കേരളത്തിന്റെ ആധുനികതയുടെ ഉള്ളടക്കം ജാതി-ജന്മിത്വത്തില്‍നിന്ന് നിന്ന് ആധുനിക സാമൂഹ്യഘടനയിലേക്കുള്ള പ്രവേശനമായിരുന്നു എന്നുള്ളത് ഏറെ പ്രഖ്യാതമാണല്ലോ. കൊളോണിയല്‍ പ്രക്രിയകള്‍ സൃഷ്ടിച്ചെടുത്ത ആശയങ്ങള്‍ നവോത്ഥാനപ്രസ്ഥാനങ്ങളുടെ വഴികളായി മാറിയാണ് കേരളത്തിലെ ആധുനികത യാഥാര്‍ത്ഥ്യമായത്. ഇതിന്റെ അടിസ്ഥാനപരമായ മാറ്റം, മനുഷ്യരെ ജാതികളായി തരംതിരിക്കുകയും ജാതികളെ ശ്രേണീകൃതമായി വിന്യസിക്കുകയും ചെയ്ത കേരളീയ ജാതിവ്യവസ്ഥയുടെ അടിത്തട്ടിലുള്ള കീഴാളസമുദായങ്ങള്‍ മുന്നോട്ടുവന്നതാണ്. കീഴാളസമുദായങ്ങളുടെ ജാതിനിരാകരണമാണ് ആധുനികതയുടെ പ്രാധാനപ്പെട്ട ധാരയെന്നും സവര്‍ണസമുദായങ്ങള്‍ ഉയര്‍ത്തിയ ‘ജാതിപരിഷ്കരണം’ ആധുനികതയായി കാണാനാവില്ലെന്നും ഡോ. സനല്‍ മോഹന്നിരീക്ഷിക്കുന്നുണ്ട്. അതായത് ജാതിയെ നിലനിര്‍ത്തിക്കൊണ്ട് കേവലം അതിലെ അനാചാരങ്ങളെ പരിഷ്കരിച്ച സമീപനവും ജാതിയെ പൂര്‍ണമായും എതിര്‍ത്ത സമീപനവും രണ്ടാണെന്നും കൊളോണിയലാധുനികത ജാതിയെ നിരാകരിക്കുകയായിരുന്നുവെന്നും കാണാം. ജാതിയെ പൂര്‍ണ്ണമായും നിരാകരിച്ച അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ പോലുള്ള പ്രസ്ഥാനങ്ങളാണ് ആധുനികകേരളത്തെ കെട്ടുപണി ചെയ്യാന്‍ ശ്രമിച്ചത് എന്നുള്ളതാണ് ചരിത്രത്തിലൂടെ കാണുന്നത്. എന്നാല്‍ ആധുനികതയില്‍നിന്നു കേരളം മുന്നോട്ടുപോയിട്ടും ജാതിയുടെ വ്യവഹാരങ്ങള്‍ പൊതുമണ്ഡലത്തില്‍ ആവര്‍ത്തിക്കുന്നു. കേരളീയ പൊതുമണ്ഡലത്തില്‍ ജാതിയുടെയുെ ഫ്യൂഡലിസത്തിന്റെയും സവിശേഷമായ ചിഹ്നവ്യവസ്ഥയെ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന മാധ്യമമാണ് സിനിമയെന്നുള്ളത് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണ്. പുതിയ സാമൂഹ്യമാറ്റങ്ങള്‍ സംഭവിക്കുമ്പോഴും ജാതി എങ്ങനെ സംസ്കാരവുമായി സംഘര്ഷപ്പെടുന്നുവെന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ വായിക്കപ്പെട്ടിട്ടുണ്ട്. ഒട്ടേറെ വായനകള്‍ക്കു വിധേയമായ എലിപ്പത്തായത്തില്‍ 1980 കളിലെ കേരളീയസമൂഹം എങ്ങനെയാണ് ജാതിയെ നോക്കിക്കണ്ടിരുന്നതെന്ന പ്രശ്നം സജീവമായി കാണാം.

പത്തൊമ്പതാംനൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ വളര്‍ന്നുവരുന്ന കേരളീയ ആധുനികതയുടെ രൂപങ്ങള്‍ ബ്രാഹ്മണിക് ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പ്രധാനപ്പെട്ട മാറ്റം കീഴാളസമുദായങ്ങളുടെ വളര്‍ച്ചയാണ്. അഥവാ കീഴാളര്‍ ആധുനികതിയിലൂടെ വളര്‍ന്നപ്പോള്‍ മേലാളരുടെ സാമൂഹികാധിപത്യം തകരുകയും ജാതിവ്യവസ്ഥ ചോദ്യംചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ ഒരു വ്യവഹാരം രൂപപ്പെടുന്നു, കീഴാളരുടെ വളര്‍ച്ചയോടെ മേലാളസമൂഹങ്ങള് എല്ലാരീതിയിലും തകരുന്നുവെന്നും അവിടെ വ്യാപകമായി ദാരിദ്ര്യം ഉണ്ടാകുന്നുവെന്നും. ‘സവര്ണ്ണദാരിദ്ര്യം’ സാംസ്കാരികരംഗത്ത് പ്രധാനപ്പെട്ട ആഖ്യാനമായി മാറുന്നു. കലയും സാഹിത്യവും മറ്റും ഇത്തരത്തിലുള്ള സവര്ണ്ണസമൂഹങ്ങളുടെ തകര്‍ച്ചയില്‍ ഉണ്ടാകുന്ന ദുഃഖത്തെ സമൂഹത്തിന്റെ സവിശേഷമായുള്ള ദുഃഖമായി അവതരിപ്പിക്കുകയും അതിലൂടെ ഇവിടെ ഉണ്ടായ ആധുനികത ‘ശരിയല്ലാത്തതാ’ണെന്നുള്ള സൂചനകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. കവി വൈലോപ്പിള്ളിയുടെ ആത്മകഥയില്‍ ഈ പ്രശ്നം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്, ‘അതിന്റെതായ സമരകാഹളം, വിശിഷ്യ ജാതിക്കെട്ടിന്നെതിരായി മുഴക്കിയിരുന്നത് എന്റെ ഈഴവസ്നേഹിതരാണ്. അതെന്നെ ഒരു പരിധിവരെ ആവേശം കൊള്ളിച്ചു. പക്ഷേ അത്രതന്നെ അരിശവും കൊള്ളിച്ചു. നിസ്സാര കാരണം