മനുഷ്യർക്ക് ചെവി ഉണ്ടായിരുന്നില്ലെങ്കിൽ ഈ ലോകത്ത് ശബ്ദം ഉണ്ടെന്ന വിശ്വാസം മനുഷ്യന് ഉണ്ടാവില്ല എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതായത് മനുഷ്യന് ഇല്ലാത്ത അവയവങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന പല അനുഭവങ്ങളും ഒരുപക്ഷേ ഈ ലോകത്ത് ഇപ്പോഴും ബാക്കി ആയി നിലനിൽക്കുന്നുണ്ടാകാം എന്ന ഒരു ചിന്ത ഇതിലൂടെ ഉയിർക്കുന്നു. ഫോർ സമ എന്ന ഡോക്യുമെന്ററിയിലെ ക്യാമറക്ക് കണ്ണുകളും ചെവികളും ഉണ്ട് എന്നതാണ് സങ്കൽപം. അതിനപ്പുറം എന്തെങ്കിലുമൊക്കെ അതീന്ദ്രിയമായ അനുഭവങ്ങൾ ഉൾക്കൊള്ളാനുള്ള അവയവങ്ങൾ ആ ക്യാമറക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഫോർ സമയിലൂടെ കാണുന്ന അനുഭവങ്ങൾ ഒരുപക്ഷേ ഈ സിനിമ ഉൽപ്പാദിപ്പിക്കുന്നതിലും അതിഭീകരമായി മാറിയേനെ. അത്രയ്ക്ക് ചങ്കുപൊള്ളിക്കുന്ന യുദ്ധങ്ങളിൽ പെട്ട മനുഷ്യരുടെ ദുരിതങ്ങളും മരണങ്ങളുമാണ് ഈ ഡോക്യുമെന്ററി ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

സിനിമയെ കാഴ്ചകളുടെ മാധ്യമമായി മാത്രം കാണാൻ പറ്റില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന സിനിമ കൂടിയാണ് ഫോർ സമ. ഈ ഡോക്യുമെന്ററിയുടെ വലിയൊരു കഥാപാത്രം ശബ്ദങ്ങളാണ്. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ മുഖം ക്യാമറ കാണിക്കുമ്പോൾ അപ്പുറത്ത് കേൾക്കുന്നത് ഒരു മിസൈൽ വന്ന് പതിക്കുന്ന ശബ്ദമാണ്. കുട്ടികളോടുള്ള മുതിർന്നവരുടെ തമാശചോദ്യങ്ങളിൽ പോലും “മിസൈൽ എങ്ങനെയാണ് വരുന്നത്?” എന്നത് ഇടംപിടിക്കുന്നു. യുദ്ധഭൂമിയിലെ കുട്ടികളുടെ ബാല്യത്തിലെ തമാശകളിൽ പ്രധാന കഥാപാത്രങ്ങൾ ഒരുപക്ഷേ മിസൈലുകളായിരിക്കും എന്ന, യുദ്ധമില്ലാത്ത ഭൂമിയിൽ നിന്ന് ഉൾക്കൊള്ളാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ് സിനിമ നമ്മുടെ മുന്നിൽ വെക്കുന്നത്. ഇവിടെ യുദ്ധം ഒരു അസാധാരണ സംഭവം അല്ല; ബാല്യത്തിന്റെ സ്വാഭാവിക പരിസരമാണ്.
സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു ഫ്ളാറ്റിനകത്ത് നിൽക്കുന്ന ക്യാമറ ആദ്യം രേഖപ്പെടുത്തുന്നത് യുദ്ധത്തിന്റെ ശബ്ദങ്ങളാണ്. പിന്നീട് അകത്തേക്ക് ഇരച്ചുകയറുന്ന പൊടിയും പുകയും ഭയവും. നമ്മൾ കാണുന്നതിന് മുമ്പ് നമ്മൾ കേൾക്കുകയാണ്. ഒരു കുഞ്ഞിന്റെ ലോകത്തെ രൂപപ്പെടുത്തുന്നത് അതിന്റെ കാഴ്ചകൾ മാത്രമല്ല, അതിന്റെ ചെവികളിലേക്ക് ദിവസവും കയറിച്ചെല്ലുന്ന ശബ്ദങ്ങളുമാണ്. സാധാരണ ബാല്യത്തിൽ പക്ഷികളുടെ ശബ്ദവും സ്കൂളിന്റെ മണിയൊച്ചയും കളിസ്ഥലത്തിന്റെ ആരവവുമാണ് ഓർമ്മകളാകുന്നത്. ഇവിടെ അവയെല്ലാം മാറ്റിസ്ഥാപിക്കുന്നത് ബോംബ് സ്ഫോടനങ്ങളും ആംബുലൻസിന്റെ സൈറണുകളും തകർന്നുവീഴുന്ന കെട്ടിടങ്ങളുടെ മുഴക്കങ്ങളും ആശുപത്രികളിലെ നിലവിളികളുമാണ്. ഒരു കുട്ടിയുടെ ഓർമ്മയിൽ ആദ്യം പതിയുന്ന ശബ്ദങ്ങൾ തന്നെ യുദ്ധത്തിന്റേതാകുമ്പോൾ, ആ കുട്ടിയുടെ ബാല്യവും യുദ്ധത്തിന്റെ ഭാഷയിലാണ് രൂപപ്പെടുന്നത്. ഇവിടെ ശബ്ദം ഒരു പശ്ചാത്തലമല്ല; ബാല്യത്തിന്റെ തന്നെ പരിസരമാണ്.
ഫോർ സമയുടെ സംവിധായികയായ വാഅദ് അൽ-കതീബ് ഒരു സംവിധായിക മാത്രമല്ല; യുദ്ധത്തിനുള്ളിൽ ജീവിക്കുന്ന ഒരു അമ്മ കൂടിയാണ്. അതുകൊണ്ടുതന്നെ ഈ സിനിമയുടെ ക്യാമറ ഒരു വാർത്താചാനലിന്റെ ക്യാമറയല്ല. അത് ഒരു അമ്മയുടെ കണ്ണാണ്. തന്റെ മകൾ സമയ്ക്ക് ഒരുനാൾ കാണാൻ വേണ്ടി ചരിത്രത്തെ സൂക്ഷിച്ചുവെക്കുന്ന ഒരു ഓർമ്മയന്ത്രം കൂടിയാണ്. ഇവിടെ ക്യാമറ ചരിത്രത്തെ രേഖപ്പെടുത്തുന്നില്ല; ചരിത്രത്തിനുള്ളിൽ ജീവിക്കാൻ നിർബന്ധിതരായ മനുഷ്യരുടെ ഓർമ്മയെ സംരക്ഷിക്കുകയാണ്. ഒരു വ്യക്തിപരമായ വീഡിയോ ഡയറി മനുഷ്യരാശിയുടെ പൊതുസ്മൃതിയായി മാറുന്നത് അങ്ങനെയാണ്.
അതുകൊണ്ടുതന്നെ ഫോർ സമയിലെ ക്യാമറയെ സാങ്കേതികതയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ കഴിയില്ല. ഈ സിനിമയിലെ ഷേക്കിങ് ക്യാമറകളും തെറ്റിപ്പോകുന്ന ഫ്രെയിമുകളും നോൺ-ഫോക്കസ്ഡ് ദൃശ്യങ്ങളും പരമ്പരാഗത സിനിമാഭാഷയുടെ പരാജയമല്ല; യുദ്ധത്തിന്റെ ദൃശ്യഭാഷയാണ്. ഒരു മിസൈൽ പതിക്കുന്ന നിമിഷത്തിൽ ക്യാമറ സ്ഥിരമായി നിൽക്കണമെന്ന് ആവശ്യപ്പെടുന്നത് യുദ്ധത്തോട് സൗന്ദര്യശാസ്ത്രം ആവശ്യപ്പെടുന്നതുപോലെയാണ്. ഇവിടെ ക്യാമറയും ഓടുന്നു, ശ്വാസംമുട്ടുന്നു, പേടിക്കുന്നു, അഭയം തേടുന്നു. ക്യാമറ ഓപ്പറേറ്ററുടെ ശരീരവും ശ്വാസവും ഭയവും ഫ്രെയിമിന്റെ ഭാഗമായി മാറുന്നു. അതുകൊണ്ടുതന്നെ ഈ ഷേക്കിങ് ക്യാമറകൾ ഒരു സാങ്കേതിക പിഴവല്ല; ജീവിച്ചിരിക്കുന്നതിന്റെ തെളിവാണ്.
