സന്ധ്യകൾ വെയിലേറ്റു
വാടിയ പൂക്കൾ പോലെ
ചുരുണ്ട് കാല്ക്കൽ വീണു
കിടന്ന കിടപ്പുകൾ
രാത്രിയിലുറങ്ങാത്ത
തേങ്ങലാൽ തലയിണ
നനഞ്ഞു പറ്റിച്ചേർന്നു
തുടത്ത കവിൾത്തടം
പോരൂ നീ ഘനസാന്ദ്ര
സങ്കടങ്ങളിൽ വീണു
മുങ്ങിയ സ്വപ്നങ്ങൾതൻ രാവുകളുപേക്ഷിച്ച്
വിരിയാൻ മടിക്കുo പൂ –
മൊട്ടുകൾ പോലെ പാവം
മഞ്ഞണി പ്രഭാതത്തിൻ
മിഴികൾ മയങ്ങുമ്പോൾ
എന്തിനി ചെയ്വൂ എന്ന്
ചിന്തയിൽ മൂളുന്നെത്ര
വണ്ടുകൾ, പൊത്തും കാതു
കേട്ടുവോ മുഴക്കങ്ങൾ?
വിരഹം കനം വയ്ക്കു-
മോർമ്മതൻ നിഴലുകൾ
സന്താപനൃത്തം ചെയ്യും
ഭീതിദ സായന്തനം
ദൂരെയല്ലടുത്തെന്നു
മന്ത്രിപ്പൂ മഹാകാലം
ജീവനേ മിടിക്കുക
നാമങ്ങോട്ടെത്തും വരെ
പോരിക ഹൃദയമേ
നീ വാർന്നു ചുവപ്പിച്ച
പനിനീർപ്പൂവിൻ മുള്ളിൻ
ചില്ലകളുപേക്ഷിച്ച്.
പോരിക ഭൂതത്തിൻ്റെ_
യാഴത്തിൽനിന്നും കണ്ണീർ
ധാരകൾവറ്റിച്ചും കൊ-
ണ്ടാത്മശക്തിതൻ തേരിൽ
എവിടെ സ്വതന്ത്രമാ-
മാകാശ വിതാനങ്ങൾ
കവിത വറ്റിത്തോർന്ന
വെളുത്ത മേഘങ്ങളും
എവിടെ ഉള്ളിൽ തങ്ങും
നുറുങ്ങു വെളിച്ചവും
എവിടെ ഉള്ളിൽ നീറ്റു
മനന്ത രാഗങ്ങളും?
“അതു നീയാകുന്നു” നീ
മാത്രമാകുന്നെന്നു ഞാൻ
പതിയെ പലവുരു
പറഞ്ഞു തണുക്കട്ടെ
എനിക്കു ഞാനേ ചിരി,
എനിക്കു ഞാനേ ജയം
തേരൊലി പുറത്തല്ലെ-
ന്നകമേ കുരുക്ഷേത്രം.
***







No Comments yet!