ആഗസ്റ്റ് 8-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനും, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും, ഇന്ന് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കുശേഷം, ഒരു വലതുപക്ഷ സംഘടനയിലെ അംഗങ്ങള്‍ അദ്ദേഹം സംസാരിച്ച അതേ വേദിയില്‍ ഒരു ശുദ്ധീകരണ ഹവനം നടത്തി. ഖാര്‍ഗെ ദളിതനായിരുന്നു എന്നതായിരുന്നു അവരുടെ ശുദ്ധീകരണത്തിന് കാരണം. ഖാര്‍ഗെ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. അദ്ദേഹം ദൃശ്യമായും അസ്വസ്ഥനായിരുന്നു. രാജ്യസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനു യോജിക്കുന്ന, പാര്‍ലമെന്ററി മര്യാദയുടെ പതിവ് ശൈലിയിലദ്ദേഹം ചോദിച്ചു: ”ഒരു ജനാധിപത്യത്തിലിങ്ങനെയാണോ കാര്യങ്ങള്‍ നടക്കുന്നത്? ഭരണഘടനയെ നിങ്ങളെങ്ങനെയാണ് സംരക്ഷിക്കുന്നത്?” സഭാനേതാവും കേന്ദ്രമന്ത്രിയുമായ ജെ. പി. നദ്ദ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തെ നിര്‍വീര്യമായ പാര്‍ലമെന്ററി മര്യാദയോടെ അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെ ഭാരതീയ ജനതാ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നുമദ്ദേഹം പറഞ്ഞു. വിഷയം അന്വേഷിക്കുമെന്ന് ഖാര്‍ഗെയ്ക്ക് ഉറപ്പും നല്കി.

നിഷേധത്തിന്റെയും അപലപനത്തിന്റെയും, ”ഖേദം” പ്രകടിപ്പിക്കല്‍, അന്വേഷണത്തിനുള്ള വാഗ്ദാനം, കുറ്റം പരസ്പരം ചുമത്തുന്ന പ്രവചനാതീതമല്ലാത്ത വാക്കുതര്‍ക്കം എന്നിങ്ങനെയുമുള്ള ഈ നാടകത്തിനു കീഴില്‍ മുഴുവന്‍ റിപ്പബ്ലിക്കിനെയും ഒരു നിമിഷം നിശ്ചലമാക്കേണ്ട ഒരു വസ്തുതയുണ്ട്. തൊട്ടുകൂടായ്മ ഇല്ലാതാക്കിയ ഒരു ഭരണഘടനാ വ്യവസ്ഥ നിലവില്‍ വന്നിട്ട് എണ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു മനുഷ്യന് പ്രസംഗിച്ച ഒരു പൊതുമൈതാനം ശുദ്ധീകരിക്കപ്പെടുന്നു. അയാള്‍ ദളിതനായിരിക്കെ അവിടെ, ആ മൈതാനത്ത്, നിന്നു എന്ന കുറ്റത്തിനവിടം ശുദ്ധീകരിക്കപ്പെടുന്നു. അയാള്‍ ഒരു തൊഴിലാളിയല്ല. ആരും അറിയാത്ത ഒരു ഗ്രാമീണനുമല്ല. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ്. രാജ്യസഭാംഗമാണ്. നാലു പതിറ്റാണ്ട് ഉന്നത പൊതുപദവികള്‍ വഹിച്ച മനുഷ്യനാണ്.
ഖാര്‍ഗെയുടെ ചോദ്യങ്ങള്‍ക്കൊപ്പം നമ്മളും അല്‍പ്പനേരം ചിലതെല്ലാം ചിന്തിക്കേണ്ടതുണ്ട്. ഖാര്‍ഗെ ജനങ്ങളില്നിന്നുയര്ന്നു വന്ന മനുഷ്യനാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജനാധിപത്യം എല്ലാക്കാലത്തും ഇങ്ങനെയാണ് പ്രവര്‍ത്തിച്ചുപോന്നതെന്ന് അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി ദശകങ്ങളോളം ഭരിച്ച കാലത്തുപോലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല എന്നറിവുണ്ടായിരുന്നിരിക്കണം.
ഇത് സ്ഥാപിക്കാന്‍ പ്രത്യേകമായൊരു സര്‍വേയുടെ ആവശ്യമില്ല. രാജ്യത്തെ ഏകദേശം പതിനേഴുകോടി ദളിതരെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനം ദിന ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണിത്. രജിസ്ടര്‍ ചെയ്യപ്പെടാന്‍ അവര്‍ മറികടക്കേണ്ടിവരുന്ന അതിവിപുലമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തടസ്സങ്ങള്‍ കടന്നും ഈ യാഥാര്‍ത്ഥ്യം ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ ജാതീയ അതിക്രമങ്ങളുടെ കണക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു. ആ അതിക്രമങ്ങള്‍ മറ്റൊന്നുമല്ല. തൊട്ടുകൂടായ്മയുടെ സാന്ദ്രമായ പ്രകടനങ്ങളാണവ. കോണ്‍ഗ്രസ് കാലത്തും അവ വലിയ തോതില്‍ അരങ്ങേറി. മാറിയത് അവയുടെ നിലനില്‍പ്പല്ല. അവയ്ക്കു ചുറ്റുമുള്ള രാഷ്ട്രീയാന്തരീക്ഷമാണ് .
ഈ കുറിപ്പ് വീണ്ടും ഇതേ വാദത്തിലേക്ക് മടങ്ങിവരട്ടെ.
