പാതിരയോടടുത്ത നേരം
റെയിൽവെസ്റ്റേഷനിലെ
കൂടുതൽ വെളിച്ചമുള്ള മൂലയിലെ
ബെഞ്ചിലിരുന്ന് വായിക്കുന്ന
എന്നെ തോണ്ടി വിളിച്ച്
പഴയ സഹപ്രവർത്തകൻ ചോദിച്ചു;
താങ്കളിനിയും വായിച്ചു കഴിഞ്ഞില്ലേ?
ഇല്ല; അയാളോട് ചിരിക്കേ
ഉള്ളിൽ ഞാനെന്നോട് മന്ത്രിച്ചു.
ഞാനില്ലാതാവും മുമ്പേ
അവളില്ലാതാവണ്ട.
അവളില്ലാത്ത ഇരുട്ടിൽ
എനിക്ക് കഴിയുകയും വേണ്ട.
പതിനൊന്നാമത്തേയോ
പന്ത്രണ്ടാമത്തേയോ വയസ്സിൽ
സംശയിച്ച് സംശയിച്ച്
കൂടെ കൂടിയതാണ്
കൂടെ നിൽക്കാമോ?
കൂടെ നിർത്തുമോ?
ആരറിഞ്ഞതിലും എന്നെ അറിഞ്ഞു.
ഒന്നും ചെയ്യാനില്ലാത്തപ്പോഴും
ഇഷ്ടമില്ലാത്തത് ചെയ്യാനുള്ളപ്പോഴും
മുന്നിൽ വന്നു നിന്നു
മറ്റുള്ളവർ കുറ്റപ്പടുത്തിയപ്പോൾ
അവർ മറ്റുള്ളവരാണ് എന്ന് ഓർമ്മിപ്പിച്ചു
ഒരു സമാധാനവും കിട്ടാത്തപ്പോൾ
പല സമാധാനങ്ങൾ തന്നു
ഒരുവരും ക്ഷമിക്കാത്തതും
ക്ഷമിക്കത്തക്കതായി കണ്ടു.
അപ്പോൾ അതല്ലാതെ ചെയ്യാനാവുമായിരുന്നില്ല,
അവളാശ്വസിപ്പിച്ചു.
രഹസ്യമായ മുറിവുകളിൽ
മരുന്നുവെച്ചു കെട്ടിത്തന്നു
ഒന്നും സാരമാക്കിയില്ല
നിസ്സാരവുമാക്കിയില്ല.
ഒരിക്കലും പരാതിപ്പെട്ടില്ല
ക്ഷമയോടെ വിളിപ്പുറത്ത് കാത്തുനിന്നു
വിളിച്ചപ്പോൾ
എന്തൊരുത്സാഹത്തോടെയാണ്
എല്ലാ കുറിയും വന്നത്.
കൂടെ നടന്ന് കാട്ടിത്തന്നു വഴികൾ
കാട്ടിത്തന്നൂ എനിക്ക് മാത്രമുതകുന്ന
രക്ഷാമാർഗ്ഗങ്ങൾ
കാട്ടിത്തന്നൂ ഉപയോഗശൂന്യൻ്റെ
ഉപയോഗങ്ങൾ.
എപ്പോഴും എന്നെ കൊതിച്ചു
എന്നെ ഒറ്റയ്ക്ക്
മുഴുവനായി ആഗ്രഹിച്ചു.
ഒരുമിച്ചിരിക്കാനുള്ള
ഒഴിഞ്ഞിടങ്ങൾ കണ്ടെത്തി.
അതുവരെയായിരുന്നതിൽ നിന്ന്
അടുത്തെതിലേക്ക്
കൈ പിടിച്ച് നടത്തിച്ചു.
ഞാൻ ഞാനാവുന്നതിന്
അവളോളം യത്നിച്ചവരില്ല
ആനന്ദിച്ചവരില്ല.
അവൾ വിളമ്പിത്തന്ന അന്നത്തിൽ
ഓരോ വറ്റിലും എൻ്റെ പേര്.
കഴിയ്ക്കൂ, സമയമെടുത്ത്
സ്വാദോടെ.
എനിക്കായി
എൻ്റെ രുചിയറിഞ്ഞ്
ഉണ്ടാക്കിയതാണ്
ഭൂമിയിലെ വിഭവങ്ങൾ
എൻ്റെ ഗൂഡാലോചനക്കാരിയെ
വീട്ടിലാർക്കുമത്രയൊന്നും പിടിച്ചില്ല
എൻ്റെ എല്ലാ ആലോചനകളിലും
അവൾ തലയിടുന്നു.
ഞാനെത്ര അനാഥനാണെന്ന്
അവളോളമാരുമറിഞ്ഞില്ല.
മനുഷ്യപുത്രന്നോ
ദൈവപുത്രന്നോ
എൻ്റെ പാപങ്ങൾ
പൊറുക്കാനുള്ള ത്രാണിയില്ലെന്ന്
എനിക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ
അവൾ പറഞ്ഞു തന്നു.
അവൾ വേദനയെ
വേദന കൊണ്ട് തുടച്ചു.
എനിക്ക് മാത്രം പങ്കിടാവുന്ന
ചിലതില്ലാത്ത ലോകത്തിൽ
താനിരിക്കില്ലെന്ന് അവൾ പറഞ്ഞു.
***







No Comments yet!