
2016 ജൂലൈ 15 ന്റെ പരാജയപ്പെട്ട അട്ടിമറിയ്്ക്ക് ശേഷം തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർടി(എകെപി) പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാഷ്ട്രീയ വിമർശനം ഉന്നയിച്ച കാർട്ടൂണിസ്റ്റുകളെ കാരാഗൃഹം കാട്ടി ഭയപ്പെടുത്തുക പതിവായിരുന്നു. അടിച്ചമർത്തലുകൾക്കിടയിലും അവരിൽ പലരും പ്രതികരിച്ചത് തങ്ങൾക്ക് പ്രചോദനം തീരുന്നില്ലെന്നാണ്. ആ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം നർമരചയിതാക്കൾ പരമ്പരാഗതമായി സർക്കാരിന്റെ കടുത്ത എതിരാളികളാണ്. അതിനാൽ ഗവൺമെന്റ് വിരുദ്ധ കാർട്ടൂണിസ്റ്റുകളെയും ആക്ഷേപഹാസ്യ മാസികകളെയും പലപ്പോഴും ലക്ഷ്യമിട്ടു. സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച ആദ്യ പത്രം യെനി ഗുൺ പ്രസിദ്ധീകരിച്ച യൂനുസ് നാദി (അബാലിയോഗ്ലു) നെബിസാഡെ ഹംദി, സെക്കേറിയ സെർട്ടൽ എന്നിവരുമായി ചേർന്ന് കമ്മിറ്റി ഓഫ് യൂണിയൻ ആൻഡ് പ്രോഗ്രസ് പാർടിയുടെ മുൻ ആസ്ഥാന മന്ദിരത്തിൽ 1924 മെയ് ഏഴിന് സ്ഥാപിച്ച കംഹുരിയത്ത് (റിപ്പബ്ലിക്) ദിനപത്ര ജീവനക്കാർക്കെതിരായ വിചാരണയിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് മൂസ കാർട്ടിനെതിരെ ഭീകരവാദ സംഘടനയെ സഹായിച്ചെന്ന ആരോപണത്തിൽ 29 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി; ഒമ്പത് മാസത്തെ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് സെഫർ സെൽവിക്കെതിരെയും അന്വേഷണം നടത്തി. ഒട്ടേറെ പ്രാവശ്യം വിചാരണ നേരിടേണ്ടി വന്നിട്ടുമുണ്ട് അദ്ദേഹത്തിന്. സോഷ്യലിസ്റ്റ് വീക്ഷണം മുറുകെപിടിച്ച് സർക്കാരിനെ വിമർശിക്കാൻ 1995 ജൂൺ ഏഴിന് ആരംഭിച്ച എവ്രെൻസെൽ (യൂണിവേഴ്സൽ ) പത്രത്തിന്റെ ഒന്നാം പേജിൽ മിക്ക ദിവസവും സെൽവിയുടെ ചിത്രങ്ങൾ വരുമായിരുന്നു. തുർക്കിയിലെ ഏറ്റവും പഴക്കമേറിയ, ഇടതുപക്ഷ രാഷ്ട്രീയ വ്യാഖ്യാനത്തിനും കാരിക്കേച്ചറിനും പേരുകേട്ട ആക്ഷേപഹാസ്യ മാസികകളിൽ ഒന്നായ ലെമാനിലും രചനകൾ നൽകുകയുമുണ്ടായി. തുർക്കി രാഷ്ട്രീയത്തിലെ തുടർച്ചയായ പിരിമുറുക്കം നർമരചയിതാക്കൾക്ക് വളക്കൂറുള്ള മണ്ണ് നൽകുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു; കാർട്ടൂൺ വരയ്ക്കുന്നുവെങ്കിൽ അതിനർഥം നിങ്ങൾ ധാരാളം സാഹസങ്ങൾ ഏറ്റെടുക്കണമെന്നും കൂട്ടിച്ചേർത്തു. @SeferSelvi എന്ന അക്കൗണ്ടിൽ പങ്കുവെച്ച കാരിക്കേച്ചറുകൾ അലോസരപ്പെടുത്തുന്നുവെന്ന് ചൂണ്ടി കെയ്സേരിയിൽ താമസിക്കുന്ന ഒരാൾ പ്രധാനമന്ത്രിയുടെ ആശയവിനിമയ കേന്ദ്രത്തിൽ നൽകിയ പരാതിയിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. തന്റെ കാർട്ടൂണുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വിമർശനത്തിന്റെയും പരിധിയിലുള്ളതാണെന്ന് സെൽവി തെസ്വിക്കിയെ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ വാദിച്ചു. 1980 ലെ സൈനിക അട്ടിമറിക്കുശേഷം സമീപ വർഷങ്ങളിൽ അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ കണ്ടു. കാരണം സ്വേച്ഛാധിപതി പറയുന്നതെല്ലാം ശരിയാണെന്ന് കണക്കാക്കപ്പെടുന്നുവെന്നും മാധ്യമങ്ങളോട് വിശദീകരിച്ചു. ഏകാധിപതി എന്ന പരാമർശം തീർച്ചയായും റജബ് തയ്യിബ് എർദോഗനെ കുറിച്ചാണ്. തന്നെ അപമാനിച്ചെന്ന് ആരോപിച്ച് പലപ്പോഴും തുർക്കി പ്രസിഡന്റ് കാർട്ടൂണിസ്റ്റുകൾക്കെതിരെ കേസെടുക്കാറുണ്ട്. കലാകാരന്മാർ ഏറ്റവും ഭയപ്പെടുന്നത് ക്രിമിനൽ പ്രോസിക്യൂഷനാണ്. തങ്ങളുടെ ജോലി ജയിൽ ശിക്ഷയ്ക്ക് ഒരു കാരണമല്ലെന്ന് അറിയാം. ഇത് വളരെ അസംബന്ധമായ സാഹചര്യമാണ്. പ്രോസിക്യൂട്ടർമാർ പോലും ചിലപ്പോൾ തങ്ങളുടെ കാരിക്കേച്ചറുകൾ നോക്കി ചിരിക്കും. കാരണം അവയിൽ അപമാനങ്ങളോ അസഭ്യങ്ങളോ ഇല്ല. തമാശകൾ പറയുകയും കലാസൃഷ്ടി നടത്തുകയും ചെയ്യുന്നവർ ദൈനംദിന സംഭവങ്ങൾ വിശകലനം ചെയ്യുകമാത്രമാണെന്നും വിശദീകരിച്ചു.

