
ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ ജോണിന്റെ മരണത്തിന് ശേഷം സിനിമ കാണാൻ മുതിർന്ന തലമുറ മുതൽ ജെൻ സി (Gen Z) വരെയുള്ള തലമുറ ഏത് രീതിയിലാണ് കാണേണ്ടത്? 40 വർഷങ്ങൾക്കിപ്പുറം കാൻ ചലച്ചിത്ര മേളയിൽ ‘അമ്മ അറിയാൻ’ എന്ന സിനിമയുടെ പരിഷ്കരിച്ച പതിപ്പ് പ്രദർശിപ്പിക്കപ്പെടുമ്പോൾ ആ സിനിമ അടയാളപ്പെടുത്തിയ കാലഘട്ടം, പ്രതിനിധീകരിക്കാൻ ശ്രമിച്ച യുവതലമുറ, നിർമ്മാണ, വിതരണ പ്രദർശനത്തിൽ ഉദ്യമിച്ച പുതുവഴികൾ ഇവയൊക്കെയും ഇന്നത്തെ കാലത്തിനോട് തുലോം സംവദിക്കുവാൻ അര്‍ഹ അല്ല എന്ന് വരുന്നുണ്ടോ?
‘അമ്മ അറിയാൻ’ ഒരിക്കൽ കൂടി പുനർ സന്ദർശിക്കുന്നുണ്ടെങ്കിൽ ആ സിനിമ നിങ്ങളോട് എങ്ങനെയൊക്കെ ആശയവിനിമയം നടത്തുകയാണ് ചെയ്യുന്നത്? മുകളിൽ പറഞ്ഞ ആശയ പരിസരങ്ങളിൽ ഊന്നി നിന്നുകൊണ്ട് അമ്മ അറിയാൻ പിന്നെയും കണ്ട ഒരു സിനിമാ ആസ്വാദകന്റെ ചില നിരീക്ഷണങ്ങൾ മാത്രമാണ് ചുവടെ ചേർക്കുന്നത്.

ഒഡേസ കളക്ടീവ്
മികച്ച സിനിമകളുടെ പ്രദർശനവും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നല്ല സിനിമകൾക്കായുള്ള നിർമ്മാണ പ്രവർത്തനവും, വിതരണവും, പ്രദർശനവുമായിരുന്നു ഒഡേസ ലക്ഷ്യമാക്കിയത്. സിനിമയുടെ ആമുഖത്തിൽ പറയുന്ന പോലെ “നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കൂട്ടായ സാഹോദര്യം,” ” സിനിമയലൂടെ ജനങ്ങളുമായി സംവദിക്കാനുള്ള ആത്മാർത്ഥമായ ശ്രമം.” ഈ ഉദ്യമങ്ങളിൽ അവർ എത്രകണ്ട് വിജയിച്ചു എന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന കാര്യമായിരിക്കാം. എന്നാൽ സിനിമാ നിർമ്മാണവും, വിതരണവും ഏറ്റവും അനായാസമായിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ ഇത്തരത്തിലുള്ള എത്ര ആത്മാർത്ഥ ശ്രമങ്ങളാണ് നമുക്ക് ചുറ്റും ഉണ്ടാവുന്നത് എന്ന ചോദ്യം കൂടുതൽ ഞെട്ടൽ ഉളവാക്കുന്നതായിരിക്കും.
