Skip to main content

ഗ്രാമചരിത്രം

ചില ഇടതുപക്ഷവൃത്തങ്ങളില്‍ കമ്മ്യൂണിസ്റ്റുവിരുദ്ധനായി അടയാളപ്പെട്ടിരുന്നെങ്കിലും എം ഗോവിന്ദന്‍ ജ്ഞാനിയായ സ്വതന്ത്രചിന്തകനായിട്ടാണ് പൊതുവില്‍ അറിയപ്പെട്ടത്. മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരുടെയും കൃതികളുടെ തലതൊട്ടപ്പന്‍ ഗോവിന്ദന്‍ ആയിരുന്നല്ലോ? ലേഖനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കുമൊപ്പം കത്തുകളിലൂടെയും വാമൊഴിയിലൂടെയും അദ്ദേഹം നടത്തിയ വ്യവഹാരങ്ങളും പ്രസിദ്ധി നേടി. എന്നാല്‍, സര്‍ഗാത്മകരചനകളുടെ ലോകത്ത് അദ്ദേഹത്തിന്റെ കൃതികള്‍ ഏറെ പ്രതിഷ്ഠ നേടിയെന്നു പറയാനാകില്ല. ഗോവിന്ദന്റെ ഒരു കാവ്യം – ഒരു കൂടിയാട്ടത്തിന്റെ കഥ, ഒരു ചെറിയ നോവല്‍ – സര്‍പ്പം, ഒരു കഥ – മണിയോര്‍ഡര്‍ ഇപ്പോഴും മലയാളസാഹിത്യസഹൃദയര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. മണിയോര്‍ഡര്‍ എന്ന കഥയെക്കുറിച്ച് എഴുതുന്നതിനു മുമ്പാണ് ഈ വാക്യങ്ങള്‍.

ഈ കഥ ചോഴിമൂപ്പര്‍ എന്ന തപാല്‍ ശിപായിയുടെ ജീവിതകഥയും ആധുനികതയുടെ അരികുകളില്‍ നില്‍ക്കുന്ന ഒരു കേരളീയഗ്രാമസമൂഹത്തിന്റെ സാംസ്‌കാരികചരിത്രവുമാണ്. കഥാകേന്ദ്രത്തില്‍ ചോഴിമൂപ്പരുണ്ടെങ്കിലും യഥാര്‍ത്ഥ നായകന്‍ ഗ്രാമമാണ്. ഗ്രാമത്തിലെ സാമൂഹികബന്ധങ്ങള്‍, വിശ്വാസങ്ങള്‍, പരിവര്‍ത്തനങ്ങള്‍, മനുഷ്യസ്നേഹം എന്നിവയുടെ സൂക്ഷ്മരേഖകള്‍ കഥയില്‍ തെളിയുന്നു. ചോഴിമൂപ്പര്‍ ഒരു സാധാരണ തപാല്‍ക്കാരനായി ഗ്രാമത്തിലേക്കെത്തുന്നു. ഒരു ശിക്ഷാനടപടിയുടെ തുടര്‍ച്ചയിലാണത്. അധികാരഘടനയോടു മെരുങ്ങി നില്‍ക്കാന്‍ തയ്യാറാകാത്തയാളാണ് ഭരണകൂടവും ഗ്രാമവും തമ്മിലുള്ള ആദ്യത്തെ പാലമാകുന്നത്. പതുക്കെ, അയാള്‍ ഗ്രാമത്തിന്റെ ധാര്‍മ്മികകേന്ദ്രമായി മാറുന്നു. വലിയ നമ്പൂതിരിയുടെ ഇല്ലത്ത് ചോഴിമൂപ്പര്‍ മണിയോര്‍ഡര്‍ എത്തിക്കുന്നതോടെയാണ് തുടക്കം. അയാളുടെ വരവ് നാട്ടുകാരില്‍ ആകാംക്ഷയും സന്ദേഹങ്ങളും ഭയവും സൃഷ്ടിക്കുന്നുണ്ട്. ‘ഒപ്പിടുമ്പോള്‍ നല്ലോണം സൂക്ഷിക്കണം’ – നമ്പൂതിരിയുടെ ഈ പ്രതികരണത്തില്‍ ഭരണസംവിധാനത്തോടുള്ള ഗ്രാമീണസമൂഹത്തിന്റെ സംശയവും അപരിചിതത്വവും പ്രകടമാകുന്നു. എഴുത്തും ഒപ്പും രേഖകളും ആ ഗ്രാമജീവിതത്തിന്റെ സ്വാഭാവികഭാഗമായിട്ടില്ല. ഗ്രാമത്തിന്റെ സാമൂഹികഘടന കഥയില്‍ സൂക്ഷ്മമായി തെളിയുന്നു. വിവിധ സാമൂഹികപാളികളിലുള്ള മനുഷ്യര്‍ കഥയില്‍ പ്രത്യക്ഷപ്പെടുന്നു. അവരാരും പരസ്പരം പൂര്‍ണമായി വേര്‍തിരിക്കപ്പെട്ട വിഭാഗങ്ങളല്ല. പിന്നീട്, ചോഴിമൂപ്പര്‍ കള്ളുഷാപ്പുകാരന്‍ രാമന്റെ മകള്‍ ലക്ഷ്മിയെ വിവാഹം കഴിക്കുകയും നാട്ടുകാരനായി മാറുകയും ചെയ്യുന്നു. ജന്മനാടും ഔദ്യോഗികപദവിയും മറികടക്കുന്ന ഒരു സാമൂഹിക അടുപ്പത്തിന്റെ ചിത്രം കഥ നിര്‍മ്മിക്കുന്നു.