ഒരു വ്യതിയാനമല്ല, ഒരു പതിവ് ഖാര്‍ഗെയ്ക്ക് നേരിട്ടത് ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല. ഹല്‍ദ്വാനിയെ ദീര്‍ഘമായ ഒരു ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിനോക്കുമ്പോള്‍ ഇത് ഒറ്റപ്പെട്ട ഒരു പ്രകോപനമല്ലെന്ന് വ്യക്തമാണ്. ഇതൊരു ഘടനാപരമായ പതിവാണ്. 1978 ജനുവരി 24-ന് അന്നത്തെ പ്രതിരോധമന്ത്രിയും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളുമായ ജഗ്ജീവന് റാം വാരണാസിയിലെ ഒരു സംസ്കൃത സര്‍വകലാശാലയില്‍ സമ്പൂര്‍ണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹം പോയതിനുശേഷം, പ്രാദേശിക ബ്രാഹ്മണര്‍ പ്രതിമയില്‍ ഒരു ശുദ്ധീകരണച്ചടങ്ങ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദളിതന് തൊട്ടതുകൊണ്ടായിരുന്നു അത്. പ്രതിമയില്‍ ചാണകം പുരട്ടുകയും ഗംഗാജലംകൊണ്ട് കഴുകുകയും ചെയ്തതായി വിവരണങ്ങളുണ്ട്. 1986-ലെ ലോക സഭാ ചര്‍ച്ചയില്‍ ജഗ്ജീവന് റാം തന്നെ ഈ സംഭവത്തെക്കുറിച്ച് വിവരിച്ചു. പിന്നീട് സുപ്രീം കോടതിയും ദേശീയ ന്യായാധികരണ അക്കാദമിയിലെ ഒരു സെമിനാറിന്റെ രേഖയും പൊതുജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍പോലും തൊട്ടുകൂടായ്മ നിലനിന്നതിന്റെ ഉദാഹരണമായി ഈ സംഭവത്തെ ഉദ്ധരിച്ചു. ഈ സംഭവത്തെ ഇത്രയും വേദനാജനകമാക്കുന്നത് അതിലെ ”അശുദ്ധമാക്കുന്ന” സ്പര്‍ശം ആരുടേതായിരുന്നു എന്നതാണ്. ആരുമറിയാത്ത ഒരു ദളിതന്റേതായിരുന്നില്ല അത്. അന്ന് കേന്ദ്രമന്ത്രിസഭയിലെ മന്ത്രിയായിരുന്ന, പതിറ്റാണ്ടുകളുടെ ദേശീയ നേതൃപാരമ്പര്യമുള്ള ഒരു നേതാവിന്റേതായിരുന്നു.

അടുത്തകാലത്തെ ഉദാഹരണങ്ങളും ഇതേ പതിവ് തുടരുന്നു. 2020 ജനുവരിയില്‍ അന്നത്തെ ഹിമാചല്‍ പ്രദേശ് സാമൂഹ്യനീതി മന്ത്രിയും ദളിതനുമായ രാജീവ് സൈജല്‍ സംസ്ഥാന നിയമസഭയില്‍, ജാതിയുടെ പേരില്‍ തനിക്കൊരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിഷേധിക്കപ്പെട്ടിരുന്നു എന്നു പറയുകയുണ്ടായി. അതിനെ പ്രതി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ പൊതുവായ ഒരു ആശങ്ക പ്രകടിപ്പിച്ചു. ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തെക്കുറിച്ചുള്ള 2015-ലെ ലോക സഭാ ചര്‍ച്ചയിലും മറ്റൊരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 2011 ജൂലൈയില്‍ ഒരു ഔദ്യോഗിക യോഗത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്നതില്‍നിന്ന് ഒരു ദളിത് നിയമസഭാംഗത്തെ തടഞ്ഞതായി ആരോപണമുണ്ടായിരുന്നു. 2011 ജൂണില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ അദ്ധ്യക്ഷനും ദളിതനുമായിരുന്ന ഒരാള്‍ക്ക് ഒരു ഹിന്ദു ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതും ആ ചര്‍ച്ചയില്‍ രേഖപ്പെടുത്തിയിരുന്നു.
ഈ ചരിത്രരേഖയില്‍ രണ്ട് രാഷ്ട്രപതിമാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കുറച്ചുകൂടി അവ്യക്തമായാണ് ഉള്‍പ്പെടുന്നത്. അന്നത്തെ രാഷ്ട്രപതിയും ദളിതനുമായ രാംനാഥ് കോവിന്ദ് ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ സേവകര്‍ അദ്ദേഹത്തോട് അനാദരവോടെ പെരുമാറിയതായി ആരോപണമുണ്ടായിരുന്നു. ദളിതനായ ഒരു രാഷ്ട്രത്തലവനോടുള്ള അനാദരവിന്റെ ഉദാഹരണമായി മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി എം.പിയായ സാവിത്രിബായി ഫുലെ ഇതിനെ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ തൊട്ടുകൂടായ്മ എന്നതിലുപരി ഒരു ഔപചാരിക മര്യാദാലംഘനമായും കാണാം. എങ്കിലും ഒരു ദളിതനായ രാഷ്ട്രപതിയോട് മാത്രം അത് എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യം പ്രസക്തമായി തുടരുന്നു.
