ഭൂരിപക്ഷം മനുഷ്യരാശിയേയും ഇന്ന് നേരിടുന്ന ദാരിദ്ര്യവും, അനിവാര്യമായ അധ്വാനവും നിറഞ്ഞ ജീവിതചുറ്റുപാടുകളില്‍ നിന്ന് ഉല്പാദനശക്തികളുടെ വികാസത്തിലൂടെ കൂടുതല്‍ ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കും, സര്‍വ്വോപരി സ്വാതന്ത്ര്യത്തിലേക്കും നയിക്കാനാവുമെന്ന് ചരിത്രം അര്‍ത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനു വിപരീതമായി ഇന്ന് അതേ സാങ്കേതികവിദ്യയുടെ വികാസം പുതിയൊരു ഭീഷണി ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നു.
സാങ്കേതികവിദ്യ തനിയെ മനുഷ്യരാശിയുടെ നാശത്തിന്റെ ഉറവിടമാകുന്നുയെന്ന് ആര്‍ക്കും പറയാനാവില്ല. എന്നാല്‍ കൂടുതല്‍ സ്വയം വികസന / നിയന്ത്രണശേഷിയുള്ള AI സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ശക്തമായ കോര്‍പ്പറേറ്റുകളും, രാഷ്ട്രങ്ങളും നടത്തുന്ന കടുത്ത മത്സരമാണ് പുതിയ അപകടസാധ്യതകള്‍ ലോകത്ത് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്. ചൈനയുടെ ഭരണകുട മുതലാളിത്ത സംവിധാനം ഇത് കൂടുതല്‍ നിയന്ത്രണങ്ങള്‍ പുലര്‍ത്തി ചെറുക്കാന്‍ ആകുമെന്ന ആശ്ചാസം ലോകത്തിനു നല്കുമ്പോഴും, കൂടുതല്‍ വികസിപ്പിക്കാന്‍ മനുഷ്യന് Al ഓടു തന്നെ ആവശ്യപ്പെടുന്നതില്‍ അന്തര്ലീനയിരിക്കുന്ന ഭീഷണിയാണ് ഇവിടെ വിവാദ വിഷയമാകുന്നത്.

2026 സെപ്റ്റംബറില്‍ Anthropic-ല്‍ നിന്ന് രാജിവച്ച AI ഗവേഷകന് ജേക്കബ് കോക്സണ്‍, OpenAIയിലും Anthropicലും ഗവേഷണം നടത്തിയ ശേഷമാണ് തന്റെ ആശങ്ക പരസ്യമായി ഉന്നയിച്ചത്. മുന്‍നിര AI കമ്പനികള്‍ സ്വയം മെച്ചപ്പെടുന്ന superintelligence-ലേക്ക് അതിവേഗം നീങ്ങുകയാണെന്നും സുരക്ഷയെക്കാള്‍ മത്സരത്തിന് പ്രാധാന്യം ലഭിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ Anthropic ഗവേഷകന് ഇവാന് ഹ്യൂബിംഗറും AI-യ്ക്ക് മനുഷ്യരാശിയെ ഇല്ലാതാക്കാനുള്ള സാധ്യത ഗൗരവമായി കാണേണ്ടതാണെന്നും 2030 ലൊ അടുത്ത ദശകത്തില്‍ തന്നെയോ അതിനുള്ള സാധ്യത പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നുവെന്നും താന്‍ വ്യക്തിപരമായി വിലയിരുത്തുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം കണക്കുകള്‍ ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ട പ്രവചനങ്ങളല്ലെങ്കിലും, ആ രംഗത്ത് ആധികാരികത അവകാശപ്പെടാവുന്ന AI-യുടെ ഭാവി അപകടങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അപകടവിലയിരുത്തലുകളാണ് ഇത്. അതിനാല്‍ ഇവിടെ പ്രധാനപ്പെട്ടത് ഭാവിയെക്കുറിച്ചുള്ള ഭയാനകമായ പ്രവചനങ്ങള്‍ ആവര്‍ത്തിക്കുക എന്നതല്ല. മറിച്ച്, AIയുടെ കഴിവുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യസമൂഹത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ അതിനൊപ്പമെത്തുമോ എന്ന ചോദ്യമാണ്.
?അനിവാര്യമായ അധ്വാന ക്ലേശങ്ങളില്‍ നിന്നുള്ള വിമോചനത്തില്‍ നിന്ന്, ബുദ്ധിയുടെ സ്വയംഭരണത്തിലേക്ക്
ആധുനിക വ്യവസായത്തിന്റെ വികാസത്തില്‍ വരുന്ന സാങ്കേതിക പുരോഗതിയെ പൊതുവെ മനുഷ്യന്റെ ഉല്‍പ്പാദനശേഷിയുടെ വിപുലീകരണമായാണ് ഇന്ന് കാണുന്നത്.
