Skip to main content

ചെറുകഥയിലെ മനഃശാസ്ത്രപരിശോധനകള്‍

”എനിക്കു നല്ല ഓര്‍മ്മയുണ്ട്, ആ നാളുകളില്‍ അമ്മൂമ്മ അച്ഛന്റെ ശബ്ദത്തില്‍ സംസാരിച്ചിരുന്നത്. സന്ധ്യാദീപം കൊളുത്തിക്കഴിഞ്ഞാല്‍ തുടങ്ങും അമ്മൂമ്മ. അമ്മൂമ്മയുടെ ചുളിഞ്ഞ മുഖത്തെ അവിശ്വസനീയമായ ഭാവപ്പകര്‍ച്ച, ചലനങ്ങളിലെ സ്വാഭാവികത എല്ലാം അച്ഛന്റേതുപോലെ തന്നെയാണെന്ന് അമ്മ സ്വകാര്യം പറയുമായിരുന്നു. ഇടയ്ക്ക് അച്ഛന്റെ ജുബ്ബ പോലും അമ്മൂമ്മ എടുത്തിടുമായിരുന്നു. ജൂബ്ബ ഇടുന്ന ദിവസം അമ്മൂമ്മ അമ്മയെ മടിയില്‍ പിടിച്ചു കിടത്തി തലോടി, കണ്ണുനീരില്‍ കുളിപ്പിച്ചെടുക്കുമായിരുന്നു. ”നെന്നോടൊപ്പം കഴിയാന്‍ കഴിഞ്ഞില്യാലോ ദേവു” എന്ന് ഇടറിപ്പറഞ്ഞ് കരയുമായിരുന്നു. അന്നേരം അമ്മ ഭയന്നു വിറളി, എന്നാല്‍ ആ വാത്സല്യഹര്‍ഷത്തിനടിപ്പെട്ട് ഏതോ നിര്‍വൃതിയിലെന്ന വിധം കിടക്കുമായിരുന്നതും അമ്മയുടെ സമൃദ്ധമായ മുടി അഴിഞ്ഞുലഞ്ഞ് അമ്മൂമ്മയുടെ മടിയില്‍ നിറയുമായിരുന്നതും ഞാന്‍ നല്ലവണ്ണം ഓര്‍മ്മിക്കുന്നു. കുഴമ്പും ലേഹ്യവും ഒരു നേരം തെറ്റിയാല്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അമ്മൂമ്മ ചില ദിവസങ്ങളില്‍ അച്ഛന്‍ കയറിക്കഴിഞ്ഞാലുടനെ വലിയ വായിലെ ചിരിച്ചുകൊണ്ട് എന്നെയും തൂക്കിയെടുത്ത് തൊടിയില്‍ ഓടിക്കളിക്കുമായിരുന്നു. എനിക്കുവേണ്ടി ചിത്രശലഭങ്ങള്‍ക്കു പിറകെ പായുമായിരുന്നു. കിളികളുടെ ശബ്ദം അനുകരിച്ച് എന്നെ കുടുകുടെ ചിരിപ്പിക്കുമായിരുന്നു. എന്നെയും തോളിലിരുത്തി അങ്ങാടിയില്‍ പോയി നാരങ്ങാമിഠായി വാങ്ങിത്തരുമായിരുന്നു. എന്നിട്ട് അച്ഛന്‍ ഇറങ്ങിപ്പോയാലുടനെ തകര്‍ന്നടിഞ്ഞ് ഒറ്റ കിടപ്പുണ്ട്.” ടി വി കൊച്ചുബാവയുടെ ‘കലശം’ എന്ന കഥയില്‍ നിന്നാണ് ഈ ദീര്‍ഘമായ ഉദ്ധരണി. നഷ്ടദുഃഖം പേറുന്നവരുടെ മാനസികനിലകളെ സൂക്ഷ്മമായി ആവിഷ്‌ക്കരിച്ചു കൊണ്ട് ശ്രദ്ധേയമാകുന്ന കഥയാണിത്. യുദ്ധം, മരണം, നഷ്ടം, അഭാവം, ഓര്‍മ്മ, വിശ്വാസം, കുടുംബബന്ധങ്ങള്‍ എന്നിവയെ എല്ലാറ്റിനേയും മനസ്സില്‍ സംഭവിക്കുന്ന ഉഗ്രസ്ഫോടനങ്ങളെ വഹിക്കുന്ന ഭാഷയിലും ശൈലിയിലും കഥ പുനര്‍നിര്‍മ്മിക്കുന്നു. മരിച്ചുവെന്നുറപ്പിച്ചിരുന്ന അച്ഛന്‍ തിരിച്ചുവരുന്നു എന്ന വിചിത്രസംഭവം ആഖ്യാനകേന്ദ്രത്തില്‍ ഉണ്ടെങ്കിലും ഒരു കുടുംബത്തിന്റെ തകര്‍ന്ന മാനസികഘടനയാണ് കഥയുടെ തുടക്കം മുതല്‍ നമ്മുടെ ശ്രദ്ധയിലേക്കു വരിക!
