Skip to main content

റിവ്യൂ, തെറി – കോക് എന്ന ഡിജിറ്റല്‍ ഫിനോമിന

കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിലും തലമുറ ബോധത്തിലും നടക്കുന്ന ഒരു വലിയ ഷിഫ്റ്റായിട്ടാണ് അശ്വന്ത് കോക് എന്ന ഐഡന്റിറ്റിയെ എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. അദ്ധ്യാപകൻ എന്ന പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് അതിനേക്കാൾ വൻ വരുമാനവും വിസിബിലിറ്റിയും നൽകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ചുവടുമാറിയ ഒരു ഐക്കോണിക് യുവത്വ പ്രതീകം കൂടിയാണ് അയാൾ. അയാൾക്ക് ശേഷം കേരളത്തിൽ വീഡിയോ റിവ്യൂവർമാരുടെ ഒരു പ്രളയം തന്നെ ഉണ്ടായി. പുതിയ തലമുറ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ പുതിയ തൊഴിലിന്റെയും വരുമാന സ്രോതസ്സിന്റെയും ഇടമായി തിരിച്ചറിയുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ജീവിതം “സെറ്റ്” ആക്കിയ നിരവധി ഉദാഹരണങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്.

Social Media Statistics - Users & Revenue (2026)

അദ്ധ്യാപകൻ എന്ന പരമ്പരാഗത തൊഴിൽഘടനയെ ഏതാണ്ട് സൈഡിലാക്കി കൊണ്ടാണ് കോക് പോലുള്ളവർ ഡിജിറ്റൽ ലോകത്തേക്ക് കടക്കുന്നത്. വെറും പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും വിസിബിലിറ്റിയും സൃഷ്ടിക്കുന്ന അവസ്ഥ. തൊഴിൽ, വരുമാനം, വിസിബിലിറ്റി, സെലിബ്രിറ്റി, സ്വയം ബ്രാൻഡിംഗ് — പുതിയ തലമുറയുടെ ഈ വലിയ ചുവടുമാറ്റത്തിന്റെ ഒരു ക്ലാസിക് ഉദാഹരണമായി അശ്വന്ത് കോക് മാറുകയാണ്.

ഇവിടെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഒരു കാലത്ത് സിനിമാ നിരൂപണം എന്നത് പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലും ടിവി ചാനലുകളിലുമുള്ള “അധികാര” സ്ഥാനങ്ങളിലിരുന്ന കുറച്ച് ആളുകളുടെ മേഖലയായിരുന്നു. ഇന്ന് ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാം. ആ അർത്ഥത്തിൽ വീഡിയോ റിവ്യൂ സംസ്കാരം ഒരു തരത്തിലുള്ള “ഡിജിറ്റൽ ജനാധിപത്യവൽക്കരണം” കൂടിയാണ്. അതോടൊപ്പം തന്നെ അത് ഒരു പുതിയ “അറ്റൻഷൻ ഇക്കണോമി”യും “അൽഗോരിത്മിക് വിസിബിലിറ്റി”യും നിർമ്മിക്കുന്ന ഇടമാണ്. ശ്രദ്ധ പിടിച്ചുപറ്റൽ തന്നെ ഇവിടെ മൂലധനമായി മാറുന്നു.

ഇനി അശ്വന്ത് കൊക്കിന്റെ തെറി. തൊണ്ണൂറുകളിലെയും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലെയും മലയാള സിനിമകളിലെ തെറികൾ ഒന്ന് പരിശോധിച്ചാൽ — “പുലയാടി മോൻ”, “തന്തയ്ക്ക് പിറക്കാത്തവൻ”, “കൂത്തിച്ചി മോൻ”, “ചെരക്കുക” എന്നിങ്ങനെ ജാതി, ലിംഗം, വർഗ്ഗം എന്നിവ നിറഞ്ഞ അനവധി അധിക്ഷേപങ്ങൾ. ആ ഡയലോഗുകൾക്ക് തിയേറ്ററുകളിൽ കയ്യടിച്ചിരുന്ന ഒരു സമൂഹം കൂടിയായിരുന്നു കേരളം. പിന്നീട് ആ സിനിമകൾ “കൾട്ട്” സിനിമകളായും ആഘോഷിക്കപ്പെട്ടു. അശ്വന്ത് കോക്ക് അത്തരം സിനിമകൾക്കു കയ്യടിച്ചു എന്നു അയാൾ തന്നെ പല ഇടത്തും പറയുന്നുമുണ്ട്.

