Skip to main content

ഫൈറ്റ് ക്ലബ് (1999) 27-ാം വർഷത്തിലേക്ക് –  ഉപഭോക്തൃവാദത്തിനെതിരായ വിപ്ലവം

പ്രശസ്ത ചലച്ചിത്രമായ ഫൈറ്റ് ക്ലബ് (1999) റിലീസായിട്ട് ’27’ വര്‍ഷങ്ങളാകുന്നു. ഗവണ്‍മെന്റ്, ഉപഭോക്തൃവാദം (consumerism), പരസ്യപ്രചാരണം (Advertising), പരസ്യസംസ്‌കാരം (Advertising Culture), പരസ്യവ്യവസായം (Advertising Industry) എന്നിവയെ എല്ലാം ശക്തമായി ചോദ്യം ചെയ്ത സിനിമയായിരുന്നു ഇത്. ഒരു നൂറ്റാണ്ടിന്റെ തുടക്കത്തിനും ഒരു നൂറ്റാണ്ടിന്റെ അവസാനത്തിനും സാക്ഷിയായി റിലീസായ സിനിമ! ഫൈറ്റ് ക്ലബിന്റെ സംവിധായകനായ ഡേവിഡ് ഫിഞ്ചറിന് പ്രത്യേകമൊരു ആമുഖം ആവശ്യമില്ല. അദ്ദേഹത്തിന്റെ ക്രാഫ്റ്റുകളെല്ലാം പ്രേക്ഷകന് മികച്ച ആവേശം നല്‍കുന്നവയാണ്. ലൈവ്ആക്ഷനായാലും അനിമേഷനായാലും ഫിഞ്ചര്‍ ഫിഞ്ചര്‍ തന്നെ.

David Fincher — Art of the Title
David Fincher (Director)

സിനിമ ഇറങ്ങുന്ന സമയത്ത് അതിന് വേണ്ടത്ര പരിഗണന ലഭിക്കാതെ വരുന്നതും എന്നാല്‍ കാലാന്തരത്തില്‍ അതൊരു കള്‍ട്ട് ക്ലാസിക്കായി മാറുന്നതും എല്ലാ ചലച്ചിത്ര ആസ്വാദകരും ശ്രദ്ധിക്കുന്ന കാര്യമാണ്. ഡേവിഡ് ഫിഞ്ചറുടെ ഏകദേശ സിനിമകളെല്ലാം ഈ ഒരു വിഭാഗത്തില്‍ പെടുന്നവയാണ്. ഫൈറ്റ് ക്ലബ് അതില്‍ മുന്‍ പന്തിയിലുണ്ടാകും. Chuck Palahniuk ന്റെ ഫൈറ്റ് ക്ലബ് എന്ന നോവലിനെ (1996) അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എഡ്വോര്‍ഡ് നോര്‍ട്ടനും, ബ്രാഡ് പിറ്റും ഹെലാന ബോന്‍ഹാം കാര്‍ട്ടറും ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈക്കാളജിക്കല്‍ ത്രില്ലര്‍ / ആക്ഷന്‍ ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് ഇറങ്ങിയ സമയത്ത് ഏറെ വിമര്‍ശനങ്ങളും മോശം അഭിപ്രായങ്ങളും കേള്‍ക്കേണ്ടി വന്നു. ഇന്‍സോമ്‌നിയ ((Insomnia /ഉറക്കം വരാത്ത രോഗാവസ്ഥ) ബാധിച്ച എഡ്വോര്‍ഡ് നോര്‍ട്ടന്റെ കഥാപാത്രം തന്റെ വ്യക്തിത്വത്തിന്റെ നേര്‍ വിപരീതമായ മറ്റൊരാളെ മനസ്സില്‍ (ആള്‍ട്ടര്‍ ഈഗോ) സൃഷ്ടിച്ചെടുക്കുന്നതാണ് ഇതിലെ മുഖ്യ കഥാതന്തു.