Birth Centenary Year of M Govindan – SiGNS

ഗ്രാമത്തിന്റെ സാമ്പത്തികചരിത്രവും ഈ കഥയുടെ പ്രധാന അംശമാണ്. രണ്ടാംലോകയുദ്ധകാലത്ത് നാട്ടുകാര്‍ പട്ടാളത്തില്‍ ചേരുമ്പോള്‍ വീടുകളിലേക്ക് മണിയോര്‍ഡറുകള്‍ വരുന്നു. ആ പണത്തിന്റെ സഞ്ചാരത്തിന് മദ്ധ്യസ്ഥനായി നില്‍ക്കുന്നത് ചോഴിമൂപ്പരാണ്. അദ്ദേഹം പണം മാത്രമല്ല കൈമാറുന്നത്; അകലെയുള്ള മനുഷ്യരുടെ സാന്നിദ്ധ്യവും വാര്‍ത്തകളും പ്രതീക്ഷകളും കൂടിയാണ്. അദ്ദേഹം ആളുകളെ അക്ഷരം പഠിപ്പിക്കുന്നു; ഒപ്പിടാന്‍ പഠിപ്പിക്കുന്നു. ഒരു ഗ്രാമത്തിന്റെ സാക്ഷരതയിലേക്കുള്ള പ്രവേശനം അയാളിലൂടെ സാദ്ധ്യമാകുന്നു. സ്‌കൂളും വായനശാലയും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അയാളില്‍ തുടങ്ങുന്നു.

