Skip to main content

സ്വപ്നാഖ്യാനങ്ങളുടെ കപ്പിത്താന്‍

ആദിയില്‍ വചനമുണ്ടായി. അഥവാ നമുക്കു മുന്നേ വചനങ്ങള്‍ ഉണ്ടായിരുന്നു. വചനങ്ങള്‍ക്കിടയിലേക്കാണ് നാം വന്നത്. നാം പരിഭ്രമിക്കുന്നു. പിന്നെ, വചനങ്ങളോടൊപ്പം ജീവിക്കാന്‍ തുടങ്ങുന്നു. വചനങ്ങളോട് ചങ്ങാത്തം ഭാവിക്കുന്നു. നമുക്കു വേണ്ടവിധത്തില്‍ വചനങ്ങളെ അടുക്കിയെടുക്കാന്‍ തുടങ്ങുന്നു. വചനങ്ങള്‍ക്ക് അര്‍ത്ഥം കൊടുക്കാന്‍ ശ്രമിക്കുന്നു. നാം അടുക്കിയെടുത്ത വചനങ്ങളാണ് ലോകമെന്ന് നമുക്കു തോന്നുന്നു. നാം ലോകത്തെ നിര്‍മ്മിക്കുകയാണ്. ലോകം നമ്മളുടെ അടുക്കിവയ്ക്കലാണെന്ന്, നാം കല്‍പ്പിക്കുന്ന ഘടനയാണെന്ന് കരുതുന്നു. വചനങ്ങളെ അടുക്കുകയെന്നാല്‍ ലോകത്തെ നിര്‍മ്മിക്കുക എന്നായിത്തീരുന്നു. ഇപ്പോള്‍ നാം നിര്‍മ്മിച്ചുവച്ചിരിക്കുന്ന വചനങ്ങളുടെ ഘടനയാണ് ലോകത്തിന്റെ ഘടനയെന്ന് കരുതാത്തയാളുകളുണ്ട്. തോമസ് ജോസഫ് അങ്ങനെയാണ്. അയാള്‍ ഇപ്പോഴും കൂടിച്ചേരാത്ത വചനങ്ങളെ കാണുന്നു. അടുക്കി വയ്ക്കാന്‍ കഴിയാത്ത വചനങ്ങളെ കാണുന്നു. ചിട്ടപ്പെടുത്താന്‍ കഴിയാത്ത വചനങ്ങളെ കാണുന്നു. അതുകൊണ്ട് അയാള്‍ വചനങ്ങളെ വ്യവസ്ഥിതമായ രീതിയില്‍ നിന്നും വ്യത്യസ്തമായി അടുക്കാന്‍ തുടങ്ങുന്നു. തോമസ് ജോസഫ് കഥയെഴുതുമ്പോള്‍ വചനങ്ങളെ അടുക്കിയെടുക്കുന്നത് നമ്മുടെ അറിയപ്പെടുന്ന കഥാകാരന്മാര്‍ അടുക്കിയെടുക്കുന്നതു പോലെയല്ല. വചനങ്ങള്‍ അസാധാരണമെന്നു നമുക്കു തോന്നുന്ന രീതിയില്‍ കടന്നുവരുന്നു. അത് പുതിയ ഒരു ഭാഷ നിര്‍മ്മിക്കുന്നു. ഈ പുതിയ ഭാഷ ഒരു പുതിയലോകം നിര്‍മ്മിക്കുന്നു. തോമസ് ജോസഫിന്റെ കഥ പുതിയ ഒരു ലോകത്തെ സൃഷ്ടിക്കുന്നു. പുതിയ ലോകത്തിന്റെ കഥ പുതിയ കഥയാകുന്നു. തോമസ് ജോസഫ് ‘ചിത്രശലഭങ്ങളുടെ കപ്പല്‍’ എന്ന കഥ എഴുതുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.

എഴുത്തുകാരന്റെ ജ്വലനമാണ് അവന്റെ ഭാഷ: എഴുത്തുകാരന്‍ തോമസ് ജോസഫ് സംസാരിക്കുന്നു
തോമസ് ജോസഫ്

തോമസ് ജോസഫിന്റെ ഈ കഥയെ വായിക്കുന്നത് കടലിന്റെ അടിത്തട്ടിലെ നിശബ്ദഭൂകമ്പങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുന്നതു പോലെയാണ്. ദൃശ്യപ്രത്യക്ഷങ്ങള്‍ക്കപ്പുറം ഈ ആഖ്യാനം മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കു കടന്നുനില്‍ക്കുന്ന ആന്തരികഭൂപടങ്ങള്‍ തുറന്നുതരുന്നു. ചിത്രശലഭങ്ങള്‍, ക്യാപ്റ്റന്‍, സൂസന്ന എന്നീ കേന്ദ്രചിഹ്നങ്ങള്‍ പരസ്പരം ചൂണ്ടിനിന്ന് സൗന്ദര്യാത്മകമെങ്കിലും ദുരന്തമായി തീരുന്ന ഒരു നാടകത്തെ നിര്‍മ്മിക്കുന്നു.