2016- ലെ അട്ടിമറി ശ്രമം കഴിഞ്ഞ് വേഗത്തിലായ സ്വേച്ഛാധിപത്യ പ്രക്രിയ
ദീർഘകാലമായി ഫ്രീലാൻസ് ചിത്രകാരനായിരുന്ന ടാൻ സെമൽ ജെൻക് പ്രതികരിച്ചത് തുർക്കിയിൽ പുതുയുഗം ആരംഭിച്ചിരിക്കുന്നുവെന്നാണ്. നാലോ അഞ്ചോ വർഷം മുന്പുവരെ പല നിയമങ്ങളും യൂറോപ്യൻ യൂണിയന്റേതുമായി പൊരുത്തപ്പെടുത്തപ്പെട്ടിരുന്നു. 2013-ൽ ഗെസി പാർക്ക് പ്രതിഷേധങ്ങൾക്കുശേഷം പെട്ടെന്ന് പിന്നോട്ട് പോകലുണ്ടായി. സ്വേച്ഛാധിപത്യ പ്രക്രിയ ആരംഭിച്ചു. 2016-ലെ അട്ടിമറി ശ്രമം കഴിഞ്ഞ് അത് ഗണ്യമായ വേഗത്തിലായി. ഏപ്രിൽ 16-ന് നടന്ന ഭരണഘടനാ റഫറണ്ടത്തിന് ശേഷം ഒരു ആക്ഷേപഹാസ്യ മാസികയ്ക്കെതിരെ മൂന്ന് കുറ്റങ്ങൾ ചാർത്തി;അവ ഒന്നോ രണ്ടോ വർഷം പഴക്കമുള്ളതാണെങ്കിലും. ആളുകളെ ഭയപ്പെടുത്താനാണത് ചെയ്തതെന്നും കൂട്ടിച്ചേർത്തു. സ്ത്രീപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആക്ഷേപഹാസ്യ പ്രസിദ്ധീകരണങ്ങളായ ലെമാൻ, ബയാൻ യാനി എന്നിവയ്ക്കായി ചിത്രീകരണങ്ങൾ നൽകുന്ന ഗുലായ് ബത്തൂർ പറഞ്ഞത് അടിച്ചമർത്തൽ കാലത്ത് നർമ എഴുത്തുകാർക്ക് പ്രവർത്തിക്കാൻ പ്രയാസമാണെന്നാണ്. തുർക്കിയിൽ കുറച്ചു കാലമായി നമുക്ക് കാര്യങ്ങൾ ശാന്തമായും വ്യക്തമായ മനഃസാക്ഷിയോടെയും ചെയ്യാൻ കഴിയുന്നില്ല. വിമർശിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമാണ് ബുദ്ധിമുട്ടുകൾ. നിലനിൽപ്പിന് അപകടമുണ്ടാക്കുന്നുവെന്ന് കരുതുന്നവരെ ഗവൺമെന്റുകൾ പ്രതിപക്ഷത്തിന്റെ കൂട്ടാളികളായി തരംതിരിക്കുന്നു. ആ അർഥത്തിൽ ശത്രുതാപരമായ എല്ലാറ്റിനെയും എതിർക്കുന്ന കാർട്ടൂണിസ്റ്റുകളും നർമകാരരും അസഹിഷ്ണുതയുള്ള ഗവൺമെന്റുകളുടെ എതിരാളികളാവുക സ്വാഭാവികം. അതിനാലാണ് നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നതെന്നും സൂചിപ്പിക്കുകയുണ്ടായി. എന്നാൽ ഫലിതത്തിന്റെ ശക്തി പരിചയസമ്പന്നരായ മൂന്ന് ചിത്രകാരരെയും തളർത്തിയില്ല. രാഷ്ട്രീയ സമ്മർദ്ദത്തിന് പുറമേ, സർക്കാർ അനുകൂല മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സെഫർ സെൽവി ആവർത്തിച്ച് അപവാദ പ്രചാരണങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ പോരാട്ടം തുടർന്നു. പ്രതികാര നടപടിയുണ്ടെങ്കിലും ആക്ഷേപഹാസ്യ മാസികകൾക്ക് എതിർ നിലപാട് നിലനിർത്താൻ കഴിയുമെന്ന് ടാൻ സെമൽ ജെൻക് തറപ്പിച്ചു പറയുന്നു. ശക്തി അവയുടെ സ്വാതന്ത്ര്യം കൊണ്ടാണ്. അതിനാലാണ് ആളുകൾ അത്രയധികം സ്പർശിക്കാത്തത്. അത് മാറിയേക്കാമെന്നും വ്യക്തമാക്കി.

