എസ്. ജാനകിയുടെ വിയോഗവാര്‍ത്ത കേട്ട് ദുഃഖിക്കാത്ത മലയാളികളുണ്ടാകില്ല, ആ സ്വരമാധുര്യം കേള്‍ക്കാത്ത, ആസ്വദിക്കാത്ത മലയാളികളുണ്ടാകില്ലെന്നതു പോലെ തന്നെ. മലയാണ്മ നന്നായി പുഷ്പിച്ചത് ആ സ്വരമാധുരിയിലാണ്. മലയാളിയല്ലാത്ത ഒരു അന്യനാട്ടുകാരി, ഇത്രമേല്‍ മലയാളികളുടെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടോയെന്നു സംശയിക്കണം. ജാനകി പാടിയ ഭാവഗാനങ്ങള്‍ മലയാളിക്കറിയാത്ത പലതും നമ്മെ പഠിപ്പിച്ചിട്ടുണ്ടാകണമെന്നു കരുതണം. അവയെന്തെല്ലാമെന്ന് നാം പൂര്‍ണ്ണമായും ഗ്രഹിച്ചു കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു കാര്യം ഇപ്പോഴേ പറയാം, പ്രണയത്തിന്റെ പല ആന്തരാര്‍ത്ഥങ്ങളും മലയാളി പഠിച്ചത് ജാനകിയുടെ പാട്ട് കേട്ടിട്ടായിരിക്കണം. ആ മഹാഭാവഗായികയ്ക്ക് എല്ലാ മലയാളികളും ഒന്നുചേര്‍ന്ന് പ്രണാമം അര്‍പ്പിക്കുന്ന വേളയില്‍ ജാനകി പാടിയ ചില ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണിത്.

1
മലയാള ചലച്ചിത്രഗാനങ്ങളില്‍ പ്രണയം അതിന്റെ ഏറ്റവും സൂക്ഷ്മഭാവത്തില്‍ ആവിഷ്‌കരിക്കപ്പെട്ട സന്ദര്‍ഭങ്ങളിലൊന്നാണ് ‘പരീക്ഷ’ എന്ന ചലച്ചിത്രത്തിലെ ‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍’ എന്ന പാട്ടിന്റേത്. പി ഭാസ്‌കരന്റെ രചനയ്ക്ക് ബാബുരാജിന്റെ സംഗീതത്തില്‍ ജാനകി പാടിയ ഈ ഗാനം പ്രണയത്തെ പറയാന്‍ മടിക്കുന്ന ഒരു ഹൃദയത്തിന്റെ സ്വയംസംഭാഷണമാണ്. സംഗമവുമല്ല, വിരഹവുമല്ല, പ്രഖ്യാപിക്കപ്പെടാത്ത പ്രണയമാണ് ഈ ഗാനം ആവിഷ്‌ക്കരിക്കുന്നത്. പ്രിയപ്പെട്ടവന്റെ മുന്നില്‍ സ്വന്തം ഹൃദയം തുറന്നുവെയ്ക്കാന്‍ വിഷമിക്കുന്ന ഒരു യുവതിയുടെ മനസ്സിനെ ഇത്ര മൃദുലതയോടെ ചിത്രീകരിച്ച ഗാനങ്ങള്‍ മലയാളത്തില്‍ വിരളമാണ്. പ്രണയത്തിന്റെ ചരിത്രം എഴുതപ്പെട്ടത് പ്രഖ്യാപനങ്ങളുടെ ചരിത്രമായല്ലല്ലോ? പറയാതെ പോയ വാക്കുകളുടെ ചരിത്രമായിട്ടാണ് അത് ഏറെയും എഴുതപ്പെട്ടത്. മനുഷ്യന്റെ തീവ്രമായ വികാരങ്ങള്‍ക്ക് പലപ്പോഴും ഭാഷ അപര്യാപ്തമാകുന്നു. പ്രണയം അതിന്റെ ഏറ്റവും സത്യസന്ധമായ അവസ്ഥയില്‍ അനുഭവിക്കപ്പെടുന്നത് വാക്കുകള്‍ക്കും സംഗീതത്തിനും മേലെ നിശ്ശബ്ദതയിലാണ്. കേള്‍വിയില്‍ ലളിതമായ പ്രണയഗാനമെന്നു തോന്നുന്ന പി ഭാസ്‌കരന്റെ രചന ഭാഷയുടെ പരിമിതിയെയും സ്ത്രീമനസ്സിന്റെ സൂക്ഷ്മമായ ആത്മസംഘര്‍ഷത്തെയും പ്രണയത്തിന്റെ അന്തര്‍മുഖഭാവത്തെയും അപൂര്‍വ്വമായ കലാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രണയപ്രഖ്യാപനത്തിനുള്ള അനിശ്ചിതത്വങ്ങളില്‍ ഗാനത്തിന്റെ സൗന്ദര്യം നിര്‍മ്മിക്കപ്പെടുന്നു. പ്രണയം നേരിട്ടു പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കിലും ഓരോ വരിയും പ്രണയത്താല്‍ നിറഞ്ഞിരിക്കുന്നു. ഈ ഗാനം പ്രണയത്തിന്റെ ഭാഷയെക്കുറിച്ചുള്ള ഒരു ധ്യാനവുമാണ്. ഒരു ഗാനവും അവളുടെ പ്രണയത്തിന് തുല്യമല്ല.
‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍’ എന്ന ഗാനത്തെ അനശ്വരമാക്കിയത് എസ്. ജാനകിയുടെ ആലാപനമാണ്. ഈ ഗാനത്തില്‍ നായികാവേഷമണിഞ്ഞ ശാരദയെ പോലെ ഗായികയും ജീവിക്കുന്നു. ജാനകി ഓരോ വരിയും ഉച്ചരിക്കുമ്പോള്‍ ഒരു യുവതിയുടെ ഹൃദയത്തില്‍ പ്രണയത്തിന്റെ ആദ്യഭാഷ തേടുന്നതിന്റെ വിറയല്‍ കേള്‍ക്കാം. ജാനകി പാടിയ മിക്ക ഗാനങ്ങളിലുമെന്ന പോലെ ഈ ഗാനത്തിന്റെയും യഥാര്‍ത്ഥഭാവം സംഗീതസംവിധായകന്റെ ഈണത്തിലോ കവിയുടെ വാക്കുകളിലോ ഒതുങ്ങുന്നില്ല; ജാനകിയുടെ സ്വരത്തില്‍ അത് പുതിയതായി മറ്റെന്തെല്ലാമോ നേടി പൂര്‍ണ്ണമാകുന്നു. ജാനകി പാടുമ്പോള്‍ വികാരം പുറത്തുനിന്നും ശബ്ദത്തിലേക്ക് നിക്ഷേപിക്കുകയല്ല; ഉള്ളില്‍ നിന്നും സ്വാഭാവികം സ്വരമായി മാറുകയാണ്. ഈ ഗാനത്തിലെ നായികയുടെ ലജ്ജയും സന്ദേഹവും ആത്മവിശ്വാസമില്ലായ്മയും പ്രണയവും ശബ്ദത്തിന്റെ സ്വാഭാവികസ്പന്ദനങ്ങളായി നമുക്ക് അനുഭവപ്പെടുന്നു. ആദ്യവരിയില്‍ സ്‌നേഹത്തിനും പ്രതീക്ഷക്കുമൊപ്പം ഇവ പ്രകടിപ്പിക്കാനുള്ള മടിയുടെ നേര്‍ത്ത നിഴല്‍ സ്വരത്തില്‍ സൂക്ഷ്മമായി കലര്‍ന്നിരിക്കുന്നത് അനുഭവിക്കാനാവും. ഗായിക ശബ്ദത്തെ ബലപ്രയോഗത്തിലൂടെ ഉയര്‍ത്തുന്നില്ല. ഓരോ സ്വരവും അധരങ്ങളില്‍ നിന്ന് പതുക്കെ വിടരുന്നതായി ശ്രോതാവിനു തോന്നുന്നു. ആ സംയമനം ഗാനം ഘോഷിക്കുന്ന പ്രണയത്തെ ഉന്നതമമാക്കുന്നു. ‘സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം’ എന്ന വരിയില്‍ ജാനകിയുടെ ആലാപനം അത്യുന്നതമായ ഭാവസൗന്ദര്യം കൈവരിക്കുന്നു. ‘നാണം’ എന്ന വാക്കിന്റെ ഉച്ചാരണം നാണം സ്വയം തന്നെ ശബ്ദമായി മാറിയതുപോലെ തോന്നിപ്പിക്കുന്നതാണ്! എന്നാല്‍, ആ സ്വരത്തില്‍ പിന്‍വാങ്ങലുമുണ്ട്. തുറന്നുപറയാന്‍ മടിക്കുന്ന ഹൃദയത്തിന്റെ സ്വാഭാവികചലനമാണത്. എല്ലാ ഗാനങ്ങളിലും ഭാവസന്നിവേശത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മത ജാനകിയെ ഭാവസ്രഷ്ടാവായി ഉയര്‍ത്തുന്നുണ്ടല്ലോ? പല ഗായകരും വാക്കുകള്‍ക്കിടയിലെ നിശ്ശബ്ദതയെ ഇടവേളയായി കാണുമ്പോള്‍ ജാനകി അതിനെ ഭാവത്തിന്റെ ഭാഗമാക്കുന്നു. ഈ ഗാനത്തില്‍ ഗായികയുടെ ശബ്ദം ഉയരാതിരിക്കുന്ന നിമിഷങ്ങളില്‍ പോലും പാട്ട് നമ്മോട് പ്രണയം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഗാനത്തിലെ മൗനവും സ്വരവും ഒരുപോലെ അര്‍ത്ഥവത്താകുന്ന അപൂര്‍വാനുഭവമാണിത്. ‘ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍’ എന്ന വരികളില്‍ ഗായികയിലൂടെ നായിക സ്വയം ചോദ്യം ചെയ്യുകയാണ്. യുവതി തന്റെ പ്രണയം പ്രകടിപ്പിക്കാന്‍ യോജിച്ച വാക്കുകള്‍ തേടുന്ന നിമിഷത്തിലെ ആത്മസംശയം പ്രണയത്തിന്റെ സ്വാഭാവികമായ അമ്പരപ്പായി മാറി നമ്മുടെ അനുഭവമാകുന്നു. ഏറെ വിസ്മയകരമാണ് ‘അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍’ എന്ന ഭാഗത്തെ ആലാപനം. ഇവിടെ ഗായിക ശബ്ദത്തില്‍ അമിതമായ ദുഃഖമോ ഭയമോ ചേര്‍ക്കാതെ മൃദുലമായ ലജ്ജയും ആത്മബോധവും നിലനിര്‍ത്തുന്നു. ഈ സംയമനം വികാരത്തെ ഉച്ചത്തില്‍ പ്രഖ്യാപിക്കാതെ അതിന്റെ നിയന്ത്രിതഭാവങ്ങള്‍ കൊണ്ട് കൂടുതല്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്നു.