യുദ്ധഭൂമിയിലെ ക്യാമറകളെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഫൈവ് ബ്രോക്കൻ ക്യാമറ എന്ന ഡോക്യുമെന്ററിയാണ്. പലസ്തീനിലെ അധിനിവേശത്തെ രേഖപ്പെടുത്തുന്ന ആ സിനിമയിൽ ക്യാമറ ഒരു ഉപകരണം മാത്രമല്ല, അധിനിവേശത്തിനെതിരായ സാക്ഷ്യമാണ്. വെടിയുണ്ടകൾക്ക് മുന്നിൽ നിന്നുകൊണ്ട് ചിത്രീകരിക്കേണ്ടി വരുന്ന അനുഭവങ്ങൾ, തകർന്നുപോകുന്ന ക്യാമറകൾ, പൂർത്തിയാകാതെ പോകുന്ന ഫ്രെയിമുകൾ—ഇവയെല്ലാം ഡോക്യുമെന്ററിയുടെ രൂപത്തെ തന്നെ മാറ്റിമറിക്കുന്നു. ഫോർ സമയിലും അതുതന്നെയാണ് സംഭവിക്കുന്നത്. കലാപത്തിന്റെയും ബോംബാക്രമണങ്ങളുടെയും നടുവിലൂടെ ക്യാമറയുമായി ഓടുന്ന ഒരു സ്ത്രീയെ നമ്മൾ കാണുന്നു. അവൾ ചിത്രീകരിക്കുന്നത് യുദ്ധത്തെ മാത്രമല്ല; യുദ്ധത്തിനുള്ളിൽ മനുഷ്യനായി തുടരാനുള്ള ശ്രമത്തെയാണ്. അതുകൊണ്ടുതന്നെ യുദ്ധഭൂമിയിലെ ക്യാമറകൾ രേഖപ്പെടുത്തുന്നത് ദൃശ്യങ്ങളെ മാത്രമല്ല, ചരിത്രത്തിന്റെ വിറയലുകളെ കൂടിയാണ്.
യുദ്ധം ബാല്യത്തെ നിർമ്മിക്കുമ്പോൾ
ഇവിടെയാണ് ഫോർ സമയെ മറ്റൊരു തരത്തിൽ വായിക്കാൻ കഴിയുന്നത്. ഈ സിനിമ യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി മാത്രമല്ല; യുദ്ധം ഒരു കുട്ടിയുടെ ബാല്യത്തെ എങ്ങനെ നിർമ്മിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സിനിമ കൂടിയാണ്. സമ ജനിക്കുന്നത് യുദ്ധത്തിലേക്കാണ്. ഗർഭത്തിലിരിക്കുമ്പോൾ തന്നെ അവൾ കേൾക്കുന്നത് മിസൈലുകളുടെ ശബ്ദമാണ്. ജനിച്ചതിനുശേഷം അവളുടെ കളിപ്പാട്ടങ്ങൾക്കൊപ്പം ആശുപത്രികളും ബോംബ് ഷെൽട്ടറുകളും പൊടിയും പുകയും കൂടി വളരുന്നു. ഇവിടെ അമ്മയുടെ കൈകളിലുള്ള കുഞ്ഞ് ഒരു കുടുംബത്തിന്റെ അംഗം മാത്രമല്ല; ചരിത്രത്തിന്റെ നടുവിൽ ജനിച്ച ഒരു സാക്ഷിയാണ്. അതുകൊണ്ടാണ് ഈ സിനിമ ഒരു അമ്മ മകൾക്കായി എഴുതുന്ന സ്വകാര്യ കത്തായിരിക്കുമ്പോഴും മനുഷ്യരാശിക്കുള്ള പൊതുസാക്ഷ്യമായി മാറുന്നത്.
മറ്റൊരു തരത്തിൽ ചിന്തിച്ചാൽ കാപ്പർനാം, ടർട്ടിൽസ് കാൻ ഫ്ലൈ, മലയാളത്തിലെ ബാലൻ എന്നിവയെ ഫോർ സമയെ പോലെ ഒരേ വായനയ്ക്കുള്ളിൽ കൊണ്ടുവരാൻ കഴിയും. നാല് രാജ്യങ്ങളിൽ നിന്നും നാല് വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുമാണ് ഈ സിനിമകൾ വരുന്നത്. എന്നിട്ടും അവയെ ബന്ധിപ്പിക്കുന്ന ഒരു വലിയ സാദൃശ്യമുണ്ട്. അവയെല്ലാം ബാല്യത്തെ ഒരു ജൈവാവസ്ഥയായി അല്ല, സമൂഹം നിർമ്മിക്കുന്ന ഒരു അനുഭവമായി അവതരിപ്പിക്കുന്നു. കുട്ടികൾ ജനിക്കുന്നത് ഒരു ലോകത്തിലേക്കാണ്; ആ ലോകമാണ് അവരുടെ ബാല്യത്തെ രൂപപ്പെടുത്തുന്നത്.

കാപ്പർനാം എന്ന സിനിമയിൽ ദാരിദ്ര്യം ഒരു കുട്ടിയുടെ ബാല്യത്തെ വിഴുങ്ങുകയാണ്. ജീവിക്കാൻ പോലും കഴിയാത്ത ലോകത്തിലേക്ക് തന്നെ ജനിപ്പിച്ചതിന് സ്വന്തം മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന സെയ്ൻ എന്ന കുട്ടിയാണ് സിനിമയുടെ കേന്ദ്രം. ഇവിടെ ബാല്യം മാതാപിതാക്കളുടെ സ്നേഹത്തിലല്ല, തെരുവുകളിലും പട്ടിണിയിലും രേഖകളില്ലാത്ത ജീവിതത്തിലും രൂപപ്പെടുന്നു. കുട്ടി അവിടെ കളിക്കാൻ പഠിക്കുന്നില്ല; അതിജീവിക്കാൻ പഠിക്കുകയാണ്. ജീവിക്കാനുള്ള ഉത്തരവാദിത്വം പോലും ബാല്യത്തിന്റെ ഭാഗമാകുന്ന ലോകത്തെയാണ് ആ സിനിമ വരച്ചുകാട്ടുന്നത്.

ടർട്ടിൽസ് കാൻ ഫ്ലൈയിൽ യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച് ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണ് കാണുന്നത്. കളിസ്ഥലങ്ങളുടെ സ്ഥാനത്ത് മൈനുകൾ നിറഞ്ഞ പാടങ്ങളും സ്കൂളുകളുടെ സ്ഥാനത്ത് അതിർത്തികളും വരുന്നു. ഭാവിയെക്കാൾ പ്രധാനമായത് അടുത്ത ദിവസത്തെ അതിജീവനമാണ്. മുതിർന്നവർ സൃഷ്ടിച്ച യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ വിറ്റ് ജീവിക്കേണ്ടി വരുന്ന കുട്ടികൾ ബാല്യം ജീവിക്കുന്നില്ല; അവർ ചരിത്രത്തിന്റെ ഭാരം ചുമക്കുകയാണ്. ഈ സിനിമകളിൽ ഒരു കാര്യം ശ്രദ്ധേയമാണ്. യുദ്ധവും ദാരിദ്ര്യവും അതിർത്തികളും രാഷ്ട്രവും ഒന്നും കുട്ടികൾ സൃഷ്ടിച്ചതല്ല. അവയെല്ലാം മുതിർന്നവരുടെ ലോകത്തിന്റെ നിർമ്മിതികളാണ്. എന്നാൽ അവയുടെ ഏറ്റവും വലിയ വില കൊടുക്കേണ്ടിവരുന്നത് കുട്ടികൾക്കാണ്. അതുകൊണ്ടുതന്നെ ഈ സിനിമകൾ കുട്ടികളുടെ കഥകളല്ല; മുതിർന്നവർ നിർമ്മിച്ച ലോകം കുട്ടികളിൽ ചെലുത്തുന്ന അക്രമത്തിന്റെ കഥകളാണ്.
അവിടെയാണ് മലയാളത്തിലെ ബാലൻ എന്ന സിനിമ ഈ യൂണിവേഴ്സിലേക്ക് കടന്നുവരുന്നത്. ആദ്യനോട്ടത്തിൽ ഈ സിനിമയെ യുദ്ധസിനിമകളോടോ അഭയാർത്ഥി സിനിമകളോടോ ചേർത്ത് വായിക്കുന്നത് അസ്വാഭാവികമായി തോന്നാം. എന്നാൽ ബാല്യത്തെ രൂപപ്പെടുത്തുന്ന സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബാലൻ മറ്റൊരു അതേ ചോദ്യമാണ് ചോദിക്കുന്നത്—ഒരു കുട്ടിയുടെ ലോകം ജയിലാണെങ്കിൽ, ആ കുട്ടിയുടെ ബാല്യം എങ്ങനെയായിരിക്കും രൂപപ്പെടുക?