2020-ലെ തറക്കല്ലിടല്‍ ചടങ്ങില്‍നിന്നും, 2022 ജൂലൈയിലെ ദേശീയ ചിഹ്ന അനാച്ഛാദനത്തില്നിന്നും കോവിന്ദിനെ മനഃപൂര്‍വം മാറ്റിനിര്‍ത്തിയെന്ന പ്രത്യേക ആരോപണങ്ങളും ഉണ്ടായിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതിനെച്ചൊല്ലിയും വിവാദമുണ്ടായി. അതുപോലെ, 2023 ജൂണില്‍ മുര്‍മുവിന് ന്യൂഡല്‍ഹിയിലെ ഹൗസ് ഖാസിലുള്ള ജഗന്നാഥ ക്ഷേത്രത്തിലെ ഗര്ഭഗൃഹത്തില് പ്രവേശനം നിഷേധിച്ചോ എന്നതിനെച്ചൊല്ലിയും വിവാദമുയര്‍ന്നു. ക്ഷേത്ര അധികൃതര്‍ വ്യക്തമായി വിവേചനം നിഷേധിച്ചു. മുര്‍മു അകത്തേക്ക് പ്രവേശിക്കേണ്ടെന്ന് സ്വയം തീരുമാനിച്ചതാണെന്നും അവര്‍ പറഞ്ഞു. മുര്‍മു ദളിതയല്ല, ആദിവാസിയാണ്. അതിനാല്‍ പരമ്പരാഗത അര്‍ത്ഥത്തിലുള്ള തൊട്ടുകൂടായ്മയ്ക്ക് സാങ്കേതികമായവര് വിധേയയല്ല. എന്നാല്‍ ജാതി അടിസ്ഥാനത്തിലുള്ള ഹിന്ദു സമൂഹത്തിന്റെ വലിയൊരു ഭാഗത്തിനും ആദിവാസികളിന്നും പുറത്ത് നില്‍ക്കുന്നവരാണ്. അതുതന്നെ വേറിട്ടതും ഗൗരവമേറിയതുമായ ഒരു ചോദ്യമാണ്.
ഗ്രാമീണ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട ദളിത് പ്രതിനിധികള്‍ക്കും ഗ്രാമമുഖ്യന്മാര്ക്കും നേരെയുള്ള തൊട്ടുകൂടായ്മയുടെ സംഭവങ്ങള്‍ വാസ്തവത്തില്‍ എണ്ണമറ്റതാണ്. ദേശീയ മാധ്യമങ്ങളില്‍ എത്തുന്ന ചുരുക്കം സംഭവങ്ങളേക്കാള്‍ എത്രയോ അധികമുണ്ടവ. ഗ്രാമീണ ഇന്ത്യയുടെ ദൈനംദിന യാഥാര്‍ത്ഥ്യത്തില്‍ ഇന്നും പ്രത്യേക കിണറുകളും പ്രത്യേക ശ്മശാനങ്ങളും, ക്ഷേത്രപ്രവേശനത്തിനുള്ള നിയന്ത്രണങ്ങളും, അന്തര്‍ജാതി വിവാഹത്തിന് സാമൂഹിക ബഹിഷ്കരണവും നിലനില്ക്കുന്നു. ഒരു ദളിത് വരന് ഗ്രാമത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുക എന്ന ചെറിയ കാര്യത്തിനുപോലും അക്രമാസക്തമായ തിരിച്ചടിയുണ്ടാകുന്നു.
ഹല്‍ദ്വാനി ഇന്ത്യന്‍ പൊതുജീവിതത്തില്‍ ജാതീയ ആധിപത്യത്തിന്റെ പുതിയൊരു രൂപം കൊണ്ടുവന്നതല്ല. ഓരോ വര്‍ഷവും രേഖപ്പെടുത്തപ്പെടാതെ പോകുന്ന ആയിരക്കണക്കിന് ഗ്രാമതല അപമാനങ്ങളെ നിയന്ത്രിക്കുന്ന അതേ യുക്തി തന്നെയാണിതും നടപ്പാക്കിയത്. പക്ഷേ ഇത്തവണ അത് ദേശീയ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നിലായിരുന്നു, പാര്‍ലമെന്റിന്റെ സ്വന്തം രേഖയ്ക്കുള്ളിലായിരുന്നു, ഇരയായ വ്യക്തിക്കത് അവഗണിക്കാനാകാത്തവിധം ലോകത്തിനു മുന്നിലെത്തിക്കാനുള്ള വേദിയുണ്ടായിരുന്നു, എന്നു മാത്രം.
ലക്ഷണമല്ല, രോഗം എണ്പതു വര്‍ഷങ്ങളായി തൊട്ടുകൂടായ്മ ഇത്രയും പ്രകടമായും പൊതുജീവിതത്തിന്റെ ഇത്രയും ഉയര്‍ന്ന തലത്തിലും നിലനിന്നിട്ടുണ്ടെങ്കില്‍, ചോദിക്കേണ്ട ചോദ്യം മറ്റൊന്നാണ്. തൊട്ടുകൂടായ്മയെ സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യത്തെ ഭരണഘടനാപരമായി ഇല്ലാതാക്കാനുള്ള ശ്രമം എന്തുകൊണ്ടാണതിനെ സ്പര്‍ശിക്കാതെ പോയത്?
ഭരണഘടനയുടെ പതിനേഴാം അനുച്ഛേദം ”തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നു. അതിന്റെ ഏതു രൂപത്തിലുള്ള ആചരണവും നിരോധിച്ചിരിക്കുന്നു. തൊട്ടുകൂടായ്മയില്‍നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും അയോഗ്യത നടപ്പാക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും” എന്നു പറയുന്നു.
