Skip to main content

അര്‍ദ്ധരാത്രിയിലെ കുര്‍ബാന

(മചാദൊ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോവാക്വിം മറിയ മചാദൊ ഡെ അസ്സിസ് സ്പാനിഷിനു പുറമെ ഫ്രഞ്ച്, ഇംഗ്‌ളീഷ്, ജര്‍മ്മന്‍, ഗ്രീക്ക് ഭാഷകള്‍ അറിയുന്ന ഒരു പണ്ഡിതനായിരുന്നു. സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പേരക്കുട്ടിയായാണു ജനനം. സങ്കരവര്‍ഗ്ഗക്കാരനായി, അഥവാ മുല്ലാറ്റൊയായി. ബാല്യത്തിലേ അനാഥനുമായി. ഔപചാരിക വിദ്യഭ്യാസമുണ്ടായിട്ടില്ല. സ്‌കൂളുകളിലോ സര്‍വകലാശാലകളിലോ പഠിച്ചിട്ടില്ല. എന്നാല്‍ പിന്നീട് സ്വന്തം കഠിനാദ്ധ്വാനം കൊണ്ട് പല ഉന്നത സ്ഥാനങ്ങളും അലങ്കരിച്ചു. ബ്രസീലിയന്‍ അക്കാഡമി ഓഫ് ലെറ്റേഴ്സ്റ്റിന്റെ ആദ്യ പ്രസിഡന്റായിരുന്നു ഇദ്ദേഹം. നോവല്‍, കവിത, നാടകം, ചെറുകഥ എന്നീ രംഗങ്ങളിലെല്ലാം ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതുല്യ പ്രതിഭയായി തന്നെയാണിന്നും അദ്ദേഹത്തെ കരുതപ്പെടുന്നത്.)

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും ഒരു സ്ത്രീയും തമ്മിലുണ്ടായ ഒരു ചര്‍ച്ച ഇന്നും എനിക്ക് പൂര്‍ണ്ണമായി മനസിലായിട്ടില്ല. അന്നെനിക്ക് പതിനേഴ്, അവര്‍ക്ക് മുപ്പതും. അതൊരു ക്രിസ്തുമസ് സായാഹ്നമായിരുന്നു. എന്റെ അയല്‍ക്കാരനൊപ്പം പാതിരാ കുര്‍ബാനയ്ക്ക് പോകാം എന്നു ഞാന്‍ സമ്മതിച്ചിരുന്നു. അതിനായി അര്‍ദ്ധരാത്രിയില്‍ അയാളെ ഉണര്‍ത്താമെന്നും സമ്മതിച്ചിരുന്നു.

ഞാന്‍ താമസിച്ചുകൊണ്ടിരുന്ന രണ്ടു നിലയുള്ള വീട് ഒരു നോട്ടറിയുടേതാണ്. നോട്ടറി മെനെസെസ് എന്നാണയാളെ വിളിക്കുന്നത്. അയാളുടെ ആദ്യ ഭാര്യ എന്റെ ഒരു കസിനായിരുന്നു. രണ്ടാം ഭാര്യയായ കോണ്‍സീചൊയും അവരുടെ അമ്മയും ഞാനവിടെ ഒരു മാസം മുമ്പ് താമസത്തിനെത്തിയപ്പോള്‍ എന്നെ എല്ലാവിധ ആതിഥ്യമര്യാദകളോടേയും സ്വീകരിച്ചു. കോളേജിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കാനായാണ് ഞാന്‍ മാന്‍ഗരാറ്റിബെയില്‍ നിന്ന് റിയോയിലെത്തിയത്. അതിനാല്‍ ഞാന്‍ എന്റെ പുസ്തകങ്ങളുമായി ശാന്തമായ ജീവിതം നയിച്ചു. അധികം സൗഹൃദങ്ങളൊന്നുമില്ലായിരുന്നു. ഇടയ്‌ക്കൊന്ന് നടക്കാനിറങ്ങും, അത്ര മാത്രം. ആ കുടുംബവും ചെറിയതായിരുന്നു. നോട്ടറി, അയാളുടെ ഭാര്യ, അമ്മായിയമ്മ, രണ്ട് പെണ്ണടിമകള്‍. പഴയ ശൈലിയിലുള്ള ഒരു വീടും ജീവിതവും. പത്തുമണിയോടെ എല്ലാവരും കിടപ്പുമുറിയിലെത്തും. പത്തരയോടെ വീടുറക്കത്തിലാകും.

