ഭാഗം 3
‘മാധവറാവുവിന്റെ ഭരണം വരുത്തിയ മാറ്റങ്ങളുടെ വിലമതിക്കുന്നതിന് തിരുവനന്തപുരം രാജധാനിയെ അഭിവീക്ഷണംചെയ്യുന്നത് പ്രയോജനകരമായിരിക്കും. 1865-നും 1873-നും മദ്ധ്യേ പൊതുമരാമത്തു വകുപ്പ് മൂന്ന് ഉന്നത പബ്ലിക്കെട്ടിടങ്ങൾ നിർമിച്ചു- 1865-ൽ ജനറൽ ആശുപത്രിയും, 1867-ൽ പബ്ലിക് ആഫീസും, 1873-ൽ മഹാരാജാസ് കോളജും. ഈ സ്ഥാപനങ്ങൾ തിരുവനന്തപുരത്തെ, അജ്ഞാതമായ ഒരു ക്ഷേത്രനഗരത്തിൻ്റെ നിലയിൽനിന്നും ഒരു രാജധാനിയെ സംബന്ധിച്ച വിക്ടോറിയൻ ആശയത്തോടു കൂടുതൽ അടുപ്പിക്കുന്ന ഒന്നാക്കി മാറ്റി… സമുദ്രത്തിൽനിന്ന് ഒന്നുരണ്ടുമൈൽ അകലെ ഒരു കുഴിഞ്ഞ പ്രദേശത്തെ സമതലത്തിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റുമായി അടുക്കും മറയുമില്ലാതെ കൂടിക്കിടന്നതായിരുന്നു പഴയ തിരുവനന്തപുരം. ഒത്തമദ്ധ്യത്തിൽ ക്ഷേത്രത്തോടുകൂടിയ കോട്ടയ്ക്കുള്ളിൽ, മഹാരാജാവിന്റെ കൊട്ടാരവും, കച്ചേരികളും തമിഴ്‌നാട്ടിൽ കാണുന്ന മാതിരി ബ്രാഹ്മണരുടെ ഒരു അഗ്രഹാരവും ഉണ്ടായിരുന്നു. സവർണ്ണ ഹിന്ദുക്കൾക്കേ അന്നു കോട്ടയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു. കോട്ടയ്ക്കു വെളിയിൽ പടിഞ്ഞാറോട്ടു സമുദ്രതീരം വരെയും കിഴക്കോട്ട് കരമനയാറുവരെയും നീണ്ടുകിടന്നിരുന്ന തെങ്ങിൻതോപ്പുകളോടുകൂടിയ നിരന്ന പ്രദേശത്തായിരുന്നു നായർ തറവാടുകളും ചില ബ്രാഹ്മണോദ്യോഗസ്ഥന്മാരുടെ മഠങ്ങളും മഹാരാജാവിന്റെയും ഇളമുറരാജാക്കന്മാരുടെയും അമ്മവീടുകളും സ്ഥിതി ചെയ്‌തിരുന്നത്…’ പത്തൊമ്പതാംനൂറ്റാണ്ടിലെ തിരുവനന്തരപുരം നഗരത്തെക്കുറിച്ചുള്ള റോബിൻ ജഫ്രിയുടെ ഈ വിവരണത്തിൽ അക്കാലത്തെ കേരളത്തിന്റെ നഗരരൂപീകരണത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കൂട്ടമായി സവർണർ താമസിക്കുകയും അതിൽനിന്ന് മാറി വളരെ ദൂരെയായി അവർണർ താമസിക്കുകയും ചെയ്യുന്ന ജാതിയടിസ്ഥാനപ്പെട്ട സ്ഥലവിഭജനമാണ് കേരളത്തിൽ ഫ്യൂഡൽകാലത്ത് നിലനിന്നതെന്നും ബ്രിട്ടീഷുകാർ വന്ന് റോഡുകളും പബ്ലിക് കെട്ടിടങ്ങളും മറ്റും വ്യാപകമായി പണിതപ്പോഴാണ് ജാതിവ്യവസ്ഥയെ റദ്ദാക്കി നഗരങ്ങൾ രൂപംകൊണ്ടതെന്നുമാണ് ഈ ചരിത്രത്തിന്റെ ചുരുക്കം. ഇതാണ് കേരളത്തിന്റെ ആധുനികതയുടെ കാതലായ ഭാഗം. ജാതിപരമായി വിന്യസിക്കപ്പെട്ടിരുന്ന സ്ഥലങ്ങളെ ആധുനികതയുടെ യുക്തിയിൽ മാറ്റിയെടുത്ത് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നതാക്കിയെന്നതാണ് ഇക്കാലത്തു നടന്നത്.
