ജന്തര്‍മന്തറില്‍ സംഭവിച്ചതിന് ബി.ജെ.പി. സ്വയം മാപ്പുനല്‍കിയിട്ടുണ്ടാകില്ല. പാര്‍ട്ടിയുടെ ആഭ്യന്തര പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ എവിടെയെങ്കിലും, ആസൂത്രണമില്ലാത്തതിനാല്‍ സംഭവിച്ച ഒരു പരാജയത്തിനുശേഷം അച്ചടക്കമുള്ള ഏതൊരു യന്ത്രസംഹിതയും സ്വയം ചോദിക്കുന്ന ആ ചോദ്യം ഉയര്‍ന്നിട്ടുണ്ടാകും: നമ്മളെങ്ങനെ ഇതു സംഭവിക്കാനനുവദിച്ചു?

സത്യസന്ധമായ ഉത്തരം ഇതാണ്: അവര്‍ മൃദുവായിപ്പോയതല്ല, കണക്കുകൂട്ടലുകള്‍ തെറ്റി. കണക്കുകൂട്ടലില്‍ പിഴച്ച ഒരു സര്‍ക്കാര്‍ സാധാരണയായി കൂടുതല്‍ സൗമ്യമാകുകയല്ല, ആ പിഴവ് ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണു ചെയ്യുക.
വസ്തുതകളെ തുറന്ന കണ്ണുകളോടെ കാണേണ്ടതുണ്ട്: ധര്‍മേന്ദ്ര പ്രധാന്റെ രാജി, സംയമനം കണ്ടെത്തിയ ഒരു ഭരണകൂടത്തിന്റെ തെളിവല്ല. ശരിയായ സമയം എത്തിയെന്ന് വിലയിരുത്തിയാല്‍, ഒരു പ്രസ്ഥാനത്തെ അതിന്റെ തുടക്കത്തിലേ തകര്‍ത്തുകളയാന്‍ ഒരിക്കലും മടിച്ചിട്ടില്ലാത്ത സര്‍ക്കാരാണിത്.
കര്‍ഷകസമരം അതിന്റെ മാതൃകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പശ്ചാത്താപം കൊണ്ടായിരുന്നില്ല, തുടര്‍ച്ചയായ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് ഏറ്റുമുട്ടലിനു പോകുന്നതിനെക്കാള്‍ തന്ത്രപരമായ ഒരു പിന്മാറ്റത്തിന് ചെലവ് കുറവായിരുന്നു എന്നതുകൊണ്ടാണ്. നിയമങ്ങള്‍ പിന്‍വലിച്ചു; ഉദ്ദേശ്യം പിന്‍വലിച്ചില്ല. കര്‍ഷകര്‍ കുറച്ചുകൂടി ചിതറിപ്പോയിരിക്കുമ്പോഴും ക്യാമറകള്‍ മറ്റുള്ളിടങ്ങളിലേക്ക് തിരിഞ്ഞിരിക്കുമ്പോഴും, മറ്റൊരു പേരില്‍ അതേ നിയമഘടന വീണ്ടും കൊണ്ടുവരുന്നതില്‍ നിന്ന് ഈ സര്‍ക്കാരിനെ ഒന്നും തടയുന്നില്ല. അത് ചെയ്യാനുള്ള ഭൂരിപക്ഷവും ശരിയായ സമയത്തിനായി കാത്തിരിക്കാനുള്ള ക്ഷമയും സര്‍ക്കാരിനുണ്ട്.