മതി- ബഞ്ചിലൊന്നില്‍ സ്ഥലം മാറിയിരുന്നാല്മതി അവര്‍ പറയും അതു ജാതിക്കുശുമ്പല്ലേ എന്ന്…. അവരെ കുറ്റപ്പെടുത്തുന്നില്ല. ഉണര്‍ന്നെണീറ്റ ഒരു സമൂഹത്തിന്റെ മൂരിനിവര്‍ത്തല്‍ ആയിരുന്നു അതെല്ലാം. എന്റെയാക്കൂട്ടുകാര് എന്ത് ഊര്ജസ്വലന്മാരായിരുന്നു. ഞങ്ങളുടെ തറവാടുകള്‍ ആമ്പല്‍ പൊയ്കകള്‍ പോലെ വിരിഞ്ഞും കൂമ്പിയും ശാന്തമായി നിഷ്പന്ദമായി കിടക്കുമ്പോള്‍ ഈ സുഹൃത്തുക്കളുടെ ജീവിതവീഥികള്‍ പുതിയ മുന്നേറ്റം കൊണ്ട് ഇരമ്പിക്കൊണ്ടിരുന്നു”. കീഴാളരുടെ ജീവിതം പുതിയമാറ്റങ്ങള്കൊണ്ട് ഇരമ്പുന്നുവെന്നും മേലാളരുടെ തഴാടുകള് നിസംഗമായിരുന്നുവെന്നുമുള്ള പറച്ചില് കാലഘട്ടത്തിന്റെ മാറ്റത്തെ അവതരിപ്പിക്കുന്നു. ഇങ്ങനെയാണ് സവര്ണ്ണദാരിദ്ര്യം എന്നൊരു മിത്ത് കേരളീയ സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടുതരത്തിലിത് പ്രകടമാകുന്നത് കാണാം. ഒന്ന്, സവര്ണസമൂഹങ്ങളുടെ തറവാടുകളുടെ തകര്‍ച്ച എന്ന അര്‍ത്ഥത്തില്‍ രണ്ടാമത്, സമൂഹങ്ങളിലെ വ്യക്തികള്‍ക്ക് ആധുനിക തൊഴിലിടങ്ങളിലും മറ്റും കീഴാളസമൂഹങ്ങളുടെ സംവരണം കാരണം ജോലി ലഭിക്കുന്നില്ല എന്നുള്ളത്. ഇതിന്റെയെല്ലാം അകത്തുക സംവരണം പോലുള്ള സാമൂഹ്യസങ്കല്പ്പനങ്ങളിലൂടെ കീഴാള സമൂഹങ്ങള്‍ വളരുന്നത് ശരിയല്ലെന്ന പറച്ചിലുകള്‍ ഉണ്ടാകുന്നുവെന്നതാണ്. അങ്ങനെയാണ് സംവരണം ഇല്ലാതാക്കപ്പെടണമെന്ന മട്ടിലുള്ള ജാതിവാദങ്ങള്‍ ശക്തിപ്പെടുന്നത്. ആധുനികതയിലൂടെ സവര്ണസമൂഹങ്ങള്ക്കു സംഭവിച്ച തകര്‍ച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു എന്നു പറയുകയാണ് എലിപ്പത്തായം എന്ന സിനിമ. നായര്‍ തറവാടുകള്‍ എലിപ്പത്തായങ്ങള്‍ പോലെയായി മാറിയെന്നുള്ള വിമര്‍ശനമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത് പ്രകടമായി കാണാം.

അപരവിദ്വേഷമെന്ന ജാതിബോധം ആളോഹരിഭാഗം കഴിയാത്ത ഒരു നായര്‍ തറവാട്ടിലെ സ്വത്തവകാശ തര്‍ക്കങ്ങള്‍ അതിലെ വ്യക്തികളെ എത്തിക്കുന്ന പതനമാണ് എലിപ്പത്തായത്തിലെ കഥാതന്തു. ഏതാണ്ട് ജീര്‍ണാവസ്ഥയിലുള്ള തറവാട് ഇപ്പോള്‍ ഭരിക്കുന്നത് ഉണ്ണിയാണ്. അദ്ദേഹത്തിന് മൂന്നു സഹോദരിമാരാണുള്ളത്. ജാനമ്മയും രാജമ്മയും ശ്രീദേവിയും. ഇതില്‍ ജാനമ്മ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പമാണ്. യൗവനാവസ്ഥയിലെത്തിയ രാജമ്മയും വിദ്യാര്‍ഥിയായ ശ്രീദേവിയും ഉണ്ണിക്കൊപ്പം തറവാട്ടിലാണ്. അലസനും സ്വന്തംസുഖത്തില് മാത്രം തത്പരനുമാണ് ഉണ്ണിയെന്ന കഥാപാത്രം. അയാളുടെ അറയില്‍ എലി കേറുന്നതാണ് കഥയില പ്രധാന പ്രശ്നം. സഹോദരി രാജമ്മയെ അയാളുടെ ഭക്ഷണ- വസ്ത്രാവശ്യങ്ങള്ക്കായി മാത്രം വേലക്കാരിയെപ്പോലെ നിര്‍ത്തിയിരിക്കുകയാണ്. രാജമ്മയ്ക്കു വരുന്ന വിവാഹാലോചനകളെല്ലാം അയാള്‍ ഓരോ കാരണം പറഞ്ഞ് മുടക്കും. ഒടുവില്‍ കേശവമാമന്‍ കൊണ്ടുവന്ന രണ്ടാംകെട്ടുകാരനെ തറവാടിന്റെ ആഭിജാത്യം പറഞ്ഞ് ഒഴിവാക്കി. പുറത്തോട്ട് അധികം പോകാത്തെ, തറവാടിനുള്ളില്തന്നെ ഉറങ്ങി ജീവിക്കുന്ന പുതിയകാലത്തെ മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളാത്ത ഉണ്ണി മറ്റുള്ളവരെയൊല്ലാം അവജ്ഞയോടാണ് കാണുന്നത്. ഇതിനിടയിലാണ് ജാനമ്മ തന്റെ ഓഹരി ചോദിച്ചെത്തുന്നതും ഉണ്ണി അത് നിഷേധിക്കുന്നതും. ഇളയ സഹോദരി ശ്രീദേവി ഒരൊളോടൊപ്പം ഒളിച്ചോടുന്നു. രാജമ്മ രോഗിയായി വല്ലാതാവുകയും നാട്ടുകാര്‍ അവളെ കൊണ്ടുപോവുകയും ചെയ്യുന്നു. ഇതോടെ ഒറ്റപ്പെട്ട ഉണ്ണി തന്റെ അറയില്‍ പുറംലോകവുമായി ബന്ധവുമില്ലാതെ കഴിയുകയും നാട്ടുകാര്‍ ഒടുവില്‍ അയാളെ ഒരെലിയെപ്പോലെ പിടിച്ചുകൊണ്ടുപോയി കുളത്തിലെറിയുന്നിടത്ത് സിനിമ തീരുന്നു.

