
രാജവംശങ്ങളുടെയും യുദ്ധങ്ങളുടെയും തീയതികളുടെയും വിവരണമല്ല, ഉൽപ്പാദനോപാധികളിലെയും ബന്ധങ്ങളിലെയും തുടർച്ചയായ മാറ്റങ്ങളുടെ കാലക്രമത്തിലുള്ള അവതരണമാണ് ചരിത്രമെന്നാണ് – ‘ആൻ ഇൻട്രൊഡക്ഷൻ ടു ദി സ്‌റ്റഡി ഓഫ് ഇന്ത്യൻ ഹിസ്‌റ്ററി’ 1956 (ഇന്ത്യാ ചരിത്ര പഠനത്തിന് ഒരാമുഖം) എന്ന കൃതിയുടെ തുടക്കത്തിൽ ദാമോദർ ധർമാനന്ദ് കൊസാംബി നിരീക്ഷിച്ചിട്ടുള്ളത്. നിശ്ചിത ജനതയുടെ കൈവശം കലപ്പ ഉണ്ടായിരുന്നോ ഇല്ലയോ എന്നറിയുന്നത് അവരുടെ രാജാവിന്റെ പേര് മനസിലാക്കുന്നതിനെക്കാൾ പ്രധാനമാണെങ്കിൽ ഇന്ത്യയ്‌ക്കൊരു ചരിത്രമുണ്ട്.

ഇരുണ്ടതും പലപ്പോഴും ശൂന്യവുമായ കാലഘട്ടങ്ങളിലേക്ക് യഥാർഥ വെളിച്ചംവീശാൻ വരണ്ട വൃത്താന്തങ്ങളെക്കാൾ കൂടുതൽ ആവശ്യമാണ്. സാധാരണക്കാരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയിലൂടെ ചരിത്രാതീതകാലം പരിശോധിക്കണം. ഉപജീവനമാർഗങ്ങളുടെ സാമൂഹിക ഉൽപാദനത്തിൽ മനുഷ്യർ സ്വന്തം ഇച്ഛാശക്തിയിൽനിന്ന് സ്വതന്ത്രമായ അനിവാര്യമായ ബന്ധങ്ങളിൽ ഏർപ്പെടുന്നു. ഉൽപാദന ശക്തികളുടെ വികാസത്തിന്റെ നിശ്ചിത ഘട്ടവുമായി പൊരുത്തപ്പെടുന്ന ബന്ധങ്ങൾ എന്നർഥം. അതിന്റെ ആകെത്തുക സമൂഹത്തിന്റെ സാമ്പത്തിക ഘടന രൂപപ്പെടുത്തും. നിയമപരമായും രാഷ്ട്രീയമായും ഉപരിഘടന ഉടലെടുക്കുന്നതിനും സാമൂഹിക ബോധത്തിന്റെ നിർദ്ദിഷ്ട രൂപങ്ങൾ യോജിക്കുന്നതിനുള്ള യഥാർഥ അടിത്തറയാണത്. ഭൗതിക നിലനിൽപ്പിനുള്ള ഉപാധികളുടെ ഉൽപാദന രീതി സാമൂഹിക, രാഷ്ട്രീയ, ബൗദ്ധിക ജീവിതത്തിന്റെ മുഴുവൻ പ്രക്രിയകളെയും നിയന്ത്രിക്കുന്നു. ചരിത്രകാരന്റെ ധർമം ഭൂതകാലത്തെ സ്നേഹിക്കുകയോ അതിൽനിന്ന് സ്വയം മോചിപ്പിക്കുകയോയല്ല, വർത്തമാനകാലത്തെ മനസ്സിലാക്കുന്നതിനുള്ള താക്കോലായി അതിൽ പ്രാവീണ്യം നേടുകയാണ്. വർത്തമാനകാല പ്രശ്നങ്ങൾ സംബന്ധിച്ച ഉൾക്കാഴ്ചയിലൂടെ ഭൂതകാല ദർശനം പ്രകാശിക്കുമ്പോഴാണ് മഹത്തായ ചരിത്രം എഴുതപ്പെടുന്നത്. ഭൂതകാലത്തിന്റെ വെളിച്ചത്തിൽ വർത്തമാനത്തെ പഠിക്കുക എന്നതിന്റെ അടിവര വർത്തമാനകാല വെളിച്ചത്തിൽ ഭൂതകാലം വേർതിരിച്ചെടുക്കുക എന്നുകൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. സാമ്രാജ്യത്വ പ്രത്യയശാസ്‌ത്ര പദ്ധതികളുടെ ന്യൂനോക്തികൾക്കും ദേശീയ ധാരയുടെ അത്യുക്തികൾക്കും ബദലായി ബഹുശാഖീ സമ്പ്രദായ(ഇന്റർ ഡിസിപ്ലിനറി അപ്രോച്ച്) ത്തിലൂടെ ഇന്ത്യാ ചരിത്രം അന്വേഷിച്ച കൊസാംബിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയ പ്രൊഫസർ സുമിത് സർക്കാർ 2026 ആഗസ്‌ത് 14ന് നിര്യാതനായി. അങ്ങനെ വിട്ടുവീഴ്ചയില്ലാത്ത ചരിത്രാന്വേഷണത്തിന്റെ ശാസ്‌ത്രീയമായ അധ്യായത്തിന് അന്ത്യം കുറിച്ചു. ആ വിയോഗം അക്കാദമിക് ലോകത്തെയും ചരിത്ര ഗവേഷകരെയും ദുഃഖത്തിലാഴ്ത്തുക മാത്രമല്ല, സിവിൽ സർവീസസ്, നെറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. മൂന്ന് ദശാബ്ദത്തിലേറെ ദില്ലി സർവകലാശാല അധ്യാപകനായ അദ്ദേഹം ദീർഘനാളത്തെ അസുഖത്തെ തുടർന്നാണ് 87‐ാം വയസ്സിൽ വിടപറഞ്ഞത്. സുമിത് സർക്കാർ മികച്ച പണ്ഡിതനും വളരെ നല്ല മനുഷ്യനുമായിരുന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്നില്ലെങ്കിലും ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള എന്റെ ഗ്രാഹ്യം ആഴത്തിൽ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ “ദി സ്വദേശി മൂവ്‌മെന്റ് ഇൻ ബംഗാൾ’, “റൈറ്റിങ് സോഷ്യൽ ഹിസ്റ്ററി’, പ്രത്യേകിച്ച് “മോഡേൺ ഇന്ത്യ: 1885-‐1947” എന്നീ പുസ്തകങ്ങളാണ്. തുടർന്ന് ‘പോപ്പുലർ മൂവ്‌മെന്റ്‌സ് ആൻഡ് മിഡിൽ-ക്ലാസ് ലീഡർഷിപ്പ് ഇൻ ലേറ്റ് കൊളോണിയൽ ഇന്ത്യ’ തുടങ്ങിയവ ഇന്ത്യയിലും വിദേശത്തുമുള്ള തലമുറകളെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷവും അവ നിലനിൽക്കുമെന്നാണ് സാമൂഹ്യ നിരീക്ഷകൻ രാമചന്ദ്ര ഗുഹ അനുസ്‌മരിച്ചത്.

ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധം
ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി സുമിത്തിന്റെ പേര് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വിഷയം മുൻനിർത്തിയുള്ള പുസ്തകം ഒഴിച്ചുകൂടാനാവാത്തതാണെന്നാണ് പണ്ഡിത സമൂഹത്തിന്റെ വിലയിരുത്തൽ. മുകളിൽനിന്നുള്ള വരേണ്യ ആഖ്യാനങ്ങളിൽ നിന്ന് മാറി ദേശീയവാദ സമാഹരണം, വിദ്യാർഥി ‐കർഷക പങ്കാളിത്തം, മിതവാദികളും തീവ്രവാദികളും തമ്മിലെ ആന്തരിക സംഘർഷങ്ങൾ എന്നിവ വിശകലനം ചെയ്യാൻ സൂക്ഷ്മമായ ഗവേഷണം ഉപയോഗിച്ചു. ചരിത്രകാരൻ സുശോഭൻ ചന്ദ്ര സർക്കാരിന്റെ മകനായി 1939 ൽ ജനിച്ച സുമിത്ത് കൽക്കട്ട പ്രസിഡൻസി കോളേജിലായിരുന്നു ഓണേഴ്‌സ് പഠനം. ധാക്കയിലെ ബ്രഹ്മ കുടുംബത്തിലായിരുന്നു സുശോഭന്റെ ജനനം. അവിടെ കൊളീജിയറ്റ് സ്കൂളിൽനിന്ന് ബിരുദം നേടി. 1923 മുതൽ 1925 വരെ ഓക്‌സ്‌ഡിലെ ജീസസ് കോളേജിൽ ഉന്നത വിദ്യാഭ്യാസം നടത്തി. രവീന്ദ്രനാഥ ടാഗോറിന്റെ സജീവ ശിക്ഷണത്തിൽ വിശ്വഭാരതി, ശാന്തിനികേതൻ എന്നിവയുടെ ഭരണനേതൃത്വത്തിലുണ്ടായി. മാർക്സിസ്റ്റ്, ഗ്രാംഷീയൻ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം ആധുനിക യൂറോപ്പിന്റെ ചരിത്രം, പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണഘടനയുടെ വികാസവും പടിഞ്ഞാറൻ യൂറോപ്പിലെ രാഷ്ട്രീയ ചിന്തയും മുനനിർത്തി പഠനങ്ങൾ നടത്തി. കൽക്കട്ട സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയ സുമിത്ത് ബർദ്വാൻ ‐ കൽക്കട്ട സർവകലാശാലകളിൽ അധ്യാപകനായി. ലണ്ടനിലെ വുൾഫ്സൺ കോളേജ് ഫെലോയും ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറും. 1974 മുതൽ 2004 വരെ ദില്ലി സർവകലാശാലയിലായിരുന്നു ചരിത്ര പ്രൊഫസർ എന്ന നിലയിലുള്ള ഏറ്റവും ദൈർഘ്യമേറിയ സേവനം. തുടർന്ന് എമറിറ്റസ് പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചു. ചരിത്രകാരി തനിക സർക്കാർ ഭാര്യയും 2013 മുതൽ വാർവിക്ക് സർവകലാശാലയിൽ സൗത്ത് ഏഷ്യൻ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറായ ആദിത്യ സർക്കാർ മകനും. ദില്ലി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രൊസറായ തനിക കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ ദക്ഷിണേഷ്യയിലെ മതം, ലിംഗഭേദം, രാഷ്ട്രീയം എന്നിവയുടെ വിഭജനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; പ്രത്യേകിച്ച് വനിതകളെയും ഹിന്ദു വലതുപക്ഷത്തെയും. പ്രസിഡൻസി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ അമൽ ഭട്ടാചാര്യയുടെയും സംസ്‌കൃത പണ്ഡിത സുകുമാരി ഭട്ടാചാര്യയുടെയും മകളായി ജനിച്ചു. 1972-ൽ കൊൽക്കത്ത സർവകലാശാലയിലെ പ്രസിഡൻസി കോളേജിൽനിന്ന് ബിരുദം. 1974-ൽ കൊൽക്കത്ത സർവകലാശാലയിൽനിന്ന് എംഎയും 1981- ൽ ദില്ലി സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും. സെന്റ് സ്റ്റീഫൻസ്, ഇന്ദ്രപ്രസ്ഥ കോളേജുകൾ, ചിക്കാഗോ സർവകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചിരുന്നു. ബംഗാൾ 1928-‐1934: ദി പൊളിറ്റിക്സ് ഓഫ് പ്രൊട്ടസ്റ്റ്,വേഡ്സ് ടു വിൻ: എ മോഡേൺ ഓട്ടോബയോഗ്രഫി, വിമൻ ആൻഡ് ദി ഹിന്ദു റൈറ്റ് ( ഉർവശി ബുട്ടാലിയയ്‌ക്ക്കൊപ്പം -എഡിറ്റ് ചെയ്തത്), റിബൽസ്, വൈവ്സ്, സെയിന്റ്സ്: ഡിസൈനിങ് സെൽവ്സ് ആൻഡ് നേഷൻസ് ഇൻ കൊളോണിയൽ ടൈംസ്, കാസ്റ്റ് ഇൻ മോഡേൺ ഇന്ത്യ: എ റീഡർ (രണ്ട് വാല്യങ്ങൾ‐സഹ എഡിറ്റർ സുമിത് സർക്കാർ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. തൊഴിലാളി ചരിത്രവും വ്യാവസായിക പോരാട്ടങ്ങളും, 19-‐ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതിന്റെ തുടക്കത്തിലും ഇന്ത്യയിലെ പ്ലേഗിന്റെ സാമൂഹിക പശ്‌ചാത്തലം, ധൈഷണിക ചരിത്രം, ഇടതുപക്ഷ രാഷ്ട്രീയം, സ്വേച്ഛാധിപത്യ ജനകീയതയും സമകാലിക വലതുപക്ഷവും തുടങ്ങിയ മേഖലകളിലാണ് ആദിത്യ സർക്കാറിന്റെ അന്വേഷണങ്ങൾ. ഗാന്ധിയും ഇന്ത്യൻ ദേശീയതയും, 20‐ാം നൂറ്റാണ്ടിലെ ഇന്ത്യ: കൊളോണിയലിസം, ജനാധിപത്യം, പ്രതിഷേധം, ഇന്ത്യയും പോസ്റ്റ് കൊളോണിയൽ ജനാധിപത്യത്തിന്റെ പ്രശ്നവും, 19‐ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബോംബെയിലെ ഫാക്ടറി നിയമവും തൊഴിൽ പ്രശ്നത്തിന്റെ ആവിർഭാവവും, പകർച്ചവ്യാധികൾ, തൊഴിൽ ബന്ധങ്ങൾ, രാഷ്ട്രീയ ഭരണകൂടങ്ങൾ: ഇന്ത്യയിലെ ബ്യൂബോണിക് പ്ലേഗും കോവിഡ്-19 പ്രതിസന്ധികളും, വർഗത്തിന്റെ രാഷ്ട്രീയം: ഭൂതകാലവും വർത്തമാനവും, മഹാമാരിയും തൊഴിൽ ബന്ധങ്ങളും: അന്നും ഇന്നും, നന്ദിഗ്രാമും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രൂപഭേദങ്ങളും തുടങ്ങിയവ ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങൾ.
ഗാന്ധിജിയെക്കുറിച്ചുള്ള അഗാധമായ ഗ്രാഹ്യം പ്രശസ്‌തം
സുമിത് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ വിവിധ സാമൂഹിക വിഭാഗങ്ങളുടെയും വർഗങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും അനുഭവങ്ങളിലൂടെ കൊളോണിയലിസം, ദേശീയത, സ്വാതന്ത്ര്യ പ്രസ്ഥാനം എന്നിവ പരിശോധിക്കുന്നതിലെ ആധികാരിക ശബ്ദമായി. ദേശീയതയുടെ പരമ്പരാഗതവും നേതൃകേന്ദ്രീകൃതവുമായ വീക്ഷണങ്ങളെ വെല്ലുവിളിക്കുന്നതിലും മുന്നിട്ടുനിന്നു. ഗാന്ധിജിയെക്കുറിച്ചുള്ള അഗാധമായ ഗ്രാഹ്യം പ്രശസ്‌തം. ‘മോഡേൺ ഇന്ത്യ: 1885–1947’ അദ്ദേഹത്തെ മികച്ച തന്ത്രജ്ഞനായി വിലയിരുത്തി. ഇന്ത്യയുടെ ജനകീയാവസ്ഥയെ അതുല്യമായി മനസ്സിലാക്കി വൈവിധ്യമാർന്നതും വൈരുധ്യമുള്ളതുമായ സാമൂഹിക വിഭാഗങ്ങളെ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലേക്ക് ഒരുമിച്ച് കൊണ്ടുവന്ന ഏകീകൃത കുടയായി പ്രവർത്തിച്ചുവെന്നും വിലയിരുത്തി. വ്യത്യസ്ത പ്രത്യയശാസ്ത്ര പശ്ചാത്തലമുള്ളവർക്ക് ഒരുമിച്ച് പോരാടാൻ വിശാല രാഷ്ട്രീയ ചട്ടക്കൂട് തീർക്കുകയും ചെയ്‌തു. 1942- ആഗസ്‌ത് എട്ടിന് ആരംഭിച്ച – ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പോലുള്ള സമയങ്ങളിൽ – കമ്യൂണിസ്റ്റുകാരെപ്പോലുള്ള സമകാലിക രാഷ്ട്രീയ ശക്തികളെക്കാൾ നന്നായി ഗാന്ധിജി ബഹുജന വികാരം മനസ്സിലാക്കിയിരുന്നുവെന്നും സുമിത് അഭിപ്രായപ്പെട്ടു. വർഗീയ കലാപത്തിനിടെ നവഖാലിയിൽ നടത്തിയ ധീരമായ സമാധാന ദൗത്യത്തെ മഹാത്മാവിന്റെ ഏറ്റവും മികച്ച മണിക്കൂർ എന്നാണ് വിശേഷിപ്പിച്ചതും. അപ്പോഴും നേതൃത്വത്തിന്റെ അന്തർലീനമായ ബലഹീനതകളും ബൂർഷ്വാ പരിമിതികളും വിട്ടുകളഞ്ഞില്ല. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കവെ നവഖാലിയിലൂടെ നഗ്നപാദനായി പദയാത്ര നടത്തിയതുപോലുള്ള വിവരണങ്ങൾ ഹൃദയസ്‌പർശിയാണ്. ചരിത്രത്തിലെ ഒരു നിമിഷം എന്ന നിലയിൽ മാത്രമല്ല, ധാർമിക ധീരതയോടെ ചരിത്രത്തിൽ ജീവിക്കുക എന്നതിന്റെ ഓർമപ്പെടുത്തലായി ആ ചിത്രം ഏവരിലും തങ്ങിനിൽക്കും. ബഹുസ്വരതയെ മുറുകെപിടിച്ച കടുത്ത ഫാസിസ്റ്റ് വിരുദ്ധനായി നിലകൊണ്ട സുമിത്ത് ചരിത്രത്തെ ജനാധിപത്യ പദ്ധതിയായി പര്യവേക്ഷണം ചെയ്തു. ധൈഷണികരും മഹാന്മാരായ നേതാക്കളും എന്ത് ചിന്തിച്ചുവെന്നതുപോലെ പ്രധാനമായിരുന്നു സാധാരണ ക്കാരുടെ ചെറിയ സംഭവങ്ങളും കൊച്ചു കലാപങ്ങളും ധൈര്യവും പോരാട്ടങ്ങളുമെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. അപൂർവമായ ബൗദ്ധിക സ്വാതന്ത്ര്യത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്. രാഷ്ട്രീയ കടന്നുകയറ്റത്തിനെതിരെ മതനിരപേക്ഷവും തെളിവുകൾ അടിസ്ഥാനമാക്കിയതുമായ ചരിത്രത്തിന്റെ ഉറച്ച സംരക്ഷകനായി. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പഠനനങ്ങൾക്ക് 2003- ൽ ഇന്ത്യൻ ഹിസ്റ്ററി ആൻഡ് കൾച്ചർ സൊസൈറ്റിയിൽ നിന്ന് സരിത് ചാറ്റർജി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. അടുത്ത വർഷം “റൈറ്റിങ് സോഷ്യൽ ഹിസ്റ്ററി’’ രബീന്ദ്ര പുരസ്‌കാരം നേടി. സിപിഐ‐എം നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷകരെ അക്രമാസക്തമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് 2007-ൽ പ്രശസ്തിപത്രം തിരികെ നൽകുകയും സമ്മാനത്തുക ഗ്രാമീണർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി.
പ്രഭാഷണവേളയിൽ നിറഞ്ഞു കവിയുമായിരുന്ന ക്ലാസ് മുറികൾ
പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും തത്ത്വചിന്തകനും മധ്യകാലപണ്ഡിതനുമായ ഉംബർട്ടോ ഇക്കോയുടെ “ദി നെയിം ഓഫ് ദി റോസ്’ (1980)വായിക്കാൻ തന്റെ ബിരുദാനന്തര ബിരുദ വിദ്യാർഥികളോട് നിർദേശിച്ചു. 1327-ൽ ഇറ്റാലിയൻ ആശ്രമത്തിൽ നടക്കുന്ന കൊലപാതക രഹസ്യമാണതിൽ. ഫിക്ഷൻ, ബൈബിൾ വിശകലനം, മധ്യകാല പഠനങ്ങൾ, സാഹിത്യ സിദ്ധാന്തം എന്നിവയിലെ സെമിയോട്ടിക്സ് സംയോജിപ്പിക്കുന്ന ബൗദ്ധിക രഹസ്യവും. 1983- ൽ വില്യം വീവർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1981-ലെ സ്ട്രെഗ പ്രൈസ്, 1982-ലെ പ്രിക്സ് മെഡിസിസ് എട്രാഞ്ചർ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുമിത്ത് പ്രഭാഷണങ്ങൾ നടത്തുമ്പോൾ ക്ലാസ് മുറികൾനിറഞ്ഞു കവിയുമായിരുന്നു. പൂർണ നിശബ്ദത മറ്റൊരു പ്രത്യേകത. അതിസങ്കീർണ ചരിത്ര സിദ്ധാന്തങ്ങൾപോലും ലളിതവും ആകർഷകവുമായ രീതിയിൽ വിശദീകരിക്കും. അതിനാൽ ആർക്കും വിരസത അനുഭവപ്പെട്ടില്ല. പ്രതിഭാധനനായ മികച്ച അധ്യാപകനെന്ന നിലയിൽ തലമുറകളുടെ പണ്ഡിതന്മാരെ രൂപപ്പെടുത്തി. കർശനമായ അന്വേഷണത്തിന്റെയും സ്വയം നവീകരണത്തിന്റെയും പാരമ്പര്യം എക്കാലവും പ്രചോദനമായി നിലനിൽക്കും. അവസാന നാളുകൾവരെ ഗവേഷകരുമായി സംവദിച്ചു. യുപിഎസ്‌സി പരീക്ഷാർഥികൾക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വഴികാട്ടിയായി.സിവിൽ സർവീസിനോ ഉന്നത വിദ്യാഭ്യാസത്തിനോ തയ്യാറെടുക്കുന്ന എല്ലാവരുടെയും പുസ്തക ശേഖരത്തിൽ സുമിത്തിന്റെ പുസ്തകങ്ങളുണ്ടാവും. “മോഡേൺ ഇന്ത്യ: 1885-‐1947’സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരിക പഠനഗ്രന്ഥമായി അംഗീകരിക്കപ്പെടുന്നു. ഉന്നത നിലവാരമുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പാഠപുസ്തകം ആഖ്യാനത്തെ മൂന്ന് വിശാല ഘട്ടങ്ങളായി ക്രമീകരിച്ചു – മിതവാദ ഘട്ടം (1885–1905), സ്വദേശി‐ വിപ്ലവ ഘട്ടം (1905–1918), ഗാന്ധിയൻ ഘട്ടം (1918–1947). – അതേസമയം അഗാധമായ സാമ്പത്തിക, സാമൂഹിക വിമർശനങ്ങൾ സമന്വയിപ്പിച്ചു.
