അയാൾക്കിപ്പം വയസ്സ് 40. മുറികൂടുന്ന ഇരുപതിലെ വിപ്ലവാവേശം അയാളെ ഒരു നല്ല പൊതുപ്രവർത്തകനാക്കി. രാവിലെ തന്നെ സൈക്കിളിൽ പാർട്ടിയുടെ പത്രവിതരണം തുടങ്ങുന്നതോടെ ദാസന്റെ ഒരു ദിവസം തുടങ്ങും. പിന്നെ നാട്ടിലെ ആശുപത്രി കേസുകൾ, കല്ല്യാണസഹായം, വഴക്കുതീർക്കൽ, യോഗങ്ങൾ, സമരപരിപാടികൾ എന്നിവയൊക്കെ നടത്തി നടത്തി അയാളൊരു ബ്രാഞ്ച് സെക്രട്ടറി സ്ഥാനം വരെ ക്ലച്ചുപിടിച്ച് പടികയറി എത്തിയതാണ്. എന്നാൽ, ഈയിടെയായി ഒരു ലക്ഷ്യമില്ലായ്മ, മാനത അയാളെ പിടികൂടിയിരിക്കുന്നു. നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വഴിയും തന്റെ പക്കൽ ഇല്ലെന്ന, അനുഭവം ഗുരുവാണ് ഈയിടെ അയാളെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. പത്തൊൻപതിൽ വിട്ട തറവാട്ടമ്പലം അയാൾ അങ്ങനെയാണ് വീണ്ടെടുത്തത്.
നിത്യസന്ദർശനം അയാൾക്കൊരു ഹരമായി. ഇത്രയും നാൾ ഈശ്വരവാദിയോ നിരീശ്വരവാദിയോ ആയി നടക്കാത്ത ആളാണ്. അയാൾ രാവിലെയും വൈകുന്നേരവും അമ്പലത്തിന്റെ ഗേറ്റ് കടന്ന് നടയിൽ കയറി കൈ കൂപ്പും. പ്രകാശം വിതറുന്ന കത്തുന്ന നെയ്ത്തിരി വിളക്കുകൾ ഒരു നന്മയുടെ പ്രതീകമായി അയാൾക്ക് അനുഭവപ്പെട്ടു. ഒരു വെളിച്ചം തന്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും അകത്ത് കടക്കണപോലെ.
ദിവസത്തിൽ രണ്ട് തവണ ആഴ്ചയിൽ പലതവണ അവിടെ പോയിട്ടും, അവിടെ പ്രതിഷ്ഠ ഏത്? ഭഗവാന്റെയോ, ഭഗവതിയുടെയോ എന്നയാൾക്ക് നിശ്ചയമില്ലായിരുന്നു. ചിതറിപ്പോയ പല കുടുംബക്കാരും അവിടെ വരും. വൃത്തിയായി പണിതിട്ട സിമന്റ് ബെഞ്ചുകളിൽ അവർ ഇരിക്കും, കുശലം ചോദിക്കും. നഷ്ടപ്പെട്ട അന്യോന്യത കുറേശ്ശെയൊക്കെ തിരിച്ചുവരുന്നതുപോലെ. അയാൾ അത് എന്തുകൊണ്ട് മുൻവേ തോന്നിക്കൂടായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചു. അയാളുടെ തൃപ്തി അവിടെ വരുന്ന കാർന്നോന്മാരോട് അയാൾ പങ്കുവെച്ചു.
അവർ പറഞ്ഞു, “ഇപ്പോഴെങ്കിലും തോന്നിയല്ലോ ദാസാ.”
ആറ് മണിക്ക് സന്ധ്യാപൂജക്ക് ശേഷം പ്രസാദവിതരണം നടക്കും. അവലും ശർക്കരയും പഴവും കൽക്കണ്ടവും എല്ലാം അയാളെ പഴയ കാലത്തിലേക്കും കുട്ടിത്തത്തിലേക്കും സന്തോഷത്തിലേക്കും തിരിച്ചു നടത്തി തുടങ്ങി. എല്ലാവരും നാട്ടിലേയും വീട്ടിലേയും പ്രശ്നങ്ങൾ തിരിച്ചും മറിച്ചും കുശലം പറഞ്ഞിട്ട് വീട്ടിലേക്കെത്തുമ്പോൾ ആശ്വാസം. സൗദാമിനിക്കും സന്തോഷം.