കോക്ക്രോച്ചുകള്‍ നേരിടേണ്ടിവരുന്ന അസമത്വം ഇതാണ്. അടിച്ചമര്‍ത്തലിനും നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുന്നതിനുമുള്ള ഭരണകൂടത്തിന്റെ വിഭവങ്ങള്‍ ഏതാണ്ട് ശാശ്വതമാണ്. എന്നാല്‍ ജനങ്ങളെ അണിനിരത്താനുള്ള ഒരു പ്രസ്ഥാനത്തിന്റെ ശേഷി അങ്ങനെയല്ല. പങ്കിടപ്പെടുന്ന ഒരു രോഷത്തിന്റെ നിമിഷത്തില്‍, താല്‍ക്കാലികമായി ഒരുക്കിയ ഒരു വേദിയെ ചുറ്റി, ഒരിക്കല്‍ ജനങ്ങളെ തെരുവിലിറക്കാന്‍ കഴിയും. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായ ഒരു പ്രകോപനത്തിനെതിരെ, അതേ തോതില്‍ വീണ്ടും അവരെ അണിനിരത്തുക എന്നതത്ര എളുപ്പമല്ല. അതിന് സംഘടനയും സ്ഥാപനപരമായ ഓര്‍മ്മയും ആവശ്യമാണ്. സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കൈവശം അത്തരം ശേഷിയുണ്ടാകാറില്ല. ആ വിടവിനെയാണ് ബി.ജെ.പി. ആശ്രയിക്കുന്നത്. പിന്മാറാനുള്ള തീരുമാനം പ്രസ്ഥാനം എടുത്തതിനെത്തുടര്‍ന്ന് ശിക്ഷാനടപടികളൊന്നും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പരസ്യമായി പ്രസ്ഥാനത്തിന് ഉറപ്പുനല്‍കിക്കൊണ്ടിരിക്കുമ്പോഴും, പ്രതിഷേധക്കാരെ തിരിച്ചറിയാനും അവര്‍ക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ അപ്പോഴേക്കും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബിഹാറിലും ബംഗാളിലും തടങ്കലിലാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍, വെറും സംഘാടനപരമായ സഹായങ്ങള്‍ നല്‍കിയതിന് മാത്രം പിടിച്ചുകൊണ്ടുപോയ സന്നദ്ധപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍ക്കിടയില്‍ ആയിരക്കണക്കിന് ”പതിവ് കുറ്റവാളികളെ” തിരിച്ചറിഞ്ഞു എന്ന ഡല്‍ഹി പോലീസിന്റെ സൗകര്യപ്രദമായ കണ്ടെത്തല്‍, എന്നിവയെല്ലാം ഒരു നാണക്കേടിനെ, തനിക്ക് ജയിക്കാനറിയാവുന്ന ഒരു ക്രമസമാധാന പ്രശ്‌നത്തിന്റെ കഥയാക്കി മാറ്റുന്ന സര്‍ക്കാരിന്റെ ആദ്യ നീക്കമാണ്.
ഇത് മയപ്പെടുമെന്നല്ല, കൂടുതല്‍ മൂര്‍ച്ചയേറും എന്നാണ് പ്രതീക്ഷിക്കേണ്ടത്. ഒരുപിടി കേസുകള്‍ തിരഞ്ഞെടുത്ത്, അവയെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. ഭീമ കൊറേഗാവ് കേസിലെ പ്രതികളോടും സി.എ.എ വിരുദ്ധ പ്രക്ഷോഭകരോടും ചെയ്തതുപോലെ തന്നെ. കുറ്റം തെളിയിച്ച് ശിക്ഷ ഉറപ്പാക്കാതെ തന്നെ വര്‍ഷങ്ങളോളം ആളുകളെ ജയിലില്‍ കിടത്താന്‍ കഴിയുന്ന നിയമങ്ങള്‍. അവിടെ ശിക്ഷ എന്നത് തന്നെ നിയമനടപടിയായി മാറുന്നു. ഒരു തവണ പരാജയപ്പെട്ടതുകൊണ്ട് വിയോജിപ്പിനോട് കൂടുതല്‍ സഹിഷ്ണുത കാണിക്കാന്‍ തുടങ്ങിയ സര്‍ക്കാരല്ല ഇത്. മറിച്ച്, ഈ വേനല്‍ക്കാലത്ത് സംഭവിച്ചത് ഒരു അപവാദം മാത്രമായിരുന്നുവെന്നും, വരാനിരിക്കുന്നതിന്റെ ഒരു മുന്നറിയിപ്പായിരുന്നില്ലെന്നും തെളിയിക്കാനുള്ള ദൃഢനിശ്ചയത്തോടെ അത് കൂടുതല്‍ അസഹിഷ്ണുതയുള്ളതാകും. ബാലറ്റ് പെട്ടി എന്തുകൊണ്ട് ഒരു പരിഹാരമല്ല. ജൂലൈയിലെ ഒരു രാജി 2029-ലെ കാര്യങ്ങളെയെല്ലാം തീര്‍പ്പാക്കിയെന്ന മട്ടിലാണ് പല വ്യാഖ്യാനങ്ങളും അകാല വിജയാഹ്ലാദത്തിലേക്ക് വഴുതിപ്പോയത്. അങ്ങനെയല്ല. ഈ സര്‍ക്കാരിന്റെ ഭാവി അതിന് അനുകൂലമായ സ്ഥാപനപരമായ മേല്‍ക്കൈകളിലാണ് നിലകൊള്ളുന്നത്. അവയില്‍ ഏറ്റവും നിര്‍ണായകമായതിപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ യന്ത്രമല്ല, തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ വോട്ടര്‍മാരുടെ പട്ടിക തന്നെയാണ്.