മലയാളഗ്രാമീണജീവിതത്തില്‍ ആത്മാവു കയറുക, മരിച്ചവരുടെ ശബ്ദത്തില്‍ സംസാരിക്കുക തുടങ്ങിയ അനുഭവങ്ങള്‍ സാധാരണയായി അതിഭൗതികതയില്‍ നിര്‍ത്തി വ്യാഖ്യാനിക്കാറുണ്ട്. കൊച്ചുബാവ അതിനെ മനഃശാസ്ത്രപരമായി സമീപിക്കുന്നുവെന്നു പറയണം. സദാനന്ദന്റെ അമ്മയുടെയും അമ്മൂമ്മയുടെയും പെരുമാറ്റങ്ങള്‍ അന്ധവിശ്വാസത്തിന്റെ പ്രകടനമായി തീവ്രയുക്തിവാദിക്കു പോലും വായിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം! നഷ്ടദുഃഖം സൃഷ്ടിക്കുന്ന മാനസികവ്യഥകളുടെ സങ്കീര്‍ണ്ണമായ പ്രതിഫലനങ്ങളാണവ. ഈ ആഖ്യാനത്തെ കുറിച്ച് മനഃശാസ്ത്രജ്ഞന്മാര്‍ എന്തുപറയുന്നുവെന്നു കേള്‍ക്കുന്നതാകും കൂടുതല്‍ ഉചിതമായിരിക്കുക!

കഥയുടെ ആഖ്യാതാവ് മകനാണ്. അയാള്‍ സംഭവങ്ങളുടെ ആനുഭവികസത്യത്തെ അതേപടി പറയുന്നതായി കാണേണ്ടതില്ല. ആഖ്യാതാവിന്റെ ബാല്യകാലാനുഭവങ്ങളിലെ സന്ദിഗ്ദ്ധതകള്‍ അതിലുണ്ടാകാമല്ലോ? ആഖ്യാനത്തില്‍ ഈ അനിശ്ചിതത്വം എപ്പോഴും പ്രവര്‍ത്തക്ഷമമാണ്. ”ഞാന്‍ തിരിച്ചറിയാത്ത നിമിഷം മുതല്‍ യാഥാര്‍ത്ഥ്യത്തിന്റെയും ഓര്‍മ്മയുടെയും അതിര്‍ത്തികള്‍ക്കിടയിലെ
മങ്ങിയ അവസ്ഥ വായനക്കാര്‍ അനുഭവിക്കുന്നു. അയാള്‍ ഗോപാലന്‍നായരാണോ എന്ന ചോദ്യത്തിലുപരി പതിനെട്ടുവര്‍ഷം നീണ്ട ദുഃഖം അവരുടെ മനസ്സില്‍ അയാളെക്കുറിച്ച് ഉറപ്പിച്ചെടുത്ത ബോദ്ധ്യങ്ങള്‍ സന്ദിഗ്ദ്ധനിലയിലാകുന്നു. അമ്മയുടെ നിരാകരണം ക്രൂരമായി തോന്നാം. എന്നാല്‍, അത് അനുകമ്പയില്ലായ്മയല്ല. അവള്‍ ജീവിച്ചിരുന്നത് ഒരു നിര്‍ദ്ദിഷ്ടസത്യത്തെ ആശ്രയിച്ചാണ്: ഭര്‍ത്താവ് യുദ്ധത്തില്‍ മരിച്ചുപോയി എന്ന വിശ്വാസം. ആ വിശ്വാസത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ വിധവാജീവിതവും മകനെ കുറിച്ചുള്ള സ്വപ്നങ്ങളും എല്ലാം തന്നെ രൂപപ്പെട്ടത്. ഇപ്പോള്‍, അപ്രതീക്ഷിതമായി തിരിച്ചെത്തിയ മനുഷ്യന്‍ അവരുടെ ജീവിതക്രമത്തെ മുഴുവനായി തകര്‍ക്കുന്ന സാന്നിദ്ധ്യമായി മാറുന്നു. സദാനന്ദന്റെ അമ്മ പ്രകടിപ്പിക്കുന്ന ‘അയാള്‍ ഭര്‍ത്താവാണോ?’ എന്ന സംശയത്തിലുപരി അവരുടെ പതിനെട്ടുവര്‍ഷത്തെ ദുഃഖജീവിതം എന്തിനായിരുന്നുവെന്ന ആന്തരികപ്രശ്നം കഥയില്‍ പ്രധാനപ്രമേയമാകുന്നു. മരണപ്പെട്ടുവെന്നു വിശ്വസിച്ചുകഴിഞ്ഞ ഒരു കുടുംബത്തിന്റെ മനസ്സിലേക്ക് മരിച്ചവന്റെ തിരിച്ചുവരവ് എത്രത്തോളം സഹനീയമാണ്?

Buy Kochubavayude Kathakal Book Online at Low Prices in India | Kochubavayude Kathakal Reviews & Ratings - Amazon.in

സദാനന്ദന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ജീവിതം കാണുക. അമ്മൂമ്മയുടെ ശരീരത്തിലെ ‘അച്ഛന്‍ബാധ’യെ കുടുംബം ഭയത്തോടെയും വിശ്വാസത്തോടെയും ഒരേസമയം സ്വീകരിക്കുന്നു. ”അച്ഛന്‍ ഇറങ്ങി ഒരു കുടത്തില്‍ ഒളിച്ചതിന്റെ പിറ്റേന്ന് തെക്കുപുറത്തെ ചിതയിലേക്ക് അമ്മൂമ്മയും യാത്രയായി” എന്ന വാചകം ഗ്രാമീണവിശ്വാസങ്ങളുടെ ഭീതിജനകമായ സൗന്ദര്യമുള്ളതാണ്. അമ്മൂമ്മയ്ക്ക് ശരീരധര്‍മ്മം നിര്‍വ്വഹിച്ചു ജീവിക്കാന്‍ കഴിഞ്ഞിരുന്നത് സദാനന്ദന്റെ അച്ഛന്റെ, അവരുടെ മകന്റെ ബാധയിലായിരുന്നു. ബാധ അവസാനിക്കുമ്പോള്‍ അവളുടെ ജീവിതവും അവസാനിക്കുന്നു. സദാനന്ദന്റെ അമ്മയുടെ അവസ്ഥ ഇതിലും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അവള്‍ പുറമേ യുക്തിപരമായി പെരുമാറുന്നു. കമ്പിസന്ദേശം, ഔദ്യോഗിക രേഖ, യുദ്ധത്തില്‍ മരണം എന്നീ തെളിവുകളെ ആശ്രയിച്ചാണ് അവര്‍ ജീവിതം പുനര്‍നിര്‍മ്മിക്കുന്നത്. എന്നാല്‍ ആന്തരികമായ ദുഃഖത്തില്‍ നിന്ന് അവര്‍ ഒരിക്കലും മോചിതയായിരുന്നില്ല. ഓരോ ആഴ്ചയിലും കമ്പിസന്ദേശം എടുത്തുവായിക്കുന്നത് അവര്‍ക്ക് സ്വകാര്യമായ ഒരു അനുഷ്ഠാനമാണ്. ദുഃഖത്തെ ജീവനോടെ നിലനിര്‍ത്താനുള്ള മാനസികക്രമീകരണമായിരിക്കണം അത്. ആ മനുഷ്യന്‍ വരുമ്പോളും അവര്‍ വീണ്ടും ആ സന്ദേശം പരതുന്നത് ഇതുകൊണ്ടായിരിക്കാം. അവളുടെ വിശ്വാസം