സമുദ്രത്തിലൂടെ കപ്പലുകളെ പായിക്കാന്‍ കെല്‍പ്പുള്ള ഒരു ക്യാപ്റ്റന്റെയുള്ളില്‍ തിങ്ങിവിതുമ്പുന്ന ദുഃഖത്തിന്റെ കഥയാണ് തോമസ് ജോസഫ് എഴുതുന്നത്. ക്യാപ്റ്റന്‍ ആത്മീയമായി ഒരു തുരുത്തില്‍ കുടുങ്ങിയിരിക്കുന്നു. അയാള്‍ക്ക് ദീര്‍ഘകാലമായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രണയത്തോടും സ്‌നേഹത്തോടും ഒപ്പം ഏകാന്തതയും വിരഹവും കൂടിച്ചേര്‍ന്ന് വികാരങ്ങളുടെ ഒരു സങ്കലിതരൂപം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തോമസ് ജോസഫ് കഥയില്‍ ഇതിനെ ആവിഷ്‌ക്കരിക്കുന്നത് മലയാളഭാഷയിലെ തന്നെ അഭൂതപൂര്‍വ്വമായ ശൈലിയിലൂടെയാണ്.

ക്യാപ്റ്റന്റെ കപ്പല്‍ മഹാസമുദ്രത്തിനു നടുവില്‍ ഒറ്റപ്പെട്ടു കിടന്ന ചിത്രശലഭങ്ങളുടെ ഒരു ദ്വീപിലാണ് എത്തിച്ചേരുന്നത്. അയാളുടെ പ്രണയിനി സൂസന്ന തൂവാലയില്‍ തുന്നിപിടിപ്പിക്കുന്ന ചിത്രശലഭങ്ങളെല്ലാം
തുണിയില്‍ നിന്നും പറന്നുയര്‍ന്ന് ഇവിടെ ഈ ദ്വീപില്‍ എത്തിപ്പെട്ടതായും അവ ക്യാപ്റ്റന്റെ കപ്പലിനെ കാത്തിരുന്നതായും നമുക്കു തോന്നും. കഥയിലെ ചിത്രശലഭങ്ങള്‍ ജീവിതത്തിന്റെ നിമിഷപ്രകാശനങ്ങളെയും അതിലൂടെ ഉയിര്‍ക്കൊള്ളുന്ന അതിസൂക്ഷ്മസൗന്ദര്യത്തെയും കാണിച്ചുതരുന്ന പ്രതീകങ്ങളായിരിക്കുന്നു. ജലത്തില്‍ പറന്നു നൃത്തം ചെയ്യുന്ന ചിത്രശലഭങ്ങള്‍ സൃഷ്ടിപരമായ ഒരു സ്വപ്നലോകത്തിലേക്കു നമ്മെ നയിക്കുന്നു. ചിത്രശലഭങ്ങള്‍ ക്യാപ്റ്റനെ നിശ്ചലമായി നോക്കുന്ന ദൃശ്യത്തിന് അസാധാരണമായ വികാരപരിമളമുണ്ട്. അത് വിരഹിയായ മനുഷ്യനോടുള്ള നിശബ്ദമായ കരുണയുടെയും സഹാനുഭൂതിയുടെയും നോട്ടമാണ്. മനുഷ്യര്‍ പരസ്പരം എത്തിപ്പിടിക്കാന്‍ പരാജയപ്പെടുന്നിടത്ത് പ്രകൃതി മൗനസാക്ഷിയായി മാറി സഹഭാവം പ്രകടിപ്പിക്കുമെന്നാണ് കഥാകാരന്‍ പറയുന്നതെന്നു നമുക്കു തോന്നുന്നു. ക്യാപ്റ്റന്റെ ഉള്ളിലെ തകര്‍ച്ചയെയും വികാരവിക്ഷോഭങ്ങളെയും ചിത്രശലഭങ്ങള്‍ തിരിച്ചറിയുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. ചിറകുകള്‍ ഒതുക്കി ചിത്രശലഭങ്ങള്‍ പ്രകടിപ്പിക്കുന്ന നിശ്ചലത ഒരു ദു:ഖാഞ്ജലിയാണ്.