പൊതുപ്രവർത്തനം മൂലമുള്ള അലച്ചിൽ, ജനസേവനം മൂലമുള്ള പണച്ചിലവ്, ജനങ്ങൾക്ക് ആവശ്യമോ ആവേശമോ ഇല്ലെങ്കിലും പാർട്ടിക്കുവേണ്ടി നടത്തുന്ന സമരങ്ങളിൽ, ആ തിരക്കുകളിൽനിന്ന് ഒഴിവായി ഇറങ്ങിയപ്പോൾ വലിയ ഒരു കുരിശ് നിലത്തിറക്കി വച്ച പ്രതീതിയായിരുന്നു അയാൾക്ക്.
ഒരീസം അവിടെ നിന്നിറങ്ങാൻ നേരം പണ്ട് കളക്ടറേറ്റ് വളയൽ സമരത്തിന് ഒരുമിച്ച് ജയിലിൽ കിടന്ന അതുവഴി വന്ന ജയമോഹൻ ദാസനോട് ചോദിച്ചു, “എന്താ, ഇപ്പോ അമ്പലവാസിയായോ?” മറുപടിക്ക് കാത്തുനിൽക്കേണ്ടി വന്നില്ല.
“ജയാ, ഞാൻ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ചു. പാർട്ടിയിൽ എന്ത് ചെയ്താലും കുറ്റം, വിമർശനം. ജനങ്ങൾക്കുവേണ്ടി കൂടുതൽ പ്രവർത്തനം, ത്യാഗം എന്നിവ വീണ്ടെടുക്കാനാണ് ആഹ്വാനം. സ്വന്തം കാര്യത്തിൽ കൂടുതൽ കൂറ് പാർട്ടിയോടും വേണം ന്നാ അന്നും ഇന്നും പറയണത്. ഞാനാണെങ്കി നശിച്ച് നാറാണക്കല്ല് പോലെയായി. ഒരു പോസ്റ്ററുപോലും ഒട്ടിക്കാൻ പോകാത്ത സഖാവ് മെൽറ്റോയാണിപ്പോ ഇവിടത്തെ പാർട്ടി എം.എൽ.എ. ലോണെടുത്ത് ഒരു സ്കൂട്ടി മേടിച്ചേന് നാട്ടുകാർ പറയണത്, കൈക്കൂലി കിട്ടിയതാന്നാ. അതും പോട്ടെ, ന്യൂ ജനറേഷൻ പിള്ളേർക്ക് പാർട്ടിയൊന്നും വേണ്ടടോ. പിന്നെ ആർക്കു വേണ്ടിയാ ബുദ്ധിമുട്ടുന്നത്? സഹായിക്കാൻ പോയി, സഹായം വാങ്ങിച്ചവരെല്ലാം ഇപ്പോ എന്റേം പാർട്ടീടേം ശത്രുക്കളാണ്. വിപ്ലവം ഒന്നും വരണ മട്ടില്ല. ദേ, കണ്ടില്ലേ, നരച്ചിരിക്ക്ണൂ. എന്നാലും ഞാൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തന്ന്യാ. പാർട്ടിക്കേ ജീവനുള്ള കാലം വോട്ട് ചെയ്യു…”
ഒരു നിരാശാബോധം ദാസനിൽ തെളിഞ്ഞുവന്നു. അങ്ങനെയിരിക്കെ, അമ്പലത്തിൽ വന്ന ആർട്ട് ഓഫ് ഈശ്വറിന്റെ പയ്യൻ മഹാദേവനുമായും പരിചയപ്പെട്ടു. എന്താ, അവന്റെ ഒരു ഉഷാറ്, കണ്ണുകളിൽ തിളക്കം. സ്നേഹം, സന്തോഷം എന്നിവ അവനിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നു. ദാസൻ പയ്യനുമായി കൂട്ടുകൂടി. അവനെ ആത്മസഹോദരനായി ഇഷ്ടപ്പെടുകയും ചെയ്തു. എപ്പോഴും അവന്റെ പുഞ്ചിരി, നിലാസ്പർശം, ആത്മഹർഷം എന്നിവ ദാസന് കൂട്ടുവന്നു. എന്തേ ഈ ബുദ്ധി മുന്നേ തോന്നാതിരുന്നത് എന്ന് ദാസൻ വീണ്ടും ചിന്തിച്ചു.
“ദാസേട്ടാ, ഇവിടെ വന്നിട്ടും ദാസേട്ടന്റെ മുഖത്ത് ഒരു തേജസ്സ് വന്നിട്ടില്ല. ഉണ്മ വന്നിട്ടില്ല, ഓറ വന്നിട്ടില്ല. ആകെക്കൂടി ഒരു വല്ലായ്മ. ഒരു കരിമുഖം ഇപ്പോഴും മുഖത്ത് വിളയാടുന്നു, വീട്ടിലെ ദാരിദ്ര്യം വിട്ടുപോകുന്നുമില്ല. വേണമെങ്കിൽ വരു, ഈശ്വർജിയെ ഒരു പ്രാവശ്യം കണ്ടുനോക്കൂ. എന്തെങ്കിലും ഒരു കുണ്ഡലീധ്യാനം ശീലിച്ചുനോക്ക്. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവും.” പയ്യൻ ദാസനെ ഉപദേശിച്ചു.
