Skip to main content

ഗൾഫ് പണവും പാട്ടുപുര പുനരുദ്ധാരണവും

ഭാഗം 1

കൊളോണിയലിസത്തിൽനിന്ന് ഗള്‍ഫ് തരംഗത്തിലേക്ക്

1944ലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു ദിവസം കുന്നത്തൂര്‍ താലൂക്കിലെ നാലഞ്ചു പൗരമുഖ്യന്മാര്‍ എന്നെക്കാണാന്‍ വന്നു. തിരഞ്ഞെടുപ്പു കാലത്ത്  അവരുമായി ഞാന്‍ പരിചയപ്പെട്ടിരുന്നതാണ്. ഞാന്‍ കശുവണ്ടി യൂണിയന്റെ നേതാവാണെന്നറിഞ്ഞു കൊണ്ട് ഒരു മുതലാളിയുമായുള്ള യുദ്ധത്തിന് എന്നെ ക്ഷണിക്കാന്‍ വന്നതാണ്. അവരുടെ നാട്ടിലെ കശുവണ്ടി ഫാക്ടറി അവിടെനിന്ന് പൊളിച്ചു മാറ്റണം. അതിനുള്ള പ്രക്ഷോഭത്തിന് ഞാന്‍ നേതൃത്വം കൊടുക്കണം… കഥ അന്വേഷിച്ചപ്പോഴാണ് കള്ളി പുറത്താകുന്നത്. തലമുറതലമുറകളായി ഭൂവുടമകളുടെ അടിയാരെന്ന നിലയില്‍ ജീവിച്ചിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ആ ബന്ധങ്ങളെല്ലാം ലംഘിച്ച് ഭൂവുടമകളുടെ അനുമതിക്കുപോലും കാത്തുനില്ക്കാതെ കശുവണ്ടി മുതലാളിയുടെ പ്രലോഭനങ്ങള്‍ക്കു വശംവദരായി ഫാക്ടറികളില്‍ ജോലിക്കു പോകുന്നു. അതവസാനിപ്പിക്കാനുള്ള ഒറ്റ മാര്‍ഗം ഫാക്ടറി അവിടെനിന്ന് പൊളിച്ചുമാറ്റിക്കുക എന്നുള്ളതാണ്. അടിമത്തം അവസാനിപ്പിച്ചിരുന്നുവെങ്കിലും നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകത്തൊ ഴിലാളികള്‍ ഏതെങ്കിലും ഭൂവുടമയുടെ അടിയാരായിട്ടാണ് കഴിഞ്ഞു കൂടിയിരുന്നത്… വര്‍ഷങ്ങളായി നിലനില്ക്കുന്ന ഈ വ്യവസ്ഥയെ തകിടംമറിച്ചുകൊണ്ടു ഫാക്ടറികളില്‍ പോകുന്നതു തടയണം. അതാണവരുടെ ആവശ്യം…..ഇക്കാര്യത്തിനു ഞങ്ങളെ കിട്ടുകയില്ലെന്നു മാത്രമല്ല, വേണ്ടിവന്നാല്‍ ഞങ്ങളും മുതലാളിയുടെ പക്ഷത്തായിരിക്കുമെന്നും പറഞ്ഞപ്പോള്‍ അവര്‍ നിരാശരായി മടങ്ങി. ഇത് കുന്നത്തൂരിന്റെ മാത്രം കഥയല്ല, വ്യവസായം എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ നാട്ടിന്‍പുറത്തിന്റെയും കഥയാണ്.

