Skip to main content

വാക്ക് ആഘോഷമാകുമ്പോള്‍ – ഓണത്തിന്റെ ഭാഷയും ഭാഷയിലെ ഓണവും

ഒരു സംസ്‌കാരത്തിന്റെ പലതരം പ്രതിഫലനങ്ങള്‍ അതിന്റെ ഉത്സവങ്ങളില്‍ ദര്‍ശിക്കാം. എങ്കിലും അതിനേക്കാള്‍ സൂക്ഷ്മമായ അടയാളപ്പെടുത്തലുകള്‍ സംഭവിക്കുന്നത് ആഘോഷങ്ങളെ ആവിഷ്‌കരിക്കുന്ന ഭാഷാപ്രയോഗങ്ങളിലൂടെയാണ്. ഒരു സമൂഹം ആഘോഷിക്കുന്ന വിഷയങ്ങള്‍ക്കപ്പുറം, അവയ്ക്ക് നല്‍കുന്ന നാമകരണങ്ങളും പുതിയ അനുഭവങ്ങള്‍ക്ക് രൂപം നല്‍കുന്ന ഭാഷയുമാണ് സമൂഹത്തിന്റെ മാറുന്ന ഭാവുകത്വത്തെയും സാമൂഹിക വികാസത്തെയും വെളിപ്പെടുത്തുന്നത്. ഈ കാഴ്ചപ്പാടില്‍, ‘ഓണം’ മലയാളിയുടെ സംസ്‌കാരം, സാമൂഹികബന്ധങ്ങള്‍, കുടുംബം, വിപണി, മാധ്യമങ്ങള്‍, പ്രവാസം, ഡിജിറ്റല്‍ സംസ്‌കാരം എന്നിവയെ നിരന്തരം സ്വാംശീകരിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന സജീവമായ സാംസ്‌കാരിക ഇടമാണ്.

Onam Festivals of Kerala – History, Food, Culture and Celebrations - Bhakti  Bhava

ഓണം എന്ന അര്‍ത്ഥലോകം

നിഘണ്ടുപരമായി ഓണം ഒരു ഉത്സവനാമമാണ്. എന്നാല്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ അതിന്റെ അര്‍ത്ഥപരിധി കൂടുതല്‍ വിശാലമാണ്. കൂട്ടായ്മ, സദ്യ, പൂക്കളം, വസ്ത്രം, പാട്ട്, കളി, കുടുംബം, സൗഹൃദം, ഓര്‍മ്മ, വിപണി, ബോണസ്, പരസ്യം, പ്രവാസം, സാമൂഹികമാധ്യമം എന്നിങ്ങനെ അനേകം കാര്യങ്ങള്‍ ഓണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നു. അതുകൊണ്ടാണ് ഓണക്കാലം, ഓണാഘോഷം, ഓണസദ്യ, ഓണപ്പൂക്കളം, ഓണക്കോടി, ഓണപ്പാട്ട്, ഓണവിപണി, ഓണബോണസ്, ഓണാശംസ തുടങ്ങിയ പദങ്ങള്‍ മലയാളത്തില്‍ സ്വാഭാവികമായത്. മാറുന്ന കാലത്തിനനുസരിച്ച് ഓര്‍മ്മയോണം, സൗഹൃദോണം, കളറോണം, വൈബോണം, കനിവോണം, ഒരുമയോണം പോലുള്ള പുതിയ രൂപങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇവയില്‍ ചിലത് പാരമ്പര്യത്തില്‍ വേരൂന്നിയവയാണ്. മറ്റു ചിലത് പദസംയോജനങ്ങളും പരസ്യ-മാധ്യമഭാഷയുടെ സൃഷ്ടികളും സാമൂഹികമാധ്യമങ്ങളുടെ ക്ഷണിക ഭാഷാകളികളുമാണ്.