സ്ഥലത്തിന്റെ ജാതിയും ഗ്രാമവും
ബ്രഹ്മസ്വം, ദേവസ്വം, ചേരിക്കൽ ഭൂമി എന്നിങ്ങനെ വിഭജിതമായികിടന്നിരുന്ന കേരളത്തിലെ ഭൂമി ജാതിപരമായിട്ടുള്ള വിഭജനം മാത്രമല്ല മറിച്ച് ശുദ്ധാശുദ്ധിനിയമങ്ങൾക്കകത്തുമാണ് നിലനിന്നിരുന്നത്. സവർണരുടെ പ്രദേശങ്ങളിൽ കീഴാളർക്കു പ്രവേശിക്കാനാവുമായിരുന്നില്ല. കേവലം കുറച്ചാചാരങ്ങളുടെ കൂട്ടമെന്നതിനപ്പുറം സ്ഥലം, വീട്, ഭരണക്രമം തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും ജാതിപരമായി ചിട്ടപ്പെടുത്തിയ ക്രമമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥ. കൊളോണിയൽകാലത്ത് ജാതി ചോദ്യംചെയ്യപ്പെട്ടപ്പോൾ സ്ഥലത്തിന്റെ മേലെ നിന്ന ജാതികൂടി തകർക്കപ്പെട്ടു. വൈക്കം- ഗുരുവായൂർ സത്യാഗ്രഹങ്ങൾ സ്ഥലത്തിനുമേലെ നിലനിന്ന ജാതിബോധത്തിനെതിരെ നടന്ന സമരമായിരുന്നു. അതിലൂടെ കീഴാളർ ബ്രാഹ്മണവല്കരിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നു. കേരളത്തിൽ ഇരുപതാംനൂറ്റാണ്ടിൽനടന്ന ജന്മിത്വവിരുദ്ധസമരങ്ങളും കാർഷികസമരങ്ങളും ഭൂമിയിന്മേലുള്ള ജാതിയുടെ അവകാശങ്ങളെ റദ്ദാക്കുകയും എല്ലാവർക്കും ലഭ്യമാകുന്ന സ്ഥലസങ്കല്പത്തെ നിർമിക്കുകയുമായിരുന്നു. കേരളത്തിലെ ആദ്യസർക്കാരിന്റെ ഭൂപരിഷ്കരണം ഇതിന്റെ ശക്തമായ ചുവടുവയ്പ്പായിരുന്നു. ജാതിയും ബ്രാഹ്മണ്യവുമല്ല സർക്കാരാണ് ഭൂമിയുടെ മേലുള്ള പ്രധാനപ്പെട്ട അധികാരിയെന്നുളള പ്രഖ്യാപനമാണ് അതിന്റെ കാതൽ. ജാതികേന്ദ്രീകൃതമായിരുന്ന സ്ഥലത്തെ കൊളോണിയലിസവും ഭൂപരിഷ്കരണവും മാറ്റിത്തീർത്തുവെങ്കിൽ എഴുപതുകളിൽ വ്യാപകമാകുന്ന ഗൾഫ് പണം ആ പ്രക്രിയയെ വളരെവേഗം വലിയതോതിലുള്ള വസ്തുക്കച്ചവടത്തിലേക്കു നയിച്ച് സ്ഥലസങ്കല്പങ്ങളാകെ റദ്ദാക്കുന്നു. ഈ കാലത്താണ് ഉദാത്തവല്കരിക്കപ്പെട്ട കേരളീയഗ്രാമവും സംസകാരവും ഉടയുന്നത്. മൂന്നുതലത്തിലുള്ള മാറ്റങ്ങളായാണ് ഇത് പ്രത്യക്ഷപ്പെട്ടത്. 1) സ്ഥലത്തിന്മേലുളള ജാതിപദവി റദ്ദാക്കപ്പെടുമ്പോൾ റോഡ് പാലം നിർമാണങ്ങൾ പോലുള്ളവ ശക്തിപ്പെടുന്നു. അങ്ങനെ കേരളത്തിൽ വ്യാപകമായി കോൺക്രീറ്റ് പാലങ്ങളും ടാറിട്ട റോഡുകളും വരുന്നു. 2) ജാതിപരമായി തച്ചാശാരിമാരെ കേന്ദ്രീകരിച്ചു നിലനിന്ന വീടുനിർമ്മാണവും മറ്റും കോൺക്രീറ്റ് പ്രധാനമാകുന്ന നിർമാണത്തിലേക്ക് മാറുന്നു. ഭിത്തിക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള നിർമാണമായിരുന്നു ആദ്യകാലത്തെങ്കിൽ കോൺക്രീറ്റ് ബീമുകളിൽ ബഹുനിലകെട്ടിടങ്ങൾ താങ്ങിനിർത്തുന്ന സാങ്കേതികവിദ്യ വർദ്ധിക്കുകയും കോൺക്രീറ്റിന് പ്രാധാന്യം കൂടുകയും ചെയ്യുന്നു. ഇവിടേക്കാണ് വിവിധ നിർമ്മാണകമ്പനികൾ കടന്നുവരുന്നത്. 3) വ്യക്തികൾ ആവശ്യങ്ങൾക്കനുസരിച്ച് ചുരുങ്ങിയതോതിൽ നടത്തിയിരുന്ന വസ്തുക്കച്ചവടം കമ്പനികൾ വലിയ തോതിൽ നടത്തുന്ന ഇടപാടാകുന്നു. ഏതുസ്ഥലവും വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിലൂടെ പണത്തിനു മുൻതൂക്കമുള്ള കച്ചവടമായി ഭൂമിവില്പന മാറുന്നു.
കേരളത്തിന്റെ ഒരു പ്രദേശത്ത് സാമൂഹികപരിണാമം നടക്കുന്നത് പോലെയാണ് സിനിമയിൽ ദേശത്തിന്റെയും അതിന്റെ പരിണാമങ്ങളെയും ചിത്രീകരിക്കുന്നത് . ഏഴിലക്കര ദേശത്തിന്റെ വർത്തമാനകാല ജീവിതവും അതിൽ രണ്ട് തറവാടുകൾ വഹിക്കുന്ന പങ്കും ക്ഷേത്രസംസ്കാരവുമാണ് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. നദികളാൽ ചുറ്റപ്പെട്ട ഒരു കേരളീയ ഗ്രാമമാണ് ഈ പ്രദേശം. സിനിമ തുടങ്ങുന്നത് തന്നെ നദിയിലൂടെ വള്ളത്തിൽ മുണ്ടക്കൽ ക്ഷേത്രത്തിലേക്കുള്ള പഞ്ചവാദ്യക്കാർ വരുന്നത് കാണിച്ചുകൊണ്ടാണ്. പാലം പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങിയിട്ടില്ല എന്നർത്ഥം. അതായത് ആധുനികതയുടെ വിവിധ രൂപങ്ങൾ ആ ഗ്രാമത്തിൽ വന്നിട്ടുണ്ടെങ്കിലും കോൺക്രീറ്റ് നിർമിതികളും മറ്റും വ്യാപകമായി തുടങ്ങിയിട്ടില്ല എന്നാണ് ദൃശ്യമാക്കുന്ന ഗ്രാമചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ആ ഗ്രാമം ഏതാണ്ട് ഒരു ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തിലെ കേരളീയ ഗ്രാമപ്രകൃതിയാണ് ചിത്രീകരിക്കുന്നത്. പാലമില്ലാതെ കടത്തിലൂടെ ഗ്രാമത്തിലേക്ക് ആൾക്കാർ വരുന്നു എന്നുള്ള ദൃശ്യവല്കരണം വലിയതോതിലുള്ള വികസനമോ മറ്റോ ആ ഗ്രാമത്തിലേക്ക് വന്നിട്ടില്ല എന്നുള്ളത് സൂചിപ്പിക്കുന്നു.