ഈ ഗാനത്തിന്റെ കേന്ദ്രം ഗായികയല്ല; നായികയുടെ മനസ്സാണ്. ആ മനസ്സിന് ശബ്ദം നല്‍കുക എന്ന ദൗത്യമാണ് ഗായിക നിറവേറ്റുന്നത്. എസ്. ജാനകിയുടെ ആലാപനത്തിന്റെ മറ്റൊരു അപൂര്‍വ്വത ഗാനത്തിലെ ഓരോ പദത്തിന്റെയും അര്‍ത്ഥം ഗായികയുടെ ശബ്ദത്തില്‍ കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യാമെന്നതാണ്. ഈ ഗാനം എസ്. ജാനകിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അത് ഒരു സംഗീതാവിഷ്‌കാരം മാത്രമല്ല. പ്രണയലോകത്ത് ആദ്യമായി സ്വന്തം പേരു വിളിക്കാന്‍ മടിക്കുന്ന ഒരു യുവതിയുടെ അന്തര്‍ലോകം ശ്രോതാവിന്റെ ഹൃദയത്തിലേക്ക് നേരിട്ട് ഒഴുകിയെത്തുന്ന അനുഭവമായി അതു മാറുന്നു. ജാനകിയുടെ സ്വരത്തില്‍ പ്രണയം നിശ്ശബ്ദമായി പരിലസിക്കുന്നുണ്ട്. മനുഷ്യഹൃദയത്തിന്റെ ഏറ്റവും സൂക്ഷ്മമായ വിറയലുകള്‍ ഗായിക സംഗീതത്തിന്റെ കേള്‍വിയാക്കുന്നു. ഗാനം അവസാനിച്ചതിനു ശേഷവും യുവതിയുടെ ലജ്ജയും മൗനവും പറയാത്ത പ്രണയവും ശ്രോതാവിന്റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു! ഗാനം ഗായികയുടെയോ നായികയുടെയോ വ്യക്തിപരമായ വികാരങ്ങള്‍ക്കപ്പുറം സാര്‍വ്വമാനുഷികമായ അനുഭവമാകുന്ന നിമിഷങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജാനകിയുടെ ഗാനം കേള്‍ക്കുന്ന ഓരോ ഹൃദയവും നായികയായി മാറുന്നുണ്ടല്ലോ?

2
‘ചാമരം’ എന്ന ചലച്ചിത്രത്തിനു വേണ്ടി പൂവച്ചല്‍ ഖാദര്‍ രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന് എസ് ജാനകി പാടിയ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍’ എന്ന ഗാനം പ്രതീക്ഷയുടെ മധുരത്തെ, കാത്തിരിപ്പിന്റെ സൗന്ദര്യത്തെ, പ്രകൃതിയില്‍ അനുഭവിക്കുന്ന പ്രണയത്തിന്റെ ആത്മീയവിസ്മയത്തെ ആവിഷ്‌ക്കരിക്കുന്ന ഗാനമാണ്. ഈ പാട്ടില്‍ പ്രണയം പ്രകൃതിയുമായി ലയിച്ചുചേരുന്ന ഒരു ജീവാനുഭവമുണ്ട്. ആദ്യവരികള്‍ തന്നെ ഗാനത്തിന്റെ ഭാവലോകം തുറന്നിടുന്നു. കാമുകന്‍ വന്നിട്ടില്ല. പക്ഷേ, അവന്റെ കാലൊച്ച കേള്‍ക്കാനായി കാമുകി തന്നെ മുഴുവനായും കാതുകളാക്കി മാറ്റിയിരിക്കുന്നു. ഈ കാത്തിരിപ്പ് പ്രതീക്ഷയുടെ സുന്ദരമായ ധ്യാനമാണ്. പ്രണയത്തില്‍ കാത്തിരിപ്പ് പലപ്പോഴും സംഗമത്തേക്കാള്‍ തീവ്രമായ അനുഭവമായി മാറുന്നു. ‘താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു.’ മിഴിപ്പക്ഷികള്‍ എന്ന രൂപകം ഗാനത്തിലെ മനോഹരമായ കാവ്യബിംബങ്ങളിലൊന്നാണ്. കണ്ണുകളെ പക്ഷികളായി സങ്കല്‍പ്പിച്ച കവി അവ പ്രിയന്റെ വഴിയിലേക്ക് ചിറകുവിരിച്ചു നില്‍ക്കുന്നതായി ചിത്രണം ചെയ്യുന്നു. കണ്ണുകള്‍ പ്രിയനിലേക്കു പറന്നെത്താന്‍ ആഗ്രഹിക്കുന്ന പക്ഷികളാണ്. ഇവിടെ ദൃഷ്ടി പറക്കാന്‍ തുടങ്ങുന്ന പ്രണയമാണ്. പ്രിയനെ കാണാനുള്ള ആഗ്രഹം കണ്ണുകള്‍ക്ക് പക്ഷികളുടെ വേഗം നല്‍കുന്നു. ഈ രൂപകം പ്രണയത്തിന്റെ സജീവതയെയും പ്രതീക്ഷയുടെ ചലനാത്മകതയെയും വെളിവാക്കുന്നു.
ഗാനത്തിന്റെ അടുത്ത ഭാഗത്ത് പ്രകൃതി തന്നെ പ്രണയത്തിന്റെ സഹചാരിണിയായി മാറുന്നു. ‘നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തൂ.’ മഞ്ഞുതുള്ളി പൂവിനെ ചുംബിക്കുമ്പോള്‍ പൂവിന്റെ കവിളില്‍ നാണം വിരിയുന്നു. ഇത് കാമുകിക്ക് തന്റെ പ്രണയത്തിന്റെ പ്രതീകമായി അനുഭവപ്പെടുന്നു. കാമുകന്‍ സമീപത്തില്ലെങ്കിലും, പ്രകൃതിയിലെ സ്പര്‍ശം കൂടിയും അവന്റെ സ്‌നേഹസ്പര്‍ശത്തിന്റെ ഓര്‍മ്മയായി മാറുന്നു. പൂവിന്റെ ചുവപ്പ് അവളുടെ ഹൃദയത്തിന്റെ ചുവപ്പുമായി ലയിക്കുന്നു. തുടര്‍ന്നുവരുന്ന വരികള്‍ ഗാനത്തിന്റെ ഭാവസാന്ദ്രതയെ ഉയര്‍ത്തുന്നു. മനുഷ്യഹൃദയത്തിലെ മൗനാഭിലാഷങ്ങള്‍ ഏതോ മഹാസദസ്സിലെന്ന പോലെ ചാമരം വീശി നില്‍ക്കുന്നു എന്ന സങ്കല്‍പ്പം കാവ്യാത്മകമാണ്. പ്രണയത്തിന്റെ ഭാഷ പലപ്പോഴും വാക്കുകളല്ലെന്നും മൗനമാണ് അതിന്റെ സത്യസന്ധമായ ഭാഷയെന്നുമുള്ള അറിവ് ഈ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു.
