ഭൂതക്കണ്ണാടി എന്ന സിനിമയിലെ മമ്മൂട്ടിയുടെ വിദ്യാധരൻ എന്ന അച്ഛൻ കഥാപാത്രം തോക്കുമായി നടക്കുന്ന ആ മനുഷ്യനെ കാണുമ്പോൾ സ്വന്തം മകൾക്ക് രാക്ഷസന്മാരെ കുറിച്ച് കഥ പറഞ്ഞുകൊടുക്കുന്ന ഒരു ഇമേജറിയുണ്ട്. പക്ഷികളെ വെടിവെച്ചിടുന്നവൻ ‘രാക്ഷസനാണ് ‘ എന്ന ഒരു റോങ് ഇമേജറിയാണ് അയാൾ ആ കുട്ടിയിൽ സൃഷ്ടിക്കുന്നത്. “അയാളെന്തിനാ പക്ഷികളെ വെടിവെച്ചിടുന്നത്?” എന്ന് കുട്ടി ചോദിക്കുമ്പോൾ “തിന്നാൻ” എന്ന് അച്ഛൻ മറുപടി പറയുന്നു. പക്ഷികളെ തിന്നുന്നവർ രാക്ഷസന്മാരാണെന്ന ഒരു വിവരം അയാൾ ആ കുട്ടിയിലേക്ക് പകർന്നു കൊടുക്കുന്നു. രാക്ഷസന്മാർ ആണല്ലോ പൊതു സമൂഹത്തിൻ്റെ ഒരു പ്രശ്നം.
ഈ രംഗം വളരെ ചെറിയൊരു സംഭാഷണമായി കടന്നുപോകുന്നുണ്ടെങ്കിലും സിനിമയുടെ ആശയലോകം രൂപപ്പെടുന്നത് ഇവിടെയാണ്. ആ കുട്ടി പിന്നീട് തോക്കുമായി നടക്കുന്ന ആ മനുഷ്യനെ കാണുമ്പോൾ ഒരു വേട്ടക്കാരനെയല്ല കാണുന്നത്. അവൾ കാണുന്നത് അച്ഛൻ പറഞ്ഞുകൊടുത്ത രാക്ഷസനെയാണ്. ഇവിടെ കഥ പറയുന്നത് ഒരു അച്ഛനാണെങ്കിലും അതിലൂടെ സംസാരിക്കുന്നത് ഒരു സമൂഹമാണ്. സമൂഹം ചില മനുഷ്യരെ എങ്ങനെയാണ് അപകടത്തിന്റെ പ്രതീകങ്ങളാക്കി മാറ്റുന്നത് എന്നതിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് ഈ സംഭാഷണം. ആ കുട്ടി പിന്നീട് അയാൾ രാക്ഷസനാണോ എന്ന സംശയം നിരന്തരം ആവർത്തിക്കുന്നുമുണ്ട്.
ഒരു സിനിമ/കഥാപാത്രം നിർമ്മിക്കുന്ന അപരത്വമാണ് അത്. തികച്ചും കേരളത്തിലെ പൊതു എന്ന് പറയുന്ന ഗ്രാമ-കുടുംബ-സാമൂഹിക ഘടനയ്ക്ക് പുറത്ത് നിൽക്കുന്ന, പക്ഷികളെ വേട്ടയാടുന്ന ഒരു മനുഷ്യനെ പെട്ടെന്ന് രാക്ഷസനായി സ്ഥാപിക്കുകയും, ആ സ്ഥാപനം നടത്തുന്ന കഥാപാത്രത്തിനൊപ്പം സിനിമയും സഞ്ചരിക്കുകയും ചെയ്യുന്നു. സത്യത്തിൽ ആ ‘വേട്ടക്കാരൻ’ ആ പെൺകുട്ടിയെ കൊന്നു എന്നതിന് സിനിമയിൽ ഒരു തെളിവുമില്ല. അത് പറയുന്നത് വിദ്യാധരൻ എന്ന കഥാപാത്രം മാത്രമാണ്. അയാളിൽ ഉണ്ടാകുന്ന ഹാലൂസിനേഷൻ, സംശയം, ഭയം എന്നിവയുടെ ഭാഗമായിട്ടായിരിക്കാം ആ പക്ഷിവേട്ടക്കാരനെ കുട്ടിയെ കൊന്ന മനുഷ്യൻ എന്ന സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുന്നത്.