അതിനുള്ള ഉപകരണം സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍, അഥവാ SIR ആണ്. മരിച്ചവരുടെയും ഇരട്ടപ്പേരുകളുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനുള്ള പതിവ് നടപടിയായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പ്രായോഗികമായി, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ഒരു മണ്ഡലത്തിലെ വോട്ടര്‍മാരെ രൂപപ്പെടുത്താന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണിത്.

വളരെയധികം സംസ്ഥാനങ്ങളില്‍ ഒരേ മാതൃക ആവര്‍ത്തിക്കപ്പെടുന്നത് യാദൃച്ഛികമെന്ന് കരുതാന്‍ കഴിയാത്തത്ര വ്യക്തമാണ്. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍, പ്രതിപക്ഷം ആരോപിച്ചത് ഏകദേശം 10,000 യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരുകള്‍ മണ്ഡലംതോറും പട്ടികയില്‍നിന്ന് നീക്കം ചെയ്തുവെന്നാണ്. പരമ്പരാഗതമായി പ്രതിപക്ഷം ശക്തമായിരുന്ന മണ്ഡലങ്ങളിലായിരുന്നു ഈ നീക്കമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2026-ലെ പുനഃപരിശോധനയിലും ”മാപ്പ് ചെയ്യപ്പെടാത്ത” എന്‍ട്രികള്‍ കണ്ടെത്തി. പേരുകള്‍ നീക്കം ചെയ്യുന്നതിലേക്കുള്ള പ്രാഥമിക ഘട്ടമായ ഇവയും അതേ ബൂത്തുകളിലാണ് കൂടുതലായി കണ്ടെത്തിയത്.
ഹരിയാനയില്‍, നിരവധി ഘട്ടങ്ങളിലെ വോട്ടെണ്ണലിനുശേഷം കോണ്‍ഗ്രസ് മുന്നിലാണെന്ന് തോന്നിച്ചെങ്കിലും ഒടുവില്‍ പരാജയപ്പെട്ടപ്പോള്‍, പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിലെ സംഖ്യ വ്യക്തമായിരുന്നു: ഏകദേശം 25 ലക്ഷം വിവാദ എന്‍ട്രികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞു. ആ സമയത്ത് കോണ്‍ഗ്രസിന്റെ സ്വന്തം ബൂത്ത് ഏജന്റുമാര്‍ എന്തുകൊണ്ട് എതിര്‍പ്പ് ഉന്നയിച്ചില്ലെന്നും ചോദിച്ചു. എന്നാല്‍ ഒരാള്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാന്‍ കഴിയുന്ന സമയമാകുമ്പോഴേക്കും വോട്ടര്‍പട്ടിക അന്തിമമാക്കിയിരിക്കും. ആ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പും നടന്നുകഴിഞ്ഞിരിക്കും.
ബിഹാറും ബംഗാളും ഇതേ ഉപകരണം കൂടുതല്‍ വലിയ തോതില്‍ പ്രയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. 2003-നുശേഷമുള്ള ആദ്യ സമഗ്ര പുനഃപരിശോധനയായ ബിഹാറിലെ SIR-ല്‍, 2025 നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഏകദേശം 65 മുതല്‍ 67 ലക്ഷം വരെ പേരുകള്‍ നീക്കം ചെയ്തു. ദളിതരും പിന്നാക്ക ജാതിക്കാരും മുസ്ലിംകളും ഈ നീക്കത്തിന്റെ ആനുപാതികമായി വലിയൊരു പങ്ക് വഹിച്ചുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രളയത്തെത്തുടര്‍ന്ന് പലപ്പോഴും താമസം മാറേണ്ടിവരുന്ന പൗരന്മാര്‍ക്ക് ആവശ്യപ്പെടുന്ന രേഖകള്‍ കൈവശമില്ലാത്ത ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചത്.