ഞാനൊരു തിയറ്റര്‍ സന്ദര്‍ശിച്ചിട്ടില്ല. ഒന്നില്‍ കൂടുത തവണ താന്‍ തിയറ്ററിലേക്ക് പോകുകയാണെന്ന് മെനെസെസ് പറയുന്നതു കേട്ടപ്പോള്‍ എന്നെയും കൊണ്ടുപോകാമോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. ഇതു കേട്ടാല്‍ അയാളുടെ അമ്മയിയമ്മ നീരസം പ്രകടിപ്പിക്കും. അടിമകള്‍ ഉള്ളില്‍ ചിരിയമര്‍ത്തും. മെനെസെസ് മറുപടിയൊന്നും പറയില്ല. അയാള്‍ വസ്തം ധരിച്ച് പുറത്തിറങ്ങും. തിരിച്ചെത്തുക പിറ്റേന്നാകും. പിന്നീടാണ് തിയറ്റര്‍ എന്ന വാക്ക് മറ്റൊന്നിനെ ദ്വ്യോതിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നതായിരുന്നു എന്നു ഞാന്‍ മനസിലാക്കുന്നത്. മെനെസെസിനു ഒരു വിവാഹമോചിതയുമായി ബന്ധമുണ്ടായിരുന്നു. അതിനാല്‍ ആഴ്ചയിലൊരിക്കല്‍ അയാള്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കും. കോണ്‍സീചൊ ആദ്യമൊക്കെ അതില്‍ വിഷാദിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവരും അതിനൊപ്പമുയര്‍ന്നു. ഭര്‍ത്താവിന്റെ ആചാരം അവരെക്കൊണ്ട് അതിനു പ്രേരിപ്പിച്ചു എന്നും പറയാം. അവസാനം ആ ബന്ധം സ്വാഭാവികമാണെന്നതുപോലെ അവര്‍ അംഗീകരിക്കാനുമാരംഭിച്ചു.
പാവം കോണ്‍സീചൊ. അവര്‍ അവളെ സന്യാസിനി എന്നു വിളിച്ചു. അവളത് അര്‍ഹിക്കുന്നതുമായിരുന്നു. ഭര്‍ത്താവിന്റെ അവഗണന പരാതികളൊന്നുമില്ലാതെ അവള്‍ സഹിച്ചു. വലിയ കരച്ചിലോ വലിയ ചിരികളോ ഇല്ലാതെ ജീവിച്ചു. അവള്‍ക്ക് ചുറ്റിലുമുള്ളതെല്ലാം നിസ്സംഗമായിരുന്നു, ജഡമായിരുന്നു, കൃശമായിരുന്നു. അവളുടെ മുഖവും അതുപോലെ തന്നെ അത്ര സുന്ദരമോ വിരൂപമോ അല്ലാത്തതായിരുന്നു. കരുണയുള്ളവള്‍ എന്നാരെയെങ്കുലും വിളിക്കാമെങ്കില്‍ അതവളെയണ്. മറ്റൊരാളെക്കുറിച്ച് തെറ്റായി അവള്‍ ഒന്നും പറയാറില്ല. എല്ലാതിനും മാപ്പു കൊടുക്കും. വെറുക്കുക എന്നാല്‍ എന്താണെന്നോ അതെങ്ങനെ ചെയ്യണമെന്നോ അവള്‍ക്കറിയില്ലായിരുന്നു. ഒരു പക്ഷേ അവള്‍ക്ക് സ്‌നേഹിക്കാനും അറിയില്ലായിരുന്നിരിക്കാം.
1861 ലെയാണോ 1862 ലെയാണോ എന്നറിയില്ല, ഒരു ക്രിസ്തുമസ് രാവില്‍ നോട്ടറി തിയറ്ററിലേക്ക് പോയിരിക്കുകയായിരുന്നു. ഞാന്‍ മാന്‍ഗരാറ്റിബെയയിലേക്ക് മടങ്ങേണ്ടതായിരുന്നു എങ്കിലും അതുപേക്ഷിച്ച് ആ വലിയ നഗരത്തിലെ പാതിരാക്കുര്‍ബാനയ്ക്ക് ചേരാന്‍ തീരുമാനിച്ചു. പതിവു സമയത്തിനു വീട്ടിലുള്ളവര്‍ ഉറക്കമായി. ഞാന്‍ വസ്ത്രമൊക്കെ മാറി തയ്യാറായി എന്റെ മുറിയിലിരുന്നു. അവിടെ നിന്ന് എനിക്ക് ആരേയും ഉണര്‍ത്താതെ വീടിന്റെ പ്രധാനമുറിയിലൂടെ പുറത്തിറങ്ങാം. ആ വാതിലിനു മൂന്നു ചാവിയുണ്ട്. അതിലൊന്ന് നോട്ടറിയുടെ കൈവശമാണ്. രണ്ടാമത്തേത് എന്റെ കയ്യില്‍. മൂന്നാമത്തേ വീടിനകത്തു തന്നെ സൂക്ഷിച്ചിരിക്കുന്നു.

”അത്രയും നേരം നീ എന്തു ചെയ്യും മിസ്റ്റര്‍ നോഗൈ്വറ?” കോണ്‍സീചൊയുടെ അമ്മ എന്നോട് ചോദിച്ചു.

”വായിക്കും മാഡം ഇഗ്‌നേഷ്യ.”

എന്റെ കൈവശം ദ ത്രീ മസ്‌കിറ്റേഴ്‌സിന്റെ ഒരു പഴയ വിവര്‍ത്തനമുണ്ടായിരുന്നു. ദ ജേണല്‍ ഓഫ് കമേഴ്‌സില്‍ പ്രസിദ്ധീകരിച്ചതതുപോലെ പുസ്തകമാകിയത്. ഞാന്‍ മുറിയുടെ മദ്ധ്യത്തിലുള്ള മേശക്കരികില്‍ ഇരുന്നു. മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ടായിരുന്നു. വീടുറക്കത്തിലായി. ഞാനൊരിക്കല്‍ കൂടി ഡി`അര്‍ടഗ്‌നാനിന്റെ സാഹസങ്ങളിലേക്കിറങ്ങി. കുറച്ചു സമയത്തിനകം ഞാനതില്‍ ലയിച്ചുപോയി. കാത്തിരിക്കുമ്പോള്‍ എപ്പോഴും സംഭവിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി സമയം പറന്നുപോയി. ക്‌ളോക്കില്‍ പതിനൊന്നടിച്ചത് ഞാന്‍ കേട്ടു. പക്ഷേ എന്റെ ശ്രദ്ധ അതിലായിരുന്നില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ വീടിനകത്തുനിന്നുള്ള ഒരു സ്വരം എന്നെ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നുണര്‍ത്തി. അതൊരു കാലൊച്ചയായിരുന്നു. എന്റെ മുറിയെ ഊണുമുറിയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയില്‍ നിന്നായിരുന്നു അത്. ഞാന്‍ തലയുയര്‍ത്തി. കോണ്‍സീചൊ എന്റെ വാതില്‍ക്കലെത്തിയിരിക്കുന്നതറിഞ്ഞു.

”നീ പോയില്ലേ?” അവര്‍ ചോദിച്ചു.

”ഇല്ല. അര്‍ദ്ധരാത്രിയായില്ലെന്ന് തോന്നുന്നു.”

”എന്തൊരു ക്ഷമ!”