എം.എന്‍.ഗോവിന്ദന്‍ നായരുടെ ആത്മകഥയിലെ ഈഭാഗം കേരളത്തിന്റെ ആദുനികതാപരിർത്തനങ്ങളിലെ ശ്രദ്ധേയമായൊരു ഏടാണ്. ജന്മിമാരുടെ കീഴിൽ അടിമകളെപ്പോലെ പാടത്തും പറമ്പിലും രണ്ടിടങ്ങഴിനെല്ല് എന്ന കൂലിക്കുവേണ്ടി അധ്വാനിച്ചിരുന്ന കർഷകരെന്ന വിഭാഗം ബ്രിട്ടീഷുകാരുടെ ഫാക്ടറികളിൽ പണമായി കിട്ടുന്ന കൂലിക്കുവേണ്ടി പോകുന്ന ചരിത്രമാണ് കേരളത്തിലെ ആധുനികതയെ സൃഷ്ടിച്ചത്. അതിലൂടെ ഫ്യൂഡലിസത്തിന്റെ ബാർട്ടർവ്യവസ്ഥ തകരുകയും കൂലിയും ശമ്പളവും പ്രധാനമാകുന്ന ആധുനിക തൊഴിൽവ്യവസ്ഥ രൂപപ്പെടുകയും ചെയ്തു. കൂലി പണമായി മാറുന്ന നാണയസമ്പദ്‌വ്യവസ്ഥയിലാണ് ശമ്പളം എന്നുള്ള ആശയം ജനിക്കുന്നതും ശമ്പളം കിട്ടാനായി ആധുനികജോലികൾ വേണമെന്നുള്ള അറിവ് കേരളത്തിൽ വേരോടുന്നതും.  കുലത്തൊഴിനുപരിയായി ആധുനിക ജോലികൾ കിട്ടണമെങ്കിൽ ആധുനികമായിട്ടുള്ള സ്കൂൾ വിദ്യാഭ്യാസവും മറ്റും വേണമെന്നുള്ള ബോധം  വ്യാപകമാകുന്നു.  കൊളോണിയൽ വ്യവസ്ഥയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഓഫീസുകളും ഫാക്ടറികളും ജാതിവ്യവസ്ഥയ്ക്കും കുലത്തൊഴിൽ ഉപരിയായി പുതിയ തൊഴിൽവ്യവസ്ഥയെ നിർമ്മിക്കുന്നു. 1850കളിൽ തുടങ്ങിയ ഫാക്ടറികളും ഓഫീസ് സംവിധാനങ്ങളും 1860 കളിൽ മാധവറാവു തിരുവിതാംകൂർ പുറപ്പെടുവിച്ച സർക്കാർ ജോലികൾക്ക് കൂടുതൽ വിദ്യാഭ്യാസം നിർബന്ധമാണെന്നുള്ള ഉത്തരവുമാണ് കേരളത്തിന്റെ ആധുനികതയെ പണ- ശമ്പളകേന്ദ്രീകൃതമായിട്ടുമുള്ള വ്യവസ്ഥയാക്കി മാറ്റിത്തീർത്തത്.

