നിന്നിലേക്ക്
ഇഷ്ടമെന്നു പറഞ്ഞതിൽ പിന്നെ
തെളിനീരുറവയിലൊരു കണമായി
ഒഴുകിയൊഴുകി ഞാൻ നിന്നിലെത്തി…
ഒരു ചെറു മീനിൻ പുളകംപോലാനന്ദം
നിന്നിലമരുന്നുവെൻ ജീവനും…
***
വാകച്ചോട്ടിൽ
പണ്ടുനാം നടന്ന വഴികൾ
വാകമര തണലുകൾ, പൂക്കൾ
അന്നിരുന്ന മുറികൾ
പ്രണയ നിഴലുകൾ
വീണുമയങ്ങും നിശ്വാസങ്ങൾ
ഒരിക്കലെങ്കിലും നാമീവഴി
വരുമെന്നാശിച്ചുനിൽപ്പുണ്ട്…
***
പുൽക്കൊടി മറവിൽ
കാറ്റുപോയ പന്തും
അടിതെറ്റിയ കല്ലുകളും
ചിതൽ തിന്ന കുട്ടിയും കോലും
ചരലിൽ വീണ ചോരയും
പുൽകൊടി മറച്ചുവെച്ചു…
***
ഒന്ന് പെയ്യുവാൻ
മോതിരവിരലിലെ വെള്ളടയാളം
പൊട്ടിയചരടിൻ നൊമ്പരം പോലെ…
മൂകതമൂടിയ നീലാകാശം
ഉള്ളിലൊതുക്കിയ തിരമാലകളും…
ഇടിമിന്നേറില് കോരിച്ചൊരിയും
നേരംകാത്തു പാത്തിരിപ്പൂ…
***
നിന്നോളം
കണ്ണടച്ചാലും തുറന്നാലും
നിൻ മുഖം
കനലെരിയും മനസ്സിലും
നീ മാത്രം
ഒറ്റയല്ലെന്നൊരു തോന്നലിൽ
ഞാൻ ഞാനായ്
നിന്നോളം പൂക്കുന്നു കായ്ക്കുന്നു…
***
സ്മൃതി പാദസരം
നിഴൽ മാഞ്ഞ വഴിയിൽ
നിൻ ശ്വാസ കനവിൽ
മൃദു പാദസ്പർശം
സ്മൃതി പാദസര കിലുക്കം
മാഞ്ഞിട്ടും മായാതൊരു നിഴൽ,
എന്നിലെ നിൻ കനവ് പോൽ…
***







No Comments yet!