രണ്ടാം ചരണത്തില്‍ പ്രകൃതിയും മനസ്സും തമ്മിലുള്ള ഐക്യം കൂടുതല്‍ ആഴമേറുന്നു. ‘ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍.’ ഇവിടെ ഇളംകാറ്റ് പ്രിയസാമീപ്യത്തിന്റെ മുന്‍സൂചനയാണ്. കാറ്റിന്റെ ഈര്‍മ്മയില്‍ അവള്‍ കാമുകസ്പര്‍ശം അനുഭവിക്കുന്നു. പ്രണയിക്കുന്ന മനസ്സിന് ലോകം മുഴുവന്‍ പ്രിയന്റെ സന്ദേശവാഹകരാകുന്നു. കാറ്റിന്റെ മൃദുസ്പര്‍ശം പോലും ഹൃദയമിടിപ്പിനെ വേഗത്തിലാക്കുന്നു. പ്രണയത്തിന്റെ നിത്യവൈരുദ്ധ്യത്തിലേക്കാണ് ഗാനം പിന്നീടു നീങ്ങുന്നത്. ദിവസങ്ങളോളം കാത്തിരുന്നവള്‍ പ്രിയന്‍ വന്നെത്തുമ്പോള്‍ വാക്കുകള്‍ നഷ്ടപ്പെടുമെന്നു പറയുന്നു. പ്രതീക്ഷയില്‍ മനസ്സ് ആയിരം സംഭാഷണങ്ങള്‍ ഒരുക്കുന്നു; സംഗമത്തിന്റെ നിമിഷത്തിലോ ഭാഷ മൗനത്തിന് വഴിമാറുന്നു. പ്രണയത്തിന്റെ ഏറ്റവും ആഴമുള്ള നിമിഷങ്ങളില്‍ വാക്കുകള്‍ അപര്യാപ്തമാകുമെന്ന സാര്‍വ്വമാനവികമായ അനുഭവമാണ് ഈ വരികളില്‍.
ഈ ഗാനം പ്രകൃതിയെ പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന ഭാഷയാക്കി മാറ്റുന്നു. മഞ്ഞും പൂവും കാറ്റും കണ്ണുകളും മൗനവും പ്രണയത്തിന്റെ വ്യത്യസ്തരൂപങ്ങളായിത്തീരുന്നു. ഓരോ പ്രകൃതിദൃശ്യവും കാമുകിയുടെ അന്തര്‍ലോകത്തിന്റെ പ്രതിഫലനമാകുന്നു. കാത്തിരിപ്പിന്റെ മാധുര്യവും പ്രതീക്ഷയുടെ വിശുദ്ധിയും സംഗമത്തിന്റെ ലജ്ജാഭരിതമായ സങ്കല്‍പ്പവും ചേര്‍ന്ന് പ്രണയം ആത്മീയാനുഭവത്തിന്റെ ഉയരത്തിലെത്തുന്നു. ഈ ഗാനത്തില്‍ പ്രകൃതി കാമുകിക്ക് മനസ്സിന്റെ ദൃശ്യരൂപമാണ്. പൂവിന്റെ നാണം അവളുടെ നാണമാകുന്നു; മഞ്ഞിന്റെ ചുംബനം അവളുടെ ആഗ്രഹമാകുന്നു; ഇളംകാറ്റ് അവളുടെ പ്രിയന്റെ സാമീപ്യമാകുന്നു; മൗനം അവളുടെ ഭാഷയാകുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതിരുകള്‍ മാഞ്ഞ്, കാത്തിരിപ്പ് സൗന്ദര്യാനുഭവമായി മാറുന്നു.
ഗാനത്തിന്റെ ഭാവജീവിതം മനോഹരമായി എസ്. ജാനകിയുടെ ആലാപനത്തില്‍ വിരിയുന്നു. ജാനകി ഈ ഗാനം പാടുന്നത് പ്രണയിയെ കാത്തിരിക്കുന്ന യുവതിയുടെ ആത്മാവായി സ്വയം മാറിക്കൊണ്ടാണ്. കാത്തിരിപ്പിനെ, പ്രണയത്തിന്റെ പ്രതീക്ഷയെ ജാനകിയുടെ ശബ്ദം ആദ്യവരിയുടെ ആലാപനത്തില്‍ തന്നെ പിടിച്ചെടുക്കുന്നു. ‘നാഥാ’ എന്ന സംബോധനയില്‍ പ്രണയിയോടുള്ള സ്‌നേഹവും ആദരവും പ്രണയത്തിന്റെ വിനയവും ഒരുമിച്ചുചേരുന്നു. ആ വാക്കിലൂടെ ഗായിക കാമുകനെ സംബോധന ചെയ്യുമ്പോള്‍ നായികയുടെ മനസ്സിലൂടെ ഒഴുകുന്ന അനിര്‍വ്വചനീയമായ കാമനകള്‍ ശ്രോതാവിന്റെ അനുഭവമാകുന്നു. ‘കാലൊച്ച’ എന്ന പദത്തിന് ഗായിക നല്‍കുന്ന നേര്‍ത്ത ഉച്ചാരണഭംഗി കാതോര്‍ത്തിരിക്കുന്ന മനസ്സിന്റെ ഏകാഗ്രതയെ ശബ്ദമാക്കുന്നതാണ്. ജാനകിയുടെ ആലാപനം ഭാവഭരിതമെങ്കിലും ഭാവത്തിന്റെ സൂക്ഷ്മതലങ്ങളിലുള്ള നിയന്ത്രണം അതിന്റെ സവിശേഷതയാണ്. ഗായിക വികാരങ്ങളെ അമിതമാക്കുന്നില്ല. ഓരോ വാക്കിനും അവശ്യം ആവശ്യമായ അളവില്‍ ഭാവം നിറയ്ക്കുന്നു. അതുകൊണ്ട് ഗാനത്തില്‍ നാടകീയതയില്ല. ‘താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍…’ എന്ന വരികള്‍ പാടുമ്പോള്‍ ലഭിക്കുന്ന ശബ്ദപ്രകാശം ശ്രദ്ധിക്കുക! ആദ്യവാക്കില്‍ ധ്യാനാത്മകമായ സ്വരം പ്രതീക്ഷയുടെ ചിറകുകള്‍ നേടുന്നു. ‘മിഴിപ്പക്ഷികള്‍’ എന്നു പാടുമ്പോള്‍ ഗായികയുടെ ശബ്ദം പക്ഷി പറന്നുയരുന്നതിന്റെ ലാഘവം കൈവരിക്കുന്നു. അത് സംഗീതസാങ്കേതികതയുടെ പ്രകടനമല്ല. പദത്തിന്റെ അന്തര്‍ഭാവം ഉള്‍ക്കൊണ്ട കലാകാരിയുടെ സ്വാഭാവികമായ ആവിഷ്‌കാരമാണ്. തുടര്‍ന്ന്, ‘നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തൂ…’ എന്ന വരികളില്‍ ജാനകിയുടെ ശബ്ദം അപൂര്‍വമായ ഒരു മൃദുസ്പര്‍ശത്തിലാണ്. ‘ചുംബനം’ എന്ന വാക്ക് ഉച്ചത്തിലല്ല. മഞ്ഞുതുള്ളി പൂവില്‍ പതിക്കുന്ന മൃദുത്വത്തിലാണ് നാം കേള്‍ക്കുന്നത്. ‘തുടുത്തു’ എന്ന വാക്കിനു ജാനകി നല്‍കുന്ന തെളിച്ചം നാണത്താല്‍ ചുവന്ന പൂവിന്റെ മുഖം സംഗീതത്തില്‍ വരച്ചിടുന്നു.

ഈ ഗാനത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന നിമിഷം വരുന്നതേയുള്ളൂ. ‘കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍…’ എന്ന വരി തീരുമ്പോളുള്ള ജാനകിയുടെ നേര്‍ത്ത ശബ്ദത്തിലെ ചിരി – അത് ആരാലും ചിട്ടപ്പെടുത്താനാകാത്ത സംഗീതമാണ്. സ്വരലിപികളില്‍ രേഖപ്പെടുത്താനാകാത്ത സംഗീതാഭിനയമാണത്. പ്രിയനെക്കുറിച്ചുള്ള ചിന്തയില്‍ പെട്ടെന്ന് മനസ്സില്‍ വിരിയുന്ന നാണപ്പൂവു പോലെ, ശബ്ദത്തിനുള്ളില്‍ മൃദുലമന്ദഹാസം തെളിയുന്നു. അത് അധരങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന, കണ്ണുകളിലേക്കു പടരുന്ന, ഹൃദയത്തില്‍ നിന്ന് പൊടുന്നനെ ഉയരുന്ന പ്രണയത്തിന്റെ അടക്കാനാവാത്ത ചിരിയാണ്. ആലാപനത്തിനിടയില്‍ ഇത്രയും സൂക്ഷ്മമായി മന്ദഹാസശബ്ദം ചേര്‍ക്കാന്‍ കഴിയുന്നത് അസാധാരണമാണ്. ഗായിക വെറും സ്വരങ്ങള്‍ പാടുമ്പോള്‍ ഇത്തരം നിമിഷങ്ങള്‍ ജനിക്കുകയില്ല. കഥാപാത്രത്തിന്റെ മനസ്സിലേക്ക് പൂര്‍ണ്ണമായി പ്രവേശിച്ച കലാകാരിക്കു മാത്രമേ ഇങ്ങനെ പാടാന്‍ കഴിയൂ. ജാനകി പാടുന്നത് പ്രണയിനിയുടെ ഉള്ളിലെ ചിരിയാണ്. പ്രിയന്റെ വരവ് ഭാവനയില്‍ കണ്ടപ്പോള്‍ അറിയാതെ അധരങ്ങളില്‍ വിരിഞ്ഞ പുഞ്ചിരി ശബ്ദമായി മാറുകയാണ്. കേള്‍ക്കുന്നവര്‍ക്ക് പ്രണയിനിയുടെ മുഖം കാണാനാകുന്നുവെങ്കില്‍ അത് സംഗീതസംവിധായകന്റെ ഈണം കൊണ്ടല്ല; ജാനകിയുടെ ശബ്ദാഭിനയമാണ് പ്രവര്‍ത്തിക്കുന്നത്. ഗാനത്തിനിടയില്‍ ഒരു മിന്നല്‍ പോലെ തെളിഞ്ഞുമറയുന്ന പ്രണയപ്പുഞ്ചിരി മലയാള ചലച്ചിത്രസംഗീതത്തിലെ ഏറ്റവും അപൂര്‍വമായ ഭാവസംഗീതനിമിഷങ്ങളിലൊന്നാണ്. പ്രണയം സ്വരത്തിനുള്ളില്‍ എങ്ങനെ വിരിയുന്നുവെന്ന് ആ ചിരിയില്‍ നാം അറിയുന്നു.