കോണ്‍സീചോ കിടപ്പുമുറിയില്‍ അവരുപയോഗിക്കുന്ന പാദരക്ഷകളിലായിരുന്നു. അവര്‍ എന്റെ മുറിക്കകത്തേക്കു കയറി. വെളുത്ത ഉടുപ്പിലായിരുന്നു അവര്‍. വീട്ടിലൊക്കെ ഉപയോഗിക്കുന്നത്. അത് അരയില്‍ കെട്ടിവച്ചിട്ടുണ്ട്. അവരുടെ മെലിഞ്ഞ ശരീരം അവരൊരു കാല്പനിക മായാരൂപമെന്ന തോന്നലുണ്ടാക്കി. എന്റെ നോവലിലെ ചില രംഗങ്ങളോടൊപ്പം നില്‍ക്കുന്നത്. ഞാന്‍ പുസ്തകമടച്ചു. അവര്‍ എനിക്കെതിരെ ഇരുന്നു. സോഫയ്ക്കരികില്‍ ഇരുന്നു. ഞാന്‍ എന്തെങ്കിലും സ്വരമുണ്ടാക്കിയതിനാല്‍ എഴുന്നേറ്റതാണോ എന്നവരോട് ചോദിച്ചു.

”അല്ല. അങ്ങനെ ഉണര്‍ന്നുപോയി എന്നേയുള്ളു.”

ഞാന്‍ അതു വിശ്വസിക്കാത്തതുപോലെ നോക്കി. അപ്പോള്‍ ഉറക്കമുണര്‍ന്നയൊരാളുടെ കണ്ണല്ല അത്. എന്നിരുന്നാലും അവര്‍ നുണ പറയുകയാണെന്ന ചിന്ത അപ്പോള്‍ തന്നെ മനസ്സില്‍ നിന്നു നീക്കം ചെയ്തു. ഞാന്‍ മൂലം അവര്‍ ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാല്‍ അതെന്നെ അറിയിക്കാതിരിക്കാന്‍ നുണ പറയുകയായിരുന്നു എന്ന ചിന്ത ആ നിമിഷത്തില്‍ എന്നിലേക്കെത്തിയില്ല. അവരൊരു നല്ല സ്ത്രീയായിരുന്നു എന്നു ഞാന്‍ പറഞ്ഞുവല്ലോ. കരുണയുള്ളവള്‍.

”ഇനിയും അധികം കാത്തിരിക്കേണ്ടതുണ്ടാകില്ല എന്നു തോന്നുന്നു.” ഞാന്‍ പറഞ്ഞു.

”എന്തൊരു ക്ഷമയാണു നിനക്ക്. നിന്റെ സുഹൃത്ത് സുഖമായുറങ്ങുമ്പോള്‍ നീ ഉണര്‍ന്നിരിക്കുന്നു. അതും ഏകനായി. നിനക്കു പ്രേതങ്ങളെയൊന്നും ഭയമില്ലേ? എന്നെ കണ്ടാല്‍ നീ ഭയക്കും എന്നാണു കരുതിയത്.”

”കാലൊച്ച കേട്ടപ്പോള്‍ അത്ഭുതം തോന്നി. പക്ഷേ അപ്പോള്‍ തന്നെ അതു നിങ്ങളാണെന്ന് കാണുകയും ചെയ്തു.”

”എന്താണു വായിക്കുന്നത്? പറയണ്ട, അല്ലാതെ തന്നെ എനിക്കറിയാം, ദ ത്രീ മസ്‌കിറ്റീര്‍സ്.”

”അതെ. നല്ല രസമുണ്ട് വായിക്കാന്‍.”

”നിനക്ക് നോവലുകള്‍ ഇഷ്ടമാണോ?”

”അതെ.

”നീ ദ ലിറ്റില്‍ സ്വീതാര്‍ട്ട് വായിച്ചിട്ടുണ്ടോ?”

”മകേദൊയുടെയല്ല. എന്റെ കൈവശമുണ്ട്. മാന്‍ഗരാറ്റിബെയിലുണ്ടത്.”

”എനിക്കും നോവലുകള്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ അതൊന്നും വായിക്കാന്‍ സമയം ലഭിക്കാറില്ല. പിന്നെ നീ എന്തൊക്കെ വായിച്ചിട്ടുണ്ട്?”

ഞാന്‍ ചില പേരുകള്‍ പറഞ്ഞു. അവര്‍ കേട്ടിരുന്നു. തല കസേരയില്‍ ചാരിയാണവര്‍ ഇരുന്നത്. കണ്ണുപാതിയടച്ചെന്നെ നോക്കി ഇരുന്നു. ഇടക്കിടെ നാക്കുപുറത്തിട്ട് ചുണ്ടു നനച്ചു. ഞാന്‍ സംസാരം നിര്‍ത്തി. അവരൊന്നും പറഞ്ഞില്ല. ഏതാനും സെക്കന്റുകള്‍ ഞങ്ങള്‍ അങ്ങനെയിരുന്നു. അവര്‍ തലയുയര്‍ത്തി. കൈകള്‍ കൂട്ടിത്തിരുമ്മി. കവിള്‍ കൈകളിലൊളിപ്പിച്ചു. കൈമുട്ട് കസേരക്കയ്യിലുറപ്പിച്ചു. അപ്പോഴും ആ വലിയ കണ്ണുകള്‍ എന്നില്‍ തന്നെയായിരുന്നു.

”ഒരു പക്ഷേ ഞാനിവരെ മുഷിപ്പിച്ചിട്ടുണ്ടാകും” ഞാന്‍ കരുതി. എന്നിട്ടുച്ചത്തില്‍ ”മാഡം കോണ്‍സീചൊ, എനിക്കിറങ്ങാന്‍ സമയമായി എന്നു തോന്നുന്നു… ഞന്‍…”

”അത്രയ്‌ക്കൊന്നുമായിട്ടില്ല. ഇനിയും സമയമുണ്ട്. ഞാനിപ്പോള്‍ ക്‌ളോക്കില്‍ നോക്കിയാണു വരുന്നത്. പതിനൊന്നരയേയായിട്ടുള്ളു. സമയമുണ്ട്. രാത്രി ഉറങ്ങാതിരുന്നാല്‍ പിറ്റേന്ന് പകല്‍ ഉണര്‍ന്നിരിക്കാനാകുമോ?”

