Skip to main content

ആരു വന്നാലും വാതില്‍ തുറക്കരുത്

സ്ത്രീയനുഭവങ്ങളെ അതിശയോക്തിയില്ലാതെ എഴുതുന്നത് ഗ്രേസിയുടെ രചനാശൈലിയുടെ സവിശേഷതയാണ്. അവരുടെ കഥകളില്‍ പ്രത്യക്ഷമായ രാഷ്ട്രീയപ്രഖ്യാപനങ്ങളില്ല. മലയാളത്തിലെ ചില ഫെമിനിസ്റ്റ് എഴുത്തുകാരികളെ പോലെ പുരുഷാധിപത്യത്തെ ആശയതലത്തില്‍ ആക്രമിക്കുന്ന രീതിയും ഗ്രേസിയില്‍ കാണാന്‍ കഴിയില്ല. പെണ്ണെഴുത്ത് എന്ന സൈദ്ധാന്തികഗണത്തോട് അവര്‍ അകലം പാലിച്ചിരുന്നു. എന്നാല്‍, സ്ത്രീജീവിതത്തിലെ മൗനങ്ങളും മാനസികവിച്ഛേദങ്ങളും ഭയങ്ങളും കലാപരമായി ആവിഷ്‌കരിക്കുന്നതിന് ഗ്രേസി ശ്രമിക്കുന്നു. ‘പാവക്കുട്ടി’ എന്ന കഥയുടെ എഴുത്തിലും ഗ്രേസി ആശയപ്രഖ്യാപനവുമായി പ്രത്യക്ഷപ്പെടുന്നില്ല. ദൈനംദിനജീവിതത്തിന്റെ സാധാരണതയില്‍ പോലും ഒളിഞ്ഞിരിക്കുന്ന ഭീതികളെ രേഖപ്പെടുത്തുന്ന കഥാകാരിയെയാണ് ഈ ആഖ്യാനത്തില്‍ നാം കാണുക. ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ ശരീരവും കൗമാരകാലജീവിതവും അഭിമുഖീകരിക്കുന്ന സാമൂഹികമായ അരക്ഷിതത്വത്തെ ഒരു സാധാരണകുടുംബത്തിന്റെ സംഭാഷണങ്ങളിലൂടെയും ചെറിയ ചലനങ്ങളിലൂടെയും ഒരൊറ്റ അനുഭവത്തിലൂടെയും എഴുതുന്നു, ‘പാവക്കുട്ടി’യില്‍. പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികപീഡനഭീഷണികള്‍, കുടുംബങ്ങളിലെ ആശങ്കകള്‍, സ്ത്രീശരീരത്തിന്റെ സാമൂഹികവല്‍ക്കരണം, ബാല്യത്തിന്റെ നഷ്ടം എന്നിവയെല്ലാം കഥയുടെ അടിത്തട്ടില്‍ അവക്ഷിപ്തീകരിക്കുന്നു.