പരിമിതമായ ഫാക്ടറികളാലും മറ്റും നിലനിന്ന കേരളത്തിലെ വ്യവസായരംഗവും തൊഴിൽസംസ്കാരവും വലിയ വളർച്ചയെ സാധ്യമാക്കുന്ന സാമ്പത്തിക വ്യവസ്ഥയായിരുന്നില്ല. അതിനാൽ സാമ്പത്തികമായി  വളരെ പിന്നാക്കംനിന്ന സംസ്ഥാനമായിരുന്നു 1960 കൾവരെ കേരളം. ഇക്കാലത്ത് തൊഴിലന്വേഷിച്ച് മലയാളികൾ കേരളത്തിനു പുറത്തേക്കു പോവുകയും ബോബൈ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ വലിയ സാന്നിധ്യമായി മാറുകയുംചെയ്തു. ഇക്കാലത്താണ് ഗൾഫിൽ വലിയ സാമ്പത്തികമാറ്റങ്ങളുണ്ടാകുന്നതും മലയാളികളിൽ ഒരുപറ്റം അങ്ങോട്ടുപോകുന്നതും വലിയ തൊഴിൽസാധ്യത തുറക്കപ്പെടുന്നതും. ഗൾഫ് തഒരു സാധ്യതയായതോടെ മലയാളികൾ കൂട്ടത്തോടെ ഗൾഫിലേക്കു പോകുന്ന പ്രവണത വരികയും മെച്ചപ്പെട്ട നിലയിലുള്ള വരുമാനം കേരളത്തിലേക്ക് എത്തുകയും ചെയ്തു. ഈ പ്രക്രിയ ഗൾഫ് പണക്കാരെന്ന വിഭാഗത്തെ സൃഷ്ടിക്കുകയും പുത്തൻപണക്കാരെന്ന പേരിൽ വലിയ രീതിയിലുള്ള സാമൂഹികമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. ഗൾഫ്തരംഗമെന്ന പേരിലറിയപ്പെടുന്ന മാറ്റത്തിലാണ് കേരളത്തിൽ അവശേഷിച്ച ജാതി- ഫ്യൂഡലിസത്തിന്റെ വേരുകൾ മായ്ക്കപ്പെടുന്നതെന്നു പറയാം. 1980 കൾക്കു ശേഷം ശക്തമായ ഈ പ്രക്രിയകളിലെ പ്രധാനപ്പെട്ട ഒന്നായ റിയൽ എസ്റ്റേറ്റ് -വസ്തുക്കച്ചവടമാണ് ജാതിയുെയും തറവാടിത്തത്തിന്റെയും പേരിൽ നിലനിന്ന് സ്ഥല-ദേശസങ്കല്പഘങ്ങളെ പാടെ നീക്കംചെയ്യുന്നത്. 1990 കളിൽ ആഗോളവല്കരണം വരുന്നതോടെ ഈ പ്രക്രിയകൾ കുഗ്രാമങ്ങളിലേക്കുവരെ വേരാഴ്ത്തുന്നു. പവിത്രമാണ് മണ്ണെന്ന കരുതിയടത്തുനിന്നും വില്ക്കാനും വാങ്ങാനുമുള്ള വസ്തുവെന്നതിലേക്ക് മാറിയപ്പോഴാണ് തറവാടിത്തങ്ങളുടെ മുകളിൽ ഫ്ലാറ്റുകളുയരുന്നത്. ഈ പരിവ‍ര്‍ത്തനത്തെ വരച്ചിടുന്ന നിരവധി ചിത്രങ്ങൾ 1990 കളിൽ മലയാളത്തിലുണ്ടാകുന്നുണ്ടെന്നു പറയാം. അതിൽ ശ്രദ്ധേയമായ ചിത്രമാണ് മാടമ്പിസംസ്കാരത്തെ വാഴ്ത്തുന്നതെന്നു നിരൂപക‍ര്‍ പറയുന്ന ദേവാസുരമെന്ന ചിത്രം.