ജാതിയെന്നു പറയുന്നത് സാമൂഹികപദവികള്‍ ശ്രേണീകരിക്കുന്ന സാമൂഹികസ്ഥാപനമാണെന്നതുപോലെ സവിശേഷമായൊരു പ്രത്യയശാസ്ത്രവലയമാണെന്നും കാണാം. അയിത്തം, തീണ്ടാപ്പട് തുടങ്ങിയ ജാതിയുടെ അടിസ്ഥാന ആശയങ്ങള്‍ അപരരോടുള്ള വെറുപ്പാണ് ഉല്പാദിപ്പിക്കുന്നതെന്നു കാണാം. അപരരെ അശുദ്ധരായിക്കണ്ട് വര്‍ജ്ജിക്കുന്ന ജാതിബോധം സങ്കരത്വം ഏറെ ഭയക്കുകയും നിഷേധിക്കുകയും ചെയ്തിരുന്നു. അന്യരെ മാറ്റിനിര്ത്തുകയെന്നു പറയുമ്പോള്‍ തന്നിലേക്കുമാത്രമായി, ശുദ്ധിയുള്ള തന്റെ ഇടത്തുമാത്രമായി ചുരുങ്ങുകയെന്നാണര്ഥം. കേരളത്തിലെ ജാതിചിന്തയില്‍ ആധിപത്യം പുലര്‍ത്തിയ സവര്‍ണര്‍ക്ക് മറ്റു ജാതിക്കാര്‍ മാത്രമായിരുന്നില്ല അയിത്തമായി ഉണ്ടായിരുന്നത്. തന്റെ ദേശം കടന്ന് മറ്റുദേശങ്ങളിലേക്കു പോകുന്നതടക്കമുള്ളവ വിലക്കുകള്‍ ഉണ്ടായിരുന്നു. ജാതിവ്യവസ്ഥ സവര്‍ണരെ അവരുടെ ആചാരപ്രകാരമുള്ള ഇടങ്ങളല്ലാതുള്ളവയെയെല്ലാം വര്ജിക്കേണ്ടവയായി കണക്കാക്കിയിരുന്നു. അന്യരെയും മറ്റും അപരമായി കണക്കാക്കുന്ന ബോധമാണ് ഉണ്ണിയുടെ സ്വത്വഘടനയുടെ അടിവേരെന്നു കാണാം. തറവാട്ടിലേക്ക് മറ്റുള്ളവര്‍ വരുന്നത് അയാള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അന്യരെ അഭിമുഖീകരിക്കാന്‍ അയാള്‍ മടക്കുന്നു. ആധുനികത വന്നപ്പോള്‍ ജാതിവാദികള്‍ പ്രകടിപ്പിച്ചതും ഇതേ മനോഭാവമായിരുന്നുവെന്നു കാണാം. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ആധുനികതാപരമായ മാറ്റങ്ങളോട് മുഖംതിരിക്കുക എന്നതായിരുന്നു അവര്‍ ചെയ്തത്. ആധുനികതയോടു മുഖംതരിച്ച് സ്വന്തം മാളത്തില്‍ തലയൊളിപ്പിക്കുന്ന അവസ്ഥ പ്രത്യകമൊയൊരു മനോഭാവത്തെയും സൃഷ്ടിക്കുന്നുണ്ടെന്നു പറയാം. അപരരോടും പുറത്തോടുമുള്ള ഭയം അന്തര്മുഖത്വമായി വളരുന്നു. സ്വയം വലയിതമായി സുരക്ഷിതമാകുന്ന എല്ലാ ജാതിബോധങ്ങളും ഒരെലിപ്പെട്ടിയായി മാറുകയാണെന്നു പറയാം. കേരളത്തിലെ സവര്ണജാതിബോധത്തില് രൂപപ്പെട്ട ഈ മനോഭാവമാണ് എലിപ്പത്തായത്തിലെ ഒരു ധാരയെന്നു കാണാം.

അപരനെ അയിത്തമായിക്കണ്ട് വര്‍ജിക്കുന്ന ജാതിബോധമാണ് ഉണ്ണിയില്‍ തുടക്കംമുതലേ കാണുന്നത്. പുറംലോകത്തെ അയാള്‍ വല്ലാതെ ഭയക്കുന്ന ദൃശ്യങ്ങള്‍ ഇതിന്റെ അടയാളമാണ്. ഉണ്ണി എപ്പോഴും ഇരിക്കുന്നത് പൂമുഖത്തിലെ ചാരുകസേരയിലാണ്. ഇത് പടിപ്പുരയ്ക്ക് നേരെ എതിര്‍വശമാണ്. ആദ്യം പടിപ്പുരയില്‍ ഒരാള്‍ വന്നാല്‍ ആദ്യം കാണുന്നവിധത്തിലാണ് ഉണ്ണിയുടെ ഇരിപ്പ്. ആഗതരെ സ്വാഗതം ചെയ്യുന്നതിനുവേണ്ടിയാണെന്നു തോന്നുമെങ്കിലും അതങ്ങനെയല്ലെന്നാണ് സിനിമ പറയുന്നത്. ദൂരെവച്ചേ ഒരാളെ കാണുന്നതിനും അയാളാരെന്നു മനസിലാക്കുന്നതിനും ഇത് സഹായിക്കുന്നു. അതനുസരിച്ച് ഒഴിവാക്കുന്നതിനാണ് ഇതയാള് ഉപയോഗിക്കുന്നത്. തറവാട്ടിലേക്ക് പുറത്തുനിന്നു വരുന്നവര്‍ വളരെ കുറവാണ്. കേശോമാമന്, മത്തായിക്കുട്ടി, കറിയ മാപ്പിള, രവി, മീനാക്ഷി, തൊഴിലാളികള്‍ മുതലായവരാണ്. ഇതില്‍ കേശോമാമനും മത്തായിയുമാണ് അയാള്‍ നേരിട്ടിടപെടുന്നത്. അതില്‍ വിവാഹക്കാര്യം പറയാന്‍ വന്ന കേശമാമനെ ഉണ്ണി തറവാടിന്റെ ആഭിജാത്യം പറഞ്ഞ് ഓടിക്കുന്നു. മത്തായിയോട് തന്റെ തൊഴിലിടത്തിന്റെ സ്വഭാവം പറഞ്ഞും നിറം പറഞ്ഞും അപമാനിക്കുന്നു. കീഴാളയായ മീനാക്ഷിയെ അഭിമുഖീകരിക്കാന്‍ ഭയയ്ക്കുന്നു. പുറംലോകത്തിറങ്ങുമ്പോള്‍ മിക്കപ്പോഴും അയാള്‍ ശങ്കിക്കുന്നത് വിവാഹത്തിനു പോകാനായി ഇറങ്ങി വഴിയിലെ വെള്ളക്കെട്ടിനു മുന്നിലെത്തുന്ന രംഗത്തു കാണാം. ഇവിടെയല്ലാം അയാള്‍ സ്വീകരിക്കുന്ന സമീപനം ശ്രദ്ധേയമാണ്. ആരുവന്നാലും ഉണ്ണി പത്രം വായനയിലായിരിക്കും ശ്രദ്ധിക്കുക. സംസാരിക്കുന്ന ആളെ ശ്രദ്ധിക്കുന്നില്ല, തള്ളിക്കളയുന്നു എന്ന സൂചന നല്കുന്നു. ആഗതരെ അടുത്തേക്കു വരുത്താനോ കൂടുതല്‍സമയം നില്ക്കാനെ അയാള്‍ അനുവദിക്കുന്നില്ല. സഹോദരിമാരോടും ഈ സമീപനമാണ് അയാളെടുക്കുന്നതെന്നു കാണാം. അടിസ്ഥാനപരമായി മറ്റുള്ളവരെ അവഗണിക്കുക, അവജ്ഞയോടെ തള്ളിക്കളയുകയെന്ന ജാതിയുടെ യുക്തിയാണിവിടെ അയാള്‍ പ്രകടിപ്പിക്കുന്നതെന്നു പറയാം. ഉണ്ണി പഴയകാലത്തപ്പോലെ ജാതിയുടെ ചിട്ടകള്‍ പ്രകടിപ്പിക്കുന്നില്ല. അയാള്‍ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഇടപടുന്ന ആളാണെന്നുള്ള ഭാവം കാണിക്കുമ്പോള്‍ തന്നെ അതിനോട് അകലം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെയാണ് അയാളിലെ പാരമ്പര്യങ്ങള്‍ അയാള്‍ നിലനിര്‍ത്തുന്നത്.