കൊളോണിയൽ ചൂഷണം, സമ്പത്ത് ചോർച്ച, വ്യവസായവൽക്കരണം, കാർഷിക ദുരിതം എന്നിവയെയും വിശകലനം ചെയ്തു. കർഷക കലാപങ്ങൾ, തൊഴിലാളി സമരങ്ങൾ, ദളിത് പ്രസ്ഥാനങ്ങൾ, ലിംഗപരമായ പ്രശ്‌നങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിലൂടെ, സമൂല സാമ്പത്തിക അജണ്ടകളുള്ള ബഹുജന പ്രസ്ഥാനങ്ങൾ ദേശീയ നേതാക്കളെ തുടർച്ചയായി സമ്മർദ്ദത്തിലാക്കുകയും സ്വാധീനിക്കുകയും ചെയ്തതെങ്ങനെയെന്ന് തെളിയിച്ചു. എൻഡിടിവി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത് തുടങ്ങിയ പരിപാടികളുടെ അവതാരകനും പ്രശസ്‌ത മാധ്യമ പ്രവർത്തകനുമായ രവീഷ് കുമാറിന്റെ ഓർമകൾ മറക്കാനാവില്ല. പ്രൊഫസർ സുമിത് സർക്കാരിന്റെ ക്ലാസ്സിൽ ഇരിക്കാൻ എനിക്ക് അവസരം ലഭിച്ചു. മുഴുവൻ മണിക്കൂറുകളും തിങ്ങിനിറഞ്ഞിരിക്കും. പ്രൊഫസറെ പോലെ അദ്ദേഹം ഒരിക്കലും അകത്തുകടന്നില്ല. ചോദ്യങ്ങളാൽ ചുറ്റപ്പെട്ട ലജ്ജാശീലനായ വിദ്യാർഥിയെപ്പോലെയാണ് വന്നത്. വിനയപൂർവം നിന്ന് ചരിത്രത്തിന്റെ ക്യാൻവാസ് കൂടുതൽ ആഴത്തിലാക്കും. പാണ്ഡിത്യത്തിന്റെ ഒഴുക്കിനിടയിൽ പെട്ടെന്ന് പരിഹാസത്തിന്റെ ചെറിയ ഇടങ്ങളിലൂടെ ക്ലാസ്സ് ഒപ്പമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കും. ശ്രദ്ധ വഴിതെറ്റിയാൽ പരിഹാസവും പ്രഭാഷണവും നഷ്ടമാവും. അദ്ദേഹത്തിന്റെ അറിവിന്റെ വ്യാപ്തി ഹിമാലയ പർവതം പോലെ നീണ്ടു, എന്നിട്ടും ഒരിക്കലും സ്വയം അടിച്ചേൽപ്പിച്ചില്ല. മഹാനായ ചരിത്രകാരന്റെ ക്ലാസ്സിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഒരിക്കലും പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ചില്ലെന്നതും പ്രധാനം. അദ്ദേഹത്തിന്റെ വിദ്യാർഥികൾ അപ്പോഴേക്കും ഉന്നത ചരിത്രകാരന്മാരായി മാറിയിരുന്നു. സുമിത് സർക്കാരിന്റെ അധ്യാപക ശൈലിയെ ഗാന്ധിയനെന്നും ജനാധിപത്യപരം എന്നും വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്നതുതന്നെ മെഡൽ അർഹിക്കുന്നതായിരുന്നു. സുമിത്, സുനിൽ കുമാർ,ഗ്യാനേന്ദ്ര പാണ്ഡെ, ഷാഹിദ് അമീൻ എന്നിവരുടെ ക്ലാസുകളിലിരുന്നത് വിദ്യാർഥി ജീവിതകാലം സന്തോഷകരമായ ഒന്നാക്കി മാറ്റി. രാജ്യത്തിന് നഷ്ടമായത് മികച്ച ചരിത്രകാരനെ മാത്രമല്ല ഉജ്വലനായ അധ്യാപകനെയുമാണ്. അനന്തമായ അറിവിന്റെ ശേഖരത്തിനൊപ്പം പതുക്കെ സഞ്ചരിച്ച എല്ലാ ദിവസവും പഠിപ്പിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ഗുരു. ഓരോ വിദ്യാർഥി ജീവിതവും അത്തരമൊരു ഗുരുനാഥനെ കൊണ്ടുവരട്ടേ. ചരിത്രം പഠിക്കുമ്പോഴും ഭാവന മരിക്കാൻ അനുവദിക്കരുതെന്ന് ഓർമിപ്പിക്കുകയുമുണ്ടായെന്നാണ് രവീഷ് കുമാർ കൂട്ടിച്ചേർത്തത്.