ദേവാസുരത്തിന്റെ ഭൂപ്രകൃതിയിൽ നദി കഴിഞ്ഞാൽ പിന്നീട് വരുന്നത് പാടം നിറഞ്ഞ പ്രദേശമാണ്. ഏറിയപങ്കും മംഗലശ്ശേരി തറവാടും ക്ഷേത്രവും കാണിക്കുന്ന സിനിമയിൽ പുറംപ്രദേശങ്ങൾ കാണിക്കുന്നത് വളരെ കുറവാണ്. ഭാനുമതിയും അച്ഛനും ആദ്യമായി വീട്ടിലേക്ക് നടന്നുവരുന്ന രംഗത്ത് ആ പ്രദേശത്തിലെ പാടം കാണിക്കുന്നത് പുലയർ പാട്ടുപാടിക്കൊണ്ട് വെള്ളംതേകുന്ന ദൃശ്യത്തിൽ നിന്നാണ്. ഇവിടെ വിശാലമായ പാടവും അതിന്റെ സമീപത്ത് വീടുകളും കാണാം. പാടത്തിനു കുറുകെയും നേടുകയും വരമ്പുകൾ നടക്കാവുന്ന റോഡുകളായിട്ടുണ്ട്. പിന്നീട് ഭാനുമതിയെ തിരക്കി നീലകണ്ഠന്റെ സഹായികൾ വീട്ടിലേക്ക് വരുന്ന രംഗത്തും പാടങ്ങളും വരമ്പും കാണാം. സിനിമയുടെ കാലഘട്ടത്തിൽ ഏഴിലക്കര പ്രദേശത്ത് വിശാലമായ പാടങ്ങളും അതിൽ കൃഷിചെയ്തുപജീവനം കഴിക്കുന്ന ജനങ്ങളും ഉണ്ടായിരുന്നു. ഈ പാടങ്ങളിൽ ഏറിയപങ്കും മംഗലശ്ശേരി പോലുള്ള തറവാടുകളുടെ ഭൂമിയാണെന്നുമുള്ള സൂചന അതിലുണ്ട്.
പാടങ്ങളുടെ വരമ്പത്തുകൂടെയാണ് ഏഴിലക്കരയിലെ മൺറോഡുകൾ പോകുന്നത് എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ജനസംഖ്യ കൂടുകയും മനുഷ്യർ വലിയ വീടുകളും മറ്റും വയ്ക്കുകയും വാഹനങ്ങൾ വാങ്ങുകയും ചെയ്യുന്ന കാലമായ അന്ന് ഈ വരമ്പുകൾ വലിയ റോഡുകളായി പരണമിക്കുന്ന ഘട്ടത്തിലാണെന്നു കാണാം. റോഡുകളുടെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത് ഒട്ടുംതന്നെ നാഗരികതയോ നിർമാണമോ നടക്കാത്ത മനുഷ്യർ നടന്നുണ്ടാകുന്ന വഴികളാണ് അവിടെന്നാണ്. ടാറിട്ട റോഡുകൾ കാണുന്നത് ഏഴിലക്കരയിലെ കവലയിലാണ്. വതടി കൊണ്ടുള്ള മുകളിൽ ആസ്ബറ്റോസ് പാകിയ കുറച്ചു കടകളും ഓലമേഞ്ഞ കടകളുമാണ് ടൗണിലുള്ളത്. കോൺക്രീറ്റ് നിർമിതികൾ കാര്യമായി ഇല്ലാത്ത ഒരു പ്രാചീന ഗ്രാമസങ്കൽപമാണ് ഏഴിലക്കര എന്നു പറയുന്ന പ്രദേശത്ത് കാണാൻ കഴിയുന്നത്. പോലീസിന്റെയും മറ്റും സാന്നിധ്യമാണ് അവിടുത്തെ ആധുനികതയെന്നു പറയുന്നത്.
കഥ പ്രധാനമായും നടക്കുന്നത് മംഗലശ്ശേരി തറവാട്ടിലാണ് ഈ തറവാട്ടിലേക്ക് എത്തിച്ചേരാൻ രണ്ടു വഴികളാണുള്ളത്. പൂമുഖത്തിന് നേരെ എതിർവശത്തുള്ള പടിപ്പുരയുടെ മുന്നിലൂടെയുള്ള മൺവഴിയാണ് ആദ്യത്തേത്. വാഹനങ്ങൾ എത്താനുള്ള പടിപ്പുരയ്ക്ക് എതിർവശത്തുള്ള വഴിയാണ് രണ്ടാമത്തേത്. കേരളത്തിൽ ടാക്സി സ്വകാര്യ വാഹനങ്ങൾ ഒക്കെ വീടുകളിലേക്ക് എത്താൻ തുടങ്ങിയത് 1950 കൾക്ക് ശേഷമാവണം. സാധാരണയായി വലിയ തറവാടുകളിൽ പടിപ്പുരയും പടിപ്പുരയിലൂടെ നടന്നെത്തുന്ന സംവിധാനങ്ങളുമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കാറും മറ്റു വാഹനങ്ങളും എത്താൻ തുടങ്ങിയതോടെയാണ് അകത്തേക്ക് വാഹനങ്ങൾ എത്തിക്കുന്ന വിധത്തിൽ വഴികൾ പണിയാൻ തുടങ്ങിയത്. ഇത് ശക്തമായത് ഗൾഫ് പ്രവാസം മൂലം വീടുകളിൽ വാഹനങ്ങൾ വാങ്ങാൻ തുടങ്ങിയതോടുകൂടിയാണ്. ചുരുക്കത്തിൽ പരമ്പരാഗതമായ ഗ്രാമഭൂപ്രകൃതിയെ നിലനിർത്തുന്ന ഏഴിലക്കര പ്രദേശത്ത് സൂക്ഷ്മമായ രീതിയിൽ പ്രവാസത്തിനു ശേഷം കേരളത്തിൽ നടക്കുന്ന ഭൗതികപരിണാമങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നു.