കരട് പതിനൊന്നാം അനുച്ഛേദമായിരുന്ന ഈ വ്യവസ്ഥ പിന്നീട് പതിനേഴാം അനുച്ഛേദമായി. ജാതിയുടെ ഉന്മൂലനത്തിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ച ഡോ. അംബേദ്കര്‍ തന്നെയാണ് അത് സഭയില്‍ അവതരിപ്പിച്ചത്. 1948 നവംബര്‍ 29-ന് ഭരണഘടനാ നിര്‍മാണസഭ അത് ഏകകണ്ഠമായി അംഗീകരിച്ചു. മഹാത്മാഗാന്ധിയോടുള്ള ആദരാഞ്ജലിയായും അത് ഭാഗികമായി അവതരിപ്പിക്കപ്പെട്ടു, ഘോഷിക്കപ്പെട്ടു. അംഗങ്ങള്‍ എഴുന്നേറ്റ് കരഘോഷം നടത്തി. ഒരു വിപ്ലവം പൂര്‍ത്തിയാക്കിയതുപോലെ അവര്‍ സ്വയം അഭിനന്ദിച്ചു.
സഭയില്‍ മൂന്ന് ശബ്ദങ്ങള്‍ മാത്രമാണ് സംശയം രേഖപ്പെടുത്തിയത്. അവരെ വെറുമൊരു അടിക്കുറിപ്പായി വിട്ടുകളയാതെ പേരെടുത്ത് ഓര്‍ക്കേണ്ടതാണ്. മാതുവാ വിഭാഗത്തിന്റെ സ്ഥാപകനായ ഹരിചന്ദ് ഠാക്കൂറിന്റെ പൗത്രപൗത്രനും, ആദ്യകാല ദളിത് പരിഷ്കരണ പ്രസ്ഥാനങ്ങളിലൊന്നിന്റെ പാരമ്പര്യാവകാശിയും, ബംഗാളിലെ നമശൂദ്ര സമൂഹത്തില്‍നിന്നുള്ള ആദ്യ ബാരിസ്റ്ററുമായിരുന്ന പ്രമഥ രഞ്ജന്‍ ഠാക്കൂര്‍ വാദിച്ചത് ”ജാതിവ്യവസ്ഥയെ തന്നെ ഇല്ലാതാക്കാതെ നിങ്ങള്‍ക്കെങ്ങനെയാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ കഴിയുക എന്നെനിക്ക് മനസ്സിലാകുന്നില്ല. തൊട്ടുകൂടായ്മ രോഗത്തിന്റെ ലക്ഷണം മാത്രമാണ്. രോഗം ജാതിവ്യവസ്ഥയാണ്… ജാതിവ്യവസ്ഥയെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയാത്തിടത്തോളം തൊട്ടുകൂടായ്മയുടെ പ്രശ്നത്തെ ഉപരിതലത്തില്‍ മാത്രം തൊട്ടുതലോടുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല” എന്നായിരുന്നു. ഇങ്ങനെയൊരു വിമര്‍ശനം ഉന്നയിച്ചത് പട്ടികജാതി അംഗമായ ഠാക്കൂര്‍ മാത്രമായിരുന്നു.
അദ്ദേഹത്തിന് രണ്ട് സവര്‍ണ ബംഗാളി അംഗങ്ങളുടെ പിന്തുണ ലഭിച്ചു. പുരാതന ഇന്ത്യന്‍ ചരിത്രത്തിലും സാഹിത്യത്തിലും പ്രഗത്ഭനായ പണ്ഡിതനും ബ്രാഹ്മണനുമായ സുരേഷ് ചന്ദ്ര ബാനര്‍ജി ആ നിലപാടിനെ പിന്തുണച്ചു: ”തൊട്ടുകൂടായ്മ ഒരു ലക്ഷണം മാത്രമാണ്. അതിന്റെ മൂലകാരണം ജാതിവ്യത്യാസമാണ്. ആ മൂലകാരണം നീക്കം ചെയ്യുന്നതുവരെ തൊട്ടുകൂടായ്മ ഏതെങ്കിലും രൂപത്തില്‍ നിലനില്ക്കുക തന്നെ ചെയ്യും.”
പ്രഭുകുടുംബത്തില്‍പ്പെട്ട കായസ്ഥനായ ധീരേന്ദ്രനാഥ് ദത്ത ഇതിലും ശക്തമായ വാക്കുകള്‍ ഉപയോഗിച്ചു:
”ഹിന്ദുസമൂഹത്തിലെ തൊട്ടുകൂടായ്മയുടെ മൂലകാരണമായ ജാതിവ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കണം. ജാതിവ്യവസ്ഥയെ ഇല്ലാതാക്കാത്തിടത്തോളം തൊട്ടുകൂടായ്മ ഏതെങ്കിലും രൂപത്തില്‍ നിലനില്ക്കും… ജാതിവ്യവസ്ഥയെ ഇല്ലാതാക്കി ഹിന്ദുസമൂഹത്തെ സമൂലമായി പരിഷ്കരിച്ചില്ലെങ്കില്‍ അത് നാശത്തിലേക്ക് പോകുക തന്നെ ചെയ്യും. ജാതിവ്യവസ്ഥ ഇല്ലാതാകണം.”
ഇവ നിര്‍ണായകമായ ഇടപെടലുകളായിരുന്നു. എന്നാല്‍ അവ പൂര്‍ണമായും അവഗണിക്കപ്പെട്ടു. സഭയിലെ ആഹ്ലാദം അത്രമേല്‍ ശക്തമായിരുന്നു. വിയോജിച്ചവര്‍ ഔപചാരികമായൊരു ഭേദഗതിക്കുപോലും നിര്‍ബന്ധം ചെലുത്തിയില്ല. അതിലും അര്‍ത്ഥവത്തായ കാര്യം, മറ്റൊരു പട്ടികജാതി അംഗംപോലും എഴുന്നേറ്റ് അവരെ പിന്തുണച്ചില്ല എന്നതാണ്. ഒരുപക്ഷേ, ജാതിയെ തന്നെ ചോദ്യം ചെയ്യുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ അപകടത്തിലാക്കുമെന്ന ആശങ്ക കൊണ്ടായിരിക്കാം അവരത്തിനു തുനിയാതിരുന്നത്.