ഇപ്പോള്‍ ചോഴിമൂപ്പര്‍ രോഗശയ്യയിലാണ്. ഗ്രാമം മുഴുവന്‍ അദ്ദേഹത്തിന്റെ ചുറ്റും ഒത്തുകൂടുന്നു. അവര്‍ ഔപചാരികമായ സഹതാപം പ്രകടിപ്പിക്കുകയല്ല. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മനുഷ്യന്റെ മരണത്തെ നേരിടുകയാണ്. സ്നേഹത്തിന്റെയും കടപ്പാടിന്റെയും ഓര്‍മയുടെയും പേരിലാണ് അവര്‍ വരുന്നത്. മനുഷ്യസ്നേഹത്തിന്റെ പരസ്പരവിനിമയങ്ങള്‍ കഥാകാരന്‍ എഴുതുന്നു, ഗ്രാമജീവിതത്തിലെ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും. ഗ്രാമജീവിതത്തെ അതിന്റെ അനുഭവലോകത്തില്‍ നിന്നു പുനര്‍നിര്‍മ്മിക്കുകയാണ് എം ഗോവിന്ദന്‍ ചെയ്യുന്നത്. ഗോവിന്ദന്‍ ഗവേഷകനെയോ ചരിത്രകാരനെയോ പോലെ എഴുതുന്നില്ല. ആദ്യനോട്ടത്തില്‍ ഈ കഥയുടെ സമീപനം ആനുഭവികമാ(empirical)ണെന്നു പറയണം. ആനുഭവികമായ എഴുത്ത് സ്ഥല-കാലങ്ങളുടെ ജീവത്തായ സങ്കീര്‍ണ്ണത സംരക്ഷിക്കുന്നതാണ്. ഫ്യൂഡലിസം, ജാതിവ്യവസ്ഥ, ഭരണകൂടം എന്നിവയെ കുറിച്ചൊന്നും കഥാകാരന്‍ നേരിട്ടു സംസാരിക്കുന്നില്ല. എഴുത്തുകാരന്‍ വലിയ നിഗമനങ്ങള്‍ പ്രഖ്യാപിക്കുന്നതുമില്ല. എഴുത്തുകാരന്‍ നല്‍കുന്ന വിശദാംശങ്ങളില്‍ നിന്ന് വായനക്കാര്‍ ഗ്രാമത്തിന്റെ സാമൂഹികഘടനയെ പുനര്‍നിര്‍മ്മിക്കുന്നു. കഥാഖ്യാനത്തില്‍ സൈദ്ധാന്തികമാനങ്ങള്‍ തെളിയുന്നില്ലെന്നു പറയാം. സിദ്ധാന്തങ്ങള്‍ ലളിതമാക്കുമായിരുന്ന യാഥാര്‍ത്ഥ്യത്തെ കഥ ആനുഭവികതയിലൂടെ സങ്കീര്‍ണ്ണമാക്കുന്നു. പക്ഷേ, സൈദ്ധാന്തികമല്ലെന്നതു തന്നെ പലപ്പോഴും ഒരു സൈദ്ധാന്തികനിലപാടായി ഉയര്‍ന്നുവരാറുണ്ടല്ലോ? ഗോവിന്ദന്‍ പൂര്‍ണ്ണമായും സിദ്ധാന്തത്തെ ഉപേക്ഷിച്ചിരിക്കുകയാണോ? അദ്ദേഹത്തിന്റെ സിദ്ധാന്തം തുറന്നു പ്രഖ്യാപിക്കപ്പെടാത്തതാണ്. ഗോവിന്ദന്‍ വര്‍ഗ്ഗസമരസിദ്ധാന്തമോ മതസിദ്ധാന്തങ്ങളോ ദേശീയതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളോ സ്വീകരിക്കുന്നില്ലെന്നതു ശരിയാണ്. ഗോവിന്ദന്റെ ആശയലോകം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലോ എഴുത്തുകാരന്റെ പ്രഖ്യാപനങ്ങളിലോ കാണുന്നതുമില്ല. എന്നാല്‍ കഥയുടെ മൂല്യഘടന പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ധൈഷണികനിലപാടുകളുടെ ചില പ്രതിദ്ധ്വനികള്‍ കേള്‍ക്കാനാകും. മണിയോര്‍ഡര്‍ എന്ന കഥയില്‍ എം. ഗോവിന്ദന്റെ ജനാധിപത്യ മനോഭാവവും ആധുനികാശയങ്ങളോടുള്ള തുറന്ന സമീപനവും പ്രതിഫലിക്കുന്നത് ഈ നിലയിലാണ്. ഒരു മനുഷ്യജീവിതത്തെ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ ഗോവിന്ദന്റെ ജനാധിപത്യബോധവും ധിഷണാസ്വാതന്ത്ര്യവും സ്വാഭാവികമായി ലയിച്ചിരിക്കുന്നു. കഥാകൃത്ത് ഗ്രാമത്തിന്റെ മാനുഷികതയെ കാണിക്കുന്നു. പക്ഷേ, അതിന്റെ അധികാരഘടനയെ പരോക്ഷം വിമര്‍ശിക്കുന്നു. സാമൂഹികശാസ്ത്രസിദ്ധാന്തങ്ങള്‍ക്കപ്പുറം ഒരു കാലഘട്ടത്തിന്റെ അനുഭവസത്യത്തെ ഗോവിന്ദന്‍ സംരക്ഷിക്കുന്നു. ഗോവിന്ദന്‍ അവതരിപ്പിക്കുന്ന ഗ്രാമാനുഭവത്തിന്റെ അടിത്തട്ടില്‍ മനുഷ്യബന്ധങ്ങളെ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന സാമൂഹികമാനവികതയുടെ ദര്‍ശനം പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹികശാസ്ത്രജ്ഞര്‍ സാമൂഹികമൂലധനം എന്നു വിളിക്കുന്ന പരസ്പരവിശ്വാസത്തിന്റെ ശക്തമായ ശൃംഖലയാണ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയാം. ചോഴിമൂപ്പരുടെ മരണശയ്യയ്ക്കരികില്‍ ഗ്രാമം ഒത്തുകൂടുന്നത് ഈ സാമൂഹികമൂലധനത്തിന്റെ പ്രകടനമാണ്.