തറവാടുകൾ പിളരുന്നു, അടച്ചിടുന്നു
അനേകം ആളുകൾ താമസിച്ചിരുന്ന പത്തായപ്പുര അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതാണ് മംഗലശ്ശേരി തറവാട് . എന്നാൽ കഥ നടക്കുന്ന കാലഘട്ടത്തിലേക്ക് വരുമ്പോൾ ആ തറവാട്ടിൽ പത്തായപ്പുര ഏതാണ്ട് ഒഴിഞ്ഞുകിടക്കുന്നതുകാണുന്നു. നീലകണ്ഠനും വാര്യരും കഴിഞ്ഞാൽ പാചകം ചെയ്യാനുള്ള ഒരു സ്ത്രീ മാത്രമാണ് അവിടെ താമസമെന്നു കാണാം. പൂമുഖത്ത് ഇടയ്ക്കൊക്കെ ആനയെയും ഒരു ആനക്കാരനെയും കാണിക്കുന്നുണ്ടെങ്കിലും വീടിന്റെ ഘടനയുമായി അത് നിരന്തരം ബന്ധപ്പെടുന്നതായി കാണുന്നില്ല. പിന്നീടുള്ളത് നീലകണ്ഠന്റെ സഹായികളോ ഗുണ്ടാപ്പടയോ എന്ന് വിളിക്കാവുന്ന നാലുപേരാണ്. ഇതിൽ സഹായികളെ ഇടയ്ക്ക് നീലകണ്ഠൻ ഒഴിവാക്കുന്നതോടുകൂടി ആ വീട്ടിൽ അയാളും കാര്യസ്ഥൻ വാര്യരും മാത്രമാകുന്നു . അംഗങ്ങളുടെ എണ്ണത്തിലെ ഈ ശുഷ്കമാകൽ പ്രക്രിയ അകാലഘട്ടത്തിലെ എല്ലാ വലിയ തറവാടുകളിലും നിരന്തരം നടന്ന ഒന്നാണെന്നു ചരിത്രം പറയുന്നു. 1930 ന് മുമ്പുതന്നെ കേരളത്തിലെ തറവാടുകൾ ആളോഹരിഭാഗത്തിലൂടെ ചെറിയ ചെറിയ കുടുംബങ്ങളായി വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകുന്നുണ്ട്. അങ്ങനെ വലിയ തറവാടുകളിൽ താമസിക്കാൻ ആളില്ലാതാവുകയും അവക്രമേണ തകർന്നുപോകുകയും ചെയ്യുന്നതാണ് നവോത്ഥാനകാലത്തിനുശേഷം നടക്കുന്ന പരിണാമം. ആ പരിണാമത്തിന്റെ മറ്റൊരു രൂപമാണ് മംഗലശ്ശേരിയിൽ കാണുന്നത്. രണ്ടുപേർ മാത്രം താമസിക്കുന്ന തറവാട്ടിൽ അവർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വീട് അടച്ചിടേണ്ട അവസ്ഥയാണ് വരുന്നത്. അത് നീലകണ്ഠനെ ആശുപത്രിയിലാക്കുമ്പോൾ സംഭവിക്കുന്നുണ്ട്. വീട് പൂർണമായും അടച്ചിട്ട ശേഷമാണ് അവരവിടുന്ന് പോകുന്നത്. അതായത് തറവാടുകളുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു, ചെറിയ വീടുകളും ഫ്ലാറ്റുകളും മാത്രമേ മലയാളികൾക്ക് ഇനി ആവശ്യമുള്ളൂ എന്നുള്ളത് സൂചിപ്പിക്കുകയാണ് ഈ രംഗം. കേരളത്തിൽ ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും വരുന്നത് 1975 നു ശേഷമാണെന്നു കാണാം. കൊച്ചി കേന്ദ്രീകരിച്ച് രൂപപ്പെടുന്ന ഫ്ലാറ്റ് സംസ്കാരം സൃഷ്ടിക്കുന്നത് കെട്ടിട നിർമാണക്കമ്പനികളാണ്. സ്കൈ ബിൽഡേഴ്സ് പോലുള്ള കമ്പനികൾ എൺപതുകളിൽ വ്യാപകമാകുന്നുണ്ട്.