സമൂഹത്തിൽ അരികുവൽക്കരിക്കപ്പെടുന്നവരുടെ സംഘർഷങ്ങൾ ഇല്ലാതാവുന്നതല്ല, മറിച്ച് അവ നമ്മുടെ തിരശീലകളിലോ റീലുകളിലോ പോലും വരാതെ അദൃശ്യമാക്കപ്പെടുകയോ അപ്രത്യക്ഷമാവുകയോ ആണ് ചെയ്യപ്പെടുന്നത് എന്ന് നമുക്ക് അറിയാത്തതല്ല. സാങ്കേതിക സഹായത്തോടെ നമ്മുടെ കാഴ്ച പൊതുയിടങ്ങളിൽ നിന്നും (ടെലിവിഷൻ, തിയേറ്റർ) വ്യക്തിതലത്തിലേക്ക് (മൊബൈൽ ഫോൺ) മാറിയത് മറന്നിട്ടല്ല ഇത് പറയുന്നത്. എന്നിരുന്നാലും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ വ്യാപകമായി പ്രദർശിപ്പിക്കപ്പെടേണ്ട ആവശ്യം ഇന്നും നിലനിൽക്കുന്നു എന്നും അത് അങ്ങനെ ചെയ്യപ്പെടുന്നില്ല എന്നത് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചു എന്ന് മാത്രമേയുള്ളൂ.
‘അമ്മ അറിയാൻ’ സിനിമയിലൂടെ…
‘അമ്മ അറിയാൻ’ അമ്മമാരിൽ നിന്നും ആരംഭിക്കുന്ന യാത്രകളാണ്. അമ്മമാരിൽ നിന്നും ആണല്ലോ എല്ലാ യാത്രകളും ആരംഭിക്കുന്നത്. ജീവന്റെ, ജീവിതത്തിന്റെ യാത്രകൾ അവിടുന്ന് തുടങ്ങുന്നു. അമ്മമാരിൽ നിന്നും ആരംഭിക്കുന്നു എന്ന് പറയുമ്പോൾ തന്നെ അത് അമ്മമാരിൽ നിന്നും അകലുന്ന ഒരു യാത്രയുമാകുന്നുണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അഥവാ അമ്മയുടെ സുരക്ഷിതത്വത്തിൽ നിന്നും ജീവിതത്തിന്റെയും,കാലത്തിന്റെയും, ചരിത്രത്തിന്റെയും, രാഷ്ട്രീയത്തിന്റെയും സംഘർഷങ്ങളിലേക്കും നടത്തപ്പെടുന്ന യാത്രകളായി അവ പരിണാമപ്പെടുന്നു. എന്നാൽ അമ്മമാരുടെ കരുതലും, സുരക്ഷിതത്വത്തിനും അപ്പുറം ഒരു കാലഘട്ടത്തിലെ മക്കളുടെ ആശയങ്ങളും, ആഗ്രഹങ്ങളും മനസ്സിലാക്കാൻ കഴിയാത്ത അമ്മമാരുടെയും കഥയാണ് ‘അമ്മ അറിയാൻ’. അങ്ങനെ നോക്കുമ്പോൾ അവ വെറും കാൽപ്പനിക സങ്കല്പങ്ങളിൽ നിന്നും ഒരു കാലഘട്ടത്തിന്റെ നേരെ പിടിക്കാൻ ശ്രമിച്ച കണ്ണാടി കൂടിയാവാൻ പരിശ്രമിക്കുന്നുണ്ട്.
1970-കളിൽ ബംഗാളിലേതിന് സമാനമല്ലെങ്കിലും കേരളത്തിലും നക്സൽ പ്രസ്ഥാനത്തിന് ഏറ്റവും മികച്ച കലാലയങ്ങളിൽ പഠിച്ച സമർത്ഥരായ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. രാജ്യത്തെ പ്രഗൽഭ യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചിറങ്ങി എത്രയും വേഗം വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ തക്കം പാർക്കുന്നവരും രാജ്യത്തിന്റെ അരാഷ്ട്രീയ കലാലയ പരിസ്ഥിതികൾ ആത്മഹത്യയിലേക്ക് തള്ളിയിടുന്നവരുമായ ഇന്നത്തെ യുവജനതയ്ക്ക് ഒരു ചൂണ്ടുപലകയാവുന്നുണ്ട് ‘അമ്മ അറിയാൻ’.
