Skip to main content

ഖസാക്കിന്റെ ഇതിഹാസം – ഒരു പ്രതിവായന

മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സ്വീകരണചരിത്രത്തിൽ ചുറ്റിപ്പറ്റുന്നു. ആധുനികതയുടെ അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്ത ഒരു കൃതി തന്നെ പിന്നീട് വിമർശനാതീതമായ ഒരു അധികാരകേന്ദ്രമായി മാറുന്നു. ഖസാക്കിന്റെ ഇതിഹാസം ഇന്ന് ഒരു നോവലെന്നതിലുപരി ഒരു വിശ്വാസവ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ അതിനെ വിമർശിക്കുന്നത് പലപ്പോഴും സാഹിത്യപരമായ വിയോജിപ്പായല്ല, സാംസ്കാരികനിന്ദയായി കണക്കാക്കപ്പെടുന്നു.

ഈ നോവലിനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഒരു സമൂഹത്തിന്റെ ഇതിഹാസമാണെന്നതാണ്. യഥാർത്ഥത്തിൽ ഖസാക്ക് എന്ന ഗ്രാമം സ്വതന്ത്രമായ ഒരു സാമൂഹിക യാഥാർഥ്യമല്ല. അത് രവിയുടെ മനസ്സിന്റെ പ്രതീകാത്മക ഭൂപടമാണ്. ചിറ്റമ്മയുമായുള്ള നിഷിദ്ധ ലൈംഗികബന്ധത്തിൽ നിന്നുണ്ടായ കുറ്റബോധമത്രേ; നോവലിന്റെ കേന്ദ്രം. ഖസാക്കിലെ ജനങ്ങളും,വിശ്വാസങ്ങളും,പുരാണങ്ങളും,സംഭവങ്ങളും ആ കുറ്റബോധത്തിന്റെ രൂപകങ്ങളായി പ്രവർത്തിക്കുന്നു.

ഖസാക്കിന്റെ ഇതിഹാസം - വിക്കിപീഡിയ

അതിനാൽ, ഖസാക്ക് ഒരു ഗ്രാമമല്ല; രവിയുടെ മാനസിക ഉപഭൂഖണ്ഡമാണ്. ഖസാക്കിലെ ജനങ്ങൾ സ്വയം സംസാരിക്കുന്നില്ല. അവരുടെയെല്ലാം ശബ്ദങ്ങൾ രവിയുടെ ബോധത്തിലൂടെ മാത്രം കേൾക്കപ്പെടുന്നു. അതായത്;ഖസാക്ക് ഒരു സാമൂഹിക ചരിത്രമല്ല; രവിയുടെ ഭഗ്‌നവ്യക്തിത്വത്തിൻ്റെ ആത്മീയ സ്വയംചികിത്സയുടെ വേദി മാത്രമാണെന്ന് സാരം.

ഖസാക്കിലെ മുസ്ലിം ജീവിതത്തിന്റെ അവതരണവും അത്യന്തം പ്രശ്‌നപരമത്രേ.

ഖസാക്കിലെ മുസ്ലിം കഥാപാത്രങ്ങൾ ജീവിക്കുന്ന സാമൂഹിക മനുഷ്യരായി പ്രത്യക്ഷപ്പെടുന്നില്ല. അവർ ജീവിക്കുന്നു, പ്രണയിക്കുന്നു, സംഘർഷിക്കുന്നു എന്ന യാഥാർഥ്യത്തെക്കാൾ അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും,ആത്മീയ മൂടൽമഞ്ഞിന്റെയും ഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത്. അവർ ചരിത്രത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, വർഗബന്ധങ്ങളുടെയോ ഭാഗമല്ല. മറിച്ച് പരിഹാസ്യമായൊരു പൗരാണികപ്രപഞ്ചത്തിലെ നിവാസികളാണ്.

ഇവിടെ പ്രസക്‌തമായൊരു ചോദ്യം ഉയരുന്നു. ഇത് സഹാനുഭൂതിയോ, അതോ അന്യത്വവൽക്കരണമോ?

കാരണം,ഒരു വിഭാഗത്തെ വെറുക്കാതെ തന്നെ ചരിത്രത്തിൽ നിന്ന് പുറത്താക്കാം.ആദരിക്കുന്നുവെന്ന പ്രതീതിയുണർത്തി കൊണ്ടു തന്നെ യഥാർത്ഥ മനുഷ്യസമൂഹമെന്ന നിലയിൽ കാണാതിരിക്കാം. എഡ്വേർഡ് സയ്യിദ് വിശകലനം ചെയ്ത ഓറിയന്റലിസത്തിന്റെ ഏറ്റവും സൂക്ഷ്മമായ രൂപം ഇതാണ്. അപരരെ അപമാനിക്കുകയല്ല, മറിച്ച് പുരാണവൽക്കരിക്കുക. മനുഷ്യസഹജനിരാകരണത്തിലൂടെ ഹാസപ്രതീകമാക്കുക.
നൈജാമലി എന്ന കഥാപാത്രം ഈ പ്രശ്നത്തിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. ഖസാക്കിന്റെ ആത്മീയ ഊർജത്തിന്റെ ഉറവിടമായി അവതരിപ്പിക്കപ്പെടുന്ന നൈജാമലി, സൂക്ഷ്മമായ വായനയിൽ ഏറ്റവും കൃത്രിമമായി നിർമ്മിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ പരിവർത്തനം ആന്തരിക ജീവിതവികാസത്തിന്റെ ഫലമായി സംഭവിക്കുന്നതേയല്ല.രണ്ട് വ്യത്യസ്തഘട്ടങ്ങളിൽ ബീഡിക്കമ്പനിമുതലാളിയോ; അതല്ലെങ്കിൽ ഉറച്ച കമ്മ്യൂണിസ്റ്റ് നേതാവോ ആകേണ്ട നൈജാമലി അത്യന്തം നാണംകെട്ട മാപ്പപേക്ഷാ സമർപ്പണത്തിലൂടെ കുറ്റവിമുക്തനായി ഖാലിയാർ എന്ന പ്രാക്തന മുസ്ലിം സമൂഹത്തിൻ്റെ വിശുദ്ധപദവി കോമാളി അങ്കിയായണിയുന്നു. ഇതിനാകട്ടെ; അനുഭവങ്ങളുടെ തുടർച്ചയുമില്ല. മറിച്ച് എഴുത്തുകാരന്റെ പ്രതീകാത്മക ആവശ്യങ്ങൾക്കനുസരിച്ച് ഇസ്‌ലാമോഫോബിക്ക് ആഖ്യാനം നൈജാമലിയെ രൂപാന്തരപ്പെടുത്തുന്നു.

നൈജാമലി ജീവിക്കുന്ന മനുഷ്യനിൽ നിന്ന് ആത്മീയ രൂപകത്തിലേക്ക് എടുത്തുചാടുന്നു. ആ ചാട്ടത്തിന്റെ സാമൂഹികവും, മനഃശാസ്ത്രപരവുമായ ഇടനാഴികൾ നോവലിൽ മതിയായ രീതിയിൽ നിർമ്മിക്കപ്പെടുന്നുമില്ല.

ഇവിടെയാണ് കഥാപാത്രം മനുഷ്യനിൽ നിന്ന് കേവലാശയമായി ചുരുങ്ങുന്നതിലെ അപകടം.

ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പപേക്ഷകൾ സമർപ്പിക്കുകയും, തന്ത്രപരമായ സഹകരണരാഷ്ട്രീയം സ്വീകരിക്കുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് വിധേയനായ സവർക്കർ പാരമ്പര്യത്തിന് ബദലായി ഒരു മുസ്ലിം ആത്മീയസാന്നിധ്യത്തെ ഉയർത്തിക്കാട്ടാനുള്ള ശ്രമമായി നൈജാമലിയെ വായിക്കാം.

അങ്ങനെ നോക്കുമ്പോൾ ഖസാക്കിന്റെ ഇതിഹാസം മുസ്ലിം ജീവിതത്തെ ചരിത്രപരവും,സാമൂഹ്യവുമായ നിരാകരണത്തിലൂടെ “ബുദ്ധിശൂന്യമിത്തിലേക്ക് ” മൊഴിമാറ്റുന്നു. പച്ചമനുഷ്യനിൽ നിന്ന് അസ്വാഭാവിക ആത്മീയചിഹ്നമാക്കി അപഹസിക്കുന്നു. ഈ പ്രക്രിയയിൽ സഹാനുഭൂതി പോലും വസ്തുവൽക്കരണത്തിന്റെ രൂപം സ്വീകരിക്കുന്നു.

Mohanlal portraying Allaapicha Mollaakka in the dramatization of the novel  'Khazaakkinte Ithihaasam' (Kadhayaattam program 2003)

ഇതേ പ്രശ്നം നോവലിന്റെ ആധുനികതയിലും കാണാം. വിജയൻ പാശ്ചാത്യ ആധുനികതയ്ക്കെതിരെ ഒരു വൈകല്പിക ആധുനികത സൃഷ്ടിക്കുന്നു. എന്നാൽ ആ വൈകല്പികത പലപ്പോഴും ചരിത്രപരമായ സാമൂഹിക വിശകലനത്തെ ഉപേക്ഷിച്ച് പൗരാണികതയിലേക്കും ആത്മീയതയിലേക്കും പിൻവാങ്ങുന്നു. വർഗം, ജാതി, ഭൂമി, ഉൽപ്പാദനം, അധികാരം തുടങ്ങിയ യാഥാതഥ്യപ്രശ്നങ്ങൾ പ്രതീകങ്ങളുടെയും,ദർശനങ്ങളുടെയും മൂടൽമഞ്ഞിൽ അപ്രത്യക്ഷമാകുന്നു.

അതിനാൽ ഖസാക്കിന്റെ ഇതിഹാസം ഒരു വിമോചന കഥാഗാത്രനോവലല്ല. അത് ഒരു മഹത്തായ ബഹു ആഖ്യാനനിർമ്മിതി മാത്രമാണ്. പക്ഷേ; അതോടൊപ്പം ചരിത്രത്തെ പുരാണമാക്കുകയും, മനുഷ്യരെ പ്രതീകങ്ങളാക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക യാന്ത്രികതയുമാണ്. അതിനാൽ മലയാളത്തിലെ അത്യന്തം വേറിട്ട നോവലെന്ന നിലയ്ക്ക് എത്ര നിശ്ശബ്ദതകൾ മറച്ചുവെയ്ക്കുന്നു എന്ന നിലയ്ക്കും ഖസാക്ക് അളക്കപ്പെടണം.

ആ നിശ്ശബ്ദതകളുടെ ഭൂപടമത്രേ;ഖസാക്കിന്റെ യഥാർത്ഥ ഇതിഹാസം!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.