വര്‍ധിച്ച ഉല്‍പ്പാദനക്ഷമത ആവശ്യമായ തൊഴില്‍സമയം കുറയ്ക്കുകയും മനുഷ്യരുടെ സ്വതന്ത്ര വികസനത്തിനുള്ള സമയം വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത സൃഷ്ടിക്കുന്നു.

1800-ല്‍ വ്യവസായ വിപ്ലവ കാലഘട്ടത്തില്‍ തന്നെ കാള്‍ മാര്‍ക്സ് Capital, Vol. IIIല്‍ ആവശ്യകതയുടെ മേഖലയ്ക്കപ്പുറമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ മേഖല ആരംഭിക്കുന്നതെന്നും അതിന് തൊഴില്‍ സമയം ചുരുക്കുക എന്നത് അടിസ്ഥാന ഉപാധിയാണെന്നും ചൂണ്ടിക്കാണിച്ചു. അതേസമയം മാര്‍ക്സ് Grundrisseയിലെ ‘Fragment on Machines’ല്‍ വികസിത ഉല്‍പ്പാദനശക്തികള്‍ മനുഷ്യരുടെ ആവശ്യമായ അധ്വാനസമയം കുറച്ച് എല്ലാവര്ക്കും കൂടുതല്‍ ക്രിയാത്മകമായ ‘disposable time’ സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിക്കുന്നു.
യഥാര്‍ത്ഥ സമ്പത്തിന്റെ അളവുകോല്‍ തൊഴില്‍സമയം മാത്രമല്ല, മനുഷ്യരുടെ സ്വതന്ത്ര വികസനത്തിനായി ലഭ്യമായ സമയവുമാകുന്നു എന്ന സമൂഹസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകന്‍ മോറിസ് കോണ്ഫോര്ത്ത് ഉല്‍പ്പാദന ശക്തികളുടെ വികാസം തനിയെ സാമൂഹ്യമാറ്റവും മനുഷ്യ സ്വാതന്ത്ര്യവും സാധ്യമാക്കുമെന്നും പറഞ്ഞുവെക്കുകയുണ്ടായി. എന്നാല്‍ അതിനൊക്കെ വിപരീതമായി മനുഷ്യരാശിക്ക് ഭീഷണി മുഴക്കിക്കൊണ്ടാണ് ഇന്ന് നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ച വന്നു ചേര്‍ന്നിരിക്കുന്നത്.
അപ്പോള്‍ തന്നെ, സാങ്കേതികവിദ്യയുടെ അടിസ്ഥാനസാധ്യത മനുഷ്യവിമോചനത്തിന്റേതാണ്. എന്നാല്‍ സാങ്കേതികവിദ്യ ആരുടെ ഉടമസ്ഥതയിലാണ്, ആരുടെ നിയന്ത്രണത്തിലാണ്, എന്ത് സാമൂഹിക ലക്ഷ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് അതേ ഉല്‍പ്പാദനശക്തി മനുഷ്യവിമോചനത്തിനോ മനുഷ്യാധീനതയ്ക്കോ ഉപകരണമാകാം.
ഇവിടെയാണ് AI പുതിയൊരു ഗുണപരമായ ഘട്ടം സൃഷ്ടിക്കുന്നത്. വ്യാവസായിക യന്ത്രങ്ങള്‍ മനുഷ്യന്റെ ശാരീരിക അധ്വാനശേഷി വിപുലീകരിച്ചു. കമ്പ്യൂട്ടറുകള്‍ കണക്കുകൂട്ടലിന്റെയും വിവരസംസ്കരണത്തിന്റെയും ശേഷി വിപുലീകരിച്ചു. ഇന്റര്‍നെറ്റ് ആശയവിനിമയശേഷി വിപുലീകരിച്ചു. AI ഇപ്പോള്‍ ബൗദ്ധിക അഥവാ മാനസിക അധ്വാനത്തിന്റെ ഏറെക്കുറെ ഭാഗങ്ങള്‍ തന്നെ യന്ത്രങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത തുറന്നിട്ടിരിക്കുന്നു. അല്ലെങ്കില്‍ മാറ്റികൊണ്ടിരിക്കുന്നു. ?ഇത് മനുഷ്യ ഉല്‍പ്പാദനശേഷിക്ക് വലിയ കുതിച്ചുചാട്ടം നല്‍കാം. എന്നാല്‍ അതോടൊപ്പം മനുഷ്യര്‍ സൃഷ്ടിച്ച ഉല്‍പ്പാദനശക്തിയുടെ മേല്‍ മനുഷ്യരുടെ സാമൂഹിക നിയന്ത്രണം കൂടുതല്‍ സങ്കീര്‍ണമാക്കാനും ഇടയാക്കിയേക്കാം.