”ഒരിക്കലങ്ങനെ ചെയ്തിട്ടുണ്ട്.”

”എനിക്കതിനാകില്ല. രാത്രിയില്‍ ഉറങ്ങിയില്ലെങ്കില്‍ പകല്‍ ഉറങ്ങണം. അര മണിക്കൂറെങ്കിലും ഉറങ്ങണം. എനിക്ക് നിന്നേക്കാള്‍ പ്രായമായില്ലേ.”

”അങ്ങനെയൊന്നുമില്ല മാഡം കോണ്‍സീചൊ.”

വളരെ ഉത്സാഹത്തോടെയും വ്യഗ്രതയോടെയുമാണു ഞാന്‍ പറഞ്ഞത്. അതിനാലകണം അവര്‍ പുഞ്ചിരിച്ചത്. സാധാരണ അവരുടെ ആംഗ്യങ്ങള്‍ മന്ദഗതിയിലേ വരാറുള്ളു. ശാന്തമായ പെരുമാറ്റരീതികളുമാണവരുടേത്. പക്ഷേ ഇപ്പോള്‍ അവര്‍ പെട്ടെന്നെഴുന്നേറ്റു. മുറിയുടെ മാറുഭാഗത്തേക്ക് നടന്നു. കളങ്കമില്ലാത്തൊരു ക്രമക്കേടോടെ അവര്‍ ജാലകത്തിന്റേയും ഭര്‍ത്താവിന്റെ വായനാമുറിയുടേയും മദ്ധ്യത്തിലൂടെ നടന്നു. മെലിഞ്ഞ ശരീരമാണെങ്കിലും അവരെപ്പോഴും തനിക്കു നല്ല ഭാരമുണ്ടെന്നതുപോലെ അതിന്റെ ബുദ്ധിമുട്ടുണ്ടെന്നതുപോലെയാണു നടക്കുക. ഇതിനു മുമ്പൊന്നും പക്ഷേ അവരുടെ നടത്തം ഇങ്ങനെയാണെന്നു ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു. അവര്‍ ഇടക്കിടെ നിന്നു. പര്‍ദ്ദ പരിശോധിക്കുകയോ വശങ്ങളിലിരിക്കുന്ന ചില വസ്തുക്കളുടെ സ്ഥാനം ശരിയാക്കിയോ നിന്നു. അവസാനം എനിക്കു മുന്നില്‍ വന്ന് നിന്നു. ഞങ്ങള്‍ക്കിടയിലപ്പോള്‍ ഒരു മേശയുണ്ടായിരുന്നു. അവരുടെ ആശയങ്ങളുടെ വൃന്ദം ചെറുതായിരിക്കുന്നു. അവര്‍ വസ്ത്രം ധരിച്ച് ഉണര്‍ന്നിരിക്കുന്നതിലെ അത്ഭുതം ആവര്‍ത്തിച്ചു അവര്‍ക്കറിയാവുന്നതു ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു. നഗരത്തിലെ പാതിരാക്കുര്‍ബാനയില്‍ ഞാനതു വരെ പങ്കെടുത്തിട്ടില്ലെന്നും അതിനാല്‍ ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ആവര്‍ത്തിച്ചു.

”അതൊക്കെ നാട്ടിന്‍ പുറങ്ങളില്‍ എങ്ങനെയാണോ അതുപോലെയൊക്കെ തന്നെ. ഈ കുര്‍ബാനകള്‍ എല്ലായിടത്തും ഒരു പോലെയാണ്.”

”ഞാനും അങ്ങനെ കരുതുന്നു. പക്ഷേ നഗരത്തിലാകുമ്പോള്‍ കൂടുതലാളുണ്ടാകും. കൂടുതല്‍ വശ്യമാകും. ഇവിടെ റിയോയിലെ വിശുദ്ധ വാരം നാട്ടിന്‍ പുറത്തുള്ളതിനേക്കാള്‍ നല്ലതാണ്. എനിക്ക് സെയ്ന്റ് ജോണിന്റെ പെരുന്നാള്‍ ദിനത്തെക്കുറിച്ചോ സെയ്ന്റ് ആന്റണിയുടെ പെരുന്നാള്‍ ദിനത്തെക്കുറിച്ചോ അറിയില്ല….”
അവര്‍ സാവധാനത്തില്‍ മുന്നോട്ടാഞ്ഞു. കൈമുട്ടുകള്‍ മേശപ്പുറത്തു കുത്തി. മാര്‍ബിള്‍ വിരിച്ച മേശയുടെ മുകളില്‍. മുഖം കൈകള്‍ കൊണ്ടു താങ്ങി. അവരുടെ കുടുക്കിടാത്ത കൈകള്‍ സ്വാഭാവികമായും താഴെ വീണു. എനിക്കവരുടെ കൈതണ്ട കാണാനായി. നല്ല വെളുപ്പുള്ളത്. പക്ഷേ ഞാന്‍ കരുതിയതുപോലെ മെലിഞ്ഞതല്ലായിരുന്നു. ഈ കൈകള്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. അങ്ങനെ ഇടയ്ക്കിടെയൊന്നുമില്ലെങ്കിലും കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതെന്നില്‍ ഒരു മതിപ്പുളവാക്കുന്നു. നീല ഞരമ്പുകളുണ്ടവര്‍ക്ക്. മങ്ങിയ വെളിച്ചത്തിലും അതിനാല്‍ എനിക്കവ വ്യക്തതയോടെ കാണാനായി. അപ്പോള്‍ പുസ്തകം കയ്യിലുണ്ടെന്നതിനേക്കാള്‍ ഉപരിയായി കോണ്‍സീചോയുടെ സാന്നിദ്ധ്യമാണെന്നെ ഉണര്‍ത്തിയിരുത്തുന്നത്. ഞാന്‍ നാട്ടിന്‍പുറങ്ങളിലേയും നഗരത്തിലേയും വിശുദ്ധവാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. എന്റെ ചുണ്ടില്‍ വന്ന വിഷയമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്കെടുത്തു ചാടി. ചിലപ്പോള്‍ ആദ്യത്തേതിലേക്ക് മടങ്ങിയെത്തി. അവര്‍ ചിരിച്ചു കാണുന്നതായി ഞാന്‍ ചിരിച്ചു. അപ്പോള്‍ എനിക്കവരുടെ വെളുത്തു തിളങ്ങുന്ന പല്ലുകള്‍ കാണാമായിരുന്നു. അവരുടെ കണ്ണുകള്‍ക്കത്ര കറുപ്പില്ലായിരുന്നു എങ്കിലും ഇരുണ്ടതായിരുന്നു. മെലിഞ്ഞ മൂക്കിനൊരു വളവുണ്ട്. അത് അവരുടെ മുഖത്തിനവര്‍ ഒരു വിചാരണ നടത്തിക്കൊണ്ടിരിക്കുന്നു എന്ന ഭാവം നല്‍കി. ഞാന്‍ സ്വരമൊന്നുയര്‍ത്തിയാലുടന്‍ അവര്‍ എന്നോട് അതു താഴ്ത്താല്‍ ആംഗ്യം കാണിക്കും.