ഒരു സമൂഹം തങ്ങളുടെ ജീവിതാനുഭവങ്ങളെ മാതൃഭാഷയില്‍ എങ്ങനെ പേരിടുന്നു എന്നതിന്റെയും പഴയ സാംസ്‌കാരിക ചിഹ്നങ്ങളെ എങ്ങനെ പുതുക്കുന്നു എന്നതിന്റെയും തെളിവാണ് ‘ഓണം’ എന്ന പദം ചേര്‍ന്നുവരുന്ന പുതിയ വാക്കുകളും അനുഭവങ്ങളും. ഓണത്തിന് കുറഞ്ഞത് രണ്ടു അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചുകാണാം. നിഘണ്ടുപരമായി രേഖപ്പെടുത്തുന്ന പ്രാഥമിക അര്‍ത്ഥവും ജനപ്രയോഗം, സാംസ്‌കാരിക പശ്ചാത്തലം, ചരിത്രാനുഭവം എന്നിവയിലൂടെ വികസിക്കുന്ന വിപുലമായ ദ്വിതീയ അര്‍ത്ഥമേഖലയും. സമകാലിക മലയാളിയുടെ സാംസ്‌കാരിക അനുഭവത്തില്‍ ‘ഓണം’ എന്ന പദവുമായി ബന്ധപ്പെടുന്ന അര്‍ത്ഥമേഖലയില്‍ ഉത്സവം, കൂട്ടായ്മ, സന്തോഷം, സമൃദ്ധി, ഭക്ഷണം, നിറം, വസ്ത്രം, കളി, സംഗീതം, കുടുംബം, സൗഹൃദം, ഓര്‍മ്മ, വിപണി തുടങ്ങിയ അനേകം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഭാഷാശാസ്ത്രപരമായി നോക്കുമ്പോള്‍ ‘ഓണം’ ഒരു പ്രത്യയമല്ല; എന്നാല്‍ നാമപദസംയോജനങ്ങളിലും സമാസ പ്രയോഗങ്ങളിലും മുന്‍ഘടകമായി പ്രവര്‍ത്തിച്ച് പുതിയ പദരൂപങ്ങള്‍ക്ക് ഓണവുമായി ബന്ധപ്പെട്ട സാംസ്‌കാരിക അര്‍ത്ഥപരിധി നല്‍കുന്നു. അതിനാല്‍ ഓണത്തെ പുതിയ പദരൂപങ്ങള്‍ക്കും സാംസ്‌കാരിക അര്‍ത്ഥങ്ങള്‍ക്കും ഇടം നല്‍കുന്ന ‘ഉല്‍പ്പാദനക്ഷമമായ സാംസ്‌കാരിക പദകേന്ദ്ര’മായി കാണാം.

ഓണസദ്യ ഒരു നാമപദസംയോജനമാണ്; ‘സ്‌കൂള്‍ ഓണം’ ഒരു നാമപദസമുച്ചയമാണ്; ‘കളറോണം’ പോലുള്ള രൂപങ്ങള്‍ സൃഷ്ടിപരമായ പദസങ്കലനത്തിന്റെ ഉദാഹരണങ്ങളാണ്; ‘വൈബോണം’ ഭാഷാസമ്പര്‍ക്കത്തില്‍ നിന്നുള്ള പദസങ്കലനത്തിന്റെ ഉദാഹരണമായി കാണാം. ഇവയെല്ലാം ഒരേ വ്യാകരണനിയമത്തിന്റെ ഉല്‍പ്പന്നങ്ങളല്ല. ഓണത്തിന്റെ സാംസ്‌കാരിക അര്‍ത്ഥം പുതിയ അനുഭവങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നത്ര തുറന്നതാണെന്നതാണ് അവയെ ബന്ധിപ്പിക്കുന്നത്.

‘ഓണവല്‍ക്കരണം’: ഒരു സാംസ്‌കാരിക അര്‍ത്ഥനിര്‍മ്മാണ പ്രക്രിയ

ഓണസദ്യ, ഓണപ്പാട്ട്, ഓണപ്പൂക്കളം, ഓണക്കോടി, ഓണവിപണി, ഓണബോണസ്, ഓണാശംസ തുടങ്ങിയ പദസംയോജനങ്ങളില്‍ ‘ഓണം’ അതിനോടു ചേര്‍ന്ന് വരുന്ന നാമപദത്തിന് പ്രത്യേക സാംസ്‌കാരിക അര്‍ത്ഥപരിധി നല്‍കുന്നു. ഓണസദ്യ, ഓണത്തിന്റെ ഭാഗമായുള്ള സദ്യയാണ്. ഓണപ്പാട്ട്, ഓണവുമായി ബന്ധപ്പെട്ട ശബ്ദപരിസരമാണ്. ഓണവിപണി ഓണക്കാലത്തിന്റെ സാമ്പത്തിക ചലനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഓണബോണസ് ഓണത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രതീക്ഷകളുമായി ബന്ധപ്പെട്ട അധിക വരുമാനമാണ്. ഇങ്ങനെ ‘ഓണം’ അതിനോടു ചേര്‍ന്നുവരുന്ന വസ്തുവിനെയോ പ്രവര്‍ത്തനത്തെയോ അനുഭവത്തെയോ പ്രത്യേക കാലിക-സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് കൊണ്ടുവരുന്നു. ഈ പ്രക്രിയയെ സൗകര്യാര്‍ത്ഥം ‘ഓണവല്‍ക്കരണം’ എന്നു വിളിക്കാം. ഇവിടെ ‘ഓണവല്‍ക്കരണം’ ഒരു സ്ഥാപിത ഭാഷാശാസ്ത്രപരിഭാഷയല്ല, ഓണവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് മറ്റൊരു പദത്തെയോ അനുഭവത്തെയോ കൊണ്ടുവരുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന വിശകലനസംജ്ഞ മാത്രമാണ്.