ഈ മൗനത്തിന്റെ ആഴത്തിലുള്ള കാരണങ്ങള്‍ പാര്‍ലമെന്ററി നിഷ്ക്രിയതയ്ക്കപ്പുറത്താണ്. ഗാന്ധിയെ ഏറ്റവും വ്യക്തമായി പ്രതിനിധാനം ചെയ്തിരുന്ന എല്ലാ സവര്‍ണ പരിഷ്കര്‍ത്താക്കളും തങ്ങളുടെ മുഴുവന്‍ പൊതുപ്രചാരണവും തൊട്ടുകൂടായ്മയെ എതിര്‍ക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കെട്ടിപ്പടുത്തത് അല്ലാതെ ജാതിവ്യവസ്ഥയെ അതേപടി എതിര്‍ക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നില്ല. ജീവിതത്തിന്റെ ഭൂരിഭാഗം കാലത്തും ഗാന്ധി വര്‍ണാശ്രമ വ്യവസ്ഥയെയും ജാതിയെത്തന്നെയും ഒരു സാമൂഹിക സംഘടനാരൂപമായി സജീവമായി സംരക്ഷിച്ചു. അതേസമയം ”ഹരിജനു”കളോടുള്ള പെരുമാറ്റത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ആധിപത്യം അതിരൂക്ഷമായിരുന്ന ഭരണഘടനാ നിര്‍മാണസഭ, ഈ അര്‍ത്ഥത്തില്‍, ദീര്‍ഘകാലമായി സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടി മുന്നോട്ടുവച്ചിരുന്ന വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയായിരുന്നു. ഗാന്ധി തന്നെ നിശ്ചയിച്ചിരുന്ന പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നിറവേറ്റുകയായിരുന്നു.
എന്നാല്‍ അതിലും നിര്‍ണായകമായ മറ്റൊരു കാരണവുമുണ്ട്. കൊളോണിയല്‍ ഭരണകൂടത്തിന്റെ ഭരണസംവിധാനം പാരമ്പര്യമായി ഏറ്റെടുത്ത പുതിയ ഭരണാധികാരികള്‍ക്ക്, ജനങ്ങളെ തട്ടുകളാക്കി വിഭജിക്കാനും നിയന്ത്രിക്കാനും കൊളോണിയല്‍ ഭരണത്തിന് ഏറെ പ്രയോജനപ്പെട്ടിരുന്ന ഉപകരണങ്ങളായ ജാതിയേയും മതത്തേയും ഭരണത്തിന്റെ ഉപാധികളെന്ന നിലയില്‍ ഉപേക്ഷിക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. ഏകദേശം മൂന്നു വര്‍ഷം നീണ്ട വിപുലമായ ഭരണഘടനാ നിര്‍മാണ പ്രക്രിയയ്ക്കുശേഷവും, ഭരണഘടന അവസാനത്തില്‍, അവസാന കൊളോണിയല്‍ ഭരണഘടനയായ 1935-ലെ ഇന്ത്യാഭരണ നിയമത്തിന്റെ ഘടനയില്‍ വലിയൊരു ഭാഗം സ്വീകരിച്ചു. റിപ്പബ്ലിക്കിന്റെ വേഷമണിയിച്ചുകൊണ്ട് കൊളോണിയല്‍ ഭരണസംവിധാനം തന്നെ ഫലത്തില്‍ തുടര്‍ന്നു.

അങ്ങനെ, മിക്ക ആളുകളുടെയും മനസ്സില്‍ ജാതിയുമായി കൂടിക്കുഴഞ്ഞുകിടന്നിരുന്ന അതേ തൊട്ടുകൂടായ്മ, ഇല്ലാതാക്കുമ്പോഴും ജാതിയെ കൗശലപൂര്‍വം നിലനിര്‍ത്തി. മാത്രമല്ല, സംവരണത്തെ ചുറ്റിപ്പറ്റി പടുത്തുയര്‍ത്തിയ സാമൂഹ്യനീതിയുടെ മേല്ക്കെട്ടിന് ജാതിയെ ഭരണഘടനാ വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ ഒരു അടിസ്ഥാനമാക്കി ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, മതം മറ്റൊരു പ്രത്യേക മതനിരപേക്ഷതാ സങ്കല്പ്പത്തിലൂടെ സംരക്ഷിക്കപ്പെട്ടു. അതില്‍ ഭരണകൂടത്തിന് സ്വന്തമായി ഒരു മതവുമില്ല. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ സ്ഥാപനങ്ങളിലൂടെ രൂപംകൊണ്ട ഒരു ഭരണകൂടത്തിന് പ്രായോഗികമായി എല്ലാ മതങ്ങളെയും എങ്ങനെ തുല്യമായി പരിഗണിക്കാനാകും എന്ന ചോദ്യത്തിന് ഈ സങ്കല്‍പ്പം ഒരിക്കലും തൃപ്തികരമായ ഉത്തരം നല്‍കുന്നില്ല. ഇതിന്റെ ഫലമായി നിര്‍മ്മിതമായത് സ്വയം പരമാധികാരമുള്ളതെന്ന് പ്രഖ്യാപിച്ച ഒരു റിപ്പബ്ലിക്കാണ്. ആ പരമാധികാരത്തിന്റെ ഉറവിടം ജനങ്ങളാണെന്നും അത് പ്രഖ്യാപിച്ചു. എന്നാല്‍ ഒരു കാലത്ത് കൊളോണിയല്‍ ശക്തി കീഴാള ജനതയെ ഭരിച്ചിരുന്ന, ഏതാണ്ട് മുഴുവന്‍ അടിച്ചമര്‍ത്തല്‍ സംവിധാനവും അതേപടി നിലനിര്‍ത്തി.
