പുഴയായ് നിന്നെ ഓർമ്മിക്കുന്നു
നിന്റെ വെള്ളം കുടിക്കുന്നു,
നിന്നിൽ മുങ്ങിപ്പോകുന്നു
കാറ്റായ് നിന്നെ ഓർമ്മിക്കുന്നു
ശ്വാസമെടുക്കുന്നു ജീവിക്കുന്നു
വെളിച്ചമായ് നിന്നെ ഓർമ്മിക്കുന്നു
ലോകത്തെ നോക്കിക്കാണുന്നു
എവിടെയോ ചുറ്റി തിരിച്ചുവരുന്നു
ഇരുട്ടായ് നിന്നെ ഓർമ്മിക്കുന്നു
നിന്നെക്കുറിച്ചോർത്ത് സ്വയം നഷ്ടപ്പെടുന്നു
ഉറങ്ങിപ്പോവുന്നു
മലയായ് നിന്നെ ഓർമ്മിക്കുന്നു
എല്ലാ ഉയർച്ചകളും നീ തന്നത്
കടലായ് നിന്നെ ഓർമ്മിക്കുന്നു
ഇത്ര ആഴം കണ്ടിട്ടേയില്ല ഇത്ര പരപ്പും
മരമായ് നിന്നെ ഓർമ്മിക്കുന്നു
നീയുണ്ടെങ്കിൽ പച്ചപ്പുണ്ട് കാറ്റുണ്ട് ശ്വാസമുണ്ട്
ഭൂമിയായ് നിന്നെ ഓർമ്മിക്കുന്നു
നീ അതിരുകളില്ലാത്തവൾ
എൻ്റെ കാലുകളോ തീരെ കുറിയതും
ജീവിതമായ് നിന്നെ ഓർമ്മിക്കുന്നു
നീയുള്ളപ്പോൾ ഞാനുണ്ട്
ഞാനുള്ളപ്പോൾ നീയുണ്ട്
***
കവി പരിചയം :
മനോജ് കുമാർ പാണ്ഡേയ്
മനോജ് കുമാർ പാണ്ഡേയ് 1977 ൽ ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ സിസ്വാൻ എന്ന ഗ്രാമത്തിൽ ജനിച്ചു. ഹിന്ദി ഭാഷയിലെ അറിയപ്പെടുന്ന സാഹിത്യകാരൻ. കഥാകൃത്ത്, നിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തൻ. ശഹ്തൂത് (മൾബറികൾ), പാനി(വെള്ളം), ഖജാന (ഖജനാവ്), ബദൽത്താ ഹുആ ദേശ് (മാറുന്ന രാജ്യം), ജാഫറാൻ സിങ് തുടങ്ങിയ കഥാസമാഹാരങ്ങളും അനവധി നിരൂപണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് . അദ്ദേഹത്തിൻ്റെ കഥകൾ ഉറുദു, പഞ്ചാബി, നേപ്പാളി, മറാഠി, ഒഡിയ, ഗുജറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. വനമാലി ചെറുകഥ പുരസ്ക്കാരം (2019), രാം അഡ്വാനി പുരസ്ക്കാരം (2018), രവീന്ദ്ര കാലിയ മെമ്മോറിയൽ കഥാ പുരസ്ക്കാരം (2017), സ്പന്ദൻ പുരസ്ക്കാരം(2015), ഭാരതീയ ഭാഷാ പരിഷദ് യുവ പുരസ്ക്കാരം (2014) തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിവര്‍ത്തക പരിചയം :
വിവ : കെ. വിനോദ്‌കുമാർ
എഴുത്തുകാരൻ. കവിതകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഹിന്ദിയിലേക്കും തിരിച്ചും തർജ്ജമ ചെയ്യാറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുന്നു.







👍👍👍