 വസ്തുക്കച്ചവടവും മാറുന്ന കേരളീയതയും

കൊളോണിയൽ കാലഘട്ടത്തിലെ ചരിത്രബന്ധങ്ങളിൽ നിന്നാണ് ദേവാസുരം സിനിമ ആരംഭിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ജില്ലാ ജഡ്ജിയായിരുന്ന മംഗലശ്ശേരി മാധവമേനോൻ എന്ന വ്യക്തിയുടെ മകനായ നീലകണ്ഠൻ എന്ന വ്യക്തിയുടെ കഥയായിട്ടാണ് സിനിമ വർത്തമാനകാലം ആഖ്യാനം ചെയ്യുന്നത്. ഏഴിലക്കര എന്ന പ്രദേശത്തിന്റെ പ്രദേശത്ത് നിലനിൽക്കുന്ന മംഗലശേരിയെന്ന നായർതറവാട് പുതിയകാലത്ത് സംഭവിക്കുന്ന പരിണാമങ്ങളിൽപെട്ട് പ്രതിസന്ധിയിലാകുന്നതാണ് ദേവാസുരത്തിലെ പ്രമേയം.  ഏഴിലക്കര ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പാട്ടുപുര നവീകരിക്കണമെന്നുള്ള അമ്പലക്കമ്മിറ്റിയുടെ ആവശ്യത്തിൽ അനുകൂലമായി പ്രതികരിച്ചുകൊണ്ട് തന്റെ സ്വത്തുവിറ്റ് നീലകണ്ഠൻ, അച്ഛന്റെ ഓർമ്മയ്ക്കായി പാട്ടുപുര നവീകരിക്കുന്നു.  ഒരു പ്രമുഖ വ്യക്തിയുടെ കലാപരിപാടി നിർത്തിക്കൊണ്ട് പാട്ടുപുര ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ആയിടയ്ക്ക് ഗ്രാമത്തിലേക്ക് വന്ന ഭാനുമതി എന്ന നർത്തകയെക്കുറിച്ചുള്ള വിവരങ്ങൾ നീലകണ്ഠനും കൂട്ടരും അറിയുന്നത്.  ഭാനുമതിയുടെ നൃത്തം ഉദ്ഘാടനപരിപാടിയാക്കാൻ അവർ തീരുമാനിക്കുകയും ഭാനുമതിയിൽ നിന്ന് അനുമതി നേടുകയും ചെയ്തു.  എന്നാൽ ഉദ്ഘാടന ദിവസം,  തന്റെ വീടിന്റെ ഉമ്മറത്തിണ്ണയിലാണ് ഭാനുമതിയുടെ നൃത്തം നീലകണ്ഠൻ നടത്തിയത്.   ഇതിൽ പ്രതിഷേധിച്ച് ഭാനുമതി തന്റെ ചിലങ്ക നീലകണ്ഠന്റെ മുമ്പിൽ ഉപേക്ഷിക്കുകയും താനിനി നൃത്തം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.  ഇതിനിടയിൽ തന്റെ അമ്മാവനെ കൊന്ന പ്രതികാരത്തിനായി നീലകണ്ഠനെ ശേഖരനും കൂട്ടരും ആക്രമിക്കുന്നു.  ഗുരുതരമായി പരിക്കേറ്റ ശേഖരൻ ജീവച്ഛവമായി ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തുന്നു. തന്റെ പ്രതിജ്ഞ കാരണമാണ് നീലകണ്ഠന് ഈ ഗതി വന്നതെന്ന് ഭാനുമതിക്ക് തോന്നുകയും ശേഖരന്റെ ചികിത്സാർഥം സഹായിയായി ഭാനുമതി മംഗലശ്ശേരിയിൽ എത്തുകയും ചെയ്യുന്നു. ഒടുവിൽ നീലകണ്ഠൻ, തന്റെ മാടമ്പിത്തരത്തിൽനിന്നെല്ലാം മാറാൻ ശ്രമിച്ച് ശേഖരന്റെ കൈവെട്ടി തനിക്ക് ഇനി സമാധാനത്തോടെ ജീവിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.  മാടമ്പയിൽനിന്ന് മനുഷ്യനാവണമെന്ന ബോധത്തിലേക്ക് പരിണമിക്കുന്ന ജാതിബോധത്തിന്റെ ശേഷിപ്പായി കഥമാറുന്നു.

മംഗലശേരി നീലകണ്ഠന്റെ പട്ടാളം | Devasuram Movie Scenes | Mohanlal | Innocent | Malayalam Movie Scenes

മൂന്നുതലത്തിലുള്ള സാമൂഹികസംഘ‍ര്‍ഷമാണ് സിനിമയുടെ കഥാതന്തുവിനെ രൂപപ്പെടുത്തുന്നത്. മംഗലശേരി- മുണ്ടക്കൽ തറവാടുകൾ നടത്തുന്ന തറവാടിത്തങ്ങളുടെ സംഘ‍ര്‍ഷമാണ് ഒന്നാമതെങ്കിൽ വിദ്യാഭ്യാസം നേടിവരുന്ന പുതിയ തലമുറയിലെ ഭാനുമതിമാ‍ര്‍ തങ്ങളുടെ തൊഴിൽ-സ്വത്വം നേടിയെടുക്കാൻ നടത്തുന്ന പോരാട്ടമാണ് രണ്ടാംതലം. സാമൂഹികപിന്നാക്കാവസ്ഥയിൽനിന്ന് ഗൾഫിൽപോയി പണമുണ്ടാക്കി തിരികെവന്ന് നാട്ടിലെ വസ്തുക്കൾ വാങ്ങിക്കൂട്ടി പുതിയ സംരംഭങ്ങൾ തുടങ്ങുന്ന വിരാൻകുട്ടിമാ‍ര്‍ നടത്തുന്ന പാരമ്പര്യനിഷേധമാണ് മൂന്നാമത്തെ തലം. വീരാൻകുട്ടിമാരുടെ വസ്തുക്കച്ചവടത്തിൽ മംഗലശേരികൾക്കു നിലനില്പില്ല എന്ന് അടയാളപ്പെടുത്തുകയാണ് സിനിമയെന്നു കാണാം.