കഥയുടെ തുടക്കത്തില്‍ ദീര്‍ഘദര്‍ശിയെന്നോ ആത്മവിശ്വാസിയെന്നോ തോന്നിപ്പിക്കുന്ന ക്യാപ്റ്റന്‍ പിന്നീട് തനിക്കു മാത്രം കഴിയുന്ന രീതിയില്‍ ദൂരദര്‍ശിനിയിലൂടെ ജന്മനാട്ടിലേക്ക് അയയ്ക്കുന്ന നോട്ടം അയാളിലെ ആന്തരികവേദനയുടെ സാന്ദ്രരൂപത്തെ കാണിച്ചുതരുന്നതാണ്. കപ്പലോട്ടത്തിലൂടെ ലോകത്തെ കീഴടക്കുന്നയാള്‍ ആന്തരികമായി സ്വയം നഷ്ടപ്പെട്ട സ്ഥിതിയിലെത്തിയിരിക്കുന്നു. അയാളില്‍ ശൂന്യതയും അനിശ്ചിതത്വവും നിറഞ്ഞിരിക്കുന്നു.

സൂസന്ന പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും എന്നപോലെ ദുഃഖത്തിന്റെയും നിറരൂപമാണ്. പൂന്തോട്ടത്തിലിരുന്ന് ചിത്രശലഭങ്ങളെ തുന്നുന്ന അവളുടെ പ്രവൃത്തി നഷ്ടപ്പെട്ടതിനെയെല്ലാം പുനര്‍സൃഷ്ടിക്കാനുള്ള ഒരു ശ്രമമായി അനുഭവപ്പെടുന്നു. അവളുടെ പ്രാര്‍ത്ഥനകള്‍ മൃദുല-സൗമ്യങ്ങളെങ്കിലും
അവ അയഥാര്‍ത്ഥമായി ക്യാപ്റ്റനെ വിഷാദത്തിലേക്കു നയിക്കുന്നു. ആത്മീയത പോലും മനുഷ്യന്റെ ഏകാന്തതയെ മറികടക്കാന്‍ പര്യാപ്തമല്ലെന്ന സങ്കീര്‍ണ്ണമായ നില ഉയര്‍ന്നുവരുന്നു. ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്ന വഴികളെല്ലാം പരാജയപ്പെടുന്നു. മനുഷ്യന്റെ അസ്തിത്വപരമായ പരിമിതികളെ സൂചിപ്പിക്കുന്നതാണിത്. കഥയുടെ ആന്തരികമായ ചലനോര്‍ജ്ജം ഈ ഏകാന്തതയാണ്. ക്യാപ്റ്റനും സൂസന്നയും തമ്മിലുള്ള ബന്ധം സാന്നിദ്ധ്യവും അഭാവവും തമ്മിലുള്ള സംഘര്‍ഷമായി രൂപപ്പെടുന്നു.

സൂസന്നയുടെ പ്രാര്‍ത്ഥനകള്‍ മഴത്തുള്ളികളുടെ ശബ്ദത്തില്‍ കേള്‍ക്കപ്പെടുന്നു. പ്രാര്‍ത്ഥനകളും മഴത്തുള്ളികളും – ഇത് അസാധാരണമായൊരു സങ്കലനമാണ്. പ്രാര്‍ത്ഥന ഇവിടെ ആശ്വാസത്തിന്റെ ഉറവയും അപ്രാപ്യമായതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണ്. ക്യാപ്റ്റന്‍ ആ ശബ്ദം കേള്‍ക്കുന്നു, പക്ഷേ, അത് അവനെ രക്ഷിക്കുന്നില്ല. ക്യാപ്റ്റന്‍ സമുദ്രത്തിന്റെ നടുവിലെ ഏകാന്തദ്വീപിലും സൂസന്ന ഭൂമിയിലും ഒറ്റപ്പെടുന്നു.

