
കലാമോഹവുമായി അലഞ്ഞുതിരിഞ്ഞെത്തിയ എത്രയോ സാധാരണ മനുഷ്യരുടെ സ്വപ്നങ്ങള്‍ മുളപ്പിച്ച ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ പട്ടണമായ മദിരാശി (പിന്നീട് ചെന്നൈ) പ്രതീക്ഷയോടൊപ്പം നിരാശയുടെയും ഇടമായിരുന്നു. ആ നിധിശേഖരത്തില്‍നിന്ന് നേട്ടങ്ങള്‍ മുങ്ങിത്തപ്പിയെടുക്കുന്നതില് വിജയിക്കുകയും കാര്യമായൊന്നും തടയാതെ നിഹസായമാവുകയും ചെയ്തവരെയും വീണ്ടും കൊതിപ്പിക്കുകയുമുണ്ടായ അതുമായി കേരളത്തിന് എക്കാലവും അഭേദ്യ ബന്ധമുണ്ടായി. 1928 നവംബര്‍ ഏഴിന് റിലീസായ ആദ്യ മലയാള സിനിമ വിഗഗതകുമാരന്റെ രചന, സംവിധാനം, നിര്‍മാണം എന്നിവ ഏറ്റെടുത്തതും നായകനായെത്തിയതും ജെ സി ദാനിയേല്‍. പ്രശസ്ത അഭിഭാഷകനും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന മള്ളൂര്‍ ഗോവിന്ദപ്പിള്ള തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് സമീപം ഇന്നത്തെ എജീസ് ഓഫീസിന്റെ എതിര്‍ഭാഗത്തെ ക്യാപ്പിറ്റോള്‍ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്രനിര്‍മാണ സാങ്കേതികവിദ്യ അഭ്യസിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും മദ്രാസിലേക്ക് തിരിച്ചെങ്കിലും സ്റ്റുഡിയോകളില്‍ ദാനിയേലിന് പ്രവേശനംപോലും അനുവദിക്കപ്പെട്ടില്ല. തുടര്‍ന്ന് മുംബൈയിലേക്ക് പോയാണ് സംവിധാനം പഠിച്ചത്. ആവശ്യമായ ഉപകരണങ്ങളും വാങ്ങി തിരുവനന്തപുരത്ത് മടങ്ങിയെത്തി വിഗതകുമാരന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് പനച്ചമൂട്ടിലെ 100 ഏക്കര്‍ സ്ഥലം വിറ്റാണ് കാശ് സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യ സിനിമാ സ്റ്റുഡിയോയായ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സിന് പട്ടം കൊട്ടാരത്തിന് സമീപം 1926-ല്‍ തുടക്കം കുറിക്കുകയുമുണ്ടായി. അഭിഭാഷകനായ നാഗപ്പന്‍നായരുടെ വീടായിരുന്നു മുഖ്യ ചിത്രീകരണ വേദി. ഷൂട്ടിങ്ങിന് രണ്ടു പ്രാവശ്യം സിലോണിലും യാത്രചെയ്തു. പൂര്‍ത്തിയാക്കാന്‍ നാലു ലക്ഷത്തിലേറെ രൂപ വേണ്ടിവന്നു. സര്‍ക്കാര്‍ പിന്തുണയോടെ മലയാള സിനിമകള്‍ തിരുവനന്തപുരത്ത് ഇടക്കിടെ നിര്‍മിക്കാന്‍ തുടങ്ങിയത് 1940-കളില്‍ മാത്രം. പിന്നീടത് മദ്രാസിലേക്ക് മാറി. ആ പരീക്ഷണങ്ങള്‍ 1980-കളുടെ അന്ത്യത്തിലും 90-കളുടെ ആരംഭത്തിലും കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടു.