കേരളം മൊത്തം എഴുത്തുകാരുടെ സമൂഹമായി -ഗ്രേസി | Writer Gracy talks | Madhyamam

ഗ്രേസി വാചാലയാകുന്നില്ല. കഥയിലെ നിശബ്ദതകള്‍ ഏറെ പ്രധാനമായിരിക്കുന്നു. വാക്കുകളുടെ മുഴക്കങ്ങളേക്കാളും നിശബ്ദതകള്‍ വായനക്കാരെ ചലിപ്പിക്കുന്നു. ഗ്രേസിയുടെ കഥപറച്ചില്‍ പ്രഭാഷണപരമാകുന്നില്ല. സൂചനകളുടെയും ഇടവേളകളുടെയും ഭാഷയില്‍ കഥ പണിയുന്നു. ഭാഷയില്‍ അസാധാരണമായ മൃദുത്വമുണ്ട്. സംഭാഷണങ്ങള്‍ സ്വാഭാവികമാണ്; ദൈനംദിനജീവിതത്തില്‍ നിന്നു പകര്‍ത്തിയതുപോലെ തോന്നുന്നു. എന്നാല്‍ ഈ ലാളിത്യത്തിന്റെ അടിയിലൂടെ വളരെ വലിയ സാമൂഹികഭീതികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ”ആരു വന്നാലും വാതില്‍ തുറക്കരുത്” എന്ന അമ്മയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കഥയുടെ തുടക്കത്തില്‍ മാതൃവാത്സല്യമായി തോന്നിയേക്കാമെങ്കിലും കഥാന്ത്യത്തിലേക്കു നീങ്ങുമ്പോള്‍ ആ വാക്യം സമൂഹത്തിന്റെ ഭീതിചരിത്രത്തെ കുറിക്കുന്നതായി മാറുന്നു. മാതൃത്വം സ്വാഭാവികമെന്നോണം ഭയത്തിന്റെ ഭാഷയിലേക്ക് വഴുതിപ്പോകുന്ന കാലമാണിത്. ”ആരു വന്നാലും വാതില്‍ തുറക്കരുത്”എന്ന ഉപദേശം ബന്ധങ്ങളെയും സൗഹൃദങ്ങളെയും ഉപേക്ഷിക്കാനും കരുണയും സ്നേഹവും പ്രകടിപ്പിക്കാതിരിക്കാനും മകള്‍ക്കു നല്‍കുന്ന സദ്ഭാവങ്ങളില്ലാത്ത ഉപദേശമായി വായിക്കാനുള്ള സാദ്ധ്യതകളുണ്ട്. അമ്മ എത്രമേല്‍ ആശങ്കയില്‍ നിന്നാകണം ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കുന്നത്! അമ്മയുടെ ആശങ്ക സമൂഹത്തിലെ ക്രൂരാനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട സ്മൃതിയാണ്. മകളുടെ വളര്‍ച്ചയെ സന്തോഷത്തോടെ കാണാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സമകാലസമൂഹം ഇങ്ങനെയൊരു ഗതികേടിലാണ്.

വീട്ടിന്റെ അകത്തളത്തില്‍ പൂട്ടിയിടപ്പെടുന്ന കുമാരിയുടെ ശരീരം ഇവിടം ഒരു അപകടയിടമാണെന്ന സുചന നല്‍കുന്നു. കഥയിലെ പെണ്‍കുട്ടി ജൈവപരമായി കൗമാരത്തിലേക്കു കടന്നിട്ടുണ്ടെങ്കിലും മാനസികമായി ഇപ്പോഴും ബാല്യത്തിന്റെ നിഷ്‌കളങ്കതയിലാണ് ജീവിക്കുന്നത്. അവള്‍ പാവക്കുട്ടികളോട് സംസാരിക്കുന്നു. അവരോടൊപ്പം സന്തോഷവും സങ്കടവും പങ്കിടുന്നു. കഥാകാരി കഥാശീര്‍ഷകത്തില്‍ പറയുന്ന പാവക്കുട്ടി ഈ പാവക്കുട്ടികളോ അതോ ഈ കുമാരി തന്നെയോ എന്ന സന്ദേഹത്തിലേക്കാണ് വായനക്കാര്‍ ഇനി നയിക്കപ്പെടുന്നത്. പെണ്‍കുട്ടി അച്ഛന്റെ മടിയില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അമ്മയുടെ കാഴ്ചയില്‍ അവള്‍ ‘വലിയ പെണ്‍കുട്ടി’ ആയിക്കഴിഞ്ഞു. സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ കാഴ്ചയില്‍ ലൈംഗികഭീഷണിയുടെ സാദ്ധ്യതയായി വായിക്കപ്പെടുന്നു. ”ഇത് എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നതാ… മോള് വലിയ പെണ്ണായീന്നാ” എന്ന അമ്മയുടെ വാക്കുകള്‍ വെറും ശാരീരികമാറ്റത്തിന്റെ സൂചനയല്ല. പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ സമൂഹം ഏര്‍പ്പെടുത്തുന്ന അദൃശ്യനിയന്ത്രണങ്ങളുടെ തുടക്കമാണ്.