”മെല്ലെ! മമ്മ ഉണരും.”

അവര്‍ പക്ഷേ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. അതെന്നെ ആഹ്‌ളാദിപ്പിച്ചു. ഞങ്ങള്‍ ഇരുവരുടേയും മുഖം വളരെ അടുത്തായിരുന്നു. പരസ്പം കേള്‍ക്കാന്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടതില്ലായിരുന്നു. ഇരുവരും മന്ത്രിക്കുകയായിരുന്നു. പ്രത്യേകിച്ചും ഞാന്‍. അതൊരു പക്ഷേ ഞാനാണു കൂടുതല്‍ സംസാരിച്ചത് എന്നതിനാലുമാകാം. ഇടയ്ക്ക് അവര്‍ ഗൗരവത്തിലാകും. വളരെ ഗൗരവത്തില്‍. അപ്പോള്‍ അവരുടെ പുരികമൊന്നു ചുളിയും അപ്പോള്‍ മാത്രം അവരൊന്നനങ്ങും. ഇരിപ്പിന്റെ സ്ഥാനം മാറും. അവര്‍ അങ്ങനെ മേശയെ വലം വച്ച് സോഫയിലിരുന്നു. തലയൊന്നു തിരിച്ചപ്പോള്‍ എനിക്കവരുടെ പാദരക്ഷകളുടെ അഗ്രഹം കാണാമെന്നായി. എന്നാല്‍ അതവര്‍ ഇരിക്കാനൊരുങ്ങിയപ്പോള്‍ മാത്രം. അവരുടെ ഉടുപ്പിനു നല്ല നീളമുണ്ടായിരുന്നു. ഇരുന്നപ്പോള്‍ അത് പാദരക്ഷകളെ മറച്ചു. അവയ്ക്ക് കറുപ്പു നിറമായിരുന്നു എന്നെനിക്കോര്‍മ്മയുണ്ട്. കോണ്‍സീചൊ വളരെ മൃദുസ്വരത്തില്‍ സംസാരിച്ചു തുടങ്ങി.

”മമ്മയുടെ മുറി കുറച്ചു ദൂരെയാണ്. പക്ഷേ മമ്മയ്ക്ക് ആഴത്തിലുള്ള ഉറക്കമുണ്ടാകാറില്ല. ഇപ്പോഴെഴുന്നേറ്റാല്‍ പിന്നെ പാവം കുറേ കഴിഞ്ഞേ ഉറങ്ങൂ.”

”ഞാനും അങ്ങനെയാണ്.”

”എന്ത്?” ഞാന്‍ പറയുന്നത് കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കാനായി അവള്‍ എന്നിലേക്ക് ഒന്നു കൂടി വളഞ്ഞിരുന്നു.

ഞാന്‍ സോഫയ്ക്ക് തൊട്ടരികിലുള്ള കസേരയിലേക്കു മാറി. പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു. ആ ആകസ്മികത കേട്ട് അവര്‍ ചിരിച്ചു. താനും അങ്ങനെയാണെന്നു പറഞ്ഞ് ചിരിച്ചു. അത്തരത്തില്‍ മാത്രം ഉറങ്ങാനാകുന്നവര്‍ക്കെല്ലാമായി ചിരിച്ചു.

”ഞാനും മമ്മയെപ്പോലെയാണ്. ഒരിക്കല്‍ ഉണര്‍ന്നാല്‍ പിന്നെ പെട്ടെന്നൊന്നും ഉറക്കം വരില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കും. എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചു വയ്ക്കും. ചിലപ്പോള്‍ നടക്കും. വീണ്ടും കിടക്കും. എന്നിട്ടും ഉറക്കം വരില്ല.”

”ഇന്നത്തെപ്പോലെ, അല്ലേ?”

”അല്ല. അങ്ങനെയല്ല” മറുപടി പെട്ടെന്നായിരുന്നു.