ആവര്‍ത്തനാത്മക സ്വയം- നവീകരിക്കല്‍ /മെച്ചപ്പെടുത്തല്‍ എന്ന ആശയം ഇവിടെ പ്രധാനപ്പെട്ട ഒരു നടപടിക്രമമാണ്. ‘recursive self-improvement’ അഥവാ ആവര്‍ത്തനാത്മക സ്വയം-മെച്ചപ്പെടുത്തലാണ് അനിവാര്യമായും ആവശ്യമായിരിക്കുന്നത്.
ഒരു AI സംവിധാനം AI ഗവേഷണത്തിന്റെ ചില ഭാഗങ്ങളില്‍ മനുഷ്യരെ സഹായിക്കുന്നതില്‍ നിന്ന് കൂടുതല്‍ കഴിവുള്ള ആല്‍ഗോരിതങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും സോഫ്റ്റ്വെയര് എഴുതാനും പരീക്ഷണങ്ങള്‍ നടത്താനും ഫലങ്ങള്‍ വിശകലനം ചെയ്യാനും കഴിയുന്ന ഘട്ടത്തിലേക്ക് നീങ്ങുന്ന സ്ഥിതി ഇന്നുണ്ട്.
അത്തരം മെച്ചപ്പെടുത്തലുകള്‍ വീണ്ടും അടുത്ത തലമുറയിലെ AI സംവിധാനങ്ങളുടെ വികസനത്തില്‍ ഉപയോഗിക്കപ്പെടുകയാണെങ്കില്‍ ഒരു feedback loop രൂപപ്പെടും:
മനുഷ്യബുദ്ധി ? AI ? AI സഹായത്തോടെയുള്ള ഗവേഷണം ? മെച്ചപ്പെട്ട AI ? കൂടുതല്‍ കാര്യക്ഷമമായ AI ഗവേഷണം ? കൂടുതല്‍ സ്വയംഭരണപരമായ സാങ്കേതിക വികസനം.

ഇത് അനിവാര്യമായി ‘intelligence explosion’ സംഭവിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഇന്നത്തെ AI സംവിധാനങ്ങള്‍ സ്വതന്ത്രമായി മനുഷ്യരാശിയെ നശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അതില്‍നിന്ന് തീരുമാനിക്കാനാവില്ല.
യഥാര്‍ത്ഥ ശാസ്ത്രീയ ചോദ്യം മറ്റൊന്നാണ്:
AI സഹായത്തോടെയുള്ള ഗവേഷണം മനുഷ്യ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്തത്ര വേഗത്തിലും സ്വയംഭരണപരമായും മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമോ?
”സാങ്കേതിക സിംഗുലാരിറ്റി”യെക്കുറിച്ചുള്ള ചര്‍ച്ചയുടെ കേന്ദ്രത്തില്‍ ഈ ചോദ്യമാണ് ഇന്ന് നിഴലിക്കുന്നത്.
‘സിംഗുലാരിറ്റിയുടെ’ വൈരുദ്ധ്യാത്മകത.
മനുഷ്യര്‍ തങ്ങളുടെ ഭൗതികവും ബൗദ്ധികവുമായ ശക്തികളെ വിപുലീകരിക്കാനാണ് യന്ത്രങ്ങളെ സൃഷ്ടിച്ചത്. എന്നാല്‍ AIയുടെ വികസനം ഈ ബന്ധത്തില്‍ ഒരു ഗുണപരമായ മാറ്റത്തിന് സാധ്യത സൃഷ്ടിക്കുന്നു.
AI കൂടുതല്‍ കഴിവുറ്റതാകുമ്പോള് മനുഷ്യരുടെ ഉല്‍പ്പാദനശേഷി വര്‍ധിക്കും. എന്നാല്‍ AI തന്നെ AIയുടെ വികസനത്തില്‍ കൂടുതല്‍ പങ്കാളിയാകുമ്പോള്‍ സാങ്കേതിക വികസനത്തിന്റെ വേഗത മനുഷ്യരുടെ പരമ്പരാഗത തീരുമാനമെടുക്കല്‍ സംവിധാനങ്ങളെ മറികടക്കാനുള്ള സാധ്യതയും ഉയരുന്നു. അതായത് മനുഷ്യന് അജ്ഞാതമായ തലങ്ങളിലേക്ക് Al വികസിക്കുകയും ഒട്ടും നിയന്ത്രണങ്ങള്‍ക്ക് കഴിയാതെയും വരുക എന്ന അവസ്ഥ.