മണിയോര്‍ഡര്‍ അവതരിപ്പിക്കുന്ന കേരളീയഗ്രാമം ഒരു ഏകവര്‍ണ്ണചിത്രമല്ല. അവിടെ നാടുവാഴിത്താധികാരത്തിന്റെ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹികമായ പിന്നോക്കാവസ്ഥയുണ്ട്. ജാതിവ്യവസ്ഥയുടെ നിഴലുമുണ്ട്. അതോടൊപ്പം മനുഷ്യര്‍ക്കിടയിലെ പരസ്പരവിശ്വാസം, കൃതജ്ഞത, അടുപ്പം, കൂട്ടായ ജീവിതബോധം എന്നിവയും കാണാം. ഇത്തരം വൈരുദ്ധ്യങ്ങളെ ലളിതമായ വിധിന്യായങ്ങളിലേക്കു ചുരുക്കാതെ ഒരു കാലഘട്ടത്തിന്റെ ജീവിക്കുന്ന സങ്കീര്‍ണ്ണതയായി ഗോവിന്ദന്‍ അവതരിപ്പിക്കുന്നു. കഥാകാരന്‍ ഗ്രാമജീവിതത്തെ കാല്‍പ്പനികവല്‍ക്കരിക്കുന്നില്ല. ഗ്രാമത്തില്‍ അപരിഷ്‌കൃതത്വത്തിന്റെ അടയാളങ്ങള്‍ വ്യക്തമാണ്. ചോഴി മൂപ്പര്‍ ഈ പരിമിതികളെ തിരിച്ചറിയുന്നയാളാണെന്നു കരുതണം. ഇവിടെ അദ്ദേഹം ഒരു പരിവര്‍ത്തനത്തിന്റെ പ്രതീകമാണ്. ചോഴിമൂപ്പരുടെ ജീവിതവും മരണവും ഒരു വ്യക്തിയുടെ ജീവിതകഥയെന്ന നിലയെ മറികടന്ന് പഴയ കേരളീയഗ്രാമസമൂഹത്തിന്റെ കഥയായി മാറുന്നു.