‘ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍…’ എന്ന വരികളില്‍ ജാനകിയുടെ ശബ്ദം മറ്റൊരു ഭാവത്തിലേക്കു പ്രവേശിക്കുന്നുണ്ട്. കാറ്റിന്റെ സ്പര്‍ശം മനസ്സില്‍ സൃഷ്ടിക്കുന്ന വിറയലിനെ ഗായിക നേര്‍ത്ത കമ്പനങ്ങളിലൂടെ പ്രകടമാക്കുന്നു. ‘എന്തേ മനം തുടിക്കാന്‍’ എന്ന വരിയില്‍ ഹൃദയമിടിപ്പിന്റെ താളം ശബ്ദത്തില്‍ അനുഭവപ്പെടുന്നു. ഗാനത്തിന്റെ പരമാവധി ഭാവതീവ്രത അവസാനവരികളിലാണ്.
‘കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍… എന്തു പറഞ്ഞടുക്കാന്‍…’
എന്നു പാടുമ്പോള്‍, കാത്തിരിപ്പിലെ ധൈര്യമെല്ലാം സംഗമത്തിന്റെ നിമിഷത്തില്‍ ഉരുകിപ്പോകുന്നു. ‘ഞാനെന്തു പറയാന്‍’ എന്ന വരിയില്‍ ഗായിക നല്‍കുന്ന നിശ്ശബ്ദവേള അത്യന്തം അര്‍ത്ഥപൂര്‍ണ്ണമാണ്. ആ നിശ്ശബ്ദതയില്‍ കഥാപാത്രം മുഴുവനായും ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. പറയാന്‍ തയ്യാറാക്കിയ ആയിരം വാക്കുകള്‍ ഒരു നിമിഷംകൊണ്ടു മറന്നുപോയ യുവതിയുടെ നാണവും ചാഞ്ചല്യവും ആ മൗനത്തില്‍ കേള്‍ക്കാം. തുടര്‍ന്ന് ‘എന്തു പറഞ്ഞടുക്കാന്‍’ എന്ന വരി അല്പശ്വാസത്തിലാണ് പാടുന്നത്. ആ സ്വരത്തില്‍ സംഗമത്തിന്റെ സന്തോഷമുണ്ട്, ലജ്ജയുണ്ട്, പ്രണയത്തിന്റെ പൂര്‍ണ്ണതയുണ്ട്. ഇവിടെയൊന്നും വികാരങ്ങള്‍ ജാനകിയുടെ ശബ്ദത്തിന്മേല്‍ ചാര്‍ത്തിവെച്ച അലങ്കാരങ്ങളല്ല. ഗായികയുടെ ആലാപനത്തില്‍ സ്വരങ്ങള്‍ മാത്രമായി കേള്‍ക്കപ്പെടുന്നില്ല. ലജ്ജയും പുഞ്ചിരിയും മൗനവും കൂടി പാട്ടിലൂടെ കേള്‍ക്കുകയും ചെയ്യുന്നു.

3
വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായി നിരവദ്യമായിട്ടു കാണുവാന്‍ കഴിവീലെന്നു പറയുകയും വിരഹമില്ലാത്ത പ്രണയം ശത്രുക്കള്‍ക്ക് ആശംസിക്കുകയും ചെയ്യുന്നുണ്ടല്ലോ, കവികള്‍. ജാനകി പാടിയ വിരഹഗാനങ്ങള്‍ പ്രണയഗാനങ്ങളെ പോലെ തന്നെ നമ്മെ ആവേശിക്കുന്നതാണ്. ഭാര്‍ഗ്ഗവിനിലയം എന്ന ചലച്ചിത്രത്തിനു വേണ്ടി പി ഭാസ്‌കരന്‍ എഴുതി ബാബുരാജ് സംഗീതം നല്‍കി ജാനകി പാടിയ ‘വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവ് കണ്ടു…’ എന്ന ഗാനത്തെ പോലെ പ്രണയവിരഹത്തെ ലാളിത്യത്തോടെയും ഹൃദയസ്പര്‍ശിയായും അവതരിപ്പിച്ച മലയാള ചലച്ചിത്രഗാനങ്ങള്‍ വിരളമാണ്. കാത്തിരിപ്പ് ജീവിതമായി മാറുമ്പോള്‍ ആത്മാവ് അനുഭവിക്കുന്ന നിശ്ശബ്ദവേദനയുടെ കവിതയാണത്. ഗാനത്തിന്റെ ആദ്യവരികളില്‍ കിനാവിന്റെ വാതില്‍ തുറക്കുന്നു. വാസന്തപഞ്ചമി പ്രകൃതിയുടെ ഉണര്‍വിന്റെയും പുതുജന്മത്തിന്റെയും പ്രതീകമാണ്. മരങ്ങള്‍ പൂവിടുകയും കാറ്റ് സുഗന്ധം പരത്തുകയും പക്ഷികള്‍ പാടുകയും ചെയ്യുന്ന കാലം. ഈ ദിവസങ്ങളില്‍ പ്രിയന്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ്, നായിക. അത് സ്വപ്നമാണ്, വിശ്വാസത്തിന്റെ രൂപം പ്രാപിച്ചത്. ‘കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍.’ എന്ന വരികളില്‍ കാത്തിരിക്കുന്ന മനസ്സിനെ പൂര്‍ണ്ണമായി കാണാം. അവള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നുവെന്നല്ല, സ്വന്തം ജീവിതം തന്നെ ആ ജനാലയിലേക്ക് ചായ്ച്ചു വെച്ചിരിക്കുകയാണെന്ന് നമുക്കു തോന്നുന്നു. കണ്ണുകള്‍ വഴിയിലാണെങ്കിലും ഹൃദയം വരാനിരിക്കുന്ന കാലടികളുടെ ശബ്ദത്തിലേക്ക് നീണ്ടുകിടക്കുന്നു. സമയം മുന്നോട്ടു പോകുന്നില്ല; ഓരോ നിമിഷവും പ്രതീക്ഷയുടെ ഭാരം വഹിച്ചുകൊണ്ട് നിശ്ചലമാകുന്നു. തുടര്‍ന്നുവരുന്ന വരികള്‍ പ്രതീക്ഷയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. പ്രകൃതി വാഗ്ദാനം പാലിച്ചു. വസന്തം വന്നു. വാസന്തപഞ്ചമിയും എത്തി. എന്നാല്‍ അവളുടെ ലോകത്തെ പൂര്‍ണമാക്കേണ്ടയാള്‍ മാത്രം വന്നില്ല. പ്രകൃതിയുടെ ചക്രം തെറ്റിയില്ലെങ്കിലും മനുഷ്യഹൃദയത്തിന്റെ പ്രതീക്ഷ മാത്രം പൂവണിയാതെ നിന്നു. പിന്നെ, കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറുമ്പോള്‍ മനസ്സ് എത്രമാത്രം ശബ്ദങ്ങളോട് ജാഗരൂകമാകുമെന്ന് കവി സൂക്ഷ്മമായി വരയ്ക്കുന്നു. നായികയുടെ ഓരോ പ്രവൃത്തിയും മനസ്സിലെ അശാന്തിയുടെ പ്രതിഫലനമാണ്. വഴിയിലൂടെ ആരുടെയെങ്കിലും കാലടിശബ്ദം കേട്ടാല്‍ അവള്‍ കണ്ണീര്‍ തുടച്ച് ഓടിച്ചെല്ലുന്നു. ഓരോ കാലടിയും അവള്‍ക്ക് പ്രിയന്റെ വരവിന്റെ സൂചനയായി തോന്നുന്നു. പക്ഷേ ഓരോ തവണയും നിരാശയാണ് ഫലം. പ്രണയിനിയുടെ പ്രതീക്ഷയുടെ മനോഹരമായ ദൃശ്യമാണ് പിന്നീട് വരുന്നത്.
‘വന്നവന്‍ മുട്ടി വിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍.’