1947-നുശേഷം മാറിയത് ഭരണഭാഷ മാത്രമാണ്, ഭരണസംവിധാനമല്ല എന്ന നിരീക്ഷണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമിതാണ്. പുതിയ ഭരണാധികാരികള്‍ ദേശീയ വിമോചനത്തിന്റെയും ജനങ്ങളുടെ പരമാധികാരത്തിന്റെയും ഭാഷ സംസാരിച്ചു. എന്നാല്‍ രാജ്യത്തെ ഭരിച്ചത് അതേ പോലീസ് സംവിധാനങ്ങളിലൂടെയായിരുന്നു. അതേ ഉദ്യോഗസ്ഥ ശ്രേണികളിലൂടെയായിരുന്നു. അതേ അടിയന്തര അധികാരങ്ങളിലൂടെയും കരുതല്‍ തടങ്കലിനുള്ള അധികാരങ്ങളിലൂടെയുമായിരുന്നു. അതേ അടിസ്ഥാനപരമായി ഭരണനിര്‍വാഹക കേന്ദ്രീകൃതമായ ഘടനയിലൂടെയുമായിരുന്നു. ഒരു ജനതയോട് ഉത്തരവാദിത്തം വഹിക്കാനല്ല, ഒരു കോളനിയെ നിയന്ത്രിക്കാനാണ് ബ്രിട്ടീഷുകാര്‍ ഈ ഘടന പടുത്തുയര്‍ത്തിയത്. എണ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ഭരണകൂടത്തെക്കുറിച്ചുള്ള സാധാരണ പൗരന്റെ യഥാര്‍ത്ഥ അനുഭവം ഇതിന്റെ നേരിട്ടുള്ള പൈതൃകമാണ്. ഭരണകൂടം താന്‍ നിയന്ത്രിക്കുന്ന ഒരു ഉപകരണമെന്നതിനുപകരം, ഭയപ്പെടുകയും പ്രീതിപ്പെടുത്തുകയും അതിജീവിക്കുകയും ചെയ്യേണ്ട ഒന്നായാണ് അവന് അതിനെ അനുഭവിക്കുന്നത്. അതിനിടയില്‍ ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാനാവാത്ത ഒരു ഭരണയന്ത്രത്തിനുമേല്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം വിനിയോഗിക്കപ്പെടുന്ന പരമാധികാരം. അത്തരം പരമാധികാരം പേരില്‍ മാത്രമുള്ള പരമാധികാരമാണ്.
ശിക്ഷാഭയമില്ലായ്മയുടെ രാഷ്ട്രീയം മുകളില്‍ രേഖപ്പെടുത്തിയ ചരിത്രം വ്യക്തമാക്കുന്നതുപോലെ, ജാതി തന്നെ ജീവിക്കുകയും വളരുകയും ചെയ്യുന്നിടത്തോളം തൊട്ടുകൂടായ്മ ഒരിക്കലും ഇല്ലാതാകാന്‍ പോകുന്നില്ല. ഇതിലെ ആദ്യത്തെ പാപം കോണ്‍ഗ്രസിലേക്കാണ് പിന്തുടരാനാകുന്നത്, വിരല്‍ ചൂണ്ടുന്നത്. തൊട്ടുകൂടായ്മയെ എതിര്‍ക്കുകയും, അതേസമയം ജാതിയേയും കൊളോണിയല്‍ ഭരണരൂപത്തെയും മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തതായിരുന്നു അതിന്റെ പ്രത്യേക രാഷ്ട്രീയ യുക്തി.
എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയോടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് പോകുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ വിഭാഗമായ ഈ പാര്‍ട്ടി ജാതിവ്യവസ്ഥയുടെ ഉറവിടമായ സനാതന ധര്‍മ്മത്തില്‍ പരസ്യമായി വിശ്വസിക്കുന്നു. അതിന്റെ നേതാക്കള്‍ ചില സന്ദര്‍ഭങ്ങളില്‍, ദളിതരുടെ ജീവനേക്കാള്‍ ഒരു പശുവിന്റെ ജീവന് തങ്ങള്‍ കൂടുതല്‍ വില നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അധികാരം അതിന്റെ കൈകളില്‍ ഉറച്ചതുമുതല്‍, ജാതിയുടേയും തൊട്ടുകൂടായ്മയുടേയും ആചരണം പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒരു സാമൂഹിക ജഡത്വമായി മാത്രം തുടരുന്നതല്ല. (കോണ്‍ഗ്രസ് ഭരണകാലത്ത് വലിയൊരളവില്‍ അങ്ങനെ തന്നെയായിരുന്നു.) മറിച്ച്, പ്രത്യയശാസ്ത്രപരമായ വിശ്വാസത്തോട് കൂടുതല്‍ അടുപ്പമുള്ള ഒന്നായാണ് അത് നടപ്പാക്കപ്പെട്ടത്. അതിനെ നിയന്ത്രിക്കുന്നത് പ്രധാനമായും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളാണ്. ആ നിയന്ത്രണം വഴുതിപ്പോകുമ്പോള്‍, ഹല്‍ദ്വാനിയില്‍ സംഭവിച്ചതുപോലെ, പുറത്തുവരുന്നത് ഒറ്റപ്പെട്ടൊരു വീഴ്ചയേക്കാള്‍ കൂടുതലായി തോന്നുന്നു. വിശ്വാസവും ശിക്ഷാഭയമില്ലായ്മയും തമ്മിലുള്ള കൂടിച്ചേരലുപോലെ.