ഇവിടെയാണ് സിനിമയുടെ നറേറ്റീവ് പൊളിറ്റിക്സ് ചർച്ച ചെയ്യേണ്ടി വരുന്നത്. ഒരു കഥാപാത്രം എന്തെങ്കിലും വിശ്വസിക്കുന്നത് ഒരു കാര്യമാണ്. സിനിമ അതിനെ എങ്ങനെ ചിത്രീകരിക്കുന്നു എന്നത് മറ്റൊരു കാര്യമാണ്. സിനിമയിൽ നമ്മൾ കാണുന്നത് ഒരു subjective narration ആണ്. അതായത്, സംഭവങ്ങളുടെ നിഷ്പക്ഷ രേഖപ്പെടുത്തലല്ല; ഒരു മനുഷ്യന്റെ മനസ്സിലൂടെ കടന്നുപോകുന്ന ലോകമാണ്. അങ്ങനെ വരുമ്പോൾ വിദ്യാധരൻ്റെ ഭയം സിനിമയുടെ സത്യമായി മാറുന്നുണ്ടോ എന്ന ചോദ്യം ചോദിക്കേണ്ടി വരും. കാരണം ഒരു മനുഷ്യന്റെ മാനസിക വിഭ്രാന്തി പോലും ശൂന്യതയിൽ നിന്ന് ഉണ്ടാകുന്നതല്ല. അയാൾ ജീവിക്കുന്ന സമൂഹം, കേട്ട കഥകൾ, കണ്ട രൂപങ്ങൾ, പഠിച്ച ഭയങ്ങൾ—ഇവയെല്ലാം ചേർന്നാണ് ആ വിഭ്രാന്തിയുടെ ഭാഷ രൂപപ്പെടുന്നത്. അയാളുടെ ഭൂതക്കണ്ണാടിയിലൂടെയുള്ള നോട്ടം പോലും ഒരു ചുറ്റുപാടിനുള്ളിൽ നിന്നുള്ള നോട്ടമാണ്. അതുകൊണ്ടാണ് എനിക്ക് തോന്നുന്നത്, ഭ്രാന്ത് പോലും ചിലപ്പോൾ സാമൂഹികമായി നിർമ്മിക്കപ്പെട്ട ഒന്നാണ് എന്ന്. വിദ്യാധരന്റെ ഹാലൂസിനേഷൻ വ്യക്തിയുടെ ജൈവിക അവസ്ഥ മാത്രമല്ല; സമൂഹത്തിന്റെ മുൻവിധികൾ മനസ്സിനുള്ളിൽ കയറിയിരിക്കുന്ന ഒരു ഇടം കൂടിയാണ്.
ശരിക്കും വേട്ടക്കാരൻ എന്ന സംഗതിയെ രാക്ഷസത്വം എന്ന സങ്കൽപ്പത്തിലേക്ക് ഒരു ഫിലിം മേക്കർ കഥാപാത്രത്തിലൂടെ പറയിപ്പിക്കുന്നതിന്റെ സാംഗത്യം എന്താണ്? മനുഷ്യർ പരിഷ്കൃത സമൂഹത്തിൽ ഇറച്ചിക്കടയിൽ പോകുന്നു. ചിക്കൻ വാങ്ങുന്നു. മട്ടൻ വാങ്ങുന്നു. ബീഫ് വാങ്ങുന്നു. മീൻ വാങ്ങുന്നു. മാംസം ഭക്ഷിക്കുന്നു. അവിടെ വേട്ട/രാക്ഷസത്വം എന്നൊരു ആശയം ഒരിക്കലും അവതരിപ്പിക്കപ്പെടുന്നില്ല. കൊല്ലൽ എന്ന പ്രവൃത്തി അവിടെ ദൃശ്യമല്ല. അതൊരു പാക്കറ്റ് മാത്രമാണ്. ഒരു വില മാത്രമാണ്. ഒരു വാങ്ങൽ മാത്രമാണ്. എന്നാൽ അതേ ഭക്ഷണത്തിനുവേണ്ടി പക്ഷികളെ വേട്ടയാടുന്ന ഒരാളെ സമൂഹം പെട്ടെന്ന് രാക്ഷസനാക്കുന്നു. ആ മനുഷ്യന്റെ തൊഴിലും ജീവിതരീതിയും ശരീരഭാഷയും ചേർത്ത് ഒരു കുറ്റസ്വരൂപം നിർമ്മിക്കുന്നു.