Devasuram Malayalam Full Movie | Mohanlal | Revathi | Napoleon |

ആഴത്തിലുള്ള സാമൂഹികമാറ്റങ്ങൾ 1990കളിൽ കേരളത്തിൽ സംഭവിക്കുന്നുണ്ട്.  ആഗോളവൽക്കരണത്തിന്റെ ആരംഭത്തിലൂടെ ലൈസൻസ് രാജിൽനിന്ന് ഇന്ത്യ മാറുകയും ആഗോളവല്കരണം- ഉപഭോഗവല്കരണത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതാണ് അതിലൊന്ന്. എല്ലാത്തിന്റെയും വിപണിവല്കരണം ഒരു സാധ്യതയായി ഉയരുന്നു.  കൊളോണിയൽ ആധുനികതയ്ക്ക് ശേഷം കേരളത്തെ ആകമാനം മാറ്റിത്തീർക്കുന്ന പ്രക്രിയയായ ഗൾഫ് പ്രവാസത്തിലൂടെ സാധ്യമായ വലിയതോതിലുള്ള പണത്തിന്റെ വരവാണ് മറ്റൊന്ന്.  ഇതുരണ്ടും ഗ്രാമീണതയെ  കേന്ദ്രീകരിച്ച കേരളീയതയെ നഗരവൽക്കരണത്തിലേക്കു  കൊണ്ടുപോകുന്നു.   1970കളിൽ പ്രവാസം ശക്തമായിരുന്നെങ്കിലും അന്നും കേരളത്തിൽ ഗ്രാമീണതയുടെ സാമൂഹ്യബന്ധങ്ങൾ ശക്തമായിരുന്നു. തൊഴിലിലും മറ്റു സാമൂഹ്യ ഇടപെടലുകളിലും എല്ലാം ജാതിയുടെ സ്വാധീനം പ്രകടരൂപത്തിൽ കാണാമായിരുന്നു. ഇത് പ്രധാനമായിട്ടും ഗ്രാമമെന്നുള്ള സങ്കൽപ്പത്തിന്റെയും നെൽകൃഷി എന്ന വികാരത്തിന്റെയും തലത്തിലാണ് നിലനിന്നിരുന്നത്. 1980കൾക്ക് ശേഷം ഗൾഫ് പണം വ‍ര്‍ധിക്കുന്നതോടുകൂടി വലിയതോതിൽ ഭൂമി വില്ക്കപ്പെടുകയും വീട് വയ്ക്കുകയും ചെയ്യുന്ന പ്രവണത ശക്തമാകുമ്പോൾ ഫ്യൂഡലിസത്തിന്റെ ഗ്രാമസങ്കല്പം പാടെ ചോദ്യം ചെയ്യപ്പെടുന്നു.  അതിൽ പ്രധാനം നെൽകൃഷി നടത്തിയിരുന്ന പാടങ്ങൾ പല ആവശ്യങ്ങൾക്കായി നികത്തപ്പെടുന്നു എന്നുള്ളതാണ്.  ഈ മാറ്റം കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ ആകമാനം മാറ്റിത്തീർക്കുന്നു. നികത്തിയ പാടങ്ങളിലെല്ലാം റോഡുകൾ വരുന്നതോടുകൂടി കേരളത്തിന്റെ ഭൂപ്രകൃതി ആകമാനം മാറി എന്നുള്ള വിലാപങ്ങൾ ഉയരുകയും നഗരവൽക്കരണത്തിലേക്ക് കേരളം പ്രവേശിച്ചു എന്നുള്ള വാദങ്ങൾ ശക്തമാക്കുകയും ചെയ്യുന്നു. തൊണ്ണൂറുകളുടെ തുടക്കംമുതൽ കേരളസമൂഹത്തിൽ ശക്തമാകുന്ന ഈ സംഘർഷങ്ങളുടെ അബോധമാണ്  ദേവാസുരത്തിന്റെ സന്ദർഭമെന്നു പറയുന്നത്. വീരാൻകുട്ടിയുടെ കൈയിൽനിന്ന്  മറ്റുള്ളവർ ഭൂമിവാങ്ങിക്കൂട്ടി സ്ഥാപനങ്ങളോ വീടുകളോ കെട്ടും. അതോടെ മംഗലശേരിയുടെ വടക്കേപ്പാടം, തെക്കേപ്പാടം എന്നൊക്കെ അറിയപ്പെട്ട് ആ സ്ഥലങ്ങളെല്ലാം പുതിയപേരിൽ അറിയപ്പെടും. വ്യവസായസ്ഥാപനങ്ങളോ ടൌൺഷിപ്പുകളോ വില്ലകളോ ഒക്കെയായി മാറി തറവാടിന്റെ വസ്തു പൂർണമായും അത്തരം ജാതിയുടെ ഓർമ്മകളെ മായിച്ചുകളയും.