ഇവിടെയാണ് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വൈരുദ്ധ്യം ഉയരുന്നത്.
AI മനുഷ്യന്റെ ഉപകരണമെന്ന നിലയില്‍ തന്നെ തുടരുകയാണോ, അതോ സാങ്കേതിക ഉല്‍പ്പാദനോപാധികളുടെ വികസനത്തില്‍ തന്നെ നിര്‍ണായക പങ്കാളിയായി മാറുകയെന്നതാണോ ഭാവിയിലെ പ്രധാന ചോദ്യങ്ങളില്‍ ഒന്ന്. അന്യവല്‍ക്കരണ സാധ്യതകള്‍ തള്ളിക്കളയാനാവാത്തതിനാല്‍
ഉള്ള അപകടം, AIക്ക് മനുഷ്യരോട് ”വെറുപ്പ്” ഉണ്ടാകുന്നതില്‍ നിര്‍ബന്ധമായും കലാശിക്കുമോ എന്നതാണ്.
ഒരു സംവിധാനത്തിന് നല്കിയ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങളായി കൂടുതല്‍ കമ്പ്യൂട്ടിംഗ് വിഭവങ്ങള്‍ നേടുക, തുടര്‍ച്ചയായി പ്രവര്‍ത്തിക്കുക, വിവരങ്ങള്‍ ശേഖരിക്കുക, മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അത് സ്വീകരിച്ചേക്കാം. മനുഷ്യര്‍ പ്രതീക്ഷിക്കാത്ത ഇത്തരം പെരുമാറ്റങ്ങള്‍ മതിയായ നിയന്ത്രണങ്ങളില്ലെങ്കില്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അതുകൊണ്ട് അടിസ്ഥാനപ്രശ്നം: ”യന്ത്രത്തിന് മനുഷ്യരോട് വെറുപ്പുണ്ടാകുമോ?” എന്നതല്ല.
മറിച്ച്: ”മനുഷ്യര്‍ക്ക് നിയന്ത്രിക്കാനാകുന്നതിലും കൂടുതല്‍ കാര്യക്ഷമമായി ഒരു ലക്ഷ്യം പിന്തുടരാന് കഴിയുന്ന സംവിധാനത്തെ എങ്ങനെ നിയന്ത്രിക്കും?” എന്നതാണ്.
ഓട്ടോമേഷനില്‍ നിന്ന് AIയുടെ സ്വയം-മെച്ചപ്പെടുത്തലിലേക്ക്
സാധാരണ ഓട്ടോമേഷന്‍ മനുഷ്യ അധ്വാനത്തെ സഹായിക്കുകയോ അതിന്റെ ചില ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നു.
എന്നാല്‍ AIയുടെ വികസനത്തില്‍ AI തന്നെ ഗവേഷണപ്രക്രിയയുടെ ഭാഗമാകുന്നത് കൂടുതല്‍ ഫലത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാം.
ഇന്ന് അടുത്ത തലമുറയിലെ മോഡലുകളും കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും പ്രധാനമായും മനുഷ്യ ഗവേഷകരാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഭാവിയില്‍ AIയ്ക്ക് ആല്‍ഗോരിതങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും കോഡ് എഴുതാനും പരീക്ഷണങ്ങള്‍ നടത്താനും ഫലങ്ങള്‍ വിലയിരുത്താനും പുതിയ മോഡല്‍ ഘടനകള്‍ നിര്‍ദ്ദേശിക്കാനും കഴിയുന്ന തോതില്‍ അതിന്റെ പങ്ക് വര്‍ധിച്ചാല്‍, AI ഗവേഷണത്തിന്റെ വേഗത തന്നെ ഗണ്യമായി ഉയരാം.
അതിനാല്‍ പ്രധാനപ്പെട്ടത് AI എത്ര ”ബുദ്ധിമാനാണ്” എന്നത് മാത്രമല്ല. സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ എത്ര വേഗത്തില്‍ അതിന് ചെയ്യാന്‍ കഴിയും എന്നതുമാണ്.
മുതലാളിത്തത്തിന്റെ ഘടനാപരമായ വൈരുദ്ധ്യം
AI ഒരു സാമൂഹിക ശൂന്യതയില്‍ വികസിക്കുന്നില്ല. മൂലധനം, കമ്പ്യൂട്ടിംഗ് ശേഷി, ഡാറ്റ, പ്രതിഭ, വിപണി, സാങ്കേതിക മേല്‍ക്കോയ്മ എന്നിവയ്ക്കായി വന്‍കിട കമ്പനികളും രാഷ്ട്രങ്ങളും തമ്മില്‍ കടുത്ത മത്സരം നടക്കുന്നു.
