Skip to main content

പുകക്കൂണിനായി വിരിഞ്ഞ അക്ഷരങ്ങള്‍

ചിരുത എന്നാണ് പേര്. കഴിഞ്ഞനൂറ്റാണ്ടാദ്യം കേരളത്തിലെ കുഗ്രാമങ്ങളിലൊന്നിലാണ് നിത്യകന്യകയായ എന്റെ ജനനം. കടലുകള്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത ദേശം. ഭൂനിരപ്പിനും താഴെക്കിടക്കുന്നൊരു കായല്‍ക്കരയിലാണ് അക്കാലം, ഞാന്‍ കഴിഞ്ഞുപോന്നത്. എന്നുംവെച്ച് നാം അവിടെത്തന്നെ മരിക്കണമെന്നില്ലല്ലോ. സ്ഥലകാലങ്ങള്‍ക്കു തീരെ സ്ഥാനമില്ലാത്ത ജീവിതതുറസ്സുകളോട് വല്ലാത്തൊരിഷ്ടംതന്നെയുണ്ടെനിക്ക്. അതുകൊണ്ട് പലപ്പോഴും ഭൂഖണ്ഡങ്ങള്‍തന്നെ മുറിച്ചുപോകുന്ന പതിവുമുണ്ട്.

”എനിക്ക് സൂറിച്ചിലെത്തണം.”

കൂട്ടുകാരിയോട് ഞാന്‍ പ്രഖ്യാപിച്ചു, അവള്‍ ചിരിച്ചു.

”അതെവിടാ?”

”അതങ്ങ് സ്വിറ്റ്‌സര്‍ലാന്റിലാണെന്നേ.”

”എടിയേ, കൊതുമ്പുവെള്ളത്തേല്‍ക്കയറിയാല്‍ കൂടിയാല്‍ വടക്ക് കൊച്ചിയിലെത്താം. തെക്കുനോക്കിപ്പോയാല്‍ കൊല്ലത്തും. അതിനപ്പുറം പോകാനൊക്കത്തില്ല.”

തെക്കുവടക്കറിയാത്ത അവള്‍ നിരുത്സാഹപ്പെടുത്തി. പറഞ്ഞത് ബുദ്ധിയുടെ ചുമലില്‍ കൈചേര്‍ത്താണെങ്കിലും ഒരര്‍ത്ഥത്തില്‍ അതവളുടെ സ്വപ്നമായിരിക്കണം. കാരണം, അവള്‍ പറഞ്ഞതെങ്കിലും സാക്ഷാത്കരിക്കാന്‍പോന്നവര്‍ അക്കാലത്ത് നാട്ടിലെവിടെയുമില്ല. മൂന്നുകടലുകളാല്‍ ചുറ്റിപ്പിടിച്ചുനില്‍ക്കുന്നൊരിടമാണ് സ്വന്തം വാസഭൂമിയെന്ന് അറിയാവുന്നവര്‍പോലും നന്നേകുറവ്. എങ്കിലും, ഞാനെന്റെ തീരുമാനത്തില്‍നിന്ന് അണുപോലും മാറിയില്ല. ഉചിതമായൊരു സന്ദര്‍ഭത്തിനായി കാത്തിരുന്നു.
അങ്ങനെയിരിക്കെ, ഒരു കള്ളക്കര്‍ക്കിടകത്തില്‍ ചിറപൊട്ടി. ഇരുട്ടിന്റെ മറവില്‍ പണിക്കാര്‍ ഓടിനടന്ന് വല്ലപാടും ചിറകെട്ടി, കുറ്റബോധത്തോടെ തലപ്പുലയന്‍ ബലിയുമായി. അയാളുടെ ശരീരത്തിനുമുകളിലാണ് മണ്ണത്രയും പിടിപ്പിച്ചത്. തക്കംപാര്‍ത്തുനില്‍ക്കുകയായിരുന്ന ഞാന്‍ അയാളുടെ ആത്മാവ് മുകളിലോട്ടുപോകുമ്പോള്‍ അതില്‍ പിടിച്ചുകയറി. ബലിയായ ആത്മാവിനോടൊപ്പം പൊങ്ങിപ്പോകുന്നവര്‍ക്ക് ആഗ്രഹിച്ചയിടങ്ങളിലെത്താമെന്നാണ് പണ്ടുള്ളവര്‍ പറയാറ്. അത് അച്ചട്ടമാവുകയുംചെയ്തു. ഞാനങ്ങനെ സൂറിച്ചിലെത്തി.

