
നവതിയാഘോഷിക്കുന്ന കവിയും അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. രാമകൃഷ്ണന് തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ സ്‌നേഹാദരങ്ങള്‍ അവിസ്മരണീയവും അസുലഭ സുന്ദരവുമായി. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025 ഒക്ടോബര്‍ അഞ്ചിന് ‘അവിരാമം മാഷ്’ എന്ന പേരില്‍ നടന്ന ആദരസമ്മേളനം വ്യത്യസ്ത പരിപാടികളാല്‍ ശ്രദ്ധേയമായി. സാഹിത്യലോകത്തെ എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, സാംസ്‌കാരികരംഗത്തെ വിവിധ സംഘടനകളുടെ പൊന്നാട ചാര്‍ത്തല്‍, മാഷിന്റെ കവിതകളുടെ പഠനാവതരണം, പുസ്തകപ്രകാശനം, കാവ്യാലാപനം എന്നിങ്ങനെ വ്യതിരിക്തമായ പരിപാടികളാല്‍ ചടങ്ങ് സമ്പുഷ്ടമായി. മലയാളകവിതാഗ്രൂപ്പായ കാവ്യശിഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘കെ.വി. രാമകൃഷ്ണന്റെ കാവ്യജീവിതം-പഠനങ്ങള്‍’ എന്ന പുസ്തകത്തിന്റെ കവര്‍പ്രകാശനവുമുണ്ടായി.

‘അവിരാമം മാഷ്’ പരിപാടികള്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യവംശത്തിന്റെ സങ്കടങ്ങളും പ്രകൃതി ബന്ധങ്ങളും എല്ലാകാലത്തും അഭിസംബോധന ചെയ്തിട്ടുള്ളവരാണ് കവികളെന്നും ഏതുകാലത്ത് ജീവിച്ചിരുന്നവരാണെങ്കിലും അവര്‍ സമകാലീനരാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഈ കാലത്തിന്റെ ഏറ്റവും വലിയ കവിയാണ് രാമകൃഷ്ണന്‍. സര്‍വ്വാനുഭൂതികളുടെ കവിയായ രാമകൃഷ്ണന്റെ പരിഭാഷാരചനകളും ശ്രേഷ്ഠമാണെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

ഡോ. എസ്.കെ. വസന്തന്‍ അധ്യക്ഷനായി. കവിയെന്ന നിലയില്‍ പ്രശസ്തനായ രാമകൃഷ്ണന്‍, ഏതു സന്ദര്‍ഭത്തിലും ഔചിത്യം പാലിക്കണമെന്നാണ് കവികളോട് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ‘കവിതയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള നെഞ്ഞൂക്ക് നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കണം’ എന്ന് പുതുതലമുറയോട് ആഹ്വാനം ചെയ്യുന്ന മാഷിന് ലഭിച്ച മഹത്തായ ആദരം നിരൂപണകലയില്‍ അദ്വിതീയയായ ഡോ. എം.ലീലാവതിയുടെ ആശംസാ സന്ദേശമാണെന്ന് എനിക്കുതോന്നി.

അര്‍ഹിക്കുന്നവരെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന സാഹിത്യലോകത്തെ വിവേചനാധികാരങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ടീച്ചറുടെ സന്ദേശം. അതിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ കുറിക്കാം. ‘നമ്മുടെ കാലഘട്ടത്തിലെ വൈരുധ്യങ്ങളോടും സമസ്യകളോടും ദേശകാലാതീതമായ ജീവിതസമസ്യകളോടും ക്രിയാത്മകമായി പ്രതികരിച്ചുപോന്നിട്ടുള്ള കവിയും ചിന്തകനുമാണ് ശ്രീ കെ വി രാമകൃഷ്ണന്‍. ആ പ്രതിഭയെ നാം വേണ്ടുവോളം ആദരിച്ചുവോ എന്ന് അപരാധബോധത്തോടെ തിരിഞ്ഞുനോക്കുകയും തിരഞ്ഞു നോക്കുകയും ചെയ്യേണ്ടുന്ന സന്ദര്‍ഭമാണിത്. ഒരു നവതിയാഘോഷംകൊണ്ട് പരിഹരിക്കാവുന്നതല്ല ആ അപരാധം’ അക്ഷന്തവ്യമായ ഒരപരാധബോധത്താല്‍ സാഹിത്യപ്രവര്‍ത്തകരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്നതാണ് ടീച്ചറുടെ വരികള്‍.

