”കറുത്തിരുണ്ട ആകാശത്തിലൂടെ രാവണന് പുഷ്പകവിമാനത്തെ വിദഗ്ധമായി നയിച്ചു. തന്നെ രക്ഷിക്കാന്‍ വന്ന ജഡായുവിനെ രാവണന് ആക്രമിച്ച് താഴേക്കെറിഞ്ഞത് കണ്ട സീത കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സീതയുടെ ഭംഗിയുള്ള മുടിയിഴകള്‍ നോക്കി രാവണന് നിന്നു. സീത, എന്നോടെന്തെങ്കിലും സംസാരിക്കൂ. എത്ര നേരം ഇങ്ങനെ മൗനമായിരിക്കും, രാവണന് മൃദുവായി ചോദിച്ചു. രാവണാ നീ ഈ ചെയ്യുന്നതിനെല്ലാം അനുഭവിക്കും, നിന്റെ ലങ്ക മുഴുവനും അനുഭവിക്കും, സീത ചീറിക്കൊണ്ട് പറഞ്ഞു. എന്ത് വന്നാലും എനിക്ക് പ്രശ്നമില്ല. നിന്നെ ലഭിക്കാനായി ഭൂമി രണ്ടായി പിളര്‍ക്കാനും ഞാന്‍ തയ്യാറാണ്. കനത്ത മഴ വര്‍ഷിച്ചു. ആ കാലാവസ്ഥയില്‍ സീതയുടെ ഭംഗി ഇരട്ടിക്കുന്നതായി രാവണന് തോന്നി. മിന്നലിന്റെ വെളിച്ചത്തില്‍ തവിട്ട് നിറത്തിലുള്ള അവളുടെ ശരീരം രാവണന് ആകര്‍ഷകമായി തോന്നി. നീണ്ട മുടിയും അഴകാര്‍ന്ന അവളുടെ ശരീരത്തെയും നോക്കി കൊണ്ട് രാവണന് സീതയുടെ അടുത്ത് ചെന്ന് പറഞ്ഞു. സീത, എനിക്ക് നിന്നെ ഇഷ്ടമാണ്. എന്റെ കൂടെയെന്നും നീ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി സമ്മതിക്കൂ. എനിക്ക് നിന്നെ ഇങ്ങനെ കഷ്ടപ്പെടുത്തണമെന്ന് ആഗ്രഹമില്ല.”
ഛെ ! നീ എന്താ ഈ എഴുതിയിരിക്കുന്നത്, രാവണന് ഒരിക്കലും ഇങ്ങനെ അപേക്ഷിക്കില്ല. കഥ എഴുതിയാല്‍ ആദ്യം വായിക്കാനായി നല്‍കാറുള്ള സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഞാന്‍ ഞെട്ടിയില്ല. നിന്റെ ഏറ്റവും മോശപ്പെട്ട കഥ ചിലപ്പോള്‍ ഇതാവും. എല്ലാം തിരുത്തി ഒന്നും കൂടി എഴുതി നോക്ക്. ഞാന്‍ ഇത് തിരുത്തുന്നില്ല എനിക്ക് ഇത് ഇങ്ങനെ തന്നെ അയക്കണം, ഞാന്‍ മറുപടി പറഞ്ഞു. നിന്റെ ഇഷ്ടം പോലെ ചെയ്തോ ഞാന്‍ പറയാനുള്ളത് പറഞ്ഞു. അവന് നാളെ കാണാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി.
നീണ്ട ആലോചനക്കൊടുവില്‍ മലയാളത്തിലെ പ്രമുഖ ആഴ്ച്പതിപ്പിലേക്ക് അസുര ഗാഥ എന്ന എന്റെ ഈ കഥ അയച്ചു.
പ്രമുഖ ആഴ്ച്പതിപ്പിലെ എഡിറ്റര്‍ സ്ഥിരമായി ചെയ്യാറുള്ള തന്റെ പ്രവര്‍ത്തി തുടരുകയായിരുന്നു. മെയില്‍ തുറന്ന് പുതുതായി വന്ന എഴുത്തുകള്‍ ഓരോന്നായി വായിച്ച് പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തവയെ മാറ്റി വയ്ക്കുകയായിരുന്നു അദ്ദേഹം.അസുര ഗാഥ എന്ന കഥ വായിച്ചതും അദ്ദേഹം തന്റെ കണ്ണാടി ശരിക്ക് വച്ച്, തലയില്‍ കൈ വച്ച് ചിരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അത് അയച്ച എഴുത്തുകാരന് ഒരു മെയില്‍ അയച്ചു. അദ്ദേഹത്തിന്റെ സ്ഥിരമായ പുച്ഛം കലര്‍ന്ന ചിരി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രതിഫലിച്ചു.
പ്രമുഖ ആഴ്ച്പതിപ്പില്‍ നിന്ന് വന്ന മെയില്‍ സന്ദേശം കണ്ടയുടനെ ഞാന്‍ അത് തുറന്നു നോക്കി. അത് ഇപ്രകാരമായിരുന്നു ‘ ഏയ് മിസ്റ്റര്‍ രാവണന് ഇങ്ങനെ അപേക്ഷിക്കില്ല .ഇങ്ങനെയുള്ള കഥകള്‍ അയച്ച് ഞങ്ങളുടെ സമയം കളയരുത്.
എന്ന്
ശക്തനായ രാവണന്റെ ഒരു ചെറിയ ആരാധകന്
മെയില്‍ വായിച്ചു കഴിഞ്ഞതും അദ്ദേഹത്തിന്റെ പുച്ഛം കലര്‍ന്ന ചിരി ഞാന്‍ മനസ്സില്‍ കണ്ടു.
മറ്റൊരു ആഴ്ച്പതിപ്പിലേക്ക് കഥ അയക്കാനായി ഞാന്‍ തയ്യാറെടുത്തപ്പോള്‍ തിരസ്ക്കരിക്കപ്പെട്ട രാവണന്റെ മുഖം എന്റെ മനസ്സില്‍ അനുഭവപ്പെട്ടു.







No Comments yet!