ആ നിരാസം എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലായില്ല. ഒരു പക്ഷേ അവര്‍ക്കും മനസ്സിലായിട്ടുണ്ടാകില്ല. അവര്‍ തന്റെ അരപ്പട്ടയുടെ അഗ്രമെടുത്ത് കാല്‍മുട്ടില്‍ തട്ടിക്കൊണ്ടിരുന്നു. ഒരു കാല്‍ മറ്റേതിനു മുകളില്‍ കയറ്റി വച്ചാണിരുന്നത് എന്നതിനാല്‍ വലതു കാല്‍മുട്ടില്‍ തട്ടിക്കൊണ്ടിരുന്നു എന്നു വേണം പറയാന്‍. അതിനു ശേഷം അവര്‍ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങി. തന്റെ ജീവിതത്തില്‍ ആകെയൊരിക്കലേ പേക്കിനാവുണ്ടായിട്ടുള്ളു എന്നു പറഞ്ഞു. അതു ബാല്യത്തിലായിരുന്നു. ഞാന്‍ അത്തരം ഭയാനക സ്വപ്നങ്ങള്‍ കാണാറുണ്ടോ എന്നു ചോദിച്ചു. അങ്ങനെ ആ സംസാരം വളരെ മന്ദഗതിയില്‍ മുന്നോട്ടു നീങ്ങി. ഞാന്‍ സമയത്തെക്കുറിച്ചും കുര്‍ബാനയെക്കുറിച്ചുമൊക്കെ മറന്നു. ഞാനെന്തെങ്കിലും വിവരണം അവസാനിപ്പിച്ചാലുടന്‍ അവരൊരു ചോദ്യവുമായെത്തും. ഒരു പുതിയ വിഷയവുമായെത്തും. ഞാന്‍ വീണ്ടും സംസാരം തുടങ്ങും. ഇടക്കിടെ അവര്‍ ”മെല്ലെ….ശബ്ദം കുറച്ച്” എന്നെന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചിലപ്പോള്‍ സംസാരത്തിനിടവേളകളുണ്ടായി. രണ്ടു തവണ അവര്‍ ഉറക്കത്തിലേക്ക് വഴുതിയിരിക്കുന്നു എന്നു ഞാന്‍ കരുതി. പക്ഷേ ഒരു നിമിഷം കണ്ണടച്ചു പിടിച്ചതിനു ശേഷം അവരതു പെട്ടെന്ന് തുറക്കും. അതില്‍ ഉറക്കമോ ക്ഷീണമോ ഇല്ലായിരുന്നു. കൂടുതല്‍ വ്യക്തതയോടെ കാണുന്നതിനായി വെറുതെ ഒന്നു കണ്ണടച്ചതാണു താന്‍ എന്ന മട്ടായിരുന്നു അവര്‍ക്ക്. ഈ അവസരങ്ങളില്‍ ഒന്നില്‍ ഞാന്‍ അവരില്‍ ലയിച്ചിരിക്കുന്നു എന്നവര്‍ കരുതിയിരിക്കുന്നു എന്നെനിക്കു തോന്നി. അപ്പോള്‍ അവര്‍ കണ്ണടച്ചതു കണ്ടു. അത് പെട്ടെന്നായിരുന്നോ അതോ സാവധാനത്തിലായിരുന്നോ എന്നെനിക്ക് ഓര്‍മ്മയില്ല. എന്റെ ആ സായാഹ്നത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പലതും മങ്ങുകയോ കൂടിക്കുഴയുകയോ ചെയ്തിരിക്കുന്നു. ചിലപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞതിനു വിരുദ്ധമായി സംസാരിക്കുന്നു. എന്നാല്‍ ഒരു കാര്യം മാത്രം വ്യക്തതയോടെ ഓര്‍ക്കുന്നുണ്ട്. അതുവരെ നല്ലൊരു കൂട്ടായിരുന്ന (അതിലപ്പുറമൊന്നുമില്ല) അവര്‍ പെട്ടെന്ന് സുന്ദരിയായി. വളരെ സുന്ദരി. അവര്‍ എഴുന്നേറ്റു നിന്നു. കൈകെട്ടിയാണു നിന്നത്. അവരോടുള്ള ബഹുമാനം മൂലം ഞാനും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അവര്‍ വിലക്കി. ഒരു കൈ എന്റെ ചുമലില്‍ വച്ച്, ഇരിക്കാനാവശ്യപ്പെട്ടു. എന്നോട് അവരെന്തോ പറയാനൊരുങ്ങുകയാണെന്ന് തോന്നി. പക്ഷേ അവരൊന്ന് വിറയ്ക്കുക മാത്രം ചെയ്തു. വല്ലാതെ തണുത്തിട്ടെന്നപോലെ വിറച്ചു. അതിനു ശേഷം അവര്‍ ഞാന്‍ വായിക്കാനിരുന്നിരുന്ന കസേരയിലേക്ക് നീങ്ങി. അതിലിരുന്നു. സോഫയ്ക്ക് മുകളിലുണ്ടായിരുന്ന കണ്ണാടിയിലേക്ക് നോക്കി. ചുമരില്‍ ഞാത്തിയിട്ടിരുന്ന രണ്ട് ചിത്രങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി.

”ഈ ചിത്രങ്ങള്‍ പഴയതായി തുടങ്ങി. ഞാന്‍ ചിക്വിനോയോട് പുതിയതു വാങ്ങാനാവശ്യപ്പെട്ടിട്ടുണ്ട്.”

ചിക്വിനൊ എന്നത് അവരുടെ ഭര്‍ത്താവിന്റെ ഇരട്ടപ്പേരാണ്. ആ ചിത്രങ്ങള്‍ അയാളുടെ പ്രധാന താത്പര്യമെന്തെന്ന് പറയുന്നവയായിരുന്നു. അതിലൊന്ന് ക്രിയോപാട്രയുടേതാണ്. രണ്ടാമത്തേതിലെ വിഷയം ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ അതിലും പെണ്ണുങ്ങളുണ്ടായിരുന്നു. രണ്ടും വിരസമായിരുന്നു. അക്കാലത്ത് അവ വിരൂപമായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു. അതിനുള്ള പ്രായം എനിക്കില്ലായിരുന്നു.

”സുന്ദരങ്ങളാണവ.” എന്നായി ഞാന്‍.

