രക്തമലമൂത്രാദികൾ നിറഞ്ഞ
ഈ ഉടലിനെ പ്രണയിച്ചിരുന്നുവെന്നു പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
ഉടലിനെയല്ല
സ്നേഹത്താൽ സ്പന്ദിക്കുന്ന
ചുവന്ന ഹൃദയത്തെയല്ലേ നീ പ്രണയിച്ചത്?
ഉടലിനെക്കാളേറെ മാലിന്യങ്ങളുള്ള
ഒരു ഹൃദയത്തെ
പ്രണയിച്ചിരുന്നുവെന്ന് പറയുമ്പോഴും
അത്ഭുതം തോന്നാറുണ്ട്.
അസൂയ, പക, വിദ്വേഷം
കുശുമ്പ് ,കുന്നായ്മ
പല പല വിഴുപ്പുകളടിഞ്ഞ്
മലിനമായ ഹൃദയങ്ങൾ.
വായയുടെ ഒരറ്റത്ത്
പുഞ്ചിരി കത്തിയിരുന്നു.
അങ്ങേയറ്റത്ത് മലദ്വാരവും.
പുഞ്ചിരി ഹാ! കുലീനമാം
ഉടലിൻ്റെ കള്ളം.
വ്യാജമാം വാനം
പോലെയൊരു തോന്നലോ പ്രണയം?
കപടാകാശത്തിന് കീഴെ വിടരുന്ന
മഴവില്ല് പോലെ പ്രേമം.
നിന്നെ ഗാഢം പ്രണയിച്ച നാളുകളിൽ
ഇത്തരം തോന്നലുകൾ
ഉണ്ടാകാതിരുന്നതെത്ര നന്നായി.
പ്രണയപതാകകൾ
പാതി താഴ്ത്തിക്കെട്ടിയ വേളയിൽ
ഇത്തരം ചിന്തകളുണ്ടാവുന്നതുമെത്ര നന്നായി.
അന്ന്, നിൻ്റെ പാദം സ്പർശിച്ച മണൽത്തരികളിൽ പോലും
പ്രണയം പൂത്തിരുന്നു.
ഇന്ന് നിൻ്റെ പാദങ്ങൾ
ഏവരുടെയും പോലെ ഒന്ന്.
പഴയ പോലെ പ്രണയിക്കാനാവുന്നില്ല.
ആറിത്തണുത്തിരിക്കുന്നു.
അറിവില്ലായ്മയുടെ ഭ്രമങ്ങൾ
അന്നെത്ര ഉത്തമമായിരുന്നു.
***







No Comments yet!