ഒരാകാശത്തിനും
നിന്നെ തെളിയിക്കാനുള്ള കരുത്തില്ല
നിന്റെ തൊലിപറ്റിയ വക്കുകൾക്ക്
എന്തൊരു മൂർച്ച.
നീ നക്ഷത്രമാവുന്നത്
അനന്തതയിലല്ല, മണ്ണിൽ.
വജ്രം പോലത്
ഉടൽ കീറി മുറിക്കുന്നു
ഉയിരും.
നിന്റെയെല്ലുകൂടുകൾ
ഏകാധിപതികൾക്കു തടവറ
മരണം വരേക്കുമല്ല; ലോകം വരേക്കും.
ചേരാതെ വിടർന്നേയിരുന്ന
നിൻ്റെ കണ്ണുകൾ
ചൂഴ്ന്നു ചെല്ലാത്ത
ഏതു കോണിൽ അവരുറങ്ങും?
നിന്റെ തൊണ്ടയിലേക്കമർന്ന്
മുറുകിയ പാട്ടോളം
ഇനിയേത് സംഗീതം?
ഹെലൻ
ഇരുപത്തിയെട്ടാണ്ടിൽ
നീ നിർമിച്ച കടും കോട്ട
അപരാധികളെ
വെറുതെ വിടില്ല.
നിൻ്റേത്
വാചാലമായ മരണം
നിൻ്റെ തിരോധാനം
നിശ്ശബ്ത
ജീവിതം
നിൻ്റെ ഭാഷയിൽ,
ശബ്ദത്തിൽ
മിടിക്കുന്നു.
നീ ഒരു ഓപറയാണ് ഹെലിൻ
മരിച്ച ശേഷം
മുന്തിയ നൃത്തം ചെയ്യുന്ന ഡാൻസറും.
ലോകം
നിന്റെ തൊണ്ടയിൽ കുരുങ്ങിയിരിക്കുന്നു.
ഒരു പാട്ടുകാരൻ നിന്നെ യാത്രയാക്കി
അധികാരത്തെ മരണ ഇടനാഴിയിലേക്ക് വഴി നടത്തുന്നു
ഹെലിൻ
നീ ദുരധികാരത്തിന്റെ ആരാച്ചാരാണ്
നീ തന്നെ മരിക്കാത്ത വിളക്ക്
ഇരുന്നൂറ്റി എൺപത്തിയെട്ടു നാൾ നീണ്ട
നിന്റെ ദാഹം
ലോകത്തെ വലിച്ചു കുടിക്കുന്നു
കടിച്ചു കുടയുന്നു.
***

Helin Bölek of Turkish band Grup Yorum dies after hunger strike







നല്ല കവിത. അഭിനന്ദനങ്ങൾ