കേവല അധികാര പിടിവലികൾക്ക് അപ്പുറം സാമൂഹ്യ നീതിയും,തുല്യതയും സ്വപ്നം കണ്ട ഒരു യുവജനത ഉണ്ടായിരുന്നു. ആ കാലത്തിന്റെ ഒരു പ്രതിനിധിയാണ് ‘അമ്മ അറിയാൻ’ലെ ഹരി. ഹരി ഒരു കലാകാരനുമായിരുന്നു. ഇവർക്ക് കാലക്രമത്തിൽ എന്ത് സംഭവിച്ചു എന്ന് ചിത്രം പരിശോധിക്കുന്നുണ്ട്. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ പോലീസ് വേട്ടയിൽ പ്രസ്ഥാനത്തിലെ ചെറുപ്പക്കാർ ചിതറപ്പെട്ടു. പ്രസ്ഥാനം തന്നെ കടുത്ത വിഭാഗീയതകൾക്ക് അടിപ്പെട്ടു. പലരും കടുത്ത വിഷാദത്തിനും ലഹരിക്കും കീഴടങ്ങി. ചിലർ ആത്മഹത്യയിലും.

ജനകീയ മുന്നേറ്റങ്ങൾ സിനിമയിൽ
1953-ലെ ഫോർട്ട് കൊച്ചിയിലെ തൊഴിലാളി സമരം മുതൽ 1986-ലെ മെഡിക്കൽ വിദ്യാർത്ഥി സമരം വരെയുള്ള ചില ജനകീയ മുന്നേറ്റങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ 80-കളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സൗത്ത് ആഫ്രിക്കയിലെ കറുത്തവരുടെ വിമോചന പോരാട്ടവും ഉൾപ്പെടും. 1970-കളിൽ മലബാറിൽ നടന്ന ഇരിങ്ങപ്പാറ പാറമട സമരം, കോട്ടപ്പുറം ജനകീയ സമരം, 80-കളിൽ ഫോർട്ട് കൊച്ചിയിൽ നടന്ന സ്ത്രീ തൊഴിലാളി സമരം, മെഡിക്കൽ വിദ്യാർത്ഥി സമരം, പിന്നെ വൈപ്പിൻ വിഷമദ്യ ദുരന്തം എന്നിവ പ്രതിപാദിക്കപ്പെടുന്നു.
കേരളത്തിലെ ജനകീയ പ്രക്ഷോഭങ്ങളുടെ ഒരു പ്രാതിനിധ്യ സ്വഭാവം ഇവയ്ക്ക് അവകാശപ്പെടാമോ എന്ന് പറയാൻ കഴിയില്ലെങ്കിലും, ഈ ജനകീയ മുന്നേറ്റങ്ങളെല്ലാം പ്രസക്തമായത് തന്നെയാണ്. ഈ സംഘർഷങ്ങളെ തിളക്കമുള്ളതാക്കുന്നത് പലപ്പോഴും അവ ജനങ്ങൾ അതത് കാലത്തെ വ്യവസ്ഥാപിതമായ അധികാര ചട്ടക്കൂടുകളോട് പടപൊരുതി നേടിയ ചില വിജയങ്ങൾ ആകുന്നു എന്നത് കൊണ്ട് കൂടികൊണ്ടാണ്. പാർട്ടി, പള്ളി, ട്രേഡ് യൂണിയനുകൾ, മുതലാളിമാർ, അവരുടെ പിണിയാളുകൾ തുടങ്ങി മുഖ്യധാരയിലുള്ള ശക്തികൾക്കെതിരെ ഏറ്റവും സാധാരണവും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനസഞ്ചയം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ ഒരു രേഖപ്പെടുത്തലായി സിനിമ ഇവിടെ മാറുന്നുണ്ട്. ജനപക്ഷത്ത് നിന്ന് കൊണ്ട് നടക്കുന്ന എല്ലാ സമരങ്ങളും വിജയത്തില്‍ എത്തുന്നില്ല എന്ന യാഥാർത്ഥ്യം സിനിമ തുറന്ന് കാട്ടുന്നുണ്ട്. 