വീടുകളുടെ അടച്ചിടൽ പ്രശ്നം ആളുകൾ വീടുകളിൽ പാർക്കാതെ പുറത്തേക്കു പോകുന്നതിന്റെ സൂചന കൂടിയാണ്. അതായത് നിരന്തരം ആൾക്കാർ പുറത്തേക്കുപോകുമ്പോൾ പ്രവാസം സംഭവിക്കുമ്പോൾ ഇവിടുത്തെ വീടുകൾ ശൂന്യമാവുന്നു. ഇതാണ് ദേവാസുരത്തിൽ സൂചിപ്പിക്കപ്പെടുന്ന കേരളീയ സാമൂഹികപരിണാമത്തിന്റെ പ്രവാസതലം. കഥയുടെ ഒരു ഘട്ടത്തിൽ വീടുവിട്ട് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്ന് നീലകണ്ഠൻ പറയുന്നുണ്ട്. പരമ്പരാഗതമായി ഹിന്ദുക്കൾ പുണ്യംകിട്ടാനായി സഞ്ചരിക്കുന്ന കാശി അടക്കമുള്ള പ്രദേശങ്ങളുടെ സഞ്ചരിച്ച് താൻ ചെയ്തുപോയ പാപങ്ങൾക്ക് പരിഹാരംകാണണമെന്നാണ് അയാൾ പറയുന്നത്. അപ്പോഴും വീട് അടച്ചിടുന്ന കാര്യമാണ് വാര്യർ സൂചിപ്പിക്കുന്നത്. ഈ വീടടച്ചിടൽ കേരളീയസമൂഹത്തിൽ അക്കാലത്ത് നടന്ന പ്രവാസത്തിന്റെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരുതലത്തിൽ അത് പരമ്പരാഗതമായ തറവാടുകൾ അപ്രസക്തമാണെന്നു പറയുന്നു, മറുഭാഗത്ത് മലയാളി നാടുവിട്ടു പോകുന്നതും സൂചിപ്പിക്കുന്നു. ഈ രണ്ടു സൂചനകളും കണ്ണുചേരുന്നത് ഫ്യൂഡലിസം പൂർണമായും കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുന്നു എന്നുള്ളതാണ്.
ഗൾഫുകാരുടെ പണം നടത്തുന്ന പ്രതികാരങ്ങൾ
ഈ അപ്രത്യക്ഷമാകലിലാണ് നീലകണ്ഠന്റെ കഥാപാത്രപരിണാമം നടക്കുന്നത്. ശേഖരന്റെയും കൂട്ടരുടെയും അക്രമം നേരിട്ടശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തുന്ന നീലകണ്ഠൻ ഒരു വലിയ മാനസികപരിണാമത്തിലൂടെ കടന്നുപോകുന്നുണ്ട്. സഹായികളെയെല്ലാം ഒഴിവാക്കി തറവാട്ടിൽ ഒതുങ്ങിക്കൂടുന്നു. ഭാനുമതിയോട് മാത്രം അടുക്കുന്നു. പരിണാമത്തിനിടയിൽ ഒരിക്കൽ തന്നെ കാണാൻവന്ന ശേഖരനോട് അയാൾ പറയുന്നുണ്ട്, താൻ പഴയശീലങ്ങൾ മറക്കാൻ തുടങ്ങുകയാണെന്ന്. അതായത് നീലകണ്ഠനെന്നു പറയുന്ന വ്യക്തിക്ക് അടിയും സംഘട്ടനവും നടത്തുന്ന ഫ്യൂഡൽനാടുവഴിയായി തുടരാൻ കഴിയില്ലെന്നും പുതിയ കാലത്തിനനുസരിച്ച് അയാൾ മാറാൻ പോവുകയാണെന്നുമാണ്. കഥയുടെ ഒടുവിൽ ശേഖരണ അക്രമിച്ചു വീഴ്ത്തിയ ശേഷം ശേഖരാ തനിക്ക് സമാധാനത്തോടെ ജീവിക്കണം എന്നും അദ്ദേഹം പറയുന്നു. ഇതിനുമുമ്പ് നീലകണ്ഠൻ ജീവിച്ചത് മറ്റുള്ളവരെ ആക്രമിച്ചും കീഴടക്കിയുമാണ്. അദ്ദേഹത്തിന്റെ പാരമ്പര്യത്തിലെ ഫ്യൂഡൽ മാടമ്പിബോധത്തിന്റെ ജീവിതമായിരുന്നു അത്. എന്നാൽ ഇപ്പോഴിതാ ഭൗതികമായി കേരളത്തിൽ പുതിയൊരു ജീവിത സംസ്കാരതരംഗം കടന്നുവരുമ്പോൾ അതിന്റെ നടുവിൽ പഴയ മാടമ്പിത്തരങ്ങൾക്ക് നിലനിൽപ്പില്ലെന്നും പുതിയ സമാധാനജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലേ സാധ്യമാവുകയുള്ളൂ എന്നും പറയുകയാണ് സിനിമയുടെ അവസാനം. സമാധാനത്തോടെ ജീവിക്കണം എന്ന് പറയുമ്പോൾ പുതിയൊരു ജീവിതം എന്നതിലുപരി പുതിയകാലത്ത് സംഭവിക്കുന്ന പരിണാമങ്ങൾക്കകത്ത് ജീവിക്കണം എന്നുകൂടിയാണ് അർത്ഥം.