മലയാള ചലച്ചിത്ര വ്യവസായത്തിന് മദ്രാസ് സാധ്യതകളുടെ അടിത്തറയായത് വിസ്മരിക്കാനാവില്ല. പുതുജീവിതവും ചലനാത്മകതയുടെ സ്വാതന്ത്ര്യവും കൊതിച്ച മലയാളി യുവതയ്ക്ക് ബോംബെയും മധ്യപൂര്‍വ ദേശവും അഭയമാക്കുംമുമ്പ് വേഗം കടന്നുചെല്ലാവുന്ന നഗരമായിരുന്നു മദ്രാസ്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും വിദൂര സ്ഥലമെന്ന് കരുതപ്പെട്ട ബോംബെയില്‍നിന്ന് വ്യത്യസ്തമായി മദ്രാസുമായി കേരളീയര്‍ക്ക് ഹൃദയാടുപ്പം കൂടി വളര്‍ന്നു. അവിടുത്തെ സ്റ്റുഡിയോകളിലാണ് ഒട്ടേറെ മലയാള ചിത്രങ്ങള്‍ പിറന്നത്. പലതിലും സ്ഥലരാശിയുമായി. തൊഴിലില്ലായ്മയും കുടുംബഭദ്രതയുടെ ഉലച്ചിലും കുടിയേറ്റങ്ങളും മലയാള സിനിമയിലെ മുഖ്യ ഇതിവൃത്തമായിരുന്ന 1970-കളിലും 80-കളിലും, നായകര്‍ തൊഴിലന്വേഷിച്ച് വണ്ടികയറുന്നത് പതിവായി മാറി. എസ് എല്‍ പുരം സദാനന്ദന് തിരക്കഥയൊരുക്കി എ ബി രാജ് സംവിധാനം ചെയ്ത് ടി ഇ വാസുദേവന്‍ നിര്‍മിച്ച് 1971 സെപ്തംബര്‍ 24-ന് പ്രദര്‍ശനം തുടങ്ങിയ ‘മറുനാട്ടില്‍ ഒരു മലയാളി’യില്‍ വിജയശ്രീയും പ്രേം നസീറുമാണ് നായികാനായകര്‍. മോഹന്‍ലാല്‍, ശ്രീനിവാസന്, ശോഭന തുടങ്ങിയവരെ അണിനിരത്തി 1987 മെയ് ആറിന് ഇറങ്ങിയ നാടോടിക്കാറ്റ്, ശ്രീനിവാസന് എഴുതി പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മഖ്യ വേഷത്തിലെത്തി 1988 ജനുവരി 29ന് റിലീസായ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവ ചില ഉദാഹരണങ്ങള്‍. വിശപ്പ് ആമാശയം ചുരമാന്തിയപ്പോള്‍ അവയിലെ കഥാപാത്രങ്ങള്‍ നേരിടുന്ന കയ്പേറിയ പരീക്ഷണങ്ങളും അനുഭവിച്ച കൊടിയ കഷ്ടപ്പാടുകളും ആ ചിത്രങ്ങള്‍ പ്രതിപാദിച്ചു.
മലയാളികളുടെ സ്വപ്ന നഗരം
ചലച്ചിത്ര വിമര്ശകന് സി എസ് വെങ്കിടേശ്വരന് രചിച്ച ‘മലയാളികളുടെ സ്വപ്ന നഗരം’ പഠനം തൊഴിലും ജീവിതവിജയവും എത്തിപ്പിടിക്കാന്‍ മദിരാശി പട്ടണവുമായി ബന്ധപ്പെട്ട മലയാളികളുടെ ഭാവനകളും പ്രവാസ ജീവിതങ്ങങ്ങളും ആ പട്ടണത്തിന്റെ വിസൃത സാധ്യതകളും അടിവരയിട്ടതാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥ ആസ്പദമാക്കി എ വിന്‍സെന്റ് സംവിധാനംചെയ്ത നഗരമേ നന്ദി (1967 ഒക്ടോബര്‍ അഞ്ച്) ചിത്രത്തില്‍ പി ഭാസ്കരന് രചിച്ച് കെ രാഘവന് സംഗീതം നല്കിയ, നഗരം നഗരം മഹാസാഗരം മഹാസാഗരം എന്ന ഗാനത്തിലെ വരികള്‍ ഉദ്ധരിച്ചിട്ടുമുണ്ട് അദ്ദേഹം. ഭേദപ്പെട്ട അവസ്ഥ ആഗ്രഹിച്ച് കുഗ്രാമത്തില്‍നിന്ന് മദ്രാസ് നഗരത്തിലേക്ക് നീങ്ങിയ കുടുംബത്തിന്റെ കഥയാണതില്‍.
നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴേ
പുറമേ പുഞ്ചിരിചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം മഹാസാഗരം
സ്നേഹിക്കുന്നു കലഹിക്കുന്നു
മോഹഭംഗത്തിലടിയുന്നു
നുരകള്‍തിങ്ങും തിരകള്‍പോലെ
നരരാശികളിതിലലയുന്നു
നഗരം നഗരം മഹാസാഗരം മഹാസാഗരം
കുതിച്ചുപായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങിനെ ഞാന്‍
പാരാവാരത്തിരയില്‍ എന്നുടെ
പവിഴദ്വീപു തകര്‍ന്നാലോ
നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴേ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി

നഗരം നഗരം മഹാസാഗരം മഹാസാഗരം എന്ന വരികളില്‍ സ്പന്ദിച്ച സ്മരണകളുടെയും ഗൃഹാതുരതകളുടെയും സൂഷിപ്പുകാരനായിരുന്നു 2026 മെയ് 27ന് എണ്‍പതാം വയസ്സില്‍ നിര്യാതനായ തലമുതിര്‍ന്ന ഫിലിം ജേര്‍ണലിസ്റ്റും എഴുത്തുകാരനും നടനുമായ മലപ്പുറം തിരൂര്‍ വെല്ലൂര്‍ ഖത്തീബ് വീട്ടില്‍ വി കെ ഹംസ. കോടന്പാക്കത്ത് താമസിച്ച് മലയാള സിനിമയുടെ പഴയകാല മദ്രാസ് നാളുകളും കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞ വിശേഷങ്ങളും പങ്കുവെച്ച ആദ്യപഥികരില്‍ ഒരാള്‍. എസ്എസ്എല്‍സിക്ക് പഠിക്കവെ ‘മതമില്ലാത്ത മനുഷ്യന്’ എന്ന ശീര്‍ഷകത്തില്‍ ലേഖനം രചിച്ചതിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നതോടെ ഹംസ തിരൂരില്‍നിന്ന് കോഴിക്കോട്ടെത്തി. കോഴിക്കോട് അബ്ദുല്‍ ഖാദറിനെയും കെ ടി മുഹമ്മദിനെയും പരിചയമുണ്ട്. താമസം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ശാന്താദേവിയുടെ വീട്ടിലെ ഒരു മുറിയില്‍. 1965-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണമായ യുവഭാവന ദ്വൈവാരികയില്‍ ചെലവൂര്‍ വേണുവിനൊപ്പം യുവഭാവന ദ്വൈവാരികയില്‍ ജോലി ചെയ്തു. അക്കാലത്താണ് വൈക്കം മുഹമ്മദ് ബഷീറുമായുള്ള ബന്ധത്തിന്റെ തുടക്കം. വേണുവിനും ടി ദാമോദരനുമൊപ്പം അദ്ദേഹവും ബഷീറിന്റെ വീട് ഇടക്കിടെ സന്ദര്‍ശിക്കുമായിരുന്നു.
ജമാല്‍ കൊച്ചങ്ങാടിയും ഹരി നീണ്ടകരയും
1960- കളുടെ അന്ത്യത്തിലും 70-കളിലും കോടമ്പാക്കം കേന്ദ്രീകരിച്ച് ഇറങ്ങിയ ഫിലിം നാദം സിനിമാ വാരികയിലെ മദിരാശി റിപ്പോര്‍ട്ടറായിരുന്നു ഹംസ. മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു അതിന്റെ പ്രധാന ചുമതല. സി വി വാസുപിള്ള മാനേജിങ് എഡിറ്റര്‍. ജമാല്‍ കൊച്ചങ്ങാടി, ഹരി നീണ്ടകര തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളിലും എഴുത്തിലും പങ്കാളികളായി. 1942ല്‍ ജനിച്ച ഹരി നീണ്ടകര സെന്റ് ആഗ്നസ് സ്കൂള്‍, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നേടിയത്. 1957ല്‍ പത്രരംഗത്തെത്തി ചലച്ചിത്രാസ്വാദകന്, കലാ-സാംസ്കാരിക-സാമൂഹ്യ പ്രവര്ത്തകന് തുടങ്ങിയ നിലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 1972 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ ഫോട്ടോഗ്രഫറായിരുന്ന ഹരി, നടന് രാഘവന് 1988ല്‍ സംവിധാനംചെയ്ത’പുതുമഴത്തുള്ളികള്‍’ (അത് പുറത്തിറങ്ങിയില്ല) സിനിമയുടെ നിശ്ചല ചായാഗ്രാഹകനായി. ഉര്‍വശി ഭാരതി(സംവിധാനം തിക്കുറിശി സുകുമാരന്‍ നായര്‍ 1973) ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (കെ ജി ജോര്‍ജ് 1983)എന്നീ ചിത്രങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകനായി. ഐ വി ശശിയുടെ ഉത്സവം(1975), യൂസഫലികേച്ചേരിയുടെ മരം(1972) എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മലയാളരാജ്യത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിയാണ് സാഹിത്യ മേഖലയിലെത്തിയത്. കെ എസ് സേതുമാധവന് ഒരുക്കിയ ഓടയില്‍നിന്ന്(1965) സംബന്ധിച്ചാണ് ആദ്യ സിനിമാ ലേഖനം. തുടര്‍ന്ന് അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ട്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പിആര്‍ഒ ആയി. ഫിലിം നാദം, സിനിമ മാസിക, ചിത്രകൌമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൗര്‍ണമി, മലയാളനാട്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്, ഷൂട്ട് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം ലേഖകനായിരുന്നു.