IN PHOTOS: A glimpse of Onam 2024 celebrations around India

വാക്ക് ഓണത്തെ മാറ്റുമ്പോള്‍

എന്നാല്‍ ഭാഷയുടെ കളി മറുവശത്തും നടക്കുന്നു. സൗഹൃദോണം, കളറോണം, വൈബോണം, കനിവോണം, ഓര്‍മ്മയോണം – ഇവിടെ ‘ഓണം’ പശ്ചാത്തലമല്ല. തൊട്ടുമുന്നിലുള്ള പദം തന്നെ ഓണത്തിന്റെ അര്‍ത്ഥത്തെ മാറ്റുകയാണ്. കളറോണം ഓണത്തെ ദൃശ്യാനുഭവമാക്കുമ്പോള്‍ വൈബോണം ഓണത്തെ മനോഭാവമാക്കുകയാണ്. സൗഹൃദോണം ഓണത്തെ ബന്ധത്തിന്റെ അനുഭവമായി പുനര്‍വായിക്കുന്നു. എന്നാല്‍ കനിവോണം ആഘോഷത്തിനുള്ളില്‍ മാനവികതയെ മുന്‍നിര്‍ത്തുന്നു. അതേസമയം ഓര്‍മ്മയോണം ഓണത്തെ ഭൂതകാലത്തിന്റെ സ്മൃതിയുമായി ബന്ധിപ്പിക്കുന്നു. അതായത് ഓണം വാക്കുകള്‍ക്ക് അര്‍ത്ഥം നല്‍കുന്നതുപോലെ, പുതിയ വാക്കുകളും ഓണത്തിന് പുതുഅര്‍ത്ഥങ്ങള്‍ നല്‍കുന്നു.

പാരമ്പര്യത്തിന്റെ പദങ്ങള്‍, വര്‍ത്തമാനത്തിന്റെ വാക്കുകള്‍

ഓണവുമായി ബന്ധപ്പെട്ട എല്ലാ പദങ്ങളും പുതിയ സൃഷ്ടികളല്ല. ഓണത്തപ്പന്‍, ഓണത്തല്ല്, ഓണവില്ല്, ഓണപ്പന്ത്, ഓണപ്പൊട്ടന്‍ തുടങ്ങിയവ ഓണാചാരങ്ങളോടും പാരമ്പര്യപ്രയോഗങ്ങളോടും ബന്ധപ്പെട്ട് രൂപംകൊണ്ട് സാധാരണപ്രയോഗത്തില്‍ എത്തിയ പദങ്ങളാണ്. ഇവയെ കളറോണം, വൈബോണം, ത്രില്ലോണം പോലുള്ള സമകാലിക ഭാഷാസൃഷ്ടികളോടൊപ്പം ഒരേ വിഭാഗത്തില്‍ നിര്‍ത്താനാവില്ല. അവയുടെ ഭാഷാജീവിതവും സാംസ്‌കാരിക പശ്ചാത്തലവും വ്യത്യസ്തമാണ്. നിഘണ്ടുപരമായ തലത്തില്‍ ‘ഓണം’ ഉത്സവനാമമാണെങ്കിലും, സാംസ്‌കാരിക പ്രയോഗത്തില്‍ ഉത്സവവുമായി ബന്ധപ്പെടുന്ന അനേകം ആചാരങ്ങളുടെയും വസ്തുക്കളുടെയും പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും അര്‍ത്ഥമേഖലയായി വികസിക്കുന്നു. അതില്‍ നിന്നാണ് പിന്നീട് ചിരപരിചിതമായ പദങ്ങള്‍ രൂപപ്പെടുന്നത്. ഓണക്കാലം, ഓണനാള്‍, ഓണപ്പുലരി, ഓണനിലാവ്, ഓണാഘോഷം, ഓണവിരുന്ന്, ഓണസദ്യ, ഓണപ്പായസം, ഓണക്കോടി, ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളി, ഓണവിപണി. ഇവയാണ് പുതിയ ഭാഷാസൃഷ്ടികള്‍ക്ക് പഴയ സാംസ്‌കാരിക അടിത്തറ ഒരുക്കുന്നത്.