പാരമ്പര്യങ്ങളുടെ പുനരുദ്ധാരണവും ഗൾഫുകാരും

ഈ സാമൂഹ്യപരിണാമത്തിന്റെ സംഘർഷമാണ്  സിനിമയുടെ കാതലെന്നതിനാലാണ്  അമ്പലത്തിലെ പാട്ടുപുരയുടെ പുനരുദ്ധാരണപ്രക്രിയ പ്രധാനപ്പെട്ട വിഷയമായി വരുന്നത്. അക്കാലത്ത്  കേരളത്തിലുടന്നീളം  പാരമ്പര്യകലകളുടെയുെ മറ്റും പുനരുദ്ധാരണചിന്ത വളരെ ശക്തമായി നടക്കുകയായിരുന്നു.   ആധുനികതയിലാണ് കേരളത്തിലെ ക്ഷേത്രങ്ങളും അനുബന്ധ മേഖലകളും    പ്രതിസന്ധിയിലേക്ക് പോകുന്നതെന്ന് പറയാം. ആധുനിക ശാസ്ത്രാശയങ്ങളുടെയും മെഡിക്കൽ സയൻസിന്റെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും   വ്യാപനത്തിൽ  വിശ്വാസത്തിനും  പാരമ്പര്യവൈദ്യത്തിനുമൊക്കെ  പ്രസക്തി കുറയുകയും തെയ്യം, പടയണി പോലുള്ള രോഗവുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന കലാരൂപങ്ങൾ എല്ലാം വലിയൊരു പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്തു.