കീഴാള പഠന ശാഖയോട് അടുത്തും അകന്നും
മാർക്‌സിസ്‌റ്റ് ചരിത്ര വീക്ഷണത്തിലൂടെ ആരംഭിച്ച സുമിത്ത് ആ നിലയിൽ വസ്‌തുതകൾ ഗവേഷണംചെയ്ത് രചനകളിൽ മുഴുകിയെങ്കിലും കീഴാള പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ അതിന്റെ വക്താവായി മാറി. പിന്നീട് ആ അക്കാദമിക് രീതിശാസ്‌ത്രത്തിന്റെ വിമർശകനായി. പോസ്റ്റ് കൊളോണിയൽ പഠനങ്ങളിൽ ശാശ്വത സ്വാധീനം ചെലുത്തിയ, 1996-ൽ ആസ്‌ത്രേലിയൻ അക്കാദമി ഓഫ് ഹ്യുമാനിറ്റീസിന്റെ ഓണററി ഫെലോയായി നാമനിർദ്ദേശം ചെയ്യപ്പെട്ട, ‘എലമെന്ററി ആസ്‌പെക്ട്‌സ് ഓഫ് പെസന്റ് ഇൻസർജൻസി ഇൻ കൊളോണിയൽ ഇന്ത്യ’ 1983 (കൊളോണിയൽ ഇന്ത്യയിലെ കർഷക കലാപത്തിന്റെ പ്രാഥമിക വശങ്ങൾ)എന്ന പ്രൗഢഗംഭീര പഠനത്തിന്റെ കർത്താവായ രണജിത് ഗുഹ സ്ഥാപിച്ചതാണ് സബാൾട്ടേൺ സ്‌റ്റഡീസ്. കർഷകർ, ഗോത്ര സമൂഹങ്ങൾ, താഴ്ന്ന ജാതിക്കാർ, തൊഴിലാളിവർഗങ്ങൾ എന്നിവരുടെ ദൈനംദിന ജീവിതം, പ്രതിരോധം, സ്വയംഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആ എലിറ്റിസ വിമർശനം ഇറ്റാലിയൻ മാർക്സിസ്റ്റ് തത്ത്വചിന്തകൻ അന്റോണിയോ ഗ്രാംഷിയിൽ നിന്നാണ് കീഴാളൻ എന്ന ആശയം കടംകൊണ്ടത്. അത് അധഃസ്ഥിത പദവിയെയും സാമൂഹിക ഒഴിവാക്കലിനെയും സൂചിപ്പിക്കുന്നു. കർഷക കലാപ ബോധത്തിന് ഊന്നൽ നൽകി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി ആദ്യകാല വാല്യങ്ങൾ എഡിറ്റ് ചെയ്‌തതും രണജിത് ഗുഹ. പാർത്ഥ ചാറ്റർജിയും ദീപേഷ് ചക്രബർത്തിയും ആധുനിക ദേശീയവാദ വ്യവഹാരങ്ങളും യൂറോകേന്ദ്രീകൃത വിജ്ഞാന സംവിധാനങ്ങളും പ്രാദേശിക‐ കീഴാള യാഥാർഥ്യങ്ങളെ എങ്ങനെ അരികുവൽക്കരിക്കുന്നുവെന്ന് വിശദീകരിച്ചു. പ്രാഥമികമായി മാർക്സിസ്റ്റ്- ചട്ടക്കൂടിൽനിന്ന് വിശാലമായ സാംസ്കാരിക പഠനങ്ങൾ, വ്യവഹാര വിശകലനം, ലിംഗ വിമർശനം എന്നിവയിലേക്ക് നീങ്ങി. ഗായത്രി സ്പിവാക്കിന്റെ “കാൻ ദി സബാൾട്ടേൺ സ്പീക്ക്’ പഠനം ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിലോ ജാതി ചലനാത്മകതയിലോ കീഴാള പഠനങ്ങൾ എങ്ങനെ ബാധകമാണെന്ന് ചർച്ചചെയ്‌തു.
‘ദി ഡിക്ലൈൻ ഓഫ് ദി സബാൾട്ടേൺ ഇൻ സബാൾട്ടേൺ സ്റ്റഡീസ്’ എന്ന സുമിത് സർക്കാറിന്റെ പ്രബന്ധം ദിശാസൂചന നൽകി. ‘പ്രോബ്ലംസ് ആൻഡ് പെർസ്പെക്റ്റീവ്സ് ഓഫ് എ ഹിസ്റ്ററി ഫ്രം ബിലോ’ മറ്റൊരു ഇടപെടൽ. റൈറ്റിങ് സോഷ്യൽ ഹിസ്റ്ററി ബിയോണ്ട് നാഷണലിസ്റ്റ് ഫ്രെയിംസ് തുടങ്ങിയ കൃതികളിൽ അഭിപ്രായം വിപുലമാക്കി. സമൂഹം എന്ന അവ്യക്തവും കാല്പനികവുമായ സങ്കൽപ്പത്തിന് അനുകൂലമായി യഥാർഥ ചൂഷിത വിഭാഗങ്ങളെ (കർഷകർ, തൊഴിലാളികൾ, ദലിതർ, ഗോത്രങ്ങൾ) കുറിച്ചുള്ള ആദ്യകാല ശ്രദ്ധ ഉപേക്ഷിച്ചുവെന്ന് വാദിച്ചു. അവ മൂർത്ത സാമ്പത്തിക, രാഷ്ട്രീയ യാഥാർഥ്യങ്ങളിൽനിന്ന് സാംസ്കാരിക പ്രതിനിധാനങ്ങളെ വേർപെടുത്തിയതായി കരുതി. പാർത്ഥ ചാറ്റർജിയെപോലുള്ള പിൽക്കാല കീഴാളവാദികൾ ജ്ഞാനോദയം, മതനിരപേക്ഷത, ദേശീയ രാഷ്ട്രം എന്നിവയെ പൂർണമായും നിരാകരിച്ചത് ഹിന്ദു ദേശീയതയ്ക്ക് അനുയോജ്യമായ തദ്ദേശീയ വാദങ്ങളുമായി അബദ്ധവശാൽ യോജിച്ചുവെന്ന് സൂചിപ്പിച്ചത് ശ്രദ്ധേയം. എലീറ്റ്, സബാൾട്ടേൺ വിഭജനങ്ങൾക്കിടയിൽ കേവലവും കർക്കശവുമായ വേർതിരിവിനുള്ള പദ്ധതിയുടെ ആദ്യകാല നിർബന്ധം സൈദ്ധാന്തിക കെണിയൊരുക്കിയെന്നും അത് പിന്നീട് ചട്ടക്കൂടിന് സാംസ്കാരിക അവശ്യവാദത്തിലേക്ക് വഴുതിവീഴുന്നത് എളുപ്പമാക്കിയെന്നും അഭിപ്രായപ്പെട്ടു.