ഓണത്തിന്റെ ഏറ്റവും ശക്തമായ അര്‍ത്ഥങ്ങളില്‍ ഒന്നാണ് കൂട്ടായ്മ. ഓണത്തെ സംബന്ധിച്ച പുതിയ പദങ്ങളില്‍ ബന്ധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. സഹോദരോണം, കുടുംബോണം, മക്കളോണം, കൂട്ടുകാരോണം, സൗഹൃദോണം ഇവയില്‍ പലതും നിഘണ്ടുവിലെ പദങ്ങളായിരിക്കണമെന്നില്ല. പക്ഷേ മലയാളിയുടെ മനസ്സില്‍ അവ അര്‍ത്ഥസമ്പുഷ്ട പ്രയോഗങ്ങളാകുന്നു. ‘സൗഹൃദം + ഓണം’ എന്നത് സൗഹൃദോണം ആകുമ്പോള്‍ ഭാഷ പുതിയ ഉത്സവം കണ്ടുപിടിക്കുന്നില്ല. നിലവിലുള്ള ബന്ധത്തിന് ആഘോഷത്തിന്റെ പേര് നല്‍കുകയാണ്. ഒരുമിച്ചോണം കൂടുതല്‍ രസകരമാണ്. ‘ഒരുമിച്ച് ഓണം’ എന്ന പ്രയോഗം ശബ്ദസാന്ദ്രതയിലൂടെയും പദസങ്കലനത്തിലൂടെയും ഒരൊറ്റ രൂപത്തിലേക്ക് ചുരുങ്ങുന്നു. അപ്പോഴും അര്‍ത്ഥം ചുരുങ്ങുന്നില്ല. ഒരുമ തന്നെയാണ് ഓണത്തിന്റെ മുഖ്യഭാവമായി ഉയരുന്നത്.

ഭക്ഷണത്തിനും വസ്ത്രത്തിനും പാട്ടിനും മാത്രമല്ല, വികാരങ്ങള്‍ക്കും ഓണം ചേരുന്നു. സന്തോഷോണം, ചിരിയോണം, സ്‌നേഹോണം, നിറവോണം, കനിവോണം, സമാധാനോണം. ഇവയെല്ലാം ഒരേ രൂപശാസ്ത്രപ്രക്രിയയില്‍ നിന്നുണ്ടായവയല്ല. ഭാഷ ഇവിടെ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുക മാത്രമല്ല ചെയ്യുന്നത്; ശബ്ദസാമ്യവും അര്‍ത്ഥസാമ്യവും ഉപയോഗിച്ച് പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുകയാണ്. കനിവോണം അതില്‍ ശ്രദ്ധേയമാണ്. ഓണം സന്തോഷത്തിന്റെ ഉത്സവം മാത്രമല്ല, പങ്കുവെക്കലിന്റെയും മറ്റുള്ളവരോടുള്ള കരുതലിന്റെയും അവസരമാകണമെന്ന ആശയമാണ് ഈ പ്രയോഗം മുന്നോട്ടുവയ്ക്കുന്നത്.

ഓണം ഇന്ദ്രിയാനുഭവങ്ങളുടെ സമുച്ചയമാണ്. ഓണസദ്യ, ഓണപ്പായസം, രുചിയോണം തുടങ്ങിയ ഭക്ഷണത്തിന്റെ ലോകവും. ഓണപ്പാട്ട്, പാട്ടോണം, മേളോണം, താളോണം തുടങ്ങിയവ ശബ്ദത്തിന്റെ ലോകത്തെയും ഓണപ്പൂക്കളം, പൂവോണം, നിറമോണം, കളറോണം തുടങ്ങിയവ ദൃശ്യത്തിന്റെ ലോകത്തെയും പ്രതിനിധീകരിക്കുന്നു. ഇവിടെ ഒരു പദം മറ്റൊന്നിലേക്ക് മാത്രമല്ല സഞ്ചരിക്കുന്നത്; ഒരു ഇന്ദ്രിയാനുഭവം മറ്റൊരു സാംസ്‌കാരിക അര്‍ത്ഥത്തെ പ്രതിനിധീകരിക്കുകയാണ്. പ്രകൃതി, നിറം, കൈവേല, മത്സരം, കൂട്ടായ്മ, സൗന്ദര്യബോധം എന്നിവയുടെ സംഗമമാണ് പൂക്കളം. അതുകൊണ്ടാണ് പൂവിനും നിറത്തിനും ഓണത്തിന്റെ സ്വതന്ത്ര പ്രതിനിധികളാകാന്‍ കഴിയുന്നത്.