80 ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ സ്ത്രീകള്‍ നടത്തുന്ന സമരം പരാജയപ്പെടുകയായിരുന്നു. അതേപോലെ ആരംഭിച്ച ജനകീയ സമരങ്ങള്‍/ ജനകീയ വിചാരണകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവ കാല്‍പ്പനിക സംതൃപ്തി ആയി ചുരുങ്ങി പോകുകയാണ് ഉണ്ടായത് എന്ന യാഥാർത്ഥ്യം സിനിമ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ തിരിച്ചടികള്‍ ഉണ്ടെങ്കിലും ആ സമര മുഖങ്ങൾ തുറന്ന സാധ്യതകള്‍ നമ്മള്‍ കാണാതെ പോകരുത് എന്ന് ഓര്‍മിപ്പിക്കുന്നundu. ചില സമരങ്ങള്‍ പരാജയം ആകും എങ്കിൽ കൂടി നടക്കേണ്ട സമരങ്ങള്‍ ആകുന്നതinte ആവശ്യം അത് പറഞ്ഞു വായിക്കുന്നുണ്ട്. പുതിയ മൂല്യങ്ങള്‍kkum മനുഷ്യത്വത്തിനും വേണ്ടിയാണ് ഓരോ സമരങ്ങളും അന്തിമമായി nadathapedendathu എന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഈ കാലത്തും തികച്ചും അനുകരിക്കപ്പെടാവുന്ന ഒരു ദൃശ്യ കഥന രീതിയാണ് അത് മുന്നോട്ടുവെക്കുന്നത്. ഈ സംഘർഷങ്ങളുടെയും ചിലപ്പോൾ ദുരന്തങ്ങളുടെയും കഥ പറയുമ്പോൾ തന്നെ ഒരു ഡോക്യുമെന്ററി മാത്രമായി സിനിമ ചുരുങ്ങുന്നില്ല. ഫാക്ട്/ഫിക്ഷൻ/ മെമ്മോയർ (Fact/Fiction/memoir) എന്നീ തലങ്ങൾ കൂടിക്കലർന്നാണ് സിനിമയുടെ രൂപം നിശ്ചയിച്ചിരിക്കുന്നത്. ഇന്നും നമുക്ക് രൂപപരമായി പകർത്താൻ സാധിക്കുന്ന അനേകം സാധ്യതകൾ തുറന്നു തരുന്ന ഒരു രീതിയാണിത്.

അമ്മ അറിയാനിലെ മനുഷ്യർ, അമ്മമാർ, സ്ഥലങ്ങൾ
ആഖ്യാതാവായ പുരുഷൻ മുതൽ നസീം വരെയും, വയനാട് മുതൽ ഫോർട്ട് കൊച്ചി വരെയും ആളുകളിലും സ്ഥലങ്ങളിലും ‘അമ്മ അറിയാൻ’ പരന്നു കിടക്കുന്നു. ഇതിൽ നാലോളം പേരുടെ അമ്മമാരുടെ ഓർമ്മയിൽ മരണപ്പെട്ട ഹരി നിറഞ്ഞു നിൽക്കുന്നുണ്ട്. ‘അമ്മ അറിയാനി’ലെ ആൾക്കൂട്ടം കടന്നു പോകുന്ന സ്ഥലങ്ങൾ വയനാട്, കോഴിക്കോട്, ബേപ്പൂർ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ഫോർട്ട് കൊച്ചി തുടങ്ങിയവയാണ്. കണ്ണകി മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെയും, തോമസ് ശ്ലീഹ മുതൽ പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെയും മിത്തിലും ചരിത്രത്തിലേക്കും നടത്തിയ യാത്രകളായി അവ മാറുന്നുണ്ട്.
