Skip to main content

ദ ട്രാവലര്‍ – നഷ്ടത്തിന്റെ ദൃശ്യഭാഷ

ആഗ്രഹ സഫലീകരണത്തിനായാണ് മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളും പരിശ്രമിക്കുന്നതും ജീവിക്കുന്നതും. ഒരു ആഗ്രഹത്തിനായി പരമാവധി പരിശ്രമിച്ച് അവസാനം അത് നടക്കാതെയിരുന്നാലുള്ള അവസ്ഥ വളരെ ദുഃഖകരമായിരിക്കും. പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കിയറോസ്തമിയുടെ സിനിമകള്‍ ഇത് പോലെ സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രകളെയും, അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ദയനീയാവസ്ഥകളെയും കേന്ദ്രീകരിച്ചുള്ളതാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഇറ്റലിയിലെ നിയോ റിയലിസ്റ്റിക് പ്രസ്ഥാനവുമായി സാമ്യമുള്ളതായാണ് പല ചലച്ചിത്ര നിരൂപകരും കിയറോസ്തമിയുടെ ചിത്രങ്ങളെ നിരീക്ഷിക്കുന്നത്. പക്ഷ, നിയോ ക്ലാസിസത്തിന് ആധാരമായാണ് കിയറോസ്തമി തന്റെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത് എന്നാണ് എസ്. ജയചന്ദ്രന്റെ നായരുടെ പക്ഷം.

The Traveler (1974 film) - Wikipedia

ദി ട്രാവലര്‍ (The Traveler, 1974), വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹൗസ്? (Where Is the Friend’s House?, 1987), ക്ലോസ്-അപ്പ് (Close-Up, 1990), ത്രൂ ദ ഒലിവ് ട്രീസ് (Through the Olive Trees, 1994), ടേസ്റ്റ് ഓഫ് ചെറി (Taste of Cherry, 1997), ദ വിന്‍ഡ് വില്‍ ക്യാരി അസ്സ് (The Wind Will Carry Us, 1999). എന്നീ ചിത്രങ്ങളിലെ കഥാ സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും . ഇറാനിലെ സാധാരണക്കാരനായ മനുഷ്യന്റെ ചെറിയ ആഗ്രഹങ്ങളും അത് സഫലീകരിക്കാനായുള്ള ആ കഥാപാത്രത്തിന്റെ പരിശ്രമവും സ്വാഭാവികതയോടെ കിയറോസ്തമി അവതരിപ്പിച്ചു. കിയറോസ്തമിയുടെ പല സിനിമകളും ബാല്യത്തിന്റെ നിഷ്‌കളങ്കതയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഈ സ്വാഭാവികതയ്ക്ക് ഇരട്ടി ഭംഗിയുണ്ടാകുന്നു. ഇത്തരത്തിലുള്ളൊരു പരിശ്രമമായിരുന്നു കിയറോസ്തമിയുടെ ‘ദി ട്രാവലര്‍’ (The Traveler, 1974) എന്ന സിനിമ.

Prime Video: Where Is the Friend's Home?

ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. കിയറോസ്തമിയുടെ മിനിമലിസ്റ്റിക് ശൈലിക്ക് (Minimalistic style) ഇത് പൂര്‍ണ്ണത നല്‍കുന്നു. കൂടാതെ, ഇറാനിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ സ്വാഭാവികമായി അവതരിപ്പിക്കാന്‍ ഈ രീതി സഹായകമാകുന്നു. അമിതമായ ചലനങ്ങളോ കൂടുതല്‍ ആംഗിളുകളോ ഒഴിവാക്കിയത് ചിത്രത്തിന് യഥാര്‍ത്ഥ അന്തരീക്ഷം നല്‍കുന്നു. സ്വാഭാവിക പ്രകാശം തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്, ഇത് ചിത്രത്തെ ഒരളവു വരെ ഡോക്യുമെന്ററി രീതിയിലേക്ക് മാറ്റുന്നതിനും സഹായിക്കുന്നു.

