ഏതറയ്ക്കുന്ന ചെറ്റപ്പുരയേയും
ആഡംബരത്തിന്റെ വിസ്മയമുടുപ്പിക്കാൻ വീഞ്ഞിനറിയാം;
മേഘാവൃതവാനത്തസ്തമിക്കുന്ന സൂര്യനെപ്പോലെ
ശോണധൂമത്തിന്റെ സൗവർണ്ണദീപ്തിയിൽ
ഐതിഹാസികമണ്ഡപങ്ങളതു പ്രത്യക്ഷമാക്കും.
അവീൻ പരിധിയറ്റതിനെ വികസ്വരമാക്കും,
അനന്തതയെ വലിച്ചുനീട്ടും,
കാലത്തെ അഗാധമാക്കും, പ്രഹർഷത്തെ അടിയറ്റതാക്കും,
ഇരുണ്ട സുഖങ്ങൾ ചെടിക്കുവോളം ചെലുത്തി
ആത്മാവിനെയതു നിസ്സഹായമാക്കും.
ഇതൊന്നുമൊന്നുമല്ല, നിന്റെ കണ്ണുകളിൽ നിന്ന്,
നിന്റെ പച്ചക്കണ്ണുകളിൽ നിന്നൊഴുകുന്ന വിഷത്തിനു മുന്നിൽ;
എന്റെയാത്മാവു തകിടം മറിയുന്ന തടാകങ്ങളവ.
ആ തിക്തഗർത്തങ്ങളിൽ ദാഹനിവൃത്തി വരുത്താൻ
എന്റെ സ്വപ്നങ്ങൾ തിക്കിത്തിരക്കിവരുന്നു.
ഇതൊന്നുമൊന്നുമല്ല, നിന്റെയുമിനീരിനു മുന്നിൽ-
ആ കരാളവിസ്മയത്തിന്റെ ദംശനം
എന്റെയാത്മാവിനെ വിഭ്രാന്തമാക്കുന്നു,
കുറ്റബോധങ്ങളറ്റ വിസ്മൃതിയിലേക്കതിനെ മുക്കിത്താഴ്ത്തുന്നു,
പിന്നൊരു മൂർച്ഛയിൽ മരണതീരത്തേക്കതിനെ ചുഴറ്റിയെറിയുന്നു.
***
ബോദ്‌ലേറുടെ ജീവിതത്തിലേക്കു കടന്നുവന്ന മൂന്നാമതൊരു സ്ത്രീയെ, Marie Daubrun എന്ന ‘പച്ചക്കണ്ണുള്ള വീനസി’നെ സംബോധന ചെയ്തുകൊണ്ടെഴുതിയ കവിതകളിൽ ആദ്യത്തേത്.
***
‘ജീനിയസിന്റെ കാര്യത്തിൽ പൊതുജനം പതുക്കെയോടുന്ന വാച്ചുപോലെയാണ്,’ ബോദ്‌ലേർ ദിലക്വായെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നുണ്ട്. തന്റെ ജീവിതകാലത്ത് കവി എന്ന നിലയിൽ ഒരു പരിമിതവൃത്തത്തിനുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന ബോദ്‌ലേറുടെ പ്രതിഭ ലോകം അറിഞ്ഞുതുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്. 1926ൽ ‘തിന്മയുടെ പൂക്കളു’ടെ അവതാരികയായി പോൾ വലേറി Situation de Baudelaire (ബോദ്‌ലേറുടെ അവസ്ഥ) എഴുതി. 1927ൽ മാർസൽ പ്രൂസ്ത് A propos de Baudelaire (ബോദ്‌ലേറെ സംബന്ധിച്ച്) പ്രസിദ്ധീകരിച്ചു. ഈ ലേഖനങ്ങളാണ് പ്രധാനമായും ഫ്രാൻസിൽ ബോദ്‌ലേറുടെ നവോദയത്തിനു കാരണമായത്. റ്റി.എസ്.