സ്പ്രേയുമായി വരുന്ന ഗള്ഫുകാരന് ഗള്‍ഫ് പ്രവാസം കേരളത്തിന്റെ സാമൂഹിക- സാമ്പത്തികമേഖലയാകെ പൊളിച്ചെഴുതിയെന്ന് 1980 കള്‍ക്കുശേഷമുള്ള കേരളത്തിന്റെ അവസ്ഥ സൂചിപ്പിക്കുന്നുണ്ട്. വലിയ തോതില്‍ മനുഷ്യര്‍ ഗള്‍ഫിലേക്കു പോവുകയും തൊഴിലിലൂടെ വലിയ വരുമാനം കേരളത്തിലെത്തിക്കുകയും ചെയ്തു. അതിലൂടെ കേരളത്തിലെ വിപണിയില്‍ പണമെത്തുകയും എല്ലാത്തരത്തിലും മാറ്റങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഇങ്ങനെ നോക്കുമ്പോള്‍ ആധുനികതയിലെ മാറ്റങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വ്യാപിച്ചത് ഇതിലൂടെയാണെന്നു കാണാം. പരമ്പരാഗതമായി ഭൂമിയും മറ്റും ഉണ്ടായിരുന്ന സവര്‍ണരും മറ്റുമായിരുന്നു കേരളത്തിലെ സമ്പന്നര്‍. എന്നാല്‍ ഗള്‍ഫ് പണത്തിലൂടെ പുതിയ സമ്പന്നവര്‍ഗം ഉണ്ടായിവന്നു. ഇവിരെ പുത്തന്പണക്കാരെന്നാണ് പൊതുവേ വിളിച്ചിരുന്നത്. ഈ പുത്തന്‍ പണക്കാര് പഴയപണക്കാരെക്കാള് മെച്ചപ്പെട്ട രീതിയില്‍ പുതിയ മാറ്റങ്ങളെ സ്വാംശീകരിക്കുകയും വിപണിയുടെ താത്പര്യങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. കോണ്‍ക്രീറ്റ് വീടു നിര്‍മിക്കുക, ഭൂമിവില്പന നടത്തുക, ഷോപ്പിംഗിലും മറ്റും വ്യാപൃതമാവുക തുടങ്ങിയവ ഇവരിലൂടെ പുതിയ മാനങ്ങള്‍ തേടുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ജാതിവ്യവസ്ഥയുടെ വേരുകളെ ആഴത്തില്‍ ഇല്ലാതാക്കിയത് ഗള്‍ഫ് പണമാണെന്നു പറയാം. ജാതി നോക്കാതെ ഏതു തൊഴിലും ചെയ്യുന്ന ശീലം വ്യാപമാക്കിയതും ഗള്‍ഫിലെ തൊഴില്‍ സംസ്കാരമാണെന്നുള്ള സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ വിദ്യാഭ്യാസം നേടിയവര്‍ ഗള്‍ഫില്‍ പോയി കല്ലുചുമക്കുകയും ഒട്ടകത്തെ തീറ്റുകയുമാണെന്ന പരിഹാസങ്ങള്‍ ഉദാഹരണമാണ്. ഇവിടെ കൂലിപ്പണിചെയ്യാന് മടിച്ചിരുന്നവര്‍ ഗള്‍ഫില്‍ പോയി അത്തരം പണികള്‍ ചെയ്തിരുന്നതായിട്ടുള്ള വ്യവഹാരങ്ങള്‍ ജാതിപരമായ തൊഴില്‍സംസ്കാരത്തെ ഗള്‍ഫെന്ന വ്യവഹാരം ഇല്ലാതാക്കിയതിന്റെ അടയാളമാണ്.