ഈ കഥയില്‍ ശക്തമായത് പറയാത്തവയാണ്. സൂസന്നയുടെ ശബ്ദരഹിതമായ നിലവിളികള്‍, ചിത്രശലഭങ്ങളുടെ നിശ്ചലമായ നോട്ടം, ക്യാപ്റ്റന്റെ ദീര്‍ഘനിശബ്ദത ഇവയെല്ലാം ചേര്‍ന്ന് ഒരു മൗനഭാഷ സൃഷ്ടിക്കുന്നു. വാക്കുകള്‍ പരാജയപ്പെടുന്നിടത്ത് നിശബ്ദത കഥയുടെ സത്തയായി ഉയര്‍ന്നുവരുന്നു. നിശബ്ദത ഭാഷയെ അതിജീവിക്കുന്ന വേദിയാകുന്നു.

ക്യാപ്റ്റന്‍ കാണുന്ന സൂസന്നയുടെ മൃതദേഹം അയാളുടെ തോന്നലോ സ്വപ്നദര്‍ശനമോ ആയിരിക്കാം. സൂസന്നയെ കുറിച്ചുള്ള ഉല്‍ക്കണ്ഠകളില്‍ നിന്നും ഉണ്ടാകുന്നത്. ദീര്‍ഘകാലത്തെ വേര്‍പിരിയലും അവളുടെ പ്രാര്‍ത്ഥനകളുടെ അയഥാര്‍ത്ഥത സൃഷ്ടിക്കുന്ന സന്ദേഹങ്ങളും ചേര്‍ന്ന് ക്യാപ്റ്റന്റെ മനസ്സില്‍ ആശങ്കയുടെ ദൃശ്യഭാഷ സൃഷ്ടിക്കപ്പെടുന്നു. സൂസന്നയുമായി ആശയവിനിമയം തകര്‍ന്ന ക്യാപ്റ്റന്‍ തന്റെ ബോധത്തില്‍ അവളെ മരണാവസ്ഥയില്‍ കാണാന്‍ തുടങ്ങുന്നു. ക്യാപ്റ്റന്റെ ആത്മഹത്യ ക്ഷണനേരത്തെ വൈകാരികാഘാതത്തിന്റെ ഫലമല്ല. പ്രണയത്തിന്റെയും ആത്മീയതയുടെയും സൗന്ദര്യത്തിന്റെയും പരാജയം മൂലമുണ്ടായ അസ്തിത്വപരമായ ക്ഷീണത്തിന്റെ ഫലമാണത്. ദീര്‍ഘകാലമായി പാകപ്പെട്ടു കൊണ്ടിരുന്നത്. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തില്‍ നിന്ന് പുറത്തേക്കുള്ള ഏകമാര്‍ഗം പോലെ മരണം. രക്തജലത്തില്‍ പൊങ്ങികിടക്കുന്ന ക്യാപ്റ്റന്റെ ശരീരത്തിലേക്ക് ചിത്രശലഭങ്ങള്‍ എത്തിച്ചേരുന്നു. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് മറ്റൊരു കടല്‍ക്കരയില്‍ ക്യാപ്റ്റന്റെ മൃതദേഹം അടിഞ്ഞു കയറി. കല്ലിലും മണ്ണിലും നിറഞ്ഞു കിടന്ന മൃതദേഹത്തില്‍ നിന്ന് സസ്യങ്ങളും ചിത്രശലഭങ്ങളുടെ ചിറകുകളും കിളിര്‍ത്തുവരാന്‍ തുടങ്ങി. മരണം ഇവിടെ അവസാനമല്ലാതാകുന്നു. ക്യാപ്റ്റന് തന്റെ ജീവിതത്തില്‍ കണ്ടെത്താനാകാത്ത സൗന്ദര്യം മരണത്തില്‍ നിന്നു പിറക്കുന്നു. അവന്റെ ശരീരം പ്രകൃതിയില്‍ ലയിക്കുന്നു. ഇത് ഒരു പുനരാവര്‍ത്തനചക്രത്തെ സൂചിപ്പിക്കുന്നു. കാലം ചാക്രികസ്വഭാവം കൈക്കൊള്ളുന്നു.

കഥ സൃഷ്ടിക്കുന്ന പ്രതീകാത്മകമായ പ്രതിദ്ധ്വനികളിലൂടെ ചിത്രശലഭങ്ങള്‍ മനുഷ്യസ്വപ്നങ്ങളായും ക്യാപ്റ്റന്‍ ശൂന്യമായ അസ്തിത്വമായും സൂസന്ന നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ പ്രതിരൂപമായും പ്രത്യക്ഷപ്പെടുകയും കഥ കാവ്യാനുഭവമായി മാറിത്തീരുകയും ചെയ്യുന്നുണ്ട്. ഓരോ പ്രതീകവും ഒരു വാതില്‍! തുറക്കുമ്പോള്‍ പിന്നില്‍ ഇരുട്ടും വെളിച്ചവും മാറി മാറിവരുന്നു.