‘ശബ്ദിച്ച മനുഷ്യന്’ നാടകരചയിതാവ്
മതജീര്ണതകള്ക്കെതിരെ ‘ശബ്ദിച്ച മനുഷ്യന്’ നാടകത്തിന്റെ രചയിതാവുകൂടിയാണ് ഹംസ. മദിരാശിയില്‍ മലയാള ചലച്ചിത്ര ശാഖ നേട്ടങ്ങളുടെ നെറുകയില്‍ ജ്വലിച്ചുനിന്ന നാളുകളിലാണ് ചലച്ചിത്ര പത്രപ്രവര്‍ത്തന തുടക്കം. വെള്ളിത്തിരയിലെ കയറ്റിറക്കങ്ങള്‍ ഗ്രഹിച്ചതുപോലെതന്നെ എല്ലാ സാധാരാണക്കാര്‍ക്കും പ്രാപ്യമായ ഭാഷയിലും ശൈലിയിലുമായിരുന്നു ആ രചനകള്‍. വാണിജ്യ കലാ ചിത്രങ്ങളെന്ന വിഭജനങ്ങളില്ലാതെയായിരുന്നു അവയെന്നതും ശ്രദ്ധേയം. കറയില്ലാത്ത സൗഹൃദങ്ങളും നിര്‍വാജ്യമായ വ്യക്തിബന്ധങ്ങളും മുറുകെപിടിച്ച ഹംസയുടെ അടുപ്പങ്ങളില്‍ വൈക്കം മുഹമ്മദ് ബഷീര്‍. വയലാര്‍ രാമവര്‍മ, മലയാറ്റൂര്‍ രാമകൃഷ്ണന്, കെ ടി മുഹമ്മദ്, സി കെ ചന്ദ്രപ്പന്, പ്രേം നസീര്‍, സത്യന്, മധു, നെടുമുടിവേണു, കെ പി ഉമ്മര്‍, കെ എസ് സേതുമാധവന്, കെ ജി രവി, രാമു കര്യാട്ട്, വിജയന് കരോട്ട്, കോഴിക്കോട് അബ്ധുള്‍ഖാദര്‍, ടി ദാമോദരന്‍, പി എ ബക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്, ജി അരവിന്ദന്, മമ്മൂട്ടി, സുകുമാരന്‍, ജഗതിശ്രീകുമാര്‍, ശാരദ, ഷീല, കവിയൂര്‍ പൊന്നമ്മ, ശ്രീനിവാസന് തുടങ്ങയവരുണ്ടായി. ചെലവൂര്‍ വേണു, സിദ്ധാര്ഥന് പരുത്തിക്കാട്, പ്രേംചന്ദ്, നിഷാന്ത് കൊടമന തുടങ്ങിയവര്‍ മറ്റൊരു നിര. പഴയകാല സിനിമകളുടെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും മുള്ളും പൂവും നിറഞ്ഞ പന്ഥാവുകളിലൂടെ നടന്ന് ഹംസ നല്കിയ സ്തുത്യര്‍ഹങ്ങളായ സംഭാവനകളെ മമ്മൂട്ടി സ്മരിക്കാറുണ്ട്.

ഫിലിം ജേണലിസ്റ്റും അഭിനേതാവുമായ വി കെ ഹംസയ്ക്ക് ആദരാഞ്ജലികള്‍. മലയാള സിനിമാ പത്രപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യത്തിന് പ്രണാമം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തനത്തില്‍ പൊടിപ്പും തൊങ്ങലും കൂടുതല്‍ സ്വീകാര്യത നേടിയ തൊണ്ണൂറുകളുടെ ഉദയത്തോടെ അദ്ദേഹം സജീവതയില്‍നിന്ന് പിന്‍വാങ്ങി. 1960-കളുടെ രണ്ടാം പാതി തൊട്ട് ജേണലിസത്തില്‍ വ്യാപൃതനായ ഹംസയുടെ കുറിപ്പുകളിലൂടെയാണ് മലയാളികള്‍ ചലച്ചിത്ര വിശേഷങ്ങള്‍ ഏറെയും ശ്രദ്ധിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ കനിവാസന്റെ കോടമ്പാക്കത്തെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. സംവിധായകന് പി എ ബക്കറുമായുണ്ടായ സൗഹൃദം മണിമുഴക്കം(1976)ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാന്‍ അവസരമൊരുക്കി. സാറ തോമസിന്റെ ‘മുറിപ്പാടുകള്‍’ (1971)കഥ ആസ്പദമാക്കിയ അത് മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അവാര്‍ഡും നേടി. ഹരി, വീണ, ജോണ്സന്, ശങ്കരാടി, സരിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാറപ്പുറത്ത് (യഥാര്‍ഥ നാമം കിഴക്കെപൈനുംമൂട് ഈശോ മത്തായി)എഴുതിയ നോവല്‍ പണിതീരാത്ത വീട് (1964) അതേപേരില്‍ കെ എസ് സേതുമാധവന് സംവിധാനംചെയ്ത് 1973 ജനുവരി 19ന് ആദ്യ പ്രദര്‍ശനം നടത്തിയ, പ്രേംനസീറും നന്ദിതാ ബോസും പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലെ ഒരു ഗാനരംഗത്ത് ഹംസ എത്തുകയുണ്ടായി. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ഉണ്ട’ (റിലീസിങ് 2019 ജൂണ്‍ 14ന്)യില്‍ കൊച്ചു വേഷം ചെയ്തു. മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും സഹകരിച്ച പദയാത്രയിലും വേഷമിട്ടു. ചിത്രീകരണം എറണാകുളത്ത് തുടങ്ങവെ വിശ്രമജീവിത്തിലായിരുന്ന ഹംസയെ അടൂര്‍ തന്നെ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നു. വൃദ്ധസദനത്തിലെ ഏതാനും രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