തകരാന്‍ തുടങ്ങുന്നു. ”എല്ലാരും കൂടി എന്നെ വിശ്വസിപ്പിച്ചിട്ട് ഇപ്പൊ?” എന്ന കരച്ചില്‍ അടക്കാനാവാത്ത സങ്കടത്തിന്റേതാണ്. കഥയുടെ അവസാനദൃശ്യം കഥയിലെ മനോഹരമായ ആഖ്യാനഭാഗമാണ്. എന്നാല്‍, ഏറെ അസ്വസ്ഥജനകവുമാണ്. നിലത്തു തൂവിയ കഞ്ഞിയില്‍ വിരലോടിച്ച് അവര്‍ ഗോപാലന്‍നായരുടെ ശബ്ദത്തില്‍ സംസാരിക്കുന്നു. കഥ ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു, ഇവിടെ. ഒരിക്കല്‍ അമ്മൂമ്മയില്‍ പ്രത്യക്ഷപ്പെട്ട ബാധ ഇപ്പോള്‍ അമ്മയിലേക്ക് പകരുന്നു. ഇത് ആത്മാവിന്റെ സഞ്ചാരമല്ല. കൈമാറപ്പെടുന്ന ദുഃഖത്തിന്റെ രൂപകമാണ്.

മകന്റെ ചരിത്രപഠനത്തെ കുറിച്ചുള്ള സൂചനകള്‍ കഥയ്ക്ക് മറ്റു ചില മാനങ്ങള്‍ നല്‍കുന്നു. വ്യക്തിചരിത്രങ്ങളുടെയും രാഷ്ട്രചരിത്രത്തിന്റെയും സംഘര്‍ഷങ്ങളിലേക്ക് എത്തിനോക്കാന്‍ ആ സുചനകള്‍ക്കു കഴിയുന്നു. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത് മൃതനാകുകയോ ദുരന്തപൂര്‍ണ്ണമായ ജീവിതത്തിലാകുകയോ ചെയ്ത അച്ഛന്റെ ഔദ്യോഗികജീവിതചരിത്രത്തിന്റെയും കുടുംബം നേരിടുന്ന ദീര്‍ഘകാലത്തെ സ്വകാര്യവേദനകളുടെ ചരിത്രത്തിന്റെയും ഇടയിലാണ് ”എനിക്ക് എന്റെ ഹിസ്റ്ററിയിലേക്ക് തിരിച്ചു പോകണമല്ലോ” എന്ന വാക്യം നാം വായിക്കുന്നത്. ഇത് സാരഗര്‍ഭമാണ്. പുസ്തകങ്ങളിലെ ചരിത്രം പഠിക്കുന്ന മകന്‍ സ്വന്തം വീടിന്റെ ചരിത്രത്തിന്റെ മുറിവുകളില്‍ ജീവിക്കുന്നു. കഥ യുദ്ധാനന്തരമാനസികവിച്ഛേദങ്ങളുടെ ആഖ്യാനവുമാണ്. സദാനന്ദന്റെ അച്ഛന്റെ മരണത്തെ രാഷ്ട്രം വീരമൃത്യുവെന്നു മഹത്വവത്കരിക്കുന്നു. അതിനു കാരണമായ യുദ്ധം ആ കുടുംബത്തിന് എന്താണ് നല്‍കിയത്? യുദ്ധത്തിന്റെ നൈതികതക്കെതിരായ ചോദ്യം കഥ പരോക്ഷമായി ഉന്നയിക്കുന്നു. ഭാവപരമായി കഥ അത്യന്തം നിയന്ത്രിതമാണ്. അമിതമായ വികാരപ്രകടനങ്ങളില്ലാതെ ചെറിയ ദൃശ്യങ്ങളിലൂടെ എഴുത്തുകാരന്‍ സങ്കടകരമായ മാനസികാവസ്ഥകള്‍ സൃഷ്ടിക്കുന്നു.