കാർട്ടൂണിന്റെ പേരിൽ 2025 ജൂണിൽ അറസ്റ്റിലായ പത്രപ്രവർത്തകർ
മൂന്ന് ദശാബ്ദത്തിലേറെയായി അധികാരത്തെ പരിഹസിക്കുന്ന ലെമാനിൽ വന്ന ഒരുകാർട്ടൂണിന്റെ പേരിൽ 2025 ജൂണിൽ കുറേ പത്രപ്രവർത്തകർ അറസ്റ്റിലാവുകയുണ്ടായി. ചിത്രത്തിന്റെ ഇടതുഭാഗത്ത് മുസ്ലിം തൊപ്പി – ധരിച്ച താടിയുള്ള മനുഷ്യൻ മുഹമ്മദ് എന്ന് പരിചയപ്പെടുത്തുന്നു. വലതുവശത്ത്, ഹരേദി ജൂത പരമ്പരാഗത വസ്ത്രധാരണത്തോട് സാമ്യമുള്ള ടോപ്പ് തൊപ്പിയിട്ട മറ്റൊരാൾ താൻ മൂസയാണെന്നും പറയുന്നു. ഇരുവർക്കും ചിറകുകളുണ്ട്, കത്തുന്ന കെട്ടിടങ്ങൾക്കും പറക്കുന്ന റോക്കറ്റുകൾക്കും മുകളിൽ കുതിച്ചുയരുന്നതായി കാണിച്ചിരിക്കുന്നു. മുഹമ്മദ് എന്ന കഥാപാത്രം ഇസ്രയേലി ബോംബാക്രമണം വധിച്ച സാങ്കൽപ്പിക മുസ്ലിമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറല്ല കാർട്ടൂൺ. ഇസ്ലാമിക ലോകത്ത് മുഹമ്മദ് എന്ന പേരിൽ 20 കോടിയിലധികം ആളുകളുണ്ടെന്ന പത്രാധിപർ എക്സിൽ വിശദീകരിച്ചെങ്കിലും ഇസ്ലാമിനെതിരായ കടന്നാക്രമണമായി കണക്കാക്കി അതിവേഗം കഠിന പ്രതികരണങ്ങൾ ഉയർന്നുവന്നു. രോഷാകുലരായ ആൾക്കൂട്ടം വളഞ്ഞ ഇസ്താംബൂളിലെ ലെമാൻ ഓഫീസ് പൊലീസ് റെയ്ഡ് നടത്തുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.പരസ്യമായി മതമൂല്യങ്ങളെ അവഹേളിച്ച കുറ്റം ചുമത്തി ഇസ്താംബൂൾ കോടതി നാല് പേരെ വിചാരണവരെ തടങ്കലിലിടാൻ ഉത്തരവിട്ടു. അതിൽ ഒരാളായ ലോക പ്രശസ്ത രാഷ്ട്രീയ കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്ലിവാന് പ്രസിഡന്റിനെ അപമാനിച്ചുവെന്ന കുറ്റപത്രമായിരുന്നു. പലപ്പോഴും തുർക്കിയിലെ മനുഷ്യാവകാശലംഘനങ്ങൾ, യുദ്ധം, ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങിയവ പരാമർശിക്കുന്ന കഠിനമായ സാമൂഹിക, രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് മുന്നിട്ടിറങ്ങി. മധ്യപൂർവ ദേശത്തെ അധിനിവേശത്തെ വിമർശിക്കുന്ന കാർട്ടൂൺ മറയാക്കി പെഹ്ലിവാനെ കസ്റ്റഡിയിലെടുത്ത് മതവിരുദ്ധതാ കുറ്റം ചുമത്തി കേസെടുത്തു. ഇസ്താംബുൾ കോടതി വിചാരണ തീർന്ന് വിട്ടയക്കാൻ ഉത്തരവിടുംവരെ 139 ദിവസത്തിലധികം തടങ്കലിൽ. യാത്രകൾ വിലക്കി പതിവ് റിപ്പോർട്ടിങ് ഉൾപ്പെടെ ജുഡീഷ്യൽ നിയന്ത്രണത്തിന് വിധേയമാക്കി. പുതിയ ലക്കം ലെമാൻ നിരോധിക്കുകയും വെബ്സൈറ്റിലേക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുമുള്ള പ്രവേശനം തടയുകയും ന്യൂസ് സ്റ്റാൻഡുകളിൽനിന്ന് പഴയ കോപ്പികൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തു. കാർട്ടൂണിനെ വ്യക്തിപരമായി അപലപിച്ച പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ അതിനെ തീർത്തും പ്രകോപനപരം എന്നാണ് വിശേഷിപ്പിച്ചതും.
റജബ് തയ്യിബ് എർദോഗാനും ഫലിതത്തോട് അസഹിഷ്ണുത
പല സ്വേച്ഛാധിപതികളെയുംപോലെ എർദോഗാനും ഫലിതത്തോട് അസഹിഷ്ണുതയുള്ള നേതാവാണെന്നാണ് നാടുകടത്തപ്പെട്ട മുതിർന്ന തുർക്കി പത്രപ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി ചലച്ചിത്രകാരനുമായ കാൻ ഡണ്ടാർ പറഞ്ഞത്. പുതിയ നടപടി ഉണ്ടാക്കിയേക്കാവുന്ന ഭീകരാവസ്ഥയുടെ ഫലം തെട്ടിപ്പിക്കുന്നതാണ്. അത് ഇതിനകം ഭയന്നുപോയ ഹാസ്യ മാസികകളെ മൊത്തത്തിൽ നിശബ്ദമാക്കിയേക്കാം. ലെമാൻ ഏറെക്കാലമായി എർദോഗന് വെല്ലുവിളിയാണ്, അത് പൂട്ടാനുള്ള മറയായി സംഭവം ഉപയോഗിക്കപ്പെടാനുള്ള സാധ്യതതേടി. മതയാഥാസ്ഥിതികത്വത്തെ കൂടുതൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇതൊന്നും യാദൃശ്ചികമല്ല. – എന്നാൽ കലാ, മാധ്യമ സ്വാതന്ത്ര്യം വിനിയോഗിച്ചതിന് ജയിലിൽ കഴിയുന്നവർക്ക് ഇക്കാര്യത്തിൽ ഒരു പങ്കും വഹിക്കാൻ കഴിയില്ല. നമ്മുടെ ശബ്ദം ഉയർത്താനും അവരെ മോചിപ്പിക്കാനും കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നും തങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കാൻ ഡണ്ടാർ ഉപസംഹരിച്ചു.