ദേവാസുരത്തിലെ പ്രധാനപ്പെട്ട സംഘർഷം നായകനായ നീലകണ്ഠനും വില്ലനായ ശേഖരനും തമ്മിലുള്ള വ്യക്തിപരമായ പോരാട്ടമല്ല, മറിച്ച് ഏഴിലക്കരയിൽ സംഭവിക്കുന്ന സൂക്ഷ്മമായ സാമൂഹികപരിണാമങ്ങളാണെന്നാണ് പറയേണ്ടത്. ഒരു ഗ്രാമത്തിനുള്ളിൽ പുതിയ രൂപത്തിലുള്ള മാറ്റങ്ങൾ വരുമ്പോൾ എന്തുസംഭവിക്കുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയത്തിൽ കാണേണ്ട കാര്യം. അതാണ് അവിടുത്തെ നായകന്റെയും വില്ലന്റെയും ജീവിതരീതിയും സംഘട്ടനങ്ങളെയും കൂടി നിർണയിക്കുന്നത്. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ദേവാസുരത്തിലെ പ്രധാനപ്പെട്ട കഥാപാത്രം വീരാൻകുട്ടി എന്ന മസ്കറ്റിൽ ജോലി ചെയ്യുന്ന ഗൾഫുകാരനാണ്. വീരാൻകുട്ടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് രണ്ടുതവണയാണ്. ആദ്യം കാണുന്നത്, നീലകണ്ഠന്റെ മുമ്പിൽ അദ്ദേഹത്തിന്റെ തറവാട്ടിലെ ഒരു സ്ഥലം വേണമെന്ന് പറഞ്ഞുകൊണ്ടു ചെല്ലുന്നതാണ്. അക്കാലത്ത് ഗൾഫുകാരൊക്കെ എടുത്തിരുന്ന മാരുതി ഓടിച്ചാണവിടെ അദ്ദേഹം ചെല്ലുന്നത്. താൻ വലിയ തിരക്കിലായിരുന്നുവെന്നും കാണാൻ പറ്റിയില്ലെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം നേരിട്ട് തന്നെ വസ്തുവിന്റെ കാര്യം അവതരിപ്പിക്കുന്നു അപ്പോൾ, ‘തന്റെ വീടിന്റെ പടിപ്പുര കയറാൻ പോലും പഴയകാലത്ത് തന്നെപ്പോലുള്ളവർക്ക് അധികാരം ഇല്ലായിരുന്നുവെന്നും തന്റെ പിതാവിനെ തേങ്ങമോഷണത്തിന്റെ പേരിൽ ഈ തറവാടിന്റെ മരത്തിന്മേൽ പിടിച്ചു കെട്ടിയതാണെന്നും’ നീലകണ്ഠൻ വീരാൻകുട്ടിയോട് രോഷത്തോടെ പറയുന്നു. അതുകേട്ട് പെട്ടെന്നുതന്നെ വീരാൻകുട്ടി കാറിൽ കയറി മടങ്ങിപ്പോകുന്നു. തുടർന്ന് അതിന്റെ പേരിൽ കാര്യസ്ഥൻ വാര്യരുമായി നീലകണ്ഠൻ ചെറിയ വാക്കുതർക്കം ഉണ്ടാവുന്നുണ്ട്. തറവാടിന്റെ ഭൂമിയെല്ലാം നിരന്തരം വില്ക്കുന്നത് കൊണ്ടാണ് വീരാൻകുട്ടിയെപ്പോലുള്ളവർ കടന്നുവന്നിങ്ങനെ ചോദിക്കുന്നതെന്നും അതിനോട് അവരോട് തട്ടിക്കയറിയിട്ട് കാര്യമില്ലെന്നുമാണ് വാര്യർ പറയുന്നത്. എന്നാൽ ഇനിയും വസ്തുവില്ക്കുമെന്നും അതിൽ വാരിയർ ഇടപെടേണ്ട കാര്യമില്ലെന്നും വീരാൻകുട്ടിയെപ്പോലുള്ളവർക്ക് തന്റെ വസ്തുവാങ്ങാനുള്ള യോഗ്യതിയില്ലെന്നും നീലകണ്ഠൻ തിരിച്ചടിക്കുന്നുണ്ട്. വീരാൻകുട്ടിക്ക് യോഗ്യതയില്ലെന്നുള്ള പരാമർശം, തറവാടുകളുടെ വസ്തുക്കളിന്മേലുള്ള ജാതിപദവിയാണ് സൂചിപ്പിക്കുന്നത്. അതു തകരുന്നുവെന്നതാണ് ഇവിടെ കാണുന്നത്.
തറവാടുകൾ ആർജിച്ചെടുത്ത ഭൂമിയുടെ പരിണാമമാണ്, അതായത് തറവാടുകൾക്കും അവരുടെ വിശാലമായ ഭൂമികൾക്കും പുതിയകാലത്ത് മറ്റൊരു ജീവിതം സംഭവിക്കുന്നുവെന്ന് പറയുകയാണിവിടെ. ആ പരിണാമം പുതുതായി പണംനേടുന്ന പണക്കാർ ഭൂമിയെല്ലാം വാങ്ങിക്കൂട്ടി മറ്റൊന്നായി മാറ്റുന്നതിലൂടെയാണ് സംഭവിക്കുന്നത് . ഫ്യൂഡൽകാലത്ത് ഭൂമി തറവാടുകളുടെ ഉത്പാദനത്തിന്റെ കേന്ദ്രമായിരുന്നു. നെൽകൃഷി ചെയ്ത് പത്തായത്തിൽ കൂട്ടിയിട്ട് കഴിയുക എന്നുള്ളതായിരുന്നു പ്രധാനമായും കേരളത്തിലെ തറവാടുകളുടെ ജീവിതരീതി. കൊളോണിയലിസത്തോടുകൂടിയാണ് കൂലിയും ശമ്പളവും വരുന്നതും വിപണികൾ സജീവമാകുന്നതും. അങ്ങനെ വീട്ടിൽ ഭൂമിയിൽ ഉൽപാദനം നടത്തിയില്ലെങ്കിലും മറ്റിടങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങി ജീവിക്കാം എന്നുള്ള ചിന്ത വ്യാപകമായി. അങ്ങനെയാണ് കേരളം ഉല്പാദനമില്ലാതെ ഉദ്യോഗത്തിന് പ്രാധാന്യം നൽകുന്ന സമൂഹമായി മാറിയതെന്നാണ് ചരിത്രം. ഇത് വിപുലമാകുന്നത് ഗൾഫ്പണത്തിലൂടെയാണ്.