ടി വി കൊച്ചുബാവയുടെ ഈ കഥയുടെ ഏറ്റവും സങ്കീര്‍ണ്ണവും കലാപരവുമായ ഭാഗങ്ങള്‍ അമ്മൂമ്മയുടെയും പിന്നീട് അമ്മയുടെയും ശരീരങ്ങളില്‍ അച്ഛന്‍ ആവേശിക്കുന്നതിന്റെ അനുഭവചിത്രണങ്ങളാണ്. പഴയ ഗ്രാമീണസംസ്‌കാരത്തില്‍ കാണപ്പെടുന്ന ബാധ കൂടല്‍, ആവേശിക്കല്‍, ആത്മാവു കയറല്‍ തുടങ്ങിയ ജനവിശ്വാസങ്ങളുടെ അവതരണമായി തോന്നാമെങ്കിലും കഥയുടെ ആന്തരികഘടനയില്‍ ഇത് നഷ്ടദുഃഖത്തിന്റെ മനഃശാസ്ത്രപരമായ പ്രതിപ്രവര്‍ത്തനങ്ങളാണ്. മരിച്ചുവെന്ന് വിശ്വസിക്കപ്പെട്ട വ്യക്തി കുടുംബത്തിന്റെ മാനസികകേന്ദ്രമായിരുന്നു. അതിന്റെ അഭാവം ജീവിതലോകത്ത് അവശേഷിക്കുന്ന ശരീരങ്ങളെ ശൂന്യസ്ഥലങ്ങളാക്കി മാറ്റുന്നു. ഈ ശൂന്യത മരിച്ചയാളെ കൊണ്ടു നിറയുന്നതാണ് ബാധകൂടലില്‍ നാം വായിക്കുന്നത്. ഈ അനുഭവങ്ങളെ അതിഭൗതികതലത്തില്‍ മനസ്സിലാക്കുന്നത് കഥയുടെ ആഴം നഷ്ടപ്പെടുത്തും! മനഃശാസ്ത്രപരമായ ആശയങ്ങളിലൂടെ വായിക്കുമ്പോള്‍ ഈ സംഭവങ്ങള്‍ നഷ്ടം, ദുഃഖം, അഭാവം, ആഗ്രഹം, തിരിച്ചറിയല്‍, ശരീരഭാഷ എന്നിവയുടെയെല്ലാം സങ്കീര്‍ണ്ണമായ മാനസികരൂപകങ്ങളായി മാറുന്നു. അതിഭൗതികമായ വിവരണങ്ങളാണ്, ശാസ്ത്രീയമായ വ്യവഹാരങ്ങളല്ല ആഖ്യാനങ്ങള്‍ക്ക് ലാവണ്യമണയ്ക്കുന്നതെന്ന പൊതുബോധത്തിന് കൊച്ചുബാവയുടെ കഥ മാരകമായ പ്രഹരമേല്‍പ്പിക്കുന്നു !