പൊതുവെ ബാലൻ എന്ന സിനിമയെ അമ്മ-മകൻ ബന്ധത്തിന്റെയും ത്യാഗത്തിന്റെയും സിനിമയായാണ് വായിക്കപ്പെടുന്നത്. എന്നാൽ ബാല്യത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ മറ്റൊരു സിനിമയാണ് തെളിയുന്നത്. ജയിലിനകത്ത് ജനിക്കുകയും വളരുകയും ചെയ്യുന്ന ഒരു കുട്ടിയുടെ മാനസിക ലോകം എങ്ങനെയായിരിക്കും? അവനെ സ്നേഹിക്കുന്നവരും കൊഞ്ചിക്കുന്നവരും അവിടെ ഉണ്ടായിരിക്കാം. എന്നിരുന്നാലും അവൻ ദിവസവും കാണുന്നത് സെല്ലുകളാണ്, മതിലുകളാണ്, പോലീസിന്റെ അധികാരമാണ്, തടവുകാരുടെ ജീവിതമാണ്, ഭക്ഷണത്തിനുള്ള ക്യൂവാണ്. അത്തരം ദൃശ്യങ്ങളാണ് അവന്റെ ആദ്യ ഓർമ്മകളെങ്കിൽ, ലോകത്തെക്കുറിച്ചുള്ള അവന്റെ സങ്കൽപം എങ്ങനെ രൂപപ്പെടും?
ഒരുപക്ഷേ ബാലൻ എന്ന സിനിമയിലെ ഏറ്റവും വലിയ ചോദ്യം അതാണ്. അമ്മയുടെ അഭാവം മാത്രമല്ല ആ കുട്ടിയെ രൂപപ്പെടുത്തുന്നത്; അവൻ ജീവിക്കുന്ന സ്ഥാപനങ്ങളാണ് അവനെ രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പിന്നീട് അബ്ബാസിനൊപ്പം അവൻ എത്തിച്ചേരുന്ന അധോലോകം പോലും അവന് അപരിചിതമായ ഒരു ലോകമല്ല. ബാല്യത്തിൽ തന്നെ അധികാരവും ഭയവും നിയന്ത്രണവും പരിചയപ്പെട്ട ഒരു കുട്ടിയുടെ ജീവിതം മറ്റൊരു അധികാരലോകത്തിലേക്ക് വഴിമാറുന്നതിൽ അത്ഭുതമില്ല. അങ്ങനെ നോക്കുമ്പോൾ ബാലൻ അമ്മയെ അന്വേഷിക്കുന്ന ഒരു കുട്ടിയുടെ കഥ മാത്രമല്ല; ഒരു സ്ഥാപനത്തിന്റെ ഉള്ളിൽ നിർമ്മിക്കപ്പെടുന്ന ബാല്യത്തിന്റെ കഥ കൂടിയാണ്.
യുദ്ധം ബാല്യത്തെ നിർമ്മിക്കുമ്പോൾ
അതുകൊണ്ടാണ് ഫോർ സമയിലെ യുദ്ധവും ബാലൻയിലെ ജയിലും പരസ്പരം സംസാരിക്കുന്നതായി എനിക്ക് തോന്നുന്നത്. ഇവ രണ്ടും ഒരുപോലെയാണെന്ന് പറയാനാവില്ല. യുദ്ധത്തിനും ജയിലിനും വ്യത്യസ്തമായ ചരിത്രവും രാഷ്ട്രീയവുമുണ്ട്. എന്നാൽ രണ്ടിടത്തും ഒരു സാമ്യമുണ്ട്. കുട്ടി തന്റെ ലോകം തിരഞ്ഞെടുക്കുന്നില്ല. മുതിർന്നവർ നിർമ്മിച്ച ലോകത്തിലേക്കാണ് അവൻ ജനിക്കുന്നത്. ആ ലോകത്തിന്റെ നിയമങ്ങൾക്കനുസരിച്ചാണ് അവന്റെ ബാല്യവും രൂപപ്പെടുന്നത്.
