15-ാം മലയാളോത്സവം ഉദ്ഘാടനവും സാംസ്കാരികോത്സവവും
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനം ആഗസ്റ്റ് 16 ന് ചെമ്പൂര് ആദര്‍ശ വിദ്യാലയത്തില്‍ വച്ച് നടക്കും. ഇതോടനുബന്ധിച്ച് ആഗസ്റ്റ് 15, 16 തിയ്യതികളിൽ കൈരളി ബുക്സ് ഒരുക്കുന്ന പുസ്തകമേളയും ചെമ്പൂര് ആദര്‍ശ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക, മുംബൈ മലയാളികളുടെ വായനാ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകപ്രദർശനവും അനുബന്ധ സാഹിത്യ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നത്.

2026 ആഗസ്റ്റ് 15 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് പുസ്തകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നോവലിസ്റ്റ് ബാലകൃഷ്ണൻ നിര്‍വ്വഹിക്കുന്നതാണ്. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കും. സാഹിത്യസപര്യയില്‍ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട നഗരത്തിലെ എഴുത്തുകാരെ വേദിയില്‍ വച്ച് മലയാള ഭാഷാ പ്രചാരണ സംഘം ആദരിക്കുന്നതാണ്. നാല് മണിക്ക് നടക്കുന്ന കവിയരങ്ങില്‍ നഗരത്തിലെ പ്രശസ്ത കവികള്‍ കവിതകള്‍ അവതരിപ്പിക്കും. ജി.വിശ്വനാഥനാണ് മോഡറേറ്റര്‍.
ആഗസ്റ്റ് 16 രാവിലെ 11 മണിക്ക് നടക്കുന്ന കഥയരങ്ങില്‍ നഗരത്തിലെ പ്രശസ്ത കഥാകൃത്തുകള്‍ കഥകള്‍ അവതരിപ്പിക്കും. ഗിരിജാവല്ലഭന്‍ മോഡറേറ്റര്‍ ആയിരിക്കും. ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന “വായനാനുഭവം” സെഷനില്‍ വായനാനുഭൂതികള്‍ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുന്നു. കണക്കൂര്‍ ആര്. സുരേഷ്കുമാര്‍ മോഡറേറ്റര്‍ ആയിരിക്കും. 3 മണി മുതല്‍ 15-ാം മലയാളോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ പി.സുരേന്ദ്രന് 15-ാം മലയാളോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത നിരൂപകനും ചരിത്രകാരനുമായ സജി അബ്രഹാം വിശിഷ്ടാതിഥിയായിരിക്കും. തദവസരത്തില്‍, മലയാളം മിഷന്റെ നീലക്കുറിഞ്ഞി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികളെയും മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്കൂളുകളില്‍ മലയാളം ഒരു വിഷയമായെടുത്ത് ഈ വര്‍ഷം എസ്.എസ്.സിയില്‍ വിജയിച്ച വിദ്യാര്‍ഥികളെയും കെ.പി.ഇ.എസിന്റെ സഹകരണത്തോടെ ആദരിക്കുന്നുണ്ട്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വൈകീട്ട് 6 മണി മുതല്‍ “പുസ്തക പ്രസിദ്ധീകരണം – എപ്പോൾ? എങ്ങനെ?” എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടായിരിക്കും. കൈരളി ബുക്സ് ഈ വിഷയത്തില്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. രാത്രി 8 മണിക്ക് പുസ്തകമേള സമാപിക്കും. ഡിസി ബുക്സ്, മാതൃഭൂമി, ചിന്ത പബ്ലിഷേഴ്സ്, ഗ്രീൻ ബുക്സ്, കറന്റ് ബുക്സ്, കൈരളി തുടങ്ങി മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ മികച്ച കൃതികൾ പ്രദർശനത്തില്‍ വിൽപ്പനയ്ക്കായി ഒരുക്കുന്നുണ്ട്. മലയാളം പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിൽ പെട്ടവർക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന പുസ്തകശേഖരം പ്രദർശനത്തിൽ ലഭ്യമായിരിക്കും.

കവിയരങ്ങ്, കഥയരങ്ങ്, വായനാനുഭവം എന്നീ സെഷനുകളില്‍ രചനകളും അനുഭവങ്ങളും അവതരിപ്പിക്കാന്‍ താല്പര്യപ്പെടുന്നവര് 9969278684, 9869443902 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
സന്ദീപ് വര്‍മ്മ (പ്രസിഡന്റ് )
റീന സന്തോഷ് (ജനറല്‍ സെക്രട്ടറി)
രാജന് നായര്‍ (ട്രഷറര്‍)