ഇത് ഒരു അടിസ്ഥാന മുതലാളിത്ത വൈരുദ്ധ്യം സൃഷ്ടിക്കുന്നു.
സാങ്കേതികവിദ്യയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുമ്പോഴും അതിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ താരതമ്യേന ചെറിയ കൂട്ടം സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാരുകളിലും കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരു കമ്പനി സുരക്ഷാ കാരണങ്ങളാല്‍ വികസനം മന്ദഗതിയിലാക്കുമ്പോള്‍ മറ്റൊരു കമ്പനി മുന്നോട്ടുപോകുമെന്ന ഭയം നിലനില്‍ക്കുന്നിടത്ത്, ഓരോ സ്ഥാപനത്തിനും മത്സരം തുടരാനുള്ള പ്രേരണ ഉണ്ടാകും. കൂട്ടായ അപകടം തിരിച്ചറിഞ്ഞാലും വ്യക്തിഗത മത്സരത്തില്‍ നിന്ന് പിന്മാറുന്നത് ഓരോരുത്തര്‍ക്കും നഷ്ടകരമാകാം.
ഇത് ആയുധമത്സരത്തിന്റെ യുക്തിയോട് സാമ്യമുള്ളതാണ്.
അതിനാല്‍ വ്യക്തിഗത എഞ്ചിനീയര്‍മാരോട് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല.
അടിസ്ഥാന ചോദ്യങ്ങള്‍ ഇവയാണ്:
A) AIയുടെ ശേഷി എത്രത്തോളം വികസിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ആര്?
B) AIയുടെ സ്വയംഭരണപരമായ കഴിവുകള്‍ക്ക് പരിധി നിശ്ചയിക്കുന്നത് ആര്?
C) കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം നിയന്ത്രിക്കുന്നത് ആര്?
D) AI സംവിധാനങ്ങളെ സ്വതന്ത്രമായി ഓഡിറ്റ് ചെയ്യുന്നത് ആര്?
E) അപകടകരമായ സംവിധാനങ്ങള്‍ നിര്‍ത്താനുള്ള അധികാരം ആര്‍ക്കാണ്?
F) മനുഷ്യരാശി സൃഷ്ടിച്ച ഈ പുതിയ ഉല്‍പ്പാദനശക്തിയുടെ ഉടമസ്ഥത ആര്‍ക്കാണ്?
ഇവ എഞ്ചിനീയറിംഗ് ചോദ്യങ്ങള്‍ മാത്രമല്ല. അവ രാഷ്ട്രീയവും സാമ്പത്തികവുമായ ചോദ്യങ്ങളാണ്.
സാമൂഹികമായി സൃഷ്ടിക്കപ്പെട്ട ബുദ്ധിയും സ്വകാര്യ നിയന്ത്രണവും
AI നിരവധി തലമുറകളായി ശേഖരിക്കപ്പെട്ട മനുഷ്യജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് വികസിക്കുന്നത്-ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ ശാസ്ത്രം, ശാസ്ത്രീയ ഗവേഷണം, ഭാഷ, സംസ്കാരം എന്നിവയുടെ ദീര്‍ഘകാല സാമൂഹിക സംഭാവനകളുടെ മേല്‍.
എന്നാല്‍ അതിന്റെ വികസനത്തിന് ആവശ്യമായ വന്‍തോതിലുള്ള കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം ഇന്ന് പ്രധാനമായും വലിയ സാങ്കേതിക കമ്പനികളുടെ നിയന്ത്രണത്തിലാണ്. OpenAI, Anthropic, Google DeepMind, NVIDIA, Meta തുടങ്ങിയ കമ്പനികള്‍ ഈ മേഖലയിലെ പ്രധാന ശക്തികളാണ്.
അതുകൊണ്ട് പ്രശ്നം AI വ്യക്തിഗത മനുഷ്യരെക്കാള്‍ ബുദ്ധിശാലിയാകുമോ എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല.
മനുഷ്യരാശി സാമൂഹികമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ഉല്‍പ്പാദനശക്തിയുടെ ഭൗതിക അടിസ്ഥാനസൗകര്യം വളരെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തില്‍ തുടരുന്നു എന്നതാണ് കൂടുതല്‍ ആഴത്തിലുള്ള പ്രശ്നം.