സാധാരണ ദുഃഖവിലാപത്തിനും അന്തര്‍ലീനമായ ദുഃഖരോഗാവസ്ഥക്കും ഇടയില്‍ ഫ്രോയിഡ് വ്യത്യാസം കാണുന്നുണ്ട്. നഷ്ടപ്പെട്ട പ്രിയപ്പെട്ടവനില്‍ നിന്ന് തൃഷ്ണാബന്ധങ്ങള്‍ പതിയെ പിന്‍വലിച്ച് ജീവിതത്തിലേക്കു മടങ്ങുകയാണ് ദുഃഖവിലാപത്തില്‍ സംഭവിക്കുന്നത്. വിഷാദ(Melancholia)ത്തില്‍ പെട്ടവരുടെ മനസ്സ് നഷ്ടപ്പെട്ട വ്യക്തിയെ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല. നഷ്ടപ്പെടുന്നത് പുറത്ത് അപ്രത്യക്ഷമാകുമ്പോള്‍ മനസ്സ് അതിനെ അകത്തേക്ക് ഉള്‍ക്കൊള്ളുന്നു. നഷ്ടപ്പെട്ടവയുടെ നിഴല്‍ സ്വന്തം അഹംബോധത്തിനു മേല്‍ വീഴുന്നു. അമ്മൂമ്മയുടെ അവസ്ഥ ഈ വിഷാദയോഗത്തിന്റെ അസാധാരണമായ ശരീരാവിഷ്‌കാരമാണ്. അവര്‍ സദാനന്ദന്റെ അച്ഛന്റെ ശബ്ദത്തില്‍ സംസാരിക്കുന്നു. അയാളുടെ ജുബ്ബ ധരിക്കുന്നു. അയാളുടെ ചലനങ്ങള്‍ ആവര്‍ത്തിക്കുന്നു. മരുമകളെ മടിയില്‍ കിടത്തി നെന്നോടൊപ്പം കഴിയാന്‍ കഴിഞ്ഞില്യാലോ ദേവു – എന്നു കരയുന്നു. ഇവിടെ അമ്മൂമ്മ ഓര്‍മ്മിക്കുക മാത്രമല്ല ചെയ്യുന്നത്. അവള്‍ നഷ്ടപ്പെട്ട വ്യക്തിയായി മാറുകയാണ്. നഷ്ടപ്പെട്ടതിനെ സ്വയം അതായി തിരിച്ചറിയുകയെന്ന് ഫ്രോയ്ഡ് പറയുന്ന അവസ്ഥയാണിത്. കൊച്ചുബാവയുടെ കഥയില്‍ അത് ഭീതിജനകമായ ശരീരനാടകമായി പ്രകടമാകുന്നു. ദുഃഖം മാനസികാവസ്ഥയില്‍ നിന്ന് ശരീരാവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ ആവേശത്തിന്റെ ഏറ്റവും പ്രധാന ഘടകം ശബ്ദമാണ്.
ശബ്ദത്തിന് ലകാനിയന്‍ മനഃശാസ്ത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. ലകാനില്‍ ശബ്ദം ഒരിക്കലും പൂര്‍ണമായി സ്വന്തമാക്കാനാകാത്ത അഭാവത്തിന്റെ അവശിഷ്ടമാണ്. ശരീരമില്ലെങ്കിലും ശബ്ദം നിലനില്‍ക്കുന്നു. അത് അമ്മൂമ്മയുടെ ശരീരത്തിലൂടെ മടങ്ങിവരുന്നു. ശബ്ദം ഇവിടെ സാന്നിദ്ധ്യത്തിന്റെ തെളിവല്ല അസന്നിഹിതമാകുന്നതിന്റെ മുറിവാണ്. അച്ഛന്റെ അഭാവം തീവ്രമാകുമ്പോള്‍ അയാളുടെ ശബ്ദത്തെ കുടുംബത്തിലെ മറ്റൊരു ശരീരം പുനരാവിഷ്‌കരിക്കുന്നു. ഈ ബാധ യാഥാര്‍ത്ഥ്യത്തില്‍ ആത്മാവിന്റെ മടങ്ങിവരവല്ല. അഭാവത്തെ സഹിക്കാനാകാത്ത മനസ്സിന്റെ പ്രതിരോധസംവിധാനമാണ്. ലകാന്റെ പ്രതീകാത്മകക്രമം എന്ന സങ്കല്‍പ്പനവും ഇവിടെ പ്രസക്തമാണ്. കുടുംബത്തിന്റെ സാമൂഹികഘടനയില്‍ അച്ഛന്‍ കേന്ദ്രസ്ഥാനീയനാണ്. ലകാന്റെ സങ്കല്‍പ്പനപ്രകാരം പിതാവ് കുടുംബക്രമത്തിനു സ്ഥൈര്യം നല്‍കുന്ന നിയമവും സാന്നിദ്ധ്യവുമാണ്. യുദ്ധം ആ പിതൃസാന്നിദ്ധ്യത്തെയാണ് ഇല്ലാതാക്കിയത്. അങ്ങനെ പ്രതീകാത്മകക്രമത്തില്‍ വിടവുണ്ടാകുന്നു. ആ വിടവ് നികത്താനാണ് അമ്മൂമ്മയുടെ ശരീരം ഉപയോഗിക്കപ്പെടുന്നത്. അവരില്‍ സദാനന്ദന്റെ അച്ഛന്‍ ആവേശിക്കുമ്പോള്‍ കുടുംബം താല്‍ക്കാലികമായെങ്കിലും സമതുലിതമാകുന്നു. ബാധയുള്ള ദിവസങ്ങളില്‍ അമ്മൂമ്മയ്ക്ക് അത്ഭുതകരമായ ഊര്‍ജം ലഭിക്കുന്നു. സാധാരണയായി നടക്കാന്‍ പോലും കഴിയാത്ത അവള്‍ കുട്ടിയുമായി ഓടിക്കളിക്കുന്നു. അമ്മൂമ്മയുടെ ശരീരം അഭാവത്തെ പരിഹരിക്കുന്ന വേദിയായി മാറുന്നു. ലകാന്‍ പറയുന്ന കണ്ണാടിഘട്ടത്തിന്റെ വിപുലീകരണമായും ഇതിനെ വായിക്കാം. മനുഷ്യന്റെ അഹം ഒരിക്കലും സ്ഥിരമല്ല. അത് മറ്റൊന്നിന്റെ പ്രതിഫലനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണ്. അമ്മൂമ്മയുടെ വ്യക്തിത്വം അച്ഛന്‍ എന്ന പ്രതിബിംബത്തില്‍ ലയിക്കുന്നു. അവള്‍ തന്റെ അഹംബോധത്തെ നഷ്ടപ്പെടുത്തി മറ്റൊരാളുടെ ആഗ്രഹത്തിന്റെ വാഹകയാകുന്നു. ഈ അവസ്ഥയില്‍ ആത്മനിഷ്ഠത തന്നെയും വേട്ടയാപ്പെടുന്നു. വ്യക്തിത്വത്തെ അഭാവങ്ങളാല്‍ പിളര്‍ന്ന ഇടമായി കാണുന്ന ലകാനിയന്‍ സങ്കല്‍പ്പനം കഥയില്‍ ശരീരരൂപം പ്രാപിക്കുന്നു.
സദാനന്ദന്റെ അമ്മയുടെ അനുഭവം ഇതിലും ദാരുണമാണ്. അമ്മൂമ്മയില്‍ ബാധ ഉണ്ടായപ്പോള്‍ അമ്മ ഭയപ്പെടുന്നുണ്ടെങ്കിലും ഏതോ നിര്‍വൃതിയില്‍ പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഈ അനിശ്ചിതത്വം പ്രധാനമാണ്. അവള്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അമ്മൂമ്മയുടെ ബാധയിലൂടെ അയാള്‍ തിരികെ വന്നു. ബാധ ഒഴിക്കപ്പെട്ട് അടുത്ത ദിവസം അമ്മൂമ്മ മരിച്ചു. പതിനെട്ടുവര്‍ഷം ഭര്‍ത്താവ് മരിച്ചതായി വിശ്വസിച്ചു ജീവിച്ചു. നഷ്ടം സാന്നിദ്ധ്യത്തേക്കാള്‍ സ്ഥൈര്യമാര്‍ജ്ജിച്ചു. ഇപ്പോള്‍, നഷ്ടപ്പെട്ട സ്നേഹം വീണ്ടും സാന്നിദ്ധ്യമാകുന്നു. അത് അവര്‍ക്ക് അസഹ്യമാണ്. അയാളെ സ്വീകരിച്ചാല്‍ അവളുടെ ദുഃഖജീവിതത്തിന്റെ മുഴുവന്‍ പ്രതീകഘടനയും തകര്‍ന്നുപോകും. തിരിച്ചുവന്നവനെ അവള്‍ക്ക് ആദ്യം അംഗീകരിക്കാനാകുന്നില്ല. എന്നാല്‍, കഥയുടെ അവസാനത്തില്‍ സദാനന്ദന്റെ അമ്മ അച്ഛന്റെ ശബ്ദത്തില്‍ സംസാരിക്കുന്നതാണ് നാം കേള്‍ക്കുന്നത്. മുഴുവന്‍ മാനസികപ്രക്രിയകളുടെയും പരമകാഷ്ഠയാണത്. പരിഹരിക്കപ്പെടാത്ത മാനസികമുറിവുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അമ്മൂമ്മയുടെ ശരീരത്തില്‍ ആവേശിച്ചിരുന്ന ബാധ അമ്മയിലേക്കു സഞ്ചരിക്കുന്നു. വെറും ആവര്‍ത്തനമല്ല. അടങ്ങാത്ത ദുഃഖത്തിന്റെ കൈമാറ്റമാണിത്.