ഈ നടപടിയെ ഏകപക്ഷീയമാണെന്ന് കണ്ടെത്താന്‍ സുപ്രീം കോടതി തയ്യാറായില്ല. ബംഗാളില്‍ SIR ഏകദേശം 91 ലക്ഷം പേരുടെ പേരുകള്‍ നീക്കം ചെയ്തു. മുസ്ലിംകളും മതുവാ വിഭാഗക്കാരും വലിയ തോതില്‍ താമസിക്കുന്ന, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആശ്രയിച്ചിരുന്ന മുര്‍ഷിദാബാദ്, മാല്‍ഡ, നദിയ ജില്ലകളിലായിരുന്നു ഈ നീക്കം ഏറ്റവും കൂടുതലായുണ്ടായത്.
എല്ലായിടത്തും കമ്മീഷന്റെ മറുപടി ഒന്നുതന്നെയാണ്: നടപടിക്രമങ്ങള്‍ പാലിച്ചാണ് എല്ലാം നടന്നത്; ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. വിമര്‍ശകര്‍ ഇതിനെ വെറും ധാര്‍ഷ്ട്യമെന്നാണ് വിളിക്കുന്നത്. എന്നാല്‍ ഏറ്റവും കര്‍ശനമായ ശുദ്ധീകരണ നടപടികള്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളെയാണ് ഏറ്റവും കഠിനമായി ബാധിക്കുന്നതെങ്കില്‍, ആ വിശദീകരണം, ചോദ്യം ചെയ്യാതെ വിശ്വസിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ആ സ്ഥാപനത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
ഇത്രത്തോളം സുരക്ഷിതമായി കോട്ടകെട്ടിയ ഒരു സര്‍ക്കാരിന് വാദിച്ചു ജയിക്കേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വിശ്വസിക്കാവുന്ന ഒരു ബദല്‍ ഇല്ലെന്ന് ഉറപ്പാക്കുക മാത്രം മതി. പ്രചാരണം തുടങ്ങുന്നതിനു മുമ്പുതന്നെ വോട്ടര്‍പട്ടികകള്‍ നിശ്ശബ്ദമായി പുനഃക്രമീകരിക്കപ്പെടുകയാണെങ്കില്‍, ഒരുപക്ഷേ അതുപോലും ഇനി ആവശ്യമാകില്ല.

ഒരു ദശകത്തിലേറെയായി തോല്‍വിക്കു പിന്നാലെ തോല്‍വി ഏറ്റുവാങ്ങിയിട്ടും തിരഞ്ഞെടുപ്പിന്റെ ലളിതമായ കണക്കുകൂട്ടല്‍ പഠിച്ചിട്ടില്ലാത്ത ഒരു പ്രതിപക്ഷം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഒറ്റക്കെട്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവിടെയാണ് കോക്ക്രോച്ചുകള്‍ക്ക്/പാറ്റകള്‍ക്ക് ഒരു പങ്കുണ്ടാകുക.