പക്ഷേ ഇന്ന് കോക് അതേ സിനിമാ സംസ്കാരത്തിൽ നിന്നുള്ള ഏകദേശം അതേ ഭാഷ ഉപയോഗിച്ചാണ് പ്രതികരിക്കുന്നത്. അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം എന്തെന്നാൽ, ഒരുകാലത്ത് സുരേഷ് ഗോപി സിനിമകൾക്ക് കയ്യടിച്ചിരുന്ന കോക് തന്നെ ഇന്ന് സുരേഷ് ഗോപിയുടെ മകന്റെ “അധികാര” സ്ഥാനത്തെ തെറി വിളിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നതാണ്. സിനിമയിലൂടെ തന്തക്ക് വിളിച്ച താരത്തിൻ്റെ മകനെ തന്തക്ക് വിളിക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് സിനിമ എന്ന വലിയ വിഷ്വൽ അരീനയിൽ നിന്ന് മൊബൈൽ ഫോൺ റെക്കോർഡിങ്ങിലേക്കുള്ള മീഡിയ ഷിഫ്റ്റ് ഉണ്ടാക്കിയ സാംസ്കാരിക പരിവർത്തനം ശ്രദ്ധേയമാകുന്നത്. വിശ്വൽ സ്പെക്ട്രം സിനിമയിൽ നിന്നും ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു.

മാധവ് സുരേഷിനെതിരെ കോക് നടത്തിയ വിമർശനങ്ങളിൽ ധ്യാൻ ശ്രീനിവാസനെ ‘ പരാമർശിച്ച ഭാഗം ശ്രദ്ധേയമായി തോന്നി. കാരണം സിനിമ എന്ന മാധ്യമത്തിന്റെ ടെക്നോളജിക്കൽ ഷിഫ്റ്റ് സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന കാര്യം ഏറ്റവും വേഗത്തിൽ മനസ്സിലാക്കിയ മലയാള നടന്മാരിൽ ഒരാൾ ധ്യാൻ ശ്രീനിവാസനാണെന്ന് തോന്നുന്നു.

ധ്യാനിനെക്കുറിച്ച് അശ്വന്ത് കോക്ക്| Dhyan| Aswanth| Madhav|Entertaiment  News | Samakalika Malayalam

ഒരു കാലത്ത് സിനിമ “ഹൈ പ്രൊഫൈൽ” മാധ്യമമായിരുന്നു. ക്യാമറ, ഫിലിം, സ്റ്റുഡിയോ, താരങ്ങൾ — എല്ലാം ഒരു ദൂരവും മിസ്റ്റിക്കും സൃഷ്ടിച്ചിരുന്നു. ഇന്ന് എ.ഐയും ഡിജിറ്റൽ ഫോണും ഉപയോഗിച്ച് പോലും സിനിമ നിർമ്മിക്കാം എന്ന അവസ്ഥയിലേക്ക് ലോകം മാറിയതോടെ “താരം” എന്ന സങ്കൽപം തന്നെ ഡിസിന്റഗ്രേറ്റ് ചെയ്യാൻ തുടങ്ങി. മുമ്പ് താരങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിയാൽ അവരുടെ താരപദവി നഷ്ടപ്പെടും എന്നായിരുന്നു ധാരണ. എന്നാൽ ഡിജിറ്റൽ മീഡിയ അഭിമുഖങ്ങൾ, റീലുകൾ, ഷോർട്ട് വീഡിയോകൾ, പോഡ്കാസ്റ്റുകൾ, ട്രോൾ സംസ്കാരം എന്നിവ താരങ്ങളെ ജനങ്ങളിലേക്കിറക്കി. അവർ സിംഹാസനങ്ങളിൽ നിന്ന് താഴെയിറങ്ങി.

പുതിയ തലമുറയിലെ നിരവധി നടന്മാരിലും നടിമാരിലും ഈ മാറ്റം വ്യക്തമാണ്. “സൂപ്പർ സ്റ്റാർ” എന്ന സങ്കൽപം തന്നെ പതുക്കെ ഡിസിന്റഗ്രേറ്റ് ചെയ്യാൻ തുടങ്ങി. അവിടെയാണ് മാധവ് സുരേഷ് ഇടയ്ക്കിടെ പഴയ മാതൃകയിലുള്ള “സൂപ്പർ സ്റ്റാർ” ഇമേജ് നിർമ്മിക്കാൻ ശ്രമിച്ചത്. പക്ഷേ ഡിജിറ്റൽ മീഡിയയുടെ കാലത്ത് അത്തരം ഇമേജുകൾ വളരെ വേഗം “എക്സ്പോസ്” ചെയ്യപ്പെടുകയും പൊളിഞ്ഞുപോകുകയും ചെയ്യുന്നു. കാരണം ഡിജിറ്റൽ മീഡിയ ഒരു സ്ഥിരമായ “ഇമേജ് കൺട്രോൾ” അനുവദിക്കുന്നില്ല.