എലിപ്പത്തായത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഗള്‍ഫ് പണത്തിലൂടെ പരിവര്‍ത്തന വിധേയമാകുന്ന സമൂഹമാണ്. ആ പരിവര്‍ത്തനമാണ് ഉണ്ണിയുടെ തറവാട്ടിലേക്ക് എത്തുന്ന ആഗതര്‍ സൂചിപ്പിക്കുന്നത്. തറവാട് എന്ന സ്ഥലരാശി നിശ്ചലമായി നിലകൊള്ളുകയും അവിടേക്ക് പുറത്തുനിന്നുള്ളവര്‍ എത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ആഖ്യാനഘടന. അങ്ങനെ പുറത്തുനിന്ന് എത്തുന്നവരില്‍ ആദ്യത്തെ ആള് കേശോമാമനാണ്. വിവാഹാലോചനയുമായി വരുന്ന അയാള്‍ രണ്ടാംകെട്ടുകാരന്റെ ആലോചനയാണ് കൊണ്ടുവരുന്നത്. രണ്ടാംകെട്ട് കേരളീയ സമൂഹത്തില്‍ മോശമായ ഒന്നായിട്ടാണ് ഗണിച്ചിരുന്നത്. ആദ്യവിവാഹം ഇല്ലാതായ ആള്‍ക്കെന്തോ കുഴപ്പമുണ്ടെന്ന സൂചന ആ വ്യക്തിയുടെ സ്വഭാവത്തിലേക്കുള്ള നോട്ടമാണ്. മാറുന്ന സമൂഹം ഇതിനെയും അംഗീകരിക്കുന്നു എന്നതാണ് രണ്ടാംകെട്ടുകാരന്റെ ആലോചന അടയാളപ്പെടുത്തുന്നത്. ഗള്‍ഫ് പണം വന്നതോടെ ഗള്‍ഫുകാര്‍ക്ക് വിവാഹക്കമ്പോളത്തില്‍ വലിയ പ്രാധാന്യമുണ്ടാവുകയും ഗള്‍ഫുകാര്‍ക്ക് വലിയ സ്ത്രീധനം കിട്ടുന്ന അവസ്ഥ വരികയും ചെയ്തു. ഗള്‍ഫുകാരനുമായുള്ള വിവാഹത്തിലൂടെ കുടുംബത്തിന് സാമ്പത്തികമായി വളരാനാവുമെന്ന ചിന്തയാണ് ഇത് സാധ്യമാക്കിയത്. ഗള്‍ഫെന്ന വ്യവഹാരമാണ് പ്രായം വൈകിയുള്ള വിവാഹവും രണ്ടാംവിവാഹവും കേരളത്തില്‍ വ്യാപകമാക്കിയതെന്നു പറയാം. അവര്‍ക്ക് ധാരാളം പണമുണ്ടാകുമെന്ന ചിന്ത വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍വീട്ടുകാരെ നിര്‍ബന്ധിച്ചു. കേരളീയ വിവാഹസങ്കല്പങ്ങളിലൊരു മാറ്റം ഗള്‍ഫ് സൃഷ്ടിച്ചുവെന്നര്‍ഥം. ഒന്നിലേറെ വിവാഹമാകാമെന്നും വ്യക്തികള്‍ തമ്മിലുള്ള തുറന്ന ഇടപാടാണ് വിവാഹത്തിലുണ്ടാകേണ്ടതെന്നും വീടുകളുടെ ആഭിജാത്യത്തിനൊനന്നും ഇവിടെ പ്രസക്തിയില്ലെന്നുമുള്ള ചിന്തകളും ഇതിലൂടെ വരുന്നു. ഈ മാറ്റത്തെ അംഗീകരിക്കാത്തതുകൊണ്ടാണ് ഉണ്ണി ആ ആലോചന നിരാകരിക്കുന്നത്. പുതിയ മാറ്റങ്ങളെ അംഗീകരിക്കാതെ ജീവിക്കുന്നതിനാല്‍ പുറംലോകത്തെ അയാള്‍ മാറ്റിനിര്‍ത്തുന്നു.

ഈ നിരാകരണത്തിന്റെ വ്യക്തമായ അടയാളമാണ് ഗള്‍ഫിനെക്കുറിച്ചുള്ള അയാളുടെ പരിഹാസം. ഉണ്ണി അവിടെ ഇല്ലാത്തപ്പോഴാണ് കറിയാ മാപ്പിളയുടെ മകനായ ഗള്‍ഫില്‍ ജോലിചെയ്യുന്ന മത്തായിക്കുട്ടി തറവാട്ടില്‍ വരുന്നത്. അയാളെ ആദ്യം രാജമ്മയ്ക്കു മനസിലായില്ല. പിന്നീടാണ് കാര്യങ്ങള്‍ മനസിലാകുന്നത്. മത്തായിക്കുട്ടി രാജമ്മയെ കാണുമ്പോള്‍ ആദ്യം പറയുന്നത് ‘അവധിക്കു വന്നതാണെന്നും മറ്റൊരു ഫ്ലൈറ്റിന് പോകാമെന്നു കരുതുന്നുവെന്നു’മാണ്. ഇങ്ങനെ സൂചിപ്പിക്കുന്നതില്നിന്നാണ് അയാള്‍ ഗള്ഫുകാരന് ആകാമെന്നുള്ള ധാരണ കിട്ടുന്നത്. വിമാനത്തില്‍ ഇന്ത്യയ്ക്കകത്ത് പോകുന്ന ശീലം വ്യാപകമാകാത്ത കാലമാണല്ലോ അത്. അപ്പോള്‍ ഇന്ത്യയ്ക്കു പുറത്താണെന്നുള്ള സൂചന വ്യക്തമാകുന്നു. മത്തായി ഒരു സ്പ്രേ സമ്മാനവുമായാണ് വന്നിരിക്കുന്നത്. സ്പ്രേക്കുപ്പി അയാള്‍ ശ്രീദേവിക്ക് നലകുന്നു. അക്കാലത്ത് ഗള്‍ഫുകാരാണ് ഇത്തരം സൗന്ദര്യവധകവസ്തുക്കള് കേരളത്തില്‍ കൊണ്ടുവന്നിരുന്നതെന്നു കാണാം. ടെലിവിഷന്‍ പോലുള്ള ഉപകരണങ്ങളും വ്യാപകമാക്കിയത് ഗള്‍ഫ് സംസ്കാരമാണ്. അതിലൂടെ മലയാളിയുടെ വൈകാരികലോകത്തിന് പുതിയ ആഗോളമാനം സൃഷ്ടിച്ചത് വ്യക്തമാണല്ലോ. അതിന്റെ ഒരു സൂചന എലിപ്പത്തായത്തിലുണ്ട്. മത്തായിക്കുട്ടി നല്കുന്ന സ്പ്രേ ശ്രീദേവി തന്റെ മുന്‍കഴുത്തില്‍ പുരട്ടുന്നത് സിനിമയില്‍ കാണാം. സാധാരണ ശരീരത്തിന്റെ വശങ്ങളിലൊക്കെയാണ് സ്പ്രേ പൂശുന്നതായി കാണാറുള്ളതെങ്കില്‍ സ്ത്രീ ലൈംഗികതയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായ കഴുത്തിലാണ് അവള് സ്പ്രേ ചെയ്യുന്നത്. മലയാളിയുടെ മാറുന്ന വൈകാരികതകളിലേക്കുള്ള ഒരു സൂചകമാണിതെന്നു പറയാം.