ചരിത്രം സംബന്ധിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പതിവുകൾ മാറ്റിമറിച്ചു
വലതുപക്ഷ ഭീകരവാദ പ്രവണതകളുടെ വളർച്ചക്കെതിരെ ജീവിതാന്ത്യംവരെ സുമിത്ത് തൂലികചലിപ്പിച്ചുക്കൊണ്ടിരുന്നു. സാമൂഹിക അന്തരീക്ഷവും സ്ത്രീ മുന്നേറ്റങ്ങളും മറ്റ് പ്രധാന പരിസരങ്ങൾ. സാമ്രാജ്യത്വ‐ദേശീയവാദ ആഖ്യാനങ്ങളിൽനിന്ന് സാമൂഹിക-‐സാമ്പത്തിക പ്രക്രിയകളിലേക്കും ജനകീയ പോരാട്ടങ്ങളിലേക്കും അധ്വാനിക്കുന്നവരിലേക്കും ശ്രദ്ധ പുനഃക്രമീകരിച്ചു. മിക്ക പഠനങ്ങൾപോലെ ആ ആശയങ്ങളും വർത്തമാനകാലത്തോട് ഇനിയും സംവദിക്കും. അദ്ദേഹം രചിച്ച ആധുനിക ഇന്ത്യാ ചരിത്രം ജഡമായിരുന്നില്ല, മറിച്ച് വൈരുധ്യങ്ങളുടെയും സംഘർഷങ്ങളുടെയും അഭിലാഷങ്ങളുടെയും സമൂഹത്തിന്റെ പല തലങ്ങളുടെയും ജീവിതമാണ്. അങ്ങനെ ആധുനിക ചരിത്രത്തെ സാധാരണ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതി മാറ്റിമറിച്ചു. സുമിത്ത് എഴുത്തുകാരനോ അക്കാഡമീഷ്യനോ പ്രൊഫസറോ മാത്രമായിയിരുന്നില്ല; ചരിത്രം എങ്ങനെ വായിക്കപ്പെടുന്നു എന്നതിത് സംബന്ധിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പതിവുകൾ അടിമുടി മാറ്റിമറിച്ചു. ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും വൈസ്രോയിമാരുടെയും നേതൃരൂപങ്ങളുടെയും അധിനിവേശങ്ങളുടെയും യുദ്ധങ്ങളുടെയും കഥ മാത്രമല്ലെന്നും കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും പോരാട്ടങ്ങളിലും അതിന് തുല്യ പങ്കുണ്ടെന്നും തെളിയിക്കുകയുമുണ്ടായി. കർഷകർ, തൊഴിലാളികൾ, ജാതിസംവിധാനം, ലിംഗവിവേചനം, ജനകീയ രാഷ്ട്രീയം തുടങ്ങിയവ കേന്ദ്രീകരിച്ച് കൊളോണിയൽ, ദേശീയവാദ, വരേണ്യ രചനകളെ പുനർവ്യാഖ്യാനിക്കുകയുമുണ്ടായി. ഏറ്റവും വലിയ സംഭാവന ചരിത്രത്തെ സാധാരണക്കാരുടെ (സാമൂഹിക-‐സാമ്പത്തിക, ജനകീയ പോരാട്ടങ്ങൾ) വീക്ഷണത്തിൽ എങ്ങനെ സമീപിക്കണമെന്ന് ബോധ്യപ്പെടുത്തിയെന്നതാണ്. സ്വാതന്ത്ര്യ പ്രക്ഷോഭ വിശകലനങ്ങൾ ഉന്നത നേതാക്കളിൽ ഒതുക്കിയില്ല, കുഗ്രാമങ്ങളിലെ അതിസാധാരണ ജനങ്ങൾക്കും തുല്യ സംഭാവനയുണ്ടെന്ന് വിശദീകരിച്ചു. മരണം ചരിത്ര രചനയിലെ സുവർണ അധ്യായത്തിന് പൂർണവിരാമമിട്ടിരിക്കാം, എന്നിരുന്നാലും ഓർമകൾ പ്രചോദനമായി എക്കാലവും സ്‌പന്ദിക്കും.
എ ക്രിട്ടിക് ഓഫ് കൊളോണിയൽ ഇന്ത്യ (1985), തപൻ ബസു, പ്രദീപ് ദത്ത, തനിക സർക്കാർ, സംബുദ്ധ സെൻ എന്നിവർക്കൊപ്പം കാക്കി ഷോർട്ട്സ് ആൻഡ് സാഫ്രൺ ഫ്ലാഗ്സ്: എ ക്രിട്ടിക് ഓഫ് ദി ഹിന്ദു റൈറ്റ് (1993), റൈറ്റിങ് സോഷ്യൽ ഹിസ്റ്ററി (1998), ബിയോണ്ട് നാഷണലിസ്റ്റ് ഫ്രെയിംസ്: പോസ്റ്റ് മോഡേണിസം, ഹിന്ദു ഫണ്ടമെന്റലിസം, ഹിസ്റ്ററി (2002) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ കൃതികൾ. ഹിന്ദുത്വ രാഷ്ടീയത്തിന്റെ വികാസ പരിണാമം മുൻനിർത്തിയുള്ള സൂക്ഷ്മമായി ഗവേഷണമാണ് കാക്കി ഷോർട്ട്സ് ആൻഡ് സാഫ്രൺ ഫ്ലാഗ്സ്. ആ പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ആർഎസ്‌എസിന്റെ രൂപീകരണത്തിലാണെന്നാണ് കണ്ടെത്തൽ. തുടർന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ചരിത്രവും അനാവരണം ചെയ്‌തു. സംഘടനകളുടെ സ്ഥാപന ഘടനകൾ, രാഷ്ട്രീയ ഭാഷ, ഹിന്ദുവിശ്വാസത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ, രാമജന്മഭൂമി-‐ബാബറി മസ്ജിദ് പ്രശ്നം ചുറ്റിപ്പറ്റിയുള്ള വർഗീയ സമാഹരണ യജ്ഞങ്ങൾ തുടങ്ങിയവയുടെ വിശകലനവുമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ യഥാർഥ സ്വഭാവത്തെയും ഏറിവരുന്ന വർഗീയവൽക്കരണത്തെയും കുറിച്ച് ഉൽക്കണ്‌ഠള്ളവർക്കെല്ലാം ആ ലഘുകൃതി റഫറൻസാണ്.