അതിനാല്‍ ഹിന്ദുത്വത്തില്‍ വേരൂന്നിയതും സംഘടനാപരമായി ആര്.എസ്.എസുമായും അതിന്റെ അനുബന്ധ സംഘടനകളുമായും ഇഴചേര്‍ന്നതുമായ ഒരു പാര്‍ട്ടിയുടെ ഉയര്‍ച്ചയോടെ യഥാര്‍ത്ഥത്തില്‍ മാറിയത് ജാതീയ മുന്‍വിധിയുടെ നിലനില്‍പ്പല്ല. അത് അതിനും വളരെ മുമ്പേ നിലനിന്നിരുന്നു. മാറിയത് അതിനുള്ള ശിക്ഷാഭയമില്ലായ്മയുടെ തോതാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവ് ഒരു പൊതുസമ്മേളനം നടത്തിയ മൈതാനത്ത് ശ്രീരാമ സേന പോലൊരു സംഘടനയ്ക്ക് ശുദ്ധീകരണച്ചടങ്ങ് നടത്താന്‍ കഴിയുന്നു. അതിന് ഭരണകൂടം നല്കുന്ന പ്രതികരണം സൂക്ഷ്മമായി വാക്കുകള്‍ തിരഞ്ഞെടുത്ത ”ഖേദപ്രകടനം” മാത്രമാണ്. അതിനോടൊപ്പം നടക്കുന്ന അന്വേഷണം പ്രവചനീയമായി ദൃശ്യമായ യാതൊരു ഫലവും ഉണ്ടാക്കുന്നില്ല. അപ്പോള്‍ കൈമാറപ്പെടുന്ന സന്ദേശം വ്യക്തമാണ്. അത് ഡല്‍ഹിയിലെ വരേണ്യര്‍ക്കുള്ള സന്ദേശമല്ല. രാജ്യത്തുടനീളമുള്ള ജാതിഹിന്ദു കാവല്സംഘടനകള്ക്കുള്ള സന്ദേശമാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് യഥാര്‍ത്ഥത്തില്‍ വില നല്‍കേണ്ടിവരില്ല എന്ന സന്ദേശമാണ്.
കണക്കുകളും അതു വ്യക്തമാക്കുന്നുണ്ട്. അസൗകര്യമുണ്ടാക്കുന്ന വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ഇപ്പോഴത്തെ ഭരണകൂടത്തിന്റെ രേഖപ്പെടുത്തിയ പ്രവണത ഉണ്ടായിട്ടും, 2024-ലെ ഏറ്റവും പുതിയ ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇപ്പോഴും അമ്പത്തയ്യായിരത്തിന് മുകളിലാണ്. അതായത്, ഓരോ ദിവസവും ശരാശരി മൂന്ന് ദളിതര്‍ കൊല്ലപ്പെടുന്നു. പന്ത്രണ്ട് ദളിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. ഈ കണക്കുകള്‍ തുടര്‍ച്ചയായ പൊതുശ്രദ്ധ ആകര്‍ഷിക്കുന്നത് ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്കിനെ വ്യതിയാനമെന്നോ ക്രമസമാധാന പരാജയമെന്നോ ഉള്ള നിലയില്‍ കാണാനാവാത്തതിതുകൊണ്ടാണ്. ഒരിക്കലും പൊളിച്ചുമാറ്റപ്പെടാത്ത തൊട്ടുകൂടായ്മയുടെ ദൃശ്യമായ പ്രകടനമാണത്. ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നത് അതിന്റെ പ്രകടനങ്ങളോട് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തിനുള്ളിലാണ്.
ഹല്‍ദ്വാനിയെ ശരിയായി വായിക്കുക ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, ഹല്‍ദ്വാനി ഒരു പാര്‍ട്ടിക്കോ ഒരു പ്രദേശത്തിനോ മാത്രം നാണക്കേടുണ്ടാക്കിയ ഒറ്റപ്പെട്ട സംഭവമല്ല. പരസ്പരം ഇഴചേര്‍ന്നുകിടക്കുന്ന, അതിലും വലുതായ രണ്ട് പരാജയങ്ങളുടെ തീക്ഷ്ണമായി പ്രകാശിപ്പിക്കപ്പെട്ട ഒരു ഉദാഹരണം മാത്രമാണത്. ഒന്നാമത്തേത്, റിപ്പബ്ലിക്കിന്റെ രൂപീകരണസമയത്തുതന്നെ തിരിച്ചറിയുന്നതില്‍ ഉണ്ടായ പരാജയമാണ്. ജാതി തന്നെ നിലനില്‍ക്കുന്നിടത്തോളം തൊട്ടുകൂടായ്മ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്ന സത്യം തിരിച്ചറിയുന്നതില്‍ ഉണ്ടായ പരാജയം. രണ്ടാമത്തേത്, കൊളോണിയല്‍ ഭരണസംവിധാനത്തിനുപകരം യഥാര്‍ത്ഥത്തില്‍ പുതിയൊരു ഭരണസംവിധാനം പടുത്തുയര്ത്തുന്നതിലുണ്ടായ പരാജയമാണ്. കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ കേന്ദ്രം റിപ്പബ്ലിക്ക് അതേപടി പാരമ്പര്യമായി ഏറ്റെടുത്തു. പിന്നെ അതിന് പുതിയൊരു പേര് നല്കി.