വിളറിയ ഒരുച്ചനേരത്താണ് ചിറകു കുടഞ്ഞെറിഞ്ഞതിനുശേഷം, ഞാന്‍ താഴെയിറങ്ങുന്നത്. ലിമ്മറ്റ്‌നദിയങ്ങനെ തണുപ്പില്‍ മരവിച്ചുകിടക്കുന്നു. കാറ്റ് മഞ്ഞില്‍ വഴികാണാതുഴറുകയാണ്. സൂറിച്ച് തടാകത്തിന്റെ വടക്കുപടിഞ്ഞാറന്‍തിട്ടയില്‍ പാറയെന്നോണം ഉറച്ചുകിടക്കുന്ന നഗരത്തില്‍ ഞാന്‍ തിരക്കുകുറഞ്ഞൊരിടം തെരഞ്ഞെടുത്തു. നടന്നെത്തിയത് പൗളിന്റെ വീട്ടിലേക്കാണ്. അടിവെച്ചുനീങ്ങുന്ന അനേകതലമുറകളിലൂടെ അണമുറിയാതെ തുടരുന്ന ഇതിഹാസമെന്നോണം പരിസരമാകെ കുഴമഞ്ഞ്. അതിന്റെ പടലങ്ങളില്‍ മുനുക്കുപണിനടത്തുന്ന കാച്ചിയതങ്കംമാതിരി സൂര്യന്‍. പൊതുവെ സ്ഥലം എനിക്കിഷ്ടപ്പെട്ടു.

”ചിരുതേ, നീ വന്നെത്തിയല്ലേ, നന്നായി.”

കാത്തിരിക്കുകയായിരുന്നു എന്നമട്ടിലാണ് പൗളിന്‍ പറഞ്ഞത്. അവളുടെ വീട്ടിനോടുചേര്‍ന്ന് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്ന വീടുകളിലൊന്ന് അവള്‍ എനിക്കായി നേടിത്തന്നു.

”മിണ്ടിയും പറഞ്ഞുമിരിക്കാന്‍ എനിക്കൊരാളായല്ലോ.”

എല്ലാ സ്ത്രീകളേയുംപോലെ അവള്‍ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ നല്ല അയല്‍ക്കാരായി. എപ്പോഴും അവള്‍ക്ക് മകനേച്ചൊല്ലിയുള്ള ഉത്കണ്ഠകളായിരുന്നു.

”ചിരുതേ, ഈ ചെക്കനേക്കൊണ്ട് ഞാനാകെ വലഞ്ഞു.”

ആല്‍ബര്‍ട്ടിനേച്ചൊല്ലി ചെറുപ്പത്തില്‍ തുടങ്ങിയ വേവലാതികള്‍ക്ക് അവന്‍ ജോലിക്കാരനായിമാറിയിട്ടും മാറ്റമുണ്ടായില്ല. ചിറ വീണ്ടും പൊട്ടിയാല്‍ കൃഷി നശിക്കുമല്ലോ എന്നതായിരുന്നു അപ്പോഴും, എന്റെ സങ്കടം. ലിമ്മറ്റ്‌നദിക്കു മുകളിലെ തണുപ്പന്‍ ആകാശമേഘങ്ങളെ ചുമ്മാ നോക്കിയിരിക്കുന്ന ഒഴിവുവേളകളിലാണ് ഇത്തരം സങ്കടങ്ങള്‍ പങ്കുവെക്കുക. ഒരിക്കലെല്ലാം ശരിയാകുമെന്ന് പരസ്പരം ആശ്വസിപ്പിക്കുകയുംചെയ്യും. അങ്ങനെ, സൂറിച്ചിലെ ദിവസങ്ങള്‍ തണുപ്പിനുമുകളില്‍ കമ്പിളിയെന്നമട്ടില്‍ നീങ്ങിപ്പോയി.
മറ്റൊരു വംശീയവിഭാഗത്തില്‍ ഉള്‍പ്പെട്ടവളെങ്കിലും പൗളിന്‍ എനിക്ക് സഹോദരിയേപ്പോലെയായാണ്. അവളുടെ മകന്‍ ആല്‍ബര്‍ട്ട് മകനേപ്പോലെയും. നല്ലവനായിരുന്നെങ്കിലും സഹകാരിയെന്നനിലയില്‍ അവന്‍ സമ്പൂര്‍ണ്ണപരാജയമാണെന്ന് ഞാന്‍ നൂറുവട്ടം സമ്മതിക്കും. പേറ്റന്റ് ഓഫീസിലോമറ്റോ ഗുമസ്തപ്പണിയായിരുന്നു അവനെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ അതെവിടെയാണെന്ന് എനിക്കറിയില്ല. രാവിലെ പോകുന്നതും, വൈകീട്ടെപ്പോഴെങ്കിലും തിരിച്ചുവരുന്നതും കാണാം. സുന്ദരമായ മീശയ്ക്കു താഴെ ചുണ്ടുകള്‍ ഒരല്‍പ്പം വിരിയുന്നതൊഴിച്ചാല്‍ വിടര്‍ന്നുചിരിക്കുന്നതോ, ആരോടെങ്കിലും കുശലംപറയുന്നതോ ഞാന്‍ കണ്ടിട്ടില്ല. വന്നുകഴിഞ്ഞാല്‍ മുറിക്കകത്ത് അടച്ചിരിക്കുന്നതാണ് അവനിഷ്ടം.