സമകാലിക ഓണഭാഷയുടെ ഏറ്റവും സജീവമായ ഭാഗം മാധ്യമഭാഷയിലാണ്. ‘കളറോണം’ അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. ഒരു ഭാഷാകളിയായി ജനിച്ച രൂപം മാധ്യമങ്ങളിലേക്കും പരസ്യങ്ങളിലേക്കും വാണിജ്യഭാഷയിലേക്കും പ്രവേശിക്കുന്നു. ചില സൃഷ്ടിപരമായ പദരൂപങ്ങളില്‍ പുതിയ പദസൃഷ്ടി ? ജനപ്രയോഗം ? മാധ്യമപ്രചാരം ? വിപണിഭാഷ എന്ന സഞ്ചാരക്രമം കാണാം. ‘കളറോണം’ അതുകൊണ്ട് ഒരേസമയം ഓണത്തിന്റെ ദൃശ്യവല്‍ക്കരണത്തെയും വാണിജ്യവല്‍ക്കരണത്തെയും സൂചിപ്പിക്കുന്നു. ഇംഗ്ലീഷ് vibe എന്ന പദം മലയാളഭാഷയില്‍ സ്വാംശീകരിക്കപ്പെട്ടതിനുശേഷം അതിനെ ‘ഓണം’ എന്ന സാംസ്‌കാരിക പദവുമായി സൃഷ്ടിപരമായി ബന്ധിപ്പിച്ചുണ്ടാകുന്ന സംയോജനരൂപമാണ് ‘വൈബോണം’. ഇവിടെ ഇംഗ്ലീഷ് മലയാളത്തെ ഇല്ലാതാക്കുന്നില്ല. മലയാളം ഇംഗ്ലീഷ് പദത്തെ സ്വന്തം ശബ്ദപരിസരത്തിലേക്ക് സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. ‘പൊളിച്ചോണം’ പോലുള്ള രൂപങ്ങളില്‍ സംസാരഭാഷയുടെ ശബ്ദസൃഷ്ടിയാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഡിജിറ്റല്‍ സംസ്‌കാരം ഈ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കി. റീലോണം, സെല്‍ഫിയോണം, സ്റ്റാറ്റസോണം, ട്രെന്‍ഡോണം തുടങ്ങിയ സന്ദര്‍ഭാധിഷ്ഠിത സൃഷ്ടികള്‍ പ്രത്യേക കാലത്തെയും ഡിജിറ്റല്‍ ജീവിതരീതിയെയും അടയാളപ്പെടുത്തുന്ന ഭാഷാസൃഷ്ടികളായി പ്രത്യക്ഷപ്പെടുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വ്യാപനത്തോടെ ഓണാനുഭവത്തിന് മറ്റൊരു പാളി കൂടി ചേര്‍ന്നു. അനുഭവിക്കുക മാത്രമല്ല, ചിത്രീകരിക്കുക, പങ്കിടുക, പ്രദര്‍ശിപ്പിക്കുക, പ്രതികരണം നേടുക എന്നിവയും ആഘോഷത്തിന്റെ ഭാഗമാകുന്നു.

Onam Celebration at Kindergarten – 2022 – BGS Public School.

വീടുവിട്ടിറങ്ങുന്ന ഓണം

ഓണത്തിന്റെ സാംസ്‌കാരിക വ്യാപ്തി പദനിര്‍മ്മാണത്തില്‍ മാത്രമല്ല, സാമൂഹിക സ്ഥാപനങ്ങളുടെയും ഇടങ്ങളുടെയും പേരിടലിലും പ്രകടമാകുന്നു. സ്‌കൂള്‍ ഓണം, കോളേജ് ഓണം, ഓഫീസ് ഓണം, കമ്പനി ഓണം, ടീം ഓണം എന്നിങ്ങനെ സ്ഥാപനങ്ങളുടെ ജീവിതത്തിലും ഓണം ഇടം നേടിയിരിക്കുന്നു. സ്‌കൂളിലെ ഓണാഘോഷത്തില്‍ വിദ്യാര്‍ത്ഥി, അധ്യാപകന്‍, രക്ഷിതാവ്, പൂക്കളം, കലാപരിപാടി, സദ്യ എന്നിവ ഒന്നിക്കുന്നു. ഇവിടെ ഓണം കുടുംബത്തില്‍ നിന്ന് സ്ഥാപനാത്മക കൂട്ടായ്മയിലേക്ക് നീങ്ങുന്നു. കോളേജ് ഓണത്തില്‍ പാരമ്പര്യ വസ്ത്രവും സമകാലിക ഫാഷനും, ഓണപ്പാട്ടും ജനപ്രിയ സംഗീതവും, പൂക്കളവും ഡിജിറ്റല്‍ ദൃശ്യസംസ്‌കാരവും ഒരേ വേദിയില്‍ സഹവര്‍ത്തിക്കുന്നു. ഓഫീസ് ഓണത്തില്‍ സ്ഥാപനബന്ധം, ജീവനക്കാരുടെ കൂട്ടായ്മ, സമ്മാനം, ബോണസ്, ടീം-സംസ്‌കാരം എന്നിവയുമായി ഓണം ചേരുന്നു. അങ്ങനെ വീട് ? സ്‌കൂള്‍ ? കോളേജ് ? ഓഫീസ് എന്ന സാമൂഹിക സഞ്ചാരത്തിലൂടെ ഓണം പുതിയ ഇടങ്ങള്‍ സ്വന്തമാക്കുന്നു.