കഥയിലെ അച്ഛന്‍ മകളുടെ ബാല്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ മകള്‍ക്ക് പാവക്കുട്ടികളെ വാങ്ങിക്കൊടുക്കുന്നത് വെറും സ്നേഹപ്രകടനം മാത്രമല്ല. അയാള്‍ തന്റെ നഷ്ടപ്പെട്ട കുട്ടിക്കാലത്തെയും മകളുടെ നൈര്‍മ്മല്യത്തെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ ഭയം യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നാണ് ഉരുത്തിരിയുന്നത്. ‘കാലം വളരെ മോശമാണ്’എന്ന അമ്മയുടെ വാക്കുകളിലൂടെ കഥയുടെ സാമൂഹികധ്വനികള്‍ ഉയരുന്നത് വായനക്കാര്‍ കേള്‍ക്കുന്നു. സ്ത്രീശരീരം ഭീഷണികള്‍ക്കു വിധേയമാകുന്ന ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. അമ്മയുടെ നിയന്ത്രണങ്ങള്‍ സ്നേഹത്തിന്റെ അപരിചിതമായ രൂപം സ്വീകരിക്കുന്നു. മകളെ വീടിനുള്ളില്‍ ബന്ധനസ്ഥയാക്കുന്നത് സ്നേഹം കൊണ്ടാണ്. മാതൃത്വം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി നില്‍ക്കുന്ന ഉല്‍ക്കണ്ഠാഭരിതമായ അവസ്ഥയാണിത്. അപകടം സംഭവിക്കുന്നതിനു മുമ്പേ തന്നെ അമ്മ അതിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആ തിരിച്ചറിവു പോലും കുട്ടിയെ രക്ഷിക്കാന്‍ മതിയാകുന്നില്ല. വീട്, വിദ്യാലയം, അയല്‍വീട്, ബന്ധുത്വം, ആരാധനാലയങ്ങള്‍ തുടങ്ങി സുരക്ഷയുടെ പ്രതീകങ്ങളായി കരുതപ്പെട്ടിരുന്ന ഇടങ്ങള്‍ കൂടിയും ബാലികമാര്‍ക്ക് അപകടമേഖലകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്തെ സാമൂഹികമായ അസ്വാസ്ഥ്യത്തിന്റെ നിശബ്ദവും സാന്ദ്രവുമായ രൂപമായി കഥ മാറുന്നു.

കഥാന്ത്യം ഭീകരമായ നിശ്ശബ്ദതയിലാണ് രൂപംകൊള്ളുന്നത്. ”ജീവനുള്ള ഒരു പാവക്കുട്ടിയെ തരാം” എന്ന യുവാവിന്റെ വാക്കുകള്‍ കഥയിലെ മുഴുവന്‍ പ്രതീകസംവിധാനത്തെയും ഒരുമിച്ചു പൊളിച്ചെഴുതുന്നതാണ്. ബാല്യത്തിന്റെ, നൈര്‍മ്മല്യത്തിന്റെ, സുരക്ഷിതത്വത്തിന്റെ പ്രതീകങ്ങളായ പാവക്കുട്ടികള്‍ തന്നെ വേട്ടക്കാരന്റെയും ഉപാധിയായി മാറുന്നു. ജീവനുള്ള പാവക്കുട്ടി എന്ന വാക്ക് കടന്നുവരുമ്പോള്‍ ആ നിര്‍മ്മലപ്രതീകം ഭയത്തിന്റെ പ്രതീകമായി മറിയുന്നു. ബാലികയുടെ നിഷ്‌കളങ്കമായ കൗതുകവും വിശ്വാസവുമാണ് അയാളുടെ ആയുധം. വാതില്‍ തുറക്കുന്ന അവസാനനിമിഷം കഥാകാരി പറയാത്ത ദുരന്തസാധ്യതകളെ തുറന്നിടുന്നു. ഗ്രേസി വിശദീകരിക്കാത്ത ഭീകരതയെ വായനക്കാരന്റെ സാമൂഹികസ്മൃതി പൂരിപ്പിക്കുന്നു. ഇത് കഥ നല്‍കുന്ന ആഘാതത്തെ വര്‍ദ്ധിപ്പിക്കുന്നു. കഥയില്‍ നേരിട്ട് അതിക്രമരംഗം വായിക്കപ്പെടുന്നില്ല. ആക്രമാഖ്യാനത്തിന്റെ അഭാവത്തിലും കഥ അക്രമം അനുഭവിപ്പിക്കുന്നു. ഇത് കഥയുടെ ശക്തിയായിരിക്കുന്നു. കഥ അവസാനിച്ചശേഷം അതിന്റെ യഥാര്‍ത്ഥ ഭീകരത വായനക്കാരുടെ മനസ്സില്‍ ആരംഭിക്കുന്നു. ചെറുകഥയുടെ കലാപരമായ പക്വതയെ ഗ്രേസിയുടെ കഥ എത്തിപ്പിടിച്ചിരിക്കുന്നു.

