മഴയൊന്നടങ്ങി ഇളവെയിൽ തൂവുന്ന നേരത്ത് ഐജി തോമസ് തന്റെ ഓഫീസിലെ ജനലുകൾ തുറന്നു. തലശ്ശേരി ജുമാമസ്ജിദിന്റെ മിനാരങ്ങളും തെങ്ങിൻ തലപ്പുകളും കടന്നു കാഴ്ച നീണ്ടു. അറബിക്കടലും ആകാശവും മൃദുവായി സ്പർശിക്കുന്നതിൻ നേരിയ പ്രകാശരേഖയോളം നോട്ടമെത്തി.
കൃഷിവകുപ്പിൽ നിന്നും മാറി സ്റ്റാറ്റിസ്റ്റിക് വകുപ്പിൽ ചേർന്നതോടെ വയനാട്ടിൽ നിന്നും തലശ്ശേരിയിലേക്ക് പോസ്റ്റിംഗ് കിട്ടിയതാണ്. തലശ്ശേരി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലാണ് ഓഫീസ്. ജാലകങ്ങൾ തുറന്നാൽ കടൽക്കാറ്റ് പാഞ്ഞു വരും. മഴ ചോർന്ന് ഇളം വെയിൽ വിരിയുമ്പോൾ കടലിലേക്കുള്ള കാഴ്ചയ്ക്ക് പ്രത്യേക ഭംഗിയാണ്. ഇന്നും അതുപോലെ ആ ഭംഗിയിലേക്കാണവൻ ജനാലകങ്ങൾ തുറന്നത്.
എക്കാലത്തെയും മികച്ച ഇറ്റാലിയൻ പ്രണയഗാനം ‘സൊത്തോ ഇൽ ചിയേലോ ദി സൊറെന്തോ..’ അപ്പോൾ പശ്ചാത്തലത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു. അറുപതുകളിലെ സൊറെന്തോ നഗരത്തെയും അവിടുത്തെ ശാന്തമായ കടലിനെയും രാത്രിയേയും പ്രണയത്തെയും വർണ്ണിക്കുന്ന വരികളും താളവും ഐജിയിൽ നിറഞ്ഞൊഴുകി. അവന്റെ മനസ്സ് എൺപതുകളിലെ ഓർമ്മകളിലൂടെ തുടിച്ചുപാഞ്ഞു. ആദ്യ പ്രണയത്തിന്റെ ചൂടും ചൂരും അവിടമാകെ നിറഞ്ഞു. കണ്ണടയ്ക്കുള്ളിൽ നിന്നും കുതറിവരുന്നൂ ആ കണ്ണുകൾ..! ഹൃദയത്തിലേക്ക് തുരന്നു കയറുന്ന അവളുടെ ആ നോട്ടം!!
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ കണ്ണുകളെ പ്രണയിച്ചു തുടങ്ങിയത്. അന്ന് ലൈബ്രറിക്കടുത്തുള്ളതായിരുന്നു ക്ലാസ്മുറി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ജ്യോതിസ് കെട്ടിടത്തിലെ ജാലക അഴികളിലൂടെയായിരുന്നു അവളുടെ കണ്ണുകൾ പ്രകാശം പരത്തിയത്. വല്ലാത്തൊരു ആകർഷണമായിരുന്നു. സുന്ദരിക്കുട്ടി. പ്രണയാർദ്രമായിരുന്നു അവളുടെ നോട്ടവും പുഞ്ചിരിയും. തൊട്ടപ്പുറത്തെ ക്ലാസ്സിൽ അവളുടെ ചേച്ചി ഉണ്ടായിരുന്നതുകൊണ്ട് സൂക്ഷ്മതയോടെയായിരുന്നു അവളുടെ നോട്ടങ്ങൾ.
അവളുടെ നോട്ടത്തിനു വേണ്ടി കൊതിച്ചിരുന്ന് ഊണുപോലും കഴിക്കാൻ മറന്നു പോയ ഉച്ചകളുണ്ടായിരുന്നു. ആർക്കുമൊരു സംശയവുമുണ്ടാകാത്ത വിധം കണ്ണുകൾകൊണ്ടുള്ള പ്രണയം അസ്ഥിയിൽ പിടിച്ചുതുടങ്ങുമ്പോഴാണ് വേർപാടിന്റെ ആദ്യ നൊമ്പരം കോടയായി ഹൃദയത്തിൽ മൂടിത്തുടങ്ങിയത്. അച്ഛന്റെ സ്ഥലമാറ്റമാണെന്ന് തോന്നുന്നു, അവർ എന്നെന്നേക്കുമായി ചുരമിറങ്ങി. കോഴിക്കോട് ജില്ലയിൽ എവിടെയോ ആണ് താമസമെന്ന് പിന്നീടറിഞ്ഞു.
പ്രണയങ്ങൾ പിന്നെയുമുണ്ടായി. ഏതോ മഹാൻ പറഞ്ഞതുപോലെ അമൂർത്ത പ്രണയം നൈമിഷികമാണ്. ശരി, പക്ഷെ ആ കണ്ണുകൾ ഏൽപ്പിച്ച മുറിവ് ഇനിയുമുണങ്ങിയിട്ടില്ല. മറ്റേതേതു പ്രണയങ്ങൾക്കിടയിലും ആ മുറിവുകളിൽ നിന്നും നോവെരിഞ്ഞുകൊണ്ടേയിരുന്നു. അതിപ്പോഴും തുടരുന്നു.