ഇവിടെയാണ് മാര്‍ക്സിന്റെ ഉല്‍പ്പാദനശക്തികളും ഉല്‍പ്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചുള്ള വിശകലനം വീണ്ടും പ്രസക്തമാകുന്നത്.
AI ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകളിലെ ഉല്‍പ്പാദനശേഷി അതിവേഗം വര്‍ധിപ്പിക്കാനുള്ള സാധ്യത സൃഷ്ടിക്കുമ്പോഴും അതിന്റെ ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യ മൂലധനത്തില്‍ കേന്ദ്രീകരിക്കുകയാണെങ്കില്‍, സാമൂഹികമായി സൃഷ്ടിച്ച ഉല്‍പ്പാദനശക്തി സ്വകാര്യ സമ്പത്തിന്റെയും അധികാരത്തിന്റെയും ഉപാധിയായി തുടരാം.
AIയും മൂലധനസമാഹരണവും
മുതലാളിത്തത്തില്‍ മൂലധനം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും വിപണി നിയന്ത്രിക്കാനും ലാഭം വര്‍ധിപ്പിക്കാനുമാണ്.
AI ഈ പ്രക്രിയയെ കൂടുതല്‍ ശക്തമാക്കാം.
ഒരു ലളിതമായ രൂപത്തില്‍:
മൂലധനം ? AI ? ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ? കുറഞ്ഞ തൊഴില്‍ച്ചെലവ് ? കൂടുതല്‍ ലാഭം ? കൂടുതല്‍ മൂലധനസമാഹരണം.
AIയുടെ ഉപയോഗം കൂടുതല്‍ വ്യാപകമാകുമ്പോള്‍ ചില മേഖലകളില്‍ മനുഷ്യ അധ്വാനത്തിന്റെ ആവശ്യം കുറയാം. പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
അതിനാല്‍ ‘AI എല്ലാവരുടെയും തൊഴില്‍ ഇല്ലാതാക്കും” എന്നത് സ്ഥാപിതമായ വസ്തുതയല്ല.
എന്നാല്‍ ഒരു പ്രധാന സാമൂഹിക വൈരുദ്ധ്യം നിലനില്ക്കും:
ഉല്‍പ്പാദനശേഷി വര്‍ധിക്കുന്നതിനൊപ്പം വരുമാനവും വാങ്ങല്‍ശേഷിയും ഭൂരിപക്ഷ ജനങ്ങളില്‍ അതേ തോതില്‍ വര്‍ധിക്കാത്ത പക്ഷം ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യമായ സാമൂഹിക ആവശ്യകത എങ്ങനെ നിലനിര്‍ത്തും?
AI അതിനാല്‍ തൊഴിലിന്റെ സ്വഭാവം, വേതനം, ഉടമസ്ഥത, വിതരണം, സാമൂഹിക സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
പ്രശ്നം ഉല്‍പ്പാദനശക്തിയുടെ കുറവല്ല.
ആ ഉല്‍പ്പാദനശക്തി ആരുടെ ഉടമസ്ഥതയിലാണ്, ആരുടെ ആവശ്യങ്ങള്‍ക്കാണ് അത് ഉപയോഗിക്കുന്നത് എന്നതാണ് പ്രശ്നം.
”സിംഗുലാരിറ്റിയോ” സാമൂഹിക പരിവര്‍ത്തനമോ?
”സിംഗുലാരിറ്റി”യെക്കുറിച്ചുള്ള അതിശയോക്തിപരമായ പ്രവചനങ്ങളില്‍ ജാഗ്രത ആവശ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ AIയുടെ യഥാര്‍ത്ഥ സാങ്കേതിക മാറ്റങ്ങളെ അവഗണിക്കാനും പാടില്ല.
AI ഇതിനകം തന്നെ സോഫ്റ്റ്വെയര് വികസനം, ശാസ്ത്രീയ ഗവേഷണം, മോഡല്‍ വിലയിരുത്തല്‍, ഡാറ്റാ വിശകലനം തുടങ്ങിയ മേഖലകളില്‍ മനുഷ്യരെ സഹായിക്കുന്നു. AI ഗവേഷണത്തില്‍ AIയുടെ ഉപയോഗം വര്‍ധിക്കുന്നതോടെ ബുദ്ധിയും ബുദ്ധിയെ ഉല്‍പ്പാദിപ്പിക്കുന്ന ഉപാധികളും തമ്മിലുള്ള feedback ബന്ധവും ശക്തമാകാം.
അതിനാല്‍ സാങ്കേതിക വികസനം നിര്‍ത്തണമോ എന്നതല്ല ചോദ്യം.