മലയാള ഭാഷാ പ്രചാരണ സംഘം, മുംബൈ
മുംബൈ മലയാളികളിലെ പുതുതലമുറയില്‍ പെട്ടവര്‍ മലയാളത്തില്‍ സംസാരിക്കുന്നത് നാണക്കേടായി കരുതുകയും, മലയാളം പഠിച്ചിട്ട് എന്താണ് പ്രയോജനമാണ് എന്ന സംശയം മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. മലയാളി സംഘടനാ രംഗം പൊങ്ങച്ചങ്ങള്‍ക്കും, ആഡംബര പ്രദര്‍ശനങ്ങള്‍ക്കും വഴിമാറുന്നുവോ എന്ന ഉത്കണഠയും വളര്‍ന്നു വന്നിരുന്നു. ആ പശ്ചാത്തലത്തിലാണ് 2006 ല്‍ വസായിയില്‍ കേരളപ്പിറവിയുടെ 50 ആം വാര്‍ഷികവുമായി ബന്ധപെട്ട് ആദ്യ മുംബൈ മലയാളഭാഷാ സമ്മേളനം നടന്നത്. മുംബൈ മലയാളത്തെ രക്ഷപ്പെടുത്താന്‍ പുതിയൊരു ഭാഷ പ്രസ്ഥാനം എന്ന ആശയത്തില്‍ ഏകാഭിപ്രായമാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പങ്കുവെച്ചത്.

ഈ സമ്മേളനത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജത്തിന്റെ കരുത്തില്‍ പിന്നീട് പല സ്ഥലങ്ങളിലും സെമിനാറുകളും, ഭാഷ സമ്മേളനങ്ങളും സംഘടിപ്പിച്ച് മലയാള ഭാഷാ പ്രചാരണ സമിതികള്‍ക്ക് രൂപം നല്കി. കുട്ടികള്‍ക്കായി കേരളത്തില്‍ നിന്നും വിദഗധരെ പങ്കെടുപ്പിച്ചുകൊണ്ട് നാടക കളരികള്‍ സംഘടിപ്പിച്ചു. കുട്ടികളും, മുതിര്‍ന്നവരും തുടങ്ങി മുഴുവന്‍ ഭാഷാ സ്നേഹികളും ഈ പ്രവര്‍ത്തനങ്ങളെ നിറഞ്ഞ സ്നേഹത്തോടും സന്തോഷത്തോടും കൂടി ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് മുംബൈ നഗരം കണ്ടത്. തുടര്‍ന്ന് ഈ ഭാഷാ പ്രചാരണ സമിതികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ”മലയാള ഭാഷാ പ്രചാരണ സംഘം” എന്ന സംഘടന 2011 ല്‍ രൂപികരിക്കുകയും ചെയ്തു.
മുംബൈ മലയാളിക്ക്, മലയാളം അന്യമാകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഐക്യ കേരള രൂപീകരണത്തിലും, നവോത്ഥാന പ്രവര്‍ത്തങ്ങളിലൂടെയും, പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും കേരളം നേടിയെടുത്ത സാമൂഹ്യ, രാഷ്ട്രീയ പുരോഗതികളിലും മലയാളം വഹിച്ച പങ്കിനെക്കുറിച്ചുള്ള അറിവ് ചോര്‍ന്നു പോകാതെ പുതു തലമുറയ്ക്ക് കൈമാറുക എന്ന ദൗത്യവും മലയാള ഭാഷാ പ്രചാരണ സംഘം ഏറ്റെടുക്കുന്നു. അത്തരം ബോധപൂര്‍വമായ ഇടപെടലുകളിലൂടെ നവോത്ഥാന കേരളത്തിന്റെ പിന്തുടര്ച്ച അവകാശപ്പെടാന്‍ കഴിയും വിധം ഒരു സാംസ്കാരിക പ്രസ്ഥാനമായി വളരാന്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
മലയാള ഭാഷയുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തങ്ങളില്‍ കര്‍മ്മ നിരതരാകുമ്പോള്‍ തന്നെ എല്ലാ ഭാഷകള്‍ക്കും അതിന്റെ പ്രാധാന്യമുണ്ടെന്നും അവയോരോന്നും സംരക്ഷിക്കേണ്ടത് അവ ചേര്‍ന്ന് കിടക്കുന്ന ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന് അനിവാര്യമാണെന്ന ഉത്തമ ബോധ്യം പ്രചാരണ സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട്. മാതൃ ഭാഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം കേവലം ഭാഷാ പ്രവത്തനം മാത്രമല്ലെന്നും അതു സമൂഹത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം കൂടിയാണെന്ന തിരിച്ചറിവും കാത്തുസൂക്ഷിക്കുന്നു. അതിനാല്‍ നീതിരാഹിത്യത്തിനും അസമത്വത്തിനും എതിരായുള്ള ഇടപെടലുകള്‍ കൂടി ചേരുമ്പോള്‍ മാത്രമാണ് മലയാള ഭാഷയെ പരിപോഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുന്നത്. ജാതി-മത-പ്രായ-ലിംഗ-ജ്ഞാന വ്യത്യാസങ്ങള്‍ തീര്‍ക്കുന്ന അതിര് വരമ്പുകളെ ഭേദിച്ച് സമത്വത്തിന്റെ പുലരികള്‍ സ്വപ്നം കണ്ടാണ് മലയാള ഭാഷാ പ്രചാരണ സംഘം പ്രവര്‍ത്തിക്കുന്നത്.