Prime Video: Close-Up (English Subtitled)

ഇറാനിലെ മധ്യവര്‍ഗ്ഗക്കാരുടെ പ്രതിനിധിയായ ഖാസിം ജൂലൈ എന്ന ഒരു ആണ്‍കുട്ടിയുടെ ഒരു ഫുട്‌ബോള്‍ മത്സരം കാണാനുള്ള അതിയായ ആഗ്രഹത്തിന്റെ കഥയാണ് ദ ട്രാവലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ ഇതൊരു യാത്രയാണ്. ഖാസിമിനൊപ്പം പ്രേക്ഷകനും യാത്ര ചെയ്യുന്നു. ഈയൊരു മത്സരം കാണാനുള്ള ടിക്കറ്റിനും യാത്രകള്‍ക്കും ഖാസിം പണം ശേഖരിക്കുന്നതും ടെഹ്‌റാനിലേക്ക് യാത്ര നടത്തുന്നതുമാണ് പ്രധാന പ്രമേയം. പ്രൊഫഷണല്‍ അഭിനേതാക്കള്‍ക്ക് പകരം കിയറോസ്തമിയുടെ മിക്ക സിനിമകളിലെയും പോലെ സാധാരണക്കാരാണ് ഈ ചിത്രത്തിലും അഭിനയിച്ചിട്ടുള്ളത്. അത് സിനിമയ്ക്ക് യഥാര്‍ത്ഥമായ പശ്ചാത്തലം ഒരുക്കുന്നു.

Through the Olive Trees (1994) - IMDb

ഫുട്‌ബോള്‍ മത്സരം കാണാനുള്ള പണം സംഘടിപ്പിക്കുക എന്നത് ഖാസിമിനും കൂടെയുള്ള കൂട്ടുക്കാര്‍ക്കൊന്നും സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട് ഖാസിം ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി കള്ളം പറയുകയും, ആളുകളെ വഞ്ചിക്കുകയും, മോഷണം നടത്തുകയും ചെയ്യുന്നുണ്ട്. ഖാസിമിന്റെ മനസ്സില്‍ ലക്ഷ്യത്തിലെത്താനുള്ള അഭിനിവേശമാണ്. ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വഴികളുടെ ധാര്‍മ്മികത അവന്‍ കാര്യമാക്കുന്നില്ല. അത് പല സന്ദര്‍ഭങ്ങളിലും കിയറോസ്തമി വിദഗ്ധമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. കേടായ ക്യാമറ കൊണ്ട് സ്‌കൂളിലെ കുട്ടികളുടെയും, ആളുകളുടെയും ചിത്രം എടുക്കുന്നത് പോലെ അഭിനയിച്ച് ഫോട്ടോ പിന്നെ തരാം എന്ന് പറഞ്ഞ് അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നത് ഒരു ഉദാഹരണമാണ്.

Taste of Cherry (1997) - IMDb

കഥാന്ത്യത്തില്‍, ഇങ്ങനെ പണം കണ്ടെത്തി ടെഹ്‌റാനിലെ സ്റ്റേഡിയത്തിലെത്തുന്ന ഖാസിമിനെ നമുക്ക് കാണാം. മത്സരം തുടങ്ങാന്‍ കുറേ സമയം ഉണ്ടെന്നറിഞ്ഞ ഖാസിം സ്റ്റേഡിയത്തിനടുത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നു. ഈ സന്ദര്‍ഭത്തില്‍ അവന്‍ കാണുന്ന സ്വപ്നം ഒരു മനഃശാസ്ത്രപരമായ യാഥാര്‍ഥ്യവാദമായി (Psychological Realism) സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവന്‍ മുന്‍പ് ചെയ്ത കള്ളത്തരങ്ങളെയും, മോഷണങ്ങളെയും കുറിച്ച് അവന്‍ അവന്റെ മനസ്സാക്ഷിയോട് ചോദിക്കുന്ന രീതിയില്‍ ഇതിനെ കാണാന്‍ കഴിയും. അതായത് അവന്റെ കുറ്റബോധമാണ് കിയ റോസ്തമി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഖാസിം സ്റ്റേഡിയത്തിലേക്ക് ഓടി എത്തുന്ന സമയത്ത് അവിടെ വിജനമായിരുന്നു. അങ്ങനെ അവന്‍ വിഷമിച്ച് ലക്ഷ്യമില്ലാതെ ഓടി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സിനിമ അവസാനിക്കുന്നത്. ഈ ഭാഗങ്ങളിലെല്ലാം കാറ്റിന്റെ ശബ്ദം മാത്രമെ പ്രേക്ഷകന് കേള്‍ക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ അവന്റെ ഒറ്റപ്പെടലിനെ ചിത്രികരിക്കുന്നുണ്ട്. അത് അവന്റെ മാത്രം ഒറ്റപ്പെടലല്ല, ഇറാനിലെ മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ ഒറ്റപ്പെടലായി ആവിഷ്‌കരിക്കാന്‍ കിയറോസ്തമിക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ സ്വപ്നങ്ങള്‍ സാമ്പത്തികമായ പിന്നാക്കാവസ്ഥ കാരണം കൊണ്ട് സാക്ഷാത്കരിക്കപ്പെടാതെ നഷ്ടപ്പെട്ടു പോകുന്നത് ബാലനായ ഖാസിം എന്ന പ്രതിനിധിയിലൂടെ അവതരിപ്പിക്കുന്നു.