പ്രൊഫ. കെ.വി. രാമകൃഷ്ണന്റെ കവിതകളെക്കുറിച്ച് കാവ്യശിഖാംഗങ്ങള്‍ നടത്തിയ പഠനങ്ങളുടെ ഭാഗമായി അമ്പതോളം ലേഖനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ സമാഹാരമായ ‘പ്രൊഫ. കെ.വി. രാമകൃഷ്ണന്റെ കാവ്യജീവിതം-പഠനങ്ങള്‍’ എന്ന കൃതിയുടെ കവര്‍ പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളായ ഡോ. എം.എന്‍. വിനയകുമാര്‍ ഡോ. വി.ഡി. പ്രേമപ്രസാദിനു നല്‍കി പ്രകാശിപ്പിച്ചു. ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും മഹാപൈതൃകമുള്‍ക്കൊണ്ടുകൊണ്ട് അതിന്റെ ക്രിയാത്മകമായ വ്യാഖ്യാനമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ വ്യക്തിത്വമാണ് രാമകൃഷ്ണന്‍ മാഷുടേത്.

കവിയും അധ്യാപകനും വിവര്‍ത്തകനും സാഹിത്യപത്രപ്രവര്‍ത്തകനുമെന്നനിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മാഷ് വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സംഭാവനകളെ അധികരിച്ച് നടത്തിയ സെമിനാര്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനംചെയ്തു. അമ്മയും അഹല്യയും എന്ന ഖണ്ഡകാവ്യം മന്ത്രി പ്രകാശിപ്പിച്ചു.

എം.ജി. സുരേഷ്, കെ.എ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത സുഹൃദ്‌സംഗമത്തില്‍ സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കര്‍ അധ്യക്ഷനായി. ഇടശ്ശേരി സ്മാരകസമിതി പ്രസിഡന്റുകൂടിയായ മാഷെക്കുറിച്ച് ഇടശ്ശേരിയുടെ മകന്‍ ഇ. മാധവന്‍ നടത്തിയ പ്രഭാഷണം ആദരണീയനായ മാഷിനുള്ള സ്‌നേഹസമ്മാനമായി. ഇടശ്ശേരിയുമായി മാഷിനുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് അദ്ദേഹം സവിസ്തരം പ്രസ്താവിച്ചു. മാഷുടെ ജീവിതത്തിലെ നിഷ്‌കര്‍ഷയും കൃത്യനിഷ്ഠയും പരാമര്‍ശിക്കപ്പെട്ടു.

സുഹൃദ്‌സമ്മേളനത്തില്‍ ഉണ്ണിക്കൃഷ്ണന്‍, ജെ.ആര്‍. പ്രസാദ് തുടങ്ങിയവരും സംസാരിച്ചു. വിവിധ സംഘടനകളും വ്യക്തികളും പൊന്നാട ചാര്‍ത്തിയും കാവ്യാലാപനം നടത്തിയും ഗുരുതുല്യനായ മാഷെ ആദരിച്ചു. ഡോ. എം പി സുരേന്ദ്രന്‍, വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ മാഷെ പൊന്നാട ചാര്‍ത്തി ആദരിച്ചവരിലുള്‍പ്പെടുന്നു. കവിതയുടെ ആത്മസ്പര്‍ശം നടത്തി ഡോ. ബിജു ബാലകൃഷ്ണന്‍ ഇടശ്ശേരിമാവ് എന്ന കവിത ആലപിച്ചു. വൈകിട്ട് നടന്ന ആദരസമ്മേളനം മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തു. മാഷിന്റെ ‘കനല്‍ച്ചുവടുകള്‍’ എന്ന ആത്മകഥ മന്ത്രി പ്രകാശനം ചെയ്തു.

മഹാരാജാസില്‍ മാഷോടൊപ്പം പഠിക്കുകയും ശ്രീകൃഷ്ണ കോളേജില്‍ മാഷോടൊപ്പം അധ്യാപനം നിര്‍വഹിക്കുകയും ചെയ്തിട്ടുള്ള പ്രൊഫ. ചന്ദ്രമണിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഡ്രാക്കുള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തശേഷം മഹാരാജാസില്‍ പഠിക്കാനെത്തിയ രാമകൃഷ്ണന്‍ എല്ലാവരുടേയും ആരാധനാപാത്രമായിരുന്നുവെന്ന് ടീച്ചര്‍ ഓര്‍മിച്ചു. കോളേജിലെ ഭാഷാസാഹിത്യമണ്ഡലത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണന്‍ സാഹിത്യം ഇന്ന് എന്നപേരില്‍ പുസ്തകമിറക്കുകയുണ്ടായി. ഇങ്ങനെ പഠനകാലത്തുതന്നെ സാഹിത്യലോകത്ത് പ്രശസ്തനായ വ്യക്തിയാണ് രാമകൃഷ്ണന്‍മാഷെന്നും ചന്ദ്രമണിടീച്ചര്‍ സദസ്സിനോട് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രൊഫ. വികെ വിജയന്‍ അധ്യക്ഷനായി. തൊണ്ണൂറാം വയസ്സിലും കര്‍മ്മനിരതനായ മാഷിന്റെ പ്രസരിപ്പും ചുറുചുറുക്കും ഉത്തരവാദിത്വമനോഭാവവും അദ്ദേഹം എടുത്തുപറഞ്ഞു. ദേവസ്വംബോര്‍ഡ് പ്രസിദ്ധീകരണങ്ങളുടെ ചുമതല വൈമനസ്യം കൂടാതെ ഏറ്റെടുത്ത മാഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായത് വലിയ നേട്ടമാണ്.