“അതെവിടെയാ?”
“അത് എറണാകുളത്താ. ഞാൻ നമ്പർ തരാം. വിളിച്ചാൽ മതി.”
ദാസൻ തല കുലുക്കി.
അങ്ങനെയാണ് അയാൾ ഈശ്വർജിയുടെ ‘അനുഗ്രഹ’ എന്ന വീടിന്റെ അന്വേഷണത്തിൽ എത്തിച്ചേർന്നത്. തൃശൂരിൽനിന്നും ലോക്കൽ ട്രെയിനിൽ കയറി എറണാകുളത്തെത്തി. നടയെടാ നട, എവ്ടെ എവ്ടാടാ എവ്ടെ അനുഗ്രഹ എന്നന്വേഷണം. അവിടെ എത്താൻ കഴിച്ച പാട്. എറണാകുളം ടൗണിൽ ചെന്നിറങ്ങി പാറമേക്കാവ് അമ്പലം കണ്ടുപിടിക്കാൻ പുറപ്പെട്ടപോലെ. ഈശ്വറിന്റെ വീട് ചോദിച്ചാൽ ആർക്കും അറിയില്ല. അപ്പോൾ പയ്യൻ തന്ന ഈശ്വർജിയുടെ ഫോൺ നമ്പറിൽ വിളിക്കും.
“ഈശ്വർജി, ഞാൻ പാലക്കപ്പറമ്പിൽ എത്തി. അങ്ങയുടെ അനുഗ്രഹ എവിടെയാ?”
ഈശ്വർജി ഫോണിലൂടെ പറയും. “അവിടെനിന്നും മഹാരാജാസ് കോളേജ് മതിലിനരികിലൂടെ വട്ടപ്പറമ്പിൽ എത്തുക.”
മഹാരാജാസിന്റെ മുന്നിൽ വണ്ടിയിറങ്ങി, ഒരു വിധം വട്ടപ്പറമ്പിലെത്തി ഒരു വലിയ മതിലിനു മുന്നിൽ ദാസൻ എത്തിച്ചേർന്നു. എന്നിട്ടും വീട് — ‘അനുഗ്രഹ’ — കണ്ടുപിടിക്കാനായില്ല. മൂന്ന് മീറ്ററെങ്കിലും ഉയരമുള്ള കൂറ്റൻ മതിലിനു മുന്നിൽ അയാൾ നിൽപ്പസ്വസ്ഥനായി. അവിടെനിന്ന് അയാൾ വീണ്ടും വിളിച്ചു.
“ഈശ്വർജി, ഞാൻ വട്ടപ്പറമ്പിൽ താമരപ്പൂക്കളുടെ ചിത്രങ്ങൾ പതിച്ച ഒരു വലിയ മതിലിനു മുന്നിലാണ്. സ്വാമിയുടെ ‘അനുഗ്രഹ’ എവിടെയാണ്?”
മറുതലയ്ക്കൽനിന്നും ഒരു പൊട്ടിച്ചിരി.
“ടാ ശിഷ്യാ, ഞാൻ ഇവിടെയിരുന്ന് എല്ലാം കാണുന്നുണ്ട്. നീ എന്റെ ‘അനുഗ്രഹ’യ്ക്കു മുന്നിൽ തന്നെയാണ് വന്നിട്ടുള്ളത്. നീ അവിടെ നിൽക്കൂ…”
ദാസൻ അതിശയത്തോടെ, മനോഹരമായി ജീവനുള്ള ചുമർചിത്രങ്ങൾ ഇളകിയാടുന്ന ആ മതിലിനെ അൽപ്പനേരം നോക്കിനിന്ന് മയങ്ങിപ്പോയി. ഈശ്വർജി ഇത്ര വലിയ മതിൽക്കെട്ടിനകത്താണോ താമസം? പെട്ടെന്ന്, വാതിലുകൾ പുറത്തേക്ക് ദൃശ്യമല്ലാത്ത ആ മതിലിൽ നിന്ന് രണ്ട് പളുങ്കു സ്വർണ്ണവാതിൽപ്പാളികൾ മാജിക്കിലെന്നപോലെ തുറന്ന് പ്രത്യക്ഷമായി. ഇന്ത്യൻ കോഫീഹൗസിലെ രാജാവായെത്തുന്ന തൊഴിലാളിയെപ്പോലെ ഒരു തലപ്പാവും, വൃത്തിയായി നല്ല സ്റ്റൈലിൽ ഷർട്ടും, പാന്റും പഷ്ടൂടായി ധരിച്ച ഒരു യുവാവ് വന്ന് ദാസനോട് പറഞ്ഞു.