”പക്ഷേ അതില്‍ കറ പുരണ്ടിരിക്കുന്നു. മാത്രമല്ല എനിക്ക് സന്യാസിവര്യന്മാരുടെ ചിത്രങ്ങളോടാണു താത്പര്യം. ഇതൊക്കെ ബാര്‍ബര്‍ ഷോപ്പിലും അവിവാഹിതര്‍ താമസിക്കുന്നിടത്തും കൊള്ളാം.”

”ബാര്‍ബര്‍ ഷോപ്പോ….അതിനു നിങ്ങള്‍ അവിടേക്ക്…”

”എന്തായാലും അവിടെ നടക്കുന്ന സംസാരമെന്തായിരിക്കും എന്നൊക്കെ എനിക്ക് ഊഹിക്കാനാകും. പെണ്‍കുട്ടികള്‍, ശൃംഗാരം… സ്വാഭാവികമായും അതിനു യോജിക്കുന്ന ചിത്രങ്ങളായിരിക്കും ഉടമ അവിടെ സ്ഥാപിക്കുന്നതും. എന്നാല്‍ അത്തരം ചിത്രങ്ങള്‍ വീടുകള്‍ക്ക് യോജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അതൊക്കെ എന്റെ ചിന്തയാണ്, ഞാനിങ്ങനെയൊക്കെയാണ്, പല വിചിത്ര വിചാരങ്ങളുമുണ്ടാകാറുണ്ട്. എന്തായാലും ഈ ചിത്രങ്ങള്‍ എനിക്കിഷ്ടമല്ല. എന്നിലുള്ളത് വിശുദ്ധ കന്യാമറിയവുമായി ബന്ധപ്പെട്ട ചിന്തകളാണ്. അവരാണെന്റെ സന്യാസിവര്യ. സുന്ദരിയാണവര്‍. പക്ഷേ എന്റെ കയ്യിലുള്ളത് ഒരു പ്രതിമയാണ്. അത് ചുമരില്‍ ഞാത്താനാകില്ല. മാത്രമല്ല അതിനെ ഇവിടെ സ്ഥാപിക്കാനും എനിക്കു താത്പര്യമില്ല. ഞാനതിനെ എന്റെ സ്വകാര്യാരാധനയ്ക്കായി തന്നെ സൂക്ഷിക്കട്ടെ.”
ആരാധനയുടെ കാര്യം പറഞ്ഞപ്പോഴാണെനിക്ക് കുര്‍ബാന ഓര്‍മ്മ വന്നത്. പോകാനുള്ള സമയമായിക്കാണും എന്നു ഞാന്‍ കരുതി. അതു പറയാനൊരുങ്ങി. പക്ഷേ വായ് തുറന്ന് ഒരു വാക്ക് പുറത്തു വരുന്നതിനു മുമ്പേ അതടഞ്ഞു. അവര്‍ പറയുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു. മധുരമായി, വശ്യമായി, മൃദുവായി അവര്‍ എന്റെ ആത്മാവിനെ ആ സ്വരത്തിന്റെ ലഹരിയിലാക്കി. അവര്‍ ബാല്യത്തിലേയും കൗമാരത്തിലേയും അവരുടെ മതഭക്തിയെക്കുറിച്ച് പറഞ്ഞു. അതിനു ശേഷം നൃത്തങ്ങളെക്കുറിച്ചും അവര്‍ എവിടേക്കൊക്ക നടക്കാറുണ്ടായിരുന്നു എന്നതിനെക്കുറിച്ചും പാക്വേറ്റ ദ്വീപിലേക്ക് യാത്രപായതുമെല്ലാം പറഞ്ഞു. എല്ലാം കൂട്ടിക്കലര്‍ത്തി തടസ്സങ്ങളില്ലാതെ പറഞ്ഞു. ഭൂതകാലത്തെക്കുറിച്ചു പറഞ്ഞു തീര്‍ന്നപ്പോള്‍, പറഞ്ഞു ക്ഷീണിച്ചപ്പോള്‍, വര്‍ത്തമാനകാലത്തെക്കുറിച്ചായി സംസാരം. വീട്ടുകാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍ എല്ലാം. കുടുംബകാര്യങ്ങളെക്കുറിച്ച് വിവാഹത്തിനു മുമ്പ് അവരോട് എല്ലാവരും പറഞ്ഞിരുന്നത് അതു വളരെ ഭീകരമായിരിക്കും എന്നാണത്രെ. പക്ഷേ ഇപ്പോള്‍ അതൊന്നും ഒന്നുമല്ലെന്ന തോന്നലുണ്ടാകുന്നു. അങ്ങനെ അവര്‍ വ്യക്തതയോടെ പറഞ്ഞില്ല എങ്കിലും വിവാഹിതയായയപ്പോള്‍ അവര്‍ക്ക് ഇരുപത്തിയേഴു വയസ്സായിട്ടുണ്ടായിരുന്നുഎന്നു ഞാന്‍ അനുമാനിച്ചു.
ആദ്യത്തെപോലെ ഇപ്പോള്‍ അവര്‍ അനങ്ങിക്കൊണ്ടിരുന്നില്ല. ഇരുന്നിടത്തുനിന്ന് അനങ്ങിയതേയില്ല. അവരുടെ കണ്ണുകള്‍ കൂടുതല്‍ ചെറുതായിരിക്കുന്നു എന്നു തോന്നി. അവര്‍ അലസം ചുമരിലേക്ക് നോക്കാന്‍ തുടങ്ങി.

”ഈ വാള്‍പേപ്പര്‍ മാറ്റണം” ആത്മഗതമെന്ന പോലെ അവര്‍ പറഞ്ഞു.

