പാശ്ചാത്യ നവോത്ഥാനത്തിൻ്റെ പ്രധാന കേന്ദ്രം ഇറ്റലി ആയിരുന്നുവെങ്കിലും ഇറ്റലിക്കുപുറത്ത് മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അത് സ്വാധീനം ചെലുത്തിയിരുന്നു. നവോതഥാനത്തിന്റെ ചുവടുപിടിച്ച് സ്പെയിനിൽ രൂപപ്പെട്ട ചിത്രകലയിലെ പുതിയ പ്രവണതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധി എൽ ഗ്രീക്കോ (El Greco) ആയിരുന്നു.

ജീവിതരേഖ
1541 ൽ ഗ്രീക്കുകാരായ മാതാപിതാക്കളുടെ മകനായി അക്കാലത്ത് വെനീഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ക്രീറ്റ് (Crete) ദ്വീപിലാണ് എൽ ഗ്രീക്കോ ജനിക്കുന്നത്. Domenokos Theotokopoulos എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. എൽ ഗ്രീക്കോ എന്നത് ‘ഗ്രീക്കുകാരൻ’ എന്ന് അർഥം വരുന്ന ഒരു വിളിപ്പേരാണ്. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിനു ശേഷമുള്ള പിൽക്കാല ബൈസാന്റയിൻ കലയുടെ അക്കാലത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ക്രീറ്റ്. ആ പാരമ്പര്യത്തിലാണ് എൽ ഗ്രീക്കോ ചെറുപ്പത്തിൽ പരിശീലനം നേടിയത്.
ഇരുപത്തിയാറാമത്തെ വയസ്സിൽ, ഗ്രീക്കുകാരായ പല ചിത്രകാരന്മാരും അക്കാലത്തു ചെയ്തിരുന്നതുപോലെ, എൽ ഗ്രീക്കോ വെനീസിലേയ്ക്കു പോയി. ഏതാനും വർഷങ്ങൾ അവിടെ പരിശീലനവും മറ്റുമായി തുടർന്നതിനുശേഷം 1570 ൽ അദ്ദേഹം റോമിലെത്തി അവിടെ ഒരു സ്റ്റുഡിയോ ആരംഭിച്ചു പ്രവർത്തിച്ചുതുടങ്ങി. ഈ കാലഘട്ടത്തിൽ ഇറ്റാലിയൻ കലാകാരന്മാരെ അദ്ദേഹം നന്നായി പഠിക്കുകയും അവരുടെ സ്വാധീനങ്ങൾ സ്വീകരിക്കുകയും ചെയ്തു.
1577 ൽ എൽ ഗ്രീക്കോ സ്പെയിനിലെ ടോളെഡോ (Toledo) എന്ന പട്ടണത്തിലേക്ക് താമസം മാറി. ശിഷ്ടകാലം അവിടെ ചിലവഴിച്ച അദ്ദേഹത്തിന്റെ പക്വതയാർന്ന പ്രധാന രചനകൾ ടോളെഡോയിൽ താമസിക്കുന്ന സമയത്തു വരച്ചിട്ടുള്ളവയാണ്. പള്ളികൾക്കും പള്ളികളുമായി ബന്ധപ്പെട്ട പൊതുസ്ഥാപനങ്ങൾക്കും വേണ്ടിയുള്ള കരാർ ജോലികളാണ് അദ്ദേഹം പ്രധാനമായും ചെയ്തിരുന്നത്. പോർട്രെയ്റ്റുകൾ പോലെയുള്ള വർക്കുകളും ചെയ്തിരുന്നു. പ്രധാനമായും ഒരു ചിത്രകാരനായാണ് അറിയപ്പെടുന്നതെങ്കിലും ചില കരാർ ജോലികളുടെ ഭാഗമായി ശില്പങ്ങളും വാസ്തുശില്പ ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്.
ടോളെഡോയിൽ മുപ്പതുവർഷത്തിലധികം നീണ്ട കർമ്മനിരതമായ ജീവിതത്തിനുശേഷം 1614 ൽ, എഴുപത്തിരണ്ടാമത്തെ വയസ്സിൽ, ഒരു കരാർ ജോലിയിൽ ഏർപ്പെട്ടിരിക്കെ എൽ ഗ്രീക്കോ രോഗബാധിതനായി. ഒരു മാസത്തോളം രോഗശയ്യയിൽ കിടന്നതിനുശേഷം അദ്ദേഹം നിര്യാതനായി.