കേരളത്തിന്റെ നവോത്ഥാനത്തിൽ ഒരു പാരമ്പര്യകലയുടെ പുനരുദ്ധരണം നടന്നത് ശ്രദ്ധയമാണ്.  കഥകളിയെ വള്ളത്തോൾ കലാമണ്ഡലത്തിലൂടെ വിദേശപണത്തിന്റെ സഹായത്തോടുകൂടിയാണ് പുതിയരൂപത്തിലേക്കു മാറ്റിയതും കലാമണ്ഡലം നി‍ര്‍മിച്ചതും. പുതിയകാലത്തിന്റെ ചിട്ടകളിലേക്കും ക്രമത്തിലേക്കും മാറാതെ കലകൾക്കും നിലനില്പില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.   സാമൂഹ്യബന്ധങ്ങളുടെ പരിവർത്തനത്തിന്റെ അടയാളമാണ് ഇത് സൂചിപ്പിക്കുന്നത്.  1970 കളോടെ  ഒട്ടനവധി പാരമ്പര്യകലകളുടെ പുനരുദ്ധാരണം വേണമെന്നുള്ള ചിന്ത പലരൂപത്തിൽ ശക്തമാകുന്നതുകാണാം.  വടക്ക് തെയ്യത്തിനു നടന്നിട്ടുള്ള പുനരുദ്ധാരണ ചർച്ചകൾ ഉദാഹരണമാണ്.  എന്നാൽ ഇവിടെയുള്ളവരുടെ സാമ്പത്തികശേഷികൊണ്ട് ഇവ നടത്തിയെടുക്കുക സാധ്യമായിരുന്നില്ല.  എഴുപതുകളുടെ പുതിയ പണക്കാരായി മാറിയ ഗൾഫുകാരുടെ സഹായസഹകരണത്തോടു കൂടി തെയ്യത്തിന്റെയും മറ്റും പുതിയ അവതരണങ്ങൾ നടത്തുന്നതും കാവുകൾ നവികരിക്കുന്നതെന്നും കാണാം. സഞ്ജീവൻ അഴീക്കോട് ഈ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു : “ഫോക്‌ലോർ ഗവേഷകരും പാശ്ചാത്യ ടൂറിസ്റ്റുകളും ധാരാളമായി തെയ്യാട്ട പ്രദേശത്തെത്തി. ഗൾഫ് പണം കേരളത്തിൽ ഒഴുകി തുടങ്ങിയത് തെയ്യക്കാവുകളുടെ ഉദ്ധാരണത്തിന് ഒരു പരിധിവരെ സഹായകമായിട്ടുണ്ട്….. 1996 വേങ്ങക്കോട് ഭഗവതിക്ഷേത്രത്തിലും 1997-ൽ കാപ്പാട് കഴകത്തിലും 1999-ൽ വീണ്ടും രാമവില്യം കഴകത്തിലും പെരുങ്കളിയാട്ടങ്ങൾ നടന്നു. വേങ്ങക്കോട് പെരുങ്കളിയാട്ടത്തിന് 11 ലക്ഷം രൂപ ചെലവായി. രാമവില്യം പെരുങ്കളിയാട്ടത്തിന് ചെലവായത് 26.82 ലക്ഷം രൂപയാണ്. കഴകക്കാരുടെ ഉത്സവവരിയായി 11.5 ലക്ഷം കിട്ടിയത്രെ. 4796 പുരുഷന്മാരും 4886 സ്ത്രീകളും രാമവില്യം കഴകത്തിന്റെ പരിധിയിലുണ്ട്. ഇവരിൽ നിന്നാണ് 11.5 ലക്ഷം കിട്ടിയത്. കഴകഗ്രാമങ്ങളിലെ ഗൾഫുകാരുടെ സംഭാവനയും വിഭവസമാഹരണത്തിൽ സഹായകമായി. …1999-തൊട്ടിങ്ങോട്ടുള്ള വർഷങ്ങളിൽ വിവിധ സമുദായക്കാരുടെ കാവുകളിൽ പെരുങ്കളിയാട്ടവും കളിയാട്ടവും പുനരുദ്ധരിക്കപ്പെട്ടു. ഇതൊക്കെ തെയ്യത്തിന്റെ പ്രസക്തി വർദ്ധി പ്പിക്കാൻ കാരണമായി” (തെയ്യലെ ജാതിവഴക്കം, 302). തെയ്യംപോലുള്ള കലകളുടെ നടത്തിപ്പ് വലിയ ചെലവുള്ളതായി മാറുകയും അതിന് വലിയതുകകൾ വേണ്ടിവരുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ തുകകളിൽ വലിയപങ്കും ഗൾഫ് പണത്തിലൂടെയാവും സമാഹരിക്കപ്പെടുകയെന്നു കാണാം. ഇതുമായി ചേ‍ര്‍ത്തുവായിക്കേണ്ട കാര്യമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ ഗൾഫുകാരുള്ള പ്രദേശത്തെക്കുറിച്ചുളള കണക്കുകളും. മലപ്പുറമാണ് ഒന്നാമതെങ്കിൽ കണ്ണൂരാണ് രണ്ടാമതെന്ന കണക്കും തെയ്യത്തിന്റെ പുനരുദ്ധാരണവും പരസ്പരം ബന്ധപ്പെട്ടതാണ്. 1990 കളിൽ ഒരുലക്ഷം കണ്ണൂരുകാരാണ് ഗൾഫിലുണ്ടായിരുന്നതെങ്കിൽ 2000 ൽ എത്തുമ്പോൾ അത് 2ലക്ഷമായി കുതിക്കുന്നു.