മലയാളഗാനസാഹിത്യത്തിലെ കാത്തിരിപ്പിന്റെ സുന്ദരദൃശ്യങ്ങളിലൊന്നായിരിക്കണം ഇത്. പ്രിയന്റെ മുന്നിലെത്തുന്ന നിമിഷം മോഹനമെന്ന് കരുതുന്നതിന് ഈ ചെറിയ ദൃശ്യചിത്രണം തന്നെ മതിയാകുന്നു. എന്നാല്‍ സ്വപ്നം തകരുന്നു. ‘ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല…’ പദങ്ങളുടെ ആവര്‍ത്തനം ശൂന്യതയുടെ പ്രതിധ്വനി പോലെ അനുഭവിപ്പിക്കുന്നു. അവളുടെ കാത്തിരിപ്പും വേദനയും ആരും കാണുന്നില്ല. വിരഹദുഃഖം എത്ര വലിയതായാലും അത് പലപ്പോഴും അനുഭവിക്കുന്നയാള്‍ക്കു മാത്രമുള്ളതാണ്. ‘ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍’. സ്വപ്നം ആത്മാവില്‍ വേരൂന്നിയിരിക്കുന്നു. ഈ കാത്തിരിപ്പ് അവസാനിക്കാത്തതാണ്. പ്രതീക്ഷ നഷ്ടപ്പെട്ടിട്ടും പ്രതീക്ഷയെ അവള്‍ ഉപേക്ഷിക്കുന്നില്ല. വിരഹത്തിന്റെ ദീര്‍ഘരൂപമാണിത്. പ്രണയം ചിലപ്പോള്‍ സംഗമത്തിലല്ല, കാത്തിരിപ്പിലാകണം അതിന്റെ ശുദ്ധരൂപം കണ്ടെത്തുന്നത്. പ്രിയന്റെ അഭാവം പ്രണയത്തെ ഇല്ലാതാക്കുന്നില്ല; കൂടുതല്‍ ആഴമുള്ള ആത്മീയാനുഭവമാക്കി മാറ്റുന്നു. ഈ ഗാനം കേള്‍ക്കുമ്പോള്‍ മനുഷ്യഹൃദയത്തിന്റെ അനന്തമായ പ്രതീക്ഷയെയും നിശ്ശബ്ദമായ വിരഹത്തെയും കേള്‍ക്കുകയാണ്. ഈ ഗാനരംഗത്തു പ്രത്യക്ഷപ്പെടുന്ന വിജയനിര്‍മ്മലയുടെ വിരഹദുഃഖഭാവത്തോളം കദനം നിറഞ്ഞ ഒരു മുഖം മലയാളചലച്ചിത്രങ്ങളിലുണ്ടായിട്ടില്ലെന്നു തോന്നുന്നു.
ഈ ഗാനത്തില്‍ ജാനകി നിറയ്ക്കുന്ന വിരഹം നാടകീയമല്ല; പ്രതീക്ഷ കൈവിടാന്‍ കഴിയാത്ത ഒരു പ്രണയിനിയുടെ ഉള്ളിലെ നിശ്ശബ്ദവേദനയാണത്. ഈ ഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ അതിന്റെ സ്വരമാധുര്യത്തിലല്ല. ജാനകിയുടെ ശബ്ദത്തിലെ മൃദുത്വം ദുഃഖത്തെ മൂര്‍ച്ചയുള്ളതാക്കുന്നില്ല; അതിനെ കൂടുതല്‍ ആഴമുള്ളതും ഹൃദയസ്പര്‍ശിയുമായ അനുഭവമാക്കുന്നു. ഓരോ വരിയും ഗായിക പാടുന്നത് സംഗീതപ്രകടനമെന്ന നിലയിലല്ല, മനസ്സില്‍ അടക്കിവച്ചിരിക്കുന്ന ഓര്‍മ്മകള്‍ പതുക്കെ തുറന്നുവിടുന്നതു പോലെയാണ്. എന്നാല്‍, സംഗീതം ആലാപനത്തിന്റെ കാതലായിട്ടുണ്ടു താനും. ഗാനത്തിലുടനീളം നിശ്ശബ്ദമായ കരച്ചിലിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ജാനകി പാടുമ്പോള്‍ പ്രതീക്ഷയും വിഷാദവും ഒന്നുചേര്‍ന്ന് ശബ്ദത്തില്‍ കലരുന്നു. ‘കിനാവ് കണ്ടു’ എന്ന പ്രയോഗത്തിനു ഗായിക നല്‍കുന്ന മൃദുഭാവം സ്വപ്നത്തിലെ സന്തോഷത്തിനൊപ്പം അത് പൂവണിയില്ലെന്ന മറഞ്ഞ വേദനയും കേള്‍പ്പിക്കുന്നു. ഈ ഇരട്ടഭാവം ആലാപനത്തിന്റെ ശക്തിയാണ്. ‘കാത്തിരുന്നു ഞാന്‍’ എന്ന ഭാഗം പ്രതീക്ഷയില്‍ ക്ഷീണിച്ച മനസ്സിന്റെ നീണ്ട നെടുവീര്‍പ്പു പോലെ ഒഴുകിവരുന്നു. കേള്‍ക്കുന്നവരുടെ മനസ്സില്‍ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം അനുഭവമാകുന്നു. ‘വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ വരേണ്ടയാള്‍ മാത്രം.’ എന്ന വരികളില്‍ ഗായികയുടെ ഭാവാവിഷ്‌കാരം സൂക്ഷ്മതലത്തിലെത്തുന്നു. ‘മാത്രം’ എന്ന അവസാനവാക്കിന് ജാനകി നല്‍കുന്ന ശബ്ദച്ചായം മുഴുവന്‍ ദുഃഖത്തെയും ഒറ്റവാക്കില്‍ സംഭരിച്ച പ്രതീതി നിര്‍മ്മിക്കുന്നു. അത് കരച്ചിലല്ല, കരച്ചിലിനെക്കാള്‍ ആഴത്തില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന നിസ്സഹായതയാണ്. ‘ഓരോരോ കാലടി ശബ്ദം…’ എന്ന ഭാഗത്ത് ജാനകിയുടെ ശബ്ദത്തില്‍ പ്രതീക്ഷയുടെ പെട്ടെന്നുള്ള ഉണര്‍വ് കേള്‍ക്കാം. ‘ഓടിച്ചെല്ലും ഞാന്‍’ എന്ന് പാടുമ്പോള്‍, നിമിഷനേരത്തേക്ക് വിഷാദം മാറി പ്രതീക്ഷയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്നതുപോലെ തോന്നും. ആ പ്രകാശം അടുത്ത നിമിഷം വീണ്ടും മങ്ങിപ്പോകുന്നു. ഈ ചെറുഭാവവ്യതിയാനം അതീവ സ്വാഭാവികമായിരിക്കുന്നതിനാല്‍, കേള്‍വിക്കാരും നായികയുടെ ഹൃദയമിടിപ്പിനൊപ്പം സഞ്ചരിക്കുന്നു. ‘വന്നവന്‍ മുട്ടി വിളിക്കെ..’ എന്നു പാടുമ്പോള്‍ ജാനകിയുടെ ശബ്ദത്തില്‍ ലജ്ജയും ആകാംക്ഷയും ഇഴചേരുന്നു. ‘വളയൊച്ചകള്‍ കേള്‍പ്പിക്കാതെ’ എന്ന വരികള്‍ പാടുമ്പോള്‍ ശബ്ദം സ്വയം പതുങ്ങുന്നതായി തോന്നും. പ്രണയിനിയുടെ ഹൃദയം എത്ര സൂക്ഷ്മമായ പ്രതീക്ഷയിലാണ് ജീവിക്കുന്നതെന്ന് ഗായിക സ്വരവിഭിന്നതകളിലൂടെ വരച്ചുകാട്ടുന്നു. ‘ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല’ എന്നിടത്ത് ഗാനം വൈകാരിക ഉച്ചകോടിയില്‍ എത്തുന്നു. ഇപ്പോള്‍, ശബ്ദത്തില്‍ ഏകാന്തതയുടെ വിശാലത തുറന്നുവരുന്നു. ലോകം മുഴുവന്‍ നിശ്ശബ്ദമായിരിക്കുമ്പോള്‍ നായിക വേദനയില്‍ മുങ്ങിനില്‍ക്കുന്ന അനുഭവം ഗായിക സൃഷ്ടിക്കുന്നു. ‘അറിഞ്ഞതില്ല’ എന്ന വാക്കിന് ജാനകി നല്‍കുന്ന സ്വരച്ചായം ആരും കാണാത്ത കണ്ണീരിന്റെ ഭാരത്തെ കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തിക്കുന്നു. ‘ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍’ എന്ന അവസാനവരികളില്‍ ജാനകിയുടെ ശബ്ദം പൂര്‍ണ്ണമായും അന്തര്‍മുഖമാകുന്നു. അവിടെ പ്രതീക്ഷയുടെ ആവേശമില്ല. എന്നാല്‍ പ്രതീക്ഷ മരിക്കുന്നതുമില്ല. ആ സ്വരം കേള്‍ക്കുമ്പോള്‍, കാത്തിരിപ്പ് ജീവിതത്തിന്റെ സ്വഭാവമായി മാറിയ ഒരു സ്ത്രീയുടെ മനസ്സ് നമുക്കു മുന്നില്‍ തെളിയുന്നു. നിശ്ശബ്ദമായ കണ്ണീരിനെയാണ് ജാനകി സംഗീതമാക്കുന്നത്. ജാനകിയുടെ ആലാപനം വിരഹത്തിന്റെ സത്യസന്ധമായ മനുഷ്യഭാഷയായിട്ടാണ് മലയാളി അനുഭവിച്ചത്.

