Skip to main content

ഉപയോഗം തീര്‍ന്ന ശരീരമനുഷ്യന്‍

എം.പി. നാരായണപിള്ളയുടെ കഥയിലെ ഊണി ശാപ്പാട്ടുരാമന്‍ തന്നെ! വാര്‍ദ്ധക്യത്തിന്റെ അസ്‌ക്യതകളില്‍ പെട്ടു വിഷമിക്കുമ്പോഴും ഭക്ഷണത്തോടുള്ള ആസ്ഥ കുറഞ്ഞിട്ടില്ല. പഴയ കലവറക്കാരനാണ്. പതിനഞ്ചുപറ അരി വയ്ക്കുന്ന കല്യാണസദ്യയുടെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വീട്ടില്‍ കിടക്കാനാവുന്നില്ല. അയാളെ കല്യാണവീട്ടിലേക്കു നടത്തിക്കുന്നത് വിശപ്പിലുപരി സദ്യയെയും രുചികളെയും കുറിച്ചുള്ള ഓര്‍മ്മയാണ്. വാതരോഗിയാണ്. രോഗക്കിടക്കയില്‍ നിന്നും എണീറ്റു നടക്കുകയാണ്. അനാരോഗ്യവും മടിയും കൂടിക്കലര്‍ന്ന് അയാള്‍ക്കു പണികളൊന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ട്. കഥാകാരന്‍ അയാളുടെ ജീവിതത്തിലെ ഒരു രാത്രിയെ മാത്രം എഴുതുന്നു. ആ രാത്രി അയാളുടെ മുഴുവന്‍ ജീവിതത്തെയും നമ്മുടെ മുന്നില്‍ തുറന്നുവയ്ക്കുന്നു. ഊണിപ്പണിക്കരുടെ ശാപ്പാട്ടുരാമത്വവും ഉറക്കവും ആലസ്യവും എഴുതുന്നതോടൊപ്പം അയാളുടെ ശരീരത്തെയും വിശദമായി എഴുതുന്നു. ഇത്രയും സൂക്ഷ്മമായി വാര്‍ദ്ധക്യശരീരത്തിന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയ മലയാളകഥകള്‍ വിരളമാണ്. കഥയിലെ ആദ്യവാക്യങ്ങള്‍ മുതല്‍ അവസാനവാക്യങ്ങള്‍ വരെ അയാളുടെ ശരീരം നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു.

M. P. Narayana Pillai - Profile & Biography | Rekhta
എം.പി. നാരായണപിള്ള

‘നടുവിന് എന്തൊരു കഴപ്പാണ്.’
‘അടിവയറ്റില്‍ ഒരു പിടുത്തം.’
‘മുട്ടില്‍ എല്ലൊക്കെ വേര്‍പെട്ടുപോകുന്നതുപോലെ.’
‘പുറത്തും നടുവിനും അസഹ്യമായ വേദന.’

കഥയുടെ താളം ശരീരവേദനയുടെ താളമായി മാറുന്നു. ശരീരം തളരുന്നു. എന്നാലും ചെമ്പാവരിച്ചോറിനോടും വെട്ടിയാല്‍ മുറിയാത്ത കാളനോടും അടപ്രഥമനോടുമുള്ള ആസ്ഥ ഒടുങ്ങുന്നില്ല.

കലവറയിലെ ഓരോ മുഖത്തെയും അയാള്‍ക്കറിയാം. ഓരോ ജോലിയും അയാള്‍ ചെയ്തിട്ടുള്ളതാണ്. രാത്രിമുഴുവന്‍ തേങ്ങ ചിരണ്ടിയിട്ടുണ്ട്. അരിയാട്ടിയിട്ടുണ്ട്. ഊണിപ്പണിക്കര്‍ കലവറയില്‍ എത്തുമ്പോള്‍ ആരും അയാളെ പുറത്താക്കുന്നില്ല. ആരും ശത്രുത കാണിക്കുന്നില്ല. എന്നാല്‍ ആരും അയാളെ ആവശ്യമെന്നു കരുതുന്നുമില്ല. അയാള്‍ അവിടെയുണ്ട്. പക്ഷേ അയാളില്ലെങ്കിലും ഒന്നും സംഭവിക്കില്ല. വലിയ ഒറ്റപ്പെടല്‍ പുറത്താക്കപ്പെടുന്നതിലല്ല, ആവശ്യമില്ലാതാകുന്നതിലാണ്. നാരായണപിള്ള ഈ അവസ്ഥയെ അസാമാന്യമായ നിയന്ത്രണത്തോടെ എഴുതുന്നു. ഒരു മനുഷ്യന്‍ എങ്ങനെ പതുക്കെ പ്രസക്തിയില്ലാത്തവനാകുന്നു എന്ന് കാണിച്ചുതരുന്നു.