കോക്ക്രോച്ചുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തു ചെയ്യാനാകും ഇതൊന്നും നിരാശയല്ല. എന്താണ് ഫലിച്ചത് എന്നതിനെക്കുറിച്ചും അടുത്ത തവണ എന്താണ് ആവശ്യമായി വരിക എന്നതിനെക്കുറിച്ചുമുള്ള യാഥാര്‍ത്ഥ്യബോധമാണിത്. ശിക്ഷാനടപടികളൊന്നും ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് അതിന്റെ അന്തസ്സില്‍ത്തന്നെ ഇതിനകം ലംഘിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ പ്രസ്ഥാനത്തിന് ഏറ്റവും ശക്തമായി ഉന്നയിക്കാവുന്ന ആവശ്യം വാചാടോപപരമായ ഒന്നല്ല, തികച്ചും കൃത്യതയുള്ള ഒന്നാണ്: പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും നിരുപാധികമായി പിന്‍വലിക്കുക. അവര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികളും അച്ചടക്കനടപടികളും സ്വീകരിക്കുക. ഇതിനോടൊപ്പം ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ വേണമെന്ന ആവശ്യവും ഉന്നയിക്കാം. ആ കമ്മീഷനില്‍ പ്രസ്ഥാനത്തിന്റെ സ്വന്തം പ്രതിനിധികള്‍ക്കും അംഗത്വം നല്‍കണം. പോലീസ് നടപടിക്ക് കമാന്‍ഡ് ശൃംഖലയില്‍ മുകളിലേക്കുമുകളിലേക്ക് ആരൊക്കെയാണ് ഉത്തരവാദികളായിരുന്നതെന്ന് കണ്ടെത്തുകയാകണം അതിന്റെ ലക്ഷ്യം.
തെരുവിലെ ഒരു ജനകീയ സമരത്തിന് ചെയ്യാന്‍ കഴിയാത്ത രണ്ട് കാര്യങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. വാര്‍ത്തകളുടെ ആയുസ്സിനപ്പുറവും നിലനില്‍ക്കുന്ന രേഖാമൂലമുള്ള ഒരു ചരിത്രം അത് സൃഷ്ടിക്കും. അതോടൊപ്പം, സുഖകരമായ മറുപടിയില്ലാത്ത ഒരു തിരഞ്ഞെടുപ്പിനത് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും: അന്വേഷണം നിരസിച്ചാല്‍, നല്‍കിയ ഉറപ്പ് പൊള്ളയായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കും. അന്വേഷണം അനുവദിച്ചാല്‍, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടിക്ക് ഉത്തരവാദികളായവരുടെ പേരുകള്‍ ഒടുവില്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന ഒരു സംവിധാനം തന്നെ സൃഷ്ടിക്കപ്പെടും. തൊഴില്‍, വിദ്യാഭ്യാസം, ഭരണത്തിലെ ദുര്‍ഭരണം എന്നിവയെച്ചൊല്ലിയുള്ള വലിയ പോരാട്ടത്തെ ഒരിക്കലും അവസാനിപ്പിക്കേണ്ടതില്ല. ആ പോരാട്ടം പ്രസ്ഥാനത്തിന് വീണ്ടും ഏറ്റെടുക്കേണ്ടിവരും. എന്നാല്‍ ഏതാവശ്യം ആദ്യം ഉന്നയിക്കണം എന്നത്തിനു പ്രധാന്യമുണ്ട്. ഇതിനകം ലംഘിക്കപ്പെട്ട ഒരു വാഗ്ദാനവുമായി നേരിട്ട് ബന്ധിപ്പിച്ച, ഇത്രയും കൃത്യമായ ഒരു ആവശ്യം, ഒരു ദശാബ്ദക്കാലത്തെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള വിശാലവും അതിരുകളില്ലാത്തതുമായ ആഹ്വാനത്തേക്കാള്‍ എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയില്ല.
അത് നേടിയെടുക്കാനായാലും, അല്ലെങ്കില്‍ അതിനെ നിരസിക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായി നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായാലും, മുന്നിലുള്ള വലിയ പോരാട്ടത്തിനായി പ്രസ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനാകും.
എങ്ങനെയായാലും, അടുത്ത ഘട്ടത്തിന് കൂടുതല്‍ ബുദ്ധിപൂര്‍വമായ ഒരു തന്ത്രം ആവശ്യമാണ്. കാരണം, ആദ്യഘട്ടത്തിന് അപ്രതീക്ഷിതത്വത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. അത് ഇനി തിരിച്ചുകിട്ടില്ല. ഈ പ്രസ്ഥാനത്തിന്റെ സ്വഭാവവും വേഗവുമിപ്പോള്‍ ഭരണകൂടത്തിനറിയാം. അതിനാല്‍ അടുത്ത തവണ അറസ്റ്റുകള്‍ക്കും മുന്‍കൂട്ടി തയ്യാറാക്കിയ മാധ്യമകഥനത്തിനുമൊപ്പമായിരിക്കുമതെത്തുക.