4
‘പരസ്പരം’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഒ എന്‍ വി കുറുപ്പ് രചിച്ച് എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കി ജാനകി പാടിയ ‘നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍…’ എന്ന ഗാനം മനുഷ്യഹൃദയത്തിന്റെ നിശ്ശബ്ദമായ ഇടങ്ങളില്‍ നിന്നുയരുന്ന ഒരു ദീര്‍ഘനിശ്വാസമായി അനുഭവപ്പെടുന്നതാണ്. ഗാനത്തിന്റെ ഓരോ വരിയും വിരഹത്തിന്റെയും നഷ്ടബോധത്തിന്റെയും നൈരാശ്യത്തിന്റെയും നേര്‍ത്ത നൂലുകള്‍ കൊണ്ട് നെയ്‌തെടുത്തിരിക്കുന്നു. ഗാനത്തില്‍ തുടര്‍ന്നെഴുതാനിരിക്കുന്ന ലോകത്തെ ഈ വരികള്‍ തുടക്കത്തിലേ തന്നെ പുര്‍ണ്ണമായും തുറക്കുന്നുണ്ട്. ജീവിതത്തിന്റെ ഉത്സാഹവും പ്രതീക്ഷയും ആനന്ദവും ഒഴിഞ്ഞുപോയ ഒരു മനസ്സിന്റെ രൂപകമാണത്. ജീവിതം നിറച്ചിരുന്ന സൗന്ദര്യം ഇപ്പോള്‍ ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു.
‘മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ?
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ?’
എന്നീ ചോദ്യങ്ങള്‍ തിരികെ ലഭിക്കാനിടയില്ലാത്ത നഷ്ടപ്പെട്ടസ്‌നേഹത്തോടും കാലത്തോടും ലോകത്തോടും ചോദിക്കുന്നവയാണ്. ഉത്തരമില്ലെന്നറിയാവുന്ന ചോദ്യങ്ങള്‍! തുടര്‍ന്നു വരുന്ന വരികളില്‍ ഗാനത്തിലെ മനോഹരമായ ഒരു പ്രതീകത്തെ നാം കാണുന്നു. പൂവിന്റെ മൃദുലതയും തിരിയുടെ ജ്വാലയും ഇവിടെ ഒന്നിച്ചുചേരുന്നു. വിരഹം നായികയെ നശിപ്പിച്ചിട്ടില്ല, അവളെ കത്തുന്ന പൂവാക്കി മാറ്റിയിരിക്കുന്നു. സൗന്ദര്യവും വേദനയും ഒരേ ശരീരത്തില്‍ വസിക്കുന്നതായെഴുതുന്ന അപൂര്‍വരൂപകമാണത്. ആദ്യചരണത്തില്‍ കാലമാണ് ഗാനത്തിന്റെ കഥാപാത്രമാകുന്നത്. ‘ഋതുക്കള്‍ ഓരോന്നും കടന്നു പോകവേ’ എന്ന വരിയില്‍ ലോകത്തെ വിഴുങ്ങുന്ന കാലപ്രവാഹം സൂചിതമാകുന്നു. പ്രകൃതി മാറുന്നു. കാലം ഒരിടത്തും നില്‍ക്കുന്നില്ല. നായിക മാത്രം സ്ഥിതാവസ്ഥയിലാണ്. അവള്‍ എവിടെയോ ഉറച്ചു പോയിരിക്കുന്നു. ‘വെറുമൊരോര്‍മ്മതന്‍ കിളിന്നുതൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍.’ പ്രണയിനി കാത്തിരിക്കുകയാണ്. പ്രിയന്റെ സാന്നിദ്ധ്യമല്ല അവളെ ജീവനോടെ നിര്‍ത്തുന്നത്. പ്രിയനെ കുറിച്ചുള്ള ഓര്‍മ്മയുടെ ഒരു തൂവല്‍ മാത്രം. അത്ര ചെറിയ അംശം കൂടിയും അവളുടെ ജീവിതത്തിനു മതിയാകുന്നു.
അവസാനഭാഗമെത്തുമ്പോള്‍ ഗാനത്തിലെ നൈരാശ്യം കൂടുതല്‍ ഗാഢമാകുന്നു. ഓരോ നിമിഷവും പൊട്ടിത്തെറിക്കുന്ന മണ്‍പാത്രങ്ങളായി മാറുന്നു. ജീവിച്ച നിമിഷങ്ങളൊന്നും സൂക്ഷിക്കാനാവുന്നില്ല. അവ തകര്‍ന്നുവീഴുന്നു. ജീവിതത്തിന്റെ മാധുര്യവും സൗന്ദര്യവും മണ്ണിലേക്കു വീണില്ലാതാകുന്നു. ‘അലിഞ്ഞലിഞ്ഞുപോം അരിയജന്മമാം പവിഴദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ?’ എന്ന ചോദ്യത്തോടെ ഗാനം അതിന്റെ അസ്തിത്വചിന്താപരമായ ഉയരത്തിലെത്തുന്നു. പവിഴദ്വീപ് സൗന്ദര്യത്തിന്റെ പ്രതീകമാണ്. എന്നാല്‍ ആ സൗന്ദര്യവും നായികയ്ക്ക് ആശ്വാസമല്ല. അലിഞ്ഞുപോകുന്ന ജന്മമായി അവള്‍ അവിടെ ഇരിക്കുന്നു. പ്രതീക്ഷകള്‍ വറ്റിയിരിക്കുന്നു.കാത്തിരിപ്പിന് ഫലമുണ്ടാകില്ലെന്നു തീര്‍ച്ചയായിരിക്കുന്നു. ചുറ്റുമുള്ള സൗന്ദര്യത്തിനും ഉള്ളിലെ ശൂന്യതയെ മാറ്റാനാവില്ലെന്നു തിരിച്ചറിയുന്നു. പ്രകൃതിദൃശ്യങ്ങള്‍, ഋതുക്കള്‍, പക്ഷികള്‍, സന്ധ്യ, പൂവ്, തിരി, തൂവല്‍, പവിഴദ്വീപ് ഇവയൊന്നും പുറംലോകത്തെയല്ല വര്‍ണ്ണിക്കുന്നത്. ഇവയെല്ലാം നായികയുടെ മനസ്സിന്റെ വ്യത്യസ്ത രൂപങ്ങളാണ്. ഈ ഗാനം വിരഹത്തിന്റെ കഥ മാത്രം പറയുന്നതല്ല. നഷ്ടപ്പെട്ട കാലത്തെയും മടങ്ങിവരാത്ത സ്‌നേഹത്തെയും ജീവിതത്തിന്റെ അനിത്യതയെയും കുറിച്ചുള്ള ധ്യാനവുമാണത്. നൈരാശ്യത്തിന്റെ ഇരുട്ടിലാണെങ്കിലും ഇതില്‍ അപൂര്‍വമായ കാവ്യസൗന്ദര്യമുണ്ട്. ദുഃഖം എത്ര സാര്‍ത്ഥകമായി ഭാഷയിലെഴുതാമെന്ന് തെളിയിക്കുന്ന അപൂര്‍വ മലയാളചലച്ചിത്രഗാനങ്ങളിലൊന്നായി ഈ ഗാനം ഓര്‍മ്മിക്കപ്പെടും.
മനുഷ്യാത്മാവിനെ സ്പര്‍ശിക്കുന്ന ആലാപനമികവുകൊണ്ടാണ് സങ്കീര്‍ണ്ണമായ ഈ ഗാനം കേള്‍വിക്കാരനെ സ്പര്‍ശിക്കുന്നത്. ഗാനത്തിന്റെ ഈണം വഹിക്കുന്ന നൈരാശ്യത്തിന്റെ ആഴം ആലാപനം പൂര്‍ണ്ണമാക്കുന്നു. ഗാനം പാടുന്നത് പതുങ്ങിയ ശബ്ദത്തിലും താളത്തിലും സ്വയം സംസാരിക്കുന്ന ഒരു ഏകാകിയുടെ മനോഭാവത്തോടെയാണ്. ഗാനത്തിന്റെ ആദ്യവരിയുടെ ആലാപനത്തില്‍ തന്നെ ജാനകി ശൂന്യതാബോധം നിറയ്ക്കുന്നു. ‘നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍…’ എന്ന വരിയിലെ ഓരോ വാക്കും വളരെ മൃദുവായും നിയന്ത്രിതമായും ഉച്ചരിക്കപ്പെടുന്നു. ശബ്ദം ഒരിടത്തും ഉയരാന്‍ ശ്രമിക്കുന്നതേയില്ല. ഉള്ളില്‍ നിന്ന് വെളിച്ചം നഷ്ടപ്പെട്ടു പോയ ഒരാളുടെ സംസാരരീതിയാണതിന്. ആ ശബ്ദനിയന്ത്രണം ഗാനം പകരേണ്ടുന്ന നൈരാശ്യത്തെ കൂടുതല്‍ ആഴമുള്ളതാക്കുന്നു. ‘മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ? മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ?’ എന്ന ചോദ്യങ്ങള്‍ പാടുമ്പോള്‍ ശബ്ദത്തില്‍ പ്രതീക്ഷയുടെ വെളിച്ചമില്ല. പൂര്‍ണ്ണമായ നിരാശയുടെ കാഠിന്യത്തിലാണെന്നു പറയാനും കഴിയില്ല. ഒരുപാടു കാത്തിരുന്നശേഷം ഉത്തരമൊന്നും ലഭിക്കില്ലെന്നു മനസ്സിലാക്കിയ ഒരാളുടെ നിശ്ശബ്ദമായ ചോദ്യം മാത്രമാണത്. ഈ ഭാവത്തെയും ജാനകിയുടെ ആലാപനം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു. ഓരോ ചോദ്യത്തിന്റെയും അവസാനം ശബ്ദം നേരിയ തോതില്‍ താഴ്ന്നിറങ്ങുമ്പോള്‍, പ്രതീക്ഷയുടെ അവസാനകണികയും മാഞ്ഞുപോകുന്നതുപോലെ അനുഭവപ്പെടുന്നു. ‘വിരഹ നൊമ്പരത്തിരിയില്‍ പൂവുപോല്‍ വിടര്‍ന്നോരു നാളം എരിഞ്ഞു നില്‍ക്കുന്നു’ എന്ന ഭാഗത്ത് ഉള്ളില്‍ അടക്കിവെച്ച വേദന ശബ്ദത്തിന്റെ അറ്റത്ത് തങ്ങിനില്‍ക്കുന്നതായ പ്രതീതി സൃഷടിക്കുന്നു. തുടര്‍ന്ന് ആലാപനത്തിന്റെ നിറം കൂടുതല്‍ മങ്ങുന്നു. ‘ഋതുക്കള്‍ ഓരോന്നും കടന്നു പോകവേ’ എന്ന വരിയില്‍ കാലത്തിന്റെ ഒഴുക്കിനെ ഗായിക ശാന്തമായി അവതരിപ്പിക്കുന്നു. ‘വെറുമൊരോര്‍മ്മതന്‍ കിളുന്നുതൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍’ എന്ന വരികളിലെത്തുമ്പോള്‍ ആലാപനത്തില്‍ ഓര്‍മ്മയുടെ മൃദുത്വവും കാത്തിരിപ്പിന്റെ ക്ഷീണവും നിറയുന്നു. കാത്തിരിപ്പ് അവസാനമില്ലാത്തതാണെന്ന ബോധം സ്വരങ്ങളില്‍ കേള്‍ക്കാം. വാക്കുകള്‍ അവസാനിച്ചിട്ടും നൈരാശ്യം കേള്‍വിക്കാരന്റെ ഉള്ളില്‍ തുടര്‍ന്നുനില്‍ക്കുന്നു. അന്ത്യചരണത്തില്‍ നൈരാശ്യം അതിന്റെ പൂര്‍ണ്ണരൂപത്തിലെത്തുന്നു. ‘നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു’ എന്ന വരിയില്‍ ഓരോ വാക്കിനും ഇടയില്‍ നല്‍കുന്ന ചെറിയ ഇടവേളകള്‍ പോലും തകര്‍ന്നുപോകുന്ന നിമിഷങ്ങളുടെ ശബ്ദമായി അനുഭവപ്പെടുന്നു. ‘നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു’ എന്ന വരിയില്‍ ശബ്ദം കൂടുതല്‍ നേര്‍ത്തതാകുന്നു. ജീവിതത്തിന്റെ നിറങ്ങള്‍ അലിഞ്ഞു പോകുന്നതുപോലെ സ്വരങ്ങളും പതുക്കെ അലിഞ്ഞിറങ്ങുന്നു. ഗാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആലാപനമുഹൂര്‍ത്തം ‘അലിഞ്ഞലിഞ്ഞുപോം അരിയജന്മമായ് പവിഴദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ?’ എന്ന ഭാഗത്താണ്. എല്ലാം നഷ്ടപ്പെട്ടതിനുശേഷവും മനസ്സില്‍ അവശേഷിക്കുന്ന ശൂന്യത സ്വരങ്ങളിലൂടെ സൃഷ്ടിക്കുന്ന സന്ദര്‍ഭമാണിത്. നിശ്ശബ്ദനൈരാശ്യത്തിന്റെ പ്രകടനമാണിത്. ഈ മൗനവേദന വിലാപത്തേക്കാളും ആഴത്തില്‍ കേള്‍വിക്കാരനെ സ്പര്‍ശിക്കുന്നു. എവിടെയും അമിതമായ ഗമകങ്ങളില്ല, വികാരത്തെ ബലമായി ഉയര്‍ത്താനുള്ള ശ്രമങ്ങളില്ല. സ്വാഭാവികമായി ഒഴുകുന്ന ശബ്ദത്തിലൂടെ നൈരാശ്യം കേള്‍വിക്കാരന്റെ മനസ്സിലേക്കു പതുക്കെ പടരുകയാണ്. നൈരാശ്യം നേര്‍ത്ത സ്വരമായി ഉള്ളില്‍ മാത്രം കേള്‍ക്കുന്ന ദീര്‍ഘനിശ്വാസമായി മാറിയിരിക്കുന്നു. ഗാനാലാപനം ആ ദീര്‍ഘനിശ്വാസത്തിനു സംഗീതത്തിന്റെ രൂപം നല്‍കുന്നു. വിരഹത്തിന്റെയും ഏകാന്തതയുടെയും നിശ്ശബ്ദസംഗീതരേഖയായി മലയാളത്തിലെ സംഗീതാസ്വാദകരുടെ ഹൃദയത്തിലെന്നും നിലനില്‍ക്കുന്ന അപൂര്‍വ്വമായ ആലാപനമാണിത്.

5
ജാനകി പാടിയ ഭക്തിഗാനങ്ങള്‍ സമര്‍പ്പണഭാവസാന്ദ്രങ്ങളാണ്. കേശാദിപാദം തൊഴുന്നേന്‍, ലോകം മുഴുവന്‍ സുഖം പകരാനായി, ഓം നമഃശിവായ എന്നീ ഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ‘പകല്‍ക്കിനാവ്’ എന്ന ചലച്ചിത്രത്തിനു വേണ്ടി പി ഭാസ്‌കരന്‍ രചിച്ച് ചിദംബരനാഥിന്റെ സംഗീതത്തില്‍ ജാനകി പാടിയ ‘കേശാദിപാദം തൊഴുന്നേന്‍’ എന്ന ഭക്തിഗാനം ആരാധ്യദേവനെ ശിരസ്സുമുതല്‍ പാദംവരെ മനസ്സില്‍ ദര്‍ശിച്ചുകൊണ്ട് ഓരോ അംഗത്തിനു മുന്നിലും വിനയത്തോടെ നമിക്കുന്ന ഒരു ഭക്തയുടെ ആത്മാവിന്റെ അര്‍ച്ചനയാണ്. ഭക്തിക്ക് സ്വരരൂപം നല്‍കുമ്പോള്‍ എസ്. ജാനകി അസാധാരണമായ ഭാവസമ്പന്നതയില്‍ ഈ ഗാനത്തെ സംഗീതാനുഭവത്തില്‍ നിന്ന് ഭക്ത്യനുഭവമായി ഉയര്‍ത്തുന്നു. ഗാനത്തിന്റെ ആദ്യവരിയുടെ ആവര്‍ത്തനം ജാനകിയുടെ ആലാപനത്തില്‍ മന്ത്രോച്ചാരണം പോലെ അനുഭവപ്പെടും. ഓരോ തവണയും ഈ വരി പാടുമ്പോള്‍ അതില്‍ കേള്‍ക്കുന്നത് ദൈവസന്നിധിയില്‍ തലകുനിച്ചു നില്‍ക്കുന്ന ഭക്തയുടെ വിനയമാണ്. ‘തൊഴുന്നേന്‍’ എന്ന പദത്തിനു ഗായിക നല്‍കുന്ന സൂക്ഷ്മമായ ഊന്നല്‍ സമര്‍പ്പണത്തിന്റെ ആഴത്തെ ശ്രോതാവിന്റെ ഹൃദയത്തിലേക്കെത്തിക്കുന്നു. ഓരോ അംഗങ്ങളിലൂടെയും ശ്രീകൃഷ്ണന്റെ സൗന്ദര്യം ചിത്രീകരിക്കുന്ന ഭാഗങ്ങളില്‍ ജാനകിയുടെ ശബ്ദം അത്ഭുതകരമായ നിയന്ത്രണവും മൃദുത്വവും കൈവരിക്കുന്നു. ‘പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും’ എന്നു പാടുമ്പോള്‍ ശബ്ദത്തില്‍ പ്രകാശത്തിന്റെ സ്‌നിഗ്ദ്ധതയുണ്ട്. ‘ഫാലത്തൊടുകുറിയും’ എന്ന വരിയില്‍ നെറ്റിയിലെ തിലകത്തെ കൂടിയും ഭക്തിയോടെ ദര്‍ശിക്കുന്ന മനസ്സിന്റെ സൂക്ഷ്മഭാവം ഗായിക സ്വരത്തില്‍ കലര്‍ത്തുന്നു. ഓരോ വാക്കിനെയും ഒരു പൂവായി ഭഗവാന്റെ പാദങ്ങളില്‍ ഗായിക സമര്‍പ്പിക്കുകയാണെന്ന പ്രതീതിയാണ് ശ്രോതാവിനുണ്ടാകുന്നത്.