ഇത്ര നേര്‍രേഖയിലൂടെ ഈ കഥ വായിക്കപ്പെട്ടു കൂടെന്നു തോന്നുന്നില്ലേ? ഈ കഥയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ ദൃശ്യ-സ്വപ്നാത്മകമായ ശൈലിയാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും തമ്മിലുള്ള അതിര്‍ത്തികള്‍ മങ്ങിയിരിക്കുന്നു. സൂസന്ന ക്യാപ്റ്റന്റെ സ്വപ്നമായിരിക്കണം. അയാളുടെ ദൂരദര്‍ശിനിയിലൂടെ അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്നത്. വീട്ടുമുറ്റത്ത് തുണിയില്‍ ചിത്രശലഭങ്ങളെ തുന്നുന്ന സൂസന്നയെ ക്യാപ്റ്റന്‍ കാണുന്നു. ദേവാലയത്തിന് പടവുകള്‍ കയറുന്ന സൂസന്ന ബോധരഹിതയായി പിന്നിലേക്ക് വേച്ചു പോകുമ്പോള്‍ ക്യാപ്റ്റന്റെ കൈകള്‍ അവളെ താങ്ങുന്നു. വീട്ടിലെ കരിയിലും പുകയിലും നിന്ന് അവളെ കൈപിടിച്ചുയര്‍ത്തി അവരൊരുമിച്ച് വിശാലമായ പ്രപഞ്ചത്തിലേക്ക് പറന്നുയരുന്നതായി കാണുന്നു. ഇവയെല്ലാം മന:ക്കാഴ്ചകളോ സ്വപ്നക്കാഴ്ചകളോ ആണ്. യഥാര്‍ത്ഥലോകം സ്വപ്നാഖ്യാനത്തിന്റെ ലോകവുമായി കൂടിക്കുഴയുന്നു. ഇത് ക്യാപ്റ്റന്റെ കപ്പല്‍യാത്രയുടെ കഥയല്ലാതായി മാറുന്നു. അത് ബോധത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന സ്വപ്നയാത്രയാണ്. ക്യാപ്റ്റന്റെ ദൂരദര്‍ശിനി ഒരു യന്ത്രമല്ല, അകക്കണ്ണാണ് – അവന്‍ മാത്രം കാണുന്ന അവന്‍ മാത്രം വിശ്വസിക്കുന്ന ഒരു ലോകത്തിന്റെ തുറന്ന ജാലകം. ആ ജാലകത്തിലൂടെയാണ് സൂസന്ന പ്രത്യക്ഷപ്പെടുന്നത്. സാധാരണയായി ദൂരദര്‍ശിനി ദൂരത്തെ അടുപ്പിക്കുന്നു. ഈ കഥയില്‍ അത് അദൃശ്യത്തെ ദൃശ്യമാക്കുന്നു. ക്യാപ്റ്റനു മാത്രമേ കാണാന്‍ കഴിയൂ എന്നത് നിര്‍ണായകം. സൂസന്നയുടെ സാന്നിദ്ധ്യം പങ്കുവെക്കാവുന്ന യാഥാര്‍ത്ഥ്യമല്ല, മറിച്ച് സ്വകാര്യ ദര്‍ശനം. ഈ സ്വകാര്യത സ്വപ്നത്തിന്റെ അടയാളമാണ്. ദൂരദര്‍ശിനി മനസ്സിന്റെ ദൃശ്യങ്ങളെ പ്രക്ഷേപിക്കുന്ന ലെന്‍സായി മാറുന്നു. വീട്ടുമുറ്റത്തിരുന്ന് തൂവാലയില്‍ ചിത്രശലഭങ്ങളെ തുന്നുന്ന സൂസന്ന ക്യാപ്റ്റന്റെ ആഗ്രഹത്തിന്റെ സൃഷ്ടിയാണ്. അവന്റെ നഷ്ടപ്പെട്ട ലോകത്തെ പിടിച്ചുയര്‍ത്താന്‍ ഉപബോധം നിര്‍മ്മിക്കുന്ന രൂപം. ദേവാലയത്തിലേക്കു കയറുന്ന സൂസന്നയുടെ പിന്നിലേക്കുള്ള വീഴ്ച സ്വപ്നത്തിന്റെ തലത്തിലാണ് സാദ്ധ്യമാകുന്നത്. ക്യാപ്റ്റന്‍ അവളെ താങ്ങുന്നു. ഇത് ഒരു രക്ഷാപ്രവര്‍ത്തനമല്ല. ഒരു ആഗ്രഹത്തിന്റെ സ്വയംരക്ഷ. അവന്‍ രക്ഷിക്കുന്നത് സൂസന്നയെ അല്ല, തന്നെ താങ്ങിപ്പിടിക്കാന്‍ കഴിയുന്ന ഭാവനാദൃശ്യത്തെ.

