തുറന്നുസമ്മതിക്കാം, അവൻ്റെ ഒറ്റക്കഥപോലും എനിക്ക് സഹിക്കാൻ സാധിച്ചിട്ടില്ല. അതത്രയും മോശമായതുകൊണ്ടല്ല. ഒന്നോർത്താൽ, മറിച്ചാണ് സംഗതി. നമുക്കു കണ്ടുപിടിക്കാൻ അവൻ്റെ കഥകളിലെങ്ങും യാതൊരു പോരായ്മകളുമില്ലെന്നേ. പഴുതടച്ചുപണിതീർത്ത സുഖബൃഹദാഖ്യാനം!
എത്രയാണെന്നുവെച്ചാണ് ഇതൊക്കെ സഹിക്കുന്നത്! ഒടുവിൽ, ഒരു ദിവസം, അവനോടുതന്നെ ഇതങ്ങ് വെളിപ്പെടുത്തി:
”എടേയ്, നിനക്കു തോന്നുന്നുണ്ടാവാം, ഇതൊക്കെ നിൻ്റെ എഴുത്തിലെ മാസ്റ്ററിയാണെന്ന്. പക്ഷേ, നീ ഒന്നോർത്താൽ നന്ന്, എനിക്കെന്തിനാണ് നിൻ്റെ മാസ്റ്ററി? ഈ ലോകത്ത്, മനസ്സമാധാനം തകർക്കാത്ത പൂപോലുള്ള എത്ര മീഡിയോക്കർ എഴുത്തുകാരുണ്ടെന്നറിയാമോ, നിനക്ക്? ഇരിപ്പിടംതന്നെ കിടക്കയാക്കിയ അവരെകയറി പ്രോത്സാഹിപ്പിച്ചാൽ പോരെ? അതുവിട്ട്, അപകർഷതയെ സമൂലം പ്രഹരിക്കുന്ന നിന്നെ തെരഞ്ഞെടുത്ത് വെറുതേയെന്തിന് മനസ്സ് തീക്കടലാക്കണം?”
”ഞാനെന്താണ് ചെയ്യേണ്ടത്?”
അവൻ മുട്ടിപ്പായി ചോദിച്ചു.(സമൂലം തകർന്നിട്ടുണ്ടാവാം.)
സമഗ്രകുറ്റാരോപണത്തിൽ നാക്കു മുക്കിയെടുത്ത്, ഭീഷണിവഴി ഞാൻ പോംവഴി ഗർജ്ജിച്ചു:
”ഞങ്ങൾ, വായനാനാട്യക്കാരുടെ ഇടത്തരബുദ്ധിയെ സവിശേഷമായ ക്രാഫ്റ്റുപയോഗിച്ച് മേലാൽ നീ വെല്ലുവിളിക്കരുത്. ഞങ്ങളുടെയൊക്കെ കൗശലബുദ്ധിക്ക് താഴെവരെ മതി, മാസ്റ്ററികൊണ്ട് കരവിരുത്, കേട്ടല്ലോ? അതിനപ്പുറം ഒരടിപോലും മുന്നോട്ടുപോകാൻ ശ്രമിക്കരുത്, മനസ്സിലായോ? ഇപ്പണി അയത്നലളിതമായി ചെയ്യാനൊക്കുമല്ലോ എന്ന് വായിക്കുമ്പോൾ ഓരോ മീഡിയോക്കർക്കും മനസ്സമാധാനം തോന്നണം. അതിനായി, പരസ്പരബന്ധമില്ലാത്ത ഒറ്റവാചകങ്ങളുപയോഗിച്ച് കഴിവതും ലളിതദുർബലഘടനയിൽ കാച്ചിക്കൊട്, സാഹിത്യം! അങ്ങനെയെങ്കിൽ, എഴുത്തുകാരനായ നിനക്കു മുന്നിൽ വായനക്കാരെന്തിന്, നിരക്ഷരർപോലും ആരാധനയോടെ ക്യൂ നിൽക്കും. കേവലശരീരിയായ നിൻ്റെ തടി ഒരുനോക്കുകാണാൻ! അതിനാദ്യം പഠിക്കേണ്ടത്, രചനയിൽ ധാരാളം പോരായ്മകൾ സാധിച്ചെടുക്കാനാണ്. അതാണ് മോനേ, ശരിയായ മാസ്റ്ററി!”
”നിങ്ങൾക്കാവശ്യം പോരായ്മയാണെങ്കിൽ, നിലവിൽ ഞാനത് ധാരാളമായി വരുത്തിയിട്ടുണ്ടല്ലോ, ചങ്ങാതീ.”
അവൻ നിഷ്കരുണം വിശദീകരിച്ചു.
നായ്ക്കുരണപ്പൊടി മുഖത്തു വീണതുപോലെയാണ് എനിക്കു തോന്നിയത്.
ഞാൻ ചീറി:
”ഇതാ, ഇപ്പോഴും, നീ എന്നെ അപമാനിക്കുകതന്നെയാണ്. നീ വരുത്തിവെച്ച പിഴവുകൾ കണ്ടെത്താൻ കഴിയാത്തവനാണ് ഞാൻ എന്നല്ലേ ഇത്രയൊക്കെയായിട്ടും നീ പറഞ്ഞുവെക്കുന്നത്? എനിക്ക് തൃപ്തിയായി!”
പറഞ്ഞതും പോരാതെ ഞാൻ ആഞ്ഞൊന്ന് കാർക്കിച്ചു തുപ്പി. അതിൻ്റെ ആന്തലിൽ എന്നന്നേക്കുമായി അവൻ സാഹിത്യലോകത്തുനിന്നു തെറിച്ചുപോകുമെന്നാണ് എൻ്റെ പ്രത്യാശ. ഇടത്തരം ദുർവ്വാസാവിൻ്റെ ശാപാഘാതത്തിൽ പിടിച്ചുനിൽപ്പവരില്ല, എഴുത്താളരിൽ.







No Comments yet!