എൽ ഗ്രീക്കോ – നവോത്ഥാനകലയുടെ സ്പാനിഷ് മുഖം
ജന്മംകൊണ്ട് ഗ്രീക്കുകാരനായിരുന്നുവെങ്കിലും ഏതാണ്ട് 1577 മുതൽ എൽ ഗ്രീക്കോ ജീവിച്ചത് സ്പെയിനിലാണെന്ന് മുകളിൽ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ കലയുടെ സവിശേഷതകളും ശക്തിയും സ്പെയിനിലെ കലാലോകം വേഗത്തിൽത്തന്നെ തിരിച്ചറിഞ്ഞു. ബൈസാന്റയിൻ ശൈലിയിലുള്ള ആദ്യകാലപരിശീലനവും പിന്നീട് വെനീസിലേയും റോമിലെയും കലാകാരന്മാരുമായുള്ള അടുത്ത ഇടപെടലുകളും തന്റേതായ, തനതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഇറ്റലിയിൽ അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് വെനീഷ്യൻ ആചാര്യന്മാരായ ടിഷ്യനും (Titian) ടിന്റോറെറ്റോയുമാണ് (Tintoretto). റാഫേലിനെയും മൈക്കലാഞ്ജലോയെയും പോലെയുള്ള അതികായന്മാർ റോം കേന്ദ്രമാക്കി സ്ഥാപിച്ചെടുത്ത ക്ലാസ്സിക്കൽ ഭാവുകത്വത്തെ മറികടക്കാൻ പ്രതിഭാശാലികളായ യുവ ചിത്രകാരന്മാർ വഴികൾ അന്വേഷിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്.

ചിത്രകലയിലെ ബൈസാന്റയിൻ – ഇറ്റാലിയൻ ശൈലികളുടെ പരസ്പരം ഇഴുകിച്ചേർന്നുള്ള കലാപരമായ ഒരു സമന്വയമാണ് എൽ ഗ്രീ ക്കോയുടെ ചിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. രൂപങ്ങളുടെയും സ്ഥലത്തിന്റെയും (space) നിറങ്ങളുടേയുമെല്ലാം അവതരണത്തിൽ ക്ലാസിക്കൽ മാനദണ്ഡങ്ങളെ തന്റേതായ രീതിയിൽ അദ്ദേഹം തിരുത്തിയെഴുതി. വിഷയത്തിന്റെ നാടകീയമായ അവതരണം, അസാധാരണമായ ഭാവന, കാണികളെ അസ്വസ്ഥരാക്കുന്നതരത്തിലുള്ള വൈകാരിക തീവ്രത, ഉറവിടം ഏതെന്നു വ്യക്തമല്ലാത്ത തരത്തിലുള്ള വെളിച്ചത്തിന്റെ സവിശേഷമായ ഉപയോഗം, ഇതെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പൊതുവായ സവിശേഷതകളാണ്. കലാചരിത്രസംബന്ധിയായി പറയുമ്പോൾ നവോത്ഥാനത്തിനു ശേഷം വരുന്ന മാനറിസം(Mannerism) എന്ന പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി എൽ ഗ്രീക്കോയെ പറയാറുണ്ട്. ക്ലാസ്സിക്കൽ പൂർണ്ണതയെ നിരസിച്ചുകൊണ്ട് രൂപങ്ങളെ വലിച്ചുനീട്ടുകയും വക്രീകരിക്കുകയും ചെയ്തുകൊണ്ടുള്ള അവതരണം, ശൈലീവൽകൃതമായ ശാരീരികനിലകൾ, സ്ഥലത്തിന്റെ നാച്വറലിസ്റ്റ് രീതിയിൽനിന്നും വ്യത്യസ്തമായ വിന്യാസം തുടങ്ങിയ മാനറിസ്റ്റ് സ്വഭാവങ്ങൾ എൽ ഗ്രിക്കോയുടെ ചിത്രങ്ങളിലും പൊതുവിൽ കാണാനുണ്ട്.