Gracyude Kathakal Book at ₹ 226/piece | Story Book in Thrissur | ID: 20014967448

കോളേജ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിക്കു നല്‍കുന്ന വാഗ്ദാനം വശീകരണതന്ത്രം മാത്രമല്ല, സ്ത്രീയെ കളിപ്പാട്ടമാക്കുന്ന പുരുഷാധികാരമനോഭാവത്തിന്റെ രൂപകമാണത്. ബാലിക സ്വതന്ത്രവ്യക്തിയല്ല; പുരുഷകാമനയുടെ ഉപയോഗവസ്തുവായി ചുരുങ്ങുന്നു. പുരുഷാധികാരം സ്ത്രീയുടെ നൈര്‍മ്മല്യത്തെ അവള്‍ക്കെതിരായ ആയുധമാക്കുന്നു. കുട്ടിയുടെ വിശ്വാസം, സ്നേഹം, കൗതുകം, എന്നിവയിലൂടെ വേട്ടക്കാരന്‍ പ്രവേശിക്കുന്നു. ലോകമെമ്പാടുമുള്ള ശിശുപീഡനങ്ങളില്‍ കാണുന്നതുപോലെ ഭൂരിഭാഗം അതിക്രമങ്ങളും അന്യരില്‍ നിന്നല്ല, പരിചിതരില്‍ നിന്നാണുണ്ടാകുന്നത്. എന്നാല്‍, കഥ പുരുഷന്മാരെ ഏകമുഖമായ ക്രൂരതയുടെ പ്രതീകങ്ങളാക്കി ചുരുക്കുന്നില്ല. അച്ഛന്‍ എന്ന കഥാപാത്രം അതിനു തെളിവാണ്. മകളുടെ ബാല്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന, അവളുടെ നിര്‍മലതയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് അയാള്‍. അമ്മയുടെ ഭയവും അച്ഛന്റെ സ്നേഹവും തമ്മിലുള്ള സംഘര്‍ഷം യഥാര്‍ത്ഥത്തില്‍ സുരക്ഷയും സ്വാതന്ത്ര്യവും തമ്മില്‍ ആധുനിക സ്ത്രീജീവിതത്തിനുള്ളിലെ സംഘര്‍ഷമാണ്.

