Skip to main content

പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനവും സാംസ്കാരികോത്സവവും

മലയാളത്തില്‍ ഏറ്റവും അസാധാരണമായ സമസ്ത പദങ്ങള്‍ പ്രയോഗിച്ച എഴുത്തുകാരനാണ്‌ ഒ.വി. വിജയനെന്നും സൂഫി ദര്‍ശനങ്ങളും മനുഷ്യനെക്കുറിച്ചുള്ള മഹാദര്‍ശനങ്ങളും മനോഹരമായി അവതരിപ്പിച്ച കൃതിയാണ് ഖസാക്കിന്‍റെ ഇതിഹാസമെന്നും പ്രശസ്ത സാഹിത്യകാരനായ പി.സുരേന്ദ്രന്‍ പറഞ്ഞു. ദേശാടന പക്ഷികള്‍ ഓരോ രാജ്യത്തെത്തുമ്പോഴും കുറച്ചു തൂവലുകള്‍ കൊഴിച്ചിടും. എഴുത്തുകാരന്‍റെ ഓരോ വാക്കും ഓരോ രചനയും തൂവലുകള്‍ കൊഴിച്ചിടലാണെന്നും, ഉള്ളിലെ വെറുപ്പും അസഹിഷ്ണുതയും എടുത്തു മാറ്റുക, അപ്പോള്‍ താനേ ഉള്ളില്‍ നിന്ന് സൌന്ദര്യം പുറത്തേക്കൊഴുകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ 15-ാം മലയാളോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പി. സുരേന്ദ്രന്‍.

പ്രശസ്ത സാഹിത്യവിവര്‍ത്തക ലീലാ സര്‍ക്കാറിനെ പി. സുരേന്ദ്രന്‍ ആദരിക്കുന്നു
നോവലിസ്റ്റ് ബാലകൃഷ്ണനെ പി. സുരേന്ദ്രന്‍ ആദരിക്കുന്നു

പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15, 16 തിയ്യതികളിൽ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ സാംസ്കാരികോത്സവവും പുസ്തകമേളയും സംഘടിപ്പിച്ചു. കൈരളി ബുക്സ് ആണ് പുസ്തകമേള ഒരുക്കിയത്. ആഗസ്റ്റ് 15 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് പുസ്തകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നോവലിസ്റ്റ് ബാലകൃഷ്ണൻ നിര്‍വ്വഹിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവം ചെമ്പൂര്‍ ആദര്‍ശവിദ്യാലയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ഗിരിജാവല്ലഭനെ ആദരിക്കുന്നു

മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ സന്ദീപ്‌ വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സെക്രട്ടറി റീന സന്തോഷ്‌ സ്വാഗതമാശംസിച്ചു. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാര്‍, കെ.പവിത്രന്‍, പി.സുരേന്ദ്രന്‍, ഒ.അശോക്‌ കുമാര്‍ (കൈരളി ബുക്സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

115 കൃതികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുള്ള, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ലീല സര്‍ക്കാറിനെയും സാഹിത്യസപര്യയില്‍ അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട നഗരത്തിലെ എഴുത്തുകാരായ ബാലകൃഷ്ണന്‍, ഉണ്ണി വാരിയത്ത്, ഗിരിജാവല്ലഭന്‍, മേഘനാദന്‍ എന്നിവരെയും വേദിയില്‍ വച്ച് മലയാള ഭാഷാ പ്രചാരണ സംഘം ആദരിച്ചു.

പുസ്തകമേളയുടെ ഉദ്ഘാടനശേഷം നോവലിസ്റ്റ് ബാലകൃഷ്ണന്‍ സംസാരിക്കുന്നു

തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ജി.വിശ്വനാഥന്‍ മോഡറേറ്ററായിരുന്നു. കവിയരങ്ങില്‍ സി.പി. കൃഷ്ണകുമാര്‍, മുരളീധരൻ ടി.കെ, സന്തോഷ് പല്ലശന, പി.കെ മുരളീകൃഷ്ണൻ, തുളസി മണിയാർ, സുമേഷ് പി.എസ്, ജ്യോതിലക്ഷ്മി നമ്പ്യാർ, മോഹനൻ കെ.വി, ബാബു പി.ഡി, സുരേഷ് നായർ, കെ.വി.എസ്. നെല്ലുവായ്, ലിനോദ് വർഗ്ഗീസ്, ഹരീന്ദ്രനാഥ്, അമ്പിളി കൃഷ്ണകുമാർ, രാജേന്ദ്രൻ കുറ്റൂർ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

 

മേഘനാദനെ പി. സുരേന്ദ്രന്‍ ആദരിക്കുന്നു
ഉണ്ണി വാരിയത്തിനെ പി. സുരേന്ദ്രന്‍ ആദരിക്കുന്നു

ആഗസ്റ്റ് 16 ന് രാവിലെ നടന്ന കഥയരങ്ങില്‍ ഗിരിജാവല്ലഭന്‍ മോഡറേറ്റര്‍ ആയിരുന്നു. പി. വിശ്വനാഥൻ, ലീന നായർ, ജീബ ശ്രീജിത്ത്‌, ജോയ് ഗുരുവായൂർ, തുളസി മണിയാർ, സുരേഷ് നായർ, ജ്യോതിലക്ഷ്മി നമ്പ്യാർ, ലിനോദ് വർഗ്ഗീസ്, മനോജ്‌ മുണ്ടയാട്ട്, സുരേഷ്കുമാര്‍ കൊട്ടാരക്കര, മുരളി വട്ടേനാട്ട്, സജിനി സുരേന്ദ്രന്‍, ശില്പ എസ് എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു.

സജി എബ്രഹാം സംസാരിക്കുന്നു

ആഗസ്റ്റ് 16 ന് ഉച്ചക്കു ശേഷം നടന്ന വായനാനുഭവം സെഷനില്‍ കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. അഭിഷേക്. എസ്, സുമേഷ് പി. എസ്, ലിനോദ് വർഗ്ഗീസ്, സുരേഷ് നായർ, അജിത്ത് ശങ്കരൻ, സജിനി സുരേന്ദ്രൻ, ലീന നായർ, സജി തോമസ്, രാമകൃഷ്ണൻ പാലക്കാട്, സന്ധ്യ പലേരി എന്നിവര്‍ വ്യത്യസ്ത കൃതികളുടെ വായനാനുഭവങ്ങള്‍ പങ്കു വച്ചു.

സന്ദീപ് വര്‍മ്മ മുന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ വെള്ളോടി ബാലചന്ദ്രനെ ആദരിക്കുന്നു

തുടര്‍ന്ന് നടന്ന പതിനഞ്ചാം മലയാളോത്സവം ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ സന്ദീപ്‌ വര്‍മ്മ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റീന സന്തോഷ്‌ സ്വാഗതമാശംസിച്ചു. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പതിനഞ്ചാം മലയാളോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിഷിഷ്ടാതിഥിയായെത്തിയ പ്രശസ്ത നിരൂപകന്‍ സജി അബ്രഹാം മാതൃഭാഷയുടെ പ്രചാരണത്തിന് വേണ്ടി നിലകൊള്ളുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

മലയാളഭാഷാപ്രചരണസംഘത്തിന്റെ മെമെന്റോ നല്‍കി പി. സുരേന്ദ്രനെ അനില്‍പ്രകാശ് ആദരിക്കുന്നു.

“ജോലിക്കുവേണ്ടി മാത്രം ഭാഷ പഠിക്കുമ്പോള്‍ നാം നമ്മളെ തന്നെ ഒരു യന്ത്രമാക്കി ചുരുക്കിക്കളയുന്നു. ഒരു മനുഷ്യനായി തീരാന്‍ ഏറ്റവും അനിവാര്യമായത് ഭാഷയാണ്‌. ഭാഷ അനുഭവങ്ങളുടെ ഒരു വലിയ പുഴയാണ്.”

അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. കെ.പി.ഇ.എസ് സെക്രട്ടറി കെ.പവിത്രന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

മുന്‍ ഡെപ്യൂടി മുനിസിപ്പല്‍ കമ്മീഷണര്‍ വെള്ളോടി ബാലചന്ദ്രനെ വേദിയില്‍ ആദരിച്ചു. 2024, 2025 വര്‍ഷങ്ങളില്‍ മലയാളം മിഷന്‍റെ നീലക്കുറിഞ്ഞി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികളെയും മലയാളം വിഷയമായെടുത്ത് ഈ വര്‍ഷം എസ്.എസ്.സിയില്‍ വിജയിച്ച വിദ്യാര്‍ഥികളെയും കെ.പി.ഇ.എസിന്‍റെ സഹകരണത്തോടെ ആദരിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സദസ്സ്‌

“പുസ്തക പ്രസിദ്ധീകരണം – എപ്പോൾ? എങ്ങനെ?” എന്ന വിഷയത്തില്‍ സെമിനാര്‍ തുടര്‍ന്ന് നടന്നു. കെ. രാജന്‍ അദ്ധ്യക്ഷനായിരുന്നു. ഭാഷയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തികളുടെയും കര്‍ത്തവ്യമാണെന്നും ഭാഷ നശിക്കുമ്പോള്‍ ഒരു സംസ്കാരം തന്നെയാണ് ഇല്ലാതാവുന്നതെന്നും കെ. രാജന്‍ തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അശോക്‌ കുമാര്‍ ഈ വിഷയത്തില്‍ ആവശ്യമായ വിശദീകരണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.

മലയാള ഭാഷാ പ്രചാരണ സംഘം ട്രഷറര്‍ രാജന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. ഇതോടെ രണ്ടു ദിവസം നീണ്ടു നിന്ന സംസ്കാരികോത്സവത്തിനും പുസ്തകമേളക്കും തിരശീല വീണു. നീണ്ടൊരു കാലയളവിന് ശേഷം മുംബൈയില്‍ നടന്ന പുസ്തക പ്രദര്‍ശനത്തിന് ഏറെ സന്ദര്‍ശകരുണ്ടായി. അനില്‍ പ്രകാശ്, പ്രദീപ്‌ കുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.