ഫോർ സമയിലെ ഒരു രംഗം അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഈ രാഷ്ട്രീയം പറഞ്ഞുതരുന്നുണ്ട്. മിസൈൽ തകർത്ത ഒരു ബസ്സിന് പിന്നീട് പെയിന്റ് അടിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ പിഞ്ചുകുഞ്ഞായ സമയും നിൽക്കുന്നു. അപ്പോൾ സമയുടെ അമ്മ കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യം ശ്രദ്ധേയമാണ്: “ഈ ബസ് എങ്ങനെയാണ് തകർന്നത്?” കുട്ടികൾ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറയുന്നു—”മിസൈൽ വന്ന്.” ആ മറുപടിയിൽ ഭയമില്ല, അതിശയമില്ല, ആഘാതമില്ല. കാരണം അവരുടെ ലോകത്ത് അത് അസാധാരണമായ ഒരു സംഭവമല്ല. യുദ്ധം അവരുടെ ജീവിതത്തിലെ ഒരു വാർത്തയല്ല; അവരുടെ സാധാരണ ദിനചര്യയാണ്. കുട്ടികളുടെ നിഷ്കളങ്കത പോലും ഇവിടെ യുദ്ധത്തിന്റെ ഭാഷയിലാണ് രൂപപ്പെടുന്നത്.
ബാലൻ എന്ന സിനിമയിലും ഈ ചോദ്യം മറ്റൊരു രൂപത്തിൽ തുടരുന്നു. ജയിലിനകത്ത് വളരുന്ന ഒരു കുട്ടി ലോകത്തെ മനസ്സിലാക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അനുഭവങ്ങളിലൂടെയല്ല; നിയന്ത്രണത്തിലൂടെയും അധികാരത്തിലൂടെയും മതിലുകളിലൂടെയുമാണ്. അവന്റെ ഓർമ്മകൾക്ക് കളിസ്ഥലങ്ങളേക്കാൾ പരിചിതം സെല്ലുകളും ജയിലിന്റെ നടപ്പാതകളുമാണ്. ഒരു കുട്ടിയുടെ ആദ്യ ലോകം എന്താണോ, പിന്നീട് ലോകത്തെ വായിക്കുന്ന അവന്റെ ഭാഷയും അതുതന്നെയാകാം ചിലപ്പോൾ. അതുകൊണ്ടുതന്നെ ബാലൻ എന്ന സിനിമയിൽ ജയിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാലും, ജയിൽ അവന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നില്ല.
ഇവിടെയാണ് ഈ നാല് സിനിമകളും ഒരേ ചിന്തയിലേക്ക് എത്തുന്നത്. കാപ്പർനാംയിൽ തെരുവ് ഒരു ജയിലാണ്. ടർട്ടിൽസ് കാൻ ഫ്ലൈയിൽ അതിർത്തിയും യുദ്ധഭൂമിയും ഒരു ജയിലാണ്. ഫോർ സമയിൽ നഗരം തന്നെ ഒരു ജയിലാണ്. ബാലനിൽ ജയിൽ മാത്രമല്ല, പിന്നീട് അവൻ സഞ്ചരിക്കുന്ന സമൂഹവും മറ്റൊരു വലിയ ജയിലായി മാറുന്നു. ഒരു തരത്തിൽ നോക്കിയാൽ ബാലൻ എന്ന സിനിമയിൽ അവന്റെ അമ്മ പോലും അവൻ എത്തിച്ചേരുന്ന അവസാനത്തെ ജയിലായി വായിക്കപ്പെടാം.
കുട്ടികളെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം പലപ്പോഴും അവരെ നിഷ്കളങ്കതയുടെയും കളിയുടെയും പ്രതീകങ്ങളായി മാത്രം കാണുന്നു. എന്നാൽ ഈ സിനിമകൾ ആ സങ്കൽപത്തെ പൊളിച്ചെഴുതുന്നു. കുട്ടികൾ കളിക്കാൻ പഠിക്കുന്നതിന് മുമ്പ് അതിജീവിക്കാൻ പഠിക്കുന്ന ലോകങ്ങളുണ്ട്. സ്കൂളിൽ പോകുന്നതിന് മുമ്പ് യുദ്ധത്തിന്റെ ശബ്ദം തിരിച്ചറിയേണ്ട ലോകങ്ങളുണ്ട്. അമ്മയുടെ താരാട്ടിനേക്കാൾ മുമ്പ് ബോംബിന്റെ ശബ്ദം കേട്ട് വളരേണ്ട ലോകങ്ങളുണ്ട്. അത്തരം ലോകങ്ങളിൽ ബാല്യം ഇല്ലാതാകുന്നില്ല; അത് മറ്റൊരു രൂപത്തിലേക്ക് മാറുകയാണ്.