ഒരു തോക്ക്, ഒരു കൊമ്പൻ മീശ, അലക്ഷ്യമായ വേഷം, കള്ളുകുടി, പരുക്കൻ ശരീരം, പൂവാലത്തരം—ഇതെല്ലാം ഒരുമിച്ച് ചേർന്നപ്പോൾ വിദ്യാധരന്റെ മനസ്സിൽ “ഇയാൾ അപകടകാരിയാണ്” എന്ന അർത്ഥം സ്വയം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് സിനിമയുടെ ഒരു വിഷ്വൽ കോഡിങ്. ഒരു കഥാപാത്രം കുറ്റം ചെയ്യുന്നതിന് മുമ്പേ അവന്റെ ശരീരം കുറ്റത്തിന്റെ അടയാളമായി വായിക്കപ്പെടുന്നു. സിനിമയിലെ പല വില്ലന്മാരും ആദ്യം ശരീരത്തിലൂടെയാണ് വില്ലന്മാരാകുന്നത്; പ്രവൃത്തിയിലൂടെയല്ല.
സിനിമയുടെ തുടക്കത്തിൽ തന്നെ ആ കൊമ്പൻ മീശക്കാരൻ വിദ്യാധരനോട് ചോദിക്കുന്നത് “കോഴിയാണ്… അമ്പത് രൂപയാണ്… നിനക്ക് വേണോ?” എന്നല്ലേ? അതുതന്നെയാണ് പരിഷ്കൃത സമൂഹത്തിലെ കോഴിക്കച്ചവടക്കാരനും ചെയ്യുന്നത്. ഒരാൾ കോഴിയെ അറുത്ത് കടയിൽ വിൽക്കുന്നു. മറ്റൊരാൾ പക്ഷിയെ വേട്ടയാടി ഭക്ഷണമായി ഉപയോഗിക്കുന്നു. എന്നാൽ ഒരാളെ സമൂഹം സാധാരണക്കാരനായി സ്വീകരിക്കുമ്പോൾ മറ്റെയാളെ രാക്ഷസനായി നിർമ്മിക്കുന്നു. ഈ വ്യത്യാസം ജീവശാസ്ത്രത്തിന്റെതല്ല. സംസ്കാരത്തിന്റെതാണ്. പ്രതിനിധാനത്തിന്റെതാണ്. സമൂഹം ആരെ മനുഷ്യനാക്കുന്നു, ആരെ അപരനാക്കുന്നു എന്ന തിരഞ്ഞെടുപ്പിന്റെതാണ്.
സിനിമയിലെ വേട്ടക്കാരൻ ഒരിക്കലും സ്വന്തം ജീവിതം പറയുന്നില്ല. അയാൾക്ക് ഒരു വിശദീകരണമില്ല. ഒരു ചരിത്രമില്ല. ഒരു സാമൂഹിക പശ്ചാത്തലമില്ല. അയാളെക്കുറിച്ച് നമുക്ക് അറിയുന്നത് മറ്റുള്ളവർ പറയുന്നതിലൂടെയാണ്. പ്രത്യേകിച്ച് വിദ്യാധരന്റെ ഭൂതക്കണ്ണാടിയിലൂടെയാണ്. അതുകൊണ്ട് അയാൾ ഒരു മനുഷ്യനായി വളരുന്നില്ല; ഒരു പ്രതീകമായി ചുരുങ്ങുന്നു. ഒരു സൈൻ. ഒരു ഭയം. ഒരു ഇരുണ്ട രൂപം. അതാണ് അപരവൽക്കരണത്തിന്റെ ഏറ്റവും സൂക്ഷ്മമായ രീതി. ഒരു മനുഷ്യനെ മനസ്സിലാക്കുന്നതിന് മുമ്പ് അയാളെ വായിച്ചുതീർക്കുക. അയാൾ സംസാരിക്കുന്നതിന് മുമ്പ് അയാളെ നിർവചിക്കുക. അയാൾ ജീവിക്കുന്നതിന് മുമ്പ് അയാളെ കുറ്റത്തിന്റെ ഭാഷയിൽ സ്ഥാപിക്കുക.