Chuck Palahniuk | Hachette Book Group
Chuck Palahniuk

സാമൂഹ്യസ്ഥിതിയില്‍ തൃപ്തിയില്ലാതെ ജീവിക്കുന്ന പേരില്ലാത്ത കേന്ദ്ര കഥാപാത്രം കോര്‍പ്പറേറ്റ് ജോലിയാകുന്ന ‘കെണിയിലകപ്പെട്ട എലിയെ’ പോലെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹികഅന്യവത്ക്കരണം (Social Alienation),അന്യവത്ക്കരണം (Alienation) എന്നിവ അനുഭവിക്കുന്ന ഈ കഥാപാത്രം വീട്ടില്‍ സോഫാസെറ്റുകള്‍ വാങ്ങിച്ചു കൂട്ടി മറ്റുള്ളവരെപോലെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഒറ്റപ്പെട്ട് ജീവിക്കുന്ന അയാള്‍ ഇതെല്ലാം വാങ്ങിക്കുന്നത് ആധുനിക യുഗത്തിന്റെ അര്‍ത്ഥമില്ലായ്മയെ കുറിക്കുന്നു. ഇതെല്ലാം വാങ്ങിയാല്‍ ഒരു സ്വത്വം നിര്‍മ്മിച്ചെടുക്കാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നു, സമൂഹത്തിലെ മറ്റുള്ളവരുടെ കൂടെ ഒരു മത്സരത്തില്‍ പങ്കാളിയാകാനും പരസ്യങ്ങളുടെ ഫലമായി അയാള്‍ ശ്രമിക്കുന്നു . താല്‍പ്പര്യമില്ലാത്തവയെ നിര്‍ബന്ധിച്ച് വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യംചെയ്യലിനെ (Advertising) ഇവിടെ അവതരിപ്പിക്കുന്നു. പരസ്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹം, വിപണി മനുഷ്യരുടെ സ്വത്വ നിര്‍മ്മാണത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നു. ഭൗതിക വസ്തുക്കളുടെ ഉടമസ്ഥതയിലൂടെ സാമൂഹികപദവി നിര്‍ണയിക്കുന്ന ഉപഭോക്തൃത്വ ഭ്രമം (Consumerist obsession) ആണ് ഇവിടെ വെളിവാക്കപ്പെടുന്നത്. ഇതിനെല്ലാം എതിരായ ഒരു സ്വയം പ്രതിരോധമെന്നോണം ആണ് അയാള്‍ മറ്റൊരു സ്വത്വത്തെ തനിക്കുള്ളില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നത്. യഥാര്‍ത്ഥമല്ലാത്ത ആ കഥാപാത്രത്തിന് ‘ടെയ്‌ലര്‍ ഡര്‍ഡന്‍’ എന്ന പേര് നല്‍കിയിരിക്കുന്നു, യഥാര്‍ത്ഥ കഥാപാത്രത്തിനെ പേരില്ലാതെയും അവതരിപ്പിക്കുന്നു. ഇതിലൂടെ സ്വന്തമായി സ്വത്വമില്ലാതെ അസ്തിത്വ പ്രതിസന്ധി അനുഭവപ്പെടുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ദുരവസ്ഥകള്‍ പൂര്‍ണ്ണമായി ചിത്രീകരിക്കാന്‍ ഫിഞ്ചറിന് കഴിഞ്ഞിട്ടുണ്ട്.

Fight Club' Review: Movie (1999)

‘ടെയ്‌ലര്‍ ഡര്‍ഡന്‍’ എന്ന ആ കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രത്തില്‍ നിന്ന് നേര്‍വിപരീതനായ ഈ കഥാപാത്രം വളരെ ശക്തനായ ഒരു വ്യക്തിയായാണ് അവതരിക്കപ്പെടുന്നത്. ഒരു യാത്രയില്‍ വച്ച് കണ്ടുമുട്ടി സുഹൃത്തുക്കളാകുന്ന ഈ കഥാപാത്രങ്ങള്‍ ഇരുവരും ചെയ്തുകൂട്ടുന്ന ഓരോ കുറ്റകൃത്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ടെയ്‌ലര്‍ ഡര്‍ഡന്‍ ക്ലിനിക്കുകളില്‍ നിന്ന് മനുഷ്യ കൊഴുപ്പ് (Human Fat) മോഷ്ടിച്ച് സോപ്പ് നിര്‍മ്മിക്കുന്നതായി കാണാം. സോപ്പ് ഈ സിനിമയില്‍ ഒരു പ്രതീകമായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ഉപഭോക്തൃവാദത്തെയും ആഡംബരജീവിതത്തെയും സിനിമ പരിഹസിക്കുന്നു. സിനിമയുടെ ടൈറ്റില്‍ ഡിസൈനും സോപ്പിന്റെ മുകളില്‍ ‘Fight Club’ എന്ന എഴുതിയ രീതിയിലാണ് എന്നതും ശ്രദ്ധേയമാണ്. സമൂഹത്തിലെ കൂത്തഴിഞ്ഞ വ്യവസ്ഥക്കെതിരെ കേന്ദ്ര കഥാപാത്രവും (Edward Norton), ടെയ്‌ലര്‍ ഡര്‍ഡനും (Brad Pitt) ചേര്‍ന്ന് ”ഫൈറ്റ് ക്ലബ്” എന്നൊരു സംഘം രൂപീകരിക്കുന്നു. ഇതിനായി കുറച്ചു നിയമങ്ങളും അവര്‍ നിര്‍മ്മിക്കുന്നു. അതില്‍ ഒന്നാമത്തെ നിയമമാണ് (രണ്ടാമത്തെയും!)