അതുകൊണ്ടുതന്നെ ഈ സിനിമകൾ ബാല്യത്തെക്കുറിച്ചുള്ള സിനിമകളല്ല മാത്രം. സമൂഹം കുട്ടികൾക്ക് എന്ത് തരത്തിലുള്ള ലോകമാണ് കൈമാറുന്നത് എന്ന ചോദ്യവും അവ ഉയർത്തുന്നു. യുദ്ധം, ദാരിദ്ര്യം, ജയിൽ, അതിർത്തി, അധികാരം—ഇവയെല്ലാം മുതിർന്നവർ സൃഷ്ടിച്ച വ്യവസ്ഥകളാണ്. എന്നാൽ അവയുടെ ഏറ്റവും വലിയ ഭാരം ചുമക്കേണ്ടിവരുന്നത് കുട്ടികൾക്കാണ്. അതുകൊണ്ടാണ് ഈ സിനിമകൾ കാണുമ്പോൾ നമ്മൾ കുട്ടികളുടെ ജീവിതം മാത്രം കാണുന്നത് അല്ല; മുതിർന്നവരുടെ ലോകത്തിന്റെ ഏറ്റവും വലിയ പരാജയങ്ങളെയാണ് കാണുന്നത്.
യുദ്ധം ബാല്യത്തെ നിർമ്മിക്കുമ്പോൾ
സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ചരിത്രം സ്വന്തം മകൾക്ക് പറഞ്ഞുകൊടുക്കുന്ന ഒരു അമ്മയുടെ ‘കത്ത്’ എന്ന രീതിയിലാണ് വർഷങ്ങളെടുത്ത് ഫോർ സമ പൂർത്തിയാകുന്നത്. അതുകൊണ്ടുതന്നെ ഇത് യുദ്ധത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി മാത്രമല്ല; ചരിത്രം ഒരു കുട്ടിയോട് സംസാരിക്കുന്ന സിനിമ കൂടിയാണ്.
സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ചരിത്രത്തിൽ ഒരു അമ്മ കുട്ടിയോട് പറയുന്ന ചരിത്രം എന്ന രീതിയിലാണ് വർഷങ്ങൾ എടുത്ത് ഈ ഡോക്യുമെന്ററി പൂർത്തിയാക്കുന്നത്. ഒരു വശത്ത് കുട്ടികൾ മരിക്കുകയും മറുവശത്ത് കുട്ടികൾ ഈ മരണങ്ങളുടെ ഇടയിൽ തങ്ങളുടെ ബാല്യം രൂപപ്പെടുത്തുകയും ചെയ്യേണ്ടി വരുന്ന ഭീകരമായ യാഥാർഥ്യം ഈ സിനിമ കാണിക്കുന്നുമുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം വധശിക്ഷ ജീവിതത്തിൽ നടപ്പിലാവുന്ന ജയിലാണ് ഇങ്ങു ബാലൻ എന്ന സിനിമയിലും ആ കുട്ടിയുടെ ലോകം മുഴുവനും ജയിലാണ്. അവൻ അവസാനം എത്തിച്ചേരുന്നതും അമ്മ എന്ന ഒരു ജയിലിലേക്കാണ്. കുട്ടികളെ ജയിലിൽ അടക്കുന്ന ലോകം കൂടെയാണ് ഇത്. ഫോർ സമ എന്ന സിനിമ ചരിത്രത്തിലെ സിനിമ എന്ന മാധ്യമത്തിലെ ഒരു ജെം ആയി മാറുമ്പോഴും, അത് നമ്മുടെ ഉള്ളിൽ നിറക്കുന്ന ആഘാതം ചെറുതൊന്നുമല്ല. ചില സിനിമകൾ കാണുമ്പോൾ നമുക്ക് ഈ ലോകത്ത് ജനിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും.







No Comments yet!