ഓര്‍മ്മയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഉത്സവം

ഓണത്തിന്റെ ഭൂമിശാസ്ത്രം കേരളത്തിന്റെ അതിര്‍ത്തികളില്‍ അവസാനിക്കുന്നില്ല. പ്രവാസിയോണം കേരളത്തിലെ ഓണാഘോഷത്തിന്റെ ഭൗമിക പകര്‍പ്പ് മാത്രമായി കാണാനാവില്ല. സ്ഥലം, ഓര്‍മ്മ, തിരിച്ചറിവ് എന്നിവ തമ്മിലുള്ള ബന്ധത്തെ സജീവമാക്കുന്ന അനുഭവമാണ്. കേരളത്തില്‍ നിന്ന് അകലെ ആഘോഷിക്കുമ്പോള്‍ ഓണം പലപ്പോഴും കൂടുതല്‍ ശക്തമായി ‘നാടിനെ’ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രവാസിയോണം, നാട്ടോണം, ബാല്യോണം, ഓര്‍മ്മയോണം പോലുള്ള പ്രയോഗങ്ങള്‍ക്ക് പ്രത്യേക ഭാവം ലഭിക്കുന്നത്. നാട്ടോണത്തില്‍ വീട്, ഭക്ഷണം, കുടുംബം, പ്രകൃതി, ബാല്യം, ഭാഷ, നഷ്ടപ്പെട്ട കാലം എന്നിവയെല്ലാം ചേര്‍ന്നിരിക്കുന്നു. പ്രവാസത്തില്‍ ഓണം ഉത്സവത്തെക്കാള്‍ കൂടുതല്‍ ഓര്‍മ്മയിലൂടെ പുനര്‍നിര്‍മ്മിക്കപ്പെടുന്ന സാംസ്‌കാരിക ഇടമായി മാറുന്നു.

Onam Festival - Complete Kerala Onam Festival Guide

വിപണിയുടെ ഭാഷയാകുമ്പോള്‍

ആധുനിക ഓണത്തിന്റെ ശക്തമായ അര്‍ത്ഥമേഖലകളിലൊന്ന് വിപണിയാണ്. ഓണവിപണി, ഓണച്ചന്ത, ഓണപ്പച്ചക്കറി, ഓണഓഫര്‍, ഓണഇളവ്, ഓണബോണസ്, ഓണക്കിറ്റ്, ഓണവില്‍പ്പന തുടങ്ങിയവ ഓണത്തിന്റെ സാമ്പത്തിക വ്യാപ്തിയെ അടയാളപ്പെടുത്തുന്ന പദങ്ങളാണ്. ‘ഓണബോണസ്’ വരുമാനത്തിന്റെയും ചെലവിന്റെയും പ്രതീക്ഷയുടെയും വിപണിയുടെയും ഭാഗമാണ്. സാംസ്‌കാരികമായി ഇത് ഉത്സവം ? ഉപഭോഗം ? വിപണി ? ഉത്സവസമ്പദ്വ്യവസ്ഥ എന്ന സാമൂഹിക- സാമ്പത്തിക ബന്ധശൃംഖലയെ സൂചിപ്പിക്കുന്നു. ഈ ക്രമം ഓണത്തിന്റെ സാമൂഹിക വ്യാപ്തി വര്‍ധിപ്പിക്കുമ്പോള്‍ ആഘോഷത്തിന്റെ വാണിജ്യവല്‍ക്കരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നു.