കഥയുടെ വൈകാരികകേന്ദ്രം ഗ്രാമത്തിലെ മേലാളരല്ല, സാധാരണ മനുഷ്യരാണ്. ചായക്കടക്കാരന്‍, ചക്കി, കോച്ചി, പട്ടാളക്കാരന്‍ മാടമ്പി അയല്‍ക്കാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കഥ നിര്‍മ്മിച്ചെടുക്കുന്നു. ഇത് കഥയെ ജനാധിപത്യസങ്കല്‍പ്പനത്തിന്റെ സാഹിത്യരൂപമെന്ന പോലെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സമൂഹത്തിന്റെ മൂല്യം സാധാരണ ജനങ്ങളുടെ ജീവിതത്തിലാണെന്ന വിശ്വാസം ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചോഴിമൂപ്പര്‍ അധികാരപുരുഷനല്ല. അദ്ദേഹത്തിന്റെ നന്മ ഔദ്യോഗികസ്ഥാനത്തിന്റെ സഫലമായ പ്രയോഗം കൊണ്ടു മാത്രം വരുന്നതുമല്ല. ജന്മദേശം അവിടമല്ലെങ്കിലും ആ ഗ്രാമത്തിന്റെ ധാര്‍മ്മികകേന്ദ്രമായി അയാള്‍ മാറുന്നു. ചോഴിമൂപ്പര്‍ പൂര്‍ണമായും പഴയ ലോകത്തിന്റെ മനുഷ്യനല്ല; പൂര്‍ണമായും പുതിയ ലോകത്തിന്റെ മനുഷ്യനുമല്ല. അദ്ദേഹം പുതിയ ലോകത്തിന്റെ അടയാളങ്ങളെയും ആധുനികതയുടെ ഉപകരണങ്ങളെയും കൂടി ഗ്രാമത്തിലേക്കു കൊണ്ടുവരുന്നുണ്ട്. കഥയില്‍ അവ ഗ്രാമത്തിനു ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നില്ല. ഗ്രാമത്തിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്തി അവ അവതരിപ്പിക്കപ്പെടുന്നു. ഗോവിന്ദന്‍ ഒരു പാരമ്പര്യവാദിയുടെ ഗൃഹാതുരതയില്‍ കുടുങ്ങുന്നില്ല. ഗ്രാമത്തെ സ്നേഹിക്കുമ്പോഴും അതിനെ മാറ്റമില്ലാതെ സംരക്ഷിക്കേണ്ട സ്വര്‍ഗ്ഗമായി കാണുന്നില്ല. വ്യക്തിപരമായ അനുഭവങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ധാര്‍മ്മികമായ തിരഞ്ഞെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു നിലപാട് ഗോവിന്ദന്‍ സ്വീകരിക്കുന്നു. മനുഷ്യനെ ഏതെങ്കിലും സിദ്ധാന്തത്തിന്റെ ഘടകമായി ചുരുക്കാതെ, സ്വതന്ത്രമായ ധാര്‍മ്മികവ്യക്തിത്വമായി കാണുന്ന മാനവികദര്‍ശനമായി അത് പരോക്ഷസാന്നിദ്ധ്യമറിയിക്കുന്നു.