സംഗീതം സിനിമയുടെ അഭേദ്യമായ പശ്ചാത്തലം ഒരുക്കുന്നുണ്ട്. നമ്മെ പിന്തുടരുന്ന പശ്ചാത്തല സംഗീതമായാലും, തമിഴ് ഈരടികളായാലും,ഇടയ്ക്കയും, തബലയും, മൃദംഗവും, ഡ്രംസും, ഗസലു,കവിതയും ആയി അത് സിനിമയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ശബ്ദലേഖനത്തിൽ മാത്രം നാലായിരത്തോളം തിരുത്തലുകൾ ഈ നവീകരിച്ച പതിപ്പിൽ മാറ്റിയിട്ടുണ്ട് എന്നറിയുന്നു. കുറ്റമറ്റ ശബ്ദലേഖനം സിനിമയെ വേറൊരു തലത്തിൽ ആസ്വദിക്കാൻ ഇടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചില ജോൺ ഹാക്കുകൾ
‘അമ്മ അറിയാനി’ലെ ചില സവിശേഷ ജോൺ ഹാക്കുകൾ ഓർത്തുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം എന്ന് തോന്നുന്നു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച സമയത്തുണ്ടായ ആൾക്കൂട്ടം അവസാനം കാണുകയില്ല എന്ന് ഉറപ്പുള്ള ജോൺ, സിനിമ റിവേഴ്സ് രീതിയിൽ ചിത്രീകരിക്കാൻ തീരുമാനിച്ച കാര്യം ഛായാഗ്രാഹകൻ വേണു പറയുന്നുണ്ട്. അതുപോലെ തന്നെ സിനിമയിൽ സിനിമ എന്ന രീതിയിലാകണം അവസാനം എന്നതിലും ജോണിന് തീർച്ചയുണ്ടായിരുന്നു.
അമ്മ അറിയാൻ പ്രദർശനത്തിന് പ്രൊജക്ടറുമായി ഗ്രാമങ്ങളിലും, ലൈബ്രറികളിലും, പൊതു ഇടങ്ങളിലും യാത്ര ചെയ്ത അനുഭവങ്ങൾ മുഖ്യ കഥാപാത്രം അഭിനയിച്ച ജോയ് മാത്യു ഓർക്കുന്നുണ്ട്. രസകരമായൊരു രംഗമാണ് വേറൊരു ജോൺ സവിശേഷത. ചിത്രത്തില്‍ ഒരിടത്ത് കമ്മ്യുണിസ്റ്റ് സഖാവിന്റെ വീട്ടില്‍ ഹരിയുടെ കൂട്ടുകാര്‍ എത്തുന്നുണ്ട്. സഖാവിന്റെ അമ്മ ജ്യോതിഷം നോക്കുന്ന തിരക്കിലാണ്. അതേ സമയം സംവിധായകന്‍ നമ്മെ ഒരു ആല്‍ബത്തിലൂടെ കടത്തിക്കൊണ്ടു പോകുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മുന്നില്‍ റീഗന്റെ അമേരിക്കയും, ഫിലിപ്പീൻസും, എല്‍ സാല്‍വദോറും ഹോ ചി മിന്നും, ചെഗുവേരയും മാർട്ടിൻ ലൂഥർ കിങും, നെല്ലി കൂട്ട കൊലയും, ഭോപ്പാല്‍ ദുരന്തവും ദൃശ്യമാകുന്നണ്ട്.
സിനിമയുടെ ഒരു കറകളഞ്ഞ ഭക്തനായിരുന്നു ജോൺ എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഉണ്ടാവുമെന്ന് തോന്നുന്നില്ല. സിനിമ ഒരേ സമയം കലയും, സാധ്യതയും തുറന്നു തരുന്ന ഒരു മാധ്യമമാണെന്നും ജോണിന് വ്യക്തമായി അറിയാമായിരുന്നു. ജോണിന് പകരക്കാരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ജോണിന് ശേഷം ഉണ്ടായത് ചില “ക്ലോൺ എബ്രഹാമിന്മാ”രായിരുന്നു എന്ന് വേണു ഒരിടത്ത് പറയുന്നുണ്ട്. പക്ഷെ,സിനിമയില്‍ ജോണുമാർ ആവർത്തിക്കേണ്ടത് ഈ കാലത്തിന്റെയും വരും കാലത്തിന്റെയും തന്നെ ആവശ്യമാണ്.







No Comments yet!