‘You do not talk about Fight Club’

ബ്രാഡ് പിറ്റിന്റെ കഥാപാത്രമായ ടെയ്‌ലര്‍ ഡര്‍ഡന്‍ ഈ നിയമങ്ങള്‍ ആ സംഘത്തിനിടയില്‍ അവതരിപ്പിക്കുന്ന രീതി ലോകസിനിമാ ചരിത്രത്തിലെ മികച്ച രംഗങ്ങളിലൊന്നാണ്. ഈ രംഗങ്ങളിലെ ഛായാഗ്രഹണവും വളരെ മികച്ചതാണ്. പ്രേക്ഷകര്‍ ആ സംഘത്തിനിടയില്‍ നില്‍ക്കുന്നതായി അനുഭവപ്പെടുന്ന രീതിയിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ നിയമങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെടുന്നത് പ്രേക്ഷകന് കാണാന്‍ കഴിയും. നാടിന്റെ നിയമ വ്യവസ്ഥയിലും മറ്റും ആരോചകത്വം അനുഭവപ്പെടുന്ന യുവാക്കള്‍ ഈ ക്ലബിലേക്ക് ചേക്കേറുന്നു.
ഈ സംഘം ആ പ്രദേശത്ത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ബ്രാഡ്പിറ്റിന്റെ കഥാപാത്രം ചോദിക്കുന്ന ‘നിങ്ങള്‍ ഇപ്പോള്‍ മരിച്ചാല്‍ നിങ്ങളെക്കുറിച്ച് എന്താണ് ഫീല്‍ ചെയ്യുക’ തുടങ്ങിയ തത്വചിന്തയിലധിഷ്ഠിതമായ ചോദ്യങ്ങളാണ് സിനിമയിലുടനീളം കാണാന്‍ കഴിയുക. വയലന്‍സ് നിറഞ്ഞ അന്തരീക്ഷത്തിലായാലും ഇത്തരം ചോദ്യങ്ങള്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു. ഈ ഒരു ഫൈറ്റ് ക്ലബിലേക്ക് പോലീസ് ഫോര്‍സില്‍ നിന്നടക്കം ആളുകള്‍ ചേരുന്നതായി സിനിമയുടെ അവസാന ഭാഗത്ത് കാണാം. അരാജകത്വം നിറഞ്ഞ നാടിന്റെ അവ്യവസ്ഥക്കെതിരെ അവര്‍ പോരാടുന്നു, അവരുടെ നിയമ വ്യവസ്ഥകളില്‍ മാത്രം നിന്നുകൊണ്ട്!

You Do Not Talk About Fight Club" Sticker for Sale by Ravensclaw3 | Redbubble

സിനിമയുടെ അവസാന ഭാഗത്ത് ട്വിസ്റ്റുകള്‍ അനാവരണം ചെയ്യപ്പെടുന്നു. ടെയ്‌ലര്‍ ഡര്‍ഡന്‍ (ബ്രാഡ് പിറ്റ്) എന്ന താന്‍ സ്വയം നിര്‍മ്മിച്ച സാങ്കല്‍പ്പിക കഥാപാത്രത്തെ ഇല്ലാതാക്കി ഹെലാന ബോന്‍ ഹാം കാര്‍ട്ടറിന്റെ കൈപിടിച്ച് ഫൈറ്റ് ക്ലബ് സംഘം ബോംബ് വച്ച്, തകര്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി കേന്ദ്ര കഥാപാത്രം നില്‍ക്കുന്നതോടു കൂടിയാണ് സിനിമ അവസാനിക്കുന്നത്, കൂടെ ‘where is My Mind?’ എന്ന ഗാനവും കൂടി പശ്ചാത്തല ഗാനമായി വരുന്നതോടുകൂടി അത് ഒന്നു കൂടി മികച്ചതാകുന്നു. 27 വര്‍ഷങ്ങള്‍ കഴിഞ്ഞാലും, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഈ സിനിമയും ഇതില്‍ പറഞ്ഞു വക്കുന്ന കാര്യങ്ങളും, ചോദിക്കുന്ന ചോദ്യങ്ങളും ഇവിടെയുണ്ടാകും. സമകാല സമൂഹത്തില്‍ ഉണ്ടാകുന്നതും,ഉണ്ടായികൊണ്ടിരിക്കുന്നതും, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളും ഈ സിനിമയില്‍ കാണാം. പ്രത്യേകിച്ച് പരസ്യ പ്രചാരണവും അത് നിര്‍മ്മിക്കുന്ന പരസ്യ സംസ്‌ക്കാരവും.മനുഷ്യരെ വിപണി വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഭൗതിക വസ്തുക്കളുടെ ഉടമസ്ഥതയില്‍ തന്നെയാണ് നമ്മളെല്ലാവരും ഒരു വൃക്തിയുടെ സാമൂഹിക പദവി തീരുമാനിക്കുന്നത്. അത് ഏറ്റവും ഉയര്‍ന്ന രീതിയിലാക്കാന്‍ ആവശ്യമില്ലാത്തവയെ കൂടി നമുക്കെല്ലാവര്‍ക്കും വാങ്ങേണ്ടി വരുന്നു. പരസ്യപ്രചാരണം ഇതിന് വലിയ തോതില്‍ ഇന്ധനം നിറക്കുകയും ചെയ്യുന്നു. വയലന്‍സും, വിമര്‍ശനങ്ങളും, തത്വചിന്തയും ഒരുമിച്ച് കൊണ്ടുപോയ ഈ സിനിമയെ കുറിച്ച് അവസാനമായി ഇത്രയെ പറയാനുള്ളൂ, ‘You do not talk about Fight Club’.


ലേഖക പരിചയം :

ഉബൈദ് പി. ബി.

മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.