‘കരുണതന്‍ കടലായ’ എന്ന പദസമുച്ചയം ആലപിക്കുമ്പോള്‍ ശബ്ദത്തില്‍ നിറയുന്ന ആര്‍ദ്രത ശ്രീകൃഷ്ണന്റെ കരുണയെ ഭക്തയുടെ ഉള്ളിലെ ജീവിക്കുന്ന അനുഭവമാക്കി മാറ്റുന്നു. ഭഗവാന്റെ കരുണയുടെ മുന്നില്‍ സ്വയം അലിഞ്ഞുചേരുന്ന ആത്മാവിന്റെ വിങ്ങല്‍ നാം കേള്‍ക്കുന്നു.
‘യമുനേ നിന്നുടെ നെഞ്ചില്‍ നിറയെ കാര്‍നിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാര്‍വര്‍ണ്ണന്‍’
എന്നു ശൃംഗാരപൂര്‍ണ്ണം പാടുന്ന ജാനകിയില്‍ നിന്നും ഏറെ അകലെയാണ് ഇവിടുത്തെ ഭക്തഗായിക. ‘അരുണകിരണമണി മുഖപദ്മം തൊഴുന്നേന്‍’ എന്ന വരിയില്‍ ജാനകിയുടെ ശബ്ദം കൂടുതല്‍ പ്രകാശമാര്‍ന്നതാകുന്നു. മുഖപദ്മപരിവേഷം സ്വരത്തിലൂടെ വരച്ചിടുന്നത് ചിത്രകാരന്‍ നിറങ്ങള്‍ക്കു പകരം വെളിച്ചം കൊണ്ട് ചിത്രം തീര്‍ക്കുന്നതുപോലെയാണ്. വേണുവും കൗസ്തുഭവും വനമാലയും കങ്കണവും വര്‍ണ്ണിക്കുന്ന ഭാഗങ്ങളിലും ശബ്ദം ഭക്തിയുടെ സൗമ്യതയില്‍ തന്നെ. ‘കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍’ എന്നു പാടുമ്പോള്‍ കൃഷ്ണന്റെ വേണുനാദം കേള്‍ക്കുന്ന സംഗീതാത്മകത സ്വരത്തില്‍ നിറയുന്നു. ‘വനമാല മയങ്ങുന്ന മണിമാറു തൊഴുന്നേന്‍’ എന്ന ഭാഗത്ത് ശബ്ദം കൂടുതല്‍ വിശാലമാകുകയും ആരാധനയുടെ വികാരം കൂടുതല്‍ ആഴത്തിലാകുകയും ചെയ്യുന്നു. ഓരോ അംഗത്തെയും സവിശേഷം വണങ്ങുമ്പോഴും ആ വന്ദനങ്ങളെല്ലാം ഒടുവില്‍ ഒരേ സമര്‍പ്പണമായി ലയിച്ചുചേരുന്നു. അവസാനഭാഗത്ത് ‘കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍, കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍’ എന്ന വരികളില്‍ ാനകിയുടെ ആലാപനം ആത്മസമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയിലെത്തിയതായ തോന്നല്‍ സൃഷ്ടിക്കുന്നു. ശബ്ദത്തില്‍ ഗാംഭീര്യവും അതിരില്ലാത്ത വിനയവും കൈകോര്‍ക്കുന്നു. ആദ്യവരിയില്‍ ആരംഭിച്ച കേശാദിപാദദര്‍ശനം ‘അടിമുടി തൊഴുന്നേന്‍’ എന്ന സമര്‍പ്പണത്തില്‍ അവസാനിക്കുന്നത് ഭക്തര്‍ക്ക് ആത്മീയപൂര്‍ണ്ണതയുടെ അനുഭവം നല്‍കുന്നതാണ്.
ജാനകിയുടെ ആലാപനം ഭക്തിയെ പുറംപ്രകടനമാക്കുന്നില്ല. ഭക്തിയോടും വിനയത്തോടും ഒപ്പം ഗാനമെമ്പാടും നിലനിര്‍ത്തുന്ന ഗാംഭീര്യവും എടുത്തുപറയണം. ഗായിക ഉച്ചത്തില്‍ വികാരം പ്രകടിപ്പിക്കുന്നില്ല, ഓരോ സ്വരത്തിനുള്ളിലും ഭക്തിയെ ശാന്തമായി നിറയ്ക്കുന്നു. ഗാനം കേള്‍ക്കുന്നവരുടെ മനസ്സിലും ശാന്തിയും ഭക്തിയും ഉണരുന്നു. ജാനകിയുടെ ഉച്ചാരണശുദ്ധിയും സ്വരത്തിലെ നൈര്‍മ്മല്യവും ഭാവത്തിലെ ആത്മാര്‍ത്ഥതയും പരസ്പരം ലയിച്ചപ്പോള്‍ ഗാനം സംഗീതസൃഷ്ടി ദേവാരാധന കൂടിയായി മാറുന്നു. ശ്രീകൃഷ്ണന്റെ കേശാദിപാദവര്‍ണനയെ അവര്‍ പാടുന്നത് ഒരു കലാകാരിയുടെ സാങ്കേതികമികവുകൊണ്ടല്ല; ഭക്തിയുടെ അന്തര്‍ധാരയില്‍ നനഞ്ഞ ഹൃദയത്തിന്റെ നിര്‍മ്മലമായ സമര്‍പ്പണത്തോടെയാണ്. ഓരോ സ്വരത്തിലും കൃഷ്ണഭക്തിയുടെ നിശ്ശബ്ദപ്രകാശം തെളിയുന്നു. ഈ ഗാനം അവസാനിച്ച ശേഷവും അതിന്റെ ഭാവം ഏറെ നേരം ശ്രോതാവിന്റെ ഉള്ളില്‍ ഒരു ദീപം പോലെ ജ്വലിക്കുന്നു.
***
മലയാളത്തില്‍ ജാനകി പാടിയ എത്രയോ ഗാനങ്ങള്‍ ഇനിയും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ജാനകി പാടിയ ഏതുഗാനവും ഏറിയും കുറഞ്ഞും നമ്മെ ആകര്‍ഷിച്ചിട്ടുണ്ട്. നിദ്ര തന്‍ നീരാഴി, സൂര്യകാന്തി, സൂര്യകാന്തി.., തളിരിട്ട കിനാക്കള്‍ തന്‍, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, മോഹം കൊണ്ടു ഞാന്‍, തേനും വയമ്പും, ഗോപികേ.., ഓമനത്തിങ്കള്‍ക്കിടാവോ, കാത്തിരിപ്പൂ.. കുഞ്ഞരിപ്പൂവ്, മൗനമേ, സന്ധ്യേ കണ്ണീരിതെന്തേ.., പൊന്നുരുകും പൂക്കാലം, രാവില്‍ രാഗനിലാവില്‍, അഞ്ജനക്കണ്ണെഴുതി, എവിടെയാ മോഹത്തിന്‍ മയില്‍പ്പീലികള്‍, ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍.., മാതളപ്പൂപോലൊരു മാനസം, വരുമല്ലോ രാവില്‍ പ്രിയതമന്‍, ഒരു കൊച്ചു സ്വപ്നത്തിന്‍, മഞ്ഞണിപ്പൂനിലാവ്, മഴമുകിലൊളിവര്‍ണ്ണന്‍, ഉണരുണരൂ, ഒരു ചുംബനം, കറുത്ത തോണിക്കാരാ.., മൗനം പോലും മധുരം, വിവാഹനാളില്‍ പൂവണിപന്തല്‍, പൂങ്കാറ്റിനോടും.., സ്വര്‍ണ്ണമുകിലേ, മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്, കാലമയൂരമേ, ഏറ്റുമാനൂരമ്പലത്തില്‍, കിളിയേ കിളിയേ.., വിശ്വമഹാക്ഷേത്രസന്നിധിയില്‍, അകലെയകലെ നീലാകാശം, നീലജലാശയത്തില്‍, ആടി വാ കാറ്റേ, തുമ്പി വാ തുമ്പക്കുടത്തില്‍, എന്‍ പ്രാണനായകനെ എന്തു വിളിക്കും, മൈനാകം കടലില്‍.., പൂമാല പൂങ്കുഴലീ, ശാരികേ, തുഷാര ബിന്ദുക്കളേ..എന്നിങ്ങനെ എത്രയെത്ര ഗാനങ്ങള്‍! ഒരുപാട് അന്യഭാഷക്കാര്‍ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയിട്ടുണ്ടാവും. എന്നാല്‍, ഇനി വരാനിരിയ്ക്കുന്ന തലമുറകളിലെ മലയാളികളുടെ മനസ്സില്‍ പോലും എസ്.ജാനകി കൂടുകൂട്ടും, ഈ ഗാനങ്ങളിലൂടെ.







No Comments yet!