കലാമണ്ഡലത്തില്‍നിന്ന് നൃത്തമഭ്യസിച്ച ആദ്യ മുസ്ലിം വിദ്യാര്‍ഥിനിയായ ഖദീജ
ഹംസയുടെ സഹധര്‍മിണി കേരള കലാമണ്ഡലത്തില്‍നിന്ന് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച ആദ്യമുസ്ലിം വിദ്യാര്‍ഥിനിയായ ഖദീജ. നൃത്തത്തോടുള്ള ഒടുത്ത അഭിനിവേശത്താല്‍ അവര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ നിവരധി. അനുജത്തിയുടെ വിവാഹം രഹസ്യമായി നടത്തേണ്ടിവന്നു. ഖദീജയ്ക്ക് വന്ന കല്യാണാലോചനകള്‍ മുടക്കപ്പെട്ടു. മരിച്ചാല്‍ ഖബറടക്കില്ലെന്ന മഹല്ലു കമ്മിറ്റി പ്രമാണിമാരുടെ ഭീഷണിയ്ക്ക് വീട്ടുവളപ്പില്‍ മറവുചെയ്തോളാമെന്നായിരുന്നു ജേഷ്ഠന്മാരുടെ മറുപടി. വിലക്കുകള്‍ വീര്‍പ്പുമുട്ടിച്ച കുടുംബത്തിലേക്കാണ് പുരോഗമന ചിന്താഗതിക്കാരനും പ്രമുഖ ചലച്ചിത്ര പത്രപ്രവര്‍ത്തകനുമായ ഹംസയുടെ വിവാഹാലോചന. ബന്ധം നിശ്ചയിച്ചശേഷം മദിരാശിയിലെ ഫിലിംനാദം ഓഫീസ് വിലാസത്തിലേക്ക് പുതുശ്ശേരി പള്ളിക്കമ്മറ്റി ഭാരവാഹികള്‍ കത്തയച്ചു. വധുവിനെ മതത്തില്‍നിന്ന് പുറത്താക്കിയതിനാല്‍ ബന്ധത്തില്‍നിന്ന് ഒഴിയണമെന്നായിരുന്നു ശാഠ്യം. ആ ഒറ്റക്കാരണത്താലാണ് കല്യാണത്തിന് തീരുമാനിച്ചതെന്ന് തുറന്നടിക്കുകയായിരുന്നു ഹംസ.

1968 സെപ്തംബര്‍ 16 ന് ഇരുവരും ഒന്നിച്ചു. പ്രശസ്ത നടന്മാരായ സത്യനും പ്രേംനസീറും ആദ്യമായി തിരൂരിലെത്തിയത് ആ വിവാഹത്തിന്. മലയാറ്റൂര്‍ രാമകൃഷ്ണനും കെ ടി മുഹമ്മദും യുഎ ഖാദറുമെല്ലാം ഉണ്ടായി. സംസ്ഥാന യുവജനോത്സവത്തില്‍ ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം എന്നിവയില്‍ മൂന്ന് എ ഗ്രേഡുകള്‍ നേടിയ മലപ്പുറം വള്ളുവമ്പുരത്ത് നിന്നുള്ള മന്‍സിയ ഖദീജയെ കാണാനെത്തിയത് മറക്കാനാവില്ല. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യുവജനോത്സവ വേദിയില്‍ തന്റെ സമുദായത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടി കാണാന്‍ വന്നപ്പോള്‍ ബഹുമാനം തോന്നിയെന്നായിരുന്നു പ്രതികരണം. അറിവും ശുദ്ധവായുവും ആഗ്രഹിക്കുന്ന നമ്മുടെ സമൂഹത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എല്ലാവര്ക്കും അറിയുമോയെന്ന് തീര്‍ച്ചയില്ല. അക്കാലത്ത് അത് നിഷിദ്ധമായിരുന്നു, നിലമ്പൂര്‍ ആയിഷയെയും എന്നെയും പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് തടസ്സങ്ങള്‍ തകര്‍ത്തത്. ഉത്സവ വേദികളില്‍ തിങ്ങിനിറഞ്ഞ മുസ്ലിം സ്ത്രീകളുടെ വലിയ സാന്നിധ്യം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവരുടെ മനസ്സ് മാറിക്കൊണ്ടിരിക്കുന്നു, അത് വളരെ വേഗത്തിലാണ്. പക്ഷേ പുരുഷ മേധാവിത്തം ക്ഷയിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മലപ്പുറം തിരൂരിന് സമീപത്തെ വെന്നിയൂരിലെ വീടിനടുത്ത് നൃത്ത വിദ്യാലയം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി. കലയോടുള്ള അഭിനിവേശത്താല്‍ സമൂഹവും കുടുംബവും തീര്‍ത്ത വിലക്കുകള്‍ സധൈര്യം മറികടന്നാണ് ഖദീജ പരിശീലനം പൂര്‍ത്തിയാക്കിയത്. ആ സമയത്ത് കുടുംബം