തുർക്കി മാധ്യമങ്ങളിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളായ കാൻ ഡണ്ടാർ ഹുറിയറ്റ്, നോക്ത, ഹഫ്തയ ബകീഷ്, സോസ്, ടെമ്പോ എന്നിവയുൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്. നിരവധി പത്രങ്ങളിൽ എഴുതിവന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ടിആർടിക്കും സിഎൻഎൻ ടർക്ക്, എൻടിവി എന്നിവയുൾപ്പെടെ സ്വകാര്യ ചാനലുകൾക്കുമായി നിരവധി പരിപാടികൾ നിർമിച്ചിട്ടുണ്ട്. അങ്കാറ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഫാക്കൽറ്റിയിൽനിന്ന് 1982 ൽ ജേണലിസം ബിരുദം നേടി. 1986 ൽ ലണ്ടൻ സ്കൂൾ ഓഫ് ജേണലിസത്തിൽ വിദ്യാഭ്യാസം തുടർന്നു. 1988 ൽ ബിരുദാനന്തര ബിരുദം. 1996 ൽ അങ്കാറയിലെ മിഡിൽ ഈസ്റ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി. ഹയാത വെ സിയാസെറ്റെ ഡയർ (ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച്)യാഗ്മുർദൻ സോന്റ (മഴയ്ക്ക് ശേഷം) എർജെനെക്കോൺ (എർജെനെകോണിനെക്കുറിച്ചുള്ള ആദ്യ പുസ്തകം) യാരിം ഹസിരാൻ (എന്നെക്കുറിച്ച് സംസാരിക്കുന്നു), നേരേയെ? (എവിടേക്ക്?) ഉസാക്ലാർ (വിദൂര സ്ഥലങ്ങൾ) യുക്സെലെൻ ഡെനിസ് (ഉദിച്ചുയരുന്ന കടൽ), സവാസ്ത നെ യാപ്ടിൻ ബാബ? (യുദ്ധത്തിൽ നിങ്ങൾ എന്താണ് ചെയ്തത് പിതാവേ?)ബ്യൂലു ഫെനർ (മാന്ത്രിക വിളക്ക്) ബിർ യാസാം ഇക്സിരി (ഒരു ജീവിത മരുന്ന്) മുസ്തഫ കെമാൽ അരമിസ്ദ (മുസ്തഫ കെമാൽ നമ്മുടെ ഇടയിലാണ്) യിൽഡിസ്ലാർ (നക്ഷത്രങ്ങൾ) സാരി സെയ്ബെക്ക് (മഞ്ഞ സെയ്ബെക്ക്) ഗോൾഗെഡെക്കിലർ (നിഴലിലുള്ളവർ)യകാംഡാക്കി യൂസ്ലർ (എന്റെ കോളറിലെ മുഖങ്ങൾ) ബെൻ ബോയിൽ വേദ എത്മെലിയിം (ഞാൻ അങ്ങനെ വിട പറയണം) ടുട്ടുക്ലാൻഡിക് (ഞങ്ങളെ അറസ്റ്റ് ചെയ്തു) തുടങ്ങി 20 പുസ്തകങ്ങൾ രചിച്ചു. കൃതികൾ പലപ്പോഴും തുർക്കിയുടെ ആധുനിക രാഷ്ട്രത്തിലേക്കുള്ള പരിണാമം കണ്ടെത്തുകയും നിർണായക സംഭവങ്ങൾ, സംവാദങ്ങൾ, സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള ചരിത്രപരവും രാഷ്ട്രീയവുമായ വിശദാംശങ്ങൾ നൽകുകയും ചെയ്തു. മുസ്തഫ കെമാൽ അതാതുർക്ക്, ഇസ്മെറ്റ് ഇനോനു, നാസിം ഹിക്മെത്, വെഹ്ബി കോച് തുടങ്ങി ചരിത്ര‐രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ പ്രൊഫൈലുകളും അതിൽപ്പെടുന്നു. 2008-ൽ ഇറങ്ങിയ ‘മുസ്തഫ’ എന്ന ചിത്രത്തിന്റെ തിരക്കഥയിൽ റിപ്പബ്ലിക് ഓഫ് തുർക്കി സ്ഥാപകനെ നായകനായിട്ടല്ല, ഭയങ്ങളും അഭിനിവേശങ്ങളും മാനുഷിക പ്രതീക്ഷകളുമുള്ള സാധാരണ മനുഷ്യനായാണ് ചിത്രീകരിച്ചത്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ലഭിക്കുകയുമുണ്ടായി. 2016-ൽ യൂറോപ്യൻ സെന്റർ ഫോർ പ്രസ് ആൻഡ് മീഡിയ ഫ്രീഡത്തിന്റെ പ്രധാന പങ്കാളിയായ ലീപ്സിഗ് മീഡിയ ഫൗണ്ടേഷന്റെ മാധ്യമ സ്വാതന്ത്ര്യത്തിനും ഭാവിക്കും വേണ്ടിയുള്ള സമ്മാനം എർദെം ഗുലിനൊപ്പം പങ്കിട്ടു. ഓക്സ്ഫാം നോവിബ്/പെൻ അവാർഡ്, പ്രിക്സ് യൂറോപ്പയുടെ 2017 ലെ മികച്ച യൂറോപ്യൻ പത്രപ്രവർത്തകൻ തുടങ്ങിയ ബഹുമതികളും തേടിയെത്തി.
കുംഹുരിയത്തിന്റെ മുഖ്യ പത്രാധിപരായിരിക്കെ കടുത്ത പീഡനങ്ങൾ, വിധിച്ചത് 27 വർഷ തടവും
മധ്യ-‐ഇടതുപക്ഷ പത്രം കുംഹുരിയത്തിന്റെ മുഖ്യ പത്രാധിപരായിരുന്ന കാൻ ഡണ്ടാർക്ക് സിറിയൻ വിമതർക്ക് ആയുധങ്ങൾ കടത്തിയ തുർക്കി ഇന്റലിജൻസ് ട്രക്കുകൾ തുറന്നുകാട്ടിയതിന് കടുത്ത പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് 27 വർഷത്തെ തടവും വിധിക്കപ്പെട്ടു. നിലവിൽ ജർമനിയിലാണ് താമസവും ജോലിയും. 2014 ജനുവരിയിൽ സിറിയൻ അതിർത്തി കടന്ന് തുർക്കിയിലെ നാഷണൽ ഇന്റലിജൻസ് ഓർഗനൈസേഷന്റെ (എംഐടി) ട്രക്കുകൾ സിറിയയിലെ ഇസ്ലാമിസ്റ്റുകൾക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന ഫോട്ടോകളും വീഡിയോകളും സഹിതമാണ് 2015 മെയ് മാസത്തിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സ്ഫോടനാത്മകമായ റിപ്പോർട്ട് എർദോഗനിൽനിന്ന് വ്യക്തിപരമായ രോഷത്തിന് കാരണമായി. ചാരവൃത്തി നടത്തുകയും രാജ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചു. 