Skip to main content

കുടുക്ക

വെയിലു കൊള്ളാതെ
മഴനനയാതെ
കടലിളകാതെ
ആകാശമില്ലാതെ
കാടും മലയും
പുഴയും വഴിയുമില്ലാതെ
എഴുതിനോക്കണമെന്നുണ്ടായിരുന്നു

നിറവും മണവുമില്ലാതെ
അടച്ചു വെച്ചിരുന്ന ഒരിക്കലും തുറക്കാത്ത
കുടുക്ക ഉണ്ടായിരുന്നു കോണിൽ
വെറുതെ എറിഞ്ഞു പൊട്ടിക്കാൻ
പല തവണ ഓങ്ങി
തിരികെ നടന്നതാണ്..
ആരും കാണാതിരിക്കാനൊളിപ്പിച്ചതല്ല
ആരും കണ്ടില്ലന്നതാണ് സത്യം.

സ്ഥലംകൊല്ലി
ഇന്നതു പൊട്ടിച്ചു

അലാവുദിന്റെ
അത്ഭുത വിളക്കിനുള്ളിൽ
നിന്നെന്ന പോലെ
ഓരോന്നായതാ
ചാടി വരുന്നു

സ്ളേറ്റു മായിച്ച
കാക്കപ്പച്ചയുടെ നനവ്
ഇഴപിഞ്ഞിയ തോർത്തിന്റെ
നരയും
നീല വരയും
ഇഞ്ചക്കാട്ടിലെ ഓട്ടം
പുതുമഴയിലെ
മീൻ കണ്ണുകളുടെ നോട്ടം
പൊന്നാമലയിലെ കാട്ടുതീമാല
മഴപ്പേടി
ഉപ്പന്റെ മൂളൽ

അവസാനം
നീ വളന്നല്ലോ എന്ന
വഷളൻ ചിരിയിൽ
നെഞ്ചിൽ തോണ്ടിയ
കോമ്പല്ലി തള്ള

കുടുക്ക പൊട്ടിയ്ക്കേണ്ടിയിരുന്നില്ലന്ന്
ഓർത്തു
മുതു മുത്തശ്ശിയുടെ
സ്വരുകൂട്ടലുപോലെ
കാക്കപ്പച്ച മാത്രമെടുത്ത്
ഓടിപോയി.
ഇനി സ്ളേറ്റുമായിച്ചു കളയണം.

***


കവിപരിചയം :

റാണി സുനിൽ

കവിതയും കലയും ഇഷ്ടപ്പെടുന്നു. രണ്ട് കവിതസമാഹാരങ്ങൾ…

1. ഓർമ്മകൾ സൂക്ഷിക്കാനുള്ളതല്ല

2. ഫാന്റം ലിമ്പ്

20 വർഷമായി നേഴ്സ് ആയി ലണ്ടനിൽ ജോലി നോക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “കുടുക്ക”

  1. സന്തോഷം
    കവിതയുടെ തിരഞ്ഞെടുപ്പിനും വായനക്കും .

Your Email address will not be published.