നിരവധി പഠനക്യാമ്പുകളുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള മാഷിന്റെ കൃത്യനിഷ്ഠയും തീരുമാനങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത സ്വഭാവസവിശേഷതയുമാണ് ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ പ്രഭാഷണത്തില്‍ നിറഞ്ഞുനിന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനങ്ങള്‍ അന്ന് പുസ്തകമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പില്‍ക്കാലത്ത് പുസ്തകമാക്കാനായത് വലിയ നേട്ടമായി. അദ്ദേഹത്തിന്റെ ഷേക്‌സ്പിയര്‍ പഠനങ്ങള്‍ പാശ്ചാത്യസാഹിത്യമേഖലയ്ക്കും ഗുണകരമാകുന്നതാണ്. നോവലിസ്റ്റ് കെ.ഉണ്ണികൃഷ്ണന്‍, ഡോ. അജയ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ. സി. രാവുണ്ണി, ചാക്കോ ഡി. അന്തിക്കാട് എന്നിവര്‍ നേതൃത്വം നല്‍കുന്ന മലയാള കവിതാഗ്രൂപ്പായ കാവ്യശിഖയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കാവ്യശിഖയുടെ രക്ഷാധികാരികൂടിയാണ് രാമകൃഷ്ണന്‍ മാഷ്.

കെ.വി. രാമകൃഷ്ണന്‍
1935ല്‍ എം. രാഘവ വാര്യരുടെയും കെ.വി. പാര്‍വതി വാരസ്യാരുടെയും മകനായി മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലാണ് ജനിച്ചത്. പത്താം ക്‌ളാസിനുശേഷം പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ നിവൃത്തിയില്ലാതെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. കറന്റ് ബുക്‌സുമായും എംടിയുമായുള്ള സമ്പര്‍ക്കം ഡ്രാക്കുള മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് നിദാനമായി. പുസ്തകരചനയിലൂടെ ലഭിച്ച പണംകൊണ്ടാണ് മഹാരാജാസ് കോളേജില്‍ പഠനത്തിനു ചേരുന്നത്. എറണാകുളം മാര്‍ അത്താനേഷ്യസ് കോളേജിലും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും അധ്യാപകനായി ജോലിചെയ്തു. പിന്നീട് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെത്തിയെങ്കിലും 1988ല്‍ സ്വയം വിരമിച്ച് മാതൃഭൂമി വാരികയില്‍ അസി. എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 1977ല്‍ അക്ഷരവിദ്യ എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വരണ്ട ഗംഗ, അഗ്‌നിശുദ്ധി, വാല്മീകി, അക്ഷരവിദ്യ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. കവിതയും താളവും കാവ്യചിന്തകള്‍ എന്നീ ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോര്‍, ജൂലിയസ് സീസര്‍, ഡ്രാക്കുള, കനകാഭരണം, തുടങ്ങിയവയും മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. വൈകാരികതയേക്കാള്‍ ചിന്താപരത മുറ്റി നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. സമൂഹത്തിന്റെ സ്വപ്നത്തകര്‍ച്ചയില്‍, അതില്‍നിന്നുളവാകുന്ന ദീനരോദനങ്ങളില്‍ വ്യഥിതനാകുന്ന കവിയാണ് രാമകൃഷ്ണന്‍ മാഷെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ നമ്മോട് സംവദിക്കുന്നതായി കാണാം.
കടപ്പാട് : കാവ്യശിഖ
കനല്‍ച്ചുവടുകള്‍ (ആത്മകഥ)
രചന : കെ.വി.രാമകൃഷ്ണന്‍
പ്രസാധനം : ഗ്രീന്‍ ബുക്‌സ്, തൃശൂര്‍
വില : 500 രൂപ





No Comments yet!