മനുഷ്യരുടെ സാമൂഹിക നിയന്ത്രണശേഷിയെക്കാള് വേഗത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കാന്‍ സമൂഹത്തിന് അനുയോജ്യമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനാകുമോ എന്നതാണ് ചോദ്യം.
മനുഷ്യരാശിയുടെ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ്
AI മനുഷ്യ ക്ഷേമത്തിന് വലിയ സംഭാവന നല്‍കാനുള്ള സാധ്യതയുള്ള സാങ്കേതികവിദ്യയാണ്.
ശാസ്ത്രീയ ഗവേഷണം വേഗത്തിലാക്കാനും പുതിയ മരുന്നുകള്‍ കണ്ടെത്തുന്നതിനും സഹായിക്കാനും വിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനും ആവശ്യമായ മനുഷ്യ അധ്വാനം കുറയ്ക്കാനും അതിന് കഴിയും.
അതുകൊണ്ട് നിയന്ത്രണമില്ലാത്ത AIയ്ക്ക് ബദല്‍ AIയെ നിരസിക്കലല്ല.
AIയുടെ മേല്‍ ജനാധിപത്യപരമായ സാമൂഹിക നിയന്ത്രണമാണ്.
സ്വയംഭരണശേഷി, കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം, മോഡല്‍ വിലയിരുത്തല്‍, സൈബര്‍ സുരക്ഷ, സുതാര്യത, സ്വതന്ത്ര ഓഡിറ്റിംഗ്, അപകടസാധ്യത റിപ്പോര്‍ട്ടിംഗ്, അടിയന്തരമായി പ്രവര്‍ത്തനം നിര്‍ത്താനുള്ള സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ഫലപ്രദമായ ദേശീയവും അന്തര്‍ദേശീയവുമായ മാനദണ്ഡങ്ങള്‍ ആവശ്യമാണ്.
AI സമൂഹത്തിലെ നിര്‍ണായക ഉല്‍പ്പാദനശക്തിയായി മാറുകയാണെങ്കില്‍ അതിന്റെ അടിസ്ഥാനസൗകര്യവും സാങ്കേതിക ശേഷിയും ഏതാനും കോര്‍പ്പറേഷനുകളുടെ സ്വകാര്യ നിയന്ത്രണത്തില്‍ തുടരുന്നത് സാമ്പത്തിക അധികാരത്തിന്റെ നിലവിലുള്ള കേന്ദ്രീകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്താം.
അതിനാല്‍ അടിസ്ഥാനപരമായ ചോദ്യം ഉടമസ്ഥതയുടേതുമാണ്.
കോര്‍പ്പറേറ്റ് സുരക്ഷാനയങ്ങളുടെ പരിധി
AI വികസിപ്പിക്കുന്ന കമ്പനികള്‍ക്കുള്ളില്‍ പോലും അപകടസാധ്യതയെക്കുറിച്ചുള്ള ബോധം വര്‍ധിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന, അപകടസാധ്യതാ വിലയിരുത്തല്‍, സൈബര്‍ സുരക്ഷ, സ്വതന്ത്ര പരിശോധന, അപകടകരമായ സംഭവങ്ങളുടെ റിപ്പോര്‍ട്ടിംഗ് തുടങ്ങിയ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു.
OpenAIയും Anthropicയും പോലുള്ള കമ്പനികള്‍ AI സുരക്ഷയ്ക്കായി പ്രത്യേക നയങ്ങളും വിലയിരുത്തല്‍ സംവിധാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. Anthropic-ന്റെ Responsible Scaling Policy ഉയര്‍ന്ന അപകടസാധ്യതയുള്ള കഴിവുകള്‍ വികസിക്കുന്നതിനനുസരിച്ച് കൂടുതല്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂടാണ്. എന്നാല്‍ ഇത്തരം സ്വമേധയാ സ്വീകരിക്കുന്ന കോര്‍പ്പറേറ്റ് നയങ്ങള്‍ പൊതുസമൂഹത്തിന്റെ ജനാധിപത്യ നിയന്ത്രണത്തിന് പകരമാകില്ല.
കാരണം പ്രശ്നം സുരക്ഷാ സാങ്കേതികവിദ്യയില്‍ മാത്രം ഒതുങ്ങുന്നില്ല. AIയുടെ ഉടമസ്ഥതയും നിയന്ത്രണവും ലാഭത്തിനും വിപണി ആധിപത്യത്തിനുമുള്ള മത്സരവും ആരുടെ കൈകളിലാണ് എന്നതാണ് അടിസ്ഥാനപ്രശ്നം.