സത്യസന്ധതയോടും സങ്കീർണതയോടും ഭൂതകാലം തുറന്നുനോക്കാൻ പഠിപ്പിച്ചു
വ്യാപകമായി അംഗീകരിക്കപ്പെട്ട സവിശേഷാധികാരമുള്ള വ്യക്തിത്വങ്ങൾക്കപ്പുറം ദേശീയതയെ വിലയിരുത്തുകയും വിശാലമായ സംഘങ്ങൾ, സാമൂഹിക-‐സാമ്പത്തിക പ്രക്രിയകൾ, ജനകീയ പോരാട്ടങ്ങൾ, സാഹചര്യങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുകയും ചെയ്തു സുമിത്. അനുപമമായ രചനാശൈലിയിലൂടെ മികച്ച പാണ്ഡിത്യത്തിന് മാതൃകയായ തലമുറയിലെ വിദ്യാർഥികളുടെ യഥാർഥ ഗുരുവായിരുന്ന സുമിത്ത് ഒരു മഹാന്റെ മകനെന്ന നിലയിലും അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ഗവേഷണം, പുസ്തകങ്ങൾ, ഉപന്യാസങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിൽ വിസ്‌തൃതമായി കിടക്കുന്നു. ആ മികച്ച അക്കാദമിക് ചരിത്രകാരൻ യഥാർഥ ജൈവബുദ്ധിജീവി കൂടിയായിരുന്നു. – ഇന്ത്യയെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെ സമ്പന്നമാക്കുകയും വായനക്കാരെ കൂടുതൽ സത്യസന്ധതയോടും സങ്കീർണതയോടും ഭൂതകാലം തുറന്നുനോക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഇർഫാൻ ഹബീബ് കുറിച്ചത്, പ്രൊഫസർ സുമിത് സർക്കാരിന്റെ വിയോഗം ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രാഗത്ഭമുണ്ടായ, ഉൾക്കാഴ്ചയുള്ള, സംവേദനക്ഷമതയുള്ള ചരിത്രകാരന്മാരിൽ ഒരാളുടെ കനത്ത നഷ്ടമാണ്. ആധുനിക ഇന്ത്യൻ സമസ്യകൾ സംബന്ധിച്ച് വിപുലമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ രണ്ട് ഐക്കണിക് പുസ്തകങ്ങളായ ‘ദി സ്വദേശി മൂവ്‌മെന്റ് ഇൻ ബംഗാൾ’ , “മോഡേൺ ഇന്ത്യ: 1885-‐1947’ എന്നിവ എക്കാലത്തെയും ക്ലാസിക്കുകളായി തുടരും. വ്യക്തിപരമായി 1981- ൽ ഭഗത് സിങ്ങിനെയും സഖാക്കളെയും കുറിച്ചുള്ള എന്റെ പ്രബന്ധത്തിന്റെ പരീക്ഷകരിൽ ഒരാളായി സുമിത്തിന് എന്നിൽ പ്രത്യേക സ്ഥാനമുണ്ടെന്നുമാണ്.
വർഗഘടന, ജാതിവ്യവസ്ഥ, സമൂഹസ്ഥലികൾ, ലിംഗഭേദം, സാധാരണക്കാരുടെ ഏറ്റവും ചെറിയ അനുഭവങ്ങൾ തുടങ്ങിയവ സുമിത്തിന്റെ അസാധാരണമായ നേതൃത്വം ആധുനിക ഇന്ത്യൻ ചരിത്രമെഴുത്തിന്റെ മുഖ്യധാരണയിലെത്തിച്ചു. മാർക്സിസ്റ്റ് ബൗദ്ധിക പാരമ്പര്യവുമായി അദ്ദേഹം ഇഴചേർന്നുനിന്നു. കമ്യൂണിസ്റ്റ് പാർടികളുമായി ദീർഘകാലമായുണ്ടായ ബന്ധം വിമർശനാത്മകം കൂടിയാണെന്ന് കാണാം. നിശിതമായ പാണ്ഡിത്യവും വ്യവസ്ഥാപിത ചരിത്രത്തിന്റെ അലസതയോടുള്ള വിമർശനാത്മക നിലപാടും മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി എന്നിവയോടുള്ള ചാഞ്ചാടാത്ത കൂറും നമ്മുടെ ബൗദ്ധിക ജീവിതത്തെ ഏറെ സമ്പുഷ്ടമാക്കി. ഇന്ത്യൻ ചരിത്രത്തിന്റെ വർഗീയവും ഭൂരിപക്ഷ പ്രചോദിതവുമായ നിർവചനനങ്ങൾക്കെതിരായ കരുത്തുറ്റ വിയോജിപ്പിന്റെ ആ തുറന്ന സ്വരം ഭൂതകാലത്തെ ചുറ്റിപ്പറ്റിയുള്ള യുക്തിഭദ്രവും വിമർശനാത്മകവും ജനകേന്ദ്രീകൃതവുമായ വീക്ഷണങ്ങളിൽ പ്രതിബദ്ധതയോടെ തുടർന്നു. രചനകളും ബൗദ്ധിക ഇടപെടലുകളും വിദ്യാർഥികളുടെയും ഗവേഷകരുടെയും ചരിത്രകാരന്മാരുടെയും പുരോഗമന ചിന്തകരുടെയും സാധാരണ വായനക്കാരുടെയും തലമുറകളെ സ്വാധീനിക്കുന്നത് തുടരുമെന്നുറപ്പ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സമർപ്പണത്തിലൂടെ കൊളോണിയൽ ഭരണത്തിന്റെയും കൊളോണിയൽ വിരുദ്ധ ദേശീയതയുടെയും സാമൂഹിക പരിഷ്കരണത്തിന്റെയും ചരിത്രം ലോകമെമ്പാടും ഗവേഷണം ചെയ്യപ്പെടുകയും പഠിപ്പിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന രീതി സുമിത്ത് സർക്കാർ പുനർനിർമിച്ചു.







No Comments yet!