2015 നവംബറിൽ അങ്കാറ ബ്യൂറോ ചീഫ് എർദെം ഗുലിനൊപ്പം ഡണ്ടാർ അറസ്റ്റിലായി. ഇരുവരെയും ഇസ്താംബൂളിന്റെ പ്രാന്തപ്രദേശത്തെ സിലിവ്രി ജയിലിൽ തടങ്കലിൽ വച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഭരണഘടനാ കോടതി വിധിച്ചു. വിട്ടയക്കാൻ ഉത്തരവിടുംവരെ 93 ദിവസം ഏകാന്തതടവിൽ കഴിയേണ്ടിവന്നു ഇരുവർക്കും. കീഴ്ക്കോടതി ശിക്ഷവിധിച്ച അതേ ദിവസം കോടതി മുറിയിൽ രാജ്യദ്രോഹിയെന്ന് ആക്രോശിച്ച തോക്കുധാരിയുടെ വധശ്രമത്തിൽ നിന്ന് ഡണ്ടാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അടച്ചിട്ട വാതിലിലൂടെ നടന്ന വിചാരണയ്ക്കിടെ തിങ്ങിനിറഞ്ഞ മാധ്യമ ക്യാമറകൾക്ക് മുന്നിൽ അക്രമി മൂന്ന് പ്രാവശ്യം കാഞ്ചിവലിച്ചു. തുളച്ചുകയറിയ വെടിയുണ്ട കാരണം റിപ്പോർട്ടർ യാഗിസ് സെങ്കലിന് പരിക്കേറ്റതായി എൻടിവി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എർദോഗന്റെ 62-‐ാം ജന്മദിനമായ 2016 ഫെബ്രുവരി 26-ന് മോചിതനായതിന്റെ വിരോധാഭാസം ചൂണ്ടിക്കാട്ടിയ ഡണ്ടാർ അത് അദ്ദേഹത്തിന് നല്ലൊരു സമ്മാനമാണെന്ന് കരുതുന്നതായി ഫലിതം പൊട്ടിച്ചു. ഞങ്ങൾ തുടരും. അദ്ദേഹത്തിന് നല്ല ജന്മദിന സമ്മാനങ്ങൾ ഒരുക്കും. തനിക്ക് ആരോടും ദേഷ്യമേയില്ല. എന്നാൽ ഉച്ചത്തിലുള്ള ശബ്ദത്തോടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് തുടരും, 30 സഹപ്രവർത്തകർ ഇപ്പോഴും തടവറയിലാണ്. പിന്നിൽ കാണുന്ന കോൺസെൻട്രേഷൻ ക്യാമ്പായ സിലിവ്രി ജയിൽ മ്യൂസിയമാകുംവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കൂട്ടിച്ചേർത്തു. 2016 ജൂലൈയിൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തെ തുടർന്ന് കൂടുതൽ തടവ് ഒഴിവാക്കാനാണ് അദ്ദേഹം ജർമനിയിൽ സ്ഥിരതാമസമാക്കിയത്. ബെർലിനിൽ നിന്ന് ആക്ടിവിസവും പത്രപ്രവർത്തനവും തുടരുന്നു. ദ്വിഭാഷാ പ്ലാറ്റ്ഫോമായ ഓസ്ഗുരുസിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന ഡൻഡാർ ജർമൻ പത്രം ഡൈ സീറ്റിന്റെ പംക്തികാരനുമാണ്. പത്രസ്വാതന്ത്ര്യത്തിന്റെ പ്രമുഖ ആഗോള വക്താവായ അദ്ദേഹം തുർക്കി സർക്കാരിന്റെ മാധ്യമ അടിച്ചമർത്തലുകളുടെ ശക്തനായ വിമർശകനായി നിലകൊള്ളുന്നു.

‘ദി റൈസ് ഓഫ് ടർക്കീസ് മോഡേൺ ഓട്ടോക്രാറ്റ്’ ഗ്രാഫിക് ജീവചരിത്രം
2011 ലെ അറബ് വസന്തം രേഖപ്പെടുത്തുന്നതിൽ പേരുകേട്ട പ്രമുഖ ഈജിപ്ഷ്യൻ‐ സുഡാനീസ് രാഷ്ട്രീയ കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റും ഫലിത കലാകാരനുമായ മുഹമ്മദ് അൻവറും ചേർന്ന് കാൻ ഡണ്ടാർ തയ്യാറാക്കി കാനഡയിലെ വാൻകൂവർ ആസ്ഥാനമായ ആഴ്സണൽ പൾപ്പ് പ്രസ്സ് പ്രസിദ്ധീകരിച്ച ‘ദി റൈസ് ഓഫ് ടർക്കീസ് മോഡേൺ ഓട്ടോക്രാറ്റ്’ (ആധുനിക തുർക്കിയുടെ സ്വോധിപതിയുടെ ഉദയം) ഗ്രാഫിക് ജീവചരിത്രം മറ്റൊരു സംഭാവന. ലോകത്തിൽ ഏറ്റവും ഭിന്നിപ്പുണ്ടാക്കുന്ന, വിവാദങ്ങൾ ആസ്വദിക്കുന്ന നേതാക്കളിൽ ഒരാളായ എർദോഗൻ 2003 മാർച്ച് മാസം മുതൽ തുർക്കിയെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയി നയിച്ചുവരുന്നുണ്ട്. എട്ടേമുക്കൽക്കോടിയിലേറെ ജനസംഖ്യയുള്ള യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലെ ആ രാജ്യം ഭൗമരാഷ്ട്രീയമായി തന്ത്രപരമായ സ്ഥാനമുള്ള വളർന്നുവരുന്ന സാമ്പത്തിക ശക്തികേന്ദ്രമാണ്. ഇസ്ലാമിക യാഥാസ്ഥിതികനായ അദ്ദേഹം ജനങ്ങളിൽ ധ്രുവീകരണമുണ്ടാക്കിയിട്ടുണ്ട്. ചിലർ സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങളെ പ്രശംസിക്കുമ്പോൾ ധാരാളമാളുകൾ സ്വേച്ഛാധിപത്യ, ഇരുമ്പുമുഷ്ടി ഭരണത്തെ അപലപിക്കുന്നു; എതിരാളികളെ ജയിലിലടയ്ക്കൽ, അഭിപ്രായ സ്വാതന്ത്ര്യവും അവകാശങ്ങളും തകർക്കൽ, കുർദിഷ് ന്യൂനപക്ഷത്തിനെതിരായ യുദ്ധം എന്നിവ അതിൽ ഉൾപ്പെടുന്നു. ആകർഷകങ്ങളായ ചിത്രീകരണങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാഫിക് ജീവചരിത്രം 2023 ഒക്ടോബർ മൂന്നുതൊട്ട് അമേരിക്ക, ബ്രിട്ടൻ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ ഇംഗ്ലീഷിൽ ലഭ്യമാണ്. അമേരിക്കൻ സാഹിത്യ വിവർത്തകനും എഴുത്തുകാരനുമായ എൽ എൽ ക്രീഡറിന്റതാണ് പരിഭാഷ. അത് എർദോഗന്റെ ബോധ്യങ്ങളെയും വൈരുധ്യങ്ങളെയും മനസ്സിലാക്കുന്നതിന് നിർണായകവും നാടകീയവുമായ സന്ദർഭം നൽകുന്നു. വളർന്നുവരുന്ന ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലെ ചെറുപ്പകാലം മുതൽ 2001 ആഗസ്ത് 14ന് അബ്ദുല്ല ഗുൽ, ബുലെന്റ് അറിൻ എന്നിവർക്കൊപ്പം ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർടി രൂപീകരിച്ചതടക്കം രാഷ്ട്രീയ രംഗത്ത് സഞ്ചരിച്ച ദശാബ്ദങ്ങൾ ഒന്നൊന്നായി കടന്നുവരുന്നു. 1.85 മീറ്റർ ഉയരമുള്ള എർദോഗൻ 1969 ‐ 82 വരെ കാമിയാൽറ്റിസ്പോർ, ഐഇടിടി (ട്രാൻസിറ്റ് അതോറിറ്റി ടീം) തുടങ്ങിയ പ്രാദേശിക ക്ലബ്ബുകൾക്കുവേണ്ടി സെന്റർ-ഫോർവേഡായി കളിച്ചു. ഇസ്താംബൂളിലെ പവർഹൗസായ ഫെനർബാഷെ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു, എന്നാൽ മതപഠനം തടസപ്പെടരുതെന്ന് കരുതി അച്ഛൻ നിരുത്സാഹപ്പെടുത്തി. 2014-ൽ ചാരിറ്റി പരിപാടിയിെേല കാൽ മണിക്കൂർമാത്രം ദൈർഘ്യമുണ്ടായ പ്രദർശന മത്സരത്തിൽ അവിശ്വസനീയമായ ഹാട്രിക് നേടി. ജന്മനാടായ കാസിംപാസ ജില്ലയിലെ പ്രാദേശിക ക്ലബ്ബിന്റെ ഹോം സ്റ്റേഡിയത്തിന് റെസെപ് തയ്യിപ് എർദോഗൻ സ്റ്റേഡിയം എന്ന് നാമകരണം ചെയ്തത് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ്. കാൻ ഡണ്ടാറിനൊപ്പം ഗ്രാഫിക് ജീവചരിത്രം തയ്യാറാക്കി മുഹമ്മദ് അൻവർ മുൻ ഏകാധിപതി ഹോസ്നി മുബാറക്കിന്റെ അവസാന വർഷങ്ങളിൽ ഈജിപ്തിൽ ഉയർന്നുവന്ന യുവ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളുടെ പുതിയ തരംഗത്തിലെ ഒരാളായിരുന്നു. 2011 ൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവം കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ വികാസത്തിൽ കേന്ദ്രബിന്ദുവായി. 2011 ൽ ഈജിപ്തിലെ രാഷ്ട്രീയ പരിഷ്കാരങ്ങൾ പിൻവലിച്ചശേഷം അറസ്റ്റുചെയ്ത് നാടുകടത്തി. ഇപ്പോൾ ബെർലിനിലാണ് താമസം.
ഇതിഹാസ തുർക്കി കാർട്ടൂണിസ്റ്റ് എർദോഗൻ ബസോളിന്റെ വിയോഗം
പ്രധാനമന്ത്രിയുടെ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇതിഹാസ തുർക്കി കാർട്ടൂണിസ്റ്റ് എർദോഗൻ ബസോൾ 90‐ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഛായാചിത്രവും രചനകളും ഉൾക്കൊള്ളുന്ന ആദരാഞ്ജലി പോസ്റ്റർ ഒരുക്കിയാണ് സാംസ്കാരിക സമൂഹവും തുർക്കി കാർട്ടൂണിസ്റ്റുകളുടെ അസോസിയേഷനായ കരിക്കാറ്റുർകുലർ ഡെർനെഗിയും വിട നൽകിയത്. കാരക്കാഹ്മെത് സകിരിൻ പള്ളിയിലെ ശവസംസ്കാര ചടങ്ങിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും സാഹിത്യകാരരും അദ്ദേഹത്തെ മികച്ച ദൃശ്യ തത്ത്വചിന്തകൻ എന്ന നിലയിൽ മാത്രമല്ല, എളിമയുള്ള അനന്തമായ ദയയുള്ള മനുഷ്യനായും അനുസ്മരിച്ചു. 2011 ഏപ്രിൽ 23-ന് അന്തരിച്ച അധ്യാപകനും കാർട്ടൂണിസ്റ്റും ഗവേഷകനുമായ ആറ്റില ഓസർ എസ്കിസെഹിർ സ്ഥാപിച്ച അനഡോലു സർവകലാശാല മ്യൂസിയത്തിലെ അനുസ്മരണത്തിൽ കാർട്ടൂണിങ്ങിന്റെ സാർവത്രിക ഭാഷയിലൂടെ തലമുറകളെ പ്രചോദിപ്പിക്കുകയും അതിരുകൾ ഭേദിക്കുകയും ചെയ്ത കാലാതീതമായ വരികൾ അവശേഷിപ്പിച്ചാണ് ആ മടക്കമെന്നായിരുന്നു അനുശോചന പ്രമേയം. ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിരുകൾക്കപ്പുറത്തേക്ക് കടന്ന, വേദനാജനകവും വാക്കുകളില്ലാത്തതുമായ നർമത്തിന് പേരുകേട്ട ബാസോളിന്റെ വിയോഗം തുർക്കി ആക്ഷേപഹാസ്യത്തിന്റെയും ആഗോള ഗ്രാഫിക് കലയുടെയും ഒരു യുഗാന്ത്യം കുറിച്ചു. 1936- സെപ്തംബർ 10 ന് ഇസ്താംബൂളിൽ ജനിച്ച അദ്ദേഹത്തിൽ ചെറുപ്പത്തിലേ ആക്ഷേപഹാസ്യത്തോടുള്ള അഭിനിവേശം മുളയ്ക്കുകയുണ്ടായി. 