ചെറുതുരുത്തിയിലായിരുന്നു, പ്രവേശനം നേടിയ ഏക മുസ്ലിം പെണ്‍കുട്ടി ഞാന്‍. കലാമണ്ഡലത്തിന്റെ രൂപീകരണ കാലഘട്ടങ്ങളായിരുന്നു അത്. ആ സ്ഥാപനത്തിന് മതനിരപേക്ഷ ഉള്ളടക്കം നല്കാന് യത്നിച്ച കവി വള്ളത്തോള്‍ നാരായണ മേനോനായിരുന്നു നേതൃത്വത്തില്‍. ഹൈദരാലിയെ കഥകളിപ്പദത്തിനും എന്നെ നൃത്തത്തിനും പ്രവേശിപ്പിപ്പോള്‍ അദ്ദേഹത്തിനൊരു സ്വപ്നസാക്ഷാത്കാരമായി. നൃത്തം പഠിക്കാന്‍ വള്ളത്തോള്‍ തെരഞ്ഞെടുത്ത ഏഴ് വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ഞാന്‍. എന്നാല്‍ കുടുംബം അതിന്റെ പേരില്‍ പലവിധ കോപങ്ങളും അവഹേളനങ്ങളും ഒറ്റപ്പെടലുകളും നേരിട്ടു. ബാല്യത്തിലേ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലിയ്ക്ക് പാട്ടുകാരന് ബാപ്പൂട്ടിയെന്ന മറുപേരും ഉണ്ടായിരുന്നു. കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് സ്വന്തം തട്ടകമെന്ന് ഉറപ്പിച്ചു. അഞ്ചാംതരം പാസായി 11ാം വയസ്സില്‍ 1957 65 കാലയളവില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. പലവിധ എതിര്‍പ്പുകള്‍ മറികടക്കേണ്ടിവന്നു. തന്റെ കഴിവുകളാല്‍ യാഥാസ്ഥിതികരുടെ വായയടപ്പിക്കാന്‍ സാധിച്ചു. നീലകണ്ഠന്‍നമ്പീശന്‍, ശിവരാമന്നായര്, കാവുങ്ങല്‍ മാധവപ്പണിക്കര്‍, കലാമണ്ഡലം ഗംഗാധരന് എന്നിവരില്‍നിന്നാണ് കഥകളിസംഗീതം അഭ്യസിച്ചത്. നാടന്‍പാട്ട് തൊട്ട് ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെ എല്ലാ മേഖലകളിലും അപാര സിദ്ധി പ്രകടിപ്പിച്ചു. കര്‍ണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ ഒരു പശ്ചാത്തലവുമില്ലാതിരുന്ന അദ്ദേഹം ആ രംഗത്ത് മാതൃകയേറെയില്ലാത്ത പ്രതിഭാസമായി മാറുകയായിരുന്നു.

‘ഇജ്ജ് നല്ലൊരു മനുഷ്യനാവാന്‍ നോക്ക്’ നാടകവും നിലമ്പൂര്‍ ആയിഷയും
കല, സാഹിത്യം, നാടകം എന്നിവയുടെ ലോകത്തേക്ക് പ്രവേശിക്കുന്നതില്‍ മുസ്ലിം പെണ്കുട്ടികളില്നിന്നുള്ള നല്ല പ്രവണതയെ എപ്പോഴും സ്വാഗതം ചെയ്യണമെന്നാണ് നിലമ്പൂര്‍ ആയിഷയുടെ വാക്കുകള്‍. വേദിയില്‍ പ്രത്യക്ഷപ്പെട്ട സമുദായത്തിലെ ആദ്യ വനിതകളില്‍ ഒരാളായിരുന്നു അവര്‍. കേരളീയ സാംസ്കാരിക ചരിത്രത്തെ പിടിച്ചുലച്ച, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും പുരോഗമനാശയങ്ങളുടെയും ഭാഗമായി ഇ.കെ. അയമു എഴുതിയ ‘ഇജ്ജ് നല്ലൊരു മനുഷ്യനാവാന്‍ നോക്ക്’ (1953) നാടകത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അമ്മ പരിഭ്രാന്തയായി കരഞ്ഞു. മലപ്പുറത്തെ യാഥാസ്ഥിതിക കുടുംബത്തിലെ മുസ്ലിം പെണ്‍കുട്ടി നടിയാകുന്നത് സമൂഹത്തിലെ ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. താന്‍ നടിയാവുന്നതില്‍ കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടി നാടകങ്ങളില്‍ അഭിനയിച്ചാല്‍ വളരെ നല്ലതാണെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹം. 1953-ല്‍ ഫറോക്കില്‍ വന്‍ ജനാവലിക്ക് മുന്നില്‍ നിലമ്പൂര്‍ യുവജന കലാസമിതിയിലൂടെ അരങ്ങേറ്റം കുറിച്ചു. നിലമ്പൂര്‍ ബാലന്, ഇ.കെ. അയമു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന് എന്നിവരും സുഹൃത്തുക്കളും ചേര്‍ന്നാണ് സമിതിക്ക് രൂപം നല്‍കിയത്. ഡോ. എം. ഉസ്മാന് ആയിരുന്നു പ്രസിഡന്റ്. കുടുംബം ഉടന്‍ ബഹിഷ്കരിക്കപ്പെട്ടു, പക്ഷേ അഭിനയം തുടര്‍ന്നുവെന്നും ആയിഷ വിശദീകരിച്ചു.