ഓണം ഇന്ന് വിപണിയുടെ ഭാഷയിലും ജീവിക്കുന്നു. അതോടൊപ്പം ഓണാശംസ, ഓണപ്പതിപ്പ്, ഓണവിശേഷാല്‍പ്പതിപ്പ്, ഓണം സ്‌പെഷ്യല്‍ തുടങ്ങിയ രൂപങ്ങളിലൂടെ പ്രസാധന-മാധ്യമ സംസ്‌കാരത്തിലും അത് സജീവമാണ്. സമൂഹമാധ്യമങ്ങളിലും പരസ്യഭാഷയിലും പിറക്കുന്ന എല്ലാ ഓണവാക്കുകളും ദീര്‍ഘകാലം നിലനില്‍ക്കണമെന്നില്ല. ഒരു വര്‍ഷം ജനപ്രിയമായ രൂപം അടുത്ത വര്‍ഷം അപ്രത്യക്ഷമാകാം. പക്ഷേ അതുകൊണ്ട് അവ ഭാഷാശാസ്ത്രപരമായി അപ്രധാനമാകുന്നില്ല. ഭാഷ ജനപ്രയോഗത്തില്‍ ജീവിക്കുമ്പോള്‍ നിഘണ്ടു പലപ്പോഴും അതിന്റെ പിന്നിലാണ് നടക്കുന്നത്. ഏത് നവപദരൂപങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും എന്ന് നിര്‍ണ്ണയിക്കുന്നത് ഉപയോഗസമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗം, സാമൂഹിക സ്വീകാര്യത, മാധ്യമപ്രചാരം, സ്ഥാപനവല്‍ക്കരണം എന്നിവയാണ്. അതുകൊണ്ട് വൈബോണം, ത്രില്ലോണം, ചില്ലോണം, കളറോണം, മാസോണം തുടങ്ങിയ രൂപങ്ങളെ ഭാഷാശുദ്ധിയുടെ തകര്‍ച്ചയായി മാത്രം കാണുന്നത് പര്യാപ്തമല്ല. ഭാഷാസമ്പര്‍ക്കം പുതിയ അനുഭവങ്ങള്‍ക്ക് നവീനമായ പേരുകള്‍ നല്‍കാനുള്ള സാധ്യതയും തുറക്കുന്നു. സമകാലിക ഓണഭാഷ പാരമ്പര്യം, യുവത്വം, സാങ്കേതികവിദ്യ, വിപണി, മാധ്യമം എന്നിവയുടെ പുനഃസങ്കലനമാണ്.

ഇവിടെ പദസ്ഥിരീകരണം എന്ന പ്രക്രിയയും ശ്രദ്ധേയമാണ്. ഒരു സന്ദര്‍ഭത്തില്‍ സൃഷ്ടിക്കപ്പെട്ട രൂപം ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെ സമൂഹത്തില്‍ പരിചിതമാകുകയും, പ്രത്യേക സാഹചര്യത്തെ മറികടന്ന് സ്വതന്ത്ര പദമായി തിരിച്ചറിയപ്പെടുകയും ചെയ്യുമ്പോഴാണ് അതിന് കൂടുതല്‍ സ്ഥിരത ലഭിക്കുന്നത്. എന്നാല്‍ എല്ലാ നവരൂപങ്ങളും ഈ ഘട്ടത്തിലെത്തണമെന്നില്ല. ചിലത് സന്ദര്‍ഭബന്ധിതമായ ഭാഷാകളികളായി തന്നെ നിലനില്‍ക്കും. ഓണം പലതരം പദങ്ങളോടും സൃഷ്ടിപരമായി ചേരാനുള്ള അസാധാരണമായ സാധ്യത കാണിക്കുന്നു. അതുകൊണ്ട് ഓണവുമായി ബന്ധപ്പെട്ട പദങ്ങളെ മൂന്നു തലങ്ങളില്‍ കാണാം. പാരമ്പര്യ പ്രയോഗത്തില്‍ സ്ഥിരപ്പെട്ട പദങ്ങള്‍ (ഓണത്തപ്പന്‍, ഓണത്തല്ല്, ഓണവില്ല്, ഓണപ്പന്ത്), സ്ഥിരപ്പെട്ട പദസംയോജനങ്ങള്‍ (ഓണസദ്യ, ഓണക്കോടി, ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണവിപണി, ഓണാഘോഷം ); സൃഷ്ടിപരവും സന്ദര്‍ഭാധിഷ്ഠിതവുമായ നവരൂപങ്ങള്‍ (കളറോണം, വൈബോണം, ത്രില്ലോണം, ഒരുമിച്ചോണം, റീലോണം, ചിരിയോണം, സ്‌നേഹോണം ) എന്നിങ്ങനെയാണവ. മൂന്നാമത്തെ വിഭാഗത്തിലെ ചില പദങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും; ചിലത് ഒരു പരസ്യത്തിന്റെയോ പരിപാടിയുടെയോ സമൂഹമാധ്യമപ്രയോഗത്തിന്റെയോ പരിധിയില്‍ അവസാനിക്കും. ഇതിലാണ് ഭാഷയുടെ ജനാധിപത്യം. ഒരു സമൂഹം പുതിയ വാക്കുകള്‍ പരീക്ഷിക്കുന്നു. ചിലത് നിലനില്‍ക്കുന്നു. ചിലത് മറഞ്ഞുപോകുന്നു. അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് ഭാഷ തന്നെയാണ്.