“ഈശ്വരിനെ കാണാൻ വന്ന ശിഷ്യനല്ലേ? വരൂ…”
ദാസൻ, “അതേ ഞാൻ തന്നെയാണ് ആ ശിഷ്യൻ.”
“സർ, അങ്ങ് ആരാണ്?” ദാസൻ ചോദിച്ചു.
“ഞാൻ ഈശ്വർസാറിന്റെ വേലക്കാരനാണ്.” വന്നയാളിന്റെ വിനയപൂർവമുള്ള മറുപടി.
“ഓ, ടൈയും കോട്ടും തലപ്പാവും വച്ച വേലക്കാരനോ?” ഈശ്വർജി എത്ര ബഹുമാനവും അന്തസ്സുമാണ് വേലക്കാരന് കൊടുക്കുന്നത്. ദാസൻ നിരീച്ചു.
വാതിൽ കടന്നതും പച്ച പുൽത്തകിടി. അതിർത്തി തിരിച്ച മുറ്റത്ത് മനോഹരമായ പൂന്തോട്ടവല്ലരികൾ. “എന്ത് ഭംഗി നിന്നെ കാണാൻ” എന്ന് തോന്നിപ്പോയി. വെൺകല്ലിൽ കടഞ്ഞെടുത്ത നടപ്പാതകൾ. ടൈയും കോട്ടുമിട്ടയാൾ ദാസനെ പുൽത്തകിടിയിൽ ഇളകിയാടുന്ന ഒരു ചാരുകസേരയിൽ സ്നേഹത്തോടെ തോളിൽ പിടിച്ച് ഇരുത്തി.
“സർ, ഇവിടെ ഇരിക്കൂ.”
ദാസൻ മടിച്ചുമടിച്ചെങ്കിലും അവിടെ ഇരുന്നു. ഇരുന്നതും, കസേരയിലെ കുഷ്യനിൽനിന്നും റോസാപ്പൂവിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം നറുമണമായവിടെ പരന്നു. ആ നറുമണം ദാസന്റെ നാസാദ്വാരങ്ങളിൽ അരിച്ചുകയറി. എന്തോ ഒരു നിർവൃതിയിൽ ദാസൻ ആണ്ടാണ്ട് പോയപ്പോൾ മുഖദാവിൽ ഒരു ആവി പറക്കുന്ന കാപ്പിക്കപ്പുമായി വളയിട്ട രണ്ട് സുന്ദരമായ കൈകൾ വന്നു നിൽക്കുന്നു. ദാസൻ, താനറിയാതെ ആ കപ്പ് വാങ്ങി കാപ്പിയുടെ സുഗന്ധം ഉള്ളിലേക്കൊഴുക്കി.
“ഓ, എന്തൊരു സ്വാദ്.” ഇതുപോലെ സ്വാദിഷ്ഠമായ കാപ്പി താൻ ജീവിതത്തിൽ കുടിച്ചിട്ടില്ല. കാപ്പി കൊണ്ടുവന്നയാളെ മുഖമുയർത്തി നോക്കി! രംഭയോ? അപ്സരസോ? ജയഭാരതിയോ? ദാസന് വിശ്വസിക്കാനാവുന്നില്ല. ഒരു അപൂർവസുന്ദരി, ആരും നോക്കിനിന്നു പോകും. അംഗവടിവിൽ അവൾ ഒരു മയിൽനൃത്തം ചെയ്തുകൊണ്ട് ചിലങ്കകൾ കുലുക്കി അകത്തേക്ക് ഓടിപ്പോയി. സർവന്റ് വീണ്ടും വിനീതനായി ദാസന്റെ അരികിൽ വന്നു.
“സർ, ഈശ്വർസാറിനെ കാണാം. സാർ അങ്ങയെ കാത്തിരിക്കു—”
ദാസന് അത്ഭുതമായിരുന്നു. ഇത്രയും വലിയ ആൾ തന്നെപ്പോലെയൊരാളെ കാത്തിരിക്കുകയോ? ജീവിതത്തിൽ ഇതുപോലെ സ്നേഹത്തോടെ, അന്തസ്സോടുകൂടിയ അംഗീകാരം, പരിഗണന, എവിടെയും തനിക്ക് ലഭിച്ചിട്ടില്ല. തന്റെ ഭാഗ്യം അടുത്തുവെന്ന് അയാൾ വീണ്ടും വീണ്ടും ഉറപ്പിച്ചു. തന്നെ ഇവിടേക്ക് എത്തിച്ച മഹാദേവന് ദൈവനാമത്തിൽ ദാസൻ നന്ദി പറഞ്ഞു.