പുതിയമണങ്ങളും രുചികളുമൊക്കെ സഷ്ടിച്ച് പരമ്പരാഗതലോകത്തിന്റെ അഭിരുചികളെ മറികടക്കാന്‍ മലയാളിയെ ശീലിപ്പിച്ചത് കൊളോണിയലിസമായിരുന്നുവെങ്കില്‍ പിന്നീടത് ഗള്‍ഫായി മാറുന്നു. അങ്ങനെ ഗള്‍ഫ്, മാറാന്‍ വിമുഖമായി നിന്ന ജാതിഘടനയ്ക്കകത്തേക്കും ഭദ്രമായി നിലനില്‍ക്കുന്ന തറവാടുകളുടെ അകത്തേക്കും വരുന്നുവെന്നു പറയുകയാണ് എലിപ്പത്തായം. സിനിമയിലെ പ്രധാന പ്രശ്മമായ എലികളുടെ വരവ് ഇതുമായി ചേര്‍ത്തുവായിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു. എലികളും പുറത്തുനിന്നു വരുന്നവരാണ്. അവര്‍ ചെയ്യുന്നത് ജാതിബോധം പുലര്‍ത്തുന്ന ഉണ്ണിയെ അക്രമിക്കുകയാണ്. ആദ്യം ഉണ്ണിയെ കടിക്കാനാണ് ശ്രമിക്കുന്നതെങ്കിലും രണ്ടാമത് എലി ചെയ്യുന്നത് ഉണ്ണിയുടെ തേച്ചുവച്ച ഉടുപ്പ് കടിച്ചുമുറിക്കുന്നതാണ്. അതായത് എലി ഒരാക്രമണത്തിനു തയാറായിരിക്കുന്നു. ആ ആക്രമണം ഉണ്ണിമാരുടെ പാരമ്പര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഗള്‍ഫ് പോലെയുള്ള വ്യവഹാരങ്ങള്‍ മലയാളിയുടെ ജീവിതത്തിലേക്കു കടന്നുകയറുന്നുവെന്നും അവയ്ക്കു മുഖംതിരിക്കുന്നത് ആധുനികതയ്ക്കു മുഖംതിരിച്ച സവര്ണാവസ്ഥ പോലെയാകുമെന്നും സിനിമ പറയുന്നു.

ശരീരത്തിലെ ഒരുമാതിരി കറുപ്പ്
മത്തായിക്കുട്ടി അവിടെ ഇരിക്കുമ്പോഴാണ് ഉണ്ണി അവിടേക്കു വരുന്നത്. തന്നെ ഉണ്ണിക്കു മനസിലായില്ലെന്നു കരുതി അദ്ദേഹം ഉണ്ണിയെ പരിചയപ്പെടുത്തുന്നു- താന്‍ മത്തായിക്കുട്ടിയാണെന്നു പറഞ്ഞ്. അപ്പോ ഉണ്ണി മനസിലാവുകയൊക്കെ ചെയ്തു എന്നു പറയുന്നുണ്ട്. പതിവുപോലെ ചാരുകസേരിയിലിരുന്ന് പത്രം നോക്കി, ‘അവധിക്കു വന്നതാണോ അതോ ….’ എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്. ആ ചോദ്യത്തോടെ ഉണ്ണിയുടെ പെരുമാറ്റത്തില്‍ എന്തോ പ്രശ്നം തോന്നിയ മത്തായിക്കുട്ടി നിശബദ്നായി നില്ക്കുന്നു. വീണ്ടും ഉണ്ണി, ‘ഇവിടെ കോട്ടും സൂട്ടുമൊക്കെ നടക്കുന്നവര്‍ അവിടെച്ചെന്നാ ചൊമട്ടുപണിയാണെന്നല്ലോ’ പറയുന്നതെന്ന ചോദ്യം ചോദിക്കുന്നു. ഈ ചോദ്യത്തില്‍നിന്ന് മത്തായി ഗള്‍ഫിലാണെന്നു വ്യക്തമാകുന്നു. വ്യാപകമായ കേരളത്തില്‍ പ്രചരിച്ചിരിക്കുന്ന ഒരു പ്രയോഗമാണ്, ഗള്‍ഫില്‍ മലയാളികള്‍ ഏറിയപങ്കാളുകളും ചെയ്യുന്നത് കൂലിപ്പണിയാണെന്ന വാദം. അതാവര്ത്തിക്കുന്നതിലൂടെ അവിടെപ്പോകുന്നവര്ക്ക് വിലയില്ലെന്നും ഇവിടെ നില്‍ക്കുന്നതാണ് ശരിയെന്നുമുള്ള സവര്‍ണമനോഭാവം ഉറപ്പിക്കുകയാണ്. തന്റെ മുന്നില്‍നില്‍ക്കുന്ന മത്തായി വെറും കൂലിപ്പണി ചെയ്യുന്ന ആളാണെന്ന സൂചന നിര്‍മിച്ചെടുക്കുകയാണ് ഉണ്ണി ചെയ്യുന്നത്. അയാളുടെ വ്യക്തിത്വത്തെ പരിഹസിക്കുകയാണ് ഉണ്ണിയിലെ തറവാടിത്തം. ‘ചുമട്ടുപണിചെയ്യുന്നവരും ഉണ്ടെന്ന് ‘ മത്തായി മറുപടി നല്‍കുന്നുണ്ട്. ഇത്തരത്തിലൊരു സംഭാഷണം വരവേല്പ് എഎന്ന സിനിമയിലും ഉണ്ടാകുന്നത് ശ്രദ്ധിക്കണം. അവിടെ കല്ലുചുമക്കലായിരുന്നുവെന്ന് നായകന് പറയുമ്പോള്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് മറ്റു കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. ഉടനെ ഉണ്ണി മത്തായിയുടെ നിറത്തെ പരിഹസിച്ച്, ‘നീയെന്താ കറുത്തിരിക്കുന്നേ, വെയിലൊക്കെ ഒരുപാടു കൊള്ളണമായിരിക്കും’ എന്നു ചോദിക്കുന്നു. ഈ ചോദ്യത്തില്‍ മുമ്പു ചോദിച്ച ചുമട്ടുപണിയുടെ തുടര്‍ച്ചയുണ്ട്. അതായത് പുറത്ത് വെലിയുകൊണ്ടുചെയ്യുന്ന പണികളാണ് ഗള്‍ഫില്‍ പോകുന്നവര്‍ ചെയ്യുന്നതെന്നും അത് കായികാധ്വാനമാണെന്നും ഉറപ്പിക്കുകയാണ് ഉണ്ണി ചെയ്യുന്നത്. ഒരുമാതിരി കറുത്തിരിക്കുന്ന എന്ന ചോദ്യം അവജഞയോടുള്ള പറച്ചിലാണ്. അയാള്‍ കറുത്തിരിക്കുന്നത് ധാരാളം വെയിലുകൊണ്ട് പണിയെടുക്കുന്നതിനിലാണെന്നു സമര്‍ഥിക്കുകയാണ് ഉണ്ണിയിലെ തറവാടിത്തം ചെയ്യുന്നത്. അതിലൂടെ ഇത്തരം പണികളൊക്കെ നിന്ദ്യമാണെന്നും സൂചിപ്പിക്കുന്നു. അങ്ങനെ ഗള്‍ഫില്‍ പോയി പണിയെടുക്കുന്നവര്‍ ഇവിടെ ജോലിയെന്നും കിട്ടാത്ത ഗതികെട്ടവരാണെന്നും ഈ പറച്ചില് ഉറപ്പിക്കുന്നുണ്ട്. ഉണ്ണിയുടെ സംസാരത്തിലെ നിന്ദ മനസിലായ മത്തായി കാപ്പിപോലും കുടിക്കാതെ അവിടെനിന്നു പോകുന്നു. മത്തായി പോകുമ്പോള്‍ ഉണ്ണി, കറിയാ മാപ്പിളയെ തിരിക്കിയതായി പറയണം എന്നു പറയുന്നുണ്ട്. പുറംലോകത്തോടുള്ള വെറുപ്പ് ഉണ്ണി പ്രകടിപ്പിക്കുന്നത് കടുത്ത വാക്കുകളിലൂടെയാണെന്നു കാണാം. അത് ആഗതരെ തന്റെ തറവാടിത്തം ഓര്‍മ്മിപ്പിക്കുകയും ആഗതരുടെ അവസ്ഥ മോശമാണെന്നു സൂചിപ്പിക്കുകയുമാണ്. അതിലൂടെ ആഗതര്ക്കവിടെ സ്ഥാനമില്ല, ഇരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. നോട്ടത്തിലൂടെയും ശരീരഭാഷയിലൂടെയും തന്റെ ഭാവം അവതരിപ്പിക്കുന്ന ഉണ്ണി നിരന്തരം ജനിപ്പിക്കുന്നത് ഈ അപരവിദ്വേഷമാണെന്നു കാണാം. അതാണ് മത്തായിയുടെ ശരീരത്തിലെ കറുപ്പായും മറ്റും അയാള്‍ കാണുന്നത്.