‘ഓണം’ എന്ന വാക്കിന്റെ ഈ യാത്രയെ അര്‍ത്ഥശൃംഖലയായി കാണാം. ഉത്സവനാമം ? പദനിര്‍മ്മാണത്തിലെ ഘടകം ? സാംസ്‌കാരിക ചട്ടക്കൂട് ? പുതിയ അനുഭവങ്ങളുടെ പേര് ? ഓണത്തിന്റെ പുനര്‍വ്യാഖ്യാനം ? സാമൂഹിക അനുഭവം. ഇവിടെ ശ്രദ്ധിക്കേണ്ടത് ‘ഓണം’ മറ്റുവാക്കുകളെ മാത്രം മാറ്റുന്നില്ല എന്നതാണ്. മറ്റുവാക്കുകളും ഓണത്തെ മാറ്റുന്നു. ഓണസദ്യ ഓണത്തിന് രുചി നല്‍കുന്നു. ഓണപ്പൂക്കളം നിറവും ദൃശ്യതയും നല്‍കുന്നു. ഓണപ്പാട്ട് സ്വരവും; ഓണക്കോടി വസ്ത്രവും സൗന്ദര്യബോധവും; ഓണബോണസ് സാമ്പത്തിക പ്രതീക്ഷയും; പ്രവാസിയോണം ഓര്‍മ്മയും; കളറോണം ദൃശ്യതയും; വൈബോണം തലമുറയുടെ ഭാഷാഭാവവും; ഒരുമിച്ചോണം കൂട്ടായ്മയും; കനിവോണം മാനവികതയും നല്‍കുന്നു. അതുകൊണ്ട് ഓണം സ്ഥിരമായി നിര്‍വചിക്കപ്പെട്ട അര്‍ത്ഥമല്ല. ഓരോ കാലവും തന്റെ അനുഭവങ്ങളെ അതിലേക്ക് ചേര്‍ക്കുമ്പോള്‍ വികസിക്കുകയും പുനര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സാംസ്‌കാരിക അര്‍ത്ഥലോകമാണ് അത്.

ഭാഷയില്‍ ചില വാക്കുകള്‍ അര്‍ത്ഥം സൂചിപ്പിക്കുന്നു. ചില വാക്കുകള്‍ അര്‍ത്ഥത്തെ നിര്‍മ്മിക്കുന്നു. ‘ഓണം’ ഈ രണ്ടിനുമിടയില്‍ നില്‍ക്കുന്ന സാംസ്‌കാരിക ചിഹ്നമാണ്. രൂപശാസ്ത്രപരമായി അതൊരു നാമപദമാണ്. എന്നാല്‍ സാംസ്‌കാരിക പ്രയോഗത്തില്‍ പുതിയ ബന്ധങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും പഴയ ആഘോഷത്തിന് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കാനും അതിന് കഴിയുന്നു. അതുകൊണ്ട് ഓണം തുറന്ന സാംസ്‌കാരിക ഇടമാണ്. പുതിയ തലമുറ അതിലേക്ക് വൈബ് കൊണ്ടുവരുന്നു. ഡിജിറ്റല്‍ സംസ്‌കാരം റീല്‍ കൊണ്ടുവരുന്നു. വിപണി ഓഫര്‍ കൊണ്ടുവരുന്നു. പ്രവാസി ഓര്‍മ്മ കൊണ്ടുവരുന്നു. കുടുംബം കൂട്ടായ്മ കൊണ്ടുവരുന്നു. സമൂഹം കനിവും പങ്കുവെക്കലും കൊണ്ടുവരുന്നു. ഓണം അവയെല്ലാം സ്വീകരിക്കുന്നു. അതേസമയം അവ ഓരോന്നും ഓണത്തെ പുതിയ രീതിയില്‍ നിര്‍വചിക്കുകയും ചെയ്യുന്നു. ഓണം ഒരു വാക്കാണ്. പക്ഷേ മലയാളിയുടെ ഭാഷയില്‍ ഓണം ചേര്‍ന്നാല്‍ വാക്ക് തന്നെ ആഘോഷമാകുന്നു.


ലേഖകപരിചയം

ഷാജി അനിരുദ്ധൻ

തിരുവനന്തപുരം സ്വദേശി. അധ്യാപകൻ, ഗവേഷകൻ, കല, സാഹിത്യം, സിനിമ സംബന്ധമായ വിഷയങ്ങളിൽ ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുതുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.