അയാൾ വേലക്കാരന്റെ പിന്നാലെ, മായികവലയത്തിൽപ്പെട്ട ആലിബാബയെപ്പോലെ കാലുകൾ ചലിപ്പിച്ചു. മുന്നോട്ടാഞ്ഞു. ചുറ്റും നോക്കി, വെങ്കലത്തിലും വെള്ളിയിലും തീർത്ത പുരാതന ബുദ്ധപ്രതിമകൾ അയാളെ നോക്കി അനുഗ്രഹം ചൊരിയുന്നു. പച്ചപ്പ് ഇളകിയാടുന്ന ചുമർപാത്രങ്ങളിൽ സ്വർണ്ണവിഗ്രഹങ്ങൾ ഉപവിഷ്ടരായിരിക്കുന്നു. പൂക്കൾ സുഗന്ധം വിതറുന്നു. അത്ഭുതലോകം. പോകുംവഴിക്ക് തികട്ടിവന്ന കൗതുകത്തിൽ സർവന്റിനോട് ചോദിച്ചു.
“ആ കാപ്പി കൊണ്ടുവന്ന മാഡം ആരാണ്?”
“അത് ഈശ്വർസാറിന്റെ ഭാര്യയാണ്.” സർവന്റ് മറുപടി പറഞ്ഞു.
“ഓ, ഭാഗ്യവാൻ.” ദാസൻ മനസ്സിൽ കുശുമ്പോടെ അടക്കം പറഞ്ഞു.
പിന്നീട്, ഒന്നാംനിലയിലേക്കുള്ള സ്റ്റെപ്പുകളിൽ അയാൾ എത്തപ്പെട്ടു. ചിരിക്കുന്ന ബുദ്ധനും ആട്ടിൻകുട്ടിയും വഴികളിലെ ചുമർചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഒന്നാംനിലയിൽ വിശാലമായ ലൈബ്രറി ഹാളിൽ അയാൾ തടിച്ച പുസ്തകങ്ങളെ കണ്ടു. ഓഷോ, കൃഷ്ണമൂർത്തി, രമണമഹർഷി, ശ്രീബുദ്ധൻ, വിവേകാനന്ദൻ, അമൃതാനന്ദമയി, ഐൻസ്റ്റീൻ, അവസാനം സാക്ഷാൽ കാറൽ മാർക്സിന്റെ ദാസ് ക്യാപിറ്റൽ — എല്ലാം ഇംഗ്ലീഷ് പതിപ്പുകൾ. അയാൾ ശരിക്കും കാണാൻ പോകുന്ന ഈശ്വർജിയുടെ അറിവും ആഴവും ടിയാന്റെ മനസ്സിലേക്ക് ഇരച്ചുകയറി.
“ഇതാ, ദാ ഇരിക്കുന്നതാണ് ഈശ്വർജി.”
അവർ എത്തിപ്പെട്ട മുറിയിലേക്ക് ചൂണ്ടി വേലക്കാരൻ തിരിഞ്ഞു നടന്നു. നോക്കിയപ്പോൾ കട്ടിലിൽ ഒരു അറുപതു വയസ്സുകാരൻ ഇരിക്കുന്നു. വിചാരിച്ചതുപോലെ, പ്രൗഢിയോ മാസ്മരികതയോ സൗന്ദര്യമോ ഓറയോ ഈശ്വർജിയിൽ ദാസന് അനുഭവപ്പെട്ടില്ല. ഒരു സാധാരണ മനുഷ്യനായി തോന്നി. അല്ലെങ്കിലും, ഗുരുക്കന്മാർ രൂപംപോലും മാറാൻ കഴിവുള്ളവരാണല്ലോ. അവർ പല രൂപത്തിലും നമ്മുടെ മുമ്പിൽ വരുമല്ലോ എന്നയാൾ സമാധാനിച്ചു.