പതിനേഴാം അനുച്ഛേദം നിലവില്‍ വന്ന് എണ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു ദളിത് നേതാവിനെ അദ്ദേഹം പ്രസംഗിച്ച മൈതാനത്തുനിന്ന് ഇന്നും ആചാരപരമായി ശുദ്ധീകരിച്ച് പുറത്താക്കാന്‍ കഴിയുന്നു എന്നതാണ് ആദ്യത്തെ പരാജയം വിശദീകരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ പരാജയം വിശദീകരിക്കുന്നത് മറ്റൊന്നാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ പൗരന് മുന്നിലുള്ള ഏക മാര്‍ഗം പാര്‍ലമെന്റില്‍ ഒരു അലങ്കാരചോദ്യം ചോദിക്കുക എന്നതാകുന്നു. തുടര്‍ന്ന് ഭരണകൂടത്തിന്റെ ഒരു യന്ത്രസംവിധാനം പ്രവര്‍ത്തിക്കുമെന്നുള്ള പ്രതീക്ഷയും അയാള്‍ക്ക് വച്ചുപുലര്‍ത്താം. ഘടനാപരമായി, ഒരിക്കല്‍ കൊളോണിയല്‍ ഭരണത്തിന്റെ കീഴാളര്‍ വ്യര്‍ത്ഥമായി അപേക്ഷിച്ചിരുന്ന അതേ യന്ത്രസംവിധാനം തന്നെയാണ് അത്. ഇത്തവണ അത് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമെന്നു പ്രതീക്ഷിക്കാമെന്നു മാത്രം.

ഈ സംഭവം സൃഷ്ടിച്ചിരിക്കുന്ന രോഷത്തെ ഒരു അന്വേഷണ റിപ്പോര്‍ട്ടിലൂടെ പരിഹരിക്കാവുന്ന കക്ഷിരാഷ്ട്രീയ ഏറ്റുമുട്ടലായി കാണുന്നത് തെറ്റായിരിക്കും. അതിന്റെ വേരുകള്‍ വളരെ ആഴത്തിലാണ്. അവിടെയെത്താന്‍ ലക്ഷണങ്ങളെ ഉപരിതലത്തില്‍ മാത്രം കൈകാര്യം ചെയ്യാതെ, അടിസ്ഥാനപരമായ തെറ്റുകള്‍ കുഴിച്ചെടുത്തുനോക്കാനുള്ള ധൈര്യം വേണം. തുടര്‍ച്ചയായ, അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളിലൂടെ മാത്രമേ അത് സാധ്യമാകൂ. അക്ഷരാര്‍ത്ഥത്തിലും രൂപകാര്ത്ഥത്തിലും ”വിശുദ്ധ പശുക്കളെ” ചോദ്യം ചെയ്യാതെ ആരാധിക്കുന്ന ശീലം, ഇന്ന് ദളിതര്‍ 1950 മുതല്‍ നേടിയെടുത്ത പരിമിതമായ നേട്ടങ്ങളെപ്പോലും നിലനില്‍പ്പിന്റെ തലത്തില്‍ തന്നെ തുടച്ചുനീക്കാന്‍ ഭീഷണിയാകുന്ന അവസ്ഥയുടെ ഭാഗമാണ്.
പതിനേഴാം അനുച്ഛേദത്തെക്കുറിച്ച് ഭരണഘടനാ നിര്‍മാണസഭയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ആ മൂന്ന് ശബ്ദങ്ങളും ശരിയായിരുന്നു. എന്നാല്‍ അവ അവഗണിക്കപ്പെട്ടു. എണ്പതു വര്‍ഷങ്ങള്‍ക്കുശേഷവും, സാധാരണ ദളിത് പൗരന്, അതായത് ഖാര്‍ഗെയുടെ പദവിയോ സുരക്ഷയോ ദൃശ്യതയോ ഇല്ലാത്തവന്, ആ സൗകര്യപ്രദമായ അജ്ഞതയുടെ വില നല്കിക്കൊണ്ടിരിക്കുന്നു. മിക്കവാറും ഏതൊരു ക്യാമറയുടെയും കാഴ്ചപരിധിക്ക് പുറത്താണതു സംഭവിക്കുന്നത്. ഹല്‍ദ്വാനി ഒരു പുതിയ മുറിവ് സൃഷ്ടിച്ചില്ല. പഴയതും ഇന്നും തുടരുന്നതുമായ ഒരു മുറിവിലേക്ക്, ഒരു ഉച്ചതിരിഞ്ഞനേരത്തേക്ക്, കണ്ണോടിക്കാതിരിക്കാന്‍ കഴിയാത്തവിധം അത് വെളിച്ചം വീശി എന്നു മാത്രം.
ആനന്ദ് ടെല്‍തുംബ്ദെ – പെട്രോനെറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (PIL) മുന്‍ സി.ഇ.ഒ., ഐ.ഐ.ടി. ഖരഗ്പൂരിലെയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെയും പ്രൊഫസര്‍, പൗരാവകാശ പ്രവര്ത്തകന് എന്നിവയാണ്. മുപ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്.
വിവര്‍ത്തക പരിചയം :

സുരേഷ് എം.ജി.







No Comments yet!