The Wind Will Carry Us (1999) - IMDb

ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയും ഇവിടെ ചിത്രീകരിക്കുന്നു. എല്ലാ തരത്തിലും പരിശ്രമിച്ച് ആഗ്രഹം നടക്കുമെന്ന് കരുതിയിരിക്കുമ്പോള്‍ അത് പരാജയപ്പെടുകയാണ്. ഖാസിം ചെയ്ത കള്ളത്തരങ്ങളുടെ പ്രത്യാഘാതങ്ങളായും ഈയൊരു പരാജയത്തെ കാണാന്‍ കഴിയുന്നു. അതിനായാണ് ആ സ്വപ്നത്തിന്റെ രംഗത്തില്‍ ഖാസിമിന്റെ കുറ്റബോധം കിയറോസ്തമി അവതരിപ്പിച്ചിട്ടുള്ളത്.

മനുഷ്യജീവിതത്തിന്റെ അര്‍ഥമില്ലായ്മ , ആഗ്രഹങ്ങള്‍ നടക്കാതെയിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന സങ്കടം എന്നിവ ഖാസിം എന്ന ബാലന്റെ തെറ്റുകളിലൂടെയും നിഷ്‌കളങ്കതയിലൂടെയും കിയറോസ്തമി മികച്ച രീതിയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. യാത്രയില്‍ നിന്ന് അവന്‍ പാഠങ്ങള്‍ പഠിക്കുകയാണ്. അവന്‍ ചെയ്ത തെറ്റുകളുടെ തീവ്രത ഈ യാത്രാനുഭവത്തില്‍ നിന്ന് അവന്‍ മനസ്സിലാക്കുകയാണ്. ലക്ഷ്യസ്ഥാനത്തിലേക്കായി തെരഞ്ഞെടുക്കുന്ന വഴി എത്തരത്തിലുള്ളതായിരിക്കണമെന്ന് ഖാസിമിന് ഇതിലൂടെ വ്യക്തമാവുകയാണ്. അതിനായിരുന്നു ഈ യാത്ര!. ക്ലൈമാക്‌സിലെ വികാരഭരിതമായ സംഗീതം ദൃശ്യവുമായി വളരെയധികം ഒത്തുപോകുന്നു. കിയറോസ്തമി പിന്നീട് സംവിധാനം ചെയ്ത ക്ലോസ് – അപ്പ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലും ഇതേ പശ്ചാത്തല സംഗീതം ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഖാസിമിന് സംഭവിക്കാന്‍ പോകുന്ന നഷ്ടത്തിന്റെ തീവ്രതയുടെ ആഴം വര്‍ദ്ധിപ്പിക്കാനും ഈ പശ്ചാത്തല സംഗീതം സഹായിക്കുന്നു. സിനിമയുടെ മറ്റു ഭാഗങ്ങളില്‍ പശ്ചാത്തല സംഗീതം തീരെ ഉപയോഗിച്ചിട്ടില്ല. സിനിമയില്‍ സ്വഭാവികമായ നിശ്ശബ്ദതയാണ് കിയറോസ്തമി ഉപയോഗിച്ചിട്ടുള്ളത്.

Abbas Kiarostami - Simple English Wikipedia, the free encyclopedia
Abbas Kiarostami

അബ്ബാസ് കിയറോസ്തമിയെ വ്യത്യസ്തമാക്കുന്നത് സിനിമയിലെ ക്ലൈമാക്‌സ് രംഗമാണ്. വെറുമൊരു സാധാരണ സിനിമയെന്ന നിലയില്‍ ഒതുങ്ങി പോകുമായിരുന്ന ചിത്രത്തിന് പലതരം അര്‍ത്ഥതലങ്ങള്‍ പ്രേക്ഷകന് ചിന്തിക്കാനായി നല്‍കികൊണ്ട് സിനിമ അവസാനിക്കുന്നു.

ഗ്രന്ഥസൂചി :

എസ്. ജയചന്ദ്രന്‍ നായര്‍ : കാഴ്ചയുടെ സത്യം

സൈന്‍ ബുക്‌സ്, കോഴിക്കോട്, 2014


ലേഖക പരിചയം :

ഉബൈദ് പി. ബി.

മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.