അതേസമയം “താരം” എന്നത് ഇനി ഒരു അപ്രാപ്യ അധികാര കേന്ദ്രമല്ലെന്നും, കൂടുതൽ ജനാധിപത്യപരമായ കമ്മ്യൂണിക്കേഷൻ ആവശ്യമാണ് എന്നും മനസ്സിലാക്കിയ ധ്യാൻ ശ്രീനിവാസൻ സിനിമയ്ക്ക് പുറത്തായി ഡിജിറ്റൽ ലോകത്ത് പുതിയ തലമുറയുടെ ഒരു പ്രത്യേക ഐഡന്റിറ്റി നിർമ്മിച്ചു. അത് ഒരു തരത്തിലുള്ള “കോൺവേഴ്സേഷണൽ സ്റ്റാർഡം” ആണ്. ആരോടും സംസാരിക്കുന്ന, തമാശ പറയുന്ന, ട്രോളുകൾ സ്വീകരിക്കുന്ന, നെഗറ്റീവ് റിവ്യൂവുകൾ പോലും വലിയ ഈഗോ പ്രശ്നമാക്കാത്ത ഒരു കമ്മ്യൂണിക്കേഷൻ മോഡൽ.

കോക് ഇത്രയും തെറി പറയുമ്പോഴും ധ്യാനിനെ താരതമ്യേന അംഗീകരിക്കുന്നതിന്റെ ഒരു കാരണം ധ്യാൻ ഈ പുതിയ മീഡിയ പരിസരത്തെയും അതിന്റെ കമ്മ്യൂണിക്കേഷൻ പാറ്റേണിനെയും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് എന്ന് തോന്നുന്നു. ഒരുപക്ഷേ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പഴയ തലമുറ താരങ്ങളും ഇന്ന് തങ്ങളുടെ കമ്മ്യൂണിക്കേഷൻ പാറ്റേണുകളിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ ഡിജിറ്റൽ ഷിഫ്റ്റ് മനസ്സിലാക്കിയാണ്.

അതുകൊണ്ട് അശ്വന്ത് കോക് എന്ന ഐഡന്റിറ്റിയും അയാളുടെ റിവ്യൂ സംസ്കാരവും തെറിവിളിയും എല്ലാം കേരളത്തിലെ വലിയൊരു കൾച്ചറൽ ഷിഫ്റ്റായിട്ടാണ് വായിക്കേണ്ടത്. അത് രൂപപ്പെടുത്തിയിരിക്കുന്നത് മാറുന്ന ഡിജിറ്റൽ ടെക്നോളജിയും പുതിയ മീഡിയ ഇക്കോസിസ്റ്റവും ആണ്. അത് മാറ്റുന്നത് കേരളീയത നിർമ്മിച്ച താരസങ്കൽപ്പങ്ങളെയും മൊറാലിറ്റി സങ്കൽപ്പങ്ങളെയും മീഡിയ അധികാര ഘടനകളെയും ആണ്.

കോകിന്റെ റിവ്യൂ നല്ലതാണോ ചീത്തയാണോ എന്നത് എന്റെ വിഷയമല്ല. അത് പോലെ അയാളുടെ തെറിയും.പക്ഷേ എത്ര ബലം പിടിച്ചാലും, “ഇതൊന്നും സീരിയസ് അല്ല” എന്ന് പറഞ്ഞ് തള്ളിയാലും, അശ്വന്ത് കോക് പോലുള്ള ഫിനോമിനകളെ മനസ്സിലാക്കാതെയും പഠിക്കാതെയും കേരള സമൂഹത്തിന് ഇനി മുന്നോട്ട് പോകാൻ പറ്റില്ല. കാരണം അവ വെറും യൂറ്റ്യൂബ് റിവ്യൂകൾ മാത്രമല്ല; മാറുന്ന കേരളത്തിന്റെ മീഡിയ സൈക്കോളജിയുടെയും ഡിജിറ്റൽ തലമുറാ ബോധത്തിന്റെയും ലക്ഷണങ്ങളാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.