കൊച്ചുബാവയുടെ കഥ ബാധാനുഭവവിവരണങ്ങളില്‍ അപൂര്‍വമായ മനഃശാസ്ത്രപരമായ ആഴം കൈവരിക്കുന്നു. കഥയുടെ ഭാവുകത്വം അതിഭൗതികവിസ്മയം സൃഷ്ടിക്കുന്നതിലല്ല, മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതയെ തിരിച്ചറിയുന്നതിലാണ്. മടങ്ങിവരുന്ന സദാനന്ദന്റെ അച്ഛനെ വായനക്കാര്‍ അവിശ്വസിക്കുന്നില്ല. അതാണ് യാഥാര്‍ത്ഥ്യം. അയാള്‍ മരിച്ചിരുന്നില്ല, വളരെ വൈകി തിരിച്ചുവരുന്നു. കഥയിലെ അമ്മൂമ്മയുടെ ബാധ കൂടല്‍ അവര്‍ മനസ്സില്‍ ഉറപ്പിച്ചെടുത്ത യാഥാര്‍ത്ഥ്യത്തിന്റെ പ്രത്യക്ഷീകരണമാണ്. അത് മനോയാഥാര്‍ത്ഥ്യം ഭൗതികരൂപമാര്‍ജ്ജിക്കുന്നതാണെന്ന് അമ്മയില്‍ ഈ അനുഭവം ആവര്‍ത്തിക്കുമ്പോള്‍ ഉരപ്പിക്കുന്നുണ്ട്. അതിഭൗതികമൂലകങ്ങളെ ആശ്രയിക്കാതെ കഥ പൂര്‍ണ്ണമായ മന:ശാസ്ത്രവായന തുറന്നുതരുന്നുണ്ട്. അതിഭൗതികതയെ കഥ നിഷേധിക്കുന്നുവെന്നു പറയുകയല്ല, അതിഭൗതികമൂലകങ്ങളുടെ സാന്നിദ്ധ്യം അനിഷേധ്യമാണ്. അവയെ നിഷേധിക്കാതെ തന്നെ മനഃശാസ്ത്രപരമായി പുനര്‍വ്യാഖ്യാനിക്കുന്ന പുതിയ ഭാവുകത്വമാറ്റം ഈ കഥ നിര്‍വ്വഹിക്കുന്നു. ആത്മീയവിശ്വാസത്തിന്റെ ഭാഷ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനികമനഃശാസ്ത്രാനുഭവങ്ങളെ കഥ മുന്നോട്ടു കൊണ്ടുവരുന്നു. നഷ്ടദുഃഖത്തെ വ്യക്തിപരമായ വിധിയെന്നതിലുപരി സാമൂഹികചരിത്രപരമായ അനുഭവമായി വായിക്കാനുള്ള സാഹിതീയസൂക്ഷ്മതയും കഥ സൃഷ്ടിക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.