അടുത്തുതന്നെ ബാത്ത് അറ്റാച്ച്ഡ് എ.സി. റൂമും, കൈ കഴുകുന്ന വാഷ് ബേസിനടുത്ത അലമാരയിൽ ഇരിക്കുന്ന ലിംഗത്തെ ഉഷാറാക്കുന്ന കാമാഗ്ര ഓറൽ ജെല്ലി കുപ്പികളും, ചന്ദ്രിക സോപ്പും, ഒരു ഡെബണെയർ മാസികയും, ഒരു മനുഷ്യ കരിങ്കുരങ്ങ് രസായനം എന്നെഴുതിയ ടിന്നും ദാസന്റെ ശ്രദ്ധയിൽ മിന്നായം പോലെ കടന്നുപോയെങ്കിലും അതയാളിൽ നിന്നില്ല.
“വരൂ ദാസാ.”
തന്നെ അറിയാത്ത, കാണാത്ത ഒരാൾ. തന്നെ രൂപംകൊണ്ടോ അടുപ്പംകൊണ്ടോ അറിയാത്ത ഈശ്വർജി തന്റെ പേരെടുത്ത് വിളിച്ചപ്പോൾ തന്നെ, സ്വാമിയുടെ കഴിവും ജ്ഞാനദൃഷ്ടിയും ദാസന് ഒരിക്കൽക്കൂടി റൊമ്പ ബോധ്യപ്പെട്ടു.
ഈശ്വർജി ദാസനെ കട്ടിലിൽ തന്റെ അരികിൽതന്നെ പിടിച്ചിരുത്തി. ദാസന് അധൈര്യമൊന്നും തോന്നിയില്ല. സ്വന്തമായ ഒരാൾ കൈപിടിച്ച് ഇരുത്തി തൊട്ടുരിയാടുന്ന പോലെയേ തോന്നിയുള്ളൂ.
“മകനേ ദാസാ, നീ എന്തിനിവിടെ വന്നു?” സ്വാമി ചോദിച്ചു.
“എനിക്ക് പരംപൊരുളിനെ അറിയണം. കുണ്ഡലീധ്യാനം ചെയ്യണം. ദൈവത്തെ അറിഞ്ഞാൽ എല്ലാ ശക്തിയും സൗന്ദര്യവും സമൃദ്ധിയും നേടാം എന്നു പറയുന്നു.” ദാസൻ ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുത്തു.
“നീ ഇവിടെ വരുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇവിടെ വലിയ ബുദ്ധിമുട്ടുകളുള്ള ധ്യാനമുറകളോ യോഗാസനങ്ങളോ ഒന്നും ഇല്ല.”
“ഈശ്വർജി പറയുംപോലെ.” ഈശ്വർജിയിൽ ദാസനുള്ള വിശ്വാസം അടപടലം ഉറച്ചു.
“അമേരിക്കയിലും, കാനഡയിലും, ലണ്ടനിലും, റഷ്യയിലുമൊക്കെയാണ് എന്റെ ശിഷ്യഗണങ്ങൾ. അവിടെ എനിക്ക് മടുത്തു. അതിനാൽ അറിവുകളുടെ മാതാവായ ഈ ഗൃഹത്തിൽ തന്നെയാവട്ടെ തുടർജീവിതം എന്ന് നിശ്ചയിച്ചു. ശിഷ്യന്മാർ എന്റെ ജന്മദിനത്തിൽ ഇവിടെ വരും. ഞങ്ങളൊന്നായപ്പോൾ ആനന്ദനൃത്തം ചെയ്യും. ഇപ്പോൾ നീയും എന്റെ ശിഷ്യനായി. നിനക്കും അതിനുള്ള അവസരം ലഭിക്കും. ഇനി കാര്യത്തിലേക്ക് കടക്കാം.”
ഇതും പറഞ്ഞ് ഈശ്വർ ഒരു പുൽപ്പായ സ്വന്തം കൈകൊണ്ടെടുത്ത് നിലത്ത് വിരിച്ചിട്ടു.
“നീ ഇരിക്ക്. അടുത്തത് കുണ്ഡലീക്രിയ ആണ്. പൂർണ്ണമായി സഹകരണം ഉണ്ടെങ്കിൽ വിജയം ഉറപ്പ്. നീ വിചാരിച്ച എന്തും നടക്കും.”
ദാസൻ എല്ലാത്തിനും എന്തിനും തയ്യാറായിരുന്നു. പരുവപ്പെട്ടിരുന്നു. ഈശ്വർജി പറഞ്ഞ പ്രകാരം ഉഷാറായി ചക്രം പടിഞ്ഞിരുന്നു.
ദാസന്റെ നെറ്റിയിൽ ചൂണ്ടുവിരൽ ഉറപ്പിച്ച് ഈശ്വർ പറഞ്ഞു. “ഈ വിദ്യ പ്രപഞ്ചപ്പൊരുള് നമ്മിൽ നിറയ്ക്കുന്ന ശക്തിപാതമാണ്. ഡും ഡും കുണ്ഡലീക്രിയ എന്നാണ് പേര്. ലളിതവും, അപകടങ്ങൾ ഒന്നുമില്ലാത്ത പാതയാണ്. ഞാൻ നിനക്ക് ശിഷ്യത്വം തരാൻ പോവുകയാണ്. ദക്ഷിണ വേണം.”