ഇറ്റാലിയൻ മെലഡിക്കൊപ്പം അറബിക്കടലിലെ തിരകൾ പോലെ ഓർമ്മകൾ താളംവെച്ചു. അപ്പോഴാണ് സഹജീവനക്കാരി മുന്നിൽ വന്നു തൊണ്ടയനക്കിയത്. ഈർഷ്യ തോന്നിയെങ്കിലും പുഞ്ചിരികൊണ്ടത് മറച്ച് അവൻ എന്തേ എന്ന് കണ്ണുകൊണ്ട് ചോദിച്ചു.
ഒരാൾ കാണാൻ വന്നിരിക്കുന്നു- കുണുക്കത്തോടെ അവൾ പറഞ്ഞു.
വരാൻ പറയൂ.
കമ്പ്യൂട്ടറിൽ തിരക്കഭിനയിച്ചു തുടങ്ങുമ്പോഴേക്കും ആളെത്തി. മുന്നിലെ കസേരയിൽ ഇരിക്കാൻ ഐജി ആംഗ്യം കാണിച്ചു. എന്തോ കാര്യമായി കമ്പ്യൂട്ടറിൽ ചെയ്യുന്നതായി ഭാവിച്ചു. കണ്ണട ഫ്രെയിമിന് മുകളിലൂടെ വന്നയാളെ ഒളിക്കണ്ണിട്ടുനോക്കി. പ്രായമുള്ള ആളാണ്. പരിചയമുള്ളതുപോലെ.
എവിടുന്നാ? അവൻ ചോദിച്ചു.
കോഴിക്കോട്ട്ന്നാ. മോൻ വയനാട്ടുകാരനല്ലേ – അയാളുടെ മറുചോദ്യം.
അതേ എന്നു പറയുന്നതിനു മുമ്പേ അയാൾ തുടർന്നു : ഇവിടെവരെ വന്നതാണ്. അപ്പോൾ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി. ഞാൻ കുറച്ചു കാലം വയനാട്ടിലുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് ചുരമിറങ്ങേണ്ടിവന്നു. സ്ഥലമാറ്റമായിരുന്നു എന്നാണ് എല്ലാവരും മനസ്സിലാക്കിയത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.
ഇതൊക്കെ എന്തിനാ ഇപ്പോൾ എന്നോട് പറയുന്നത്- അവൻ അയാളെ സൂക്ഷിച്ചു നോക്കി.
തുളഞ്ഞു കയറുന്നതായിരുന്നു അയാളുടെ നോട്ടം. നല്ല പരിചയമുള്ളതുപോലെ. പുരികങ്ങൾക്കിടയിലേക്ക് നോട്ടമുറപ്പിച്ച് അയാൾ പറഞ്ഞു : മോന്റെയുള്ളിൽ ഉണങ്ങാത്തൊരു മുറിവുണ്ടെന്ന് എനിക്കറിയാം. അതിൽ നിന്നും ഈ നിമിഷം പോലും ചോര പൊടിയുന്നുണ്ട്.
അവനിൽ ഞെട്ടലുണ്ടായി.
പിന്നെ അയാളൊന്നും പറഞ്ഞില്ല. പതുക്കെ എഴുന്നേറ്റു സാവധാനം നടന്നുപോയി.
കുറച്ചുനേരത്തേക്ക് മരവിച്ച പോലെ അവൻ ഇരുന്നുപോയി. പിന്നെ ചാടിയെഴുന്നേറ്റ് ജനലരികിലേക്ക് പാഞ്ഞു. സിവിൽ സ്റ്റേഷന്റെ ഗേറ്റ് കടന്ന് നിരത്തിലേക്കിറങ്ങുന്ന ചുവന്ന കാർ അവൻ കണ്ടു. മുന്നിലെ ഇടതു സീറ്റിൽ അയാളാണ്. കാർ വലത്തോട്ട് തിരിഞ്ഞ് മുഖ്യ റോഡിൽ കയറി. ഒരു സ്ത്രീയാണ് വാഹനമോടിക്കുന്നത്. നരവീണിട്ടുണ്ടെങ്കിലും മധ്യവയസ്സിലേക്ക് കടക്കുന്നതേയുള്ളൂ എന്ന് അവനു തോന്നി. ഞൊടിയിട അവളൊന്നു പുറത്തേക്കു നോക്കി. ഒരു പ്രകാശം അവന്റെ ഉള്ളിലേക്ക് കുതിച്ചു കയറിയ പോലെ ഒരു തോന്നൽ.
ഏയ്.. ഇല്ല. തോന്നിയതാണ്. ആരും കാണാൻ വന്നിട്ടില്ല. ആ കാറും ഒരു തോന്നലാണ്. അതേ.. തോന്നൽ മാത്രം – അവൻ സ്വയം മന്ത്രിച്ചുകൊണ്ടിരുന്നു.
‘സൊത്തോ ഇൽ ചിയേലോ ദി സൊറെന്തോ..’ പ്രണയാർദ്രതയോടെ ഇറ്റാലിയൻ പാട്ട് അവസാനമില്ലാതെ ആവർത്തിച്ചാവർത്തിച്ച് ഒഴുകിക്കൊണ്ടിരുന്നു.







No Comments yet!