ഞാനതിനോട് യോജിച്ചു. എന്തെങ്കിലും പറയണ്ടേ എന്നു കരുതി യോജിച്ചു. അല്ലെങ്കില്‍ അവരിലേക്കൊട്ടിപ്പിടിച്ചിരുന്ന എന്റെ ആകര്‍ഷണത്തില്‍ നിന്നൊന്നു മുക്തനാകാനെന്ന പോലെ പറഞ്ഞു. ഒട്ടിപ്പിടിച്ച നാക്കൊന്ന് വേര്‍പ്പെടുത്താനെന്നപോലെ, മരവിച്ച വികാരങ്ങളെ അതില്‍ നിന്നു വിടുവിക്കാനൊന്നെപോലെ. ആ സംഭാഷണം അവസാനിപ്പിക്കാനും അവസാനിക്കാതിരിക്കാനും ഞാന്‍ ആഗ്രഹിച്ചു. അവരില്‍ നിന്ന് കണ്ണെടുക്കാന്‍ ശ്രമിച്ചു. അതു പക്ഷേ അവരോടുള്ള ബഹുമാനം മൂലമായിരുന്നു. അവരെ തന്നെ ഞാന്‍ നോക്കിയിരിക്കുകയാണോ എന്ന ചിന്ത അവരിലുണ്ടാകരുതെന്നു കരുതിയായിരുന്നു. അതിന്‍ ഞാന്‍ ക്ഷീണിതനാകുമോ എന്ന ചിന്ത അവരിലുണ്ടാകാതിരിക്കാന്‍. സത്യത്തില്‍ ഞാന്‍ ക്ഷീണിതനായിരുന്നില്ല. എന്റെ നോട്ടം അവരിലേക്ക് തിരിച്ചെത്തി. സംഭാഷണം അതിന്റെ സ്വാഭാവികാവസാനത്തിലേക്കു നീങ്ങുകയായിരുന്നു. പുറത്ത് തെരുവ് നിശ്ചലമായിരുന്നു.

കുറച്ചു സമയത്തേക്ക് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. അതെത്ര സമയത്തേക്കെന്ന് എനിക്കോര്‍മ്മയില്ല. ആകെ വന്ന സ്വരം പഠനമുറിയില്‍ ഒരു എലി എന്തോ കരളുന്നതായിരുന്നു. അതെന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കണമെന്നാഗ്രഹം തോന്നി എങ്കിലും എവിടെ നിന്നു തുടങ്ങണം എന്നറിയില്ലായിരുന്നു. കോണ്‍സീചൊ മറ്റെന്തൊക്കെയോ ചിന്തയിലായിരുന്നു എന്നു തോന്നി. പെട്ടെന്ന് ആരോ ജാലകത്തില്‍ ശക്തമായിടിച്ചു. ഒച്ചയിട്ടു.

”പാതിരാ കുര്‍ബാന! പാതിരാ കുര്‍ബാന!”

”നിന്റെ സുഹൃത്താണ്” അവര്‍ എഴുന്നേറ്റു. ”ഇതിപ്പോള്‍ നല്ല തമാശയായി. നീ അയാളെ ഉണര്‍ത്താമെന്നല്ലേ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അയാള്‍ നിന്നെ ഉണര്‍ത്താനെത്തിയിരിക്കുന്നു. ഇനി വൈകണ്ട. വേഗമാകട്ടെ. ഗുഡ് ബൈ.”

”അത്രയ്‌ക്കൊക്കെ സമയമായോ?”

”തീര്‍ച്ചയായും.”

”പാതിരാ കുര്‍ബാന” പുറത്തു നിന്നു വീണ്ടും സ്വരം വന്നു. ജാലകത്തില്‍ വീണ്ടും തട്ടലുകള്‍ വന്നു.

”വേഗമാകട്ടെ. അയാളെ കാത്തിരിപ്പിക്കണ്ട. എന്റെ തെറ്റാണ്. നമുക്ക് നാളെ കാണാം.”
ചാഞ്ചാടിക്കൊണ്ട് കോണ്‍സീചൊ ഇടനാഴിയിലേക്കു നീങ്ങി. ഞാന്‍ തെരുവിലേക്കും. ഞാനെന്റെ സുഹൃത്തിനൊപ്പം പള്ളിയിലെത്തി. കുര്‍ബാന നടന്നുകൊണ്ടിരിക്കെ എനിക്കും പുരോഹിതനും ഇടയിലേക്ക് കോണ്‍സീചൊ പലതവണ വന്നു. അതിനെ വേണമെങ്കില്‍ എന്റെ പതിനേഴാം വയസ്സിന്റെ ചാപല്യമായി കണ്ടോളൂ. പിറ്റേന്ന് പ്രാതലിനിരിക്കുമ്പോള്‍ ഞാന്‍ പാതിരാക്കുര്‍ബാനയെക്കുറിച്ചും പള്ളിയില്‍ കണ്ടവരെക്കുറിച്ചും പറഞ്ഞു. അതിലൊന്നും പക്ഷേ കോണ്‍സീചൊയ്ക്ക് ഒരു താത്പര്യവുമില്ലായിരുന്നു. അന്നത്തെ ദിവസവും അവര്‍ പതിവുപോലെ സൗമ്യയും കരുണയുള്ളവളുമായിരുന്നു. തലേ രാത്രിയില്‍ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചു എന്നതിന്റെ സൂചകങ്ങളേ ഇല്ലായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ മാന്‍ഗരാറ്റിബെയിലേക്ക് മടങ്ങി. പിന്നെ മാര്‍ച്ചിലാണ് ഞാന്‍ റിയോയിലെത്തിയത്. അപ്പോഴേക്കും സന്നിപാതത്താല്‍ നോട്ടറി അന്തരിച്ചിട്ടുണ്ടായിരുന്നു. കോണ്‍സീചൊ എന്‍ഗെന്‍ഹൊ നോവൊ ജില്ലയിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ ഞാന്‍ അവരെ സന്ദര്‍ശിക്കുകയുണ്ടായില്ല. അവര്‍ പിന്നീട് അവരുടെ ഭര്‍ത്താവിന്റെ ഗുമസ്തനെ വിവാഹം ചെയ്തു എന്നു ഞാന്‍ അറിയുകയുണ്ടായി.


ജോവ്കിം മറിയ മഷാദൊ ദെ അസ്സിസ്
ബ്രസീല്‍
(1839-1908)


വിവ : സുരേഷ് എം.ജി

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.