കലയെയും കലാപ്രതിഭകളെയും പ്രോൽസാഹിപ്പിക്കുകയും പുതു തലമുറയിൽ കലാ സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം കൊടുത്ത കലാക്ഷേത്ര പ്രവർത്തനമാരംഭിച്ചു. പ്രവർത്തനത്തിൻ്റെ ആദ്യ ചുവടായി രണ്ട് ലഘുനാടകങ്ങൾക്ക് രൂപം നൽകി വിവിധ വേദികളിൽ അവതരിപ്പിച്ചിരുന്നു.

സമിതിയുടെ ചെമ്പൂർ കോംപ്ളക്സിൽ ആഗസ്റ്റ് 8, 9 തീയ്യതികളിൽ ഭരതനാട്യം, മോഹിനിയാട്ടം,കർണാടക സംഗീതം, പാർശ്ചാത്യ സംഗീതം, വയലിൻ , കീബോർഡ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തി സൗജന്യ ദ്വിദിന ശിൽപ്പശാല നടത്തി. ആഗസ്റ്റ് 8 ന് രാവിലെ 9.30 ന് മന്ദിരസമിതിയുടെ ചെമ്പൂർ കോംപ്ളക്സിൽ ഉദ്ഘാടനം നിർവഹിച്ചു. ശില്പശാലയ്ക്ക് സന്ദീപ് കുമാർ നേതൃത്വം നൽകി.

തുടർന്ന് വിവിധ കലാരൂപങ്ങളിൽ പരിചയ സമ്പന്നരായ അധ്യാപകർ ക്ലാസെടുത്തു. മോഹിനിയാട്ടത്തിൽ ഡിംപിൾ ഗിരീഷ്, ദിവ്യാ വാര്യർ എന്നിവരും ഭരതനാട്യത്തിൽ നിമി ജയ ധരനും പാശ്ചാത്യ സംഗീതത്തിൽ റിയാ ശശി, ദിവ്യാ അയ്യർ എന്നിവരും കർണാടക സംഗീതത്തിൽ രഞ്ജുഷാ സജി, കർണാടക ശാസ്ത്രീയ സംഗീതത്തിൽ ബാബുരാജ് പിള്ളയും വയലിനിൽ അഖിലേഷ് സുബ്രഹ്മണ്യൻ, കീബോർഡ് വായനയിൽ ശുഭം സേത്തും ക്ലാസുകളെടുത്തു.

നാടക കളരി ആരംഭിക്കുന്നതിൻ്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തി നാടകാവതരണം നടത്തും. മന്ദിരസമിതിയുടെ ചെമ്പൂർ, ഗുരുദേവഗിരി, മീരാറോഡ് എന്നീ കേന്ദ്രങ്ങളിൽ പരിശീലന കളരികൾ ആരംഭിക്കും.

ഈ മഹത്തായ സംരംഭത്തിൻ്റെ വിജയത്തിനായ് എല്ലാ കലാസ്നേഹികളുടേയും അഭ്യുദയകാംഷികളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് മന്ദിരസമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അഭ്യർത്ഥിച്ചു. സന്ദീപ് കുമ്രോത്ത് ആണ് മഹാഗുരു. എ.കെ. ജയസൂര്യൻ, ശശി പണിക്കർ എന്നിവരാണ് കലാക്ഷേത്രയ്ക്ക് നേതൃത്വം നൽകുന്നത്.







No Comments yet!