എലിയട്ടിന്റെ 1930ലെ ‘ബോദ്‌ലേർ’ എന്ന പ്രശസ്തമായ ലേഖനം അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ആധുനികകവിതയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി. ഒരുകാലത്ത് കവിതയുടെ പേരിൽ ചിലർ മാത്രം ആദരിക്കുകയും കുത്തഴിഞ്ഞ ജീവിതത്തിന്റെ പേരിൽ പരക്കെ പഴിക്കപ്പെടുകയും ചെയ്ത ബോദ്‌ലേർ ഇന്ന് പാശ്ചാത്യസംസ്കാരം സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ആ അംഗീകാരത്തിന്റെ ആധാരം പുതിയ പ്രമേയങ്ങളും പുതിയൊരു പദാവലിയും അവതരിപ്പിക്കുകയും പാരമ്പര്യകാവ്യരൂപങ്ങളെ അതുല്യമായ രീതിയിൽ മെരുക്കിയെടുക്കുകയും ചെയ്ത ‘തിന്മയുടെ പൂക്കൾ’ മാത്രമല്ല, നഗരജീവിതത്തിന്റെ സങ്കീർണ്ണതയെ ആവിഷ്കരിക്കാൻ സമർത്ഥമായ സാഹിത്യരൂപമായി ഗദ്യകവിതയെ കാണുകയും അതിലൂടെ ആധുനികതയുടെ അടിസ്ഥാനമിടുകയും ചെയ്ത ‘പാരീസ് സ്പ്ലീൻ’ കൂടിയാണ്.
റ്റി.എസ്.എലിയട്ട് തന്റെ ബോദ്‌ലേർ ലേഖനത്തിന്റെ ഒടുവിൽ ഇങ്ങനെ പറയുന്നു: നാം മനുഷ്യരായിരിക്കുന്നിടത്തോളം നമുക്ക് നന്മയോ തിന്മയോ രണ്ടിലൊന്നു ചെയ്യാതെ പറ്റില്ല; നന്മയോ തിന്മയോ ചെയ്യുന്നിടത്തോളം നാം മനുഷ്യരുമായിരിക്കും. വൈരുദ്ധ്യമെന്നു തോന്നാമെങ്കിലും, ഒന്നും ചെയ്യാതിരിക്കുന്നതിൽ ഭേദം തിന്മ ചെയ്യുന്നതുമാണ്: കാരണം, അപ്പോൾ മനുഷ്യർ എന്ന അസ്തിത്വം നമുക്കുണ്ടാകുന്നുണ്ടല്ലോ. മുക്തിക്കായുള്ള കഴിവാണ് മനുഷ്യന്റെ മഹത്വം എന്നു പറയുന്നതു ശരിയാണ്; അഭിശപ്തതയ്ക്കുള്ള കഴിവാണ് അവന്റെ മഹത്വം എന്നു പറഞ്ഞാൽ അതും ശരിയാണ്. രാഷ്ട്രതന്ത്രജ്ഞർ മുതൽ കള്ളന്മാർ വരെ നമുക്കു ദ്രോഹം ചെയ്തവരെ മിക്കവരെക്കുറിച്ചും പറയാവുന്ന ഏറ്റവും മോശമായ കാര്യം അഭിശപ്തരാവാനും മാത്രം മനുഷ്യരായിരുന്നില്ല അവർ എന്നതാണ്. ബോദ്‌ലേറാവട്ടെ, അഭിശപ്തനാവാനും മാത്രം മനുഷ്യനായിരുന്നു; അദ്ദേഹം അഭിശപ്തനായിരുന്നോ എന്നത് മറ്റൊരു ചോദ്യമാണ്; അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിൽ നമുക്കതൊരു തടസ്സമാവണമെന്നില്ല.
കവിതയെ ആധുനികമാക്കിയ ഷാൾ ബോദ്‌ലേറുടെ നൂറ്റമ്പത്തൊമ്പതാം ചരമവാർഷികമായിരുന്നു ഇന്നലെ.
വിവ : വി. രവികുമാര്‍







No Comments yet!