ദാസൻ പോക്കറ്റിൽനിന്ന് അഞ്ഞൂറ് രൂപ നോട്ടെടുത്ത് ഈശ്വറിന്റെ നേരെ നീട്ടി.
“അസംബന്ധം. ഇത് ഒരു ബിസിനസ് കേന്ദ്രമല്ല. ഇവിടെ ഒരു കച്ചവടവുമില്ല; സാക്ഷാത്കാരം ആണ് ഇവിടെ വിതരണം ചെയ്യുന്നത്. എനിക്ക് ഒരു രൂപ നാണയം മാത്രം മതി.”
ദാസന് സമാധാനമായി. ഈശ്വർ എന്തായാലും തട്ടിപ്പുകാരനല്ല എന്ന് നൂറുവട്ടം ഹിമാലയംപോലെ മനസ്സിൽ ഉറച്ചു. കീശയിൽനിന്ന് ഒരു രൂപ എടുത്ത് ദക്ഷിണ നൽകി.
ഈ ധ്യാനപ്രക്രിയയിൽ ശ്വാസത്തിൽ കുറച്ചുനേരം ശ്രദ്ധിക്കുക മാത്രമാണ് വേണ്ടത്. വർഷങ്ങളോളം തപസ്സ് വേണ്ട, ചില നിമിഷങ്ങൾ മതി ഈശ്വർജിയുടെ ശക്തിപാത സാക്ഷാത്കാരത്തിന് — എന്ന അറിവ് ദാസനെ കൂടുതൽ ആത്മവിശ്വാസമുള്ളവനുമാക്കി.
“മകനേ, അറിവ് തരുമ്പോൾ ഒന്നും സ്വന്തമായി ഉണ്ടാവാൻ പാടില്ല. കുറച്ചുനേരം വസ്ത്രങ്ങൾ ഉപേക്ഷിക്കണം.”
ദാസൻ അറിയാതെ തന്റെ മുണ്ടും ഷർട്ടും മാറ്റി പുൽപ്പായയിൽ ഒന്നൂടെ ആസനം ആണിയടിച്ചതുപോലെ ഉറപ്പിച്ച് ഇരുന്നു. ഈശ്വറിനെ വണങ്ങി.
“ഇനി മറ്റേ അടിവസ്ത്രവും മാറ്റൂ…”
ദാസൻ തന്റെ ചുവപ്പ് നിറമുള്ള ടാറ്റയുടെ അണ്ടർവെയർ എവിടേക്കെന്നില്ലാതെ എറിഞ്ഞു. ഈശ്വറും നൂൽബന്ധമില്ലാതെ ദാസന് അഭിമുഖമായി ഇരുന്നു.
“ഇനി നീ ഞാനാം ഗുരുവിനെ ധ്യാനിച്ചു ഗുരുവിന്റെ ചരണങ്ങളിൽ സ്പർശിക്കൂ.”
ദാസൻ ഗുരുവിന്റെ പാദങ്ങൾ സ്പർശിച്ചു. “കുറച്ചൂടെ മുകളിൽ” എന്ന് ഈശ്വർ പറഞ്ഞുകൊണ്ടിരുന്നു. കൂടുതൽ ഉയരത്തിലേക്ക് കൈകൾ ഒഴുകിയതോടെ ദാസന് തന്റെ ജനനേന്ദ്രിയം അപൂർവമായി അനങ്ങുന്നതും ഉയരുന്നതും ഉണരുന്നതുമായി അനുഭവപ്പെട്ടു. ചില ബോധോദയങ്ങൾ, ശാസ്ത്രജ്ഞാനം, വെളിപാട് ലക്ഷണങ്ങൾ ദാസനിൽ അത്ഭുതകരമായി വന്നുചേർന്നു.
ദാസന്റെ കൈകളിൽ സ്പർശിച്ച് ഈശ്വർജി ദാസനോട് ചോദിച്ചു.
“എന്തെങ്കിലും തോന്നുന്നുണ്ടോ? ചുറ്റുപാടും നോക്കരുത്. എന്നിൽ മാത്രമാവണം ശ്രദ്ധ.”