കോര്‍പ്പറേറ്റ് safety policies അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഇടക്കാല സംവിധാനങ്ങളായിരിക്കാം. എന്നാല്‍ അവയ്ക്ക് AIയുടെ സാമൂഹിക ഉടമസ്ഥതയുടെയും ജനാധിപത്യ നിയന്ത്രണത്തിന്റെയും പ്രശ്നം പരിഹരിക്കാനാവില്ല.
ഭീഷണിക്ക് അപ്പുറം: AI
ഈ യന്ത്രയുഗത്തില്‍, AI മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും ശക്തമായ പുതിയ ഉല്പ്പാദനശക്തികളിലൊന്നായി മാറുകയാണ്. അതിന്റെ വികാസം പൂര്‍ണമായി തിരിച്ചു കൊണ്ടുപോകാനാവില്ല; അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും അവഗണിക്കാനാവില്ല.
ആവശ്യമായ തൊഴില്‍സമയം കുറയ്ക്കാനും മനുഷ്യരുടെ അറിവും സൃഷ്ടിപരമായ ശേഷിയും വികസിപ്പിക്കാനും അതിന് അപാരമായ സാധ്യതയുണ്ട്.
എന്നാല്‍ കേന്ദ്രീകൃത ഉടമസ്ഥതയുടെയും മൂലധനമത്സരത്തിന്റെയും സാഹചര്യത്തില്‍ അതേ സാങ്കേതികവിദ്യ അസമത്വം വര്‍ധിപ്പിക്കാനും തൊഴില്‍രംഗത്ത് വലിയ സ്ഥാനചലനം സൃഷ്ടിക്കാനും സാമ്പത്തിക അധികാരം കൂടുതല്‍ കേന്ദ്രീകരിക്കാനും ഇടയാക്കും.
അതുകൊണ്ട് പോരാട്ടം കൃത്രിമബുദ്ധിക്കെതിരെയല്ല.
സാമൂഹികമായി സൃഷ്ടിക്കപ്പെട്ട അതിശക്തമായ ഒരു ഉല്‍പ്പാദനശക്തിയെ മൂലധനത്തിന്റെ സങ്കുചിത താല്പര്യങ്ങള്ക്ക് കീഴ്പ്പെടുത്തുന്നതിനെതിരെയാണ് പോരാട്ടം.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ മുന്നിലുള്ള ദൗത്യം ഉല്പ്പാദനസമ്പത്തിന്റെ സാമൂഹികവല്‍ക്കരണത്തിനും പുരോഗമിച്ച AI സാങ്കേതികവിദ്യകളുടെ ജനാധിപത്യ നിയന്ത്രണത്തിനുമായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ്.

Al മനുഷ്യരാശിക്ക് ഒരു ചരിത്രപരമായ ഉല്‍പ്പാദനസാധ്യത തുറക്കുന്നു.
അത് മനുഷ്യവിമോചനത്തിന്റെ ഉപകരണമായി മാറുമോ, അതോ പുതിയൊരു ആധിപത്യ സംവിധാനമായി മാറുമോ എന്നത് യന്ത്രങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതില്‍ മാത്രം ആശ്രയിക്കുന്നില്ല.
യഥാര്‍ത്ഥ ചരിത്രപരമായ ചോദ്യം മനുഷ്യരാശിക്ക് സ്വന്തം ഉല്പ്പാദനശക്തികളുടെ മേല്‍ കൂട്ടായ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ്.
മനുഷ്യന്റെ ബുദ്ധിയെ യന്ത്രത്തിലേക്ക് കാര്യക്ഷമതയും പൂര്‍ണ്ണതയും നല്കി പകര്ന്നുനല്കുന്നതില് മാത്രമല്ല ചരിത്രത്തിന്റെ വെല്ലുവിളി; മനുഷ്യരാശിയുടെ കൂട്ടായ ബുദ്ധിയെ ആരുടെ നിയന്ത്രണത്തിലാക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ വെല്ലുവിളി നിലകൊള്ളുന്നത്.
ഇന്ന് തൊഴിലാളിവര്‍ഗ്ഗം എന്നതിനുപരി അധ്വാനരംഗത്തുനിന്ന് പുറത്താക്കപ്പെടുന്ന മുഴുവന്‍ ജനതയുടെയും മുന്പില് ഒരു പിടി കോര്‍പ്പറേറ്റ് മുതലാളികളുടെ പിടിയിലമര്‍ന്ന ഉല്പാദനരംഗത്തെ തിരിച്ചുപിടിക്കുക എന്ന വെല്ലുവിളിയാണ് ഉയര്‍ന്നു വരുന്നത്.

No Comments yet!