കൊച്ചി എയർപോർട്ടും റിയൽ എസ്റ്റേറ്റ് കച്ചവടവും
ഉൽപാദനത്തിന്റെ അടിസ്ഥാനമായ ഭൂമി പുതിയകാലത്ത് അതിന്റെ ഫ്യൂഡൽ ദൈവികബന്ധങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ട വിപണിയിലെ ഒരു വസ്തുവായി മാറുന്നു. കാശുള്ളവർക്ക് പണം കൊടുത്തു ഭൂമി വാങ്ങിക്കുകയും അതു തരംപോലെ ഉൽപ്പന്നങ്ങളാക്കി മാറ്റി വിൽക്കുകയും ചെയ്യാവുന്ന അവസ്ഥ. ഇങ്ങനെയാണ് കേരളത്തിൽ വസ്തുക്കച്ചവടത്തിന്റെ പുതിയരൂപം റിയൽ എസ്റ്റേറ്റ് കച്ചവടമായി രൂപം കൊള്ളുന്നത്. ഗൾഫിൽനിന്ന് ധാരാളമായി പണം നേടിയവർ ഉണ്ടായപ്പോൾ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വീടുവയ്ക്കാനും മറ്റു നിർമാണങ്ങൾക്കുമായി ഭൂമി ആവശ്യമായി വന്നപ്പോഴാണ് കേരളത്തിൽ തൊണ്ണൂറുകളോടുകൂടി റിയൽ എസ്റ്റേറ്റ് കച്ചവടം വ്യാപകമാകുന്നത്. കേരളത്തിന്റെ വ്യവസായചരിത്രത്തിലും മറ്റും നിർണായകമായ ഒരു സ്ഥാനം 1993 ന് ഉണ്ടെന്നു കാണാം ആ വർഷമാണ് കേരളത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കിയ, കൊച്ചിയെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ കൊച്ചി എയർപോർട്ടിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 1993ൽ ആരംഭിച്ചുവെങ്കിലും ഏതാനും വർഷംകൂടി കഴിഞ്ഞാണ് അത് വികസിതരൂപത്തിലേക്ക് എത്തുന്നത്. എയർപോർട്ടിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ട് കൊച്ചി കേന്ദ്രമാക്കിക്കൊണ്ട് വലിയതോതിൽ കെട്ടിടനിർമ്മാണങ്ങളും മറ്റും ആരംഭിക്കുന്നത് ഇക്കാലത്താണ്. അതിന് വലിയതോതിൽ ഭൂമി ആവശ്യമായിരുന്നു. അങ്ങനെ ഭൂമി വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ കൊച്ചിയിലും സമീപപ്രദേശങ്ങളിലും വ്യാപകമാകുന്നു. അതോടെ ഭൂമിക്ക് വില വർധിക്കുന്നു. ഇങ്ങനെ റിയൽ എസ്റ്റേറ്റ് കച്ചവടം കേരളത്തിന്റെ ഗ്രാമീണഭൂപടത്തെ പൂർണമായും ഇല്ലാതാക്കി നഗരവൽക്കരണത്തിലേക്ക് കൊണ്ടുപോകുന്നതായിക്കാണാം. ഏതുസ്ഥലവും വാങ്ങാനും വിൽക്കാനുമാകുന്ന ആശയം അതിനുവേണ്ടി ആൾക്കാരെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് സ്ഥലത്തിന്റെമേൽ കാലങ്ങളായി നിന്നിരുന്ന ഗ്രാമീണതയുടെയും ദൈവികതയുടെയും പാരമ്പര്യത്തിന്റെയും എല്ലാ രൂപഭാവങ്ങളെയും എടുത്തുകളഞ്ഞു. 1993 ന് ശേഷം വരുന്ന മിക്ക സിനിമകളിലും ഭൂമിവില്പന പ്രധാന പ്രമേയമായി വരുന്നതുകാണാം. 1997 ൽ ഇറങ്ങിയ ആറാംതമ്പുരാനിലെ വിഷയവും തറവാടുവില്പനയാണെന്നത് ശ്രദ്ധിക്കണം. മുംബൈയിലും മറ്റും ബിസിനസ് നടത്തുന്നവർ കേരളത്തിലെത്തി സ്ഥലംവിറ്റ് പണംകണ്ടെത്തുന്നു.
വലിയ ധനാഢ്യനായിട്ടാണ് വീരാൻകുട്ടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. വീരാൻകുട്ടിയുടെ ശരീരഭാഷ പെട്ടെന്ന് പണക്കാരനായ ഒരാളെന്ന മട്ടിലല്ല, കൃത്യമായി പണം സമ്പാദിച്ച് പലതും ചെയ്യുന്ന പഴക്കം വന്ന ഒരാളെന്ന മട്ടിലാണ്. അദ്ദേഹത്തിന്റെ സാമ്പത്തികജീവിതത്തിന്റെ മൂന്ന് അടയാളങ്ങൾ പ്രകടമായിട്ടു കാണാം- കൈയിലെ മുന്തിയസിഗരറ്റുപെട്ടിയും മാരുതി കാറും രണ്ടുനിലയുള്ള കോൺക്രീറ്റ് വീടും. കേരളത്തിൽ ഗൾഫ് പണക്കാർ വ്യാപകമാക്കിയ ടിവിയും ആധുനികമായ ഇരിപ്പിടങ്ങളുമുള്ള വീടിന്റെ സ്വീകരണമുറിയിലാണ് നീലകണ്ഠനും കൂട്ടരും സ്ഥലത്തിന്റെ ഇടപാടിനായിരിക്കുന്നത്. ആ ഇടപാട് വീരാൻകുട്ടി നടത്തുന്നത് തന്റെ ചരിത്രത്തോടുള്ള പ്രതികാരം നിർവഹിക്കാനാണ്. മംഗലശ്ശേരി നീലകണ്ഠനോട് പ്രതികാരം നിർവഹിക്കുന്നതായിട്ടാണ് സിനിമയുടെ ആഖ്യാനത്തിന്റെ ഒരു ദിശ. സ്ഥലത്തിന്റെ വില വീരാൻകുട്ടി തന്നെ നിശ്ചയിക്കുകയും ആറുലക്ഷമെന്നു തീർപ്പുപറയുകയും ചെയ്യുന്നു. നീലകണ്ഠന് ആ തീരുമാനം നിസംഗതയോടെ അംഗീകരിക്കേണ്ടിവരുന്നു. മുണ്ടക്കൽ ശേഖരനും ഭാനുമതിയും നീലകണ്ഠനോട് കടുത്ത ഭാഷയിലും കായികമായും പ്രതികാരം നിർവഹിക്കുമ്പോൾ വീരാൻകുട്ടിയാകട്ടെ പണംകൊണ്ടാണ് പ്രതികാരം ചെയ്യുന്നത്. നീലകണ്ഠനാകട്ടെ തന്റെ ജാതിപദവികൊണ്ടും തറവാടിത്തംകൊണ്ടുമാണ് മറ്റുള്ളവരെ അക്രമിച്ചിരുന്നതെങ്കിൽ ഇന്നതിന് പ്രസക്തിയില്ലാതാകുന്നു. നീലകണ്ഠന് വേണ്ട കാശുനല്കാൻ അയാളുടെ ജാതിപദവിക്ക് സാധ്യമല്ലാത്തതിനാൽ അയാൾക്ക് വീരാൻകുട്ടിമാരുടെ സ്വീകരണമുറിയിൽ കാത്തിരിക്കേണ്ടിവരുന്നു.