സംഘടന ചട്ടക്കൂട്
ദഹാനു, അംബര്‍നാഥ്, ഖൊപോളി എന്നീ അതിരുകള്‍ക്കുള്ളിലാണ് പ്രധാന പ്രവര്‍ത്തന മേഖല. മുംബൈ, താന, നവി-മുംബൈ, പാല്‍ഘര്‍ എന്നീ പ്രദേശങ്ങളെ പത്ത് മേഖലകളായി തിരിച്ച് ഓരോ മേഖല കമ്മറ്റികളും, മേഖല പ്രതിനിധികള്‍ അടങ്ങിയ കേന്ദ്ര നിര്‍വാഹകസമിതിയും പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. മൂന്നു വര്‍ഷമാണ് ഒരു കമ്മറ്റിയുടെ കാലവധി. മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സമ്മേളനമാണ് കേന്ദ്ര കമ്മറ്റിയെ തിരഞ്ഞെടുക്കുന്നത്. 18 വയസ്സിനു മേല്‍ പ്രായമുള്ള മലയാളം അറിയാവുന്ന, സംഘടന ലക്ഷ്യങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും അംഗമാകാം. ഓരോ വര്‍ഷവും 10 രൂപ ഫീസ് നല്കി അംഗത്വം പുതുക്കേണ്ടതാണ്.
പ്രധാന പ്രവര്‍ത്തനങ്ങള്‍
1. ആധുനിക മലയാളി സമൂഹത്തിന്റെ ആശയധാരകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നു.
2. സ്ത്രീകളോടുള്ള വിവേചനത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ആശയപ്രചരണം നടത്തുന്നതോടൊപ്പം സ്ത്രീകളെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
3. 2012 മുതല്‍ മുംബൈ മലയാളികള്‍ നെഞ്ചിലെറ്റിയ ”മലയാളോത്സവം” കൂടുതല്‍ പങ്കാളിത്തത്തോടും കൃത്യതയോടും ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സ്ക്കൂള് യുവജനോത്സവത്തിന്റെ മാതൃകയില്‍ മേഖലാതലത്തില്‍ മത്സരങ്ങള്‍ നടത്തി, അതിലെ വിജയികള്‍ കേന്ദ്ര തല മത്സരത്തില്‍ മാറ്റുരക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസക്കാലം നീണ്ടു നില്ക്കുന്ന ഒരു ജനകീയ മഹോത്സവം തന്നെയാണ് മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം എന്നറിയപ്പെടുന്ന മലയാളോത്സവം. കേരളീയ കലകളിലും, ഗാന ശാഖകളിലും, ചിത്രകലയിലും, നാടകത്തിലും സാഹിത്യശാഖകളിലും മത്സരങ്ങള്‍ നടത്തി, വിജയികളെ പുരസ്കാരം നല്കി ആദരിക്കുന്നു.
4. മുംബൈ മലയാളികളുടെ ആശയ സംവേദനത്തിന് ഉപകരിക്കുന്നതിനും സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ”കേരളം വളരുന്നു” എന്ന പേരില്‍ ഒരു മുഖപത്രം മലയാള ഭാഷാ പ്രചാരണ സംഘം പ്രസിദ്ധീകരിക്കുണ്ട്.
5. സമകാലീന പ്രശ്നങ്ങളെ ഗൌരവത്തിലെടുത്ത് മലയാളികളില്‍ അവബോധമുണ്ടാക്കനുതകുന്ന തരത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു.
6. വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നാടക കളരികളും സാഹിത്യ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.
മലയാള ഭാഷാ പ്രചാരണ സംഘം – മുന്‍ ഭാരവാഹികള്‍
2025 – 2027
സന്ദീപ് വര്‍മ്മ (പ്രസിഡന്റ് ), 9833177220
റീന സന്തോഷ് (ജനറല്‍ സെക്രട്ടറി), 9892690978
രാജന് നായര്‍ (ട്രഷറര്‍) 9920467348
2022-25
റീന സന്തോഷ് (പ്രസിഡന്റ് )
രാജന് പി. നായര്‍ (ജനറല്‍ സെക്രട്ടറി)
പി. രാമചന്ദ്രന് (ട്രഷറര്‍)
2018-2022
റീന സന്തോഷ് (പ്രസിഡന്റ് )
എം.കെ.ജീവരാജന് (ജനറല്‍ സെക്രട്ടറി)
രാജന് പി. നായര്‍ (ട്രഷറര്‍ )
2015-2018
ബിന്ദു ജയന് (പ്രസിഡന്റ് )
ആര്.ഡി.ഹരികുമാര്‍ (ജനറല്‍ സെക്രട്ടറി)
കെ.പവിത്രന് (ട്രഷറര്‍)
2012 – 2015
ടി.കെ.ബാബുരാജ് (പ്രസിഡന്റ്)
ആര്.ഡി.ഹരികുമാര്‍ (ജനറല്‍ സെക്രട്ടറി)
കെ.പവിത്രന് (ട്രഷറര്‍)







No Comments yet!