ആദ്യ അറസ്റ്റ് നടക്കുന്നതിനു മുമ്പുതന്നെ കോക്ക്രോച്ചുകള്‍ക്ക് വേണ്ട നിയമസഹായ ശൃംഖലകള്‍ തയ്യാറായിരിക്കണം. ദേശീയതലത്തിലുള്ള നേതാക്കളെ തടങ്കലിലാക്കിയാലും സംഘടനാപ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന വികേന്ദ്രീകൃത പ്രാദേശിക നേതൃത്വവും വേണം. പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതിനുപകരം സുരക്ഷാഭീഷണിയായി ചിത്രീകരിക്കാന്‍ ഭരണകൂടം ശ്രമിക്കുമെന്നു കണക്കിലെടുത്തുകൊണ്ടുള്ള ഒരു ആശയവിനിമയ തന്ത്രവും ആവശ്യമാണ്.
സമവായപ്പെടാന്‍ / വിട്ടു കൊടുക്കാന്‍ പാടില്ലാത്തതെന്തൊക്കെ ”ഗൗരവമായി എടുക്കപ്പെടാന്‍” വേണ്ടി വക്താക്കളെ നിയമിക്കുക, ഒരു സംഘടന രൂപീകരിക്കുക, രജിസ്‌ട്രേഷന്‍ തേടുക തുടങ്ങിയ അമിതതിരുത്തലുകളുടെ സ്വാഭാവിക പ്രവണതയെ പ്രസ്ഥാനം ചെറുക്കണം. യഥാര്‍ത്ഥത്തില്‍ അതിനെ അപകടകാരിയാക്കിയ സവിശേഷതകളെയാണ് സംരക്ഷിക്കേണ്ടത്; അല്ലാതെ അതിനെ ഉപേക്ഷിക്കുകയല്ല വേണ്ടത്. അറസ്റ്റ് ചെയ്യാനോ ഒറ്റപ്പെടുത്താനോ കഴിയുന്ന ഒരു വ്യക്തിഗത നേതാവില്ല. റെയ്ഡ് ചെയ്യാന്‍ കഴിയുന്ന കേന്ദ്രീകൃത കമാന്‍ഡോ ആസ്ഥാനമോ ഇല്ല. ഒരു വലിയ റാലിയെക്കാള്‍ വളഞ്ഞുപിടിക്കാന്‍ പ്രയാസമുള്ള വികേന്ദ്രീകൃതവും ഒരേസമയം നടക്കുന്നവുമായ പ്രതിഷേധങ്ങള്‍. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മതിയായത്ര ഏകോപനം, എന്നാല്‍ സ്വയം ഒരു ലക്ഷ്യമായി മാറാത്തത്ര അയവുള്ള ഘടന. ഒരു പ്രത്യേക പ്രത്യയശാസ്ത്രവും ഇല്ല; അതുകൊണ്ട് തന്നെ എളുപ്പത്തില്‍ തള്ളിക്കളയാവുന്ന ഒരു വിഭാഗമായി അതിനെ ചുരുക്കിക്കാണിക്കാനാവില്ല. കൂടാതെ, ജാതിയുടെയോ മതത്തിന്റെയോ പാര്‍ട്ടിയുടെയോ അടിസ്ഥാനത്തില്‍ പിളര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു ദൃശ്യമായ ഏകീകൃത സ്വത്വവുമില്ല. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതല്ല. ഇതിലൂടെ ഭരണകൂടത്തിന് മറുപടി പറയാനുള്ള മുന്‍ കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ തന്നെ ലഭിച്ചില്ല. പരിഹാസം ഒരു പ്രതിഷേധഭാഷയായി ഇത്ര ഫലപ്രദമായിത്തീര്‍ന്നതിന് പിന്നിലെ, ഒരു നിശ്ചിത ലക്ഷ്യത്തിന്റെ അഭാവം തന്നെയാണ് സംഘടനയുടെ രൂപത്തിലും ഇവിടെ പ്രതിഫലിച്ചത്.