ഊണിപ്പണിക്കരുടെ മാനുഷികാന്തസ്സ് നിരന്തരം മറ്റുള്ളവരുടെ വാക്കുകളിലും പ്രവൃത്തികളിലും നിഹനിക്കപ്പെടുന്നു. ഉറങ്ങുന്ന അയാളെ ചെവിയില്‍ വെള്ളമൊഴിച്ച് ഉണര്‍ത്തുമ്പോള്‍ പണിക്കരുടെ മനസ്സില്‍ വരൂന്നത് പോര്‍ക്കിനെ ഷാപ്പിലെ കുട്ടന്‍ കൊല്ലുന്ന രീതിയാണ്. ‘ചെവിയില്‍ കടുക് വാരിയിടുക. സഹിക്കവയ്യാതെ ആ ജന്തു എവിടെയെങ്കിലും ചെന്ന് തലതല്ലി ചാകും.’ താന്‍ അവഹേളിക്കപ്പെടുന്നത് പണിക്കര്‍ തിരിച്ചറിയുന്നുണ്ട്. പോര്‍ക്കിന്റെ അവസ്ഥയുടെ വിവരണം തന്റെ അവസ്ഥയെ കുറിച്ചുള്ള തിരിച്ചറിവാണ്. അടപ്രഥമന്‍ കുടിച്ചു മരിച്ച രൈരുനായരും ഊണിയായിരുന്നു. ഊണിപ്പണിക്കരുടെ മറ്റൊരു രൂപം. രൈരുനായരുടെ ഓര്‍മ്മ കഥയില്‍ ഒരു ഫ്ളാഷ്ബാക്കല്ല; ഊണിപ്പണിക്കരുടെ ഭാവിയെ മുന്‍കൂട്ടി കാണിക്കുന്നതാണത്.

കഥയില്‍, ഉള്ളിത്തൊണ്ട് കളയുന്ന ദൃശ്യവിവരണം ശ്രദ്ധിക്കുക. കഥാകാരന്‍ ഒരു ചെറിയ പ്രവൃത്തിയെ അസ്തിത്വസംബന്ധിയായ വലിയ അനുഭവമാക്കി മാറ്റുകയാണ്.’ഉള്ളിയുടെ തൊണ്ടുകളയാന്‍ തുടങ്ങിയാല്‍ അന്തമില്ല. ഓരോന്നായി അടര്‍ത്തിക്കളയാം. അവസാനമാണ് അറിയുക. തൊണ്ടു മാത്രമായിരുന്നുവെന്ന്.’ കഥാസന്ദര്‍ഭത്തോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ ഉള്ളിയുടെ തൊണ്ടു കളയുന്നതിനെക്കുറിച്ചല്ല ഈ വാക്യം പറയുന്നതെന്ന് നമുക്കു തോന്നും. അത് ഊണിപ്പണിക്കരുടെ ജീവിതത്തെക്കുറിച്ചു തന്നെ! ഒരിക്കല്‍ കലവറക്കാരന്‍, കരുത്തുള്ള തൊഴിലാളി, പണിയറിയുന്നവന്‍, ജാത്യാഭിമാനിയായ നായര്‍, പരിഗണനകള്‍ ലഭിച്ചിരുന്നവന്‍. കാലം ഓരോന്നും പാളിയായി അടര്‍ത്തിക്കളയുന്നു. അവസാനം ബാക്കിയാകുന്നത് എന്താണ്? ഉള്ളിയുടെ പാളികള്‍ അഴിഞ്ഞുപോകുന്നതുപോലെ ജീവിതത്തിന്റെ പാളികളും അഴിഞ്ഞുപോകുന്നു. അവശേഷിക്കുന്നത് ശൂന്യതയാണ്. നാരായണപിള്ളയുടെ കഥകളില്‍ ആശയങ്ങള്‍ വാക്കുകളിലൂടെ നേരിട്ടു പ്രഖ്യാപിക്കുന്നില്ല. ഒരു ഉള്ളി, ഒരു വെറ്റില, ഒരു റാന്തല്‍, ഒരു പായ, ഒരു തോര്‍ത്ത്. സാധാരണമായ വസ്തുവ്യവഹാരങ്ങളില്‍ നിന്നും ആശയങ്ങള്‍ തെളിഞ്ഞുവരുന്നു.