എൽ ഗ്രീക്കോ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളുടെ മഹത്വം പലരും തിരിച്ചറിഞ്ഞില്ല. ചിലരെങ്കിലും അദ്ദേഹം നടത്തിയ വിപ്ലവകരമായ ചുവടുവയ്പുകളെ സംശയത്തോടുകൂടിയാണ് വീക്ഷിച്ചത്. ചില കലാപണ്ഡിതന്മാർ നവോത്ഥാനകാലത്തു സജീവമായ ക്രിസ്തീയ ആഭിമുഖ്യമുള്ള നിയോ പ്ലേറ്റോണിക് ചിന്തകളുടെ മിസ്റ്റിക് സ്വഭാവവുമായി എൽ ഗ്രിക്കോയുടെ കലയെ ബന്ധിപ്പിച്ചു പറയാറുണ്ട്. സ്പാനിഷ് മിസ്റ്റിക് പാരമ്പര്യത്തിന്റെ ദൃശ്യസാക്ഷ്യമായി അദ്ദേഹത്തിന്റെ രചനകളെ വിലയിരുത്തുന്നവരുണ്ട്.

ചില പ്രധാന രചനകളിലൂടെ
ബൈസാന്റയിൻ ശൈലിയിൽ പരിശീലനം നേടിയ എൽ ഗ്രിക്കോയുടെ ആദ്യകാല രചനകൾ അതേ ശൈലിയിലായിരുന്നു. 1560 – 70 കാലഘട്ടത്തിൽ വരച്ച ‘The Dormition of the virgin’ എന്ന ആദ്യകാല ചിത്രത്തിൽ ഈ ബൈസാന്റയിൻ സ്വാധീനമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇറ്റലിയിൽ, ആദ്യം വെനീസിലും പിന്നീട് റോമിലും പ്രവർത്തിച്ചുതുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശൈലിക്ക് ക്രമേണ മാറ്റം ഉണ്ടാകുന്നതായി കാണുന്നുണ്ട്. ഈ മാറ്റത്തിന്റെ സ്വഭാവത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് ‘the disrobing of Christ’ എന്നറിയപ്പെടുന്ന അൾത്താരചിത്രം. ‘The Burial of the Count of Orgaz’ എൽ ഗ്രിക്കോയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നാണ്. 1586 -88 ൽ വരച്ച ഈ എണ്ണച്ചായ ചിത്രത്തിന് അഞ്ചു മീറ്ററോളം ഉയരവും മൂന്നര മീറ്ററോളം വീതിയുമുണ്ട്.
മിന്നൽ വെളിച്ചത്തിൽ കാണുന്നതായി ചിത്രീകരിച്ചിരിക്കുന്ന ടോളെഡോ പട്ടണത്തിന്റെ നാടകീയമായ ദൃശ്യം ‘View of Toledo’ ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരു പ്രകൃതിദൃശ്യമാണ്. ‘Purification of the temple’, Christ Healing the Blind’, ‘The Agony in the Garden of Gethsemane’ തുടങ്ങി നിരവധി ഉദാഹരണങ്ങൾ എൽ ഗ്രിക്കോയുടെ പ്രതിഭയുടെ സാക്ഷ്യമായി എടുത്തുപറയാനുണ്ട്. പ്രധാനമായും ഒരു അൾത്താര ചിത്രകാരൻ ആയിരുന്നുവെങ്കിലും അദ്ദേഹം ധാരാളം പോർട്രെയ്റ്റുകളും ചെയ്തിട്ടുണ്ട്.