ഭൂമിവാങ്ങലും വീടുപണിയും
സിനിമയിലെ കറിയാ മാപ്പിള കേരളീയ ആധുനികതയില്‍ സംഭവിച്ച സാമൂഹികപരിണാമത്തിന്റെ ശ്രദ്ധേയമായ ചിഹ്നമാണ്. കെശവദേവിന്റെ അയല്‍ക്കാര്‍ നോവലിലെ കുഞ്ഞു വറീത് എന്ന കഥാപാത്രത്തിനു സമാനമായിട്ടാണ് കറിയാ മാപ്പിള ഇവിടെ വരുന്നത്. എന്നാല്‍ അവരുടെ ചെയ്തികള്‍ക്ക് വ്യത്യാസമുണ്ട്. ആധുനികതയില്‍ കൊളോണിയല്‍ ഇടപടല്‍ ശക്തമായപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലും വലിയ പ്രാധാന്യമുണ്ടാവുകയും സിറിയന്‍ ക്രിസ്ത്യാനികള്‍ പ്രധാനപ്പെട്ട ഒരു സാമുദായികശക്തിയായി വളരുകയും ചെയ്തു. കച്ചവടം പോലുള്ള സമ്പത്ത് നന്നായി ലഭിക്കുന്ന മേഖലകളിലും ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമുള്ള മേഖലകലിലും അവരുടെ സാന്നിധ്യം ശക്തമായി. വിദേശ- മിഷണരി ബന്ധത്തിലൂടെ വിദേശത്തു പോയി ഉയര്‍ന്ന വിദ്യാഭ്യാസം നേടാനവര്‍ക്ക് വേഗം സാധിച്ചു. ഇതിനൊപ്പം ശക്തമായി അധ്വാനിക്കുകൂടി ചെയ്തിരുന്ന അവര്‍ കരാര്‍ പണികള്‍ നേടിയും മറ്റും വലിയ വരുമാനം നേടുകയുണ്ടായി. ഇക്കാലത്ത് ഉയര്‍ന്നുകേട്ട പ്രധാനപ്പെട്ട വ്യവഹാരങ്ങളൊന്ന്, അധ്വാനികളായ ക്രിസ്ത്യാനികള്‍ നായര്‍ തറവാടുകളെയും മറ്റും ആശ്രയിച്ചു് അവരുടെ ഭൂമി വലിയതോതില്‍ വാങ്ങിച്ചെടുത്തു സമ്പന്നരായി എന്നതായിരുന്നു. അങ്ങനെ തറവാടുകള്‍ ക്ഷയിക്കുകയും അവരുടെ അടിയാരായി കഴിഞ്ഞിരുന്ന ക്രിസ്ത്യാനികള്‍ വളരുകയും ചെയ്തുവെന്ന പറച്ചിലുണ്ടാകുന്നു. കേശവദേവിന്റെ അയല്‍ക്കാര്‍ എന്ന നോവലിന്റെ കഥയും ഇത്തരത്തിലാണ്. മംഗലേശേരി തറവാട്ടിലെ പണിക്കാരനായി വരുന്ന കുഞ്ഞുവറീതും കുടുംബവും അധ്വാനിച്ച് സമ്പത്ത് നേടുകയും അതെല്ലാം മംഗലശേരി തറവാട്ടിലെ സ്വത്ത് വാങ്ങാനുപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ മംഗലശേരി തളരുകയും കുഞ്ഞുവറീത് ഉയരുകയും ചെയ്യുന്നു.