ഇതിലൊന്നും വിട്ടുവീഴ്ച ചെയ്യാതെ കൂട്ടിച്ചേര്‍ക്കാവുന്നത് കൂടുതല്‍ വ്യാപ്തിയാണ്. പാര്‍ലമെന്റില്‍ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശബ്ദം നല്‍കാന്‍ തയ്യാറുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി അയവുള്ള ഏകോപനം. പ്രസ്ഥാനത്തിന് ഇല്ലാത്ത വിഭവങ്ങള്‍ കൈവശമുള്ള സിവില്‍ സൊസൈറ്റി സംഘടനകളുമായി സഹകരണം. ഭരണകൂടം പ്രതീക്ഷിക്കുന്ന അടിച്ചമര്‍ത്തല്‍ നടന്നുപോകാന്‍ അനുവദിക്കാതെ അത് നിരന്തരം രേഖപ്പെടുത്താന്‍ തയ്യാറുള്ള പത്രപ്രവര്‍ത്തകരുമായുള്ള ബന്ധം. ഇതിനൊന്നും ഈ കൂട്ടാളികളുടെ നിയന്ത്രണത്തിലേക്ക് പ്രസ്ഥാനം വഴങ്ങേണ്ടതില്ല. അവരെ ആശ്രയിക്കേണ്ട രക്ഷാധികാരികളായി കാണേണ്ടതുമില്ല. പ്രയോജനപ്പെടുത്താവുന്ന സഖ്യകക്ഷികളായി മാത്രം കാണുക എന്നതാണ് വേണ്ടത്.
അഡ്രിനലിന്‍ കുറഞ്ഞുപോകുമെന്നും അടിച്ചമര്‍ത്തല്‍ നിശ്ശബ്ദമായി ഫലപ്രദമാകുമെന്നും, അസാധ്യതപോലെ തോന്നിയ ഒരു വിജയം നേടിയ ഈ തലമുറയ്ക്ക് അത് രണ്ടാമതും ആവര്‍ത്തിക്കാനുള്ള കരുത്തുണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഒരുപക്ഷേ അത് ശരിയായിരിക്കാം. ഈ പ്രസ്ഥാനത്തെ ഒരിക്കല്‍ വിജയിപ്പിച്ച അപ്രതീക്ഷിതത്വം ഇനി വീണ്ടും കൃത്രിമമായി സൃഷ്ടിക്കാനാവില്ല. തങ്ങളുടെ എതിരാളിയെ പഠിച്ചുകഴിഞ്ഞ ഒരു ഭരണകൂടം രണ്ടാമതും അപ്രതീക്ഷിതമായി പിടിക്കപ്പെടുകയുമില്ല.
അതുകൊണ്ടാണ് ജൂലൈയേക്കാള്‍ വരും മാസങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളത്. ഒരു മന്ത്രി രാജിവെച്ച മാസം എന്ന നിലയില്‍ മാത്രം ഈ പ്രസ്ഥാനത്തെ ഓര്‍മ്മിക്കപ്പെടാന്‍ പാറ്റകള്‍ അനുവദിച്ചാല്‍, അവര്‍ ഒരു യുദ്ധത്തില്‍ വിജയിച്ചിട്ടുണ്ടാകും; എന്നാല്‍ ഭാവിയെ കൈവിട്ടുകൊടുക്കുകയും ചെയ്യും.
ഇന്ത്യ എന്ന ആശയം വീണ്ടെടുക്കാമെന്ന പ്രതീക്ഷ അവര്‍ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു. ആ പ്രതീക്ഷ ഒടുവില്‍ ഒരു ജനാധിപത്യപരമായ പരിവര്‍ത്തനമായി പക്വത പ്രാപിക്കുമോ എന്നത് ഇനി അവരെ ആശ്രയിച്ചിരിക്കുന്നു. മറ്റാരേക്കാളും കൂടുതല്‍ ഈ രാജ്യം അവരുടേതാണ്.
ലേഖകപരിചയം :
![]()
ആനന്ദ് ടെല്‍തുംബ്ദെ
പെട്രോനെറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (PIL) മുന്‍ സി.ഇ.ഒ., ഐ.ഐ.ടി. ഖരഗ്പൂരിലെയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെയും പ്രൊഫസര്‍, പൗരാവകാശ പ്രവര്‍ത്തകന്‍ എന്നിവയാണ്. മുപ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്.







No Comments yet!