കഥയിലെ പാവക്കുട്ടികള്‍ സവിശേഷം ഉചിതമായ പ്രതീകസംവിധാനമായി പ്രവര്‍ത്തിക്കുന്നു. കുട്ടിയുടെ ബാല്യം, അവളിലെ ഏകാന്തത, സുരക്ഷിതത്വബോധം, സ്നേഹലോകം എന്നിവയുടെ രൂപകങ്ങളാണവ. പാവക്കുട്ടികളുടെ പ്രതീകാത്മകത മറ്റൊരു ദിശയില്‍ കൂടുതല്‍ വിപുലമായി വായിക്കാം. പാവകള്‍ കളിപ്പാട്ടങ്ങള്‍ മാത്രമല്ല, അവ സംസാരിക്കാത്ത സ്ത്രീശരീരങ്ങള്‍ കൂടിയാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട, നിശ്ശബ്ദമായി ചിരിക്കുന്ന, എതിര്‍പ്പില്ലാത്ത രൂപങ്ങള്‍. പെണ്‍കുട്ടി അവരോട് സംസാരിക്കുന്നു. അവര്‍ മറുപടി പറയുന്നില്ല. കഥയുടെ ഒരു ഘട്ടത്തില്‍ അവള്‍ ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ പാവകള്‍ മന്ദഹാസത്തോടെ തെന്നിയകന്നു നില്‍ക്കുന്നു. സ്ത്രീയുടെ മൗനചരിത്രത്തിന്റെ രൂപകമായി ഇതിനെ വായിക്കാം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ശബ്ദരഹിതരായി നിലകൊള്ളേണ്ടിവരുന്ന അവസ്ഥയുടെ കലാത്മകപ്രതീകമാണത്.

ഗ്രേസി കഥയെ അത്രമേല്‍ സംയമനത്തോടെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഓരോ വായനയിലും പുതിയ അര്‍ത്ഥപാളികള്‍ തെളിയുന്നു. കഥയുടെ യഥാര്‍ത്ഥശക്തി അതിന്റെ അവ്യക്തതകളിലാണ്, പറഞ്ഞതിലുപരി പറയാത്ത കാര്യങ്ങളിലാണ്. കഥയിലെ വീടിനെ ശ്രദ്ധിക്കുക. സാധാരണയായി വീട് സുരക്ഷയുടെ ഇടമാണ്. കഥയില്‍ വീട് ഒരു കോട്ട പോലെയും തടവറ പോലെയും ഒരേസമയം പ്രവര്‍ത്തിക്കുന്നു. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി സൃഷ്ടിക്കപ്പെടുന്ന ഈ ബന്ധനം സ്ത്രീജീവിതത്തിന്റെ സാമൂഹികചരിത്രത്തെ കൂടി സൂചിപ്പിക്കുന്നു. സമൂഹം സ്ത്രീയെ സംരക്ഷിക്കുന്നതിന്റെ പേരില്‍ അവള്‍ക്കു വേണ്ട ഇടങ്ങളിലേക്കും ചലനങ്ങളിലേക്കും അനുഭവങ്ങളിലേക്കും പ്രവേശിപ്പിക്കാതിരിക്കുന്നു. ഇത് വിശ്വാസത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള കഥ കൂടിയാണ്. കുട്ടികള്‍ ലോകത്തെ വിശ്വാസത്തില്‍ കാണുന്നു. അവര്‍ക്ക് മനുഷ്യരുടെ മുഖം തന്നെയാണ് സുരക്ഷ. അതുകൊണ്ട് അയല്‍ക്കാരനായ യുവാവിന്റെ ചിരി പെണ്‍കുട്ടിക്കു സ്വാഭാവികമായി തോന്നുന്നു. മുതിര്‍ന്നവരുടെ ലോകം അത്ര നിര്‍മ്മലമല്ല. ബാല്യത്തിന്റെ വിശ്വാസലോകവും മുതിര്‍ന്നവരുടെ ലോകത്തിന്റെ കാപട്യവും തമ്മിലുള്ള സംഘര്‍ഷം കഥയുടെ ഉള്ളറയിലുണ്ട്. ഒരു കുടുംബത്തിലെ ചെറിയ സംഭവം പോലും സമൂഹഘടനയുമായി, അധികാരബന്ധങ്ങളുമായി, സംസ്‌കാരവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് ഈ കഥ കാണിച്ചുതരുന്നുണ്ട്.

ഗ്രേസിയുടെ കഥാഖ്യാനത്തില്‍ ലാളിത്യവും കലാപരതയും സംലയിച്ചു നില്‍ക്കുന്നു. ലളിതമായ ഈ ആഖ്യാനം നമ്മുടെ കാലത്തിന്റെ നൈതികപരാജയത്തെ അനാവരണം ചെയ്യുന്ന അതിഗൗരവമുള്ള കലാസാക്ഷ്യവുമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.