ഊണിപ്പണിക്കര്‍ തന്റെ നായര്‍ സ്വത്വത്തില്‍ വിശ്വസിക്കുന്നു. ‘ഞാന്‍ നായരാ’ എന്ന് ആവര്‍ത്തിക്കുന്നു. അയാളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വായനക്കാരന് ഒരേസമയം ചിരിയും സങ്കടവും തോന്നിയേക്കും. ഇതിനെ ജാതിമേലാളിത്തത്തിന്റെ കേവലപ്രകടനമായി കഥാസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി പറയാന്‍ കഴിയില്ല. അയാള്‍ക്ക് അവശേഷിച്ച സാമൂഹികമൂലധനത്തെ പ്രയോഗിച്ചു നോക്കുകയാണ്. ”ദാ, പോണു നായര്” എന്ന പുച്ഛച്ചിരിയില്‍ ജാതിമേലാളിത്തത്തിലുള്ള പണിക്കരുടെ മൂഢവിശ്വാസമോ, അതോ, അയാളുടെ സാമൂഹികമായ നീചസ്ഥിതിയോ വിമര്‍ശിക്കപ്പെടുന്നത്? കേരളത്തിന്റെ ജാതിവിരുദ്ധമായ പുരോഗമനമനസ്സിന്റെ ലക്ഷണമായി പണിക്കരോടുള്ള വരേണ്യരുടെ പെരുമാറ്റത്തെയും ഈ ചിരിയെയും കാണാന്‍ കഴിയില്ലെന്നാണ് കഥയ്ക്കു ശേഷമുള്ള കേരളചരിത്രം നമ്മോടു പറയുന്നത്. അയാള്‍ക്കുനേരെ ഉയരുന്ന ചിരി ജാതിയെ പരിഹസിക്കുന്നതല്ല. ജാതി അവകാശപ്പെടാന്‍ യോഗ്യതയില്ലാത്തവനായി മാറിയ ഊണിയെ പരിഹസിക്കുകയാണ്. സാമൂഹികക്രമത്തില്‍ താഴെയായ ഒരാളോടുള്ള അവഹേളനമാണത്. ഏതു അധഃകൃതനോടും കേരളീയപൊതുബോധം പ്രകടിപ്പിക്കുന്ന വരേണ്യമായ മനോഭാവത്തിന്റെ നേര്‍ക്ക് കഥാകാരന്റെ ടോര്‍ച്ച് പ്രകാശിക്കുന്നു. മനുഷ്യര്‍ നിര്‍മ്മിച്ചെടുത്ത ചെറുതും വലുതുമായ മിഥ്യകളില്‍ ഒന്നായി ജാതി കഥയില്‍ പ്രത്യക്ഷമാകുന്നു. മേലാളിത്തത്തിന് ചൂഷണത്തിനും അധികാരം ഉറപ്പിക്കാനും ഉള്ള ഉപകരണമെന്ന പോലെ അവരുടെ ജീവിതത്തിലെ പരാജയങ്ങളെയും അപര്യാപ്തതകളെയും മറച്ചുപിടിക്കാന്‍ ആശ്രയിക്കുന്ന സങ്കല്പഘടനകളിലൊന്നാണ് ജാതിയെന്ന് നാരായണപിള്ളയുടെ കഥ പറയുന്നു.