1952-ൽ 16 വയസ് മാത്രമുള്ളപ്പോൾ പ്രശസ്ത വാരിക ഹഫ്ത( ആഴ്ച ) യിൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചതാണ് ഏഴ് ദശാബ്ദത്തിലേറെ നീണ്ട ഉജ്ജ്വല കരിയറിന് പ്രാരംഭമായത്. കരകേദി ( ബ്ലാക്ക്കാറ്റ് ) മാസികയിലും വരകൾ പ്രത്യക്ഷപ്പെട്ടു. ശേഷം പ്രാദേശിക, വിദേശ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. തുർക്കി ആക്ഷേപഹാസ്യത്തിന്റെ സുവർണ കാലഘട്ടത്തിലുടനീളം അക്ബാബ, ഡോൾമുസ്, ടെഫ്, ടാസ്, സുബുക് തുടങ്ങിയ പ്രശസ്ത മാസികകളുടെ അവിഭാജ്യ ഘടകമായി മാറിയ ബാസോൾ മൂർച്ചയുള്ള ബുദ്ധിശക്തിയും ഗംഭീരവും ആഴത്തിൽ സ്വാധീനം ചെലുത്തുന്നതുമായ ശൈലിയും പിന്തുടർന്നു. മാതൃരാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിണാമങ്ങൾ പകർത്തുകയും ചെയ്തു. വാക്കുകളില്ലാത്ത കാർട്ടൂണിങ്ങിലുള്ള വൈദഗ്ധ്യമാണ് വ്യത്യസ്തനാക്കിയത്. നർമം സാർവത്രിക മനുഷ്യ സ്വഭാവമാണെന്ന് ആദ്യകാലങ്ങളിൽ തിരിച്ചറിഞ്ഞ അദ്ദേഹം വാചകങ്ങൾ ഒഴിവാക്കി, തന്റെ ശുദ്ധമായ വരികൾ, മാസ്റ്റർപീസ് രചനകൾ, ദാർശനികാശയങ്ങൾ എന്നിവയെ ആഗോള പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാൻ അനുവദിച്ചു. ഈ സമീപനം അന്താരാഷ്ട്ര ഫെസ്റ്റിവൽ സർക്യൂട്ടിൽ പ്രശംസ നേടിക്കൊടുത്തു. പതിറ്റാണ്ടുകളായി തുർക്കിയിലെ ഏറ്റവും ആദരണീയനായ സാംസ്കാരിക അംബാസഡർമാരിൽ ഒരാളായി മാറി. പലപ്പോഴും ബഹുമാന്യനായ അന്താരാഷ്ട്ര ജൂറി അംഗമായും സേവനമനുഷ്ഠിച്ചു, ആഗോള മത്സരങ്ങളിൽ മൂർച്ചയുള്ള കാഴ്ചപ്പാടും ന്യായമായ വിധിനിർണയവും കൊണ്ടുവന്നു, ഒപ്പം വിദേശത്ത് നിരവധി സോളോ എക്സിബിഷനുകളും നടത്തി. അഭിമാനകരങ്ങളായ ഒട്ടേറെ ആഗോള മത്സരങ്ങളിൽ മികച്ച മെഡലുകളും ബഹുമതികളും നേടി.

ഹൈദരാബാദിലും പ്രദർശനം
ഇറ്റലിയിലെ ലോകപ്രശസ്തമായ മരോസ്റ്റിക്ക, ബോർഡിഗെര ഉത്സവങ്ങൾ, ബൾഗേറിയയിലെ ഗാബ്രോവോയിൽ നർമത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും വീട്, വടക്കൻ മാസിഡോണിയയിലെ സ്കോപ്ജെയിൻ കാർട്ടൂൺ ഗാലറി, ജപ്പാനിലെ യോമിയുരി മത്സരം, ബെൽജിയം, യുഗോസ്ലാവിയ, പോർച്ചുഗൽ, തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന പ്രദർശനങ്ങളിലും മത്സരങ്ങളിലും ബസോൾ വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ അംഗീകാരങ്ങൾ നേടി. – ബ്യൂണസ് അയേഴ്സ് (അർജന്റീന)-ഡീജോൺ – സിയോൾ (തെക്കൻ കൊറിയ)- ഗാബ്രോവോ – സോഫിയ – റൂസ്( ബൾഗേറിയ )ബീജിങ്, ഹാങ്ങ്ഹായ്, -ജിയാക്സിംഗ് (ചൈന) പോർട്ടോ (പോർച്ചുഗൽ)സൂറിച്ച് (സ്വിറ്റ്സർലാൻഡ്) കീവ് (ഉക്രെയ്ൻ) ഹാർബർ [ആസ്ത്രലിയ) ഹൈഫ (ഇസ്രയേൽ)തായ്പൈ (തായ്വാൻ)സൊകോബഞ്ച (യുഗോസ്ലാവിയ)കാസർസ്ബാദ് (അമേരിക്ക) ടെഹ്റാൻ (ഇറാൻ) സുസേവ (റൊമാനിയ)പരാഗ്വാക്കു (പരാഗ്വ)ഐഡിയാസ് സിറ്റി(മെക്സിക്കോ)സ്ട്രുമിക്ക (മാസിഡോണിയ) തുടങ്ങിയ നഗരങ്ങൾക്കൊപ്പം ഇന്ത്യയിൽ ഹൈദരാബാദിലും പ്രദർശനം നടത്തി. കോമിക് കോൺ ആഭിമുഖ്യത്തിൽ മദാപൂരിലെ ഇസത്ത് നഗർ -ഹൈടെക് എക്സിബിഷൻ സെന്ററായിരുന്നു വേദി. ഡ്രാഫ്റ്റിങ് ടേബിളിനപ്പുറം കാർട്ടൂണിങ്ങിന്റെ സ്ഥാപനപരമായ വളർച്ചയ്ക്ക് ആവേശകരമായി നിലകൊണ്ട ബസോൾ കലാകാരരുടെ അവകാശങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഗ്രാഫിക് കലകളുടെ സാംസ്കാരികാന്തസ്സിനും വേണ്ടി പോരാടി ടർക്കിഷ് കാർട്ടൂണിസ്റ്റ് അസോസിയേഷനെ നയിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പൈതൃകം യുവതലമുറകളോടുള്ള സമർപ്പണമായിരുന്നു. കുട്ടികൾക്കും ചെറുപ്പക്കാർക്കും ദേശീയ, അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിധികർത്താവാകുകയും ചെയ്തു, നിരവധി കാർട്ടൂണിസ്റ്റുകളെ വ്യക്തിപരമായി വഴികാട്ടുകയും ആക്ഷേപഹാസ്യത്തിന്റെ ദീപം ഭാവി തലമുറകളിലേക്ക് സുരക്ഷിതമായി കൈമാറുന്നുവെന്ന് ഉറപ്പാക്കുകയുമുണ്ടായി. 1975, 1975, 1997, 1999, 2009, 2010, 2011, 2012, 2013, 2014, 2016 വർഷങ്ങളിൽ ഇന്റർനാഷണൽ നസ്രെറ്റിൻ ഹോക്ക കാർട്ടൂൺ മത്സര ജൂറിയിൽ സേവനമനുഷ്ഠിച്ചു.