ദാസൻ പെട്ടെന്ന് മുറിയുടെ പുറത്തേക്ക് നോക്കിപ്പോയി. ഒരു വലിയ മഴുവും മനുഷ്യക്കുരങ്ങ് രസായന ടിന്നുമായി മുമ്പു കണ്ട വേലക്കാരൻ ഒരു ആരാച്ചാരുടെ വേഷത്തിൽ നിൽക്കുന്നു. ഗുരുകാരന്മാരുടെ ഇടപെടലെന്നോണം താൻ വീണ കെണിയുടെ കടലാഴം അയാളിൽ രംഗപ്രവേശം നടത്തി.
പെട്ടെന്ന് പ്രത്യക്ഷമായ ഒരു വലിയ അപകടത്തിന്റെ മരണഗന്ധം അവിടെ പതഞ്ഞുവന്നു. അലമാരയിൽ കണ്ട ജെല്ലിയും സുഗന്ധദ്രവ്യങ്ങളും, ഡെബണെയർ മാസികയും, മനുഷ്യ കരിങ്കുരങ്ങ് രസായന ടിന്നും പുഴയെ തഴുകുന്ന പങ്കായംപോലെ മനസ്സിലൂടെ കടന്നുവന്നു.
ദാസൻ പറഞ്ഞു, “എനിക്ക് ഒന്നും തോന്നുന്നില്ല ഗുരുജീ. ഇതെന്ത് പരീക്ഷണം?”
“ഇതൊക്കെ ചില പരീക്ഷണങ്ങളാണ് ദാസാ. ഗുരുസമർപ്പണം പൂർണ്ണമാണോ എന്ന പരീക്ഷ.”
“എനിക്ക് വിശ്വാസം വരുന്നില്ലാട്ടോ. എനിക്ക് പോണം. എന്റെ ആൾക്കാർ എന്നെ കാത്തുനിൽക്കുന്നു.” ദാസൻ പറഞ്ഞു.
“എന്താ നിന്റെ പണി? ആരാ നിന്റെ ആൾക്കാർ?” ഗുരുജി അൽപ്പം ജാഗ്രതയിൽ ചോദിച്ചു.
“ഞാൻ മുൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണ്” എന്നു പറഞ്ഞതും ഈശ്വർ ഒന്ന് പകച്ചു. ദാസൻ അരികിൽനിന്നകന്ന് പുൽപ്പായയിൽ നിന്നെണീറ്റ് കട്ടിലിൽ ചാടിക്കയറിയിരുന്നു. പെട്ടെന്ന് പിടഞ്ഞു പറഞ്ഞു,
“ഓ മതി. നീ പൊയ്ക്കോളൂ. നീ അവിശ്വാസിയാണ്. നിനക്ക് ജ്ഞാനവും സമൃദ്ധിയും അസാദ്ധ്യമാണ്.”
ഏതോ ഒരു നിർവികാരതയോടെ ദാസൻ എണീറ്റുനിന്ന് പറഞ്ഞു.
“ഇതൊരു മൈര് പരിപാടിയായിപ്പോയി.”
ദാസൻ കോണിപ്പടികൾ കൊടുങ്കാറ്റിന്റെ വേഗതയിൽ ഓടിയിറങ്ങി. പ്രവേശനദ്വാരത്തിലെ വലിയ മതിലിന്റെ ഗേറ്റുകൾ തുറന്നുതന്നെ കിടന്നിരുന്നു. ദാസൻ പുറത്തുകടന്ന് എറണാകുളത്ത് യാത്രയിൽ കണ്ട പാർട്ടി ബ്രാഞ്ച് ഓഫീസ് ലക്ഷ്യമാക്കി ഓടിയപ്പോൾ വേലക്കാരന്റെയും മാഡത്തിന്റെയും മുഖച്ഛായയുള്ള രണ്ട് വേട്ടപ്പട്ടികൾ ദാസന്റെ പിന്നാലെ മഴുവും മനുഷ്യക്കുരങ്ങ് രസായന ടിന്നുമായി പിന്നാലെ കുതിച്ചു.
മഹാരാജാസിലെ ബ്രാഞ്ച് ഓഫീസിന്റെ മുന്നിൽ വന്ന് തിരിഞ്ഞുനോക്കിയതും രണ്ട് പട്ടികളും പാർട്ടിപതാകകൾ കണ്ടു പകച്ചു. ഉടൻ, കുരിശുകണ്ട ചെകുത്താനെപ്പോലെ ദാസനെ വിട്ട് ഈശ്വറിന്റെ കൊട്ടാരം ലക്ഷ്യമാക്കി രണ്ട് പട്ടിരൂപങ്ങളും പിറകേക്ക് കുതിച്ചുകൊണ്ട് ഓടി മറഞ്ഞു.







No Comments yet!