ഈ ചരിത്രത്തിന്റെ അബോധമാണ് എലിപ്പത്തായത്തിലെ കറിയാ മപ്പിളയിലൂടെ സിനിമ പറയുന്നത്. കറിയാ മാപ്പിള അതൊടുവില്‍ പറയുന്നുണ്ട്. ‘താന്‍ പാരമ്പര്യമായി ഈ തറവാട്ടിലെ ജോലി കൊണ്ടാണ് പിഴച്ചതെന്നും ഇപ്പോ കൂലി പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നതെന്നും തന്റെ കാലംകൂടി ഇങ്ങനങ്ങു പോകട്ടെന്നും’ അയാള്‍ പറയുന്നു. അയാളുടെ കുടുംബത്തിന്റെ വളര്‍ച്ചയും അയാള്‍ പറയുന്നുണ്ട്. ‘അയാള്‍ ധാരാളം നിലം വാങ്ങിച്ചിട്ടുണ്ടെന്നും മത്തായിക്കുട്ടി വേറെ വീടുവയ്ക്കുകയാണെന്നും അതിനാല്‍ എല്ലാംകൂടി വലിയ തിരക്കാണെന്നും’ അയാള്‍ പറയുന്നു. ഇപ്പോള്‍ ഉണ്ണിയുടെ തറവാട്ടിലെ പണിചെയ്യുന്നത് അയാള്‍ക്ക് വലിയ താത്പര്യമില്ലെന്നും ‘താന്‍ വന്നില്ലെങ്കി ഇവിടെ പണി നടക്കില്ലെന്നു കരുതി മാത്രമാണ് അയാള്‍ വരുന്നതെന്നും’അയാള്‍ സൂചിപ്പിക്കുന്നു. അതായത് അയാളിപ്പോള്‍ ഈ തറവാടിനെക്കാള്‍ വളര്‍ന്നിരിക്കുന്നു. അയാള്‍ക്കിനി ഇവിടെ വരേണ്ട കാര്യമില്ല. ഉണ്ണിയുടെ തറവാട് തളരുകയും കറിയാമാപ്പിയുടെ വീട് ഉയരുകയും ചെയ്യുന്നു. ഈ മാറ്റങ്ങളില്‍ അയാളെ സഹായിച്ചതില്‍ മകന്റെ ഗള്‍ഫ് പണത്തിന് വലിയ പങ്കുണ്ടെന്നും പറയാം. മകന് മത്തായി പുതിയ വീടുവയ്ക്കുന്നുണ്ടെന്ന പറച്ചില് ഗള്‍ഫ് പണത്തിലൂടെ പുതിയ വീടുസംസ്കാരത്തിലേക്ക് കേരളം മാറിയത് സൂചിപ്പിക്കുന്നു. നിലം വാങ്ങിയിട്ടുണ്ടെന്നുമുള്ള സൂചന പുതിയ ഭൂമിവാങ്ങലിനെ കുറിക്കുന്നു. ഗള്‍ഫ് പണം മലയാളികള്‍ ഭൂമി വാങ്ങാനും വീടുവയ്ക്കാനും വിവാഹം നടത്താനുമാണ് കൂടുതല്‍ ചെലവഴിച്ചതെന്ന പ്രവാസപഠനങ്ങളിലെ സൂചനകള്‍ ഇവിടെ കറിയാ മാപ്പിളയുടെ പറച്ചിലില്‍ വരുന്നുണ്ട്. ഇതാണ് ആധുനികതയില്‍ സംഭവിച്ച മാറ്റം. തറവാടുകള്‍ അധ്വാനിക്കാതെയും പുതിയ കാലത്തിനനുസരിച്ച് മാറാതെയും ജീര്‍ണിച്ചപ്പോള്‍ മറ്റുള്ളവരുടെ ജീവിതം പുതിയ കാലത്തിനൊത്ത് വളരുകയും പരിണാമങ്ങളെ സ്വീകരിക്കുകയും ചെയ്തു. ആ വളര്‍ച്ചയാണ് പുതിയ സാമൂഹത്തിന് ഇണങ്ങുന്നതെന്നും സമൂഹം പഴയതിനെ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നതുകൊണ്ടാണ് സിനിമിയിലെ തറവാട് എലിപ്പത്തായമായി മാറുന്നത് കാണിക്കുന്നത്, നാട്ടുകാര്‍ അതിലേക്ക് ഇരച്ചുകയറുന്നതും ഉണ്ണിയെ കുളത്തിലേക്കു വലിച്ചെറിയുന്നതും.

ആധുനികതയെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാത്ത തറവാട്ടിലേക്ക് പുറത്തുനിന്ന് പുതിയ ആളുകളും സങ്കല്പങ്ങളും വരുന്നതാണല്ലോ എലിപ്പത്തിയത്തിന്റെ ആഖ്യാനം. ഇങ്ങനെ മാറ്റത്തിന്റെ അടയാളവുമായി പുറത്തുനിന്ന് വരുന്ന മനുഷ്യരും എലികളും മാത്രമല്ല മറ്റൊന്നുകൂടിയുണ്ടെന്നു കാണാം. അത് വിമാനത്തിന്റെ ശബ്ദമാണ്. ആദ്യം വിമാനത്തിന്റെ ശബ്ദം കേള്‍ക്കുന്ന രംഗത്ത് ശ്രീദേവിയാണ് വിമാനം കാണാനായി രാജമ്മയെയും വിളിച്ചുകൊണ്ട് പുറത്തേക്കുപോകുന്നത്. വിമാനം ശ്രീദേവി കാണുന്നുമുണ്ട്. എന്നാല്‍ രാജമ്മ വിമാനം കാണുന്നില്ലെന്നു മാത്രമല്ല കടുത്ത വേദനകാരണം തലകറങ്ങി വീഴുകയും ചെയ്യുന്നു. രാജമ്മയുട രോഗം ആദ്യം വ്യക്തമായി കാണിക്കുന്നത് ഈ രംഗത്താണ്. തുടര്‍ന്ന് അവസാനഭാഗത്ത് രാജമ്മ പുറത്തുവച്ച് പാത്രം കഴുകുമ്പോഴും വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്നുണ്ട്. അപ്പോഴും രാജമ്മ മുകളിലേക്കു നോക്കുന്നുണ്ട്. ഇവിടെ കടന്നുവരുന്ന വിമാനശബ്ദം യാദൃച്ഛികമല്ലെന്നും കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിദേശവിമാനയാത്രകളുടെ പ്രതിഫലനമാണെന്നും കാണാം. 1970 കളുടെ അവസാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനസഞ്ചാരം തുടങ്ങുന്നതെന്നുളള ചരിത്രം മത്തായിക്കുട്ടിമാരുടെ ഗള്‍ഫ് സഞ്ചാരങ്ങളുടെ ചരിത്രപാഠമാണ്. അക്കാലത്ത് വളരെ ചുരുക്കം വിമാനസര്വ്വീസുകളേ ഉണടായിരുന്നുള്ളു എന്നും ശ്രദ്ധിക്കണം. അതുകൊണ്ടാണ് ശബ്ദസാന്നിധ്യമായി വിമാനം കടന്നുവരുന്നത്. തറവാടിന്റെ മുകളിലൂടെ വിമാനം കടന്നുപോകുന്നുവെന്നതും അതിലെ സ്ത്രീകള്‍ അത് ശ്രദ്ധിക്കുവെന്നതും കേവലമായ കഥാസന്ദര്ഭമല്ല, മറിച്ച് ഗള്‍ഫ് പ്രവാസം സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും അതെല്ലാവരുടെയും ശ്രദ്ധയാകര്ഷിക്കുന്നവിധത്തില് ഇരമ്പുന്നുവെന്നുമാണ് സിനിമ സൂചിപ്പിക്കുന്നത്. അങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം കേരളീയ ആധുനികതയുടെ ഗള്‍ഫ് എന്ന രണ്ടാംഭാഗത്തിന്റെ ഭാവനാചരിത്രമായി മാറുന്നു.
ഗ്രന്ഥസൂചി
1. വൈലോപ്പിള്ളി, കാവ്യലോകസ്മരണകള്‍ (ആത്മകഥ), കറന്റ് ബുക്സ്, 2001
2. സനല്‍ മോഹന്‍ പി, കേരളത്തിന്റെ ചരിത്രരചനാശാസ്ത്രപരമായ പ്രശ്നങ്ങള്‍ എന്ന ലേഖനം (കേരളനവോത്ഥാനം പുതുവായനകള്‍ എന്ന പുസ്തകം)







No Comments yet!