എൽ ഗ്രിക്കോയുടെ സ്വാധീനം പിൽക്കാല ചിത്രകലയിൽ
എൽ ഗ്രിക്കോയുടെ നാടകീയവും വികാരതീവ്രവുമായ പെയിന്റിങ്ങുകളുടെ മഹത്വം അദ്ദേഹത്തിന്റെ സമകാലികരായ പലരും മനസ്സിലാക്കിയില്ല എന്ന് നേരത്തെ സൂചിപ്പിച്ചു. സർഗ്ഗാത്മകമായ ഉന്മാദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന അദ്ദേഹത്തിന്റെ ചില ചിത്രങ്ങളെ ആദ്യകാലങ്ങളിൽ ചില കലാപണ്ഡിതന്മാർ നിശിതമായി വിമർശിച്ചിട്ടുമുണ്ട്. നവോതഥാനകാലത്തെ ഇറ്റാലിയൻ ആചാര്യന്മാരുടെ ശക്തമായ സ്വാധീനത്തെ മറികടന്ന് ചിത്രകലയിൽ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുക എന്നത് അക്കാലത്ത് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപക്ഷേ, പിതാവിന്റെ സ്റ്റുഡിയോയിൽ പരിശീലിച്ച്, അദ്ദേഹത്തിന്റെ ശൈലിയിൽത്തന്നെ വരച്ചിരുന്ന എൽ ഗ്രിക്കോയുടെ ഏകമകൻ ജോർജ് മനുവലിനെ (Jorge Manual) മാറ്റിനിർത്തിയാൽ, അദ്ദേഹത്തിന്റെ ശൈലിക്ക് നേരിട്ട് പിൻഗാമികൾ ഉണ്ടായതുമില്ല.

എൽ ഗ്രിക്കോയുടെ രചനകളുടെ സ്വാധീനം ഉൾക്കൊണ്ടിട്ടുള്ള പ്രധാനപ്പെട്ട രണ്ടു പിൽക്കാല സ്പാനിഷ് ചിത്രകാരന്മാർ വേലാസ്ക്വസും ഗോയയുമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപപ്പെട്ട റൊമാന്റിക് പ്രസ്ഥാനം എൽ ഗ്രിക്കോയുടെ രചനകളെ ഒരു പുതിയ വെളിച്ചത്തിൽ മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എൽ ഗ്രിക്കോയുടെ മഹത്വം തിരിച്ചറിഞ്ഞ ആദ്യത്തെ ആളുകളിൽ പ്രമുഖൻ ഫ്രഞ്ച് കലാപണ്ഡിതനായ തിയോഫിൽ ഗോത്തിയെ (Theophile Gautier) ആയിരുന്നു . ‘അനുഗ്രഹീതനും തെറ്റിദ്ധരിക്കപ്പെട്ടവനും അസ്വസ്ഥനുമായ’ റൊമാന്റിക് നായകനായി ഗോത്തിയെ എൽ ഗ്രീക്കോയെ മനസ്സിലാക്കി. ആധുനിക ഭാവുകത്വത്തിലേക്കുള്ള വഴികാട്ടിയായി അദ്ദേഹത്തെ മനസ്സിലാക്കിയ മറ്റൊരാൾ ഇംഗ്ളീഷുകാരനായ റോജർ ഫ്രൈ (Roger Fry) ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കുതന്നെ പാശ്ചാത്യ ചിത്രകലാരംഗത്ത് എൽ ഗ്രിക്കോയുടെ രചനകൾ ശക്തമായ ഒരു സ്വാധീനമായി തിരിച്ചറിയപ്പെടുന്നുണ്ട്. എക്സ്പ്രെഷനിസ്റ്റുകളും ക്യൂബിസ്റ്റുകളുമെല്ലാം എൽ ഗ്രീക്കോയെ പഠിക്കുകയും അദ്ദേഹത്തിൽനിന്നും സ്വാധീനം ഉൾക്കൊള്ളുകയും ചെയ്തിട്ടുള്ളതായി കലാപണ്ഡിതന്മാർ പറയുന്നുണ്ട്. സ്പാനിഷ് കവി റിൽകെയെപ്പോലെയുള്ള (Rainer Maria Rilke)ആളുകൾ എൽ ഗ്രിക്കോയുടെ ജീവിതത്തിൽനിന്നും രചനകളിൽനിന്നും പ്രചോദിതരായതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എൽ ഗ്രീ ക്കോ
ജനനം: 1541 – മരണം: 1614







No Comments yet!