ആദ്യപന്തിയില്‍ ഇരിക്കാന്‍ സ്വപ്നം കണ്ട മനുഷ്യന്‍ അവസാനം ഒന്നും കഴിക്കാതെ മടങ്ങിപ്പോകുന്നു. ഇങ്ങോട്ടുള്ള യാത്ര മുഴുവന്‍ സദ്യയുടെ പ്രതീക്ഷയിലായിരുന്നു. അയാള്‍ പഴയ കലവറക്കാരനാണ്. ആ അംഗീകാരത്തിനായുള്ള വിശപ്പ് അയാളിലുണ്ടായിരുന്നു. അയാളുടെ വിശപ്പ് അതായിരിക്കണം. എല്ലാ ഫലിതാക്ഷേപങ്ങള്‍ക്കുമപ്പുറം ഒരിക്കല്‍ താന്‍ ഉള്‍പ്പെട്ടിരുന്ന ലോകം തന്നെ ഓര്‍ക്കുന്നുണ്ടെന്ന വിചാരം അയാളില്‍ ഉണ്ടായിരുന്നിരിക്കണം. അതിന് നിഷേധാത്മകമായ ഉത്തരം ഉയരുന്നു. ”ഫ. ഒരു ജാതിക്കാരന്‍. താന്‍ ഉണ്ണണ്ട.” കലവറയില്‍ നിന്ന് റാന്തലും കെട്ടും എടുത്ത് അയാള്‍ മടങ്ങുമ്പോള്‍ ഒരു കാലഘട്ടം പുറത്തേക്കുള്ള വഴിയിലൂടെ നടന്നു പോകുന്നതു പോലെ തോന്നാം. ഒരുകാലത്ത് സദ്യയുടെ നടുവില്‍ ഉണ്ടായിരുന്നവന്‍. രോഗങ്ങളെല്ലാം സഹിച്ച് ഏറെ ദൂരം താണ്ടി സദ്യ കൊതിച്ച് എത്തിയവന്‍. സദ്യയുണ്ണാന്‍ കഴിയാതെ അപമാനിതനായി മടങ്ങിപ്പോകുന്നു. ഉപയോഗം തീര്‍ന്ന മനുഷ്യശരീരത്തിന്റെ കഥയാണിത്. അയാള്‍ക്കും ആത്മാവുണ്ടെന്ന് അയാള്‍ മാത്രമേ അറിയുന്നുള്ളൂ, ചുറ്റുമുള്ള ലോകം അറിയുന്നില്ല. ഉപയോഗം കഴിഞ്ഞവയെ പെട്ടെന്നു മറക്കുന്ന സമൂഹത്തിന്റെ കഥയാണിത്. തിരസ്‌കാരസംസ്‌കാരത്തില്‍ മനുഷ്യരും തിരസ്‌കരിക്കപ്പെടുന്നു. അതിനുമപ്പുറം ഓരോ മനുഷ്യജീവിതവും എത്തിച്ചേരുന്ന ചില നിര്‍ദ്ദയമായ അതിര്‍ത്തികളെ കുറിച്ചുള്ള കഥയാണിത്.

നാരായണപിള്ളയുടെ കഥനകല കാണുന്നത് ഊണിപ്പണിക്കരെയാണ്. സമൂഹത്തിന്റെ അരികുകളിലാണ് ആ ദൃഷ്ടി തങ്ങിനില്‍ക്കുന്നത്. കൂട്ടത്തിലുണ്ടായിട്ടും കൂട്ടത്തിന്റെ ഭാഗമാകാന്‍ കഴിയാത്തവര്‍, ഒരുകാലത്ത് ആവശ്യമായിരുന്നെങ്കിലും പിന്നീട് അധികപ്പറ്റായി മാറിയവര്‍, സ്വന്തം ജീവിതത്തിന്റെ താളത്തില്‍ നിന്നും പിന്നിലായി പോയവര്‍, മിഥ്യാഭിമാനങ്ങളും ചില നിസ്സാരമോഹങ്ങളുമായി ജീവിക്കുന്നവര്‍… ഇവരോടൊപ്പമാണ് നാരായണപിള്ളയുടെ കഥകള്‍ സഞ്ചരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ യഥാതഥസ്ഥിതിയെ അറിയാന്‍ നമ്മെ സഹായിക്കുന്നതും സമൂഹത്തില്‍ നിഴലുകളായി നിന്ന അവരാണ്.