ഇന്ന് നീലകണ്ഠന്റെ നാട്ടുകാരനാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ആട്ടും... | Devasuram Movie Scenes | Mohanlal, #Speedonlinecinemas #Malayalammovies #kerala #malayalam #malayalamcinema #mollywood #mallu ...

സിനിമയുടെ തുടക്കത്തിൽ നീലകണ്ഠനെ പാട്ടുപുരയിലേക്ക് വിളിച്ചുകൊണ്ടുവരുന്ന അമ്പലക്കമ്മിറ്റിക്കാർ പാട്ടുപുര തങ്ങളെക്കൊണ്ട് നടത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്നും അതുകൊണ്ട്  എന്തെങ്കിലും ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്.  അച്ഛന്റെ ഓർമ്മ നിലനിർത്താൻ ചെയ്യാമെന്നും നീലകണ്ഠൻ സമ്മതിക്കുകയും അതിനായി വരുന്ന ചെലവിനായി തന്റെ ഒരു വസ്തുവിക്കാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്യുന്നു.  വൈകാതെ പാട്ടുപുരയുടെ പുനരുദ്ധാരണം നടത്തുകയും ചെയ്യുന്നു.  സിനിമയുടെ തുടക്കത്തിലെ മാത്രമല്ല തുടർന്ന് നടക്കുന്ന സംഭവങ്ങൾക്കെല്ലാം കാരണമാകുന്നത് ഈ പുനരുദ്ധാരണ പ്രവർത്തനമാണെന്ന് കാണാം.     പാട്ടുപുര പുനരുദ്ധരിക്കുന്ന നീലകണ്ഠൻ അതിനുള്ള പണം കണ്ടെത്തുന്നത് തന്റെ വസ്തു വിറ്റിട്ടാണ്. ഇവിടെയാണ് ഗൾപണത്തിന്റെ സ്വാധീനം പാട്ടുപുരയുടെ നിർമ്മാണത്തിലേക്ക് വരുന്നത്.  നീലകണ്ഠൻ രണ്ടാമതും വസ്തു വിൽക്കുന്ന പ്രശ്നം സിനിമയിൽ പ്രകടമായിട്ടു വരുന്നുണ്ട്. അഞ്ചുലക്ഷംരൂപ പെട്ടന്ന് ആവശ്യംവരുമ്പോൾ എടുക്കാനാരുമില്ലാത്തതിനാൽ ഗൾഫുകാരനായ വീരാൻകുട്ടിക്ക് വസ്തുവിറ്റാണ് പണം കണ്ടെത്തുന്നത്. ഗൾഫുകാരുടെ കൈയിലാണ് പണമായിട്ടുണ്ടാവുക എന്നുള്ള ചിന്ത സിനിമയിലും അക്കാലത്തെ സമൂഹത്തിലും ശക്തമായിരുന്നു.  പരമ്പരാഗതപണക്കാരുടെ കൈവശം പണമായിട്ടല്ല മറിച്ച് ഭൂമിയായിട്ടും വസ്തുക്കളായിട്ടുമാകും ഉണ്ടാവുക.   ചുരുക്കത്തിൽ, വളരെവേഗം വസ്തു വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു പ്രക്രിയ കേരളത്തിൽ ശക്തമായ 90 കളിൽ തറവാടിന്റെ വസ്തുവിറ്റ് ജീവിക്കുന്ന ഒരാളുടെ സിനിമയായി വരുന്നത് യാദൃച്ഛകമല്ലെന്നും മറിച്ച് അക്കാലത്തിന്റെ ചരിത്രബോധമാണെന്നും വ്യക്തമാകുന്നു.

(തുടരും…)


Yacob Thomas

Assistamt Professor, KKTM Govt. Collge, Kodungallur, Writes for periodicals. Interested in film studies and cultural studies.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.