ഏറ്റവും വലിയ ഒരു രസം ഈ സിനിമയുടെ രണ്ടാം ഭാഗം ഈ വേട്ടക്കാരനെ റിലേറ്റ് ചെയ്യുന്നത് ജയിലിലെ ആ കൊമ്പൻ മീശക്കാരനായ പോലീസുകാരനോടാണ്. ആ മൊണ്ടാഷ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം സിനിമ ഇവിടെ ഒരു വ്യക്തിയെ മാത്രമല്ല കാണിക്കുന്നത്; ഒരു രൂപത്തെ നിർമ്മിക്കുകയാണ്. വേട്ടക്കാരനും പോലീസുകാരനും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ സിനിമ അവരെ തമ്മിൽ ബന്ധിപ്പിക്കുന്നു. എന്തുകൊണ്ട്? കാരണം സിനിമയ്ക്ക് യാഥാർത്ഥ്യബന്ധത്തേക്കാൾ പ്രധാനമായത് ഇമേജ് ബന്ധമാണ്.
ആ പോലീസുകാരനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമകളിലെ വില്ലൻ സംഘങ്ങളുടെ ശരീരഭാഷയാണ്. കൊമ്പൻ മീശ. പരുക്കൻ ശരീരം. കർക്കശമായ ശബ്ദം. അധികാരത്തിന്റെ ഭാവം. വേട്ടക്കാരനെയും അതേ ശരീരഭാഷയിലാണ് സിനിമ പ്രത്യക്ഷപ്പെടുത്തുന്നത്. ഇവിടെ സിനിമ ഒരു വിഷ്വൽ അസോസിയേഷൻ സൃഷ്ടിക്കുകയാണ്. ഒരു മനുഷ്യൻ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ ശരീരം കുറ്റത്തിന്റെ അടയാളമായി വായിക്കപ്പെടുന്നു. ക്യാമറ ചിലപ്പോൾ കഥ പറയുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയം സംസാരിക്കുന്നത് ശരീരങ്ങളെ ഫ്രെയിം ചെയ്യുന്ന രീതിയിലൂടെയാണ്.
ഇനി സിനിമയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേക്ക് വരാം. സിനിമയിൽ മരിച്ച പെൺകുട്ടിയെ പലരും പീഡിപ്പിച്ചിരിക്കാമെന്ന സൂചന ഉയരുന്നുണ്ട്. ഒരാൾ വിദ്യധരനോട് അത് പറയുന്നുണ്ട്. ആ സൂചന വളരെ നിർണായകമാണ്. കാരണം അതോടെ കുറ്റകൃത്യത്തിന്റെ ചിത്രം കൂടുതൽ സങ്കീർണ്ണമാകുന്നു. അപ്പോൾ സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യം ഇതാണ്: ആ “പലരും” ആരാണ്?
അവർ എല്ലാവരും ഈ വേട്ടക്കാരന്റെ രൂപത്തിലുള്ള ആളുകളായിരുന്നോ? അവർക്കെല്ലാം കൊമ്പൻ മീശ ഉണ്ടായിരുന്നോ? അവർ എല്ലാവരും തോക്കുമായി നടന്നിരുന്നോ? അവർ എല്ലാവരും കള്ളുകുടിയന്മാരായിരുന്നോ? അല്ലെങ്കിൽ ഈ നന്മ നിറഞ്ഞ ഗ്രാമത്തിലെ സാധാരണ മനുഷ്യരായിരുന്നോ? ഈ ചോദ്യം സിനിമ വ്യക്തമായി അന്വേഷിക്കുന്നില്ല. പക്ഷേ പ്രേക്ഷകന്റെ മനസ്സിൽ ഇതിനകം ഒരു കുറ്റരൂപം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുറ്റത്തിന്റെ മുഴുവൻ ഭാരം ആ ഒരൊറ്റ മനുഷ്യനിലേക്ക് വഴുതിവീഴുന്നു.
അത് കൊണ്ട് ഭൂതക്കണ്ണാടി മമ്മൂട്ടി എന്ന നടൻ ഗംഭീരമായി അഭിനയിച്ച സിനിമയാണ്. പക്ഷേ ഭൂതക്കണ്ണാടി മലയാളത്തിലെ എണ്ണം പറഞ്ഞ ഗംഭീര സിനിമ ആണെന്ന തള്ളിൽ തള്ളി വീഴാനൊന്നും എനിക്ക് പറ്റില്ല.







No Comments yet!