചിക്കാൻ ‘ഞാൻ ഗൗരി’ എന്ന ബാഡ്ജുമായി ഇത്രയധികം ജനങ്ങൾ എത്തിയത് കണ്ട് ഞാൻ വികാരഭരിതയായി.ആ ബാഡ്ജും ഞാനും ധരിച്ചു. .എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട എന്റെ അമ്മയുടെ പേരാണ് ഞാൻ അവൾക്ക് നൽകിയത്. എന്റെ മകൾ എനിക്ക് ഒരു അമ്മയെപ്പോലെയായിരുന്നു.എപ്പോഴും എന്നെ പിന്തുണച്ചു, പ്രോത്സാഹിപ്പിച്ചുവെന്ന ഇന്ദിരയുടെ വാക്കുകൾ കണ്ണീരോടെ മാത്രമേ വായിച്ചുതീർക്കാനാവൂ.







No Comments yet!