നാരായണപിള്ളയുടെ കഥയുടെ സ്ഥലരാശി അദ്ദേഹത്തിന്റെ പരിചയസീമയില്‍ വരുന്നതാണ്. കുറുപ്പുംപടി എന്ന സ്ഥലനാമം ശ്രദ്ധിക്കുക. ആ പ്രദേശത്തെ ഒരു കാലഘട്ടത്തിന്റെ ഭാഷ കഥയില്‍ എഴുതപ്പെട്ടിരിക്കുന്നു. നിത്യോപയോഗത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വാക്കുകള്‍, തൊഴിലുകളുമായി ബന്ധപ്പെട്ട പദാവലികള്‍, ചടങ്ങുകളുടെയും ആചാരങ്ങളുടെയും പ്രാദേശികമൊഴികള്‍, മനുഷ്യരുടെ സംസാരശീലങ്ങളില്‍ മാത്രം ജീവിച്ചിരുന്ന പ്രയോഗങ്ങള്‍ …ഇതെല്ലാം കഥകളില്‍ സ്വാഭാവികമെന്നോണം രേഖപ്പെടുന്നു. ഭാഷയെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായല്ല അത് സംഭവിക്കുന്നത്. ആ കാലത്തിന്റെ ജീവിതത്തെ കാണാനുള്ള കഥാകാരന്റെ തൃഷ്ണയില്‍ അവ കഥയില്‍ ഇടം നേടുന്നു. നാരായണപിള്ളയുടെ കഥ സാഹിതീയാഖ്യാനമെന്ന പോലെ സാമൂഹികനിഘണ്ടു കൂടിയാകുന്നു. കൂട്ടം തെറ്റി നടക്കുന്ന മനുഷ്യരെ അന്വേഷിക്കുന്നതുപോലെ ഭാഷയില്‍ കൂട്ടം തെറ്റിപ്പോയ വാക്കുകളെയും നാരായണപിള്ള അന്വേഷിക്കുന്നു. നാരായണപിള്ള ഊണി എന്ന വാക്ക് തെരഞ്ഞെടുക്കുന്നത് കഥാപാത്രത്തിനു പേരു നല്‍കാനല്ല, ഒരു സാംസ്‌കാരികലോകത്തെ വിളിച്ചുവരുത്താനാണ്. ഊണി, കലവറ, ദേഹണ്ഡപ്പുര, റാന്തല്‍, അടപ്രഥമന്‍, പന്തി …തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ഒരു സാമൂഹികവ്യാകരണം പറയുന്നു. അതു മനസ്സിലാക്കാതെ ഊണിപ്പണിക്കരെ മനസ്സിലാക്കാനാവില്ല. വായനക്കാര്‍ ആദ്യം കാണുന്നത് വാക്കാണ്. അതിന്റെ പിന്നില്‍ ഒരു സമൂഹം നില്‍ക്കുന്നു. ജീവിതത്തില്‍ നിന്നും ഇപ്പോള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞ ലോകങ്ങളെ ഓര്‍മ്മയുടെ പരിധിയിലേക്കു തിരികെ കൊണ്ടുവരുന്നു. കഥയുടെ കേന്ദ്രത്തില്‍ ഊണിപ്പണിക്കരാണെങ്കിലും നാരായണപിള്ളയുടെ ആഖ്യാനശൈലി കഥാപാത്രത്തെക്കാള്‍ കൂടുതലായി ഈ ലോകത്തെ എഴുതുകയാണെന്നു കാണാം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.