തോമസ്​ ജോസഫ്​: സ്വപ്നദംശനമേറ്റ വാക്ക്​ - Truecopy Think

സ്വപ്നം ഇവിടെ അഭയമാണ്. യാഥാര്‍ത്ഥ്യത്തെ സഹിക്കാനാവാത്തതിനാല്‍ ക്യാപ്റ്റന്‍ ഒരു സൗന്ദര്യഭ്രമം സൃഷ്ടിക്കുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍ത്തി അവ്യക്തമാകുന്ന ഈ പ്രക്രിയയില്‍ വായനക്കാരും സന്ദേഹാവസ്ഥയില്‍ നില്‍ക്കുന്നു. ക്യാപ്റ്റന്‍ ഈ സ്വപ്നലോകത്തിന്റെ സ്രഷ്ടാവാണ്. അയാള്‍ അതിന്റെ തടവുകാരന്‍ കൂടിയാണ്. ഈ കഥയുടെ ഏറ്റവും നിശബ്ദമായ സത്യം ഇതാകാം: ക്യാപ്റ്റന്‍ സൂസന്നയെയല്ല തേടുന്നത്. അവന്‍ സ്വയം തേടുന്നു. കഥ ദുരന്തത്തില്‍ അവസാനിക്കുന്നു. ക്യാപ്റ്റന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയോടു പ്രതികരിക്കുന്നത് ആത്മാഹുതിയിലൂടെയാണ്. സ്വപ്നാഖ്യാനങ്ങളുടെ കപ്പിത്താന്‍ എന്നു വിളിക്കേണ്ടത് ആരെയാണ്? സൂസന്നയുടെ സ്വപ്നാഖ്യാനങ്ങളെ അകക്കണ്ണില്‍ രചിക്കുന്ന ചിത്രശലഭങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റനെയോ? കഥാകാരന്‍ തോമസ് ജോസഫിനെയോ?

കഥയുടെ ഭാഷാശൈലി അതിന്റെ രൂപകല്‍പ്പന തന്നെയാണ്. ഇവിടെ, ഒരു അതിസാധാരണമായ പ്രമേയം ആഖ്യാനത്തിന്റെ ഉചിതമായ ഭാഷയില്‍ പലതലങ്ങളുള്ള അനുഭവമായി മാറുന്നു. സൂചനാത്മകതയും ബഹുതലത്തിലുള്ള വ്യാഖ്യാനക്ഷമതയും ലാളിത്യവും ദൃശ്യസമ്പന്നതയും തോമസ് ജോസഫിന്റെ ഈ കഥയെ വ്യത്യസ്തമാക്കുന്നു. കഥയുടെ ഭാഷ സ്വപ്നത്തിന്റെ ലയത്തില്‍ ഒഴുകുന്ന ഒരു ദൃശ്യശ്രേണിയായി അനുഭവപ്പെടുന്നു. വാക്യങ്ങള്‍ ദൃശ്യങ്ങളിലേക്കു തുറക്കുന്നു. കഥയിലെ നിശബ്ദസ്ഥലങ്ങളും അനിശ്ചിതത്വങ്ങളും വായനക്കാരെ അര്‍ത്ഥം നിര്‍മ്മിക്കുന്ന സഹസ്രഷ്ടാക്കളാക്കുന്നു. കഥ വായിച്ചു തീര്‍ത്തവര്‍ ചിത്രശലഭങ്ങളുടെ കപ്പലിന്റെ കപ്പിത്താനെ പോലെ മറ്റൊരു സ്വപ്നം കണ്ടുതീര്‍ത്ത പ്രതീതിയില്‍ പെടുന്നു.

തോമസ് ജോസഫിന്റെ കഥകളില്‍ എമ്പാടും ദൈവമുണ്ട്. ഈ കഥയില്‍ ദൈവം എവിടെയാണ് പ്രത്യക്ഷപ്പെടുന്നത്? ‘വചനം ദൈവമായിരുന്നു.’ കഥയിലെ വചനം തന്നെ ദൈവം.

No Comments yet!

Your Email address will not be published.