ഗോവിന്ദന്റെ ഭാഷാശൈലി വികാരഭരിതമാണെങ്കിലും ഒരിടത്തും അമിതഭാവുകത്വത്തിലേക്ക് വീഴുന്നില്ല. ചെറിയ സംഭാഷണങ്ങളിലൂടെയും ദൈനംദിനജീവിതത്തിന്റെ സാധാരണ ദൃശ്യങ്ങളിലൂടെയും ഗ്രാമയാഥാര്‍ത്ഥ്യത്തെ അദ്ദേഹം അവതരിപ്പിക്കുന്നു. ഗ്രാമത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ അലങ്കാരസമൃദ്ധമല്ല; എന്നാല്‍ അവയ്ക്ക് ശക്തമായ ദൃശ്യതയുണ്ട്. മലയാള ചെറുകഥയില്‍ ഗ്രാമസമൂഹത്തിന്റെ ആത്മാവിനെ ലളിതമായും ഗൗരവപൂര്‍ണ്ണമായും ആവിഷ്‌കരിച്ച രചനയാണിത്. പഴയ കേരളത്തില്‍ നിന്ന് പുതിയ കേരളത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഇടനാഴിയില്‍ കേരളത്തിലെ പല ഗ്രാമങ്ങളിലും ചോഴിമൂപ്പന്മാരുണ്ടായിരുന്നു. ഔദ്യോഗികചരിത്രങ്ങള്‍ മറന്നുപോയേക്കാവുന്ന, കാലം വിസ്മൃതിയിലേക്കു നയിച്ചേക്കാവുന്ന അവരെയെല്ലാം ചോഴിമൂപ്പനെന്ന കല്‍പ്പിതകഥാപാത്രത്തിലൂടെ ഓര്‍ത്തുവയ്ക്കുന്ന ധര്‍മ്മം ഗോവിന്ദന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നു. ചരിത്രകാരന്മാരുടെ മഹാഗ്രന്ഥങ്ങളില്‍ കാണാത്ത മനുഷ്യരുടെ ചരിത്രം സാഹിത്യകൃതികളില്‍ കണ്ടെത്താമെന്നതിന്റെ നിദര്‍ശനമാണിത്.

ഔദ്യോഗികജീവിതത്തിലുടനീളം മറ്റുള്ളവര്‍ക്കായി മണിയോര്‍ഡറുകള്‍ വിതരണം ചെയ്ത മനുഷ്യന്‍ മരിക്കുന്നതിനു തൊട്ടുമുമ്പ് പറയുന്നു: ‘ഇതേവരെ ഒരു മണിയോര്‍ഡര്‍ ഒപ്പിട്ടു വാങ്ങിയിട്ടില്ല എന്റെ കയ്യൊണ്ട് ജീവിതത്തില്’ കഥയുടെ അവസാനദൃശ്യത്തില്‍ പുതിയ തപാല്‍ക്കാരന്‍ എത്തി ‘ചോഴിമൂപ്പര്‍ക്ക് ഒരു മണിയോര്‍ഡറുണ്ട്’ എന്നു പറയുമ്പോള്‍ അത് സമൂഹത്തിന്റെ കൂട്ടായ സ്മൃതി നല്‍കുന്ന നന്ദിയായിരിക്കണമെന്ന് വായനക്കാര്‍ക്കു തോന്നുന്നുണ്ട്. ചോഴിമൂപ്പന്റെ മകള്‍ പാറുക്കുട്ടി ആ തുക കൈപ്പറ്റുന്നതായി കഥ പറയുന്നില്ല. ഉമ്മറത്തെ പടിയിലിരുന്ന കാലുറുപ്പികയുടെ നാണയം ഒന്നുമുരിയാടാതെ അവള്‍ തപാല്‍ ശിപായിക്കു കൊടുക്കുന്നു. പഴയ തപാല്‍ ശിപ്പായിയോടുള്ള സ്നേഹസൗഹൃദങ്ങളും കടപ്പാടും മറ്റൊരു രീതിയില്‍ ഗ്രാമവും അയാളുടെ കുടുംബവും പ്രകടിപ്പിക്കുന്നതായിരിക്കാം അത്. ആ ബന്ധം തുടരുന്നതിന്റെ സൂചനയുമാകാം. പാറുക്കുട്ടിയുടെ പ്രവൃത്തി കഥയുടെ മുന്‍പേജിലൊരിടത്ത് വായിച്ച സംഭാഷണങ്ങളിലേക്ക് നമ്മെ കൊണ്ടുപോയേക്കാം.

”ഞമ്മടെ വഹ ഒരു ചന്തോശം. ..ങ്ഹാ..ദാ, ങ്ങള് പുടിക്കീന്ന് ”
തപാല്‍ ശിപായി കൈമടക്ക് ”പുടിച്ചു.”

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.