1975-ൽ യുണൈറ്റഡ് കാർട്ടൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരണത്തിൽ ബസോൾ നാല് സുഹൃത്തുക്കളോടൊപ്പം പങ്കെടുത്തു. 1975-ലും 1978-ലും ആ സംഘത്തിനൊപ്പം രണ്ട് പ്രദർശനങ്ങൾ നടത്തി. ടൊലെന്റിനോ (ഇറ്റലി), വാർസോ (പോളണ്ട്) ഗാബ്രോവോ (ബൾഗേറിയ)എന്നിവിടങ്ങളിലെ മ്യൂസിയങ്ങൾ അദ്ദേഹത്തിന്റെ കാർട്ടൂൺ സ്ഥിരപ്രദർശനത്തിന് തിരഞ്ഞെടുത്തു. പോളണ്ട്, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, അർജന്റീന എന്നിവിടങ്ങളിലും പ്രദർശനങ്ങൾ നടത്തി. 1984 ലും 2001 ലും കർമകാരിഷിക് (മിക്സഡ് അപ്പ്), കെലാംസിജ് (വേഡ്ലെസ്) എന്നീ കാർട്ടൂൺ ആൽബങ്ങൾ ഇറക്കി. യൂറോപ്യൻ യൂണിയനും ഫെഡറേഷൻ ഓഫ് യൂറോപ്യൻ കാർട്ടൂണിസ്റ്റും സംഘടിപ്പിച്ച ഇന്റർനാഷണൽ കാർട്ടൂൺ കോണ്ടസ്റ്റ് വോളണ്ടിയറിങ് റൂസ് 2011 ൽ പ്രത്യേക അവാർഡ് സമ്മാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ തുർക്കി കാരിക്കേച്ചറിന് നൽകിയ സേവനത്തിന് 1989-ൽ പ്രസ് ആൻഡ് ഇൻഫർമേഷൻ ഡയരക്ടറേറ്റിന്റെ ആദര ചടങ്ങിൽ തുർക്കി പ്രധാനമന്ത്രി തുർഗട്ട് ഒസൽ എത്തി. അക്സാം, ഗുനെസ്, കുംഹുരിയറ്റ്, ബറോമീറ്റർ, ഗ്ലോബൽ എന്നീ പത്രങ്ങൾക്കായി ബസോൾ രാഷ്ട്രീയ കാർട്ടൂണുകളും കോമിക് സ്ട്രിപ്പുകളും വരച്ചു. അവസാന കാലത്ത് ഡെസിഷിം മാസികയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1995-ൽ ടർക്കിഷ് കാർട്ടൂണിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായി ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു; ആജീവനാന്തം അതിന്റെ നേതൃനിരയിൽ തുടർന്നു. പ്രധാനമായും രാഷ്ട്രീയ‐ സാമൂഹിക വിമർശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രീകരണങ്ങൾ. ദൃശ്യപരമായി സമന്വയിപ്പിക്കാനുള്ള കഴിവും മൂർച്ചയുള്ള ആക്ഷേപഹാസ്യവും വേറിട്ടുനിന്നവ. കലയിലൂടെ ബസോൾ ആളുകളെ നർമം, ഉൾക്കാഴ്ച, മാനവികത എന്നിവയുമായി സമന്വയിപ്പിച്ചു, തലമുറകളിലെ കലാകാരന്മാരിലും വായനക്കാരിലും മായാത്ത മുദ്ര പതിപ്പിച്ചത് അങ്ങനെ. 1965-ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ച ജോസ് അന്റോണിയോ റോഡ്രിഗസ് ഗാർസിയ കാർട്ടൂണിസ്റ്റും ചിത്രകാരനും മെക്സിക്കൻ സൊസൈറ്റി ഓഫ് കാർട്ടൂണിസ്റ്റ്സ്, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കാർട്ടൂണിസ്റ്റ്സ്, കാർട്ടൂൺ മൂവ്മെന്റ്, ടൺസ് മാഗ് എന്നിവയിൽ പ്രധാനിയുമാണ്. മെക്സിക്കോയിലെ ലാ വോസ് ഡി മൈക്കോകാൻ പത്രത്തിന്റെയും നെഗ്രാറ്റിന്റ സ്പാനിഷ് മാസികയുടെയും ഇറ്റലിയിലെ അനെഡോട്ടിക്ക മാഗസിന്റെയും എഡിറ്റോറിയൽ കാർട്ടൂണിസ്റ്റും ചിത്രകാരനുമാണ് അദ്ദേഹം. ‘കപ്പും പ്ലേറ്റും’ എന്ന ഗാർസിയ കാർട്ടൂൺ 2026 ഫിഫ ലോകക്കപ്പിന്റെ ആരവങ്ങൾക്കിടയിലാണ് ശ്രദ്ധേയമായത്. അടിച്ചേൽപ്പിക്കുന്ന ദാരിദ്ര്യം, അധിനിവേശത്തിന്റെ പ്രഹരങ്ങൾ, അതിസാധാരണക്കാരെ പോക്കറ്റടിക്കുന്ന ബഹുരാഷ്ട്ര ഭീമന്മാർ, കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുന്ന മനുഷ്യവിരുദ്ധ എന്നിവയെല്ലാം തുറന്നുകാട്ടുന്നതായി അത്. അതേക്കാൾ പ്രധാനമായ, മുമ്പ് പ്രസിദ്ധീകരിച്ച ‘തുർക്കി ദിശാസൂചിക’ ആ രാജ്യത്തിന്റെ മുറിവുകൾ നന്നായി അനുഭവവേദ്യമാക്കി.







No Comments yet!