നീലകണ്ഠനാവശ്യം രൊക്കം പണമാണെന്നുള്ള കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ആ ഗ്രാമത്തിൽ നീലകണ്ഠൻ ആവശ്യപ്പെടുന്ന പണംനൽകാൻ ആരുംതന്നെയില്ല. പരമ്പരാഗതമായി സമ്പന്നരായവരുടെ കൈയ്യിലും രൊക്കം പണമില്ല, അവരുടെ കയ്യിൽ ഭൂമിയായിട്ടും മറ്റുമാണ് വസ്തുവിന്റെ മൂല്യം സ്ഥിതിചെയ്യുന്നത്. അതേസമയം ഗൾഫുകാരുടെ കയ്യിൽ അധ്വാനിച്ചു നേടുന്ന ശമ്പളം പണമായിട്ടാണ് ഇരിക്കുന്നത്. അങ്ങനെ പണം കയ്യിലുണ്ടാവുന്നവരാണ് പണംകൊടുത്ത് മറ്റുള്ളതെല്ലാം വാങ്ങുകയും അത് വീണ്ടും മറിച്ചു വിൽക്കുകയുമൊക്കെ ചെയ്യുന്ന രീതി വ്യാപകമാക്കുന്നത്. എല്ലാ വസ്തുക്കളും ക്രയവിക്രയം നടത്തുന്ന ബിസിനസ് സംസ്കാരം ഗ്രാമങ്ങളിൽ വരെ കൊണ്ടുവരുന്നത് എന്നാണ് ദേവാസുരം പറയുന്നത്. അത്തരം പണവിനിമയമാണ് ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ സൃഷ്ടിക്കുന്നത് . പണം വലിയതോതിൽ വിനിമയം ചെയ്യപ്പെടുന്ന മേഖല നിർമാണങ്ങളും ഭൂമിവില്പനയുമാണ്. അതിന്റെ ഒരേടാണ് മംഗലശ്ശേരി എന്നുപറയുന്ന ആഢ്യത്തറവാടിന്റെ വസ്തുവകകളെല്ലാം വിൽക്കപ്പെടുന്ന കഥയിലൂടെ രഞ്ജിത്ത് പറഞ്ഞുവെക്കുന്നത്.
വിപുലമായ പ്രദേശത്തിനുമേൽ അധികാരം ഉണ്ടായിരുന്ന ഒരു ജന്മി, ജാതിയധികാരങ്ങളെല്ലാം നഷ്ടപ്പെട്ട്, ദുർബല മനുഷ്യനായി, ഒറ്റയാനായി ഒരു മുറിയിൽ ഒതുങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതിന്റെ ഭൗതികമായ രൂപം സ്ഥലക്കച്ചവടത്തിലൂടെ ഫ്യൂഡൽഭൂമി വിൽക്കപ്പെട്ടു പോകുന്നതാണെങ്കിൽ, അതിന്റെ ഉള്ളടക്കപരമായിട്ടുള്ള മാറ്റം സമാധാനത്തോടെ ജീവിക്കണമെന്നുള്ള നായകന്റെ ചിന്തയാണ്. ഇതിന്റെ സാമൂഹ്യരൂപം എന്നത് ഗൾഫ് പണത്തിലൂടെ കേരളത്തിൽ അവശേഷിക്കുന്ന ഫ്യൂഡലിത്തത്തിന്റെ രൂപങ്ങളും ഇല്ലാതാക്കപ്പെടുന്നു എന്നുള്ളതാണ്. അതിനിടയാക്കുന്ന പ്രധാനപ്പെട്ട പ്രക്രിയയാണ് വീരാൻകുട്ടി നടത്തുന്ന റിയിൽ എസ്റ്റേറ്റ് കച്ചവടം. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ആരംഭത്തിലൂടെ ഇവിടെ സ്ഥലത്തിന്മേൽ നിസ നില ദൈവിക-ജാതിമഹിമകൾ അപ്രസക്തമാക്കപ്പെടുന്നു എന്നുള്ളതാണ് ദേവാസുരമെന്ന ജനപ്രിയ ചിത്രം ഉള്ളൊതുക്കുന്ന ഒരു പാഠം.
(അവസാനിച്ചു)
Yacob Thomas
Assistamt Professor, KKTM Govt. Collge, Kodungallur, Writes for periodicals. Interested in film studies and cultural studies.







No Comments yet!