”ചിരുതേ, പാത്തുംപതുങ്ങിയും അവനെന്തൊക്കെയോ ചെയ്യുന്നുണ്ട്. എനിക്ക് പേടിയാകുന്നു. ”

”അവനവിടെ എന്തൊണ് ചെയ്യുന്നത്?”

ഞാന്‍ ചോദിച്ചു.

”അതറിയില്ല. പള്ളിക്കൂടത്തില്‍ മിക്കവാറും മരമണ്ടനായിരുന്നു. ചൊല്ലുവിളിയാണെങ്കില്‍ തീരെയില്ല. എന്നാലോ, യാതൊന്നിനോടും എതിര്‍പ്പുമില്ല. ചെറുപ്പത്തിന്റെ ഊര്‍ജ്ജം ഒട്ടുംതന്നെ ഉപയോഗിക്കാത്തൊരു കിഴങ്ങന്‍. എങ്കിലും, എനിക്ക് പരിഭ്രമമാകുന്നു.”

പൗളിന്‍ പറഞ്ഞു.

”അടച്ചമുറിക്കകത്ത് അവനെന്താണ് ചെയ്യുന്നതെന്ന് നിനക്കൊന്നു ചോദിച്ചുകൂടേ, പൗളിന്‍?”

”പലതവണ ചോദിച്ചിട്ടും മറുപടിയില്ലെന്നേ. എനിക്കു തോന്നുന്നത് തലച്ചോറിലിട്ട് അവന്‍ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ടെന്നാണ്. അതെന്തായിരിക്കും, ദൈവമേ!”

ആല്‍ബര്‍ട്ടിന്റെ തലച്ചോറിനകത്ത് രൂപപ്പെട്ടുകൊണ്ടിക്കുന്നത് ലോകവിനാശത്തിനായി പദ്ധതിയിട്ടിരിക്കുന്ന വല്ലതുമാണെങ്കിലോ! ഗുരുവായൂരപ്പാ കാത്തോളണേ.
നിശ്ചയദാര്‍ഡ്യമുള്ളവളാണ് പൗളിന്‍, ഒരുദിവസം, അവളത് ചോര്‍ത്തിയെടുക്കുകതന്നെചെയ്തു.

”എനിക്കത് കിട്ടി, ചിരുതേ.”

അവള്‍ ഓടിയെത്തി. കൈവശമുണ്ടായിരുന്നതെന്തോ അവള്‍ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചിരിക്കുകയാണെന്ന് മനസ്സിലായി. തടാകക്കരയില്‍പ്പോയി അവളത് തുറന്നുകാണിച്ചു. ഒരു കടലാസിന്റെ താള്‍.

”പൗളിന്‍, എന്താണതില്‍?”

”E=mc2”

അവള്‍ വെളിപ്പെടുത്തി. അപ്പോഴാണ്, ശ്വാസമൊന്ന് നേരെയായത്. കഷ്ടം, വെറുതെ പേടിച്ചു. പടച്ചതമ്പുരാന്റെ മഞ്ഞിലിരുന്നുകൊണ്ട് ഞങ്ങള്‍ ആശ്വാസത്തോടെ കുറച്ചുനേരം പൊട്ടിച്ചിരിച്ചു. ആല്‍ബര്‍ട്ടിന്റെ അക്ഷരങ്ങള്‍ മറ്റൊരു മട്ടില്‍ ഹിരോഷിമയില്‍നിന്നുള്ള നിലവിളിയായി കേള്‍ക്കുവോളം ശുഭ്രാകാശത്ത് ഞങ്ങളുടെ ചിരി തുടര്‍ന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.