ഹൃദയത്തില്‍ കഥകള്‍ ഏറെ കരുതിവെച്ചിരുന്ന ഒരാള്‍
മിഠായിത്തെരുവും കിഡ്സണ്‍ കോര്‍ണറും അളകാപുരിയും മഹാറാണിയും ബീച്ചും മാര്‍ക്കറ്റും ബോംബെ ഹോട്ടലും ഉള്‍പ്പെടെ കോഴിക്കോട് പട്ടണമാകെ ഹംസയുടെ ഹൃദയത്തില്‍ കരുതിവെച്ചിരുന്ന കഥകള്‍ ഒട്ടേറെ. വിയോഗ വാര്‍ത്തയറിഞ്ഞ് പ്രശസ്ത മാഗസിന് എഡിറ്റര്‍ സിദ്ധാാര്ഥന് പരുത്തിക്കാട് പ്രതികരിച്ചത്, നഗരത്തിന്റെ പഴയ മുഖങ്ങള്‍ ഓരോന്ന് കൊഴിഞ്ഞുപോവുന്നു. ഞങ്ങള്‍ക്കൊന്നും ഇനി ആരുമില്ലെന്നാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ഹംസയ്ക്ക് അയച്ച കത്തുകള്‍ പ്രശസ്തങ്ങള്‍. 2026 ജൂലൈ അഞ്ചിന് അദ്ദേഹത്തിന്റെ ചരമ ദിനാചരണത്തിന്റെ ഭാഗമായി ചിലവ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രിയപ്പെട്ട ഹംസേ, ടൈഫോയ്ഡ് പിടിച്ച് മെലിഞ്ഞുപോയെന്നറിയുന്നതില് ദുഃഖിക്കുന്നു. നല്ലവണ്ണം വിശ്രമിക്കുക. നല്ല ആഹാരം കഴിക്കണം. അല്ലാഹു ആരോഗ്യവും സൗഖ്യവും നല്‍കട്ടേ. കത്ത് തുടര്‍ന്നു: മാനസിക പ്രശ്നത്തിന് ആയുര്‍വേദ ചികിത്സ നടത്തിയിരുന്ന തൃശൂരിലെ പ്രസിദ്ധ വൈദ്യന് വല്ലപ്പുഴ ഗോവിന്ദന് നായരുടെ വസതിയില്‍നിന്ന് ഞാന്‍ എന്റെ വീട്ടില്‍ സസുഖം എത്തിയിരിക്കുന്നു. – ചികിത്സ മുറപോലെയുണ്ട്. അത് കുറേക്കാലം തുടരണം.(1954 മധ്യത്തിലാണ് ബഷീര്‍ ആദ്യം മനഃസംഘര്‍ഷത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്. ശിഥില ചിന്തകളും നിദ്രാരാഹിത്യവും എല്ലാറ്റിനോടും വെറുപ്പും ഭീകരമായ കിനാക്കള്‍ വന്നുകയറുന്ന കുറ്റാക്കൂരിരുട്ടും അടിമുടി സംഭ്രമവുംകൊണ്ടുള്ള വിഭ്രാന്തിയെ തുടര്‍ന്ന് ചങ്ങാതിമാരാണ് വല്ലപ്പുഴയുടെ അടുത്തെത്തിച്ചത്. നാടന്‍ ഭക്ഷണങ്ങളും പ്രത്യേക പരിചരണവും ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികളാണവിടെ). കുതിരവട്ടം ഭ്രാന്താശുപ്രതിയില് നാലഞ്ചുദിവസം ഞാന്‍ കിടന്നു. ജീവിതത്തില്‍ ഇത്രയും വേദനാജനകങ്ങളായ ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിച്ചതായാണ് കത്തില്‍. ആയിരത്തോളം രോഗികളുണ്ട്. ഭ്രാന്തന്മാര് എന്നെയും ഹംസയെയും പോലുള്ള മനുഷ്യര്‍. മരുന്ന് സുലഭം. ഡോക്ടര്‍മാരും നേഴ്സുസുമാരും നല്ലവര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അതിലുണ്ട്. മനോരോഗ കേന്ദ്രത്തിലെ പ്രയാസങ്ങള്‍ പത്രത്തില്‍ വാര്‍ത്തയാക്കണമെന്ന് ഹംസയോട് ഉപദേശിക്കുകയും ചെയ്തു. ഈ ഭ്രാന്തെന്നു പറയുമ്പോള്‍ ലോകത്തിലുള്ള സര്‍വമാന സ്ത്രീ പുരുഷന്മാര്ക്കും അതുണ്ട്. (സോറി, സ്ത്രീജനങ്ങള്ക്കില്ല. തീരെയില്ല!) ഒറ്റനാക്കന്മാരായ ആണുങ്ങള്‍ക്കെല്ലാമുണ്ട്. ശതമാനക്കണക്കിന്. എനിക്ക് തൊണ്ണൂറ്റൊമ്പതു ശതമാനവും ഉണ്ടായിരുന്നുവെന്ന് ബഷീര്‍ എഴുതിയിട്ടുണ്ട്. സ്വന്തം മനോനിലയെ ആദിപുരാതന കിറുക്ക്, ശുദ്ധസുന്ദര ഭ്രാന്ത്, മാനസികരോഗം, മനോവിഭ്രാന്തി, മനോവേദന, ഉന്മാദം എന്നിങ്ങനെ പല നിലയില്‍ വിവരിച്ചിട്ടുമുണ്ട്. യുക്തിവാദിയായ ഹംസ ‘ഭാര്‍ഗവിനിലയം’ സിനിമ റിലീസായ കാലത്ത് ബഷീറുമായി പ്രേതങ്ങളെയും ആത്മാവിനെയും കുറിച്ച് തര്‍ക്കിക്കുകയുമുണ്ടായി. അദ്ദേഹം രചിച്ച പ്രശസ്ത ചെറുകഥകളിലൊന്നാണ് നീലവെളിച്ചം. കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിലൊന്ന് എന്ന ആമുഖത്തോടെ ആരംഭിക്കുന്ന അത് പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ വാടക വീട്ടില്‍ കഴിയേണ്ടിവരുന്ന ഭാവനാ സമ്പന്നനായ സാഹിത്യകാരന് ഏകാന്ത താമസസ്ഥലം അന്വേഷിച്ച് കുറേക്കാലം അലഞ്ഞതിനെ തുടര്‍ന്ന് ഒരിടം കിട്ടി. യുവ എഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന, ദുര്‍മരണം ജീവന് അവസാനിപ്പിച്ച പെണ്‍കുട്ടിയുടെ പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആര്‍ദ്രമായ ആത്മബന്ധത്തിന്റെ കഥ. ‘നീലവെളിച്ചം’ ആസ്പദമാക്കി അദ്ദേഹം തിരക്കഥയൊരുക്കിയ മലയാളത്തിലെ ആദ്യ ഹൊറര്‍ ചലച്ചിത്രമാണ് ഭാര്‍ഗവീനിലയം. എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964- ഒക്ടോബര്‍ 22 ന് റിലീസായ അത് നമ്മുടെടൊഷയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ്. മധു, പ്രേം നസീര്‍, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു, പി ജെ ആന്റണി, വിജയ നിര്‍മല, പി എസ് പാര്‍വതി തുടങ്ങിയരായിരുന്നു അഭിനേതാക്കള്‍. ഭാര്‍ഗവിനിലയത്തിലെ കഥ മുന്‍നിര്‍ത്തിയുള്ള സംഭാഷണങ്ങളായിരുന്നു ബഷീറുമായി ഹംസയും ചെലവൂര്‍ വേണുവും ഏറെയും നടത്തിയിരുന്നത്. പ്രേതമൊക്കെ എഴുത്തുകാരുടെ ഭാവനകളാണെന്ന് ഹംസയും മറ്റും വിശദീകരിച്ചപ്പോള്‍ അല്ലെന്നും പ്രപഞ്ചത്തില്‍ നമ്മളറിയാത്ത അനവധി രഹസ്യങ്ങളുണ്ടെന്നും അദ്ദേഹം തിരുത്തും. പ്രേം നസീര്‍ ഒരുവേള രാഷ്ട്രീയ പ്രവേശം ആഗ്രഹിച്ചപ്പോള്‍ ഹംസയെയും ഒപ്പംകൂട്ടി അഭിപ്രായം ആരായാന്‍ ബഷീറിന്റെ വീട്ടിലെത്തി. ഏത് പാര്‍ടിയില്‍ ചേര്‍ന്നാലും നന്മയുള്ളവരില്നിന്ന് അതുമാത്രമേ ഉണ്ടാവൂ എന്നായിരുന്നു മറുപടി.







No Comments yet!