നിയമനഗരത്തിൽ
താമസിയ്ക്കുന്ന ചങ്ങാതി
ഒരിയ്ക്കൽ ചോദിയ്ക്കുകയുണ്ടായി:
ദുഃഖിയ്ക്കുന്നു എന്ന്
നിയമത്തിൻ്റെ പദാവലികളുപയോഗിച്ച്
എങ്ങനെ പറയും?
എല്ലായിടത്തുമെന്നപോലെ,
ആ നഗരത്തിലും
നിയമം ലംഘിക്കുന്നവരെ
കൊണ്ടുപോയിടാൻ
ഒരു ജയിലുണ്ട്;
അതിനകത്തു മാത്രമാണ് നിയമങ്ങൾക്ക് ഇളവ് –
അഥവാ, അവിടെ നിയമങ്ങൾക്ക്
പ്രവർത്തിക്കാൻ കഴിയുന്നില്ല-
അതുകൊണ്ടാവണം,
ആളുകൾ
കൂട്ടത്തോടെ
ജയിൽ നിറയ്ക്കൽ സമരത്തിന്
പോകുന്നു!
മനുഷ്യവേഷം ധരിച്ച
ചില നിയമങ്ങൾ പുറത്ത്
അഭിമാനപൂർവം
ചലിക്കുന്നുണ്ട്-
പരസ്പരം മിണ്ടാൻ പോലും
അവർക്കു ഭയമാണ്:
സംസാരനിയമം തെറ്റിപ്പോകുമോ!
അക്കൂട്ടത്തിലൊരാൾ
വളരെ രഹസ്യമായി ആവശ്യപ്പെട്ടതാണ്:
നിയമം തെറ്റാതെ ദുഃഖിക്കുവാൻ
പറ്റിയ ഒരു വാക്കു വേണം –
നിയമം മാത്രം നിറവേറ്റുന്ന
ജീവിതത്തിൽ ഭയക്കാനോ ദുഃഖിയ്ക്കാനോ
ഒന്നുമില്ല എന്നാണ്
പറയപ്പെടുന്നത്
അപ്പോൾ,
ദുഃഖമുണ്ടായി എന്നതിനർത്ഥം
നിയമം ലംഘിച്ചു എന്നു തന്നെ!
അയാളാണെങ്കിൽ,
നിയമം തെറ്റിച്ച് ശ്വസിച്ചിട്ടു കൂടിയില്ല:
എന്നിട്ടും,
എവിടെ നിന്നാണ് ദുഃഖം
ഉറപൊട്ടിക്കൊണ്ടിരിയ്ക്കുന്നത്?’
***
കവിപരിചയം:

ഇ.എം. സുരജ
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ അദ്ധ്യാപിക. ബലിയും പുനർജ്ജനിയും, ‘കവിതയിലെ കാലവും കാല്പാടുകളും’, ‘മാരാരുടെ നിരൂപണം വഴിയും പൊരുളും’, ‘മലയാള കാവ്യ പരിണാമം – വള്ളത്തോളിന്റെ സംഭാവന’, (നിരൂപണം) ഒരിലയ്ക്ക് എങ്ങനെയൊക്കെ പറക്കാം (കവിത) ഇഷ്ടത്തിപ്പൂച്ച (കുട്ടിക്കവിത ) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.







No Comments yet!